ഡോ. ഐഷ വി

എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീ ലക്ഷ്മി അച്ഛാമ്മയായിരുന്നു. ലക്ഷ്മി അച്ഛാമ്മയ്ക്ക് ഇരുട്ടിനേയോ ദൂരത്തേയോ അപവാദത്തേയോ നിയമവ്യവസ്ഥയേയോ ഒന്നും ഭയമില്ലായിരുന്നു. ഒരു പക്ഷേ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയതു കൊണ്ടാകാം ലക്ഷ്മി അച്ഛാമ്മയക്ക് ഇത്രയും കരുത്ത് വന്നത്. ” തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നാണല്ലോ പ്രമാണം. ഇക്കാലത്ത് സ്ത്രീകൾ നിരന്തരം പീഡിപ്പിയ്ക്കപ്പെടുകയും, ഭർത്തൃ വീട്ടിലോ സമൂഹത്തിലോ അടിച്ചമർത്തപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യുമ്പോൾ അതിജീവനത്തിന്റേയും നിരന്തര പോരാട്ടത്തിന്റേയും മകുടോദാഹരണമായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ജീവിതം. ഓരോ പോരാട്ടത്തിലും ശരിയും തെറ്റുമുണ്ടാകാം നീതിയും നീതികേടുമുണ്ടാകാം, ധാർമ്മികതയും അധാർമ്മികതയുമുണ്ടാകാം എന്നിരുന്നാലും ഈ പെൺകരുത്തിനെ സ്മരിക്കാതെ വയ്യ.

നാട്ടുവാഴി തറവാട്ടിൽ നീലമ്മയുടേയും ഈശ്വരന്റേയും മകളായി 120 വർഷം മുമ്പ് ജനനം. നീലമ്മയുടെ സഹോദരൻ കൊച്ചു പത്മനാഭനായിരുന്നു തറവാട്ടു കാരണവർ. 150 ഏക്കറിലധികം വസ്തുവകകൾ ഉണ്ടായിരുന്ന കാരണവർ അനന്തരവളെ പരവൂരിലുള്ള അതിസമ്പന്നമായ കുടുംബത്തിലെ രാമനുമായി വിവാഹം നടത്തി അയച്ചു. രാമൻ തന്റെ ജ്യേഷ്ഠനുമൊത്ത് പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം( പങ്ക് കച്ചവടം) നടത്തിയിരുന്നു. കച്ചവടത്തിൽ ജ്യേഷ്ഠന്റെ ചതി അനുജൻ മനസ്സിലാക്കിയിരുന്നില്ല. പാർട്ണർഷിപ്പിൽ ലയബിലിറ്റി കൂടുതൽ ആയിരിയ്ക്കും കമ്പനിയാണെങ്കിൽ ലയബിലിറ്റി കുറവായിരിയ്ക്കും എന്നൊക്കെ കോമേഴ്സ് വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യങ്ങൾ രാമനോ ഒരു നൂറ്റാണ്ട് മുമ്പ് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന ലക്ഷ്മി അച്ഛാമ്മയോ ഗ്രഹിച്ചിരുന്നില്ലെന്ന് രത്‌ന ചുരുക്കം. ഫലം , രാമനും ഭാര്യയും ജ്യേഷ്ഠന്റെ ചതിയിൽ പാപ്പരാക്കപ്പെട്ട് കുടുംബത്തിൽ നിന്നും കച്ചവടത്തിൽ നിന്നും പുറത്തേയ്ക്ക്. ഒരർത്ഥത്തിൽ പറഞ്ഞാൽ രാമായണത്തിലെ രാമന് ഭാര്യ സീതയുമൊത്ത് വനവാസത്തിന് പോകേണ്ടി വന്നതു പോലത്തെ അവസ്ഥ.

തറവാട്ടിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോരാൻ ലക്ഷ്മി അച്ഛാമ്മയുടെ ആത്മാഭിമാനം അനുവദിച്ചില്ല. അതിനാൽ തന്നെ പരവൂരിൽ ഒരു ചായക്കട നടത്തി പൂജ്യത്തിൽ നിന്നും ജീവിതം കരുപിടിപ്പിയ്ക്കാനായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ശ്രമം. ആകെ അഞ്ച് മക്കളായിരുന്നു ലക്ഷ്മി അച്ഛാമ്മയക്ക്. മൂന്ന് പെണ്ണും രണ്ടാണും. ഭർത്താവ് രാമന് കടുത്ത പ്രമേഹം ബാധിക്കുക കൂടി ചെയ്തതോടെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാൻ കഴിയാതെയായി. അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് പരവൂരിലെത്തിയ കാരണവർ ലക്ഷ്മി അച്ഛാമ്മയും കുടുംബവും കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണാനിടയായി. കൊച്ച് കഷ്ടപ്പാടിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ കാരണവർ അവരെ ചിറക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോന്നു.

പിന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ലക്ഷ്മി അച്ഛാമ്മയുടെ പോരാട്ട കാലം. അനുഭവമെന്ന ഗുരുവിൽ നിന്നും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടാനായതിന്റെ പതിന്മടങ്ങ് വിവരം അവർ സ്വായത്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് നെൽകൃഷിയുള്ളവർക്ക് സുഭിക്ഷമായി അരിയാഹാരം കഴിക്കാം അല്ലാതുള്ളവർക്ക് അന്നജം ലഭിക്കാൻ മരച്ചീനിയും മാംസ്യം ലഭിക്കാൻ മീനുമായിരുന്നു ആശ്രയം. അരിയാഹാരം കഴിക്കാൻ ആഗ്രഹിച്ച ലക്‌ഷ്മി അച്ചാമ്മ പാർവത്യാരുടെ വീട്ടിൽ രാത്രിയോ കൊച്ചു വെളുപ്പാൻ കാലത്തോ എത്തുന്ന നെല്ല് സഹായികളായ സ്ത്രീകളെയും കൂട്ടിപ്പോയി രാത്രിയോ പകലോ എന്ന് നോക്കാതെ തലച്ചുമടായി കൊണ്ടുവന്നു. പുഴുങ്ങിയുണക്കി ഉരലിൽ ഈച്ചാടി കുത്തി അരിയാക്കി. വിൽക്കാൻ വേണ്ടി ചെയ്താൽ തിന്നാൻ വേണ്ടി കിട്ടും എന്നതായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ സാമ്പത്തിക ശാസ്ത്രം. കൂടാതെ ഏത് ബിസിനസ്സിന്റേയും ലാഭം എത്രയളവിൽ ഉത്പാദിപ്പിക്കുന്നു – എന്നതിനെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന മാനേജ്മെന്റ് തന്ത്രവും അവർ മനസ്സിലാക്കിയിരുന്നു. ജോലിക്കാരെ ഒരിക്കലും പിണക്കാതെ നയത്തിൽ നിർത്തി കാര്യങ്ങൾ നടപ്പിലാക്കുന്ന മനുഷ്യവിഭവശേഷി വിദഗ്ധ കൂരോഹിണിമകളായടിയായിരുന്നു അവർ. ഈ നയം അപ്പച്ചിയ്ക്ക് കൂടി കിട്ടിയിരുന്നു. ഇവർ മനുഷ്യ വിഭവശേഷി കൃത്യമായും വിദഗ്ധമായും മാനേജ് ചെയ്യുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

നെല്ലുകുത്തി വിൽക്കുന്നത് കൂടാതെ ബന്ധുക്കളായ ആലപ്പുഴക്കാരുടേയും തിരുവനന്തപുരത്തുകാരുടേയും വസ്തുവകകൾ കൂടി ലക്ഷ്മി അച്ചാമ്മ നോക്കി നടത്തിയിരുന്നു. അതിനാൽ തന്നെ കുറെ പണിക്കാർ ലക്ഷ്മി അച്ചാമ്മയെ ആശ്രയിച്ച്‌ ജീവിച്ചിരുന്നു. ഇങ്ങനെ വസ്തുവകകൾ നോക്കി നടത്തിയിരുന്നതിനാൽ ഇടയ്ക്കിടെ ആലപ്പുഴ യാത്രയും തിരുവനന്തപുരം യാത്രയും ചെയ്യേണ്ടി വന്നിരുന്നു. യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് കൊച്ചു വെളുപ്പാൻ കാലത്തേ തന്നെ ഓലച്ചൂട്ട് കത്തിച്ചിറങ്ങി കിലോമീറ്ററുകൾ അകലെയുള്ള ബസ് സ്റ്റോപ്പിലെത്തണം. തിരിച്ചും അതുപോലെ രാത്രിയായിരിയ്ക്കും മടക്കം. ലക്ഷ്മി അച്ചാമ്മയുടെ സഹോദരിമാർ ഉൾപ്പടെ സമപ്രായക്കാരായ ആ കാലഘട്ടത്തിലെ സ്ത്രീകൾ പുരുഷന്റെ നിഴലായി വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോഴായിരുന്നു ഇത്തരം യാത്രകൾ. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാരിരുമ്പിന്റെ കരുത്തുള്ള മനക്കരുത്തുള്ള സ്ത്രീയായി മാറുകയായിരുന്നു. ഒരു പൂവാലനും അവരുടെ പിറകെ കൂടിയില്ല. ആരും കമന്റടിച്ചില്ല. ഒരപവാദ പ്രചരണവും നടത്തിയില്ല. പ്രായം ഏറി വന്നപ്പോൾ ” കീഴതിലമ്മയെ”ന്ന് ആളുകൾ ബഹുമാനപുരസരം വിളിച്ചു പോന്നു.

എന്റെ കുട്ടിക്കാലത്ത് ഞാൻ ലക്ഷ്മി അച്ചാമ്മയോട് രാത്രിയുള്ള യാത്രകളിൽ പേടിയാകില്ലേയെന്ന് ഒരിക്കൽ ചോദിച്ചു. അപ്പോഴാണവർ മഴയുള്ള ഒരമാവാസി രാവിലെ യാത്രയെ കുറിച്ച് എന്നോട് പറഞ്ഞത്. വെളിച്ചത്തിന് വേണ്ടി ചൂട്ടും കെട്ടി പോവുകയായിരുന്നല്ലോ പതിവ്. മഴ കാരണം ചൂട്ടണഞ്ഞു പോയി. കുറ്റാകുറ്റിരുട്ട്.. ഒന്നും കാണാൻ വയ്യ. അന്നൊക്കെ പറമ്പുകൾ വൃത്തിയായും കയ്യാലകൾ ആണ്ടോടാണ്ട് കോരി മിനുക്കി ഇടുന്ന പതിവ് ആളുകൾക്കുണ്ടായിരുന്നു. അങ്ങനെ നാട്ടുവഴിയുടെ ഓരം ചേർന്ന് കയ്യാല തപ്പി തപ്പി നടന്ന ലക്ഷ്മി അച്ചാമ്മ ചെന്ന് പെട്ടത് ഒരാനയുടെ അടുത്താണ്. കയ്യാലയെന്ന് കരുതി ആനയെ പിടിച്ചപ്പോൾ അത് അനങ്ങുന്നു. ആന ഉപദ്രവിച്ചില്ല. അങ്ങനെ ലക്ഷ്മി അച്ചാമ്മ രക്ഷപെട്ടു. ഇക്കഥ കേട്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരി മമ്മൂഞ്ഞിനെയാണ് എനിക്കോർമ്മ വന്നത്. മറ്റൊന്ന് കള്ളന്മാർ വന്ന ദിവസം പുറത്തിറങ്ങി നോക്കിയതാണ്. സ്വയരക്ഷയ്ക്കായി കൈയ്യിൽ കരുതുന്ന വടിയുമായി പുറത്തിറങ്ങിയ ലക്ഷ്മി അച്ഛാമ്മ കണ്ടത് വീടിന്റെ ഭിത്തിയിൽ ചേർന്ന് ശ്വാസം പോലും വിടാതെ നിൽക്കുന്ന രണ്ട് കള്ളന്മാരെയാണ്. ലക്ഷ്മി അച്ചാമ്മ അവരെ ഉപദ്രവിക്കാതെ വീടിനകത്തേയ്ക്ക് കയറിപ്പോയി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.