അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രധാനമായ നീക്കത്തിലൂടെ ഗവൺമെന്റ് തീരുമാനിച്ചു. 30 മിനിറ്റുനുള്ളിൽ ഫലം തരുന്ന റാപ്പിഡ് ഫ്ളോ ടെസ്റ്റ് നടത്താനാണ് തീരുമാനം. ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് പരിശോധനകളിൽ മുൻഗണ ലഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഈ ആഴ്ച ഒരു വാക്സിനേഷൻ സെന്ററിൽ നിന്നു മാത്രം ഏകദേശം130,000 പേർക്കാണ് പ്രതിരോധകുത്തിവെപ്പിനായിട്ടുള്ള കത്തുകൾ അയക്കപ്പെട്ടത് എന്ന് എൻഎച്ച്എസ് അറിയിച്ചു.
എന്നാൽ തുടർച്ചയായ നാലാം ദിവസവും മരണനിരക്ക് ആയിരത്തിന് മുകളിൽ ആയതിൻെറ ആശങ്കയിലാണ് ബ്രിട്ടൻ. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1035 പേരാണ് മരിച്ചത്. ഇതു കൂടി കണക്കിലെടുക്കുമ്പോൾ ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 ത്തിൽ കൂടുതലായി. ഇതോടെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം യുഎസ്, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മരണനിരക്കിൽ ബ്രിട്ടന് മുന്നിലുള്ളത്.
ഇതിനിടെ 94 വയസ്സുള്ള എലിസബത്ത് രാജ്ഞിയും 99 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനും പ്രതിരോധകുത്തിവയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത എടുത്തത വാർത്ത ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. യുകെയിൽ ഇതുവരെ 1.5 ദശലക്ഷം ആൾക്കാരാണ് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ച പ്രശസ്ത ഫോർമുല വൺ കാർ റേസിംഗ് താരം ലൂയിസ് ഹാമിൽട്ടൺ തൊഴിൽരഹിതൻ. ഹാമിൽട്ടന്റെ മേഴ്സിഡസുമായുള്ള കരാർ ഡിസംബർ 31ന് അവസാനിച്ചിരിക്കുകയാണ്. ഒരു വർഷം 40 മില്യൺ പൗണ്ടോളം പ്രതിഫലമായി ലഭിച്ചിരുന്ന താരമാണ് ഇപ്പോൾ തൊഴിൽരഹിതനായിരിക്കുന്നത്. തുടക്കത്തിൽ ഈ പകർച്ചവ്യാധിയുടെ സമയത്ത് ജനങ്ങൾക്ക് എല്ലാം ജോലി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, താനും ഡീലിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് ക്രിസ്മസിന് മുൻപ് താൻ ഡീൽ സൈൻ ചെയ്യുമെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. ഹാമിൽട്ടന്റെ സഹതാരമായിരിക്കുന്ന വാൽട്ടരി ബോട്ടാസ് കഴിഞ്ഞ ഓഗസ്റ്റിൽ എട്ടു മില്യൺ പൗണ്ടിന്റെ ഡീൽ സൈൻ ചെയ്തിരുന്നു. എന്നാൽ ഡീലിനെ സംബന്ധിച്ച ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്.
മേഴ്സിഡസുമായുള്ള കരാർ തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മേഴ്സിഡസും അത്തരമൊരു ശുഭപ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. 2021 ലേക്ക് ഹാമിൽട്ടനുവേണ്ടി മേഴ്സിഡസ് കാർ ഡിസൈൻ ചെയ്യുന്നുണ്ടെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.
സ്വന്തം ലേഖകൻ
12 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിൽ നിന്നുണർന്നതിന്റെ രണ്ടാം വാർഷികത്തിൽ ഡോക്ടർമാരോടും അവയവ ദാതാവിന്റെ കുടുംബത്തോടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കോർ ഹട്ടൺ. 2013ൽ തീവ്രമായ ന്യൂമോണിയയും സെപ്സിസും ബാധിച്ച് മരണക്കിടക്കയിൽ ആയ വ്യക്തിയാണ് കോർ ഹട്ടൺ. 9 ജനുവരി 2019ൽ ഇരു കൈകളും ട്രാൻസ്പ്ലാന്റ് ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. 12 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ വിജയിച്ചതോടെ, കോർ ഹട്ടൺ സ്കോട്ട്ലൻഡിലെ ആദ്യ ഡബിൾ ഹാൻഡ് ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തിയായി.
ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിൽ തന്റെ കൈകൾക്ക് 90% പ്രവർത്തനക്ഷമതയും കൈവന്നിട്ടുണ്ടെന്ന് കോർ ഹട്ടൺ പറയുന്നു. തന്റെ മെഡിക്കൽ ടീമിന് വിജയസാധ്യത 75 ശതമാനത്തിനു മുകളിൽ വർദ്ധിച്ചതിന് തനിക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പത്തുവർഷത്തിനുശേഷം പോലും മികച്ച പുരോഗതിയുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. “ഞാൻ ഉറച്ച് വിശ്വസിക്കുന്നു, ഇതിലും മികച്ചത് ഇനിയും വരാനുണ്ട്”. ഈ ക്രിസ്മസിന് കത്രികയും സെല്ലോടേപ്പും ഉപയോഗിച്ച് സമ്മാനപ്പൊതികൾ മനോഹരമായി പൊതിയാൻ എനിക്കായി. വലിയ കാര്യമാണത്. ഇനിയും മികച്ചത് വരാനുണ്ട്, എനിക്ക് ഉറപ്പാണ്.
സ്കോട്ട്ലൻഡിലെ ലോച് വിന്നോച്ചിൽ നിന്നുള്ള 50 കാരിയായ കോർ അംഗവൈകല്യം സംഭവിച്ചവർക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരികയാണ്. രോഗപ്രതിരോധമരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും. അതിനാൽ തന്നെ ഇപ്പോൾ കൊറോണ മഹാമാരി തുടങ്ങിയതിനുശേഷം ചാരിറ്റി പ്രവർത്തനങ്ങൾ വീട്ടിലിരുന്ന് ഫോണിലൂടെയും ഓൺലൈനായും മറ്റുമാണ് നടത്തുന്നത്.
” എന്റെ സന്തോഷം, മറ്റ് ആരുടെയൊക്കെയോ കണ്ണുനീരിന്റെ ബാക്കിപത്രമാണെന്ന് എനിക്ക് നന്നായി അറിയാം. ഓപ്പറേഷന് ശേഷവും എനിക്ക് കൈകൾ തന്ന വ്യക്തിയേയും കുടുംബത്തെയും പറ്റി ചിന്തിക്കുമ്പോൾ എനിക്ക് വേദനയുണ്ടായിരുന്നു, ഞാൻ അങ്ങേയറ്റം കടപ്പെട്ടവളാണ്. കോർ പറയുന്നു.
ഡോ. ഐഷ വി
അക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കളുടെ കൈയിൽ ഫില്ലറുള്ള ഹീറോ പേനയും പാർക്കർ പേനയും ഒക്കെയായിരുന്നു. മറ്റു കുട്ടികളുടെ കൈകളിൽ സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയുമായിരുന്നു. ഫില്ലറുള്ള പേനയുടെ അടിഭാഗം തുറന്ന് നിബ്ബ് മഷിയിൽ മുക്കി ഫില്ലർ ഞെക്കിയാൽ മതി മഷി പേനയിൽ കയറി ക്കൊള്ളും. സാധാരണ പേനയിൽ മഷി നിറയ്ക്കണമെങ്കിൽ ക്യാപ് തുറന്ന ശേഷം നിബ്ബുള്ള ഭാഗം തുറന്ന് മാറ്റി അടിഭാഗത്തുള്ള മഷി നിറയ്ക്കുന്ന ഭാഗത്ത് മഷിക്കുപ്പിയിൽ നിന്നും മഷി പകർന്ന് നിറയ്ക്കണം. ഈ പരിപാടി സ്കൂൾ കൂട്ടികളുടെ കൈളിൽ മഷി പറ്റിപ്പിടിച്ച് വൃത്തികേടാകാൻ ഇടയാക്കിയിരുന്നു. എനിക്ക് ഇങ്ങനെയുള്ള സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയായിരുന്നു അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നത്. എന്റെ പേനയിൽ ഞാൻ ക്യാമൽ മഷി നിറച്ച് കഴിയുമ്പോൾ അത് തൂവി എന്റെ കൈകളിൽ പറ്റി പിടിച്ചിരുന്നു. സോപ്പിട്ട് കൈ കഴുകിയാലും രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ ഈ മഷി പൂർണ്ണമായും അപ്രത്യക്ഷമായിരുന്നുള്ളൂ. ഇങ്ങനെ നീല നിറമുള്ള മഷിയാണ് കൈയ്യിൽ പറ്റുന്നതെങ്കിൽ പിന്നീട് മഞ്ഞൾ കൈയ്യിൽ പറ്റുമ്പോൾ നീലയും മഞ്ഞയും ചേർന്ന് കൈകളിൽ പച്ചനിറം കാണാൻ കഴിഞ്ഞിരുന്നു. ഈ നിരീക്ഷണത്തിന്റെ പിൻബലത്തിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് ഞാൻ മഞ്ഞളും നീല മഷിയും കൂട്ടി കലർത്തി പച്ച നിറമുള്ള മഷി നിർമ്മിച്ചിരുന്നു. അതിനാൽത്തന്നെ വർണ്ണരാജികളുടെ സംഗമത്തിൽ നീലയും മഞ്ഞയും ചേർന്നാൽ പച്ച നിറം ലഭിക്കുമെന്നത് എനിക്ക് മന:പാഠമായിരുന്നു.
കുപ്പിയിൽ നിന്ന് മഷി പേനയിലേയ്ക്ക് പകരുമ്പോൾ നഷ്ടപ്പെടുന്നതിനാലും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നതിനാലും അക്കാലത്ത് എന്റെ മഷിക്കുപ്പി വേഗം കാലിയായിരുന്നു. മഷി കൈയ്യിൽ പറ്റുന്നത് ഒഴിവാക്കാൻ ബാൾ പോയിന്റ് പേന വാങ്ങിത്തരാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടെങ്കിലും കൈയ്യക്ഷരം മോശമാകുമെന്ന് പറഞ്ഞ് അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നിരുന്നില്ല. കൂടാതെ കൈയ്യക്ഷരം നന്നാകാനായി ഇരട്ട വരയൻ ബുക്കിലും നാലു വരയൻ ബുക്കിലും ഞങ്ങൾ അച്ഛനെ കാണിക്കാനായി സ്കൂളിലേയ്ക്ക് എഴുതുന്നത് കൂടാതെ മലയാളവും ഇംഗ്ലീഷും പാഠമെഴുതാനായി അച്ഛൻ ബുക്കുകൾ വാങ്ങിത്തന്നിരുന്നു. അച്ഛൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുന്ന സമയത്ത് ഇതെല്ലാം എഴുതി കാണിക്കണമായിരുന്നു.
മഷി പേന കൊണ്ടെഴുതിയാലുള്ള മറ്റൊരു ദോഷം നോട്ടുബുക്കിൽ വെള്ളം വീണാൽ വേഗം മഷിപടർന്ന് അക്ഷരങ്ങൾ വികൃതമാകുമെന്നതായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛൻ അക്കാലത്ത് ഗൾഫിലായിരുന്നതിനാൽ ആ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നത് ഫില്ലറുള്ള സ്വർണ്ണ നിറത്തിൽ ക്യാപുള്ള ഹീറോ പേനയായിരുന്നു.
ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്ന നോട്ട് എഴുതിയെടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ കുട്ടി അവളുടെ പേന എന്റെ നോട്ട് ബുക്കിലേയ്ക്ക് ഇട്ട ശേഷം എന്റെ പേന പിടിച്ചു വാങ്ങി നോട്ടെഴുതാൻ തുടങ്ങി. ഞാൻ ഹീറോ പേന എന്റെ കൈയ്യിൽ കിട്ടിയതിൽ ഒരു നിമിഷം സന്തോഷിച്ചു. ആ സന്തോഷം ഒരു നിമിഷമേ നിന്നുള്ളു. ഞാൻ ആ പേനയെടുത്ത് തുറക്കാൻ ശ്രമിച്ചു. തുറന്നപ്പോൾ പേനയുടെ അടിഭാഗം എന്റെ വലതു കൈയ്യിലും ക്യാപിൽ കുടുങ്ങിയ നിലയിൽ നിബ്ബും ഫില്ലറുമുള്ള ഭാഗം ഇടതു കൈയ്യിലുമായി. ഞനെത്ര ശ്രമിച്ചിട്ടും അത് ഊരി വന്നില്ല. ആ കുട്ടിയാണെങ്കിൽ എന്റെ പേന കൊണ്ട് ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ സുഖമായി എഴുതുന്നു. നോട്ട് വേഗം പൂർത്തിയാക്കാനായി എനിക്ക് എന്റെ പെൻസിൽ എടുത്ത് എഴുതേണ്ടി വന്നു. പ്രശ്നങ്ങൾ അവിടം കൊണ്ടും തീർന്നില്ല. ആ പീരീഡ് കഴിഞ്ഞ് ടീച്ചർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ കുട്ടിയുടെ പേന ചീത്തയാക്കി എന്നാരോപിച്ച് ആ കുട്ടി എന്നെ വഴക്ക് പറയാൻ തുടങ്ങി. ആ കുട്ടിക്ക് ഞാൻ പകരം പേന വാങ്ങിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം. മറ്റുള്ളവരുടെ സൗജന്യങ്ങൾ നമ്മൾ സ്വീകരിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലും ഗുലുമാലുകൂടി ഉണ്ടാകുമെന്ന പാഠം ഞാൻ ജീവിതത്തിൽ ആദ്യമായി പഠിയ്ക്കുകയായിരുന്നു(Nothing is free in life). ആരുടെ പക്കൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നും ആരുടെയും സാധനങ്ങൾ വാങ്ങരുതെന്നും അച്ചനമ്മമാർ കുട്ടിക്കാലത്തു തന്നെ നിഷ്കർഷിച്ചിരുന്നതിനാൽ ഈ പേനക്കാര്യം അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു.
ആ കുട്ടി ദിവസവും ചീത്തയായ പേനക്ക് പകരം പുതിയ പേന വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എനിക്കത് സാധിച്ചില്ല. പേന വാങ്ങാൻ കാശ് ശേഖരിക്കാനായി വവ്വാലാടി കിട്ടിയ കശുവണ്ടി ശേഖരിച്ച് ക്ലാസ്സിലെ മറ്റൊരു കുട്ടിയെ വിൽക്കാൻ ഏൽപ്പിച്ചെങ്കിലും ആ കുട്ടിയും കാശ് തന്നില്ല. അങ്ങനെ പേന പ്രശ്നം പരിഹരിക്കാനാകാതെ അഞ്ചാം ക്ലാസ്സിലെ വെക്കേഷനും കടന്ന് ആറാം ക്ലാസ്സിലേയ്ക്കെത്തി. പിന്നെ ഓണം വെക്കേഷനായി.
ഞങ്ങളുടെ നാട്ടിൽ നല്ല ട്യൂഷൻ സെന്റർ ഒന്നും ഇല്ലാതിരുന്നതിനാൽ നാലാം ക്ലാസ്സിലേയും അഞ്ചാം ക്ലാസ്സിലേയും വെക്കേഷന് അമ്മ എന്നെ കല്ലുവാതുക്കലിൽ അയച്ചിരുന്നു. ഓണവധിക്ക് മുമ്പാണ് സൗമിനി ഞങ്ങൾക്ക് മുമ്പേ നടന്നു പോയ ചേച്ചിയെ ചൂണ്ടികാണിച്ചിട്ട് എന്നോട് പറഞ്ഞത് : അത് ഇന്ദിര ചേച്ചിയാണ്. പഠിക്കാൻ നല്ല മിടുമിടുക്കിയാണ്. അപ്പോൾ ഞാൻ ചേച്ചിയുടെ വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി. വീട്ടിൽ ചെന്ന് ഇങ്ങനെ ഒരു ചേച്ചിയുള്ള വിവരം അമ്മയോട് പറഞ്ഞു. അമ്മ ഇന്ദിര ചേച്ചിയോട് അവധി ദിവസങ്ങളിൽ എന്നെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ഓണം വെക്കേഷന് 10 ദിവസം പഠിപ്പിക്കാമെന്നും മറ്റുള്ള സമയം തിരക്കായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഓണം വെക്കേഷന് ഇന്ദിര ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോയി. ചേച്ചി നന്നായി പഠിപ്പിക്കുമായിരുന്നു. അവസാന ദിവസം അമ്മ പത്തു ദിവസത്തെ ഫീസായ10 രൂപ(1977- ൽ) എന്റെ കൈയ്യിൽ തന്നയച്ചു. ഞാനത് ചേച്ചിയുടെ കൈയ്യിൽ കൊടുത്തു. ചേച്ചി പഠിപ്പിക്കുന്നതിനിടയിൽ ഈ 10 രൂപ എന്റെ “അഭിനവ ഗണിത” പുസ്തകത്തിൽ വച്ചതും എടുക്കാൻ മറന്നതും ഞാനറിഞ്ഞിരുന്നില്ല.
ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ ഹീറോ പേനയുടെ ഉടമസ്ഥ എന്റെ അഭിനവ ഗണിതം എടുത്തു നോക്കിയിരുന്നു. ആ കുട്ടി പത്തു രൂപ എടുത്തു കൊണ്ടുപോയി പേനയും വാങ്ങി കുട്ടികൾക്ക് മിഠായിയും വാങ്ങിക്കൊടുത്ത് ബാക്കി 5 രൂപ എന്റെ കൈയ്യിൽ കൊണ്ടു തന്നപ്പോഴാണ് എന്റെ പുസ്തകത്തിനകത്ത് പത്തു രൂപയുണ്ടായിരുന്ന വിവരം ഞാൻ അറിയുന്നത്. ബാക്കി വന്ന അഞ്ച് രൂപ ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ഏൽപ്പിച്ചു. പീന്നീടെപ്പോഴോ ഇന്ദിര ചേച്ചി അമ്മയെ കണ്ടപ്പോൾ ₹10/- പുസ്തകത്തിനകത്ത് വച്ച് തിരികെ എടുക്കാൻ മറന്നു പോയ വിവരം പറഞ്ഞു. അപ്പോഴാണ് ഈ കാശ് എന്റെ പുസ്തകത്തിനകത്ത് വന്ന വഴി എനിക്ക് മനസ്സിലായത്. കുട്ടികൾ അപ്പപ്പോൾ അവരെ അലട്ടുന്ന കാര്യം മതാപിതാക്കളോട് തുറന്ന് പറയുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വേഗം പരിഹരിക്കാൻ കഴിയും.
ഇന്ദിര ചേച്ചിയ്ക്ക് ഡിഗ്രി കഴിഞ്ഞയുടനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും എംബിബിഎസ്സിന് അഡ്മിഷൻ ലഭിച്ച ആദ്യ വനിതയായിരുന്നു ഇന്ദിര ചേച്ചി. (ആദ്യ എംബിബിഎസ് നേടിയ പുരുഷൻ രവീന്ദ്രൻ ഡോക്ടറായിരുന്നു.) ചേച്ചി പിന്നീട് എംഡിയും ചെയ്തു. ഇപ്പോൾ ഗവ. സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു. ഇന്ദിര ചേച്ചിക്ക് അഡ്മിഷൻ കിട്ടുന്ന സമയത്ത് കേരള മെഡിക്കൽ എൻട്രൻസ് തുടങ്ങിയിരുന്നില്ല. പഠിച്ച് നല്ല മാർക്ക് നേടിയാൽ മാത്രമേ അഡ്മിഷൻ കിട്ടുമായിരുന്നുള്ളൂ. ഇക്കാലത്തെപ്പോലെ എൻട്രൻസ് കോച്ചിംഗിന് കാശ് വാരിയെറിഞ്ഞ് പോകാൻ തക്ക സാമ്പത്തിക സ്ഥിതി ചേച്ചിയുടെ കുടുംബത്തിന് അന്നുണ്ടായിരുന്നില്ല എന്നറിയുമ്പോഴാണ് ചേച്ചിയുടെ വിജയത്തിന് തിളക്കമേറുന്നത്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. വിമാനത്തിൽ 56 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഒരു നവജാത ശിശുവും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനം പശ്ചിമ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കാണ് യാത്ര പുറപ്പെട്ടത്.
വിവരങ്ങൾക്കായി കാത്തിരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കൾ
27 വർഷം പഴക്കമുള്ള ബോയിങ് 737 – 500 വിമാനം 3000 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്നാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. സ്ഫോടനത്തിന് സമാനമായ ദൃശ്യങ്ങൾ കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം അപ്രത്യക്ഷമായതിന് സമീപത്തുള്ള ദ്വീപിലെ നിവാസികൾ വിമാനത്തിൻറെ അവശിഷ്ടങ്ങൾ എന്ന് കരുതപ്പെടുന്ന വസ്തുക്കൾ കടലിൽ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. വിമാനത്തിനായുള്ള തിരിച്ചു നടന്നുവരികയാണെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാം സജ്ജമാണെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോപ്പിലെമ്പാടും കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. യുകെയിൽ മാത്രം വെള്ളിയാഴ്ച 1325 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലണ്ടനിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് മേയർ അറിയിച്ചു. ആശുപത്രികളിൽ എല്ലാംതന്നെ കോവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞമാസം ഏപ്രിലിൽ ഉള്ളതിനേക്കാൾ ഇരട്ടി രോഗികളാണ് ആശുപത്രികളിൽ എല്ലാം ഉള്ളതെന്ന് അദ്ദേഹം അറിയിച്ചു. അതിവേഗത്തിൽ നടപടികൾ എടുത്തില്ലെങ്കിൽ സാഹചര്യം കൈവിട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട്, ലണ്ടൻ മുതലായ പ്രദേശങ്ങളിൽ സാഹചര്യങ്ങൾ രൂക്ഷമായതിനാൽ എൻഎച്ച്എസ് സ്റ്റാഫുകളെ അധികമായി നിയോഗിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ സ്ട്രെയിൻ വൈറസ് അതീവ വേഗത്തിലാണ് പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമ്മനിയിൽ 1,188 പേരാണ് കോവിഡ് മൂലം മരിച്ചത്. ആദ്യഘട്ട രോഗബാധയെ ശക്തമായി തടഞ്ഞു നിർത്തുന്നതിൽ ഫലപ്രദമായി വിജയിച്ച ജർമനിയിൽ ഇപ്പോൾ സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണ്. ജനുവരി 31 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമനിയിൽ.
അയർലൻഡിലും സാഹചര്യങ്ങൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 6521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ജാഗ്രതയും നടപടികളും സ്വീകരിക്കണമെന്ന് രാജ്യങ്ങളോട് ഡബ്ലിയു എച്ച് ഒ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വാക്സിൻ പൂർണ്ണമായി രോഗത്തെ തടഞ്ഞു നിർത്തുന്നതിൽ ഫലപ്രദമല്ലെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഡിസംബർ 18ന് വാക്സിൻ റെഡ്യൂസ് നൽകിയ നഴ്സിന് ഒരാഴ്ചയ്ക്കുശേഷം രോഗം വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു. വാക്സിൻ ട്രയലുകൾ 95 ശതമാനം മാത്രമാണ് വിജയകരമായിരിക്കുന്നത്. വാക്സിനേഷന് ശേഷം വീണ്ടും കൊറോണ ബാധ വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോൾ തെളിയുന്നത്. ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ല എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. വാക്സിൻ എടുത്താലും ആളുകൾ ലക്ഷണങ്ങൾ ഇല്ലാത്ത രോഗവാഹകരായി തുടരുവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തിൽ വാക്സിൻ ജനങ്ങൾക്ക് പ്രതീക്ഷയാണ് നൽകുന്നത്.
യു കെയിൽ മാത്രം ഇന്നലെ 68053 പേരാണ് കോവിഡ് ബാധിതരായത്. രാജ്യത്തെ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കൂടുതൽ വിശദീകരിച്ച് വിദഗ്ധർ. സെപ്റ്റംബറിൽ കെന്റിലെ കാന്റർബറിക്ക് സമീപം താമസിച്ചിരുന്ന ഒരാളിലാണ് ആദ്യത്തെ സാമ്പിൾ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. സൗത്ത് ഈസ്റ്റ്, ലണ്ടൻ പ്രദേശങ്ങളിലാണ് ഇത് ആദ്യം കണ്ടെത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. ആശുപത്രി പ്രവേശനം ഓരോ ദിവസം പിന്നിടുംതോറും വർധിച്ചുവരികയാണ്. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില് വീണ്ടും കൂടുതല് ആളുകള് രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്ക ഉളവാക്കുന്നു. 70 ശതമാനം അധികമാണ് പുതിയ വൈറസ് വകഭേദത്തിന്റെ പകരാനുള്ള ശേഷി.
വാക്സിൻ വിതരണം വേഗത്തിൽ തുടരേണ്ടത് അനിവാര്യമാണെന്ന് സർക്കാരിന്റെ ചീഫ് സയൻസ് ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ മുതൽ ലണ്ടനിൽ പുതിയ വകഭേദം കണ്ടുതുടങ്ങിയതായി വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ സാർസ് -കോവ് -2 ജെനോമിക്സ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ജെഫ്രി ബാരറ്റ് പറഞ്ഞു. “ആ സമയത്ത് ഓരോ സ്ഥലത്തും എത്ര കേസുകൾ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാൻ സാധിച്ചില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വകഭേദത്തിന്റെ ഉത്ഭവം കെന്റിലാണെന്ന് വിദഗ്ധർ വെളിപ്പെടുത്തി.
ലണ്ടൻ, എസെക്സ് എന്നിവിടങ്ങളിൽ എത്തുന്നതിനുമുമ്പ് ലണ്ടൻ ബറോകളായ ബെക്സ് ലി, ഗ്രീൻവിച്ച്, ഹേവറിംഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത് വ്യാപിച്ചതായി കരുതപ്പെടുന്നു. നവംബറിൽ കെന്റിലും മെഡ്വേയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രശ്നത്തിന്റെ തോത് സർക്കാർ തിരിച്ചറിഞ്ഞതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
സ്വന്തം ലേഖകൻ
അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ലണ്ടൻ -കൊച്ചി നേരിട്ടുള്ള വിമാന സർവീസ് യുകെ മലയാളികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങി എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കും. ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവയെ വന്ദേഭാരത് മിഷന്റെ ഒമ്പതാം ഫേസിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി 31ന് ശേഷവും ആഴ്ചയിൽ മൂന്നുദിവസം വീതമുള്ള ഈ സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
ഫ്ലൈറ്റ് പുനസ്ഥാപിക്കാൻ ആയി വിവിധ സംഘടനകളും വ്യക്തികളും മുൻകൈ എടുത്തിരുന്നെങ്കിലും ഏറ്റവുമധികം ശ്രദ്ധ നേടിയതും ഫലപ്രാപ്തിയിലെത്താൻ സഹായിച്ചതും ആറായിരത്തിലധികം പേർ ഒപ്പിട്ട ഓൺലൈൻ പെറ്റീഷൻ ആയിരുന്നു. ഈസ്റ്റ് ലണ്ടനിലെ സാമൂഹിക പ്രവർത്തകനായ സുഭാഷ് ശശിധരൻനായർ ഓപ്പൺ ചെയ്ത പെറ്റീഷനിൽ ഇത്രയധികം പേർ ഒപ്പുവെച്ചത് ഒരാഴ്ചയ്ക്കുള്ളിലാണ്. ഫ്ലൈറ്റുകൾ റിഷെഡ്യൂൾ ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന തൊഴിൽ, സാമ്പത്തിക നഷ്ടവും മറ്റു പ്രാഥമിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ മലയാളി പ്രവാസികൾ ഒരു മനമായി നിന്ന് വാട്ട്സ്ആപ്പ് ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിലൂടെ പരാതികൾ ഷെയർ ചെയ്താണ് ഇത്രയും എളുപ്പത്തിൽ ഒപ്പുകൾ സമാഹരിച്ചത്. യുകെയിലെ വിവിധ മലയാളി സംഘടനകൾ, ബ്രിട്ടൻ സീറോ മലബാർ സഭ, പ്രമുഖ വ്യക്തികൾ എന്നിവർ പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു.
വന്ദേഭാരത് ദൗത്യത്തിന് ശേഷവും ഈ സർവീസ് തുടരണമെന്നും, ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തേക്ക് കൂടി ഒരു സർവീസ് തുടങ്ങണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി, എയർ ഇന്ത്യ, വ്യോമയാന മന്ത്രാലയം, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രാലയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്കാണ് ഈ പരാതി നൽകിയത്. ഒപ്പം തന്നെ വിവിധ മതമേലധ്യക്ഷന്മാരും, സംഘടനകളും കൂടി വിഷയത്തിൽ സമഗ്രമായി ഇടപെട്ടതോടെ പരാതി എത്രയും പെട്ടെന്ന് പരിഹരിക്കാൻ എയർഇന്ത്യ നിർബന്ധിതരായി. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ), മലയാളി അസോസിയേഷൻ ഓഫ് യുകെ, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത, പ്രവാസി കേരള കോൺഗ്രസ്,ഒ ഐ സി സി, നന്മ യുകെ ചാപ്റ്റർ, പ്രവാസി ഹെൽപ്പ് ഡെസ്ക്, മറ്റ് ജനപ്രതിനിധികൾ, വബ്രിസ്റ്റോൺ സിറ്റി കൗൺസിൽ മുൻ മേയർ ടോം ആദിത്യ തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും ഇതിനായി ഇടപെട്ടിരുന്നു.
വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തിയ കൊച്ചി -ലണ്ടൻ ഡയറക്ട് വിമാനസർവീസ് മലയാളികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഏറ്റവും ഉപകാരപ്രദമായിരുന്നു. ഓഗസ്റ്റ് മുതൽ ആരംഭിച്ച ഈ സർവീസ് പുതുതായി തൊഴിൽ തേടുന്നവർക്കും, പ്രവാസ ജീവിതം ആരംഭിച്ചവർക്കും അനുഗ്രഹമായിരുന്നു. എന്നാൽ വന്ദേഭാരത് സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചിയെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് സംശയിച്ച മലയാളികൾ ദ്രുത ഗതിയിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : ഇന്ത്യയിൽ അതിതീവ്ര കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നും ഇന്ന് ഡൽഹി എയർപോർട്ടിൽ എത്തിയ യാത്രക്കാർ പ്രതിസന്ധിയിൽ. അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യ -യുകെ വിമാന സർവീസ് രണ്ടാഴ്ചക്ക് ശേഷം ഇന്ന് ഭാഗികമായി പുനരാരംഭിച്ചിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തി. യു.കെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർ ഏഴു ദിവസം സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് നാട്ടിലേക്ക് തിരിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർ എയർപോർട്ടിൽ കുടുങ്ങികിടക്കുന്നത്.
യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കിയ ഡൽഹി സർക്കാരിൻെറ നടപടിക്കെതിരെ യാത്രക്കാർ പ്രതിഷേധത്തിലാണ്. ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രികരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും സർക്കാർ ക്വാറന്റൈനിൽ കഴിയണമെന്നും തുടർന്ന് ഏഴു ദിവസം ഹോം ഐസോലേഷനിൽ കഴിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലണ്ടനിൽ നിന്നുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുമുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിക്കുന്നതിനാൽ പല രാജ്യങ്ങളും അവരുടെ യാത്രാ മാർഗനിർദേശങ്ങൾ കർശനമാക്കുകയാണ്. എന്നാൽ പെട്ടെന്നുള്ള നടപടി മൂലം യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അതേസമയം അമേരിക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽനിന്നുള്ള കോവിഡ് വാക്സിനുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി. ഇരു രാജ്യങ്ങളെയും താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്നുള്ള ഒരു വാക്സിനും ഇറാനിൽ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാർഡ് ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.
ബെൽഫാസ്റ്: കൊറോണയുടെ വകഭേദം പടർന്നതോടെ മരണപ്പെടുന്ന മലയാളികളുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ കുറെ വര്ഷമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ബല്ഫാസ്റ്റിലെ സോജന് എന്ന മലയാളിയാണ് ഇന്നലെ രാവിലെ പത്തരയോടെ വിടപറഞ്ഞത്. അസുഖ ബാധിതനായിരുന്ന സോജൻ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ കോവിഡ് ആണോ മരണ കാരണം എന്ന് വ്യക്തമല്ല.
ബെല്ഫാസ്റ്റില് ഫിനഗേ എന്ന സ്ഥലത്താണ് സോജനും ഭാര്യ ലൂസിനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു ആണ്മക്കള് ആണ് ഉള്ളത്. മൂത്തയാള് തേജസ് കാനഡയില് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇളയ മകന് ശ്രേയസ് യൂണിവേഴ്സിറ്റിയില് ഗവേഷക വിദ്യാര്ത്ഥിയാണ്.
കുടുംബത്തിന് പ്രാദേശിക മലയാളി സമൂഹം ആവശ്യമായ സഹായവുമായി കൂടെയുണ്ട്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനം ആയിട്ടില്ല.
സോജന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ.