അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ യുകെയിൽ 137,897 പേർ വാക്സിനേഷന് വിധേയമായി. കമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ ജി.പി കളും നഴ്സുമാരും നൽകിയ പ്രതിരോധകുത്തിവെയ്പ്പ് കൂടാതെയുള്ള കണക്കാണിത് .വാക്സിനേഷൻെറ ആദ്യവാരം എഴുപതിലധികം ആശുപത്രികളിലായി ആണ് പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കിയത്. ലോകത്ത് ആദ്യമായി ജനങ്ങൾക്കായി പ്രതിരോധകുത്തിവെയ്പ്പ് ആരംഭിച്ച രാജ്യം യുകെയായിരുന്നു .
യുകെയിൽ വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി ആണ് ഇതുവരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. ഇത്രയധികം ആൾക്കാർക്ക് തുടക്കത്തിൽതന്നെ വാക്സിനേഷൻ നൽകാൻ ആയത് ശുഭസൂചനയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ പേർ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇംഗ്ലണ്ടിൽ മാത്രം 108,000 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയത്. വെയിൽസിൽ 7,897 , വടക്കൻ അയർലണ്ടിൽ 4,000, സ്കോട്ട്ലൻഡിൽ 18,000 എന്നിങ്ങനെയാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ മറ്റ് കണക്കുകൾ. ഇത് ഏകദേശ കണക്കുകൾ ആണെന്നും കൂടുതൽ കൃത്യമായ വിവരങ്ങൾ അടുത്ത ആഴ്ച ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ക്രിസ്മസ് കാല ഇളവുകളെ കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ ആണ് ഭരണനേതൃത്വത്തിന്റെയും ആരോഗ്യവിദഗ്‌ധരുടെയും ഇടയിൽ പുരോഗമിക്കുന്നത്. ക്രിസ്മസ് കാലയളവിൽ നൽകാനുദ്ദേശിച്ചിരിക്കുന്ന ഇളവുകൾ രോഗവ്യാപനതോത് ഉയരാൻ ഇടയാക്കുമെന്നും നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു . വെയിൽസിലും, തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലും രോഗവ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ 5 ദിവസത്തെ ഇളവുകൾ അനുവദിക്കുന്നത് പുനരവലോകനം ചെയ്യണമെന്നുള്ള സമ്മർദ്ദങ്ങൾ ശക്തമാണ്. ക്രിസ്മസിന് ഇളവുകൾ ഉണ്ടെങ്കിൽ പോലും സാമൂഹ്യ സമ്പർക്കം പരമാവധി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ആരോഗ്യ വിദഗ്‌ധരുടെ ഭാഗത്തുനിന്ന് ഉള്ളത് .
സ്വന്തം ലേഖകൻ
യു കെ :- തന്റെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ, സൂപ്പർ മാർക്കറ്റിന് പുറത്തുനിന്നും കളഞ്ഞു കിട്ടിയ പേഴ്സിൽ ഉണ്ടായിരുന്ന 700 പൗണ്ട് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് പതിനാലുകാരിയായ പെൺകുട്ടി. റിയന്നോൻ പാർക്കിൻസൺ എന്ന പെൺകുട്ടിക്കാണ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ പണം കളഞ്ഞു കിട്ടിയത്. സെയിന്റസ്ബറി സൂപ്പർ മാർക്കറ്റിനു പുറത്താണ് സംഭവം നടന്നത്. പണം കിട്ടിയ ഉടൻ തന്നെ പെൺകുട്ടി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരെ ഏൽപ്പിക്കുകയായിരുന്നു. ഈ പണം പിന്നീട് മേരി – ജോനാഥാൻ എന്നീ ദമ്പതികളുടെതാണെന്ന് കണ്ടെത്തി. തങ്ങളുടെ കുട്ടികൾക്കായി ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങിക്കുവാൻ വേണ്ടി കരുതിവച്ച പൈസയാണ് നഷ്ടപ്പെട്ടത് എന്ന് ഈ ദമ്പതികൾ പിന്നീട് പറഞ്ഞു.
റിയന്നോൻ ഓട്ടിസം രോഗബാധിത കൂടിയാണ്. പണം തിരിച്ചു നൽകാൻ കാണിച്ച് കുട്ടിയുടെ സന്മനസ്സിന് പ്രകീർത്തിച്ച് ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. പണം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ഈ പതിനാലുകാരിക്ക് സമ്മാനങ്ങൾ വാങ്ങി നൽകി. അതോടൊപ്പം തന്നെ സൂപ്പർമാർക്കറ്റിലെ സ്റ്റാഫും കുട്ടിയെ അഭിനന്ദിച്ചു.
സത്യസന്ധത പുലർത്തുന്ന വ്യക്തികൾ ഇനിയും സമൂഹത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് ദമ്പതികൾ കുട്ടിക്ക് അയച്ച കാർഡിൽ ആശംസിച്ചു. തന്റെ മകൾ ചെയ്ത പ്രവർത്തിയിൽ താൻ അഭിമാനിക്കുന്നതായി മാതാവ് സാറ ലിതേർലാൻഡ് പറഞ്ഞു. ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് മാതൃക ആണെന്ന് സൂപ്പർമാർക്കറ്റ് മാനേജർ രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസ് നിര്യാതനായി. ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.
ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വ ശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.
യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ റേയ്ക്കു വേണ്ടി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ മുതൽ ജപമാലയും ഉപവാസ പ്രാർത്ഥനയും നടത്തിയെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് റേ വിടപറഞ്ഞത്.
റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . മൂന്ന് മക്കളാണുള്ളത് . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍. പരേതന്റെ വിയോഗത്തിൽ മലയാളം യു.കെ യുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക്ക്ഡൗൺ അവസാനിച്ച് 13 ദിനങ്ങൾ പിന്നിടുമ്പോഴും യുകെയിലെ രോഗവ്യാപനത്തിൻെറ തോതിൽ കുറവ് വരാത്തതിലുള്ള ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. യുകെയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ടയർ -2, ടയർ -3 നിയന്ത്രണ പരിധിയിലാണെങ്കിലും ജനങ്ങൾ കോവിഡ് നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല എന്ന് പരാതിയും വ്യാപകമായി ഉണ്ട്. നിയന്ത്രണങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധവും രാജ്യത്തുടനീളം ശക്തമാണ്.
ജനങ്ങളുടെ പ്രതിഷേധത്തിൻെറ അളവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഗവൺമെൻറ് ക്രിസ്മസ് കാലയളവിലെ അഞ്ചുദിവസത്തെ ഇളവുകൾ അനുവദിച്ചത്. എന്നാൽ ക്രിസ്മസ് കാലയളവിലെ ഇളവുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് യുകെയിലെ രണ്ട് പ്രമുഖ മെഡിക്കൽ ജേണലുകൾ നൽകുന്നത്. ക്രിസ്മസ് കാലയളവിൽ ഇളവുകൾ നിരവധി പേരുടെ ജീവനെടുക്കുന്ന തീരുമാനം ആണെന്നാണ് ജേണലിലെ എഡിറ്റർമാർ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി പേരുടെ ജീവൻ അപകടത്തിൽ ആക്കുന്ന തെറ്റായ തീരുമാനത്തിലേക്ക് ആണ് ഗവൺമെൻറ് പോകുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി ക്രിസ്മസ് നിയമങ്ങളെ വിമർശിക്കുന്ന സംയുക്ത ലേഖനത്തിൽ ഹെൽത്ത് സർവീസ് ജേണലിലെയും ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെയും എഡിറ്റർമാർ എഴുതി.
എന്നാൽ ക്രിസ്മസ് നിയമങ്ങളും നിയന്ത്രണങ്ങളും നിരന്തരമായ പുനരവലോകനത്തിന് വിധേയമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ക്രിസ്മസ് നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി യോഗം വിളിക്കണമെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ന്യായീകരിക്കാനാവില്ല എന്നാണ് വെയിൽസിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെട്ടത്.
അഞ്ചുദിവസത്തെ ഇളവുകൾ പ്രഖ്യാപിച്ച സമയത്ത് ക്രിസ്മസ് കാലയളവിൽ രോഗവ്യാപന തോതിൽ ഗണ്യമായ കുറവുണ്ടാകും എന്നായിരുന്നു ഭരണനേതൃത്വത്തിൻെറ പ്രതീക്ഷ. ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും ആദ്യം വാക്‌സിനേഷൻ ആരംഭിച്ചു എന്ന അഭിമാനിക്കാവുന്ന നേട്ടം കൊയ്യാനും യുകെയ്ക്കായി. എന്നാൽ ഇതിനെല്ലാം അപ്പുറം ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങൾ കഴിയുമ്പോൾ രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുമോ എന്ന് ആശങ്കയിലാണ് യുകെയിൽ ഉടനീളമുള്ള ആരോഗ്യവിദഗ്ധർ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ തെരുവുകളിൽ പുതിയ രാസായുധ ആക്രമണത്തിലൂടെ ആയിരങ്ങളെ കൊല്ലാൻ റഷ്യയ്ക്ക് കഴിവുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പ്. 2018ലാണ് മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രീപലിനും മകൾക്കുമെതിരെ കടുത്ത രാസായുധ ആക്രമണം നടത്തിയത്. റഷ്യയുമായി ഒരു ബന്ധം സ്ഥാപിക്കാമെന്ന് യുകെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, രണ്ട് വർഷം മുമ്പ് ബ്രിട്ടനിലെ തെരുവുകളിൽ ഒരു നേർവ് ഏജന്റിനെ ഉപയോഗിച്ചതിന് ശേഷം പിരിമുറുക്കങ്ങൾ ശക്തമായെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു. 2018 ജൂലൈ ആദ്യം ഡോൺ സ്റ്റർഗസ് എന്ന വനിതയ്ക്കും അവരുടെ ജീവിതപങ്കാളിയായ ചാർളി റോളിക്കും നേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു. രാസായുധം പുരണ്ട സിറിഞ്ച് കൈയില്‍ എടുത്തതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കും വിഷബാധയേറ്റത്. അത് സ്റ്റർഗസിന്റെ മരണത്തിന് കാരണമായി മാറി.
റഷ്യക്കെതിരെ സ്റ്റർഗെസിന്റെ കുടുംബം നിയമനടപടി സ്വീകരിച്ചിരുന്നു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പ്രകാരം ലണ്ടനിലെ ഹൈക്കോടതിയിൽ നടപടികൾ നടത്തിവന്നു. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. 1970 കളിലും 1980 കളിലും ശീതയുദ്ധത്തിന്റെ സമയത്ത് സോവിയറ്റ് യൂണിയൻ രഹസ്യമായി വികസിപ്പിച്ചെടുത്തതാണ് നോവിച്ചോക്ക്. നാറ്റോയുടെ കെമിക്കൽ ഡിറ്റക്ഷൻ ഉപകരണങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തവിധം കമ്മ്യൂണിസ്റ്റ് ശാസ്ത്രജ്ഞർ വിഷം വികസിപ്പിച്ചെടുത്തു. അൾട്രാ-ഫൈൻ പൊടിയുടെ രൂപത്തിലാണ് ഇതുള്ളത്. വിഎക്സ് വാതകത്തേക്കാൾ എട്ട് മടങ്ങ് കൂടുതൽ ശക്തിയുള്ളതും മാരകവുമാണ് നോവിച്ചോക്ക്.
സ്വന്തം ലേഖകൻ
നിലവിലുള്ള ചാർജിന്റെ 1. 6% ജനുവരിയോടെ വർദ്ധിക്കും. ജൂലൈയിലെ ആർപിഐ ഇൻഫ്ളേഷൻ റേറ്റ് പ്രകാരം റെയിൽവേ നിരക്ക് വർദ്ധന സ്വാഭാവികമാണ്. ടാക്സ് പേ ചെയ്യുന്ന പൗരന്മാരിൽ നിന്നുള്ള സപ്പോർട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടുന്നതെന്ന് റെയിൽ മന്ത്രി ക്രിസ് ഹീറ്റൺ ഹാരിസ് പറഞ്ഞു. അതേസമയം യാത്രാ നിരക്കിലെ വർധനവ് യാത്രക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് യൂണിയനുകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വരും വർഷത്തിൽ ശരാശരി നിരക്കിൽ 2.6 ശതമാനത്തിന്റെ വർധനവുണ്ടാകും, 2017 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് വർദ്ധനവ് ആണിത്.
ഫെബ്രുവരി 28 വരെ സ്ഥിര യാത്രക്കാർക്ക് തങ്ങൾ മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്ന അതേ നിരക്കിൽ തന്നെ സീസൺ ടിക്കറ്റുകൾ ഉപയോഗിക്കാൻ കഴിയും. നിരക്ക് വർധന അടുത്ത വർഷത്തേയ്ക്ക് മാറ്റിവെച്ചത് തന്നെ യാത്രക്കാർക്ക് ഈ വർഷം അധികമായ ബുദ്ധിമുട്ട് നൽകാതിരിക്കാനാണെന്നും റെയിൽ മിനിസ്റ്റർ അഭിപ്രായപ്പെട്ടു. യാത്രാനിരക്കിൽ വരുന്ന മാറ്റം പകുതിയോളം വരുമാന വർദ്ധനവിന് കാരണമാകും എന്ന് കരുതുന്നു. റെയിൽവേ ഓപ്പറേറ്റർമാരോട് സീസൺ ടിക്കറ്റ് ഉൾപ്പെടെയുള്ളവയുടെ വർദ്ധനവ് കണക്കുകൂട്ടി തുക നിശ്ചയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരക്കുകൾ വർദ്ധിപ്പിക്കുന്നത് റെയിൽവേയുടെ സുതാര്യമായ നടത്തിപ്പിന് അത്യാവശ്യമാണെന്നും, ടാക്സ് അടക്കുന്ന പൗരന്മാരുടെ കയ്യിൽനിന്നും ചെലവിന് ആവശ്യമുള്ളത് പിടിച്ചെടുക്കുന്നതിന് പരിമിതികളുണ്ടെന്നും, സർവീസിലെ ഫ്രണ്ട് ലൈൻ ജോലികൾ സുഖമായി മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചതെന്നും റെയിൽ മിനിസ്റ്റർ അഭിപ്രായപ്പെടുന്നു.
റെയിൽ ഡെലിവറി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജാക്വിലിൻ സ്റ്റാർ പറയുന്നത് യാത്രക്കാരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് എന്നാണ്. റെയിൽവേ നടത്തിക്കൊണ്ടുപോകാൻ ഉപഭോക്താക്കളിൽ നിന്നും സാധാരണ പൗരന്മാരിൽ നിന്നും എത്ര തുക ഉപയോഗിക്കണം എന്നത് ബുദ്ധിപരമായി തീരുമാനിക്കേണ്ട വസ്തുതയാണ്. അതിനുപകരം മുഴുവൻ ചെലവും യാത്രക്കാരുടെ ചുമലിൽ വെച്ചു കൊടുക്കുന്നത് മണ്ടത്തരമാണ്.
ട്രാൻസ്പോർട്ട് സാലറീഡ് സ്റ്റാഫ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ആയ ആന്റണി സ്മിത്ത്, ” യാത്രാ വിലക്കുകൾ ഉയർത്തിയശേഷം സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള പാക്കേജുകൾ നൽകി റെയിൽവേയ്ക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആവും” എന്ന അഭിപ്രായക്കാരനാണ്. യൂണിയനുകളുടെ അഭിപ്രായത്തിൽ മില്യൻ കണക്കിന് ആൾക്കാർക്ക് ജോലി നഷ്ടപ്പെടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നിരക്ക് വർദ്ധനവ് ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല.
ലണ്ടൻ : ക്രിസ്മസ് കാലത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്ന് ബ്രിട്ടീഷ് സർക്കാർ. യുകെയിൽ എവിടെയും യാത്ര ചെയ്യാൻ ആളുകൾക്ക് സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡിസംബർ 23 നും 27 നും ഇടയിൽ മൂന്നു വീടുകൾക്ക് കൂടിച്ചേർന്ന് ഒരു താത്കാലിക ക്രിസ്മസ് ബബിൾ രൂപീകരിക്കാം. രാത്രിയിൽ ഒരുമിച്ച് കഴിയാനുള്ള അനുവാദവുമുണ്ട്. നോർത്തേൺ അയർലണ്ടിൽ ഡിസംബർ 22 മുതൽ 28 വരെയാണ് ഇളവുകൾ. ആരൊക്കെയാണ് കൂടിച്ചേരുന്നതെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ ആരോഗ്യ വിദഗ്ധർ ആളുകളോട് അഭ്യർത്ഥിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കോ ഐസൊലേഷനിൽ കഴിയുന്നവർക്കോ ഒരു ബബിൾ സൃഷ്ടിക്കുവാൻ സാധിക്കില്ല. നിങ്ങളുടെ ക്രിസ്മസ് ബബിളിലെ കുടുംബങ്ങൾക്ക് മറ്റാരുമായും ബബിൾ രൂപീകരിക്കുവാനും അനുവാദമില്ല.
ക്രിസ്മസ് ബബിളുകളിൽ 12 വയസ്സിന് താഴെയുള്ളവർ ഉൾപ്പെടാതെ പരമാവധി എട്ട് പേർ ഉണ്ടായിരിക്കണമെന്ന് സ്കോട്ടിഷ് സർക്കാർ പറയുന്നു. യുകെയുടെ മറ്റ് ഭാഗങ്ങളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കഴിയുന്നത്ര ചെറുതായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ക്രിസ്മസ് ബബിളിൽ ഒന്നുച്ചേർന്നതിന് ശേഷം ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണപ്പെട്ടാൽ ആ ബബിളിലെ അംഗങ്ങൾ മുഴുവനും ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്.
നിങ്ങളുടെ ക്രിസ്മസ് ബബിളുമായി പബ്ബുകളിലോ റെസ്റ്റോറന്റുകളിലോ കൂടിച്ചേരാൻ നിലവിൽ അനുവാദമില്ല. ആറ് അംഗങ്ങൾ വരെയുള്ള ഗ്രൂപ്പുകളിൽ ഡോർ-ടു-ഡോർ കരോൾ ആലാപനം അനുവദനീയമാണ്. മാതാപിതാക്കൾ ഒരുമിച്ചില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് ക്രിസ്മസ് ബബിളുകളിൽ അംഗമാകാം. ഇംഗ്ലണ്ടിൽ, കെയർ ഹോം നിവാസികൾക്ക് ക്രിസ്മസ് ബബിളുകളിൽ അംഗമാകാൻ കഴിയില്ല. കെയർ ഹോമുകളിൽ പത്തു ലക്ഷത്തിലധികം പരിശോധന നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ അനുവാദമുണ്ട്.
എന്നാൽ നിയമങ്ങൾ ലഘൂകരിക്കുന്നത് ധാരാളം ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പ്രമുഖ മെഡിക്കൽ ജേണലുകളായ ഹെൽത്ത് സർവീസ് ജേണലും ബ്രിട്ടീഷ് മെഡിക്കൽ ജേണലും പറഞ്ഞു. നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ ഉപദേഷ്ടാക്കളും അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രിസ്മസിന് അധിക സാമൂഹിക സമ്പർക്കം യഥാർത്ഥത്തിൽ വളരെ അപകടകരമാണെന്ന് എൻഎച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ക്രിസ്മസ് കാലം അടുത്തപ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിന് ശേഷം രോഗവ്യാപനം ഉണ്ടാകുമെന്ന സാധ്യത നിലനിൽക്കുന്നതിനാൽ ഏറെ ജാഗ്രതയോടെ പെരുമാറാൻ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം നിയന്ത്രണം കടുപ്പിച്ച രാജ്യങ്ങളുമുണ്ട്.
നെതർലാന്റ്സ്: അഞ്ച് ആഴ്ചത്തെ ലോക്ക്ഡൗൺ
ഡിസംബർ 15 മുതൽ ജനുവരി 19 വരെ അഞ്ച് ആഴ്ചത്തേക്ക് രാജ്യം അടച്ചിടുമെന്ന പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. എല്ലാ സ്കൂളുകളും അനിവാര്യമല്ലാത്ത കടകളും മറ്റ് പൊതുവേദികളും അടയ്ക്കും. മാർച്ച് പകുതി വരെ വിദേശത്ത് അനാവശ്യ യാത്രകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ പ്രഖ്യാപനം. അടുത്തിടെ ഒരു ദിവസം 10,000 ത്തോളം കേസുകൾ രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ് നാളുകളിൽ മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.
യുകെ: താൽക്കാലിക ‘ക്രിസ്മസ് ബബിൾസ്’
ഡിസംബർ 23 നും 27 നും ഇടയിൽ ( വടക്കൻ അയർലണ്ടിൽ ഡിസംബർ 22 മുതൽ 28 വരെ) യാത്രാ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. രണ്ട് വീടുകളിൽ നിന്നുള്ളവർക്ക് രാത്രി ഒരുമിച്ച് കഴിയാൻ അനുവാദമുണ്ട്. ക്രിസ്മസ് ബബിളിൽ യുകെയിൽ പരമാവധി മൂന്ന് വീടുകളെയോ സ്കോട്ട്ലൻഡിൽ എട്ട് ആളുകളെയൊ ഉൾപ്പെടുത്താം. ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സന്ദർശനം നടത്താൻ അനുവാദമുണ്ട്. ഡിസംബർ 16 മുതൽ ഡെലിവറി, ടേക്ക്‌അവേ ഒഴികെ പബ്ബുകളും റെസ്റ്റോറന്റുകളും അടയ്ക്കും, കൂടാതെ മിക്ക ഇൻഡോർ വിനോദ വേദികളും സ്പോർട്സ് സ്റ്റേഡിയങ്ങളും അടയ്ക്കും.
ഇറ്റലി: ക്രിസ്മസ് മാർക്കറ്റുകൾ ഇല്ല. രാജ്യവ്യാപകമായി കർഫ്യൂ
മാർച്ച് അവസാനം മുതൽ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. ക്രിസ്മസ് രാവിൽ ഒത്തുചേരലുകളും ആലിംഗനങ്ങളും ചുംബനങ്ങളും ഇല്ലാതെ ശാന്തമായി മുന്നോട്ട് നീങ്ങണമെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. പല ഇറ്റാലിയൻ പ്രദേശങ്ങളും ഭാഗികമായി പൂട്ടിയിരിക്കുകയാണ്. ഡിസംബർ 21 മുതൽ ജനുവരി 6 വരെ വിവിധ പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക യാത്രാ നിരോധനത്തിന് മുകളിൽ ക്രിസ്മസ് ദിനം, ബോക്സിംഗ് ദിനം, പുതുവത്സര ദിനം എന്നീ അവസരങ്ങളിൽ ആളുകൾക്ക് അവരുടെ സ്വന്തം പട്ടണം വിട്ടു പുറത്തുപോകാൻ അനുവാദമില്ല.
ഫ്രാൻസ്: ക്രിസ്മസിന് യാത്രാ വിലക്കുകൾ നീക്കി
ദേശീയ ലോക്ക്ഡൗണിന് ശേഷം, നവംബർ 28 മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. എങ്കിലും ഡിസംബർ 15 വരെ ഭൂരിഭാഗം നിയന്ത്രണങ്ങളും നിലനിന്നു. ഇതിനുശേഷം ഫ്രാൻസിലെ യാത്രാ നിയന്ത്രണങ്ങൾ നീക്കംചെയ്തിട്ടുണ്ട്. അതായത് ക്രിസ്മസ് നാളുകളിൽ ആളുകൾക്ക് അവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ കഴിയും. രാത്രി 10 മണി മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഉണ്ടെങ്കിലും ക്രിസ്മസ് രാവിൽ ഇത് നീക്കം ചെയ്യും. പക്ഷേ പുതുവത്സരാഘോഷമില്ല. ബാറുകളും റെസ്റ്റോറന്റുകളും പോലെ തിയേറ്ററുകളും സിനിമാശാലകളും അടച്ചിടും.
ജർമ്മനി: കടുത്ത നിയന്ത്രണങ്ങൾ
കേസുകൾ കുത്തനെ ഉയർന്നതിനാൽ ക്രിസ്മസ് നാളുകളിൽ ജർമ്മനി കടുത്ത ലോക്ക്ഡൗണിലേക്ക് പ്രവേശിക്കും. ഡിസംബർ 16 മുതൽ ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സമയത്ത് അവശ്യമല്ലാത്ത കടകളും സ്കൂളുകളും രാജ്യവ്യാപകമായി അടയ്ക്കും. ക്രിസ്മസ് ഷോപ്പിംഗിൽ സാമൂഹ്യ സമ്പർക്കം ഗണ്യമായി വർദ്ധിച്ചതായി ചാൻസലർ ഏഞ്ചല മെർക്കൽ കുറ്റപ്പെടുത്തി. രണ്ടിൽ കൂടുതൽ വീടുകളിൽ നിന്ന് പരമാവധി അഞ്ച് പേരെ ഒരു വീട്ടിൽ ഒത്തുകൂടാൻ നിലവിൽ അനുവദിച്ചിരിക്കുന്നു. എന്നാൽ ഈ പരിധി ഡിസംബർ 24 മുതൽ 26 വരെ ഇളവ് ചെയ്യും. ജർമ്മനിയിലെ മിക്ക പ്രധാന ക്രിസ്മസ് വിപണികളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
സ്‌പെയിൻ: പരിമിതമായ ഒത്തുചേരലുകൾ
ഡിസംബർ 23 നും ജനുവരി 6 നും ഇടയിൽ ആളുകൾക്ക് സുഹൃത്തുക്കളെയും കുടുംബത്തെയും സന്ദർശിക്കുവാനായി പ്രദേശങ്ങൾക്കിടയിലൂടെ യാത്ര ചെയ്യാൻ അനുവാദമുണ്ട്. ക്രിസ്മസ് ഈവ്, ക്രിസ്മസ് ദിനം, പുതുവത്സര ദിനം എന്നീ അവസരങ്ങളിൽ സാമൂഹിക ഒത്തുചേരലുകൾ 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും.
ഓസ്ട്രിയ: ഹോട്ടലുകൾ അടച്ചിട്ടു. പരിശോധന വർധിപ്പിച്ചു.
ഡിസംബർ 7 ന് ഓസ്ട്രിയ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണിൽ നിന്ന് പുറത്തുവന്നു. തുടർന്ന് ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അവശ്യമല്ലാത്ത കടകളും മറ്റ് ബിസിനസ്സുകളും വീണ്ടും തുറന്നു. എന്നിരുന്നാലും, ഉത്സവനാളുകളിൽ റെസ്റ്റോറന്റുകളും ബാറുകളും അടച്ചിടും. രാജ്യത്തെ പരമ്പരാഗത ക്രിസ്മസ് വിപണികളും അടയ്ക്കും. ബിസിനസ്സിൽ യാത്ര ചെയ്യുന്നവർക്കായി മാത്രമേ ഹോട്ടലുകൾ തുറക്കൂ. കുറഞ്ഞത് എഴുപത് ലക്ഷം ആന്റിജൻ ടെസ്റ്റുകൾക്ക് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
റഷ്യ: പ്രായമായവർ സ്വയം ഒറ്റപ്പെടുന്നു.
മോസ്കോയുടെ വാർഷിക ക്രിസ്മസ്, ന്യൂ ഇയർ ഫെസ്റ്റിവൽ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ മോസ്കോയിൽ ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന പുതിയ നടപടികൾ അധികൃതർ പ്രഖ്യാപിച്ചു. 65 വയസ്സിനു മുകളിലുള്ളവരും ഉയർന്ന അപകടസാധ്യതയുള്ളവരും ഈ തീയതി വരെ സ്വയം ഒറ്റപ്പെടണം. സമീപ ആഴ്ചകളിൽ റഷ്യയിൽ കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ചില സ്ഥലങ്ങളിൽ കൊറോണ വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇംഗ്ലണ്ടിൻെറ ചില ഭാഗങ്ങളിൽ പുതിയ വൈറസിന്റെ വ്യാപനം നടക്കുന്നതായാണ് വാർത്തകൾ. പുതിയ വൈറസ് മൂലമുള്ള കേസുകൾ അറുപതോളം പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തിയതിനെ കുറിച്ച് ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
യുകെയിൽ ഉടനീളം കർശന നിയന്ത്രണങ്ങളുമായി കൊറോണ വൈറസ് വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നിലവിലെ വാക്സിൻ പുതിയ ജനിതകം രൂപമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ കോവിഡ് -19 സ്ഥിരീകരിക്കാനായി നടത്തുന്ന സ്വാപ്പ് ടെസ്റ്റിന് ജനിതകമാറ്റം വന്ന വൈറസ് ബാധയെയും തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞു.
വാരാന്ത്യത്തിൽ ലണ്ടനിലെ തെരുവുകളിൽ ഷോപ്പിംങിനായുള്ള തിക്കും തിരക്കും
ഇതിനിടെ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് ലണ്ടനിൽ നാളെ തൊട്ട് 3- ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതിൻറെ ഫലമായി ഏകദേശം 34 മില്യൺ ജനങ്ങളാണ് കടുത്ത നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നത്. ഇന്നലെ യുകെയിൽ 20,263 കോവിഡ് -19 കേസുകൾ കൂടി രേഖപ്പെടുത്തി. 232 പേരാണ് കൊറോണ വൈറസ് മൂലം രാജ്യത്ത് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.