Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇറാനിയൻ ടോപ് ജനറലിന്റെ ആകസ്മികമായ മരണം ഇറാനിലെ ജയിലിലുള്ള തന്റെ ഭാര്യയുടെ കേസിനെ ബാധിക്കുമെന്ന് ഭയന്ന് ബ്രിട്ടീഷുകാരനായ നാസനിൻ സഗാരി റാഡ്ക്ലിഫ്. ലണ്ടനിൽനിന്നുള്ള ചാരിറ്റി പ്രവർത്തകയായ ശ്രീമതി നാസനിൻ, ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് മൂന്നു കൊല്ലമായി തടങ്കലിൽ ആണ്.
ഇറാൻ ടോപ് ജനറലായ ക്വാസിം സുലൈമാനി യുടെ കൊലപാതകം തന്റെ ഭാര്യയുടെ ജീവിതത്തെ ഇനിയും മോശമായി ബാധിക്കും എന്ന ഭയത്തിലാണ് റാഡ്ക്ലിഫ്. കേസുമായി ബന്ധപ്പെട്ട സഹായം അഭ്യർത്ഥിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. കേസിനെ സംബന്ധിച്ച് അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാഡ്ക്ലിഫ്ന്റെ ഭാര്യ കുടുംബം ഇറാനിൽ നിന്നുള്ളവരാണ്. ശ്രീമതി നാസനിൻ ന്റെ പരോൾ ക്രിസ്മസിനു മുൻപും തള്ളിയിരുന്നു. ക്രിസ്മസിനും ന്യൂഇയർനും ഭാര്യയോട് സംസാരിച്ചപ്പോൾ തീരെ പ്രതീക്ഷയില്ലാത്ത പോലെയാണ് അവർ സംസാരിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടുകൂടി തന്റെ പ്രതീക്ഷയും നശിച്ചു എന്നും എന്തായാലും പ്രധാനമന്ത്രിയോട് വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നും അതല്ലാതെ വേറെ വഴിയില്ല എന്നും റാഡ്ക്ലിഫ് മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ശരിയായ കാര്യം അതാണ്. . ദമ്പതിമാരുടെ മകളായ ഗബ്രിയേലയെ തെഹ്റാനിൽ കഴിയുന്ന മുത്തശ്ശി മുത്തശ്ശൻ മാരുടെ അടുത്തുനിന്നും കഴിഞ്ഞ ഒക്ടോബറിൽ യുകെയിലേക്ക് തിരിച്ചെത്തിയിരുന്നു.

വൈമാനിക അപകടമുണ്ടാക്കി സുലൈമാനിയുടെ മരണത്തിനു കാരണക്കാരായവരോട് പ്രതികാരം ചെയ്യും എന്നാണ് ഇറാനിലെ സുപ്രീം ലീഡർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ മിഡിലീസ്റ്റ് ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിച്ച ആളാണ് സുലൈമാനി. സുലൈമാനി ആയിരക്കണക്കിന് അമേരിക്കക്കാരെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കരുതൽ എന്ന നിലയിൽ മിഡിൽ ഈസ്റ്റ് ലേക്ക് 3000 അഡീഷണൽ ട്രൂപ്പിനെ നിയോഗിച്ചിട്ടുണ്ടെന്ന് യുഎസ് ഒഫീഷ്യൽസ് പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങൾ ഇറാനുമായുള്ള ബന്ധം വർധിപ്പിക്കണമെന്നും, തന്റെ ഭാര്യയെ തിരിച്ചു നാട്ടിലെത്താൻ സഹായിക്കണമെന്നും റാഡ്ക്ലിഫ് ആവശ്യപ്പെട്ടു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്ര സാങ്കേതിക സഹായത്തോടെയുള്ള പുരോഗതി വളരെയേറെ നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. എങ്കിൽ കൂടി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഈ നേട്ടങ്ങൾക്ക് ആയിട്ടുണ്ടോ?
ബാല്യ കൗമാര കാലത്ത് ഇന്ന് വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. ദഹന തകരാറുകൾ, കൂടെകൂടെ ഉണ്ടാകുന്ന പനി ശ്വാസകോശ പ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ എന്നിവ ആണ് പ്രധാനം. അന്തരീക്ഷത്തോടുള്ള പ്രതിപ്രവർത്തനം, അലർജി ഈ പ്രശ്നങ്ങൾക്ക് കാരണം ആകാറുണ്ട്.

രോഗ പ്രതിരോധ വ്യവസ്ഥ കൂടുതൽ ശക്തമാക്കുക ആണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധി. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതൽ കാര്യക്ഷമമാകും എന്നാണ് കരുതുന്നത്. മുലപ്പാൽ കുടിച്ചു വരുന്ന കാലത്ത് കൊടുക്കാറുള്ള കട്ടിയാഹാരം വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. അവ കൊടുക്കുന്ന രീതി സമയം അളവ് ഒക്കെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികൾക്ക് ഏറെ അനുയോജ്യമായ ആഹാരം പോലും അസമയത്ത്, അധികമായിട്ടൊ അല്പമായിട്ടോ നൽകിയാൽ പോലും ദഹന തകറാറുണ്ടാക്കി രോഗ കാരണമാകാം.

പശു നമുക്കു പാൽ തരും എന്നു പഠിച്ചിരുന്ന മലയാളിക്ക് മിൽമ നമുക്ക് പാൽ തരും എന്നതാണ് സ്ഥിതി. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ കുട്ടികൾക്കും ചാണകം കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കാലം മാറി കവറിൽ കിട്ടുന്ന പാൽ ആണ് ആശ്രയം. അത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ശാരീരിക വേഗങ്ങൾ തടയുവാൻ പാടില്ല എന്ന ആയുർവേദ നിർദേശം വേണ്ടതു പോലെ പാലിക്കാൻ ആകാതെ വരുന്നുണ്ട്. ഡയപ്പർ ഉപയോഗം വരുത്തുന്ന അലർജി രോഗങ്ങൾ, കൃത്രിമ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്‌, പാക്കറ്റ് ഫുഡ്‌, മത്സ്യ മാംസങ്ങളുടെ അമിതോപയോഗം എന്നിവയാണ് മറ്റു കാരണങ്ങൾ.

അമിതവണ്ണം അമിത ഭാരം, ദഹന തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ, ത്വക് രോഗങ്ങൾ, തുടങ്ങി ഒട്ടേറെ അസ്വസ്ഥതകൾ കുട്ടികളിൽ വർധിച്ചു വരുന്നു. പ്രകൃതി ദത്തമായ ആഹാരം, വീട്ടിൽ പാചകം ചെയ്‍തത്, ഒരു മണിക്കൂർ വ്യായാമം, എണ്ണ തേച്ചുള്ള കുളി, രാത്രി ഭക്ഷണം ഏഴുമണിയോടെ, ലഘുവായ രാത്രി ഭക്ഷണം, ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുക. നേരത്തെ ഉറങ്ങാനും വെളുപ്പിന് ഉണർന്നെഴുനേൽക്കാനും ഉള്ള ശീലം വളർത്തിയും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.

ഉരമരുന്നു ഗുളിക, അഷ്ടചൂർണ്ണം എന്നിവ കൂട്ടികളുടെ രോഗങ്ങൾക്ക് ഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്നു. ഇഞ്ചി കച്ചോലം ജാതിക്ക എന്നിവയും യഥാവിധി ഉപയോഗിക്കുമായിരുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

സിഡ്‌നി: 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.  നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്.

ഉയരുന്ന മരണസംഖ്യ

ഇതിനോടകം 17 പേരാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇല്ലാതായത് 50 കോടിയോളം മൃഗങ്ങള്‍

ഓസ്‌ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത് ചത്തുപോയ മൃഗങ്ങളുടെ എണ്ണമാണ്. ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയില്‍ വെണ്ണീറായതെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികള്‍ ചത്തിട്ടുണ്ടെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

ന്യു സൗത്ത് വേയ്ല്‍സിലെ 30 ശതമാനത്തോളം ജീവികള്‍ തുടച്ചുനീക്കപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സന്‍ ലേ എബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മരങ്ങളും ചെടികളും മറ്റു ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വളരെ വലുതായിരിക്കും എന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ആശങ്കപ്പെടുന്നത്.

മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ഏകദേശ കണക്കുകള്‍ മാത്രമാണ്. കാട്ടു തീ അണച്ചാല്‍ മാത്രമെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമല്ല. കാട്ടു തീയില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ജീവനും ജീവിതവും നഷ്ടപ്പെട്ട് ഒരു ജനത

1200 വീടുകളെയാണ് കാട്ടു തീ ഇതുവരെ ചാമ്പലാക്കിയത്. നിരവധി പേര്‍ക്ക് തങ്ങളുടെ സര്‍വ്വ സമ്പാദ്യവും നഷ്ടപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെല്ലാം ചാരവും പുകയും മൂലം വാസയോഗ്യമല്ലാതായി. ഈ  പ്രദേശങ്ങള്‍ ഇനി പൂര്‍വ്വ സ്ഥിതിയിലാകാന്‍ നാളുകളെടുക്കും. കാട്ടു തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ പോലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ തരത്തിലും ജനജീവിതം ദു:സഹമായ അവസ്ഥയാണ് ഓസ്‌ട്രേലിയയിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാട്ടു തീ മൂലം ഓസ്‌ട്രേലിയുടെ അന്തരീക്ഷം പുകമയമാണ്. ഇതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ജനങ്ങളെ അലട്ടുന്നു. ഓസ്‌ട്രേലിയുടെ നിരത്തുകളിലെല്ലാം നിയന്ത്രിക്കാന്‍ കഴിയാത്ത വിധമുള്ള ജനത്തിരക്കുണ്ട്. ജീവനും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുന്നവരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കൊണ്ടും ഗതാഗത തടസ്സമില്ലാത്ത ഒരു റോഡുപോലുമില്ല ഓസ്‌ട്രേലിയയില്‍.

പലഭാഗത്തും കുടുങ്ങിക്കിടന്ന 4000 പേരെ ഓസ്‌ട്രേലിയന്‍ സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  ലക്ഷക്കണക്കിന് പേരാണ് ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ നിന്ന് ഓരോ മണിക്കൂറും ജീവനും കൊണ്ടോടുന്നത്.

കാട്ടു തീ മൂലം അടിയന്തരാവസ്ഥ

ഓസ്ട്രേലിയയില്‍ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാട്ടുതീ മൂലമുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്ന് ന്യൂ സൗത്ത് വേയ്ല്‍സിലാണ്. ഇവിടെ 89 ലക്ഷം ഏക്കര്‍ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ഇവിടെ മാത്രം നാല് മില്യണ്‍ ഹെക്ടറിലധികം സ്ഥലം എരിഞ്ഞടങ്ങി. 900 വീടുകള്‍ ചാരമായി. ഇവിടെ ഏഴു ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റൊരു സംസ്ഥാനമായ വിക്ടോറിയയില്‍ നിന്ന് 30,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയന്‍ സംസ്ഥാനത്തെ നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മുത്തിരിത്തോട്ടങ്ങള്‍ പലതും ഇതിനോടകം തന്നെ തീ തിന്നുകഴിഞ്ഞു. കടല്‍ത്തീരങ്ങള്‍ക്ക് അടുത്തുവരെ തീപടര്‍ന്നെത്തി. തീരപ്രദേശങ്ങളിലുണ്ടായിരുന്നവര്‍ രക്ഷതേടി കടലിലിറങ്ങുകയായിരുന്നു

70 മീറ്ററോളം ഉയരത്തിലാണ് തീനാളങ്ങള്‍ ഉയരുന്നത്. ഓസ്‌ട്രേലിയയിലെ പ്രശസ്ത കെട്ടിടമായ സിഡ്‌നി ഒപ്പേറ ഹൗസിന്റെ ഉയരം 65 മീറ്ററാണ്. അതായത് ഒപ്പേറ ഹൗസിനേക്കാളും ഉയരത്തിലാണ് തീ ഉയർന്നത്.

സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് അന്തരീക്ഷ താപനില

ഡിസംബറില്‍ ഓസ്‌ട്രേലിയയിലെ ചൂട് സര്‍വ്വ കാല റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. 40 ഡിഗ്രി സെല്‍ഷ്യസാണ് ഓസ്‌ട്രേലിയയിലെ നിലവില്‍ രേഖപ്പെടുത്തുന്ന ശരാശരി താപനില. ഇതും കാട്ടു തീ ആളിക്കത്താന്‍ കാരണമായിട്ടുണ്ട്.

യഥാര്‍ഥത്തില്‍ ഓസ്‌ട്രേലിയയില്‍ വേനല്‍ക്കാലം ആരംഭിച്ചതേയുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് വരുന്ന മാസങ്ങളിലും വരള്‍ച്ചയും ജലക്ഷാമവും തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാട്ടു തീ പടരുന്നതും പടരാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങളില്‍ അധികൃതർ വിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ബിറ്റ്‌സ്‌ബേ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളോട് ഉടന്‍ പുറത്തുപോകാനും ഓസ്‌ട്രേലിയ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

2019ല്‍ ആമസോണ്‍ കാട്ടുതീയില്‍ 900,000 ഹെക്ടര്‍ പ്രദേശമാണ് കത്തിച്ചാമ്പലായത്. 2018ല്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ 800,000 ഹെക്ടര്‍ സ്ഥലവും കാട്ടുതീയില്‍ നശിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാളൊക്കെ രൂക്ഷമായ കാട്ടുതീയാണ് ഓസ്ട്രേലിയയിലേതെന്ന്  കണക്കുകള്‍ പറയുന്നു.

ലിവർപൂൾ: പുതുവർഷത്തലേന്ന് മരണം തട്ടിയെടുത്ത ലിവർപൂളിലെ മലയാളി നേഴ്സായ കൊച്ചുറാണിക്ക് അന്ത്യമോപചാരമർപ്പിക്കാനും ശുശ്രൂഷകൾക്കുമായും ജനുവരി 4 ശനിയാഴ്ച യുകെ മലയാളി സമൂഹവും സുഹൃത്തുക്കളും ഒത്തുകൂടുന്നു.

ലിവർപൂളിലെ ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന ശുശ്രൂഷകളും പൊതുദര്‍ശനവും ജനവരി 4 ശനിയാഴ്ച 1.30 pm മുതൽ ആരംഭിക്കുന്നു . പള്ളിയിലെ വികാരിയുടെ ചുമതലവഹിക്കുന്ന ആൻഡ്രൂസ് അച്ഛനാണ് പള്ളിയിലെ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

സമയക്രമം താഴെ പറയുന്ന പ്രകാരം ആയിരിക്കും
1.30 pm -പ്രാർത്ഥനകൾ ആരംഭിക്കുന്നു
2.00 pm- മൃതദേഹം സ്വീകരിച്ച് തുടർ ശുശ്രൂഷകൾ
2.30 pm- അനുശോചന സന്ദേശങ്ങൾ, അന്തിമോപചാര അർപ്പണം
3.00 pm- വിശുദ്ധ കുർബാന

ശനിയാഴ്ച ചടങ്ങിനായി വരുന്ന ഇടവകാംഗങ്ങളുടെ വാഹനങ്ങൾ പുറമേനിന്ന് വരുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് സഹകരിക്കണമെന്നു അധികൃതർ അറിയിച്ചു . സ്കൂളിന്റെ Post Code & address… Our Lady Queen of Peace Catholic Primary School, 3 Ford Close, L21 0EP.

നാളത്തെ പൊതുദർശനത്തിനു ശേഷം ഞായറാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് എന്ന അറിയിപ്പു കിട്ടിയിട്ടുണ്ട്.

പാലാ രൂപതയിൽ പെടുന്ന ഇടവകയായ കൊഴുവനാൽ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ചാണ് സംസ്‌കാരം നടത്തുന്നത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ   അധ്യക്ഷൻ ആയ  മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും അതോടൊപ്പം തന്നെ പരേതയായ കൊച്ചുറാണി യുടെ മിഷൻ സെന്ററിന്റെ, ഇടവകയുടെ ഇൻചാർജ്ജായ ജിനോ അച്ഛനും നാട്ടിലുണ്ട്. പിതാവും, അച്ഛനും നാട്ടിൽ നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്.

ശാരീരിക അസുഖങ്ങള്‍ മൂലം ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു കൊച്ചുറാണി. അസുഖം മൂര്‍ച്ഛിച്ചത്തോടെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമായത്.

തങ്ങളുടെ പ്രിയ മിത്രത്തിന്റെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെ മലയാളികളും സഹപ്രവർത്തകരും കുടുംബത്തിന് ആശ്വാസമായി ദുഃഖാർത്ഥരായ കുടുംബത്തോടെ ഒപ്പമുള്ളത്.

ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ചെയ്തിരുന്ന കൊച്ചുറാണി ലിവര്‍പൂള്‍ ഫസാര്‍ക്കലിയില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് പരേതയായ കൊച്ചുറാണി.

ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസ് വിദ്യാർത്ഥികളാണ്.

 ന്യൂസ് ഡെസ്ക്,  മലയാളം യുകെ

ലണ്ടൻ : ട്രെയിൻ യാത്രക്കാർക്ക് വൻ തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വർദ്ധനവ്. 2.7% നിരക്ക് വർദ്ധനവ് ആണ് ഉണ്ടായത്. വ്യവസായ സ്ഥാപനമായ റെയിൽ ഡെലിവറി ഗ്രൂപ്പ് നവംബറിൽ പ്രഖ്യാപിച്ചതാണീ വർദ്ധനവ്. തുടർച്ചയായ മൂന്നാം വർഷമാണ് ശരാശരി നിരക്ക് ആർ‌പി‌ഐയ്ക്ക് താഴെയായിരിക്കുന്നതെന്ന് ട്രെയിൻ കമ്പനികൾ പറയുന്നു. വാർഷിക പാസിൽ 100 പൗണ്ടിന്റെ വർദ്ധനവ് ഉണ്ട്. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പല പദ്ധതികളും മുന്നോട്ട് വെക്കുന്നുണ്ട്. “എന്നെ നിങ്ങൾക്ക് വർഷാവസാനത്തോടെ വിധിക്കാൻ കഴിയും. ഈ മാറ്റങ്ങൾക്ക് സമയമെടുക്കും, പക്ഷേ ആളുകൾ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു. ” അദ്ദേഹം ബിബിസിയോട് പറഞ്ഞു. എന്നാൽ ടോറികൾക്ക് കീഴിൽ യാത്രക്കാർ വീണ്ടും കുറഞ്ഞ തുക ആയിരിക്കുമ്പോൾ തന്നെ കൂടുതൽ പണം നൽകുകയാണെന്ന് ലേബർ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ആൻഡി മക്ഡൊണാൾഡ് പറഞ്ഞു.

യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രയാണ് ആവശ്യമെന്ന് വാച്ച്‌ഡോഗ് ഡയറക്ടർ ഡേവിഡ് സൈഡ്ബോട്ടം പറഞ്ഞു. കാലതാമസത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാൻ അദ്ദേഹം യാത്രക്കാരെ പ്രോത്സാഹിപ്പിച്ചു. യാത്രകൾ മെച്ചപ്പെടുത്തുന്നതിനായി റെയിൽ കമ്പനികൾ നിക്ഷേപം നടത്തുന്നുവെന്ന് റെയിൽ‌വേ ഡെലിവറി ഗ്രൂപ്പിന്റെ നേഷൻ ആൻഡ് റീജിയൻ ഡയറക്ടർ റോബർട്ട് നിസ്‌ബെറ്റ് പറഞ്ഞു. 2020 ൽ ആഴ്ചയിൽ 1,000 അധിക സർവീസുകളും 1,000 വണ്ടികളും കൊണ്ടുവരും. റെയിൽവേയിലേക്ക് ഒരുപാട് നിക്ഷേപങ്ങൾ നടക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി.

വാർഷിക റെയിൽ വിലവർദ്ധനവിന്റെ 40% നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സർക്കാരുകളാണ്. കഴിഞ്ഞ ജൂലൈയിലെ റീട്ടെയിൽ പ്രൈസസ് ഇൻഡക്സ് (ആർ‌പി‌ഐ) പണപ്പെരുപ്പ നടപടികളിലേക്ക് അവരെ ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ് നിരക്ക് വർദ്ധനവ് തീരുമാനിക്കുന്നത് ട്രെയിൻ കമ്പനികളാണ്. ആർ‌പി‌ഐ പണപ്പെരുപ്പം കഴിഞ്ഞ വർഷം 2.8 ശതമാനമായിരുന്നു. ഇന്നലത്തെ ഈ നിരക്ക് വർദ്ധനവിന് എതിരെ ലണ്ടൻ കിംഗ്സ് ക്രോസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടന്നു.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഓസ്ട്രേലിയ :- ഓസ്ട്രേലിയയിൽ കാട്ടുതീ വൻതോതിൽ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ഒരാഴ്ച നീണ്ട എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം നേരിട്ട പ്രദേശങ്ങളിലേക്കുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ യാത്ര , ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടർന്ന് ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചിരിക്കുകയാണ്. അപകടങ്ങളെ നേരിടുവാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് ജനങ്ങൾ ആരോപിക്കുന്നത്. നൂറുകണക്കിന് ജനങ്ങൾ അപകടസ്ഥലത്ത് നിന്നും മാറി താമസിച്ചു കൊണ്ടിരിക്കുകയാണ്.

സമീപപ്രദേശമായ വിക്ടോറിയയിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം നാലായിരത്തോളം ആളുകളെ രക്ഷിക്കുവാൻ സൈന്യം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കപ്പലുകളും മറ്റും സജ്ജമാണ്. സെപ്റ്റംബർ മാസം മുതൽ തന്നെ കാട്ടുതീ മൂലം ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലും ഏകദേശം 18 പേർ മരണപ്പെട്ടിട്ടുണ്ട്. അപകടം നേരിടാൻ വേണ്ട എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

ഉയർന്ന താപനിലയും, അതിശക്തമായ കാറ്റും ഈ ആഴ്ചയുടെ അവസാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കാട്ടുതീ വർദ്ധിക്കുന്നതിന് ഇടയാകും. ഇതിനെ തുടർന്ന് പല റോഡുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിൽ സൈന്യത്തിന് ഇതുവരെയും എത്തിപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീ മൂലം ഉള്ള പുക ശ്വസിച്ച് ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ഒരു പ്രത്യേക കാലാവസ്ഥ സിസ്റ്റത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിൽ ഇത്രയധികം താപനില ഉയരുന്നത് എന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

ഇതോടൊപ്പംതന്നെ ഓസ്ട്രേലിയയിൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ മരണമടഞ്ഞ ജഫ്രി കിറ്റോൺ എന്ന അഗ്നിശമനസേന പ്രവർത്തകന്റെ മകനു വിശിഷ്ടസേവാ മെഡൽ നൽകി ആദരിച്ചു. അദ്ദേഹത്തിന് ധൈര്യപൂർവ്വം ആയ പ്രവർത്തനങ്ങൾക്കാണ് ഈ ആദരവ് നൽകി തന്നെ പ്രധാനമന്ത്രി അറിയിച്ചു.

 

മെയ്ഡസ്റ്റോൺ: കെന്റിലെ ഇന്ത്യൻ ആര്ട്ട്സ് സ്‌കൂൾ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാൻസ് സ്‌കൂളായ ദക്ഷിണ യുകെയും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടത്തപ്പെടുന്ന കലാവിരുന്നിൽ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ശ്രീമതി ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികൾ പങ്കെടുക്കും. യുകെയിലെ പ്രശസ്ത സംഗീതാധ്യാപിക ശ്രീമതി കീർത്തി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ. ഫാ. ടോമി എടാട്ട് എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും. ചിലങ്കപൂജക്കു ശേഷം യുകെയിലെ യുവഗായകൻ ഷംസീറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.

കലാക്ഷേത്ര ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ് ന്റെ കീഴിലുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയൊരു നിരയാണ് ഈ കലാവിരുന്നിൽ അണിനിരക്കുന്നത്. ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയായി ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഫ്യൂഷൻ ഡാൻസ് ഇനങ്ങൾ ഉൾപ്പെടുന്ന നിരവധി നൃത്തരൂപങ്ങൾ വേദിയിൽ അരങ്ങേറും. കലാസ്വാദകർക്കായി രുചികരമായ ഫുഡ്‌സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സഹൃദയരായ എല്ലാ കലാസ്നേഹികളെയും ഈ സംഗീതനൃത്ത സന്ധ്യയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.

ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.

ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂട‌ുകയും ചെയ്തു.

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

മലയാളി പ്രവാസികളുടെ പറുദീസയാണ് യുകെ. 2000 ആണ്ട് മുതൽ യുകെയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മലയാളി നഴ്സുമാർ അടങ്ങുന്ന ഒരു പ്രവാസി സമൂഹം യുകെ യോട് വൈകാരിക ബന്ധം പുലർത്താൻ തുടങ്ങിയിട്ടും നാളുകളായി.

യു കെ യിൽ പ്രധാനമായും മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന നാല് ഋതുക്കൾ ആണുള്ളത്. മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന വസന്തകാലം, ജൂണിൽ തുടങ്ങി ഓഗസ്റ്റിൽ അവസാനിക്കുന്ന വേനൽക്കാലം, സെപ്റ്റംബറിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന ശിശിരകാലം, ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന ഹേമന്ത കാലം. ഈ മാറ്റം നേരിട്ട് കാണാനും അനുഭവിച്ചറിയാനും യുകെ വാസികൾക്ക് അകലെ ഒന്നും പോകണ്ടതില്ല. ഋതുക്കൾക്ക് അനുസരിച്ചുള്ള പ്രകൃതിയിലുണ്ടാകുന്ന ഓരോ സൂക്ഷ്മമായ മാറ്റങ്ങളും സ്വന്തം വീട്ടുമുറ്റത്തെ വൃക്ഷങ്ങളുടെ വേഷപ്പകർച്ചയിൽ നിന്ന് അറിയാൻ സാധിക്കും.

വസന്തകാലത്തെ പ്രകൃതി ഉടുത്തൊരുങ്ങി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്, കണ്ണെത്തുന്നിടത്തെല്ലാം വിരിഞ്ഞുനിൽക്കുന്ന പൂക്കളും, അവയെ തേടിയെത്തുന്ന വിരുന്നുകാരും, വൃക്ഷങ്ങളും പൂക്കളുമെല്ലാം പരത്തുന്ന നറുമണവും ഒക്കെ ചേർന്ന് ആകെക്കൂടി മനോഹരമാണ് വസന്തകാലം. ഇത് വർഷം മുഴുവൻ നീണ്ടു നിൽക്കുണേ എന്ന് പ്രദേശവാസികൾ ആഗ്രഹിച്ചു പോകും. വേനൽക്കാലത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അത്രയധികം ചൂട് അനുഭവപ്പെടാറില്ല എങ്കിലും, ബീച്ചിലും പാർക്കിലും ഒക്കെ കൂടുതൽ സമയം ചെലവിടുന്നവരാണ് യുകെക്കാർ.

ശിശിര കാലത്തിലാണ് പ്രകൃതി ഏറ്റവുമധികം നിറം വാരി ചുറ്റുന്നത്. മരങ്ങളിലെ ഇലകൾ എല്ലാം പൊഴിയാനുള്ള തയ്യാറെടുപ്പിൽ മഞ്ഞയും പച്ചയും ചുവപ്പുമൊക്കെ നിറങ്ങളിലേക്ക് ചമയം നടത്തുന്നത് കൊണ്ട് രാജ്യം മുഴുവൻ ഒരു പ്രത്യേക സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കും. ഇപ്പോൾ യുകെയിൽ തണുപ്പ് കാലമാണ്. മഞ്ഞുപൊഴിയുന്ന രാവുകളും പകലുകളും വൃക്ഷങ്ങൾക്കും റോഡുകൾക്കും കാറുകൾക്കും എല്ലാം ഒരു ശ്വേത നിറമുള്ള പുതപ്പ് സമ്മാനിക്കും. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ, വീട്ടുമുറ്റത്തെയും കാറിനെയും ഒക്കെ ഐസ് അടർത്തി കളഞ്ഞശേഷം വേണം തുടങ്ങാൻ. നല്ല കാറ്റ് വീശുന്ന തണുത്ത ഈർപ്പമുള്ള കാലാവസ്ഥയാണ് യു കെ യുടേത്. പുറത്ത് പോകുന്നവർ അതിനനുസൃതമായ വേഷ വിധാനമാവും ധരിക്കാറുള്ളത്. സാന്റായെ വരവേൽക്കാൻ മഞ്ഞിൽ കുളിച്ചു നിൽക്കയാവും പ്രകൃതി. പക്ഷേ ഇക്കുറി, മഞ്ഞുവീഴ്ച തീരെ കുറവായിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്, എന്നുമാത്രമല്ല താപനില താരതമ്യേന കൂടുതലും ആയിരുന്നു. പ്രവാസികളെ സംബന്ധിച്ചെടുത്തോളം യുകെയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ.

മെട്രൊജിക്കൽ, ആസ്‌ട്രോളജിക്കൽ, ഫിനോളജിക്കൽ എന്നീ 3 കാരണങ്ങൾ മൂലമാണ് യു കെ യിലെ ഈ കാലാവസ്ഥമാറ്റം ഉണ്ടാവുന്നതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

പാരീസ് : ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ. ഫ്രഞ്ച് അധികൃതരുടെ കണക്കുകൾ പ്രകാരം 2019ൽ ഏകദേശം 2360 ആളുകളെയാണ് ചാനൽ വഴി യുകെയിലേക്കുള്ള കുടിയേറ്റത്തിന് പിടികൂടിയത്. 2018ൽ ഇത് 586 മാത്രമായിരുന്നു. ചെറിയ ബോട്ടുകൾ ഉപയോഗിച്ച് 2019ൽ 261 കുടിയേറ്റ ശ്രമങ്ങൾ നടന്നു. അതിൽ നാല് മരണങ്ങളും ഉണ്ടായി. ഈ ചൊവ്വാഴ്ച, എട്ട് കുട്ടികളടക്കം 40 ലധികം കുടിയേറ്റക്കാരെ അതിർത്തി സേന ചാനലിൽ തടഞ്ഞിരുന്നു. ക്രിസ്തുമസിന് ശേഷമുള്ള ദിവസങ്ങളിൽ ഒരു ഡസൻ ആളുകളെയാണ് കുടിയേറ്റ ശ്രമത്തിന് പിടികൂടിയത്. അതുപോലെ ഇന്നലെ പുതുവർഷദിനത്തിലും ബോട്ട് മാർഗം ചാനൽ കടക്കാൻ ശ്രമിച്ച 6 പുരുഷന്മാരെ അതിർത്തി സേന തടയുകയുണ്ടായി.

ചാനലിലെ തകരാറുകളെ പറ്റി തുടർച്ചയായി നിർദേശങ്ങളും മുന്നറിയിപ്പും നൽകിയിട്ടും കുടിയേറ്റം വർദ്ധിക്കുകയാണ് ഉണ്ടായത്. കരയിലും കടലിലും ഫ്രഞ്ച് സൈന്യത്തെ ശക്തമായി അണിനിരത്തിയതിനാൽ കഴിഞ്ഞ വർഷം 55% അനധികൃത കുടിയേറ്റ ശ്രമങ്ങൾ പരാജയപ്പെട്ടു എന്ന് പാസ്-ഡി-കാലൈസ് മേഖലയിലെ ഗവർണർ ഫാബിയൻ സുഡ്രി പറഞ്ഞു. 95% കുടിയേറ്റ ബോട്ടുകളും പുറപ്പെടുന്നത് തുറമുഖ നഗരമായ കാലായിസിൽ നിന്നുമാണെന്ന് പോലീസ് അറിയിച്ചു.

ഈ അനധികൃത കുടിയേറ്റം തടയാൻ യുകെയും ഫ്രാൻസും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രഞ്ച് തീരങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയതായും കുടിയേറ്റങ്ങൾ തടയാൻ ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ, കണ്ടെത്തൽ ഉപകരണങ്ങൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഓഫീസ് അറിയിച്ചു. ഈയൊരു കുടിയേറ്റം തടയാൻ ഫ്രാൻസ് കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് കൺസേർവേറ്റിവ് എംപി നതാലി എൽഫിക്കെ അഭിപ്രായപ്പെട്ടു.

Copyright © . All rights reserved