ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് പടർന്നുപിടിച്ചത് മുതൽ എൻ എച്ച് എസിലും സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഇറങ്ങി പ്രവർത്തിച്ച് കോവിഡിനോട് യുദ്ധം പ്രഖ്യാപിച്ചവരാണ് ആരോഗ്യ പ്രവർത്തകർ. സ്വന്തം ജീവന് വില കൽപ്പിക്കാതെ മറ്റുള്ളവർക്കായി പോരാടുന്നവർക്ക് ലഭിക്കുന്നത് കണ്ണീരും കഷ്ടപ്പാടും മാത്രമാണ്. മതിയായ വ്യക്തിഗത സംരക്ഷണം ഇല്ലാതെ ജോലി ചെയ്തതുമൂലവും കോവിഡിനോട് പൊരുതിയും രാജ്യത്ത് ഏകദേശം 930 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊറോണയ്ക്കെതിരെ പോരാടുന്നവർക്ക് മികച്ച വ്യക്തിഗത സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി 20 ഓളം പ്രധാന ആരോഗ്യസംഘടനകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. വായുവിലൂടെ വൈറസ് പടരുന്നത് തടയാനുള്ള നടപടികൾ അപര്യാപ്തമാണെന്നും മാസ്‌കുകളിലും മറ്റ് പ്രതിരോധ സാമഗ്രികളിലും അടിയന്തിര പുരോഗതി ആവശ്യമാണെന്നും അവർ അറിയിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, ഡയറ്റീഷ്യൻമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന സംഘടനകളാണ് ആവശ്യമുന്നയിച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് പൊതുജനങ്ങളെ അപേക്ഷിച്ച് മൂന്നോ നാലോ ഇരട്ടി അപകടസാധ്യത ഉള്ളതിനാൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തിര ഇടപെടൽ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. വീടുകളിലും ഓപ്പൺ വാർഡുകളിലും ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് മികച്ച സംരക്ഷണം ആവശ്യമാണെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയർ പറഞ്ഞു. മെച്ചപ്പെട്ട വെന്റിലേഷൻ, എഫ്‌എഫ്‌പി 3 മാസ്കുകൾ പോലുള്ള മികച്ച സംരക്ഷണം എന്നിവ അവർ അവശ്യപ്പെട്ടു.
കോവിഡ് രോഗികളുമായി ഇടപെടുന്ന എല്ലാ സ്റ്റാഫുകൾക്കും ഉയർന്ന നിലവാരത്തിലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പതിവായി അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ പോയി. വായുവിലൂടെ വൈറസ് പടരുന്നതിന്റെ തെളിവുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമുള്ളപ്പോൾ ഉപദേശം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുമെന്നും സർക്കാർ വക്താവ് അറിയിച്ചു. മതിയായ സംരക്ഷണം ഇല്ലാതെ ജോലി നോക്കേണ്ടിവരുന്നതിലൂടെ ആരോഗ്യപ്രവർത്തകരുടെ ജീവനാണ് അപകടത്തിലാകുന്നത്. ഇവിടെ കയ്യടികൾക്കല്ല പ്രസക്തി ; മികച്ച സംരക്ഷണമാണ് അവർക്കായി സർക്കാർ ഒരുക്കേണ്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ സാധിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. എങ്കിലും രണ്ട് സ്ഥലങ്ങളിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലും നോർത്ത് ഈസ്റ്റ് ലിങ്കൺഷൈറിലും കൊറോണ വൈറസ് വ്യാപനത്തിൻെറ നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇന്നലെ രാജ്യത്തെ 12,057 പേർക്കാണ് പുതിയതായി രോഗവ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 10.6 ശതമാനം കുറവാണ്. ഇന്നലെ രാജ്യത്ത് 454 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്. കഴിഞ്ഞ ആഴ് ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 33 ശതമാനം കുറവാണ്.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ പ്രകാരം സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലെ വൈറസ് വ്യാപനം കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന ശക്തമായ സമ്മർദമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിമുഖീകരിക്കുന്നത്. ഏത് ഡേറ്റിൽ ലോക്ക്ഡൗൺ പിൻവലിക്കാം എന്നതിലുപരിയായി രോഗവ്യാപന തോതിനെ കുറിച്ചുള്ള ശരിയായ ഡേറ്റ വിശകലനം ചെയ്ത് തീരുമാനമെടുക്കുകയായിരിക്കും ചെയ്യുക എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ രൂപരേഖ രാജ്യത്ത് സമർപ്പിക്കും. കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് മുൻപ് അണുബാധയുടെ നിരക്കും ആശുപത്രികളിൽ അഡ്മിറ്റ് ആയിരിക്കുന്ന രോഗികളുടെ എണ്ണവും വളരെ താഴ്ന്ന നിലവാരത്തിൽ എത്തണമെന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കും ശാസ്ത്രജ്ഞന്മാർക്കും ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയതായി നാസയുടെ സ്ഥിരീകരണം. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ച് ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമെന്ന ലക്ഷ്യത്തോടെ ഏഴു മാസം മുമ്പാണ് പെഴ്‌സെവറന്‍സ് വിക്ഷേപിച്ചത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പ്രത്യേകിച്ചും ജെസേറോ ഗർത്തത്തിൽ. ആ വെല്ലുവിളികളെയെല്ലാം മറികടന്ന് നാസ എത്തിപിടിച്ച ഈ വിജയം ശാസ്ത്രലോകത്തിനൊരു മുതൽക്കൂട്ടാണ്.
കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പെർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്. 270 കോടി ഡോളറാണ് ആകെ ചെലവ്. 2020 ജൂലായ് 30-ന് ഫ്ലോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണ് ഇൻജെന്യുവിറ്റി. ‘ഭീകരതയുടെ 7 മിനിറ്റുകളും’ ഭേദിച്ചാണ് പേടകം ചൊവ്വാ ഉപരിതലം തൊട്ടത്. അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ഉണ്ടായെങ്കിലും അതിനെ ചെറുത്തു. സ്ഥിരത നിലനിർത്തിയ ശേഷം വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു. തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി കണക്കാക്കി.
നാസയുടെ ഈ ദൗത്യ വിജയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശംസകൾ അറിയിച്ചു. ചൊവ്വയിലെ ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ച ശേഷം ചൊവ്വാ ഉപരിതലത്തിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങളും ഭൂമിയിലേക്കയച്ചിട്ടുണ്ട്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിലെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
1500 കോടിയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന കേരളത്തിൻറെ സ്വപ്നപദ്ധതി കെ . ഫോൺ സംസ്ഥാനത്തുടനീളം അതിവേഗ ഇൻറർനെറ്റ് പ്രദാനം ചെയ്യും. വിതരണശൃംഖല നൽകുന്നത് സംസ്ഥാന ഗവൺമെന്റാണ് എന്നതാണ് കെ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാൻ സാധിക്കും. 30000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി ഇൻറർനെറ്റ് എത്തിക്കാൻ സാധിക്കും.
കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം. കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിൻറെ നിർണ്ണായക നാഴിക കല്ലാകുമെന്ന് കരുതുന്ന കെ . ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് എത്തിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പല തൊഴിൽമേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് നീങ്ങുന്നത്. എന്നാൽ അതേസമയം തന്നെ ചില തൊഴിലുകളുടെ അവശ്യകതയും ഏറിവന്നു. കൊറോണ വൈറസിനോട് പടപൊരുതിയ എൻഎച്ച്‌എസ് സ്റ്റാഫുകളുടെ പ്രതിബദ്ധതയിൽ ആയിരക്കണക്കിന് ആളുകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നഴ്‌സിംഗ് അപേക്ഷകൾ കുതിച്ചുയർന്നു. യൂണിവേഴ്‌സിറ്റി ആപ്ലിക്കേഷൻ ബോഡി യുസിഎഎസിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ശരത്കാലത്തിൽ നഴ്സിംഗ് പഠിക്കാൻ 60,000-ത്തിലധികം ആളുകൾ അപേക്ഷ സമർപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് (32%) കൂടുതലാണ്. എല്ലാ പ്രായക്കാർക്കും ഈ തൊഴിലിനോടുള്ള താല്പര്യം ഉയർന്നിട്ടുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 16,560 പേർ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി അപേക്ഷകൾക്കുള്ള സമയപരിധി ജനുവരി 29 ആയതിനാൽ, സംഖ്യ ഇനിയും ഉയരുമെന്ന് യുസിഎഎസ് കണക്കാക്കുന്നു.
മെഡിസിൻ, ഡെന്റിസ്ട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ 103,910 ൽ നിന്ന് 124,160 ആയും എഞ്ചിനീയറിംഗിനായുള്ള അപേക്ഷകൾ 148,450 നിന്ന് 154,970 ആയും ഉയർന്നു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട് ഡയറക്ടർ മൈക്ക് ആഡംസ് യുവജനങ്ങളുടെ ഈ താല്പര്യത്തെ പ്രശംസിച്ചു. ഇത് എൻ എച്ച് എസ് ജീവനക്കാരുടെ കുറവ് ഒരുപരിധി വരെ നികത്തുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിസിനും ഡെന്റിസ്ട്രിക്കും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് യുസിഎഎസ് കണക്കുകൾ വ്യക്തമാക്കുന്നു.
“എൻഎച്ച്‌എസിന്റെയും ഈ രാജ്യത്തിന്റെയും നായകരായി ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാരെ കാണേണ്ടതുണ്ട്. ഒരു നഴ്സിന്റെ സേവനത്തോടുള്ള താല്പര്യം ചെറുപ്പക്കാർക്കിടയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ ഒരു മാറ്റം ശുഭസൂചനയാണ്.” ; വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള കരിയർ കൺസൾട്ടന്റ് സൂസൻ സ്മിത്ത് പറഞ്ഞു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ നീക്കം ചെയ്തതിനെ തുടർന്ന് നഴ്സിംഗ് ബിരുദങ്ങളിലേക്കുള്ള അപേക്ഷകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ ആർസിഎൻ ഡയറക്ടർ മൈക്ക് ആഡംസ് പറഞ്ഞു. പതിനായിരക്കണക്കിന് ഒഴിവുകൾ ഉള്ളതിനാൽ ഓരോരുത്തർക്കും അവരുടെ വിദ്യാഭ്യാസത്തിലൂടെ ശരിയായ ജോലിയിലേക്കുള്ള പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദം കാരണം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ട്യൂഷൻ ഫീസ് ഫണ്ടിംഗും ലിവിങ് കോസ്റ്റ് സപ്പോർട്ടും നൽകിയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നഴ്സിംഗ് സ്റ്റാഫുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ശമ്പള വർദ്ധനവ് നൽകണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് ശാരീരികാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം 99 വയസുള്ള ഫിലിപ്പിനെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന് കോവിഡില്ലെന്നും ബക്കിങ്ഹാം കൊട്ടാര വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി പൊതു ഇടങ്ങളില്‍ നിന്നും ഫിലിപ്പ് രാജകുമാരന്‍ വിട്ടുനില്‍ക്കുകയാണ്. സെൻട്രൽ ലണ്ടനിലെ കിംഗ് എഡ്വേർഡ് VII ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജൂൺ 10 ന് തന്റെ നൂറാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് ഫിലിപ്പ് രാജകുമാരന്‍.
94 കാരിയായ രാജ്ഞി വിൻഡ്‌സർ കാസിലിൽ ആണുള്ളത്. ഫിലിപ്പ് രാജകുമാരനും രാജ്ഞിക്കും കോവിഡ് -19 വാക്സിനേഷൻ ലഭിച്ചതായി കഴിഞ്ഞ മാസം കൊട്ടാരം അറിയിച്ചിരുന്നു. 2019 ഡിസംബറിലും ഫിലിപ്പ് രാജകുമാരനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം കഴിഞ്ഞ നവംബറിൽ, രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ 73-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കിയതിൻെറ ആത്മവിശ്വാസത്തിലാണ് ബ്രിട്ടൺ. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നുണ്ട്. മുൻഗണന ക്രമത്തിലുള്ള മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന അഭിപ്രായവുമായി ടോറി എംപി മാർ രംഗത്തുവന്നിരുന്നു. ഇരുപത്തിരണ്ടാം തീയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ രൂപരേഖ പ്രധാനമന്ത്രി രാജ്യത്തിന് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന തീയതിയെക്കാളും പ്രാധാന്യമർഹിക്കുന്നത് വിവരങ്ങൾ ശരിയായ രീതിയിൽ ശാസ്ത്രീയ വിശകലനം ചെയ്ത് തീരുമാനം എടുക്കുന്നതിനായിരുക്കും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന അപകടകാരികളായേക്കാവുന്ന പുതിയ കൊറോണ വൈറസിൻെറ കണ്ടെത്തൽ പ്രശ്നം വീണ്ടും സങ്കീർണ്ണമാകുമോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും പ്രതിരോധ കുത്തിവെയ്പ്പുകൾ നിഷ്ക്രീയമാക്കാനുള്ള ശേഷി രൂപമാറ്റം വന്ന വൈറസിനുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ നീങ്ങാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഇന്നലെ യുകെയിൽ 738 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പുതിയതായി 12718 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊലപാതകത്തിന് തൊട്ടുമുമ്പ് തുർക്കികാരനായ ഭർത്താവ് ഭാര്യയുമായി സെൽഫിക്ക് പോസ് ചെയ്തതായും പിന്നീട് ദാരുണമായ കൊലപാതകം നടത്തിയതായും കണ്ടെത്തി . തുർക്കിയിലെ മുഗ്ല നഗരത്തിലെ ബട്ടർഫ്ലൈ വാലിയിലാണ് പ്രസ്തുത സംഭവം നടന്നത്. 32കാരിയായ ഭാര്യ സെമ്ര അയസലിനെയും അവരുടെ ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ ഹകാൻ അയസലിനെ അറസ്റ്റ് ചെയ്തു . മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടാണ് ഹകാൻ അയസൽ കൊലപാതകം നടത്തിയത്.
അപകട മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൻെറ ചുരുളഴിഞ്ഞത് വളരെ വിദഗ്ധമായാണ്. കൊലപാതകത്തിന് തൊട്ടുമുമ്പ് തൻറെ ഭാര്യയുമായി സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു. അതോടൊപ്പം 3 മണിക്കൂറോളം അവർ മലഞ്ചെരുവിൽ ഇരിക്കാനുള്ള കാരണം കുറ്റകൃത്യം നടത്തുമ്പോൾ അരികെ ആരും ഇല്ല എന്ന് ഉറപ്പു വരുത്താനാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. അന്വേഷണത്തിലേയ്ക്ക് വെളിച്ചം വീശിയത് ഹകാൻ തൻെറ ഭാര്യയുടെ പേരിൽ എടുത്ത അപകട ഇൻഷുറൻസിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതാണ്. 400,000 ടർക്കിഷ് ലിറ(40,865 പൗണ്ട് ) ആണ് കൊലപാതകത്തിന് മുമ്പ് അപകട ഇൻഷുറൻസ് എടുത്തിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ദുബായ് : ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി ചർച്ച നടത്താൻ തയ്യാറെന്ന് ഐക്യരാഷ്ട്ര സഭ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ മഖ്തൂമിന്റെ മകൾ ലത്തീഫ അൽ മക്തും വീട്ടുതടങ്കലിൽ ആണെന്ന് തെളിയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സ്വന്തം വില്ലയിൽ തടവിലാണെന്നും തനിക്ക് പിതാവിനെ ഭയമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയിൽ പറയുന്നു. 2018-ൽ, രാജ്യം വിട്ട് ഒമാൻ വഴി കടലിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫയെ ഇന്ത്യൻ കമാന്‍ഡോകൾ പിടികൂടി ദുബായ് ഭരണാധികാരിയെ ഏൽപ്പിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇന്നലെയാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച് പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്.
“എനിക്ക് വാഹനമോടിക്കാൻ അനുവാദമില്ല, യാത്ര ചെയ്യാനോ ദുബായ് വിടാനോ എന്നെ അനുവദിക്കുന്നില്ല.” മൂന്ന് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ ലത്തീഫ പറഞ്ഞു. “2000 മുതൽ ഞാൻ രാജ്യം വിട്ടിട്ടില്ല. യാത്ര ചെയ്യാനും പഠിക്കാനും സാധാരണ എന്തെങ്കിലും ചെയ്യാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അവർ എന്നെ അനുവദിക്കുന്നില്ല. എനിക്ക് പോകേണ്ടതുണ്ട്.” അവൾ കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള 25 മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കൈയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി തയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ് അവരെ പിടിച്ച് തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.ഇപ്പോൾ ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്. ലത്തീഫയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്നും ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണവുമായി യുഎൻ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ലത്തീഫ രാജകുമാരിയെക്കുറിച്ച് യു.എ.ഇയെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് അറിയിച്ചു. അതേസമയം, രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അമ്മയുടെ മരണവാർത്ത അറിഞ്ഞ് യുകെയിൽ എത്തിയ മകൾക്ക് മാഞ്ചസ്റ്ററിൽ അംഗീകൃത താമസസൗകര്യമില്ലാത്തതിനാൽ ലണ്ടൻ ഹോട്ടലിൽ 10 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും. മുത്തശ്ശി ശനിയാഴ്ച അന്തരിച്ചതിനെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് മടങ്ങിയെത്തിയ 44കാരിയായ ക്ലെയർ ഡേവിസ്, സർക്കാരിന്റെ ക്വാറന്റീൻ നിയമങ്ങൾ മനുഷ്യത്വരഹിതമാണെന്ന് കുറ്റപ്പെടുത്തി. മാഞ്ചസ്റ്ററിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും താമസ സൗകര്യം ലഭ്യമല്ലാത്തതിനാൽ 10 ദിവസം ഹീത്രൂവിനടുത്തുള്ള ഒരു ഹോട്ടലിൽ അവൾക്ക് ചെലവഴിക്കേണ്ടിവരും. സർക്കാരിന്റെ ഈ നിയമങ്ങൾ കാരണം തനിക്ക് ഫ്ലൈറ്റ് റീ ബുക്ക് ചെയ്യേണ്ടിവന്നുവെന്ന് എൻഎച്ച്എസിനായി ഒരു പതിറ്റാണ്ട് ജോലി ചെയ്ത ക്ലെയർ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയാണ് നോർത്ത് മാഞ്ചസ്റ്റർ ആശുപത്രിയിൽ വെച്ച് അമ്മ ജോവാൻ (68) അന്തരിച്ചത്. ”എനിക്ക് യുകെയിലേക്ക് നേരിട്ട് വിമാനം കയറാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്ററിലേക്ക് ഞാൻ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ ക്വാറന്റീനിൽ കഴിയാൻ ആവശ്യമായ ഹോട്ടലുകൾ ഇല്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഫ്ലൈറ്റ് റദ്ദാക്കേണ്ടിവന്നു. നൽകിയ പണം തിരികെ ലഭിച്ചില്ല. ഒരു വൗച്ചർ മാത്രമാണ് ലഭിച്ചത്. ഞാൻ ഹീത്രോയിലേക്ക് മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ഹോട്ടലിനായി 1,750 ഡോളർ നൽകുകയും ചെയ്തു.” ക്ലെയർ വെളിപ്പെടുത്തി.
“ഞാൻ ഏകമകളാണ്. പത്തു ദിവസം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന് ഞാൻ ദുഃഖമനുഭവിക്കേണ്ടി വരും. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടും യാതൊരു ഇളവുകളും ലഭിച്ചില്ല. ” ക്ലെയർ തുറന്നുപറഞ്ഞു. ക്വാറന്റീൻ സൗകര്യങ്ങളുടെ അഭാവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട്, ഫാർൺബറോ എയർപോർട്ട്, ഏതെങ്കിലും സൈനിക എയർഫീൽഡ്, തുറമുഖം എന്നിവിടങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.