ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കൊറോണ വൈറസിനെതിരായ കുത്തിവെയ്പ്പുകൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മുൻഗണനാക്രമത്തിലുള്ള എല്ലാവർക്കും ഫെബ്രുവരി 15 ഓടെ വാക്സിനേഷൻ നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് എഴുപത് വയസ്സിനു മുകളിലുള്ള ആർക്കെങ്കിലും ഇതുവരെ പ്രതിരോധകുത്തിവെയ്പ്പിനുള്ള ക്ഷണം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസുമായി ബന്ധപ്പെടാൻ നിർദേശംനൽകി. ഇതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. രാവിലെ 7 നും രാത്രി 11 നും ഇടയിൽ 119 എന്ന നമ്പറിലേയ്ക്ക് വിളിച്ചും ബുക്ക് ചെയ്യാൻ സാധിക്കും.
കോവിഡ് രോഗ വ്യാപനവും മരണനിരക്കും കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. കഴിഞ്ഞ 6 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കിനും രോഗവ്യാപനത്തിനുമാണ് ഇന്നലെ യുകെ സാക്ഷ്യംവഹിച്ചത്. ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം 333 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 14104 പേർക്കാണ് രോഗം പുതിയതായി ബാധിച്ചത്. കൊറോണ വൈറസിൻെറ രണ്ടാം തരംഗം കുറയുന്നതായി കണക്കാക്കുമ്പോഴും ആശുപത്രികളിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പു നൽകി. ഏകദേശം 30,000 പേരാണ് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് ബാധിച്ച് അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്തരിച്ച ക്യാപ്റ്റൻ ടോം മൂറിനെതിരെ ട്വീറ്റ് ചെയ്ത 35 കാരനെതിരെ കേസെടുത്ത് പോലീസ്. “ഫെബ്രുവരി 2ന് മരണമടഞ്ഞ ക്യാപ്റ്റൻ സർ ടോം മൂറിനെതിരെ ഫെബ്രുവരി 5 വെള്ളിയാഴ്ച ട്വീറ്റ് ചെയ്തതിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.” പോലീസ് സ് കോട്ട് ലൻഡ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 35 കാരനെ അറസ്റ്റ് ചെയ്യുകയും കുറ്റാരോപിതനാക്കുകയും ചെയ്തു. ഫെബ്രുവരി 17 ബുധനാഴ്ച ലാനാർക്ക് ഷെരീഫ് കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ സമയത്ത് ധനസമാഹരണത്തിലൂടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ ടോം മൂർ കഴിഞ്ഞ ആഴ് ചയാണ് കോവിഡ് ബാധിതനായി മരണമടഞ്ഞത്.
അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയും. ഒപ്പം ഡൗണിംഗ് സ്ട്രീറ്റ്റിന് മുകളിലുള്ള യൂണിയൻ പതാകകൾ പകുതി താഴ്ത്തികെട്ടുകയും ചെയ്തിരുന്നു. പിറ്റേദിവസം അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം കരഘോഷം മുഴക്കുകയുണ്ടായി. രാജ്യത്തിന്റെ ഈ ആദരവ് തങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചുവെന്ന് മൂറിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ വാക്സിനേഷൻ പ്രോഗ്രാമുകളെ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാനായി മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന കോവിഡ് വേരിയന്റുകളെ പ്രതിരോധിക്കാൻ കൂടുതൽ കർശനമായ നീക്കങ്ങളുമായി ബോറിസ് ജോൺസൺ. ഈ ആഴ്ച മുതൽ യുകെയിൽ എത്തുന്നവർ രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യണം. വീട്ടിലോ ഹോട്ടലുകളിലോ ക്വാറന്റൈൻ പൂർത്തിയാക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. പുതുതായി രാജ്യത്തേക്ക് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെ ടെസ്റ്റ് റിസൾട്ട് ഹാജരാക്കണമെന്ന് നിർബന്ധമാണ്.
പുറത്തു നിന്നെത്തുന്ന മറ്റ് വൈറസ് വേരിയന്റുകൾ വാക്സിനേഷൻ പ്രോഗ്രാമിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് നിയമങ്ങൾ കർശനമാക്കുന്നത്. വരുന്ന ശിശിരത്തിൽ മാറ്റം സംഭവിച്ച വൈറസുകളെ കൂടി പ്രതിരോധിക്കാൻ പാകത്തിൽ ആയിരിക്കും മൂന്നാംഘട്ട ബൂസ്റ്റർ ജാബ് എന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കൻ വേരിയന്റാണ് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക ഇമ്മ്യൂണൈസേഷനുകളെ പ്രതിരോധത്തിലാക്കി കൊണ്ട് യുകെയിൽ ഇപ്പോൾ കൂടുതൽ അപകടം വിതക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എഴുപത് വയസ്സിന് മുകളിലുള്ള 90% പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ 157 ഓളം പേർക്ക് മാത്രമാണ് ആഫ്രിക്കൻ വേരിയന്റുകൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ പറഞ്ഞു.
രാജ്യം ആരോഗ്യത്തിൻെറ വഴിയിലേക്ക് മടങ്ങിവരാൻ മുടക്കുന്നത് വലിയ വിലയാണ്, യാത്രക്കാരുടെ അസൗകര്യമാണ് അതിലെ പ്രഥമവും പ്രധാനവുമായത്. അതിനാൽ തന്നെ വൈറസിനോട് ഒളിച്ചുകളി നടത്താൻ ആവില്ലെന്നും, അപകടം വരുത്താതിരിക്കാൻ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത ഹിമപാതത്തിനും മൈനസ് 7 ഡിഗ്രി തണുപ്പിനും 50 എംപിഎച്ച് കൊടുങ്കാറ്റിനും വഴിവെച്ച ഡാർസി കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചു. റെയിൽ ക്യാൻസലേഷനുകൾക്കും, വാഹന അപകടങ്ങൾക്കും വഴിവച്ച കാറ്റ് നിരവധി വാക്സിൻ സെന്ററുകൾ അടച്ചിടാൻ കാരണമായി. ഇംഗ്ലണ്ടിനെയും സ്കോട്ട്ലാൻഡിനെയും മഞ്ഞിൽ മുക്കിയ കാലാവസ്ഥ ഉക്രൈനിൽ നിന്നും കൊടുംതണുപ്പുമായാണ് എത്തിയത്.
ഈസ്റ്റ് ആംഗ്ലിയയുടെ വലിയ കോവിഡ് വാക്സിൻ സെന്ററുകൾ അടഞ്ഞുകിടന്നു. യുകെയുടെ കിഴക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പവർ കട്ടും സിഗ്നൽ ബ്രേക്കുകളും പ്രതീക്ഷിക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡുകൾ മഞ്ഞിൽ പുതഞ്ഞതിനാൽ 350ഓളം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആമ്പർ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച 10 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ ഉയരാമെന്നു നെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ കുറഞ്ഞു തുടങ്ങാനാണ് സാധ്യത.
പലയിടങ്ങളിലും കാഴ്ച മങ്ങിയതുമൂലം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ അപകട സാധ്യത മുന്നിൽ കണ്ട് യാത്രക്കാർ കാറുകൾ വഴിയിലുപേക്ഷിച്ചു. നയനമനോഹരമായ കാഴ്ചകളും സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ ഡാർസി മടങ്ങിയത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ കുറവായിരുന്നു കാരണം പല രാജ്യത്തുനിന്നും ഉള്ളവർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുടിയേറ്റം. യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക എന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ എടുത്ത തീരുമാനത്തെത്തുടർന്നായിരുന്നു ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റങ്ങൾ. 500 പരം മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ളത്.
എന്നാൽ ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒരു 2006 ആവർത്തിക്കുന്നു. ഒരുപക്ഷെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ ഒന്നിച്ചെത്തിയ വർഷമായിരുന്നു 2006. യുകെ യുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി എത്തിയ മലയാളി നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ വർഷം. അന്ന് അറിയപ്പെട്ടിരുന്നത് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ… 2006 ഇവിടെ നടത്തിയ അഡാപ്റ്റേഷൻ കോഴ്‌സിന് ഇന്റർവ്യൂ പാസായി എത്തിയവർ 40 പേർ… അതിൽ 36 പേരും മലയാളികൾ ആയിരുന്നു.. സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിൽ 6000 ത്തിൽപരം ജീവനക്കാരും 1328 ബെഡുകളും ആണ് ഇപ്പോൾ ഉള്ളത്.
വർഷം 15 പിന്നിടുമ്പോൾ 2021 വീണ്ടും ഒരു മലയാളി കുടിയേറ്റത്തിന് വഴിയൊരുങ്ങി. കൊറോണയെന്ന മഹാമാരിയിൽ ലോകത്തിന്റെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചപ്പോൾ യുകെയിൽ പൊലിഞ്ഞത് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ മനുഷ്യ ജീവനുകൾ… ആരോഗിയ പ്രവർത്തകരുടെ വിലയറിഞ്ഞ ലോക സമൂഹം… യുകെയിലെ പല ആശുപത്രികളും നഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം പരുങ്ങലിൽ ആയ സമയങ്ങൾ… കുറവ് പരിഹരിക്കാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇപ്പോൾ ഭൂരിപക്ഷവും മലയാളി നഴ്സുമാർ ഉൾപ്പെടുന്ന ഒരു ഇൻഡ്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റത്തിനാണ് വഴി തുറന്നിരിക്കുന്നത്.
കുറെ വർഷങ്ങളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ആയിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നേഴ്‌സുമാരെ എത്തിച്ചിരുന്നത്. എന്നാൽ അത് പഴയതുപോലെ വിജയകരമാകുന്നില്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ഇതിനകം തന്നെ മലയാളി നഴ്സുമാരുടെ അപ്പർണമനോഭാവത്തെ ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. മലയാളി നഴ്സുമാരുടെ പ്രാവീണ്യത്തെ പ്രകീർത്തിച്ചു ബിബിസിയും എം പി മാരും രംഗത്തെത്തിയത് ഇപ്പോഴത്തെ മനമാറ്റത്തിന് പ്രേരകമായി എന്ന് വേണം കരുതാൻ.
ഈ വർഷത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിൽ എത്തുന്നത് നൂറോളം ഇൻഡ്യൻ നഴ്സുമാരാണ് എന്ന വാർത്തയാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഇന്റർവ്യൂ പാസ്സായ 42 നേഴ്‌സുമാർ ഈ വരുന്ന ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ എത്തിച്ചേരുന്നു. ആശുപത്രിയുടെ ബോർഡ് മീറ്റിംഗിങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി ബുള്ളോക്ക് ആണ് വിദേശ നഴ്സുമാരുടെ വരവിനെക്കുറിച്ചുള്ള വിവരം നൽകിയത്. ഇന്റർവ്യൂ തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.
നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ പ്രാദേശികമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടെത്തിയില്ല. പ്രാദേശിക യൂണിവേഴ്സിറ്റി, നഴ്സസ് ബാങ്ക്, പ്രാദേശിക ഇന്റർവ്യൂ എന്നിവക്കൊന്നും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ്ണത നേടിയില്ല. സീനിയർ കെയറർ മാരായി ജോലിചെയ്തിരുന്ന ഒരുപിടി മലയാളികൾ ഓ ഇ ടി തുടങ്ങിയ പരിശീലങ്ങളിൽകൂടി നഴ്സുമാരായി ഇപ്പോൾ ജോലി ചെയ്തുവരുന്നു. കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. അതിനുള്ള ഫണ്ടും ലഭ്യമാണ് എന്നും അറിയിക്കുകയുണ്ടായി. ഇത്രയും ചെയ്‌തിട്ടും കൊറോണയിൽ സ്റ്റാഫ് പ്രതിസന്ധി കുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിതരായത്.
ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞതിങ്ങനെ.. തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ അസാമാന്യ കഴിവുള്ളവരും അവരുടെ ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും ഒപ്പം നേഴ്സിങ്ങിനെക്കുറിച്ചുള്ള അറിവും നേരിട്ട് ബാൻഡ് 6 നഴ്‌സ് പദവിക്ക് അർഹരാണ് എന്നാണ് പറഞ്ഞത്.
ചീഫ് നേഴ്സ് പറഞ്ഞതിങ്ങനെ.. വാർഡ് മാനേജർമ്മാർ രോഗികളുടെ സുരക്ഷക്കായി ചെയ്യാവുന്നതിനിന്റെ അപ്പറവും ചെയ്‌തിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും വേണ്ട നഴ്സുമാരുടെ അനുപാതം നിലനിർത്താൻ സാധിച്ചില്ല എന്നും വിലയിരുത്തി. ഒരു നേഴ്സിന് എട്ട് രോഗികൾ എന്ന അനുപാതം എല്ലാ വാർഡുകളിലും എല്ലാ സമയത്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയുണ്ടായി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ നഴ്സുമാരെ സഹായിക്കാനായി മിലിട്ടറി നഴ്സുമാരും, കൗൺസിൽ വോളന്റിയേഴ്‌സും ആശുപത്രിൽ എത്തിച്ചേരുന്നു.
email – [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനതോത് ഉയരുന്നതിലൂടെ കോവിഡ് ഭീതിയിലേക്ക് വീണ്ടും അടുക്കുകയാണ് രാജ്യം. പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്ന പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കർശന നിയന്ത്രണങ്ങളോടു കൂടിയുള്ള ലോക്ക്ഡൗൺ ബ്രിട്ടനിൽ ഏർപ്പെടുത്തുകയുണ്ടായി. വാക്സിനും ലോക്ക്ഡൗണും സാധാരണ ജീവിതം തിരികെകൊണ്ടുവരുന്നതിന് കാരണമാകുമെന്ന ശുഭാപ്തി വിശ്വാസം ഓരോ പൗരനുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 10 മില്യണിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയ ബ്രിട്ടീഷ് വാക്സിനേഷൻ പ്രോഗ്രാമിൽ നിന്നാണ് ഈ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്. കൂടാതെ ഈ വർഷം അവസാനം മുഴുവൻ മുതിർന്ന ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്നുണ്ട്. ദേശീയ ലോക്ക്ഡൗണിന്റെയും വിജയകരമായ വാക്സിൻ പ്രോഗ്രാമിന്റെയും പശ്ചാത്തലത്തിൽ, കോവിഡ് മരണങ്ങൾ, ആശുപത്രി പ്രവേശനം, ദൈനംദിന കേസുകൾ എന്നിവ ഏപ്രിൽ അവസാനത്തോടെ കുറയുമെന്ന് മിക്ക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. സ്‌കൂളുകളും സർവ്വകലാശാലകളും വീണ്ടും തുറക്കും. ഒപ്പം യാത്രാ ഇളവുകളും ഉണ്ടായേക്കും.
എന്നാൽ വാക്സിനേഷൻ പ്രോഗ്രാം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ മാത്രമേ ഇതൊക്കെയും സാധ്യമാകൂ. സ്കൂളുകൾ വീണ്ടും തുറക്കുന്നതാണ് മറ്റൊരു പ്രധാന ആശങ്ക. ഇത് കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മെയ് 6 ന് നടക്കുന്ന പ്രാദേശിക, സ്കോട്ടിഷ് തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിനായി എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്യണമെന്ന് ടോറി പാർട്ടിയുടെ വലതുപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തിനെതിരെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വികാസവും വ്യാപനവുമാണ് മിക്ക ശാസ്ത്രജ്ഞരുടെയും ഏറ്റവും വലിയ ആശങ്ക. ഇതൊരു പേടിസ്വപ്നമാണവർക്ക്. ഈ സാഹചര്യമനുസരിച്ച്, പുതിയതും ഭയപ്പെടുത്തുന്നതുമായ വകഭേദങ്ങൾ തുടർന്നും പ്രത്യക്ഷപ്പെടുകയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ജീവിതം മെച്ചപ്പെടാൻ സാധ്യതയില്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണവൈറസ് തുടച്ചുനീക്കാൻ എല്ലാവരിലേയ്ക്കും പ്രതിരോധകുത്തിവെയ്പ്പ് എത്തിക്കുക എന്ന മഹാ യജ്ഞത്തിലാണ് രാജ്യം. അനധികൃത കുടിയേറ്റക്കാർക്ക് എങ്ങനെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകാൻ സാധിക്കും എന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു . നടപടികളെ ഭയന്ന് പ്രതിരോധ കുത്തിവെയ്പ്പിനായി അനധികൃത കുടിയേറ്റക്കാർ മുന്നോട്ടു വരില്ല എന്നതായിരുന്നു ഏറ്റവും വലിയ തടസ്സം. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ടു വരുന്ന അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകാൻ പദ്ധതി തയ്യാറാക്കുകയാണ് ഹോം ഓഫീസ്.
ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല . അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 1.3 മില്യൺ അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലുള്ളത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ രജിസ്റ്റർ ചെയ്യുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ഹോം ഓഫീസ് ഒരു നടപടിയും സ്വീകരിക്കില്ല. വൈറസിനെ തുടച്ചുനീക്കാൻ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടതുണ്ടെന്ന പൊതു തത്വത്തെ മുൻനിർത്തിയാണ് ഈ നടപടി.
ഇതിനിടെ ശനിയാഴ്ച നൽകിയ 550,000 പ്രതിരോധകുത്തിവെയ്പ്പുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ഒരു ഡോസ് എങ്കിലും നൽകാൻ സാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 15-നകം മുൻഗണനാ ഗ്രൂപ്പുകളിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാനാണ് യുകെ ലക്ഷ്യമിടുന്നത്. ഇന്നലെ രാജ്യത്തെ 373 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .യുകെയുടെ പ്രതിദിന കോവിഡ് വ്യാപനം കുറയുന്നതിൻെറ സൂചനകൾ കണ്ടു തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ 15845 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക ജീവിതത്തിൽ ഒട്ടും ഒഴിവാക്കാനാവാത്ത ഘടകമാണ് ഇൻറർനെറ്റ്. അതിനാൽ തന്നെ ഇൻറർനെറ്റ് സേവന ദാതാക്കൾ ഉപഭോക്താവ് നൽകുന്ന തുകയ്ക്ക് തുല്യമായ മികച്ച സേവനം നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ മുൻനിരയിലുള്ള കമ്പനികൾ പോലും ഉപഭോക്താവിനെ എങ്ങനെ പിഴിയാം എന്നതിലാണ് ശ്രദ്ധ. എന്നാൽ ഇതിനൊരു പരിഹാരം കാണാനാണ് ബ്രോഡ്ബാൻഡ് സേവനദാതാക്കളുടെ റെഗുലേറ്ററി ബോഡിയായ ഓഫ് കോമിൻെറ ശ്രമം.
ഉപഭോക്താവിന് തൻറെ ബ്രോഡ്ബാൻഡ് സേവനദാതാവിനെ മാറ്റാനുള്ള പ്രക്രിയ വളരെ ലളിതമാക്കി മത്സരക്ഷമത വളർത്തിയാണ് ബ്രോഡ്ബാൻഡ് സേവനം മികച്ചതും ചിലവുകുറഞ്ഞതുമാക്കാൻ ഓഫ്കോമ് ശ്രമിക്കുന്നത്. മുൻപ് ഉപഭോക്താക്കൾക്ക് തൻെറ മൊബൈൽ ഫോൺ സേവനം നൽകുന്ന കമ്പനിയിൽ നിന്ന് മാറി മറ്റൊരു കമ്പനിയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ലളിതമാക്കിയ നീക്കം വിജയം കണ്ടിരുന്നു. യുകെയിലെ 40 ശതമാനം വരുന്ന ബ്രോഡ്ബാൻഡ് ഉപഭോക്താക്കളും തങ്ങളുടെ സേവനദാതാവിനെ മാറ്റാത്തത് സ്വിച്ചിങ് എളുപ്പമല്ലാത്തതിനാലാണ്. ഇതൊരു അവസരമായി കണ്ട് പല മുൻനിര കമ്പനികളും കരാർ കാലാവധി കഴിയുമ്പോൾ ബ്രോഡ്ബാൻഡിൻെറ മാസവരി ഇരട്ടിയിലധികം ആക്കാറുണ്ടായിരുന്നു. എന്തായാലും ഓഫ് കോമിൻെറ പുതിയ നീക്കം പൊതുജനങ്ങൾക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിനെതിരെ നടക്കുന്ന പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലാണ് ഇപ്പോൾ ലോകം മുഴുവൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. എന്നാൽ ജനിതക മാറ്റം വന്ന വൈറസ് ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കും എന്ന ഭയപ്പാടിലാണ് ബ്രിട്ടൺ. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ദക്ഷിണാഫ്രിക്കൻ വേരിയന്റിനെതിരെ ഓക്സ്ഫോർഡ് വാക്സിൻെറ ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തലാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസിനെതിരെ ഓക്സ്ഫോർഡ് വാക്സിൻ എത്രമാത്രം ഫലപ്രദമാണെന്ന് നടത്തിയ പഠനത്തിലാണ് ആഗോള വാക്സിനേഷൻ നടപടികളെ ഭയപ്പെടുത്തുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
എന്നാൽ ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റ് മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഓക്സ്ഫോർഡ് വാക്സിൻെറ നിർമ്മാതാക്കൾക്ക് ആത്മവിശ്വാസമുണ്ടെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു. 2026 പേരിൽ നടത്തിയ ചെറിയ പഠനമായതിനാൽ വാക്‌സിൻെറ ഫലത്തെ കുറിച്ച് അറിയാൻ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അപര്യാപ്തമാണെന്നതായിരുന്നു വാക്‌സിൻ നിർമാണത്തിൽ പങ്കാളികളായിരുന്ന അസ്ട്രസെനെക്കയുടെ പ്രതികരണം. ദക്ഷിണാഫ്രിക്കൻ വേരിയന്റിനെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ വാക്‌സിനായി ഗവേഷകർ പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക വാക്‌സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബർട്ട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുട്ടികളെ സ്കൂളിലേക്ക് അയക്കുവാനായി തങ്ങളുടെ ജോലി കാര്യത്തിൽ കള്ളം പറഞ്ഞ് മാതാപിതാക്കൾ. നിലവിൽ ‘ കീ വർക്കേഴ്സിന്റെ ‘ കുട്ടികളെ മാത്രമാണ് സ്കൂളിലേക്ക് അയക്കുവാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥമായി സ്കൂളിൽ വരുന്ന കുട്ടിയുടെ മാതാപിതാക്കൾ കീ വർക്കേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണോ എന്ന് ചെക്ക് ചെയ്യുവാൻ സ്കൂൾ അധികൃതർ നിർബന്ധിക്കപ്പെടുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലണ്ടിൽ, രണ്ടായിരത്തോളം വരുന്ന സ്കൂളുകളിൽ 40 ശതമാനത്തോളം വിദ്യാർഥികളും ക്ലാസ്സുകളിൽ എത്തുന്നുണ്ട്. എന്നാൽ യഥാർഥമായ കീ വർക്കേഴ്സിന്റെ കുട്ടികൾക്ക് സ്കൂളുകളിൽ വരാൻ സാധിക്കുന്നില്ല. തന്മൂലം ഇത്തരം മാതാപിതാക്കൾക്ക് തങ്ങളുടെ ജോലി രാജിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണ്. എന്നാൽ കുറെയധികം മാതാപിതാക്കൾ കള്ളം പറഞ്ഞ് തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയക്കുന്നതായും അധികൃതർ കണ്ടെത്തി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കുട്ടികളെ പരമാവധി വീടുകളിൽ തന്നെ നിർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി, സ്കൂളുകൾ മാതാപിതാക്കളുടെ ജോലി ചെക്ക് ചെയ്യുവാനായി നിർബന്ധിക്കപ്പെടുകയാണ്. എന്നാൽ ഗവൺമെന്റിന്റെ തീരുമാനത്തെ എല്ലാവരും മാനിക്കണമെന്ന അഭ്യർത്ഥന അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
യഥാർത്ഥമായി കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയും കാണണമെന്നും, ജോലികാര്യത്തിൽ കള്ളം പറഞ്ഞ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പ്രവണത നിർത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.