Main News

കൃഷ്ണപ്രസാദ്‌ ആർ , മലയാളം യുകെ ന്യൂസ് ടീം 

പുകവലി ആരോഗ്യത്തിന് ഹാനികരം എന്നതിനെ ഇരുത്തിയുറപ്പിക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (UCL) ഒരു പറ്റം ഗവേഷകർ.പുകവലിക്കുന്നവരും വലിച്ചിരുന്നവരുമായ ആളുകൾ ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെക്കാൾ വേദനയനുഭവിക്കുന്നു എന്നതാണ് കണ്ടെത്തൽ.യു‌സി‌എൽ നടത്തിയ 220,000 ൽ അധികം ആളുകളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ.

ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെയും , പുകവലി ഉപേക്ഷിച്ചവരെയും , ഇപ്പോളും തുടരുന്നവരെയും ഒന്നിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുകവലി ശരീരത്തിന് അധികവേദന സമ്മാനിക്കുന്നുവെന്ന വസ്തുതയിലെത്തിയത്. ഒരു നിമിഷത്തെ സുഖത്തിനായി പുകവലിച്ചുതള്ളുമ്പോൾ ജീവിതം മുഴുവൻ വേദനയനുഭവിക്കാനുള്ള സാധ്യതകൾക്ക് വഴി തുറക്കുകയാണ് . പുകവലിമൂലം ശരീരത്തിൽ വിഷാംശം കടക്കുകയും പിന്നീട് അത് ശരീരത്തിന് ദോഷമായി ബാധിക്കുന്നതുമാകാം വേദനയനുഭവപ്പെടാനുള്ള കാരണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പുകവലി ദോഷമായ ശീലമാണെന്നു എല്ലാവർക്കുമറിയാവുന്ന വസ്തുതതന്നെയാണ് അതിനാൽ ഇത് വലിയ ഞെട്ടൽ ഉളവാക്കുന്ന ഒന്നല്ല എന്നാണ് പുകവലി വിരുദ്ധ സംഘമായ ആഷിന്റെ അഭിപ്രായം.

എന്നാൽ പുകവലിയെ വേദനയുടെ കാരണമായി കാണാൻ സാധിക്കില്ല എന്നൊരഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്, മറിച്ച് അതൊരു രോഗലക്ഷണമായി കണക്കാക്കാം എന്ന വാദവും ശക്തമാണ്. അതിവേദന അനുഭവിക്കുന്ന ആളുകൾ പുകവലിയിലേക്ക് തിരിയാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും പുകവലി ഒരു നല്ല ശീലമാണെന്ന് ആർക്കും അഭിപ്രായമില്ലാത്തസ്ഥിതിക്ക് എത്രയും വേഗം ഉപേക്ഷിച്ചാൽ അത്രയും നല്ലത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌പി‌ടി‌ഐ) ആണ് രാജ്യത്തെ പല നഗരങ്ങളിൽ ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നത്. ” ബ്ലോക്ക്‌ ചെയിൻ ടെക്നോളജി ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 2020 ജനുവരി 6 മുതൽ 10 വരെ നംഗലിലും, ഫെബ്രുവരി 17 മുതൽ 21 വരെ ന്യൂഡൽഹിയിലും, മാർച്ച് 16 മുതൽ 20 വരെ മധ്യപ്രദേശിലെ ശിവപുരിയിലും നടത്തപ്പെടും. എൻപിടിഐ ഇതിനകം ഫരീദാബാദിൽ രണ്ടു ദിവസത്തെ വർക്ക്‌ ഷോപ്പുകളും കഴിഞ്ഞ വർഷം ദുർഗാപൂരിൽ അഞ്ചു ദിവസത്തെ ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രോഗ്രാമും നടത്തിയിട്ടുണ്ട്.

 

ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിവിധ മേഖലകളിലെ അതിന്റെ സാധ്യതയും കണക്കിലെടുത്ത് അഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുമെന്നും എൻപിടിഐ അറിയിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ 14 സെഷനുകൾ, ഒരു ലാബ്, ഹാൻഡ്സ് ഓൺ പരീക്ഷണങ്ങൾ, തുറന്ന ചർച്ച എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്ചെയിൻ, അതിന്റെ ഉപയോഗങ്ങൾ, സ്മാർട്ട് കരാറുകൾ, ലെഡ്ജറുകൾ, ഈതീരീയം ഫ്രെയിംവർക്ക്, ക്രിപ്റ്റോകറൻസിയുടെ ആശയങ്ങളും പ്രയോഗങ്ങളും, ക്രിപ്റ്റോയുടെയും ബ്ലോക്ക്ചെയിന്റെയും സംയോജനം, ബിറ്റ്കോയിൻ, ഖനനം വിഷയങ്ങളിലാണ് പങ്കെടുക്കുന്നവർ പഠനം നടത്തുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ ട്രെയിനിംഗ് ആന്റ് ലേണിംഗ് (എടി‌എൽ) അക്കാദമി സ്പോൺസർ ചെയ്യുന്ന ബ്ലോക്ക്ചെയിൻ പ്രോഗ്രാമിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഒപ്പം ഓരോ കോഴ്സിനും 50 പേർക്ക് വരെ പങ്കെടുക്കാം.

ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ക്രിപ്റ്റോ, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഉണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി) പുതുച്ചേരി ” ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് യൂസിങ് ഹൈപ്പർലെഡ്ജർ ആൻഡ് എതെറിയം” എന്ന വിഷയത്തിൽ 2019 ഡിസംബർ 27 മുതൽ 31 വരെ അഞ്ച് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് നടന്നിരുന്നു. ഈ വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ക്രിപ്‌റ്റോകറൻസികളും എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടുന്നു. ജെ‌എൻ‌ടി യൂണിവേഴ്സിറ്റി, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ടോം ജോസ് തടിയംപാട്

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീൻ കുര്യക്കോസ്‌ വീടുപണിയാൻ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തിൽ ഏപ്പുചേട്ടനു കൈമാറി

ഏപ്പുചേട്ടന്റെ വാർത്ത ഞങൾ പ്രസിദ്ധികരിച്ചപ്പോൾ വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്.4003 പൗണ്ട് ഞങളുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു . .ആകെകൂടി 413000 രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്ക് കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

യു കെ മലയാളികളുടെ നല്ലമനസുകൊണ് ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഏപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു. വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി ഈ മാസം പൂർത്തീകരിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്‌.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രെക്സിറ്റ്‌ വിഷയത്തിലെ അനിശ്ചിതത്വം യുകെയിലെ വീട് വിപണിയെയും വല്ലാതെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസമായി വീട് വിപണിയും അനിശ്ചിതത്വത്തിൽ തന്നെയാണ്. വീട് വിൽക്കുവാനോ വാങ്ങുവാനോ ആരും തയ്യാറല്ല. വീട് വില കുറഞ്ഞും കൂടിയുമായി നിൽക്കുന്നു. നാഷണൽ‌വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ കണക്ക് പ്രകാരം യുകെയിലെ ഭവന വില ശരാശരി 1.4 ശതമാനം ഉയർന്നു. വിലയിൽ കുറവ് കണ്ടത് ലണ്ടനിൽ മാത്രമാണ്. മറ്റിടങ്ങളിൽ വീട് വില ഉയർന്നതായി കാണപ്പെട്ടു. കൗണ്ടി ഡർഹാമിലെ ബില്ലിംഗ്ഹാമിൽ ആണ് ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായതെന്ന് മോർട്ട്ഗേജ് ലെൻഡർ ഹാലിഫാക്സ് സൂചിപ്പിക്കുന്നു. 2019 ഒക്ടോബറിൽ ഇത് 12.3 ശതമാനം ആയി ഉയർന്നിരുന്നു. ഇതേ കാലയളവിൽ ഇൽകെസ്റ്റണിൽ 9.1 ശതമാനം വില വർധനയുമുണ്ടായി. സെയിൽ, വിൽസ്ലോ, ബ്ലാക്ക്ബേൺ, ബോൾട്ടൺ, ബർൺലി, ചോർലി, ബൂട്ടിൽ, സൗത്ത്പോർട്ട് എന്നിവിടങ്ങളിലെല്ലാം 6% ത്തിന്റെ വർധനവ് ഉണ്ടായി.

പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ജോൺസന്റെ ഭരണകാലം, ഇംഗ്ലണ്ടിൽ ഒരു രാഷ്ട്രീയ സ്ഥിരത നിലനിർത്തുന്നതിന് കാരണമായിട്ടുണ്ട്. വീട് വിപണിയുടെ അവസരങ്ങൾ വർധിച്ചേക്കാം എന്ന് വിദഗ്ദർ പറയുന്നുണ്ടെങ്കിലും അത് ദീർഘകാലം നിലനിൽക്കും എന്നവർ കരുതുന്നില്ല. യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ ഭാവി ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും സംവാദവും വീട് വിപണിയുടെ മേഖലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. 2020 അവസാനത്തോടെ വീട് വിലയിൽ 2% വർധനവ് ഉണ്ടായേക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

മറ്റു മേഖലകളായ സ്കൂൾ, ഗതാഗതം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വീട് വില കൂടുതൽ ബാധിക്കപ്പെട്ടേക്കാം. ഗ്ലാസ്‌ഗോ, ബെൽഫാസ്റ്റ്, ലിവർപൂൾ എന്നിവിടങ്ങളിൽ ഭവന വിലയിൽ 4% വരെ വർധനവ് ഉണ്ടായേക്കാമെന്ന് സൂപ്ല ഡയറക്ടർ റിച്ചാർഡ് ഡോണെൽ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ്‌, ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയേഴ്സിലെ (ആർ‌ഐ‌സി‌എസ്) സൈമൺ റൂബിൻസോൺ പറഞ്ഞു.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ട്: വിദ്യാലയങ്ങളിൽ വംശീയ അധിക്ഷേപം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. വംശീയാധിക്ഷേപം മൂലം സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഉണ്ടായിരിക്കുന്നത്.

നിരന്തരമായി വംശീയ അധിക്ഷേപത്തിന്റെ വാർത്തകൾ പുറത്തുവന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുട്ടികൾ ഇന്നും ശക്തമായ വേർതിരിവും അവഗണനയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഇവ നീളുന്നു.

2017-18 കാലഘട്ടത്തിൽ മാത്രം 496 പേരാണ് വംശീയ അധിക്ഷേപം നേരിട്ടതു മൂലം പ്രൈമറി വിദ്യാഭ്യാസം ഉപേക്ഷിച്ചത്. പഠനകാലയളവിൽ നിരന്തരമായ അധിക്ഷേപങ്ങൾക്ക് വിധേയമായി വിദ്യാലയം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സഹപാഠികളിൽ നിന്നുണ്ടാകുന്ന ദുരനുഭവം പലപ്പോഴും സ്കൂൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. വ്യത്യസ്ത രാജ്യം, നിറം, വംശം, മതം എന്നിവയുടെ പേരിലെല്ലാം കുട്ടികളെ അധിക്ഷേപിക്കുന്ന രീതി ഇംഗ്ലണ്ടിലെ വിദ്യാലയങ്ങളിൽ വർധിച്ചുവരികയാണ്. അന്യമതസ്ഥനോടോ മറ്റുരാജ്യക്കാരനോടോ മിണ്ടുവാൻ പാടില്ലെന്ന കർശന നിയന്ത്രണം മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നതായി ചില കുട്ടികൾ പറയുന്നു.

സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകൂ എന്ന ശാസനയും നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകളും വിദ്യാലയങ്ങളിൽ സ്ഥിരം കാഴ്ചയായി മാറുകയാണ്. ഈ അകൽച്ചയും വിദ്വേഷവും വെറുപ്പും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസം ശരിക്കുള്ള വാതിലാണ്. അതുകൊണ്ട് പിന്നെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കേണ്ടത് വിദ്യാലയത്തിൽ നിന്ന് തന്നെയാണ്. ഒരു മനുഷ്യനെ അവന്റെ നിറം കൊണ്ടോ, മതം കൊണ്ടോ, രാജ്യം കൊണ്ടോ വേർതിരിച്ച് കാണേണ്ടതില്ല. ഈ അറിവ് പകർന്നു കൊടുത്ത്, അധിക്ഷേപങ്ങൾ അവസാനിപ്പിക്കുവാൻ കൃത്യമായ നടപടികൾ എടുക്കുകയും അധിക്ഷേപം അനുഭവിക്കുന്ന കുട്ടികൾക്കു ഒപ്പം നില്ക്കുകയും ചെയ്യേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ പ്രതിബിംബമായി നിൽക്കുന്ന വിദ്യാലയത്തിൽ നിന്ന് തന്നെ മാറ്റം ആരംഭിക്കണം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഈ ദശാബ്ദത്തിൽ പ്രേക്ഷകനിലേക്ക് എത്തിയ മലയാളസിനിമകൾ എണ്ണിയാൽ തീരാത്തവ ആണെന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും അവയിൽ നിന്ന് ഞാൻ ഇഷ്ടപെടുന്ന, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രം.

സിനിമ, നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആയികൊണ്ടിരിക്കുന്നു. കഥ അവതരണത്തിലും രൂപത്തിലും എല്ലാം മാറ്റങ്ങൾ പരീക്ഷിച്ച മലയാള സിനിമ, ലോക സിനിമയ്ക്കു മുമ്പിലും ഇന്ന് അഭിമാനത്തോടെ നിലകൊള്ളുന്നു. ഈ പതിറ്റാണ്ട് മലയാളി പ്രേക്ഷകന് സമ്മാനിച്ച മികച്ച സിനിമകൾ ഇവിടെ പറയുന്നു. ഇതിലും മികച്ച വിജയം നേടിയ ചിത്രങ്ങൾ ഉണ്ടാകാം.. എങ്കിലും കലാമൂല്യവും തിയേറ്റർ വിജയവും അടിസ്ഥാനപ്പെടുത്തിയാണ് സിനിമകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെന്റ് ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നുമായിരുന്നു. മലയാള സിനിമയെ മറ്റു ഭാഷകളിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്റെ ദിലീപ് ചിത്രം ബോഡി ഗാർഡും മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും മലയാളി 2010ൽ ആസ്വദിച്ച മികച്ച ചിത്രങ്ങളാണ്.

2011ൽ എനിക്കിഷ്ടപ്പെട്ട മലയാള ചിത്രം ട്രാഫിക് ആണ്. വൻ താരനിര തന്നെ അണിനിരന്ന ട്രാഫിക്കിനൊപ്പം ഉറുമിയും ചാപ്പ കുരിശും സാൾട്ട് ആൻഡ് പെപ്പെറും 2011ലെ മികച്ച ചിത്രങ്ങളായി കണക്കാക്കാം. തിയേറ്ററിൽ വീണു പോയെങ്കിലും പിന്നീട് മികച്ച ചിത്രമായി ആളുകൾ വാഴ്ത്തിപ്പാടിയ പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡും ആ വർഷത്തിലെ ഇഷ്ടചിത്രമാണ്. 2012ൽ മലയാളികളുടെ മനം കവർന്ന രണ്ടുചിത്രങ്ങൾ ആയിരുന്നു ഉസ്താദ് ഹോട്ടലും പ്രിത്വിരാജിന്റെ ആയാളും ഞാനും തമ്മിലും. ഒപ്പം ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്.

പിന്നീടാണ് ഈ പതിറ്റാണ്ടിലെ മികച്ച ചിത്രമായി വിലയിരുത്താവുന്ന ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം കടന്നുവരുന്നത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇന്ന് ചൈനീസ് സിനിമയിലും എത്തി നിൽക്കുന്നു. മലയാളികളുടെ അഭിമാന ചിത്രം… ഒപ്പം ജീത്തുവിന്റെ തന്നെ മെമ്മറീസും ക്രൈം ത്രില്ലർ വിഭാഗത്തിലെ മികച്ച ചിത്രമാണ്. അന്നയും റസൂലും, സെല്ലുലോയ്ഡ്, പുണ്യാളൻ അഗർബത്തീസ് എന്നിവ 2013ലെ മികച്ച ചിത്രങ്ങൾ ആവുമ്പോൾ ലിജോ ജോസിന്റെ ആമേൻ ആ വർഷത്തെ ഗംഭീര ചിത്രമായി പറയാം. മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന്, കറുത്ത ഹാസ്യവും മാജിക്കൽ റിയലിസവും ചേർത്ത് അവതരിപ്പിച്ച മനോഹര ചിത്രം. 2014ലെ മികച്ച ചിത്രമായി ബാംഗ്ലൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളെ തിരഞ്ഞെടുക്കാം. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളും ആ കൊല്ലത്തെ ഹിറ്റ്‌ ചിത്രങ്ങളാണ്.

പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ 2015ലെ ഹിറ്റ്‌ ചിത്രങ്ങൾ ആയപ്പോൾ ആ വർഷത്തെ മികച്ച ചിത്രമായി ഞാൻ വിലയിരുത്തുന്നത് സലിം അഹമ്മദിന്റെ പത്തേമാരിയാണ്. പ്രവാസിജീവിതം തുറന്നുകാട്ടിയ പച്ചയായ ചിത്രം. ഒപ്പം ചാർളിയും 2015ലെ മികച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, പുലിമുരുഗൻ പുറത്തിറങ്ങിയത് 2016ലാണ്. എന്നാൽ 2016ലെ മികച്ച ചിത്രമായി പറയാവുന്നത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. ഫഹദ് ഫാസിൽ കസറിയ ചിത്രം. കൂട്ടിന് ദിലീഷ് പോത്തന്റെ സംവിധാനവും. അതുപോലെ തന്നെ രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം. ഉഗ്രൻ ചിത്രമെന്ന് തന്നെ പറയാം. ആക്ഷൻ ഹീറോ ബിജു, ഗപ്പി എന്നീ ചിത്രങ്ങളും മലയാളികൾ കണ്ടാസ്വദിച്ച ചിത്രങ്ങളാണ്. ആഷിഖ് അബുവിന്റെ മായാനദി 2017ലെ ചിത്രമാണ്. പ്രണയകാവ്യം രചിച്ച ഗംഭീര ചിത്രം. സൗബിന്റെ പറവയാണ് ആ വർഷം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അതുപോലെ തന്നെ സുരാജും ഫഹദും മത്സരിച്ചഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതുമുഖങ്ങൾ അണിനിരന്ന അങ്കമാലി ഡയറീസ്, ടേക് ഓഫ് എന്ന ചിത്രങ്ങളും 2017ലെ മലയാളിയുടെ ഇഷ്ടചിത്രങ്ങളായി മാറിയവയാണ്.

2018ലെ ഇഷ്ടചിത്രം പെല്ലിശേരിയുടെ ഈ. മ. യൗ തന്നെയാണ്. ഗംഭീര സിനിമ അനുഭവം. ഒപ്പം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. എബ്രിഡ് ഷൈന്റെ പൂമരം, കാർബൺ, അഞ്ജലി മേനോന്റെ കൂടെ, വരത്തൻ, ജോജുവിന്റെ മികച്ച പ്രകടനവുമായി ജോസഫ്, മാജിക്കൽ ഫാന്റസി ചിത്രം ഇബ്‌ലീസ് തുടങ്ങിയവയും 2018ലെ മികച്ച ചിത്രങ്ങളായി വിലയിരുത്താം.

അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിലും, 2020ൽ മലയാളിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ചിത്രങ്ങൾ ഒരുങ്ങുകയാണ്. കുഞ്ചാക്കോബോബന്റെ ത്രില്ലെർ അഞ്ചാം പാതിരാ, ഫഹദിന്റെ ട്രാൻസ്, ദുൽഖറിന്റെ കുറുപ്പ്, സക്കറിയയുടെ ഒരു ഹലാൽ ലവ് സ്റ്റോറി, സിദ്ധാർഥ് ഭരതന്റെ സൗബിൻ ചിത്രം ജിന്ന്, തല്ലുമാല, ബേസിൽ ജോസെഫിന്റെ മിന്നൽ മുരളി, ടിനു പാപ്പച്ചന്റെ അജഗജാന്തരം, തങ്കം, 2403 ഫീറ്റ്, പൃത്വിരാജിന്റെ കടുവ, മോഹൻലാൽ ചിത്രം മരക്കാർ, ബ്ലസി ചിത്രം ആടുജീവിതം, ഫഹദ് ചിത്രം മാലിക് തുടങ്ങിയവയൊക്കെ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മലയാള സിനിമ വളർച്ചയുടെ പാതയിൽ തന്നെ മുന്നോട്ട് കുതിക്കട്ടെ എന്ന് ഓരോ സിനിമ പ്രേമിക്കും പ്രത്യാശിക്കാം….

ജോജി തോമസ്

ബ്രിട്ടനിലെമ്പാടുമുള്ള ബാഡ്മിന്റൺ പ്രേമികളെ ആവേശത്തിലാക്കി കേരള സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 2 – ന് ഈസ്റ്റ് സക്സസിലുള്ള സമ്മർഫീൻസ് ലെക് ഷർ സെന്ററിൽ നടത്തപ്പെടുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള 48 – ഓളം ടീമുകൾ പങ്കെടുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അഡ്വാൻസിഡ് , ഇന്റർമീഡിയറ്റ് , ബിഗിനേഴ്സ് എന്ന മൂന്ന് കാറ്റഗറിയിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരു കാറ്റഗറിയിൽ പരമാവധി 16 ടീമുകൾക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം നൽകപ്പെടുക. അഡ്വാൻസിഡ് , ഇന്റർമീഡിയറ്റ് ക്യാറ്റഗറിയിൽ മത്സരിക്കുന്നവർ 40 പൗണ്ട് വീതം രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതാണ്. ബിഗിനേഴ്സിന്റെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടാണ്. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫികളും നൽകപ്പെടുന്നതാണ്..

ഈ വർഷം തന്നെ യുകെയിലെമ്പാടുമുള്ള ടീമുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വടംവലി മത്സരവും നടത്താൻ കേരളാ സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് പദ്ധതിയിടുന്നു. വടംവലി മത്സരം നടത്തപ്പെടുക ജൂൺ മാസം 14 – )0 തീയതിയാണ്. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ഷിമ്മി കരിനാട്ട് -07397895989
ജിൻസൺ ഫ്രാൻസിസ് – 07401743669
തോമസ് ജോസഫ് – 07533447707

ബാഡ്മിന്റൺ ടൂർണ്ണമെന്റിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ

മനോജ്‌ ജോസഫ് – 07915656624
വിനു ജെയിംസ് – 07576130110

സമ്മർ വെക്കേഷൻ കാലത്ത് ക്രിക്കറ്റ് ടൂർണമെന്റ് നടത്താനായിട്ടും കേരള സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുമായി ബന്ധപ്പെടുക

ഷിമ്മി കരിനാട്ട് – 07397895989
മജു ആന്റണി – 07949094703

 

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സെവൻ ബീറ്റ്സിന്റെ സംഗീതോത്സവം സീസൺ ഫോറും ഒഎൻവി അനുസ്മരണവും വാട്ടർഫോർഡിൽ ഫെബ്രുവരി 29ന് നടക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. മ്യൂസിക് ബാൻഡ് രംഗത്ത് ആദ്യ വർഷത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച സെവൻ ബീറ്റ്സ് മ്യൂസിക് ലണ്ടൻന്റെ പ്രധാന പട്ടണങ്ങളിൽ ഒന്നായ വാട്ഫോർഡിൽ വീണ്ടും കേരള കമ്മ്യൂണിറ്റി വാട്ഫോർഡിന്റെ പൂർണമായ സഹകരണത്തോടെ സംയുക്തമായി സഹകരിച്ചുകൊണ്ട് സീസൺ ഫോർ ചാരിറ്റി ഇവെന്റുമായി വീണ്ടും എത്തുന്നു, കൂടാതെ മലയാള സിനിമാരംഗത്ത് അതുല്യ സംഭാവന ചെയ്ത പത്മശ്രീ ഒഎൻവി കുറുപ്പിന്റെ അനുസ്മരണമായി ഫെബ്രുവരി 29 ശനിയാഴ്ച 3 മണി മുതൽ 11 മണി വരെ വാട്ടർഫോർഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് അതിവിപുലമായി നടത്തപ്പെടുന്നു.

സംഗീതവും നൃത്തവും ഒത്തുചേരുന്ന ഈ വേദിയിൽ യുകെയിലെ വിവിധ വേദികളിൽ കഴിവ് തെളിയിച്ച ഗായികാ ഗായകന്മാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങളും മറ്റ് വൈവിധ്യങ്ങളായ പരിപാടികളും അരങ്ങേറും. യുകെയിലെ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുക്കും. കൂടാതെ കളർ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന ദൃശ്യ സാങ്കേതികവിദ്യ ഫുൾ എച്ച്ഡി എൽഇഡി വോൾട് സംഗീതോത്സവം സീസൺ ഫോറിന് മാറ്റേകും. കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന വാട്ഫോർഡ് കെസിഎഫ്ന്റെ വനിതകൾ പാചകം ചെയ്ത ലൈറ്റ് ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാ മാമാങ്കത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിൽ പെൻഷൻ പ്രായത്തിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. മുൻപ് സ്ത്രീകൾക്ക് 60 വയസ്സും, പുരുഷന്മാർക്ക് 65 വയസ്സും ആയിരുന്നു നിശ്ചയിച്ചിരുന്ന പ്രായം. എന്നാൽ 2018 നവംബറോടുകൂടി സ്ത്രീകളുടെ പെൻഷൻ പ്രായം 65 ആക്കി ഉയർത്തിയിരുന്നു. ഇത് വീണ്ടും ഉയർത്തുന്നതിനുള്ള നടപടികൾ ആണ് ആരംഭിച്ചിരിക്കുന്നത്. 2020 ഓടുകൂടി 66 വയസ്സും, പിന്നീട് 68 വയസ്സും ആക്കാനുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. 1954 മെയ് 6 മുതൽ 1954 ജൂൺ 5 വരെ ജനിച്ചവർക്ക്‌ പെൻഷൻ പ്രായം 2020 ജനുവരി ആറിന് എത്തുന്നതാണ്.

എന്നാൽ പുതിയ നിയമം അനുസരിച്ച് ഒരു കൃത്യ തീയതി എന്നതിനേക്കാളുപരി 66 വയസ്സ് ആകുമ്പോൾ പെൻഷൻപ്രായം എത്തുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ. വരുംവർഷങ്ങളിൽ പെൻഷൻ പ്രായം ഉയർത്തുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. പെൻഷൻ പ്രായത്തെ സംബന്ധിക്കുന്ന മാറ്റങ്ങൾ ഗവൺമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : പുകയില ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും വൻ നിയന്ത്രണവുമായി ബ്രിട്ടീഷ് സർക്കാർ. യൂറോപ്യൻ യൂണിയൻ നിർദ്ദേശപ്രകാരം പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിനാൽ 2020 മെയ് 20 മുതൽ യുകെയിലെ കടകളിൽ മെന്തോൾ സിഗരറ്റ്, സ്‌കിന്നി സിഗരറ്റ്, റോളിങ്ങ് ടോബാക്കോ എന്നിവയുടെ വില്പന നിരോധിക്കും. അതുകൊണ്ട് തന്നെ മെയ്‌ അവസാനം മുതൽ ഇവ യുകെയിലെ കടകളിൽ നിന്നും അപ്രത്യക്ഷമാകും. സുഗന്ധമുള്ള സിഗരറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള പദ്ധതിയെ തുടർന്ന് ഇതിനകം മെന്തോൾ സിഗരറ്റിന്റെ വിൽപ്പന 20 പാക്കുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർൽബോറോ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ യൂറോപ്യൻ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും റദ്ദാക്കപ്പെട്ടു.

ഫിൽട്ടറുകൾ, പേപ്പർ, പാക്കേജിംഗ്, ക്യാപ്‌സൂളുകൾ അല്ലെങ്കിൽ സിഗരറ്റിലെ സുഗന്ധം, ഹാൻഡ് റോളിംഗ് പുകയില എന്നിവ അടങ്ങിയിരിക്കുന്നവയുടെ ഉൽപാദനവും വിൽപ്പനയും ഈ നിരോധനത്തിലൂടെ സാധ്യമാകുമെന്ന് ചാരിറ്റി ASH (ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്ത്) അറിയിച്ചു. സിഗരറ്റിന്റെ വില വർദ്ധിപ്പിക്കുന്നതും ചെറിയ പാക്കറ്റുകളുടെ വിൽ‌പന നിർത്തുന്നതും വളരെ നല്ല കാര്യമാണെന്ന് എ‌എസ്‌എച്ചിലെ അമൻ‌ഡ സാൻ‌ഡ്‌ഫോർഡ് അഭിപ്രായപ്പെട്ടു. മെന്തോൾ സിഗരറ്റ് നിരോധിക്കുന്നത് കൂടുതൽ ചെറുപ്പക്കാരെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അവർ പറഞ്ഞു. ചെറുപ്പക്കാർ പുകവലിക്ക് അടിമകളവുന്നത് അപലപനീയമാണെന്നും മെന്തോൾ സിഗരറ്റ് നല്ലതാണെന്നത് തെറ്റായ ധാരണ ആണെന്നും സാധാരണ സിഗരറ്റിനെപ്പോലെ തന്നെ അതും അപകടകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved