ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ മാത്രം ബ്രിട്ടനിൽ 1610 പേരാണ് കോവിഡ് ബാധിച്ചുള്ള മരണത്തിന് കീഴടങ്ങിയത്. കൊറോണ മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണ് ഇത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് മരണങ്ങൾ 90000 -ത്തിന് മുകളിലെത്തി. ഇന്നലെ രേഖപ്പെടുത്തിയ കോവിഡ് ബാധിതരുടെ എണ്ണം 33,355 ആണ്. ഇത് ഏറ്റവും കൂടുതൽ രോഗ തീവ്രത രേഖപ്പെടുത്തിയ ദിവസത്തേക്കാൾ പകുതി മാത്രമേ ഉള്ളൂ എന്നത് ആശ്വാസകരമാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ഏറ്റവും കൂടിയ രോഗ വ്യാപനം രേഖപ്പെടുത്തിയ ജനുവരി 8 -ന് 68,053 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. രാജ്യം കൈകൊണ്ട കർശന നിയന്ത്രണങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നതിൻെറ സൂചനകൾ കാണുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. എന്നിരുന്നാലും കർശന നടപടികൾ തുടർന്നാൽ മാത്രമേ കോറോണയെ തുടച്ചുനീക്കാൻ കഴിയുകയുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈസ്റ്ററിനപ്പുറവും തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ദുഃഖവെള്ളിയാഴ്ചയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നത്. ഇസ്റ്ററിനെങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള കൂടിചേരൽ സാധ്യമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതി തയ്യാറാക്കുന്നത്. എന്നിരുന്നാലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രോഗവ്യാപന തീവ്രത കുറയുന്നതും അതോടൊപ്പം എത്രപേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചു എന്നതിന് അടിസ്ഥാനമാക്കിയിട്ടായിരിക്കും . ഇംഗ്ലണ്ടിലെ സ്കൂളുകൾ മേഖലാടിസ്ഥാനത്തിൽ രോഗതീവ്രതയുടെ തോത് അനുസരിച്ചായിരിക്കും തുറക്കപ്പെടുക എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
സ്വന്തം ലേഖകൻ
ആസ്മ മൂർച്ഛിച്ചു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുന്ന വ്യക്തിയായ സ്റ്റീഫൻ ലിഡൽ (47)മാർച്ച് മുതൽ ഏകാന്തവാസത്തിൽ ആണ്. ജോലിയില്ല, കുടുംബം ഇല്ല, സർക്കാരിൽ നിന്ന് യാതൊരു വിധത്തിലുള്ള ധനസഹായവും ഇല്ല, രോഗബാധിതനാണ്, എന്നിട്ടും സ്റ്റീഫന് ലോകത്തോട് ചോദിക്കാൻ ഒന്നേയുള്ളൂ, ഒരല്പം സ്നേഹം, ഒരാലിംഗനം. ഒരു ദിവസം ആറു ബുക്കിംഗ് എങ്കിലും ലഭിച്ചിരുന്ന ടൂർ ഗൈഡ് ആയ സ്റ്റീഫന് ശമ്പളം ലഭിച്ചിട്ട് 49 ആഴ്ചയായി. ഡിപ്രഷനോടും ആത്മഹത്യാ പ്രവണതയോടും മല്ലടിച്ച് ഇത്ര ദൂരം എത്തി. ഈ രാജ്യത്തെ പൗരനാണെന്ന് തോന്നൽ പോലും ഇപ്പോൾ തനിക്ക് ഇല്ലന്നാണ് അദ്ദേഹം പറയുന്നത്.
ഹെർട്ട്ഫോർഡ്ഷെയറിലെ വീട്ടിൽ ലോകത്തോട് ബന്ധമില്ലാതെ കഴിയുകയാണ് ഇദ്ദേഹം. ഈ വർഷം തുടങ്ങിയതിൽ പിന്നെ ആരെയും കണ്ടിട്ടില്ല. മാർച്ചിൽ വാക്സിൻ സ്വീകരിക്കാൻ സമയമാകുമ്പോൾ ആവും ഇനി ആരെയെങ്കിലും കാണുക. ഒരൊറ്റ നേരമാണ് ഭക്ഷണം കഴിക്കാനുള്ളത്. അതും കഞ്ഞി മാത്രം. സുമനസ്സുകളുടെ സഹായത്താലാണ് ഇത്രയും നാൾ ആഹാരം കഴിച്ചത്. താമസിക്കുന്ന വീടിന് ധാരാളം അറ്റകുറ്റപ്പണികൾ ഉണ്ട്, കാറിന്റെ ബാറ്ററി നശിച്ചു. പതിനൊന്ന് മാസമായി സ്ഥിരവരുമാനം ഇല്ല. പാലുൽപ്പന്നങ്ങൾ അലർജിയാണ്. രോഗം വരും എന്ന് ഉറപ്പുണ്ടെങ്കിലും വിശപ്പ് കാരണം ഇത് കഴിക്കും.
പതിനൊന്ന് മാസമായി വേതനമോ യാതൊരു വിധ സഹായങ്ങളും ലഭിക്കാത്ത 3 മില്യൺ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇത്തരക്കാർക്ക് സഹായം ലഭ്യമാക്കാനായി വാദിക്കുന്ന എക്സ്ക്ലൂഡഡ് യുകെ എന്ന സംഘടന പറയുന്നത് ഇത്തരക്കാരിൽ 14 ശതമാനം പേർക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ്. ഒരു ഡസനോളം വ്യക്തികളാണ് ആത്മഹത്യ ചെയ്തത്.
2021 പ്രതീക്ഷയുടെ വർഷമാണെന്ന് പലരും പറയുന്നുണ്ട്, എന്നാൽ 3 മില്യണോളം വരുന്ന ഇത്തരക്കാർക്ക് ഭാവി ഇപ്പോഴും ഇരുളടഞ്ഞത് തന്നെയാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ സ്കൂളുകൾ മേഖലാടിസ്ഥാനത്തിലായിരിക്കും വീണ്ടും തുറക്കുകയെന്ന് ഗവൺമെൻറ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജെന്നി ഹാരിസ് പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ രാജ്യത്തുടനീളം വ്യത്യസ്ത തോതിലുള്ള രോഗതീവ്രതയായിരിക്കും ഉണ്ടായിരിക്കുന്നത് എന്ന് കോമൺസ് എഡ്യൂക്കേഷൻ കമ്മറ്റിയിൽ സംസാരിക്കവെ ഡോ. ജെന്നി ഹാരിസ്അഭിപ്രായപ്പെട്ടു. ഓരോ സ്ഥലത്തിൻെറയും രോഗവ്യാപനതീവ്രതയുടെ തോത് അനുസരിച്ച് അതത് പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.
കോവിഡ് -19 ൻെറ രോഗവ്യാപനം തടയുന്നതിനായി ജനുവരി തുടക്കം മുതൽ രാജ്യത്തെ സ്കൂളുകൾ അടച്ചിരുന്നു. കീ വർക്കേഴ്സിൻെറ മക്കൾക്കും ദുർബലരായ കുട്ടികൾക്കും വേണ്ടി സ്കൂളുകൾ തുറക്കുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ വഴിയാണ് പഠനം പുരോഗമിക്കുന്നത്. ഇനി ഏതാനും ആഴ്ചകൾ കൂടി സ്കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് കോമൺ എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ റോബർട്ട് ഹാൽഫോൺ അഭിപ്രായപ്പെട്ടു. സ്കൂളുകൾ പ്രവർത്തിക്കുകയാണെങ്കിൽ കോവിഡ്-19 രോഗികളുടെ എണ്ണം കൈകാര്യംചെയ്യാൻ എൻഎച്ച്എസിനെ കഴിയില്ലെന്ന് മെഡിക്കൽ, സയൻസ് അഡ്വൈസേഴ്സ് ക്രിസ്മസിന് മുമ്പ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ക്ഡൗണും പ്രാദേശിക നിയന്ത്രണങ്ങളുമായി കോവിഡിനെ പ്രതിരോധിക്കാൻ യുകെ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വീടുകളിൽ തന്നെ തുടരാനും സാധ്യമെങ്കിൽ വർക്ക് ഫ്രം ഹോം വഴിയായി ജോലിചെയ്യാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പല സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലിചെയ്യാൻ തങ്ങളുടെ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. വളരെ ദുർഘടകമായ പരിസ്ഥിതിയിൽ ജോലി ചെയ്യേണ്ടതായി വന്ന് കോവിഡ് പിടിപ്പെട്ട അനുഭവം വളരെ ഏറെ പേർക്ക് യുകെയിൽ ഉണ്ടായിട്ടുണ്ട്.
ഓക്സ്ഫോർഡ് ഷെയറിൽ ഒരു സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്ററായി ജോലിചെയ്യുന്ന ജെയിനിന് ലോക്ക്ഡൗണിൻെറ സമയത്തുപോലും ഓഫീസിൽ ജോലി ചെയ്യേണ്ടതായി വന്ന ദുരനുഭവം ആണ് ഉള്ളത്. ഓഫീസ് വളരെ ചെറുതായതിനാൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമായിരുന്നു എന്നാണ് അവർ ഒരു പ്രമുഖ മാധ്യമത്തോട് വിവരിച്ചത്. ജെയിനിന് അസുഖം വന്ന് പോയതിനു ശേഷവും തൻറെ ബോസും സ്ഥാപനവും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ഒന്നും പാലിച്ചില്ല എന്ന ഗുരുതരമായ ആരോപണവും ജെയിൻ പങ്കുവെച്ചു. ഓഫീസിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരോട് ഒറ്റപ്പെടലിന് വിധേയമാകാനുള്ള ഒരു നിർദ്ദേശം നൽകപ്പെട്ടില്ലെന്ന് അവൾ പറഞ്ഞു. കമ്പ്യൂട്ടറും ഫോണും ഉപയോഗിച്ച് തൻെറ ജോലി വർക്ക് ഫ്രം ഹോമിൻെറ ഭാഗമായി വീട്ടിലിരുന്ന് ചെയ്യുകയായിരുന്നെങ്കിൽ ഒരു പക്ഷേ തനിക്കും തൻറെ സഹപ്രവർത്തകർക്കും കോവിഡിന് കീഴടങ്ങേണ്ടി വരില്ലായിരുന്നു എന്നതാണ് ജെയിനിൻറെ അഭിപ്രായം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്തിടെ ഉണ്ടായ ബിറ്റ് കോയിന്റെ കുതിച്ചുചാട്ടത്തിൽ നിന്ന് ലാഭം നേടിയവർ അനേകരാണ്. യോർക്ക് ക്ഷയർ സ്വദേശിയായ ക്രിസ് സെഡ് ജ്‌വിക് 2015 മുതൽ 2,000 പൗണ്ട് മുതൽമുടക്കിൽ ബിറ്റ് കോയിൻ വാങ്ങാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം 3,650% വരുമാനം അതിൽ നിന്ന് നേടി. സൈബർ സെക്യൂരിറ്റി പ്രൊഫഷണലായ ഇദ്ദേഹം 2015 ൽ ആദ്യമായി ബിറ്റ് കോയിൻ വാങ്ങി. അന്ന് ഒരു കോയിന്റെ വില 150 പൗണ്ട് ആയിരുന്നു. അതിനുശേഷം ക്രിപ്റ്റോകറൻസിയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം അദ്ദേഹം തുടക്കത്തിൽ നിക്ഷേപിച്ച 2,000 പൗണ്ടിൽ ഫലം കണ്ടു. “നേരത്തെ ബിറ്റ് കോയിൻ കൈവശം വച്ച എല്ലാവരും ഇപ്പോൾ ലംബോർഗിനി സ്വന്തമാക്കി സ്വകാര്യ ദ്വീപുകളിൽ താമസിക്കുന്നില്ല. എന്നെപോലെ മിതമായ തുക നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം നേടിയവരുമുണ്ട്.” അദ്ദേഹം പറഞ്ഞു.
2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുതന്നെ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയതുമുതൽ ബിറ്റ് കോയിനിലും വികേന്ദ്രീകൃത ധനകാര്യത്തിലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിറ്റ് കോയിൻ ഒരു പേയ്‌മെന്റ് കാർഡിലേക്ക് മാറ്റിയ അദ്ദേഹം ആദ്യം ഒരു ടെസ്‌കോ എക്സ്പ്രസിൽ ഇത് പരീക്ഷിച്ചു. 3.54 പൗണ്ടിന് ( 0.0073 ബിറ്റ് കോയിൻ ) ഭക്ഷണ ഡീൽ വാങ്ങി. ക്രിപ്‌റ്റോകറൻസിയുടെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അടുത്തതായി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ക്രിസ് പറഞ്ഞു ; നിലവിലെ വില ഇപ്പോൾ എന്റെ പണയം അടയ്ക്കാൻ സഹായിക്കുന്നു. അത് തുടരാനാണ് ആഗ്രഹം.”
ക്രിപ്‌റ്റോകറൻസികൾ കൈവശമുള്ളവർ പലപ്പോഴും പാസ്‌വേഡ് പരിരക്ഷിത ബിറ്റ് കോയിൻ വാലറ്റിൽ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അവരുടെ പാസ്‌വേഡ് നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്താൽ അവരുടെ ക്രിപ്‌റ്റോകറൻസി എന്നെന്നേക്കുമായി നഷ്‌ടപ്പെടും. 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ് കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ് ദാനം ചെയ്തത് വലിയ വാർത്തയായിരുന്നു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ലാണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
സ്വന്തം ലേഖകൻ
യു കെ :- കൊറോണ ബാധ മൂലം പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുവാൻ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം തള്ളി ട്രഷറി മിനിസ്റ്റർ. വാക്സിനും മറ്റും ലഭ്യമായതോടെ സാമ്പത്തിക മേഖല വളർന്നു കൊണ്ടിരിക്കുകയാണെന്നും ടാക്സുകൾ വർദ്ധിപ്പിക്കേണ്ട ആവശ്യം വരില്ലെന്നും ട്രഷറിയുടെ ഫിനാൻഷ്യൽ സെക്രട്ടറി ആയിരിക്കുന്ന ജെസ്സേ നോർമൻ അറിയിച്ചു. മാർച്ചിലെ ബഡ് ജറ്റിൽ കോർപ്പറേഷൻ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള ചാൻസലർ റിഷി സുനക്കിന്റെ തീരുമാനത്തിന് വൻ പ്രതിഷേധങ്ങൾ നേരിട്ടതിനെ തുടർന്നാണ് ട്രഷറി സെക്രട്ടറി ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ പൊതു സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള അക്ഷീണ യജ്ഞത്തിലാണ് ചാൻസലർ. 400 ബില്ലിനോളം പൗണ്ട് ഈ വർഷം കടമായി ആവശ്യം വരും എന്നാണ് നിഗമനം.
ക്യാബിനറ്റ് മിനിസ്റ്റർമാർ മിക്കവരും ടാക്സ് വർദ്ധിപ്പിക്കുന്നതിനെ ശക്തമായി എതിർത്തിരിക്കുകയാണ്. പ്രോപ്പർട്ടി ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയും, കൗൺസിൽ ടാക്സും നിർത്തലാക്കണമെന്ന ആവശ്യമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രോപ്പർട്ടി ടാക്സ് മാർച്ചിലെ ബഡ്ജറ്റിൽ ഉണ്ടാവാൻ സാധ്യതയില്ല എന്ന നിഗമനമാണ് പുറത്തുവരുന്നത്. കൊറോണ ബാധ മൂലം പ്രതിസന്ധിയിലായിരിക്കുന്നവർക്ക് ഗവൺമെന്റ് സഹായം നീട്ടാനുള്ള തീരുമാനവും ബഡ്ജറ്റിൽ ഉണ്ടാകും. എന്നാൽ കോർപ്പറേഷൻ ടാക്‌സും മറ്റും വർധിപ്പിക്കാനുള്ള തീരുമാനം ചിലപ്പോൾ ഉണ്ടാവും എന്നാണ് നിഗമനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണാ മഹാമാരി ലോകം കീഴടക്കാൻ ആരംഭിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ലോകമെങ്ങും കോവിഡ്-19 സംബന്ധമായ വളരെയേറെ പഠനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കമലേഷ് കമലേഷിൻെറ നേതൃത്വത്തിൽ നടത്തിയ പഠനം രോഗമുക്തി നേടിയ കോവിഡ് രോഗികളുടെ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. ഇതനുസരിച്ച് 47780 കോവിഡ് -19 വിമുക്തി നേടിയ രോഗികളിൽ നടത്തിയ പഠനത്തിൽ 29.4 ശതമാനം ആൾക്കാരും 140 ദിവസത്തിനുള്ളിൽ തിരിച്ച് ഹോസ്പിറ്റലുകളിൽ അഡ്മിറ്റാക്കപ്പെടുകയും 12.3 ശതമാനം പേരും മരണത്തിന് കീഴടങ്ങിയതായും കണ്ടെത്തി . അതായത് കോവിഡ മുക്തരായവരിൽ എട്ടിൽ ഒരാൾ മരണത്തിന് കീഴടങ്ങി എന്ന ഞെട്ടിപ്പിക്കുന്ന കണക്ക് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത് .
കോവിഡ്-19 അതിജീവിച്ചവരിൽ പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത കരൾ വൃക്ക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതകളിലേയ്ക്കാണ് പഠനം വിരൽചൂണ്ടുന്നത്. കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടത്തപ്പെട്ട ഏറ്റവും വലിയ പഠനം ആണിതെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൈമറി കെയർ ഡയബറ്റിസ് ആൻഡ് വാസ്കുലർ മെഡിസിൻ പ്രൊഫസറുമായ കമലേഷ് കമലേഷ് പറഞ്ഞു. കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടത്തപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈറസ് ടെസ്റ്റ് നടത്തി 28 ദിവസത്തിനുള്ളിൽ മരിക്കുന്ന രോഗികളെ മാത്രമേ നിലവിൽ കോവിഡ്-19 മരണങ്ങളായി സർക്കാർ കരുതുന്നുള്ളൂ. എന്നാൽ കോവിഡ് മൂലമുള്ള മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ ഇവയ്‌ക്കെല്ലാം അപ്പുറമാണ് എന്ന സത്യത്തിലേയ്ക്കാണ് ഈ പഠനങ്ങൾ വിരൽചൂണ്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ആദ്യകാല കുടിയേറ്റ സമയങ്ങളിൽ ജോലി കണ്ടുപിടിച്ചു ജീവിച്ചുപോന്ന മലയാളികൾ പലരും ഇന്നിപ്പോൾ ബിസിനസ് വളരെ ഭംഗിയായി കൊണ്ടുപോകുന്നു. കുടുംബ സാഹചര്യങ്ങൾ മാറുമ്പോൾ, കുഞ്ഞു കുട്ടികൾ ആകുമ്പോൾ രണ്ടു പേർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യങ്ങൾ, പിന്നീട് ഇവിടുത്തെ സാഹചര്യങ്ങളും നിയമങ്ങളും മനസ്സിലാക്കി ബിസിനസിൽ ഇറങ്ങിയവരാണ് യുകെയിലെ മിക്ക മലയാളി കച്ചവടക്കാരും. രണ്ടാമതൊരു കട ഏറ്റെടുത്ത മലയാളിയുടെ അനുഭവം ആണ് മലയാളം യുകെ പറയുന്നത്.
അയല്‍വാസികളില്‍ നിന്നുള്ള പരാതികള്‍ കൗൺസിലിൽ എത്തിയതിയോടെ സ്റ്റോറില്‍ നിന്നും വിൽക്കുന്ന മദ്യത്തിന്റെ വിൽപന സമയങ്ങളിൽ വെട്ടിക്കുറവ് വരുത്തുയിരിക്കുകയാണ്. മോര്‍ണിംഗ് ടണ്‍ റോഡിലെ സ്‌നിഡ് ഗ്രീന്‍ ഷോപ്പ്, മുന്‍ ഉടമസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും പിന്നീട് സമീപവാസികൾക്ക് ഒരു സ്ഥിരം തലവേദനയായി മാറുകയായിരുന്നു.
കടയിൽ എത്തി വാങ്ങുന്ന മദ്യം വഴിയിൽ വച്ചുതന്നെ അകത്താക്കുകയും ചെയ്യുന്നതോടെ ചെറുപ്പക്കാരുടെ കൂത്താട്ടം ആരംഭിക്കുകയായി. ഒഴിഞ്ഞ മദ്യക്കുപ്പി സമീപ വീടുകളിലേക്ക് വലിച്ചെറിയുകയും ഒച്ചപ്പാട് ഉണ്ടാക്കുകയും, അസഭ്യം പറയുകയും, കൂടുകളും ഒപ്പം ഭക്ഷണ അവശിഷ്ടങ്ങൾ റോഡിൽ വലിച്ചെറിയുകയും ചെയ്‌തതോടെ കുടുംബമായി താമസിക്കുന്ന കുടുംബങ്ങളുടെയും വൃദ്ധരുടെയും തലവേദനയായി മാറുകയായിരുന്നു. അങ്ങനെയാണ് അയൽവാസികൾ പരാതി കൗൺസിലിന് നൽകുന്നത്.
ഇതിനിടയിൽ ആണ് മലയാളിയായ ബിജു തമ്പി കട ഏറ്റെടുക്കുന്നത്. ഇതിന് മുൻപായി തന്നെ നിരവധി തവണ പോലീസ് ഇടപെടേണ്ടിവന്നിരുന്നു ഇവിടുത്തെ കുടിയൻമ്മാരായ ടീനേജുകാരെ നിലയ്ക്ക് നിർത്തുവാൻ. എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ സ്റ്റോറില്‍ മദ്യം വില്‍ക്കാനുള്ള അനുവാദത്തിനായി ശ്രമിച്ചെങ്കിലും സ്റ്റോക്ക്ഓണ്‍ട്രെന്റ് സിറ്റി കൗണ്‍സില്‍ പരാതികളുടെ അടിസ്ഥാനത്തിൽ ഇത് തടഞ്ഞു. ഉച്ചയ്ക്ക് 12 നും രാത്രി 9 നും ഇടയില്‍ മദ്യവില്‍പ്പന നടത്താനുള്ള അനുവാദം മാത്രമാണ് നൽകിയത്. കൂടാതെ സമീപ പ്രദേശങ്ങളിൽ വലിച്ചെറിയുന്ന ചപ്പ് ചവറുകൾ വൃത്തിയാക്കേണ്ട ചുമതലയും ഇവരുടെ തലയിൽ ആയി.
സാമൂഹിക വിരുദ്ധ പെരുമാറ്റവും കൗമാരക്കാര്‍ മദ്യം വാങ്ങുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരനായ ലിന്‍ ഹത്തോണ്‍ പറഞ്ഞതായി പ്രാദേശിക ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്‌തു.
വാര്‍ഡ് കൗണ്‍സിലര്‍ ജോവാന്‍ പവല്‍ബെക്കറ്റ് സമീപവാസികളുടെ ആശങ്കകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘മദ്യവില്‍പ്പന പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ദോഷകരമായ ഫലത്തെക്കുറിച്ച് എനിക്കറിയാം. ഇതുപോലുള്ള ഒരു സ്ഥലത്തെ സമാധാനാന്തരീക്ഷം നഷ്ടപെടുന്നതിന് ഇത് കാരണമാകും.’ ജോവാന്‍ അറിയിച്ചു. മദ്യത്തിന്റെ വിൽപ്പന സമയം കൂട്ടുന്നത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കാൻ കാരണമാകും എന്നാണ് സമീപ വാസികളുടെ നിലപാട്.
ഉടമയായ ബിജു തമ്പി ഇതിനകം ബ്ലൈത്ത് ബ്രിഡ് ജില്‍ ഒരു ഷോപ്പ് നടത്തുന്നുണ്ട്. ഏകദേശം മൂന്ന് വര്‍ഷമായി ബ്ലൈത്ത് ബ്രിഡ് ജില്‍ ഒരു ഷോപ്പ് നടത്തിവരുന്ന അദ്ദേഹം, മാനേജുമെന്റുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതിനകം നല്ല പരിചയം കട നടത്തിപ്പുമായി ഉണ്ടെന്നും പ്രതികരിച്ചു.
പ്രായമുള്ള കൂട്ടുകാരെ ഉപയോഗിച്ച് മദ്യം കരസ്ഥമാക്കുന്ന ടീനേജുകാർ ഇവിടെ നിന്ന് തന്നെ മദ്യം വാങ്ങിക്കുകയും അത് അവിടെ വച്ച് കഴിച്ച് ആരോഗ്യം കളയുന്ന പ്രവണത കൂടി വരുകയാണ് . ഇത്തരത്തിൽ വിവേക രഹിതമായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂത്താട്ടത്തിന് വില നൽകേണ്ടിവരുന്നത് മലയാളി ഏറ്റെടുത്ത് നടത്തുന്ന കട എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . ആഹാര സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇത്തരം ക്ലീനിങ് പുതുമ ഉള്ളതല്ലെങ്കിലും ചെറിയ ഷോപ്പുകളായ ഓഫ് ലൈസൻസ് പോലെയുള്ള സ്ഥാപനങ്ങൾക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചെയ്യേണ്ടതായി വന്നിരുന്നില്ല . ഇങ്ങനെയുള്ള സാഹചര്യം വരുമ്പോൾ സ്‌ഥാപന ഉടമ കൂടുതൽ ജോലിക്കാരെ നിർത്തേണ്ടി വരികയും അത് കൂടുതൽ സാമ്പത്തിക ബാധ്യത ചെറിയ കടകൾക്ക് നൽകുകയും ചെയ്യും എന്നുള്ളതാണ് ഇതിന്റെ വിപരീതഫലം.
സ്വന്തം ലേഖകൻ
കോവിഡ് വാക്സിൻ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി ന്യൂ സൗത്ത് വെയിൽസ് പ്രതിനിധി ഗ്ലാഡിസ് ബെർജിക്ലിയൻ പൊതുജനങ്ങൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തുടങ്ങി. ചില പ്രദേശങ്ങളിൽ താമസിക്കുന്നവർ കോവിഡ് വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ചില റസിഡൻഷ്യൽ ഏരിയകളിലേയ്ക്കുള്ള പ്രവേശനം വിലക്കും. കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സാമ്പത്തികമായ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാനും, ബിസിനസ് മേഖലയ്ക്ക് ഉണർവുണ്ടാക്കാനും സഹായകരമാണെന്ന് ഗ്ലാഡിസ് പറഞ്ഞു.
‘ വിദേശരാജ്യങ്ങളിലേക്ക് സഞ്ചരിക്കാനോ, ഗവൺമെന്റ് സ്ഥാപനങ്ങൾ തൊഴിലിടങ്ങൾ എന്നിവ സന്ദർശിക്കാനോ കോവിഡ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കും. ചില സ്ഥലങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമ്പോൾ മറ്റിടങ്ങളിൽ അതത് സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം.
ആസ്ട്രാസെനെക്ക, ഫൈസർ, നോവാവാക്സ് എന്നിവയുമായി ഗവൺമെന്റ് സപ്ലൈ എഗ്രിമെന്റിൽ എത്തിച്ചേർന്നിട്ടുണ്ട്. വാക്സിനുകൾ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് ഗവൺമെന്റ് ഉടൻതന്നെ ചർച്ചകൾ നടത്തും. ഹൈ റിസ് ക് ഹോസ്പിറ്റാലിറ്റി ബിസിനസുകൾ, ഡിപ്പാർട്ട്മെന്റൽ ബിൽഡിങ്ങുകൾ, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ സർവീസ് എൻഎസ്‌ഡബ്ല്യു ഷോപ്പ്ഫ്രോണ്ടുകൾ എന്നിവ സന്ദർശിക്കാൻ വാക്സിൻ സ്വീകരിച്ചതിനു തെളിവ് കയ്യിൽ കരുതണം. വാക്സിൻ സ്വീകരിച്ചവരുടെ എൻ എച്ച് എസ് ആപ്പിൽ ഗ്രീൻ ടിക് ഉണ്ടാവുമെന്നും ഗ്ലാഡിസ് പറഞ്ഞു. മിക്ക തൊഴിലിടങ്ങളും, തൊഴിൽദാതാക്കളും വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറും.
അതേസമയം ഓസ്ട്രേലിയയിൽ വാക്സിനേഷൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സ്വമേധയാ തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഫൈസർ കോവിഡ് 19 വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വയോധികർ മരിച്ച സാഹചര്യം പരിശോധിച്ചുവരികയാണ്. 29 ഓളം പേർക്ക് സൈഡ് ഇഫക്റ്റുകൾ ഉണ്ടായതായി കണ്ടെത്തി. ഇതിൽ 13 പേരുടെ അവസ്ഥ ഗുരുതരമാണ്. ഇതിനെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും വിവരങ്ങൾ ലഭിച്ചാലുടൻ പൊതുജനത്തിനെ അറിയിക്കുമെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും ഹണ്ട് പറയുന്നു. കഴിഞ്ഞദിവസം വാക്സിൻ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് നടത്തിയ സർവ്വേയിൽ മുക്കാൽ ശതമാനത്തോളം പേരും സന്നദ്ധതയാണ് അറിയിച്ചത് എന്നത് തന്നെ ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ 70 വയസ്സിന് മുകളിലുള്ളവർക്കും ദുർബല വിഭാഗത്തിൽ പെട്ടവർക്കും പ്രതിരോധകുത്തിവെയ്പ്പിനായുള്ള കത്തുകൾ ഇന്നുമുതൽ നൽകി തുടങ്ങും. രാജ്യത്തിൻറെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് എടുക്കുന്നതിൻെറ ഭാഗമായി 4.6 ദശലക്ഷം ആളുകൾക്കാണ് വാക്‌സിനേഷൻ നൽകപ്പെടുക എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ 80 വയസിന് മുകളിലുള്ള 50 ശതമാനം ആളുകൾക്കും ഇതിനകം പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞു എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
യുകെയിൽ ഒരു മിനിറ്റിൽ 140 പ്രതിരോധകുത്തിവെയ്പ്പ് എന്ന നിരക്കിൽ വാക്സിനേഷൻ പുരോഗമിക്കുകയാണ് . ഇന്നുമുതൽ യുകെയിലേക്ക് വരുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെ മാത്രമേ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന തീരുമാനം ഗവൺമെൻറ് നേരത്തെ കൈക്കൊണ്ടിരുന്നു. പലരാജ്യങ്ങളിലും ജനിതകമാറ്റം വന്ന കൊറോണവൈറസ് ഉടലെടുക്കുന്നു എന്ന വാർത്തകളെ തുടർന്നാണ് യാത്രാ നിരോധനത്തിലേയ്ക്ക് നീങ്ങാൻ യുകെയെ പ്രേരിപ്പിച്ചത്.
ഫെബ്രുവരി 15നകം മുൻഗണനാക്രമത്തിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ഈ ലഷ്യത്തിലേയ്ക്ക് എത്തിച്ചേരാൻ പുതിയ 10 മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി രാജ്യത്ത് ഇന്ന് തുടക്കം കുറിക്കുകയാണ്.