Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അമ്മയുടെ മരണവാർത്ത അറിഞ്ഞ് യുകെയിൽ എത്തിയ മകൾക്ക് മാഞ്ചസ്റ്ററിൽ അംഗീകൃത താമസസൗകര്യമില്ലാത്തതിനാൽ ലണ്ടൻ ഹോട്ടലിൽ 10 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും. മുത്തശ്ശി ശനിയാഴ്ച അന്തരിച്ചതിനെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് മടങ്ങിയെത്തിയ 44കാരിയായ ക്ലെയർ ഡേവിസ്, സർക്കാരിന്റെ ക്വാറന്റീൻ നിയമങ്ങൾ മനുഷ്യത്വരഹിതമാണെന്ന് കുറ്റപ്പെടുത്തി. മാഞ്ചസ്റ്ററിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും താമസ സൗകര്യം ലഭ്യമല്ലാത്തതിനാൽ 10 ദിവസം ഹീത്രൂവിനടുത്തുള്ള ഒരു ഹോട്ടലിൽ അവൾക്ക് ചെലവഴിക്കേണ്ടിവരും. സർക്കാരിന്റെ ഈ നിയമങ്ങൾ കാരണം തനിക്ക് ഫ്ലൈറ്റ് റീ ബുക്ക്‌ ചെയ്യേണ്ടിവന്നുവെന്ന് എൻ‌എച്ച്എസിനായി ഒരു പതിറ്റാണ്ട് ജോലി ചെയ്ത ക്ലെയർ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയാണ് നോർത്ത് മാഞ്ചസ്റ്റർ ആശുപത്രിയിൽ വെച്ച് അമ്മ ജോവാൻ (68) അന്തരിച്ചത്. ”എനിക്ക് യുകെയിലേക്ക് നേരിട്ട് വിമാനം കയറാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്ററിലേക്ക് ഞാൻ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ ക്വാറന്റീനിൽ കഴിയാൻ ആവശ്യമായ ഹോട്ടലുകൾ ഇല്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഫ്ലൈറ്റ് റദ്ദാക്കേണ്ടിവന്നു. നൽകിയ പണം തിരികെ ലഭിച്ചില്ല. ഒരു വൗച്ചർ മാത്രമാണ് ലഭിച്ചത്. ഞാൻ ഹീത്രോയിലേക്ക് മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ഹോട്ടലിനായി 1,750 ഡോളർ നൽകുകയും ചെയ്തു.” ക്ലെയർ വെളിപ്പെടുത്തി.

“ഞാൻ ഏകമകളാണ്. പത്തു ദിവസം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന് ഞാൻ ദുഃഖമനുഭവിക്കേണ്ടി വരും. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടും യാതൊരു ഇളവുകളും ലഭിച്ചില്ല. ” ക്ലെയർ തുറന്നുപറഞ്ഞു. ക്വാറന്റീൻ സൗകര്യങ്ങളുടെ അഭാവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട്, ഫാർൺബറോ എയർപോർട്ട്, ഏതെങ്കിലും സൈനിക എയർഫീൽഡ്, തുറമുഖം എന്നിവിടങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും തങ്ങളുടെ മുൻനിര ജീവനക്കാരെ ടെസ്റ്റിന് വിധേയമാക്കുകയും വിവരങ്ങൾ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്യുന്നുണ്ട്. എന്നാൽ 4000 ആമസോൺ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തി കിട്ടിയ പരിശോധനാഫലം തെറ്റായിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത് . വൈറസ് പരിശോധന നടത്തി എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസുമായി പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ 3853 തെറ്റായ അറിയിപ്പുകളാണ് ഫെബ്രുവരി -13 ന് നൽകപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത് . വൈറസ് പരിശോധനയിൽ നെഗറ്റീവായത് ജീവനക്കാരെ ആമസോൺ അറിയിച്ചിരുന്നു. എന്നാൽ കോൺടാക്ട് ട്രേസിന് തെറ്റായ സന്ദേശം നൽകിയതാണ് പിഴവിന് കാരണമായത്. വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ച സംഭവത്തിൽ ഒരു ടെസ്റ്റ് ആൻഡ് ട്രേസ് സെന്ററിന് മാത്രം ജീവനക്കാരിൽ നിന്ന് കിട്ടിയത് 500-ലധികം കേസുകളാണ്.

ഒക്ടോബർ മുതൽ ആമസോൺ കമ്പനി തങ്ങളുടെ ജീവനക്കാരുടെ കോവിഡ് ടെസ്റ്റ് നടത്തുകയും വിവരങ്ങൾ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലേയ്ക്ക് അയക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ കൈമാറിയതിൻെറ അടിസ്ഥാനത്തിൽ എൻഎച്ച്എസ് നിർദ്ദേശങ്ങൾ പാലിച്ചതായും എല്ലാ ജീവനക്കാർക്കും പിശകിനെ സംബന്ധിച്ച് മതിയായ വിവരങ്ങൾ കൈമാറിയെന്നും കമ്പനി അറിയിച്ചു. ക്വാറന്റൈനിൽ പോകാനുള്ള തെറ്റായ നിർദ്ദേശങ്ങൾ നൽകപ്പെട്ട ജീവനക്കാരുടെ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം പിൻവലിച്ചതായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ അറിയിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൾഡ്ഹാം : പട്ടണത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ ഓൾഡ്‌ഹാമിലെ എൽഡൺ സ്ട്രീറ്റ് എസ്റ്റേറ്റിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഒരു കാർ പാർക്കിങ്ങിൽ എത്തുന്നു. അടുത്തുള്ള ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന സ്ത്രീകൾ ബാൽക്കണിയിൽ എത്തി അതുനോക്കി നിൽക്കുന്നു. കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി ഒരു പെട്ടി എടുത്ത് തുറക്കുന്നു. അതിലെ സാധനങ്ങൾ അവർ വിൽപ്പനയ്ക്കായി സജ്ജീകരിക്കുന്നു. എന്നാൽ ഇത് ഒരു വില്പനയല്ല. ബ്രെഡ്, വാഴപ്പഴം, ആപ്പിൾ, ദോശ, പാൽ, ചോക്ലേറ്റ്, ബീൻസ്, പാസ്ത, സൂപ്പ് തുടങ്ങിയവ നിരത്തി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, കേ ആസ്റ്റ്ലി സൗജന്യ ഭക്ഷണം കൈമാറാൻ ഇവിടെയെത്തുന്നുണ്ട്. കാരണം ഈ എസ്റ്റേറ്റിലെ പല വീടുകളിലും ഭക്ഷണം കഴിക്കാനില്ലെന്ന് അവർ പറയുന്നു.

പകർച്ചവ്യാധിയും ലോക്ക്ഡൗണും നിരവധി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ഒരു ലക്ഷം ആളുകൾ താമസിക്കുന്ന ഓൾഡ്‌ഹാമിലെ മൂന്ന് കുട്ടികളിൽ ഒരാൾ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഭക്ഷണം കൊണ്ടുവരുന്ന വണ്ടിയിൽ നിന്ന് ക്യു പാലിച്ചാണ് എല്ലാവരും സാധനങ്ങൾ കൈകൊള്ളുന്നത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ഉൽ‌പാദനക്ഷമതയുള്ള കോട്ടൺ മിൽ‌ ടൗൺ ആയിരുന്നു ഓൾ‌ഡ്‌ഹാം. ഇപ്പോൾ ഒരു ലക്ഷം ആളുകൾ താമസിക്കുന്ന, യുകെയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പട്ടണങ്ങളിൽ ഒന്നാണിത്. മോശം ആരോഗ്യം, തൊഴിലവസരങ്ങളുടെ അഭാവം, പാർപ്പിടം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.

ഓൾഡ്‌ഹാമിന്റെ മധ്യഭാഗത്തുള്ള യൂറോപ്യൻ ഇസ്ലാമിക് സെന്ററിൽ ഒരു ഫുഡ് ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഉസ്മാൻ റോ പ്രവർത്തകർ ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ സന്നദ്ധസേവനം നടത്തുന്നു. ഇവിടെയുള്ള ഒരുപാട് ആളുകൾക്ക്, ലോക്ക്ഡൗണിലെ ജീവിതം ദുസ്സഹമായ ഒന്നാണ്. ഓൾഡ്‌ഹാം കൗൺസിലിന്റെ കണക്കനുസരിച്ച് അയ്യായിരത്തോളം വീടുകൾ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല വീട്ടിലിരുന്നു പഠിക്കാനും കഴിയാതെ വരുന്നു. “ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് പണം സമ്പാദിക്കാൻ പ്രയാസമാണ്. വീടുകളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷമില്ലാത്തതിനാൽ അവർ കൂടുതൽ പഠിക്കുന്നില്ല. ഞങ്ങളെപ്പോലുള്ള കുടുംബങ്ങൾക്ക് ഇത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും മനസ്സിലാക്കുന്നില്ല.” കോവിഡ് 19 സാരമായി ബാധിച്ച ഓൾഡ്‌ഹാമിലെ ഒരു വീട്ടിലെ അവസ്ഥയാണിത്. അതേസമയം ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കോവിഡ് വിന്റർ ഗ്രാന്റ് പദ്ധതി പോലെയുള്ള സഹായങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അപകടകാരിയായ കൊറോണാ വൈറസിൻെറ പുതിയ ഒരു വകഭേദത്തെ കൂടി യുകെയിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നു. വൈറസിൻെറ ഈ പുതിയ വകഭേദത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പ്രതിരോധകുത്തിവെയ്പ്പുകൾ ഫലപ്രദമാകുമോ എന്ന കടുത്ത ആശങ്കകൾ ആരോഗ്യവിദഗ്ധർക്കുണ്ട്. B.1.525 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിൻെറ 33 -കേസുകളാണ് ഇതുവരെ യുകെയിൽ തിരിച്ചറിയപ്പെട്ടിരിക്കുന്നത്.

എഡിൻബർഗ് സർവ്വകലാശാലയിലെ ഗവേഷകരാണ് പുതിയ വൈറസിന് വകഭേദത്തെ തിരിച്ചറിഞ്ഞത്. ഡെൻമാർക്ക്, നൈജീരിയ, യുഎസ് എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഈ വകഭേദത്തെ നേരത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പുതിയ വൈറസിൻെറ അപകട സാധ്യതകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വകഭേദം അപകടകാരിയാണെന്നതിനോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമെന്നതിനോ നിലവിൽ തെളിവുകളൊന്നും ഇല്ല എന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് പ്രതിനിധീകരിച്ച് പ്രൊഫസർ യോൺ ഡോയൽ പറഞ്ഞു. എന്നിരുന്നാലും കൊറോണാ വൈറസിനെതിരെ വികസിപ്പിച്ച വാക്സിനുകൾ പുതിയ വൈറസ് വകഭേദങ്ങൾക്ക് ഫലപ്രദമാണോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകരും ശാസ്ത്രലോകവും .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോസ് ആഞ്ചൽസ് : ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ‘മാർസ് 2020 പെർസെവെറൻസ്’ ദിവസങ്ങൾക്കുള്ളിൽ ചൊവ്വയിലിറങ്ങും. നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനം ആറര മാസത്തെ യാത്രയ്ക്ക് ശേഷം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്നതിനിടെയുള്ള റേഡിയോ സന്ദേശം അയക്കാൻ ഇത് തയ്യാറായിട്ടുണ്ട്. ഈ സന്ദേശം 20.4 കോടി കിലോമീറ്റർ ദൂരെ ലോസ് ആഞ്ചലിസിലെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ എത്തുമ്പോഴേക്കും പെർസവിറൻസ് ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങിയിരിക്കും. ആറ് ചക്രങ്ങളുള്ള റോവർ ചൊവ്വയിലെ അന്തരീക്ഷത്തിന്റെ മുകളിൽ നിന്ന് ഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഇറങ്ങാൻ ഏഴ് മിനിറ്റ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടയിൽ അയക്കുന്ന റേഡിയോ സന്ദേശം ഭൂമിയിലെത്താൻ 11 മിനിറ്റ് വേണ്ടിവരും.

പെർസെവെറൻസ് പേടകം സ്വയം ചെയ്യുന്ന ഈ ലാന്റിങ് പ്രക്രിയയെ ‘ഭീകരതയുടെ ഏഴ് മിനിറ്റുകൾ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. 270 കോടി ചിലവാക്കിയുള്ള ഈ പദ്ധതിയുടെ ഏറ്റവും അപകടകരമായതും നിർണായകവുമായ ഘട്ടമാണിതെന്ന് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി മേധാവി അൽ ചെൻ പറഞ്ഞു. 1026 കിലോഗ്രാം ഭാരവും 10 അടി നീളവുമുള്ള റോവർ നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവറാണ്. ഫെബ്രുവരി 18 ന് ജെസേറോ ഗർത്തത്തിലാണ് പെർസവറൻസ് ഇറങ്ങുക. ‘ഇൻജെന്യുയിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ ഹെലികോപ്റ്ററും പെർസവറൻസ് വഹിക്കുന്നുണ്ട്.

നാസ നിർമിച്ചതിൽ ഏറ്റവും സങ്കീർണമായതും വലുതും ഭാരമേറിയതുമായ പേടകമാണ് ചൊവ്വയിലെ അപകടം നിറഞ്ഞ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുന്നത്. വിജയം ഒരിക്കലും ഉറപ്പിക്കാനാവില്ലെന്ന് അടുത്തിടെ നടന്ന പത്രസമ്മേളത്തിൽ ചെൻ പറഞ്ഞിരുന്നു. എന്നാൽ ഭീകരതയുടെ ഏഴു മിനിറ്റുകൾ താണ്ടി വാഹനം ചൊവ്വയിൽ ഇറങ്ങിയാൽ അതൊരു ചരിത്ര നിമിഷമാകും. സുരക്ഷിതമായ ലാന്റിങ് എന്ന കടമ്പ കടന്നാൽ അത് മനുഷ്യന്റെ ഭാവി ചൊവ്വാ ദൗത്യങ്ങളിലേക്കുള്ള വാതിൽ തുറക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത്-വെസ്റ്റ് ലണ്ടനിലെ നൂറുകണക്കിന് ഉപഭോക്താക്കൾ ഇൻറർനെറ്റ് കണക്ഷനിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് വെർജിൻ മീഡിയ ക്ഷമ ചോദിച്ചു. ആഴ്‌ചകളോളം തങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷനിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി അനുഭവങ്ങൾ പങ്കുവച്ചിരുന്നു. പലപ്പോഴും ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാൻ തങ്ങളുടെ വീട് വിട്ടു പോകേണ്ടതായി വന്നു എന്നാണ് പലരും പ്രതികരിച്ചത് . തിരക്കേറിയ സമയത്ത് നൂറുകണക്കിന് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് സാധാരണ ലഭിക്കേണ്ട വേഗതേയ്ക്കാളും കുറവാണ് ലഭ്യമായിരുന്നത് എന്ന് കമ്പനി സമ്മതിച്ചു.

ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ പലരും വർക്ക് ഫ്രം ഹോമും വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഇൻറർനെറ്റിൻെറ ഉപയോഗം കൂടിയത് . ശരിയായ വേഗത്തിൽ ഇൻറർനെറ്റ് കണക്ഷൻ കിട്ടാതിരുന്നതുമൂലം പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷവും ഉടലെടുത്തിരുന്നു. പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ വലഞ്ഞ ഒരു വിഭാഗം വിദ്യാർത്ഥികളായിരുന്നു . പലർക്കും ശരിയായ ഇൻറർനെറ്റ് വേഗതയുടെ അഭാവം കാരണം ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിച്ചില്ല എന്ന പരാതി വ്യാപകമായിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്തും പലരും ഓഫീസുകളിൽ പോകാൻ നിർബന്ധിതരായത് ഇൻറർനെറ്റ് കണക്ഷൻെറ ലഭ്യത കുറവുമൂലം ആണെന്ന് തങ്ങളുടെ അനുഭവം പലരും പങ്കുവെച്ചു. പ്രശ്നം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും വൈറസ് വ്യാപനവും ലോക്ക്ഡൗണും മൂലമാണ് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നത് എന്നുമായിരുന്നു കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

52 കാരനായ നിഗൽ സ്‌കി, 32കാരിയായ അഗത മഗേഷ് ഇയമലായിയെ കാണാനാണ് സെപ്റ്റംബറിൽ നിയമം ലംഘിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ സിംഗപ്പൂരിൽ എത്തിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. നിയമം തെറ്റിക്കുന്നവർക്ക് പിഴയും ആറുമാസം തടവുമാണ് ശിക്ഷ.

തിങ്കളാഴ്ച ജില്ലാ കോടതിയിൽ നടന്ന വിസ്താരത്തിൽ വിവാഹിതരായിക്കഴിഞ്ഞ ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു. സ്കീ മുറിവിട്ടു മൂന്നു തവണ പുറത്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂരിലെ റിറ്റ്സ് കാൾട്ടൺ മില്ലേനിയ ഹോട്ടലിൽ സ്കി ക്വാറന്റൈനിലായിരുന്നപ്പോൾ അഗത അതേ ഹോട്ടലിൽ മുറിയെടുത്തു. 17 സെറ്റ് പടവുകൾ നടന്നുകയറി ആണ് സ്കീ അഗതയെ കാണാൻ എത്തിയത്. അഗത തന്റെ കാമുകനുവേണ്ടി എമർജൻസി എക്സിറ്റ് വാതിൽ തുറന്നു നൽകി.

ഏഴ് മണിക്കൂറോളം അവർ ഇത്തരത്തിൽ ഒരുമിച്ച് ചെലവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുള്ളതാണ് ഇരുവരുടേയും പേരിലുള്ള പ്രധാന ആരോപണം. സ്കീയ്ക്ക് നാല് ആഴ്ച ജയിൽവാസവും 750 സിംഗപ്പൂർ ഡോളർ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. പ്രണയത്തിനു വേണ്ടിയാണ് ഇവർ ക്വാറന്റൈൻ ലംഘിച്ചതെന്ന് ഇരുവർക്കും വേണ്ടി ഹാജരായ വക്കീൽ കോടതിയോട് പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടൻ ഇന്നുമുതൽ പ്രതിരോധകുത്തിവെയ്പ്പിൻറെ പുതിയ ഘട്ടത്തിലേയ്ക്ക് ചുവട് വച്ചു. മുൻഗണനാക്രമത്തിൽപ്പെട്ട നാല് ഗ്രൂപ്പുകൾക്കായിരുന്നു ഇതുവരെ വാക്സിൻ നൽകിയിരുന്നത്. എന്നാൽ ഇന്ന് മുതൽ 65 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങി. രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങിയിട്ട് 69 ദിവസങ്ങൾ പിന്നിടുമ്പോൾ വാക്സിനേഷൻ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നത് നിർണ്ണായക ചുവടുവെയ്പ്പായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

രാജ്യത്ത് ഇതുവരെ 15 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ അവസാനത്തിന് മുമ്പ് 50 -വയസിന് മുകളിലുള്ളവർക്കും കൂടി പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇത് ഏകദേശം 17.2 ദശലക്ഷം ആളുകൾ വരും. നിലവിൽ 70 വയസിന് മുകളിൽ 90% പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

അതേസമയം രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഇന്ന് മുതൽ നിലവിൽ വന്നു. ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിക്കുന്നതിനെ ചെറുക്കാനുള്ള മുൻകരുതലായിട്ടാണ് ഹോട്ടൽ ക്വാറന്റൈൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗൽ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 33 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്നവർ ഹോട്ടലുകളിൽ പത്ത് ദിവസം ക്വാറന്റൈൻ ചെലവഴിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഹോട്ടലിൻെറ ചിലവ്, ഗതാഗതം, പരിശോധന എന്നിവ ഉൾപ്പെടെ ഹോട്ടൽ ക്വാറന്റൈന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചിലവ് 1750 പൗണ്ടാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാലിഫോർണിയയിൽ താമസിക്കുന്ന സസെക്സിന്റെ പ്രഭുവും പ്രഭ്വിയും തങ്ങളുടെ കുഞ്ഞു രാജകുമാരൻ ആർച്ചി ഒരു സഹോദരൻ ആവാൻ പോകുന്ന വിവരം ലോകത്തെ അറിയിച്ചു. വരുന്ന മെയിലാണ് കുട്ടിയെ പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് അത്യധികം ആഹ്ളാദത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് അവർ ലോകത്തെ അറിയിച്ചു. മാസങ്ങൾക്കു മുൻപ് 39 കാരിയായ മെഗാന്റെ ഗർഭം അലസിയത് അങ്ങേയറ്റം വേദനിപ്പിക്കുന്ന വാർത്തയായിരുന്നു.

പ്രണയിതാക്കളുടെ ദിനത്തിൽ പ്രിൻസ് ഹാരിയുടെ മടിയിൽ തലവച്ച് കിടക്കുന്ന മെഗാന്റെ ചിത്രത്തിനൊപ്പമാണ് അവർ വാർത്ത പങ്കുവെച്ചത്. ഇരുവരുടെയും വളരേ കാലമായുള്ള ഉറ്റസുഹൃത്തായ മിസാൻ ഹാരിമാൻ ആണ് ചിത്രം പകർത്തിയത്.

കുട്ടി പിറക്കുന്നത് യുഎസിൽ ആണെങ്കിൽ ജന്മനാതന്നെ യുഎസ് പൗരത്വം ലഭിക്കും. ഹാരിയുടെ അമ്മ ഡയാന രാജകുമാരി ഹാരിയെ ഗർഭം ധരിച്ചിട്ടുണ്ടെന്ന വിവരം ലോകത്തെ അറിയിച്ചതിന്റെ മുപ്പത്തിയേഴാം വാർഷിക ദിനത്തിലാണ് ദമ്പതിമാർ സമാനമായ രീതിയിൽ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വിവരവും ലോകത്തെ അറിയിച്ചത്.

ഇവരും സീനിയർ റോയൽ പദവിയിൽനിന്ന് പിൻമാറിയ ശേഷം കഴിഞ്ഞ ജൂൺ മുതൽ മോണ്ടിസിറ്റോയിലെ ഗൃഹത്തിൽ ആണ് താമസിക്കുന്നത്.

ഇരുവരുടേയും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ പലതിനും സാക്ഷിയായി ചിത്രം പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് ഹാരിമാൻ. ഇരുവരുടെയും പ്രണയം വളരുന്നതും പൂവിടുന്നതും കാണുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് ഹാരിമാൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കടുത്ത ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകളിൽ മഞ്ഞുമൂടി കിടക്കുന്നു. എന്നാൽ ഇതിനുശേഷമുള്ള വസന്തകാലത്തിൽ ഡ്രൈവിംഗ് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. ടയർ പ്രഷർ പരിശോധിക്കുക എന്നതാണ് ആദ്യത്തെ മാർഗം. ശൈത്യകാലത്ത് ടയറിൽ സമ്മർദ്ദം കൂടിയിരിക്കും. ഒപ്പം ഐസിലൂടെയാണ് വണ്ടി നീങ്ങുന്നതും. എന്നാൽ വസന്തകാലത്തിലേക്ക് കടക്കുമ്പോൾ ടയർ പ്രഷർ മാറേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ടയർ പ്രഷർ പരിശോധിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടയർ ഇൻഫ്ലേറ്റർ വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.

വസന്തകാലം എത്തുന്നതുവരെ മോശം കാലാവസ്ഥയിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. അതുകൊണ്ട് തന്നെ വൈപ്പർ ബ്ലേഡുകളിൽ സമ്മർദ്ദം ഏറും. ദൃശ്യപരത അത്യാവശ്യമായതിനാൽ നിങ്ങളുടെ വൈപ്പർ ബ്ലേഡുകൾ ‘ഫ്രീ 5-പോയിന്റ് വിന്റർ കാർ ചെക്ക്’ ഉപയോഗിച്ച് പരിശോധിക്കുക. ടെക്നീഷ്യൻ നിങ്ങളുടെ ഹെഡ്ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും ബാറ്ററിലൈഫ്, വിൻഡ്‌സ്ക്രീൻ എന്നിവയും പരിശോധിക്കും. കൂടാതെ എംഒടി കാലാവധിയും. ശൈത്യകാലത്തെ തണുപ്പ് വിൻഡ്സ്‌ക്രീനിൽ വിള്ളലുകൾ ഉണ്ടാവുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ കാഴ്ചയെ മറയ്‌ക്കുകയും ഡ്രൈവിംഗ് അപകടകരമാക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് മാറ്റാൻ ഹാൻഡി വിൻഡ്‌സ്ക്രീൻ ചിപ്പ് റിപ്പയർ സർവീസ് ഉപകാരപ്രദമാകും.

വർഷത്തിലെ ഏത് സമയമായാലും, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട് പുതിയതോ പഴയതോ ആയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വിദഗ്‌ധ കാർ സുരക്ഷാ പരിശോധന ഉപയോഗിച്ച് പൂർണ്ണ മനസമാധാനത്തോടെ വസന്ത കാലത്തിലേക്ക് വാഹനമോടിക്കുക. ഹോൺ മുതൽ നമ്പർപ്ലേറ്റ്, കൂളന്റ്, ബാറ്ററി വരെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് നിങ്ങളും കുടുംബവും റോഡിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള സമഗ്രമായ മാർഗമാണിത്. വസന്ത കാലത്തിന് മുൻപ് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ബ്രേക്കുകൾ, സസ്‌പെൻഷൻ, ടയറുകൾ, വീൽ ബെയറിംഗുകൾ എന്നിവയും മറ്റ് പ്രധാന ഘടകങ്ങളും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Copyright © . All rights reserved