Main News

ലണ്ടൻ : സഞ്ജീവ് ഗുപ്തയുടെ സഹായ അഭ്യർത്ഥന സർക്കാർ നിരസിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ജോലികൾ ഭീഷണിയിൽ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായിയും ലിബർട്ടി ഹൗസ് ഗ്രൂപ്പ്സിന്റെ സ്ഥാപകനുമായ ഗുപ്ത, 35,000 ത്തിൽ അധികം ആളുകൾ ജോലി ചെയ്യുന്ന ജിഎഫ്‌ജി അലയൻസിന്റെ സിഇഒയും ചെയർമാനുമാണ്. അദ്ദേഹത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്ന ഗ്രീൻസിൽ ക്യാപിറ്റൽ ഈ മാസം വൻ തകർച്ച നേരിട്ടിരുന്നു. ഇതിന്റെ അഘാതമാണ് ജി‌എഫ്‌ജി അലയൻസിനെയും ബാധിച്ചത്. ബ്രിട്ടനിൽ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്ന ജി.എഫ്.ജി വ്യാഴാഴ്ച സർക്കാരിനോട് അടിയന്തര വായ്പ ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടു. 170 മില്യൺ പൗണ്ടായിരുന്നു അടിയന്തര വായ്പയായി ആവശ്യപ്പെട്ടത്. ഇങ്ങനൊരു ഭീഷണി ഉടലെടുത്തതോടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ മന്ത്രിമാർ തയ്യാറെടുക്കുകയാണ്.

ഗ്രീൻ‌സിലിന്റെ പരാജയവും ജി‌എഫ്‌ജിയിലെ പ്രതിസന്ധിയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും വലച്ചിരുന്നു. 49 കാരനായ ഗുപ്തയുടെ വളർച്ച ലക്സ് ഗ്രീൻസിലിന്റെ ഗ്രീൻസിൽ ക്യാപിറ്റലിന്റെ പിന്തുണയോടെ ആയിരുന്നു. ഗ്രീൻസിലിന്റെ പ്രധാന ഉപദേശകരിൽ ഒരാളായിരുന്നു ഡേവിഡ് കാമറൂൺ. ലോകത്ത് പലയിടങ്ങളിലായി പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയാണ് ജി. എഫ്. ജി. ലിബർട്ടി സ്റ്റീലും ഉൾപ്പെടുന്നു.

യുകെയിൽ ലിബർട്ടി സ്റ്റീലിന് 12 പ്ലാൻറ്റുകളും അതിൽ 3000 ത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ ഉത്പാദകരാണ് ഇവർ. വായ്പ നൽകിയാൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന ഭീതിയാണ് അടിയന്തര വായ്പ നിരസിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ലിബർട്ടി സ്റ്റീലുമായി സർക്കാർ ചർച്ചകൾ നടത്തിവരിയാണെന്ന് ബിസിനസ് ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു. കമ്പനിയുമായി അടുത്തിടപഴകാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റീൽ വ്യവസായത്തിന് സർക്കാർ എപ്പോഴും സഹായം നൽകുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 500 മില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് അറിയിച്ചു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക് ഡൗൺ നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങുകളിൽനിന്ന് ഇന്ന് ബ്രിട്ടീഷ് ജനത ഭാഗികമായ സ്വാതന്ത്ര്യം നേടുകയാണ്. 6 ആളുകളുടെ ഗ്രൂപ്പുകൾക്ക് പുറത്തുള്ള ഒത്തുചേരലുകൾ ഇന്നുമുതൽ സാധ്യമാകും. ഈസ്റ്റർ ദിനങ്ങളിൽ തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും സന്ദർശിക്കാൻ ഇത് ജനങ്ങൾക്ക് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം തന്നെ ചില കായിക ഇനങ്ങൾക്കും ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, ബാസ്ക്കറ്റ് ബോൾ, ഉൾപ്പെടെയുള്ള കായികവിനോദങ്ങൾ ഇന്നുമുതൽ ആരംഭിക്കാൻ സാധിക്കും.

എന്നാൽ അനുവദിക്കപ്പെട്ട ഇളവുകൾ ആസ്വദിക്കുമ്പോഴും ജാഗ്രത കൈവിടാൻ പാടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി. യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം കോവിഡ് -19 കേസുകൾ കുതിച്ചുയരുന്നത് നമ്മൾക്ക് പാഠമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്ന വാക്സിൻ വഴിയായി ആർജ്ജിച്ച പ്രതിരോധ ശേഷിയെ കവച്ചുവയ്ക്കാൻ കെൽപ്പുള്ള ജനിതക മാറ്റം വന്ന കോവിഡ് വൈറസുകൾക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകുന്നതിൽ രാജ്യത്തിൻറെ മുന്നേറ്റം തുടരുകയാണ്. ഔദ്യോഗിക കണക്കുപ്രകാരം 30 ദശലക്ഷത്തിലധികം ജനങ്ങൾക്ക് പ്രതിരോധ വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതായത് മുതിർന്ന പൗരന്മാരിൽ 57 ശതമാനം പേർക്കും യുകെയിൽ വാക്‌സിൻ നൽകാൻ സാധിച്ചത് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ 15 -നുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ രാജ്യം ലക്ഷ്യമിടുന്നത്. യുകെയിൽ രോഗവ്യാപനവും മരണനിരക്കും മുമ്പത്തേക്കാൾ കുറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 30 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 3862 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ സ്കൂളിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച ചർച്ചകൾ രാജ്യമെമ്പാടും നടക്കുകയാണ്. ദേശീയ വിവാദമായി ഈ വിഷയം മാറി കഴിഞ്ഞെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. പോലീസ് ഇതിനായി ഒരു ഹെൽപ്പ് ലൈനും തുടങ്ങിയിട്ടുണ്ട്. നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാർക്ക് എല്ലാം തന്നെ ആവശ്യമായ സംരക്ഷണം ഉറപ്പു നൽകുമെന്ന് മന്ത്രി അറിയിച്ചു.’എവെരിവൺ ഈസ്‌ ഇൻവൈറ്റെഡ് ‘ എന്ന പേരിലുള്ള വെബ്സൈറ്റിൽ നിരവധി പേരാണ് തങ്ങൾക്ക് സംഭവിച്ച ദുരനുഭവങ്ങളെപ്പറ്റി പരാതി നൽകിയിരിക്കുന്നത്.


നിലവിൽ ആറായിരത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അധികൃതർ അറിയിക്കുന്നത്. വളരെ ചെറിയ കുട്ടികൾപോലും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. സ്കൂൾ ക്യാമ്പസുകളിലും മറ്റു കുട്ടികളിൽ നിന്നും അവർ അനുഭവിക്കുന്ന ലൈംഗികപരമായ അതിക്രമങ്ങളാണ് പരാതിയിൽ ഉൾപ്പെടുന്നത്.


ചിലർ തങ്ങളുടെ പേര് നൽകാതെയും വെബ്സൈറ്റിൽ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സ്കൂളുകളുടെ പേര് മിക്കവാറും എല്ലാവരും തന്നെ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് നൽകി പാർട്ടികളിലും മറ്റും കൊണ്ടുപോയി തങ്ങളെ ഉപദ്രവിച്ചതായി പല കുട്ടികളും പരാതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇത്തരം പരാതികൾ സ്വീകരിക്കുന്നതിനായി ഒരു ഹെൽപ്പ് ലൈൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതാണ്. ഇതിലേക്ക് എല്ലാവരും തങ്ങളുടെ പരാതികൾ നൽകണമെന്ന് പോലീസ് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഒരിക്കലും അനുവദിക്കാൻ പാടില്ലെന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ, ചീഫ് കോൺസ്റ്റബിൾ സൈമൺ ബെയിലി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോഷണം,മദ്യപിച്ച് വാഹനമോടിക്കൽ, പിടിച്ചുപറി, കടന്നുകയറ്റം, മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുക, പൊതുസ്ഥലത്ത് ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവർ. സാറ എവറാർഡിന്റെ കൊലപാതകത്തെ തുടർന്ന് സേന അങ്ങേയറ്റം വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ക്രിമിനൽ റെക്കോർഡുകൾ ഉള്ള 150 പേരും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപാണ് പ്രശ് നക്കാർ ആയിരുന്നത് എന്ന് സേന പ്രതികരിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ ക്രിമിനൽ റെക്കോർഡുകൾ എത്ര പോലീസുകാരുടെ പേരിലുണ്ട് എന്നതിനെപ്പറ്റി സേന ഇതു വരെ മിണ്ടിയിട്ടില്ല.

കുറ്റം ചെയ്യുന്ന സമയത്തെ പ്രതികളുടെ പ്രായം കൂടി കണക്കിലെടുത്താണ് റിക്രൂട്ട്മെന്റ് നടത്തിയിരിക്കുന്നത്, കുറ്റം ചെയ്ത ശേഷമുള്ള വർഷങ്ങളുടെ റെക്കോർഡ് കൂടി പരിഗണിക്കേണ്ടതുണ്ട്. ചെയ്ത കുറ്റത്തിന് ഗൗരവം കണക്കിലെടുത്ത്, ഒരിക്കൽ ചെയ്ത കുറ്റം ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് , ജോലിയിൽ പ്രവേശിക്കുന്ന സമയത്തെ സ്വഭാവ സവിശേഷതകൾ കൂടി പരിഗണിച്ചു മാത്രമാണ് റിക്രൂട്ട്മെന്റുകൾ നടത്തിയത്. ഒരു തെറ്റിന്റെ പേരിൽ ജീവിതം മുഴുവൻ ഹോമിക്കാൻ ആവില്ല. മുതിർന്നതിനു ശേഷവും അഴിമതിയും അക്രമ സ്വഭാവവും കാണിക്കുന്നവരെയും പദവി ദുരുപയോഗപ്പെടുത്തും എന്ന് ഉറപ്പുള്ളവരെയും സേനയിൽ എടുത്തിട്ടില്ല. സ്വന്തം ജോലിയിലും ജീവിതത്തിലും നിയമം മുറുകെ പിടിക്കുന്നവരാവണം ഉദ്യോഗസ്ഥർ എന്ന നിർബന്ധം മെറ്റ് സേനയ്ക്ക് ഉണ്ട്. നിലവിൽ 32000 പോലീസുകാരാണ് സേനയിൽ ഉള്ളത്.

സാറയുടെ കൊലപാതകത്തെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളെ പുരുഷന്മാരായ ഉദ്യോഗസ്ഥർ നിലത്തേക്ക് അമർത്തുന്ന ചിത്രം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധങ്ങൾ നടത്തുന്നവരെ പോലീസിന് പൊതുസമൂഹത്തെ ശല്യം ചെയ്യുന്നവരായി തോന്നിയാൽ അറസ്റ്റ് ചെയ്യാൻ കഴിയും.1990 മുതലുള്ള കസ്റ്റഡി മരണങ്ങളുടെ എണ്ണം 1,781ആണെങ്കിലും ഒറ്റ പോലീസ് ഓഫീസർ പോലും ഇതുവരെ നടപടി നേരിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറുകയാണ്. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനവും മരണനിരക്കും യുകെയിൽ കുറയുന്നതിൻെറ പ്രധാന കാരണം ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കാണിച്ച ശുഷ്കാന്തിയും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിൽ നേടിയെടുത്ത മുന്നേറ്റവും ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വാക്‌സിൻ ലഭ്യതയിലെ കുറവ് യുകെയിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റിക്കുമോ എന്നതാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലെ അനിശ്ചിതത്വവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ വാക്സിൻ കയറ്റുമതി നിരോധനവും ആയിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ.

കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ

എന്നാൽ വാക്സിൻ വിതരണത്തിലെ എല്ലാ ആശങ്കകളെയും തള്ളി യുകെ കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ ആത്മവിശ്വാസത്തോടെ രംഗത്തുവന്നു. പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭിച്ചവർക്ക് നിശ്ചിത സമയപരിധിയായ 12 ആഴ്ചയ്ക്കുള്ളിൽ അടുത്ത ഡോസ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ ശരിയായ പ്രതിരോധം ശരീരം ആർജ്ജിക്കാൻ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടത് ഒഴിവാക്കാനാകില്ല. മോഡോണയുടെ പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിതരണത്തിനായി രാജ്യത്ത് എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എന്നാൽ ശരിയായ രീതിയിൽ കാര്യങ്ങൾ പോകുന്നത് അനുസരിച്ച് മാത്രമേ സ്വാതന്ത്ര്യം നൽകാനാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ആറുപേർക്ക് ഒത്തു കൂടാമെന്ന ഇളവ് വീണ്ടും നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ജനങ്ങൾ ഇളവുകൾ അനുവദിക്കുന്നതിന് മുൻപുതന്നെ ലണ്ടനിലും മറ്റും പുറത്തിറങ്ങിയിരിക്കുകയാണ്. ജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശമാണ് പ്രധാനമന്ത്രി വീണ്ടും നൽകിയത്. കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവ് രേഖപ്പെടുത്തി. 4715 പേർ മാത്രമാണ് ശനിയാഴ്ച പോസിറ്റീവ് ആയത്. ഏഴുദിവസത്തിനുള്ളിൽ കൊറോണ മരണ നിരക്കിൽ 40 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് നീക്കം. എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് കേസുകൾ കൂടാൻ ഇടയാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു

.

എന്നാൽ ചിലയിടങ്ങളിൽ, ലോക് ഡൗൺ നിയന്ത്രണങ്ങൾ ഒന്നും തന്നെ പാലിക്കാതെ ആളുകൾ പുറത്തിറങ്ങി. അടുത്താഴ്ച ലോക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്. രാത്രി പത്തു മണിവരെ കടകൾ തുറക്കാൻ ഉള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്പിന്റെ പല ഭാഗങ്ങളിലും മൂന്നാം ഘട്ട കൊറോണ ബാധ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.

 

ബ്രിട്ടനിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇതുവരെയും നിരോധിച്ചിരിക്കുകയാണ്. കൂടുതൽ ഇളവുകൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിൽ ജനങ്ങൾ. എന്നാൽ ജാഗ്രത കൈവെടിയരുത് എന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധയുടെ ഇടയിലും മറ്റു രോഗങ്ങൾ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. ആശുപത്രികൾ കോവിഡിനെ തുരത്താൻ പരിശ്രമിക്കുമ്പോൾ മറ്റു രോഗങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാതെ പോകുകയാണ്. ചാൾസ് രാജകുമാരന്റെ സ്റ്റെപ്സൺ ടോം പാർക്കർ ബൗൾസിന്റെ കാമുകിയും പ്രമുഖ ജേർണലിസ്റ്റുമായ ആലീസ് പ്രോകോപ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. കോവിഡ് കാരണം ക്യാൻസർ രോഗനിർണയം വളരെ വൈകിപോയിരുന്നു. ഇതാണ് 42കാരിയായ ആലീസിനെ മരണത്തിലേക്ക് തള്ളിവിട്ടത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ ആലീസ്, ടോമുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ആലീസ് പ്രോകോപ്പിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയതായി മുൻ ബിബിസി അവതാരക മിസ് മക്ഗൊവൻ ട്വീറ്റ് ചെയ്തു. അവളോടൊത്തുള്ള നിമിഷങ്ങൾ വളരെ രസകരമായിരുന്നുവെന്ന് ടോം വെളിപ്പെടുത്തി.

പകർച്ചവ്യാധിയുടെ സമയത്ത് രോഗനിർണയത്തിലുണ്ടായ കാലതാമസം മൂലം പതിനായിരക്കണക്കിന് ക്യാൻസർ രോഗികൾക്ക് ചികിത്സ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ക്യാൻസർ റിസർച്ച് യുകെ വിശകലനം ചെയ്ത കണക്കുകൾ പ്രകാരം കഴിഞ്ഞ മാർച്ച് മുതൽ ജനുവരി വരെ ശ്വാസകോശ അർബുദത്തിനുള്ള റഫറലുകൾ 34 ശതമാനം കുറഞ്ഞു. ശ്വാസകോശ അർബുദം ഉണ്ടെന്ന് സംശയിക്കുന്ന രോഗികളുടെ അടിയന്തിര ജിപി റഫറലുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20,300 കുറഞ്ഞു.

 

അടിയന്തിര നിയമനങ്ങളും അടിയന്തിര ചികിത്സയും ഒഴികെ, കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഡോക്ടർമാർ പ്രതീക്ഷിച്ചതിനാൽ 2020 ലെ ആദ്യ ലോക്ക്ഡൗണിൽ നിരവധി ആശുപത്രി സേവനങ്ങൾ നിർത്തലാക്കിയിരുന്നു. ഇതോടെ ക്യാൻസർ അടക്കമുള്ള പല രോഗങ്ങളുടെയും നിർണയം നടത്താൻ കഴിയാതെ വന്നു. തൽഫലമായി, പലരുടെയും രോഗവസ്ഥ വഷളായി. കോവിഡ് പ്രതിസന്ധി മൂലം ക്യാൻസർ നിർണയം നടത്താൻ സാധിക്കാത്തത് അനേക മരണങ്ങൾക്ക് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മൂന്നിലൊന്നായി കുറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുന്നു. കർശനമായ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഏപ്രിൽ 12 മുതൽ വിവാഹങ്ങളും സത്കാരങ്ങളും നടത്താൻ അനുമതി. എന്നാൽ വധുവരന്മാർ വിവാഹത്തിനുമുൻപ് വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർ അല്ലെങ്കിൽ ആൾത്താരയിൽ വെച്ച് വരന് വധുവിനെ ചുംബിക്കാനാവില്ല. ഈ മാസം ആദ്യം തന്നെ ഏപ്രിൽ 12 മുതൽ പതിനഞ്ചോളം വരുന്ന അതിഥികൾക്ക് പങ്കെടുക്കാവുന്ന രീതിയിൽ പള്ളികളിൽ വച്ചോ, തുറസ്സായ സ്ഥലങ്ങളിൽ വെച്ചോ, പബ്ലിക് ബിൽഡിങ്ങിൽ വെച്ചോ വിവാഹം നടത്താം എന്ന് അനുമതി നൽകിയിരുന്നു.

 

കോവിഡ് നിയമ നിർദേശം പ്രകാരം വധൂവരന്മാർ രണ്ടു വീടുകളിൽ നിന്നുള്ളവരാണെങ്കിൽ പരസ്പരം ചുംബിക്കാൻ ആവില്ല, പകരം സാമൂഹിക അകലം പാലിക്കണം. വിവാഹത്തോടനുബന്ധിച്ചുളള എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പങ്കെടുക്കാനാവൂ, ഒരു മീറ്റർ അഥവാ രണ്ടു മീറ്റർ അകലം പാലിക്കണം. രണ്ടു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉറപ്പായും മുഖാവരണം ധരിക്കണം.

പല വീടുകളിൽ നിന്നുള്ള ആറുപേർക്ക് വിവാഹത്തിന് പങ്കെടുക്കാം എന്ന നിലയ്ക്കാണ് ഇപ്പോൾ നിയമം നിലവിലുള്ളത്. വിവാഹത്തിന് എത്തുന്നവർ സ്വന്തം വീടുകളിൽ നിന്ന് ചടങ്ങിനു മാത്രമായി പുറത്തിറങ്ങിയരാവണം എന്നും നിർദേശമുണ്ട്. വിവാഹസമയത്ത് നൃത്തം അനുവദിനീയമല്ല. വൈറസ് ഗതിവേഗത്തിൽ പടരും എന്നതിനാലാണിത്. എന്നാൽ, വധൂവരൻമാർക്ക് വിവാഹവേളയിൽ ഒറ്റത്തവണ മാത്രം നൃത്തം ചെയ്യാം.

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ

സീറോ മലബാർ പ്രവാസി സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.

ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.

ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.

പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാനാ വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.

ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം . എന്നാൽ കുരിശുരൂപം കേരളത്തിൽ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് പ്രചാരത്തിലാകുന്നത്. അതിനും വളരെ മുമ്പ് തന്നെ ഈ പേര് ഈ അപ്പത്തിനുണ്ടായതിൽ നിന്നും നമ്മുടെ പൂർവ പിതാക്കന്മാർ വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവില്ലാത്തവരായിരുന്നെങ്കിൽ കൂടിയും (വിശുദ്ധഗ്രന്ഥം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല. ഇന്ത്യയിലെ ഭാഷകളിലേക്കുള്ള തർജ്ജമകൾ വളരെ താമസിച്ചാണുണ്ടായത്.), വേദപുസ്തകത്തിലെ വിവരണങ്ങൾ പല മാർഗ്ഗങ്ങളിൽ കൂടി അറിയുന്നതിൽ ഉത്സാഹികളായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പുസ്തകമില്ലാതെ തന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറുന്നതിൽ തീക്ഷ്ണതയുണ്ടായിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്, കുടുംബങ്ങളിലെ പെസഹാ ആചരണം ഓർമ്മപ്പെടുത്തുന്നു. നാല്പതാം വെള്ളിയാഴ്ച ഉണ്ടാക്കുന്ന കൊഴിക്കട്ടയ്ക്കും (ചിലയിടങ്ങളിൽ ശനിയാഴ്ച – കൊഴിക്കൊട്ട ശനി) ഇങ്ങനെയൊരു ചരിത്രം പറയാനുണ്ട്.

കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ ഇണ്ടറിയപ്പം ആവിയിൽ പുഴുങ്ങിയാണ് (വട്ടയപ്പം പോലെ) ഉണ്ടാക്കുന്നതെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ മറ്റൊരു രീതിയിലാണുണ്ടാക്കുക. വായ് വലുതായ ഒരു കലത്തിനുള്ളിൽ കുറേ മണൽ ഇട്ടശേഷം അതിൻറെ മുകളിൽ ഒരു കിണ്ണത്തിൽ അപ്പത്തിനായി തയ്യാറാക്കിയ കൂട്ട് വയ്ക്കുന്നു. കിണ്ണത്തിന് മീതെ വേറൊരു ചെറിയ കലം വച്ച് അതിനുള്ളിൽ തീക്കനൽ ഇടുന്നു. അതിനുശേഷമാണ് അടുപ്പിൻ മേൽ വയ്ക്കുക. ഇങ്ങനെ ചൂടേറ്റ മണലിനും തീക്കനലിനുമിടയ്ക്കിരുന്ന് ഉണങ്ങിയ അപ്പം തയ്യാറാകുന്നു. കലത്തപ്പം എന്നും ഇതിന് പേരുണ്ടായതങ്ങനെയാണ്.

വീട്ടിലെ കുരിശു വരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.

ഓർത്തഡോക്സ്, യാക്കോബായ സമൂഹങ്ങളിലെ പല കുടുംബങ്ങളിലും ഈ ക്രമം നടപ്പിലുണ്ട്. ഒരുകാലത്ത് ഒന്നായിരുന്ന മാർ തോമാ നസ്രാണികളുടെ പൊതുവായ പാരമ്പര്യമാണ് ഇത് എന്നതിനുള്ള തെളിവാണ് ഈ വസ്തുത.

യഹൂദരുടെ പെസഹാ ഭക്ഷണത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കുടുംബങ്ങളിൽ ഈ പ്രത്യേക ആചരണത്തിനുള്ള അപ്പത്തിൽ പുളിപ്പ് ഉപേക്ഷിക്കുന്നു എന്ന യാഥാർഥ്യവും ശ്രദ്ധേയമാണ്.

എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.

ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കൽപ്പിച്ച്‌ കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. മറ്റു കുടുംബങ്ങളുടെയോ ബന്‌ധുക്കളുടെയോ മരണം കുടുംബങ്ങളിലെ പെസഹാ ആചരണത്തിന് തടസമാകാറില്ല . അതേ സമയം, മരണപ്പെട്ട ആളുടെ അസാന്നിധ്യം അപ്പം മുറിക്കാതിരിക്കാനുള്ള കാരണമായി ഒരു കുടുംബം കരുതുന്നുവെങ്കിൽ അതിനെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല.

ഇണ്ടറി പുഴുങ്ങുമ്പോൾ പൊട്ടി കീറുകയോ മറ്റോ ചെയ്താൽ ദോഷമാണെന്ന കേട്ടുകേൾവിയെ ഭയന്ന് അപ്പമുണ്ടാക്കുവാൻ മടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു കേട്ടുകേൾവി ബുദ്ധിയുള്ള ഏതെങ്കിലും പിതാമഹനോ മഹിതയോ പറഞ്ഞു പരത്തിയതാകാനിട. അപ്പം പൊട്ടിക്കീറാനിടവരുന്നത് കൂട്ട് ശരിയാകാതെ വരികയോ തീ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ്. അതീവശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇണ്ടറിയപ്പവും പാലും തയ്യാറാക്കേണ്ടത് എന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാവണം ഈ കേട്ടുകേൾവിയുണ്ടായത്.

കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല . അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടെ .

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ                ഗ്രേറ്റ്‌ ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയാണ്. കൂടാതെ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ എന്നീ മേഘലകളിൽ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.

 

ബിർമിങ്ഹാം: ബിർമിങ്ഹാം സെന്റ് ബെനഡിക്ട് മിഷന്റെ ട്രസ്‌റ്റിയും മലയാളം യുകെ ഡയറക്ടർ  ബോർഡ് മെമ്പറുമായ ജിമ്മി മൂലക്കുന്നത്തിന്റെ ഭാര്യാ പിതാവ് ജോസഫ് സ്കറിയ (81) ഇന്ന് നിര്യതനായി.

മൃതസംസ്ക്കാര ചടങ്ങുകളുടെ സമയം തീരുമാനമായിട്ടില്ല. ഭാര്യാ റോസമ്മ സ്കറിയ പാമ്പാടി പാലക്കുന്നേലായ പ്ലാത്താനത്ത് കുടുംബാംഗമാണ്.

മക്കൾ:  അനു (UK), ബിനു (പുന്നവേലി), സുനു (ബാംഗ്ലൂർ ) , സുജ (USA), സുമ (സൗദി), ജോസ്ന (USA),

മരുമക്കൾ : ജിമ്മി മൂലക്കുന്നം, രാമങ്കരി (UK ), സോണി ഇടത്തിനകം( ദുബൈ), രാജേഷ് പുത്തൻപുരക്കൽ (ബാംഗ്ലൂർ), ടോം കൊടുംപാടം (USA), സാജു കുറ്റിക്കൽ (സൗദി), അജോഷ് മഠത്തിപ്പറമ്പിൽ( USA).

ജോസഫ് സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved