Main News

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ നിത്യജീവിതത്തിലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇംഗ്ലണ്ട്. പുതിയ ത്രീ ടയർ സംവിധാന പ്രകാരം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതും, പബ്ബുകളിൽ സമയം ചെലവഴിക്കുന്നതും തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഗവൺമെന്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കൗൺസിലുകളെ മീഡിയം, ഉയർന്നത്, വളരെ ഉയർന്നത് എന്നീ തീവ്രത മേഖലകളാക്കി തിരിച്ചു കഴിഞ്ഞു. എന്നാൽ ഏതൊക്കെ മാനദണ്ഡങ്ങൾ ഉപയോഗിച്ചിട്ടാണ് ഈ തരംതിരിവ് എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

വർദ്ധിച്ച അളവിൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നസ്ഥലങ്ങൾ വളരെ ഉയർന്ന തീവ്രത ഈ മേഖലയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന പിഴവ്. ആഴ്ചകൾക്കുമുമ്പ് മാഞ്ചസ്റ്ററിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനത്തായിരുന്നു, അന്ന് ലിവർപൂളിലെ നോവ്സ് ലിയാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം, എന്നാൽ ആ മേഖല ഉയർന്ന തീവ്രത ടയറിൽ ഉൾപ്പെടുത്തിയെങ്കിലും, മാഞ്ചസ്റ്റർ പുറത്താണ്.

എന്തുകൊണ്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ രണ്ടാമത്തെ ടയറിലും, താരതമ്യേന കുറഞ്ഞ എണ്ണമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകൾ തീവ്രത കൂടുതലുള്ള ടയറിലും ഉൾപ്പെടുത്തിയതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ:
1) കൊറോണവൈറസ് കേസുകളുടെ എണ്ണം അവയിലെ വർദ്ധനവ്.
2) പോസിറ്റിവിറ്റി റേറ്റ്, അഥവാ ടെസ്റ്റ് ചെയ്യപ്പെടുന്ന കേസുകളിൽ പോസിറ്റീവ് ആകുന്നവയുടെ എണ്ണം.
3) എൻ എച്ച് എസ്സിൻ മേലുള്ള സമ്മർദ്ദം
4) ഏത് പ്രായപരിധിയിലുള്ള വർക്കാണ് രോഗം ഉള്ളത്
എന്നിവയൊക്കെ ആണ് മൂന്നു ടയറുകളിൽ ആയി മേഖലകളെ തിരിക്കാൻ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം.

ലിവർപൂൾ സിറ്റിയിലെ 6 പ്രദേശങ്ങൾ വളരെ ഉയർന്ന തീവ്രത പ്രദേശമായാണ് കണക്കാക്കുന്നത്. എന്നാൽ മാഞ്ചസ്റ്ററിൽ അനുദിനം കേസുകൾ വർദ്ധിച്ചിട്ടും തീവ്രത മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലിവർപൂളിൽ നിന്നുള്ള രോഗികളാണ് മാഞ്ചസ്റ്ററിനേക്കാൾ ആശുപത്രിയിൽ അഡ് മിറ്റ് ആയവരിലധികവും.

അതേസമയം രാജ്യത്തെ 7200 ഓളം വരുന്ന പ്രദേശങ്ങളിൽ, നോട്ടിംഗ്ഹാം യൂണിവേഴ് സിറ്റിയും, നോട്ടിംഗ്ഹാം ട്രെൻഡ് യൂണിവേഴ് സിറ്റിയുമാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന രീതിയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു സ്ഥലം, എന്നാൽ അവയെ അതിതീവ്ര മേഖലയിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്യാമ്പസിലെ കുട്ടികളുടെ പ്രായപരിധി കണക്കിൽ എടുത്തിട്ടാണ് ഇങ്ങനെയൊരു നീക്കം.

ഇപ്പോൾ അതിതീവ്ര മേഖലയിലുള്ള പ്രദേശങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണങ്ങൾക്ക് അയവ് നൽകുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല, നാല് ആഴ്ച കൂടുമ്പോൾ കൗൺസിലർമാർ കണക്കുകൾ വിശകലനം ചെയ്യണമെന്നാണ് നിർദ്ദേശം. മുൻപുതന്നെ ലോക്കൽ ലോക് ഡൗണിൽ പ്രവേശിച്ചിരുന്ന പ്രദേശങ്ങൾക്ക് ഇപ്പോൾ നിർദ്ദേശങ്ങളിൽ അയവുണ്ട്.

നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒൻപത് മേയർമാരിൽ ആറുപേരും വടക്കൻ മിഡ് ലാൻഡ് സ് മേഖലകളിൽ നിന്നുള്ളവരാണ്, എന്നാൽ അവർക്ക് നിയന്ത്രണങ്ങളുടെ കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞിട്ടേയില്ല. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ ആൻഡി ബൺഹാമിനോട്, കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ചു കൂടെ എന്ന ചോദ്യത്തിന്, ‘എനിക്ക് അതിനുള്ള സാധ്യത ഉണ്ടെങ്കിൽ അത് ചെയ്യുമായിരുന്നു’ എന്നായിരുന്നു മറുപടി.അതേസമയം മേഴ് സിസൈഡിലെ നിയന്ത്രണങ്ങൾ ലോക്കൽ മേയറോട് ചർച്ച ചെയ്ത ശേഷമാണ് തീരുമാനിച്ചതെന്ന, ബോറിസ് ജോൺസൺന്റെ അഭിപ്രായത്തോട് മെട്രോപോളിറ്റൻ മേയർ നിഷേധം രേഖപ്പെടുത്തി. നിയന്ത്രണങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

സെപ്റ്റംബർ 21 ഓടെ രാജ്യത്തെ ആരോഗ്യവിദഗ് ധർ നൽകിയ നിർദ്ദേശപ്രകാരം ഭക്ഷണം വിതരണം ചെയ്യുന്ന കഫെകൾ ഉൾപ്പെടെ പൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അതിതീവ്ര പ്രദേശങ്ങളിൽ ഉൾപ്പെടെ അത്യാവശ്യ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന പബ്ബുകൾക്കും റസ്റ്റോറന്റ് കേൾക്കും തുറന്നു പ്രവർത്തിക്കാം. റിസ് ക് കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകളുടെ അകത്തളങ്ങളിൽ പോലും കുടുംബങ്ങളുടെ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലിവർപൂൾ : പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് മണിക്കൂറുകൾക്ക് മുമ്പ് ലിവർപൂളിൽ ഒത്തുകൂടിയത് വൻ ജനക്കൂട്ടം. ചൊവ്വാഴ്ച രാത്രി 10 മണിയോട് അടുപ്പിച്ചാണ് കോവിഡ് നിയന്ത്രണങ്ങളെ വക വയ്ക്കാതെ പൊതുജനങ്ങൾ ഒത്തുകൂടിയത്. ഇന്ന് മുതൽ ലിവർപൂൾ ട്രിപ്പിൾ ലോക്ക്ഡൗൺ പരിധിയിൽ വന്നു കഴിഞ്ഞു. കോവിഡ് ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരുന്ന ലോക്ക്ഡൗണിനോട് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇവിടെ. ജിം, കാസിനോ, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവ അടച്ചുപൂട്ടും. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടന്ന സംഭവത്തെ ലജ്ജാകരമെന്നാണ് മേയർ വിശേഷിപ്പിച്ചത്. നിയമങ്ങളെ അവഗണിക്കുന്നത് കാരണമാണ് നഗരം ഇപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗൺ നേരിടുന്നതെന്ന് മേയർ ജോ ആൻഡേഴ് സൺ പറഞ്ഞു. ബാറുകൾക്ക് സമീപം ആളുകൾ ഒത്തുകൂടിയെന്നും എന്നാൽ വേഗം തന്നെ പിരിഞ്ഞുപോയെന്നും പോലീസ് അറിയിച്ചു. കൊറോണ വൈറസ് നിയമലംഘനത്തിന് 38 ഫിക് സ് ഡ് പെനാൽറ്റി നോട്ടീസുകൾ നൽകിയിട്ടുണ്ട്.

പോലീസ് വാഹനത്തിന് ചുറ്റും ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതായി ഫൂട്ടേജിൽ കാണാം. “ഈ ചിത്രങ്ങൾ നമ്മുടെ നഗരത്തെ സംബന്ധിച്ചിടത്തോളം ലജ്ജകരമാണ്. ആരോഗ്യ മേഖല താളം തെറ്റുകയാണ്. 300 പേർ ആശുപത്രികളിൽ കഴിയുന്നു. 30 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. ജനങ്ങളുടെ ഈ മനോഭാവം കാരണമാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ എത്തിനിൽക്കുന്നത്” ജോ അൻഡേഴ് സൺ ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ കൂട്ടംകൂടിയത് കണ്ടപ്പോൾ താൻ അതിശയിച്ചുപോയെന്നും ഇത് അപകടകരമായ നീക്കമാണെന്നും മെർസീസൈഡ് പോലീസ് ചീഫ് കോൺസ്റ്റബിൾ ആൻഡി കുക്ക് പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ അണുബാധ നിരക്കാണ് ലിവർപൂളിൽ. ഒരു ലക്ഷം ജനസംഖ്യയിൽ 635 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബഹുഭൂരിപക്ഷം ആളുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും എന്നാൽ മനഃപൂർവം നിയമം അവഗണിക്കുന്നവർ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് കുക്ക് കൂട്ടിച്ചേർത്തു. “പുതിയ നിയമങ്ങൾ ചിലരെ നിരാശപ്പെടുത്തുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, എല്ലാവരുടെയും സുരക്ഷയ്ക്കായി സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ളവ അനുസരിക്കാൻ ഞങ്ങൾ എല്ലാവരേയും ഉപദേശിക്കും.” മെർസീസൈഡ് പോലീസിലെ ചീഫ് സൂപ് പീറ്റർ കോസ്റ്റെല്ലോ അറിയിച്ചു. രോഗവ്യാപനം ശക്തമായികൊണ്ടിരിക്കുന്ന ഈ സമയത്ത് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നടപടികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സ്വന്തം ലേഖകൻ

കൂടുതൽ രോഗവ്യാപന മേഖലകളായി കണ്ടെത്തിയിരിക്കുന്ന വടക്കൻ പ്രദേശങ്ങൾ, മിഡ്‌ലാൻഡ്സ് എന്നിവിടങ്ങളിൽ ഒരേ പ്രദേശത്ത് താമസിക്കുന്ന അയൽക്കാർ തമ്മിൽ പോലും ഇടകലരാൻ പാടില്ലാത്തവിധത്തിലുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ലിവർപൂൾ മേഖലയിലാണ് ഏറ്റവുമധികം നിയന്ത്രണങ്ങൾ ഉള്ളത്, ഭക്ഷണസാധനങ്ങൾ വിൽക്കാത്ത ബാറുകളും പബ്ബുകളും തുറക്കാൻ പാടില്ല. മാഞ്ചസ്റ്റർ, ലങ്കാഷെയർ തുടങ്ങിയ സ്ഥലങ്ങളെ ഹയർ ടയർ, അഥവാ തീവ്ര മേഖലകളായി പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഗവൺമെന്റിന്റെ ആരോഗ്യവിഭാഗം ചർച്ച നടത്തുകയാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ ലേബർപാർട്ടി മേയർ ആൻഡി ബൻഹാം ‘ കൃത്യമായ ചർച്ചകളോ സംവാദങ്ങളോ’ ഇല്ലാതെ പെട്ടെന്ന് നടപ്പിൽ വരുത്തിയ കർശന നിയന്ത്രണങ്ങളെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ ഫണ്ടുകൾ നൽകാതെ തിടുക്കത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ, ജന ജീവിതത്തിനും തൊഴിലിനും ബിസിനസിനും അങ്ങേയറ്റം നാശനഷ്ടം ഉണ്ടാക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.അതേസമയം ലേബർപാർട്ടി ലീഡറായ സർ കെയർ സ്റ്റാർമർ പറയുന്നത് രണ്ടോ മൂന്നോ ആഴ്ച നീളുന്ന സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കേസുകളെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കും എന്നാണ്.

പുതിയ സിസ്റ്റത്തിൽ ഇംഗ്ലണ്ടിനെ മുഴുവനായി അപ്പർ മീഡിയം ലോവർ എന്ന് മൂന്ന് ടയറുകളായി തരംതിരിക്കപ്പെടും.

മീഡിയം അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ദേശവ്യാപകമായി നടന്നുവരുന്ന ലോക്ക്ഡൗൺ രീതി പാലിച്ചാൽ മതിയാവും. വീടിനുള്ളിലും പുറത്തും ആറു പേരിൽ അധികം കൂട്ടം കൂടാതിരിക്കുക, പബ്ബുകളും ബാറുകളും രാത്രി 10 മണിക്ക് തന്നെ പൂട്ടുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, മിഡ് ലാൻഡിന്റെ കുറച്ചു പ്രദേശങ്ങൾ,വെസ്റ്റ് സൗത്ത് യോർക്ക് ഷെയർ എന്നീ പ്രദേശങ്ങളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അയൽക്കാർ തമ്മിൽ അടുത്തിടപഴകാൻ പാടില്ല എന്നതുൾപ്പെടെ മറ്റ് നിയമങ്ങളും ബാധകമാണ്. വെരി ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആവട്ടെ രണ്ട് വീടുകളിൽ താമസിക്കുന്നവർ തമ്മിൽ ഇടകലർന്നു പെരുമാറാൻ പാടില്ല, പാർക്കുകൾ പൂന്തോട്ടങ്ങൾ എന്നീ സ്ഥലങ്ങളിൽ ഒത്തുചേരൽ നിഷേധിച്ചിട്ടുണ്ട്,പബ്ബുകളും ബാറുകളും ഭക്ഷണം വിതരണം ചെയ്യുന്നില്ലെങ്കിൽ തുറക്കാൻ പാടില്ല, കണ്ടെയിൻമെന്റ് സോണിൽ ഉള്ളവർ പുറത്തേക്ക് യാത്ര ചെയ്യാൻ പാടില്ല എന്നീ നിബന്ധനകൾ ആണുള്ളത്. വിനോദ കേന്ദ്രങ്ങൾ എല്ലാം തന്നെ അടച്ചിടാനും ഉത്തരവുണ്ട്.

ഈ വൈറസിനെ പ്രതിരോധിക്കുന്നതിനൊപ്പം രാജ്യത്തിൻെറ സാമ്പത്തിക മേഖലയെയും സുരക്ഷിതമാക്കുന്ന ലോക്ക് ഡൗൺ നടപടികളാവും ഇത് എന്ന പ്രതീക്ഷയാണ് നേതാക്കന്മാർക്ക് ഉള്ളത്.അതേസമയം രാജ്യത്തെ പിടിച്ചു നിർത്താൻ ഉതകുന്ന രണ്ടാം പ്ലാനുമായി രാജ്യത്തെ പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്മാർ മുന്നോട്ടുവരണമെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു.

രാജ്യത്തിൽ വൈറസ് പടർന്നുപിടിക്കുന്നത് തടയാനുള്ള സർക്യൂട്ട് ബ്രേക്ക് മാത്രം പോരാ എന്ന അഭിപ്രായം പ്രബലമാണ്. സാമ്പത്തിക മേഖലയെ തളർത്തുകയും തദ്ദേശികളും പ്രവാസികളും ആയ ഒട്ടനവധി തൊഴിലാളികളെ മോശമായി ബാധിക്കുകയും ചെയ്യുന്ന നിയന്ത്രണങ്ങളിൽ കുറച്ചുകൂടി പക്വമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു എന്നതാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന വിമർശനം. അതേസമയം പുതിയ ത്രീ ടയർ സിസ്റ്റം പ്രാവർത്തികമാവാനും റിസൾട്ട് ലഭിക്കാനും രാജ്യം ഒരല്പം കാത്തിരിക്കേണ്ടതുണ്ടെന്ന് മുൻമന്ത്രി ആൻഡ്ര്യൂ മിച്ചൽ അഭിപ്രായപ്പെട്ടു.

ഏറ്റവും അത്യാവശ്യമുള്ള ജോലിക്കാർ മാത്രമേ വീടുകളിൽ നിന്ന് പുറത്ത് പോവാനും യാത്ര ചെയ്യാനും പാടുള്ളൂ, അത്യാവശ്യമില്ലാത്ത ഓഫീസുകൾ പൂട്ടിയിടണം,സപ്പോർട്ട് ബബിളുകളിൽ അത്യാവശ്യ ഘട്ടങ്ങളിൽ പരസ്പരം സഹായിക്കാൻ അല്ലാതെ അടുത്തടുത്ത് താമസിക്കുന്ന വ്യക്തികൾ തമ്മിൽ ഇടപഴകാൻ പാടില്ല, തുടങ്ങിയവയാണ് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ. യുകെ പാർലമെന്റ് പ്രവർത്തനം റിമോട്ട് ആക്കാനും നിർദേശമുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. പകർച്ചവ്യാധിയുടെ പ്രതിസന്ധി തൊഴിൽ മേഖലയെ വിടാതെ പിന്തുടരുന്ന സാഹചര്യത്തിലാണ് തൊഴിലില്ലായ്മാ നിരക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി ഉയർന്നു. മുൻ പാദത്തിൽ ഇത് 4.1 ശതമാനമായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തവരുന്നത്. ഒഎൻ‌എസിന്റെ കണക്കനുസരിച്ച്, ജൂൺ മുതൽ ഓഗസ്റ്റ് വരെ 150 ലക്ഷം ആളുകൾ തൊഴിൽരഹിതരാണ്. മഹാമാരി ആരംഭിച്ചതുമുതൽ മൊത്തത്തിലുള്ള ജോലികൾ അഞ്ചുലക്ഷത്തോളം കുറഞ്ഞു. ജോലിയില്ലാത്തവരിൽ ഏകദേശം 300,000 പേർ 16-24 വയസ്സിനുള്ളിൽ പ്രായമുള്ളവരാണ്. അതേസമയം, ജോലിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം സെപ്റ്റംബറിൽ 27 ലക്ഷത്തിലെത്തി – മാർച്ചിലെ പ്രതിസന്ധിയുടെ ആരംഭം മുതൽ 15 ലക്ഷത്തിന്റെ വർദ്ധന.

നവംബറിൽ ഗവൺമെന്റിന്റെ ഫർലോഫ് സ്കീമിന് പകരം വേതന പിന്തുണാ പാക്കേജ് കൊണ്ടുവരുന്നത്തോടെ തൊഴിലില്ലായ്മ ഇനിയും ഉയരുമെന്ന് മിക്കവരും പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ ഈയാഴ്ച മുതൽ കർശനമായ പ്രാദേശിക നിയന്ത്രണങ്ങളാണ് വരുന്നത്. പബ്ബുകൾ, ബാറുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി, ഒഴിവുസമയ ബിസിനസുകൾ എന്നിവ ഇംഗ്ലണ്ടിലെ രോഗബാധിത പ്രദേശങ്ങളിൽ അടയ്ക്കാൻ നിർബന്ധിതരാകും. ജോലിസ്ഥലം അടച്ചിട്ടാൽ തൊഴിലാളികളുടെ മൂന്നിൽ രണ്ട് ഭാഗം വേതനം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് കുറവാണെന്ന് ചിലർ പറയുന്നു. കോവിഡ് -19 മാന്ദ്യത്തിൽ നിന്നുള്ള വീഴ്ച രൂക്ഷമാവുകയാണെന്ന് ക്യാപിറ്റൽ ഇക്കണോമിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് പോൾ ഡേൽസ് പറഞ്ഞു. സിറ്റിബാങ്കിൽ നിന്നുള്ള വിശകലനം സൂചിപ്പിക്കുന്നത് 2021 ന്റെ ആദ്യ പകുതിയിൽ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനത്തിലെത്തുമെന്നാണ്.

രാജ്യം തൊഴിലില്ലായ്മ പ്രതിസന്ധിയുടെ പാതയിലാണെന്നും കൂടുതൽ സർക്കാർ സഹായം ആവശ്യമാണെന്നും ട്രേഡ് യൂണിയൻ ബോഡി ടി.യു.സി അവശ്യപ്പെട്ടു. പ്രാദേശിക ഇടങ്ങൾക്ക് ന്യായമായ ധനസഹായം നൽകാൻ സർക്കാർ ആലോചിക്കേണ്ടതുണ്ടെന്ന് ലേബറിന്റെ ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് പറഞ്ഞു. പകർച്ചവ്യാധി സമയത്ത് എല്ലാ ജോലികളും സംരക്ഷിക്കാൻ കഴിയില്ലെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കിയിരുന്നു. ജോലി നഷ്ടപ്പെടുന്നവർക്ക് അപ്രന്റീസ് ഷിപ്പ്, ട്രെയിനിഷിപ്പ്, 2 ബില്യൺ ഡോളർ കിക്ക്സ്റ്റാർട്ട് സ്കീം എന്നിവയിലൂടെ പുതിയ അവസരങ്ങൾ ലഭിക്കുമെന്നും അധിക വർക്ക് സെർച്ച് സപ്പോർട്ട് ലഭിക്കുമെന്നും സുനക് അറിയിച്ചു.

സ്വന്തം ലേഖകൻ

യു കെ :- ജനൽ കർട്ടന്റെ കോർഡിൽ കുടുങ്ങിപ്പോയ കുട്ടി മരിച്ച സംഭവത്തിൽ അപകട മരണം എന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഏപ്രിൽ നാലിനാണ് കോബി ഗ്രിംഷോ എന്ന രണ്ടു വയസ്സുകാരൻ മരണപ്പെട്ടത്. കോബിയുടെ അമ്മ ലോറൻ കെറ്റിലിൽ വെള്ളം ചൂടാക്കാൻ പോയ സമയം കൊണ്ടാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, തലയിൽ സാരമായി പരിക്കേറ്റതിനാൽ മൂന്നു ദിവസത്തിനുശേഷം കുട്ടി മരിക്കുകയായിരുന്നു.കുട്ടിയുടെ മരണത്തെ സംബന്ധിച്ച അന്വേഷണം നടക്കുകയായിരുന്നു. സംഭവം നടന്ന ദിവസം ലോറന്റെ അമ്മ ടെറി ഗ്രിംഷോ കോബിയെ കാണാനെത്തിയിരുന്നു. ലോറനും, അമ്മയും അടുക്കളയിൽ ആയിരുന്നപ്പോഴാണ്, കോബി ലിവിങ് റൂമിൽ എത്തിയത്.

കുട്ടിയെ തിരഞ്ഞെത്തിയ ലോറൻ കണ്ടത് കഴുത്തിൽ കർട്ടന്റെ കോർഡ് മുറുകി ശ്വാസം മുട്ടുന്ന കോബിയെയാണ്. പെട്ടെന്ന് തന്നെ കുട്ടിയുടെ കഴുത്തിൽനിന്നും കോർഡ് മാറ്റി, ആംബുലൻസ് വിളിക്കുകയായിരുന്നു എന്ന് ലോറൻ പറഞ്ഞു.ഉടൻ തന്നെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. പാരാമെഡിക്കൽ സ്റ്റാഫും, ആംബുലൻസും ഉടൻ തന്നെ എത്തി കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.പ്ലീമൗത്തിലെ ഡെറിഫോർഡ് ആശുപത്രിയിലാണ് ആദ്യം കോബിയെ എത്തിച്ചത്.അവിടുന്ന് പിന്നീട് ബ്രിസ്റ്റോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ഈ കുട്ടിയുടെ മരണത്തിൽ സംശയിക്കപ്പെടുന്ന ഒരു സാഹചര്യങ്ങളും ഇല്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. അപകട മരണം എന്ന നിഗമനത്തിലാണ് അവസാനമായി അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. തന്റെ മകന്റെ മരണം തനിക്ക് വളരെയധികം വേദന സമ്മാനിച്ചതായി മാതാവ് ലോറൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓക്സ്‌ഫോർഡ് : ഓക്സ്ഫോർഡിന് സമീപം എ 40യിൽ ട്രക്കും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. അമ്മയും മൂന്നു മക്കളുമാണ് ദാരുണ ദുരന്തത്തിന് ഇരയായവർ. നാല്, എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ആറ് വയസ് പ്രായമുള്ള ആൺകുട്ടിയും അവരുടെ അമ്മ (29) യും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മിനിവാനിൽ ഉണ്ടായിരുന്ന കുട്ടികളുടെ പിതാവിനെയും 18 മാസം പ്രായമുള്ള പെൺകുട്ടിയെയും ജോൺ റാഡ്ക്ലിഫ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ഓക്സ്ഫോർഡ്ഷയറിലെ ചിന്നോർ സ്വദേശികളാണ് ഇവർ. ഇന്നലെ രാത്രി 9:50ഓട് അടുപ്പിച്ച് ഓക്സ്ഫോർഡിന് പടിഞ്ഞാറ് റെയിൽ‌വേ ഓവർ‌ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. 56കാരനായ ട്രക്ക് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് തേംസ് വാലി പോലീസ് വ്യക്തമാക്കി.

ദാരുണമായ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രഥമഘട്ടത്തിലാണ് തങ്ങളെന്ന് ബിസെസ്റ്റർ ആസ്ഥാനമായുള്ള സീരിയസ് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ സർജന്റ് ഡൊമിനിക് മഹോൺ പറഞ്ഞു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകളോട് 101ൽ ബന്ധപ്പെടാൻ അദ്ദേഹം ആവശ്യപ്പെട്ടു. റഫറൻസ് നമ്പർ 43200321914 ഉദ്ധരിച്ച് ഓൺലൈനിൽ റിപ്പോർട്ട്‌ നൽകാവുന്നതുമാണ്. അപകടത്തിന്റെ ഡാഷ്-ക്യാം ഫൂട്ടേജുകളോ മറ്റോ പരസ്യമായി പങ്കിടരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. അപകടസ്ഥലത്തും ആശുപത്രിയിലും സഹായം നൽകിയവർക്ക് തേംസ് വാലി പോലീസ് നന്ദി അറിയിച്ചു. അതോടൊപ്പം അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിനായുള്ള അലേർട്ട് സിസ്റ്റം വളരെ ഫലപ്രദമായി നടപ്പാക്കിയാൽ കോവിഡ് കേസുകൾ കുറയ്ക്കുന്നതിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇന്നലെ വൈകുന്നേരം നടന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇതറിയിച്ചത്. അതേ പത്രസമ്മേളനത്തിൽ, ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി, പുതിയ നടപടികളുടെ പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, കൂടുതൽ പ്രാദേശിക നിയന്ത്രണങ്ങളില്ലാതെ വൈറസിനെ മറികടക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വീടുകളിലെ അംഗങ്ങളുമായുള്ള എല്ലാ സമ്പർക്കങ്ങളും നിരോധിക്കുന്നു, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഇൻഡോർ ജിമ്മുകൾ, ഹെയർഡ്രെസ്സറുകൾ എന്നിവ അടയ്‌ക്കുന്നു, എല്ലാ യൂണിവേഴ്സിറ്റി, കോളേജ് അദ്ധ്യാപനങ്ങളും ഓൺലൈനിൽ നടക്കേണ്ടതുണ്ട് തുടങ്ങിയവയായാരിരുന്നു സേജ് ശാസ്ത്രജ്ഞർ മൂന്നാഴ്ച മുമ്പ് നിർദേശിച്ച നടപടികൾ. എന്നാൽ കഴിയുമെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക എന്ന നിർദേശം മാത്രമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. ഇന്നലെ ഇംഗ്ലണ്ടിനായി തന്റെ ത്രീ ടയർ സിസ്റ്റം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സേജ് രേഖകൾ പുറത്തുവിട്ടത്.

ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശങ്ങളിലെ പ്രാദേശിക അധികാരികൾക്ക് അടിസ്ഥാന നിയന്ത്രണങ്ങളേക്കാൾ കൂടുതൽ മുന്നോട്ട് പോകേണ്ടിവരുമെന്ന് പ്രൊഫ.വിറ്റി അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളും മീഡിയം അലേർട്ട് ലെവലിലാണ്. അതായത് നിലവിലെ നിയന്ത്രണങ്ങൾ തുടരുന്നു; രാത്രി 10 മണിക്ക് ഹോസ്പിറ്റാലിറ്റി കർഫ്യൂ, സിക്സ് റൂൾ എന്നിവ. 15 ലക്ഷം ആളുകൾ താമസിക്കുന്ന ലിവർപൂൾ സിറ്റി റീജിയൺ , പബ്ബുകളും ബാറുകളും അടച്ചുകൊണ്ട് വെരി ഹൈ അലേർട്ട് ലെവലിലേക്ക് പ്രവേശിക്കുന്ന ആദ്യ മേഖലയായി. ബെറ്റിങ് ഷോപ്പുകൾ, ജിമ്മുകൾ, ഒഴിവുസമയ കേന്ദ്രങ്ങൾ, കാസിനോകൾ എന്നിവയും ഈ പ്രദേശത്ത് അടയ്ക്കും. ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ച് പാർക്കുകൾ പോലുള്ള ഔട്ട്‌ഡോർ പൊതു ഇടങ്ങളിലും സിക്സ് റൂൾ തുടരും. നോട്ടിംഗ്ഹാംഷെയർ, ഈസ്റ്റ്, വെസ്റ്റ് ചെഷയർ, ഹൈ പീക്കിന്റെ ഒരു ചെറിയ പ്രദേശം, ഗ്രേറ്റർ മാഞ്ചസ്റ്റർ, സൗത്ത് യോർക്ക്ഷെയറിന്റെ ചില ഭാഗങ്ങൾ, വടക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവ ഹൈ അലേർട്ട് ലെവലിലാണ്. ഏകദേശം 44 ലക്ഷം ആളുകൾ ഹൈ അലേർട്ട് പ്രദേശങ്ങളിൽ ആയിരിക്കും.

എന്നാൽ സർക്കാർ പുറത്തുവിട്ട മാർഗ്ഗനിർദേശത്തിൽ ആശയക്കുഴപ്പം തുടരുന്നതായി ബർമിംഗ്ഹാം അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പുതിയ ത്രീ ടയർ സംവിധാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച ഉച്ചയ്ക്ക് നടപടിയെടുക്കുമെന്ന് ബർമിംഗ്ഹാം ലൈവ് അറിയിച്ചു. ആവശ്യ കാര്യങ്ങൾക്ക് മാത്രമേ ബുധനാഴ്ച മുതൽ യാത്ര ചെയ്യാവൂ എന്ന് മേയർ ആൻഡി സ്ട്രീറ്റ് അറിയിച്ചു. എന്നാൽ, സർക്കാർ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ, ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ, വാൽസാൽ, വോൾവർഹാംപ്ടൺ എന്നിവിടങ്ങളിൽ ഉള്ളവർ നടത്തുന്ന യാത്രകൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഒരു ദിവസത്തിലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്. റെസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവയ്ക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്ന ടയർ 2 ഏരിയകളിൽ താമസിക്കുന്നവർക്ക് വീടിനകത്തു കൂട്ടം കൂടാനും സാധിക്കില്ല.

സ്വന്തം ലേഖകൻ

ഭൂമിക്കു വേണ്ടിയും വനാവകാശങ്ങൾക്ക് വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുകയും, അവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ സ്വാമി. ഇന്ത്യയിൽ നിന്ന് തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹം. മലയാളി കൂടിയായ സ്റ്റാൻ സ്വാമിയുടെ ആരോഗ്യനിലയും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളും തെല്ലും കണക്കിലെടുക്കാതെയാണ് അറസ്റ്റ്. മാവോവാദികളുമായി ബന്ധമുണ്ടെന്നും , 2018 ൽ നടന്ന ഒരു കേസിൽ പങ്കാളിയാണെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വാമി തന്നെ ഷൂട്ട് ചെയ്ത വീഡിയോയിൽ ജൂലൈയിൽ അഞ്ചു ദിവസങ്ങളിലായി 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ നിന്ന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തതായി ആണ് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്,എന്നാൽ അവ തന്റെത് ആയിരുന്നില്ലെന്നും, മനഃപൂർവ്വം കുടുക്കാനായി കെട്ടിച്ചമച്ച വൃത്തികെട്ട കെട്ടുകഥകൾ മാത്രമായിരുന്നുവെന്നും, സ്റ്റാൻസ്വാമി പറയുന്നുണ്ട്. കഴിഞ്ഞ ജൂൺ മുതൽ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവണിൽ 2018 നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ച് മോദി ഗവൺമെന്റ് ഇതുവരെ പതിനെട്ടോളം പ്രമുഖ വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഗൽഭരായ വിദ്യാർത്ഥികൾ, നിയമജ്ഞൻ, ഗവേഷകർ, അക്കാദമിക് വിദഗ് ധന്മാർ, കവികൾ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. തീവ്രവാദ കുറ്റം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ജാമ്യം പോലും ലഭിക്കുന്നില്ല.

കഴിഞ്ഞ കുറച്ചു കാലങ്ങളായി അന്വേഷണ ഏജൻസികൾ സ്ഥിരമായി വട്ടമിട്ടു വേട്ടയാടിക്കൊണ്ടിരിക്കുന്ന വ്യക്തികളിലൊരാളാണ് സ്വാമി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ടുതവണയാണ് അദ്ദേഹത്തിന്റെ വീട് റെയ് ഡ് ചെയ് തത്. തീവ്ര വലത് സംഘടനകളുടെ കയ്യാളാണ് ഇദ്ദേഹമെന്നും, പൗരന്മാരെ വഴിതെറ്റിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്നു എന്നുമാണ് ആരോപണം. എന്നാൽ 1991 -ൽ ജാർഖണ്ഡിൽ എത്തിയ കാലം മുതൽ ആദിവാസികൾക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവച്ച ഇദ്ദേഹം ശാന്തനും, സൗമ്യ ഭാഷിയും ആണെന്ന് അടുത്തറിയുന്നവരെല്ലാം ഉറപ്പിച്ചുപറയുന്നു. 2000 ആണ്ടിൽ രൂപപ്പെട്ട കാലം മുതൽ തൊഴിലില്ലായ്മയും, മാവോവാദി ആക്രമണവും വരൾച്ചയും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് ഝാർഖണ്ഡ്. ഇന്ത്യയിലെ 40 ശതമാനത്തോളം യുറേനിയം, മൈക്ക, ബോക്സൈറ്റ്, സ്വർണ്ണം തുടങ്ങിയ അനേകം പ്രകൃതിവിഭവങ്ങളുടെ സ്രോതസായ ഇവിടെ വിഭവങ്ങൾ അസന്തുലിതാവസ്ഥയിലാണ് മൂന്നു മില്യനോളം വരുന്ന ജനതയ്ക്കിടയിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഗോത്രവർഗ വിഭാഗക്കാർ അങ്ങേയറ്റം അവഗണന നേരിടുന്ന സ്ഥലമാണിത്. അവിടെ നിന്നാണ് അദ്ദേഹം ആ ജനതയ്ക്ക് വേണ്ടി പോരാടാൻ ഇറങ്ങിപ്പുറപ്പെട്ടത്.

മാവോയിസ്റ്റുകൾ ആയി മുദ്രകുത്തപ്പെട്ട് വർഷങ്ങളായി ജയിലിൽ കിടന്ന മൂവായിരത്തോളം സ്ത്രീപുരുഷന്മാരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് മോചിപ്പിച്ചു. ദുസ്സഹമായ പാറക്കെട്ടുകളും, വനങ്ങളും, അമിതവേഗതയിൽ ഒഴുകുന്ന നദികളും കടന്ന് അദ്ദേഹം ഗോത്രവർഗ്ഗക്കാർക്കിടയിൽ ബോധവൽക്കരണം നടത്തി. അവരുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചു, അവർ നേരിടുന്ന ചൂഷണങ്ങളെ പറ്റിയും, അവരുടെ അനുവാദമില്ലാതെ കാട് പിടിച്ചടക്കി നിർമ്മിച്ചെടുക്കുന്ന ഡാമുകൾ ഫാക്ടറികൾ നിർമാണശാലകൾ എന്നിവയെപ്പറ്റി ബോധവാന്മാരാക്കി. 2018ൽ ഗോത്രവർഗ്ഗക്കാർക്കിടയിൽ നടന്ന കലാപത്തെ ചൊല്ലി ആത്മാർത്ഥമായി പരിതപിച്ചു.

അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന തന്റെ ആരോഗ്യത്തെ കണക്കാക്കാതെ അദ്ദേഹം മണ്ണിന്റെ മക്കൾക്ക് വേണ്ടി പോരാടി കൊണ്ടിരുന്നു, കാൻസറും 3 സർജറികളും അതിജീവിച്ച അദ്ദേഹത്തിന്റെ കൈകൾ എപ്പോഴും അസാധാരണമായി വിറച്ച് കൊണ്ടിരിക്കും.ഭക്ഷണമോ പാനീയങ്ങളോ കൈകൊണ്ട് കഴിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല, ഡോക്ടർമാർക്ക് രോഗം എന്തെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. ഇത്രയും പരിതാപകരമായ ആരോഗ്യ സ്ഥിതിയിലും അദ്ദേഹം വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നു എന്ന് പ്രമുഖ ആക്ടിവിസ്റ്റായ സിറാജ് ദത്ത പറയുന്നു.

ജീൻഡ്രയ് സ് എന്ന ബെൽജിയൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര വിദഗ് ധൻ പറയുന്നു ” ഇത്രയും മനുഷ്യത്വമുള്ള, വിശാലഹൃദയനായ, മതേതരവാദിയായ, സമയനിഷ്ഠ ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം മാവോയിസ്റ്റുകളുമായി അടുപ്പമുള്ള വ്യക്തികളോട് സഹാനുഭൂതി കാണിച്ചിരിക്കാം, ജാർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ അത് സർവ്വസാധാരണമാണ്.അദ്ദേഹംതന്നെ ജീവിതകാലം മുഴുവൻ ആരെ തടയാൻ ശ്രമിച്ചോ അവരെപ്പോലെ ആണ് അദ്ദേഹത്തെ ഇപ്പോൾ അവർ കണക്കാക്കുന്നത്. “അദ്ദേഹം തന്റെ ദുഃഖം പങ്കുവച്ചു.

1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് പല മനുഷ്യാവകാശപ്രവർത്തകരെയും നിശ്ശബ്ദരാക്കിയ നീക്കങ്ങൾക്ക് സമാനമായ സംഭവങ്ങളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള സമാനസംഭവങ്ങളിൽ കാണാൻ സാധിക്കുന്നതെന്ന് ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസർ സംഗീത കാമത്ത് അഭിപ്രായപ്പെട്ടു .ഇന്ത്യയിൽ നിന്നും ലോകത്തിൻെറ വിവിധ കോണുകളിൽ നിന്നും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ വളരെയധികം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

പൗരാവകാശങ്ങളെ സെൻസർ ചെയ്തും, എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും നീണ്ട അടിയന്തരാവസ്ഥക്ക് അവസാനം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന പ്രഖ്യാപിതമല്ലാത്ത അടിയന്തരാവസ്ഥ എന്ന് അവസാനിക്കും എന്നതിന് ഉത്തരമില്ല. തെറ്റായ ലക്ഷ്യങ്ങൾക്കുവേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം കുറച്ചുകാലമായി വളരെയധികം ഉയർന്നിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബംഗളുരു :- റിവേഴ്സ് മോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സീറ്റിലിരിക്കുന്നതിനു മുൻപായി കാർ സ്റ്റാർട്ട് ചെയ്ത യുവതി, കാറിന്റെ ഡോറിനും അടുത്തു നിന്നിരുന്ന മരത്തിനും ഇടയിൽ പെട്ട് മരിച്ചു. 48 വയസ്സുള്ള നന്ദിനി റാവു ആണ് ബംഗളൂരുവിൽ മരണപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരിക്കുന്ന രാജേഷിന്റെ ഭാര്യയാണ് മരിച്ച നന്ദിനി. സംഭവ സ്ഥലത്തുവെച്ചുതന്നെ ബോധരഹിതയായ ഇവരെ ഉടൻതന്നെ യഷ്വന്തപൂറിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള വീട്ടിലെ സിസി ടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇതിൻ പ്രകാരം പോലീസ് പറയുന്നത് ഇങ്ങനെയാണ് : മരിച്ച യുവതിയുടെ ഹോണ്ട സിറ്റി കാർ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കാർ റിവേഴ്സ് മോഡിൽ ആയിരുന്നു എന്നാണ് നിഗമനം. ഹാൻഡ് ബ്രേക്കും ഇട്ടിട്ടുണ്ടായിരുന്നില്ല. സീറ്റിൽ ഇരിക്കുന്നതിനു മുൻപേ തന്നെ നന്ദിനി കാർ സ്റ്റാർട്ട് ചെയ്തിരുന്നതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഡോർ തുറന്നുകിടക്കുന്നതിനാൽ തന്നെ കാർ പുറകോട്ട് നിരങ്ങിയപ്പോൾ, കാറിന്റെ ഡോറിന്റെയും അടുത്തുണ്ടായിരുന്ന മരത്തിന്റെയും ഇടയിൽ പെട്ടാണ് നന്ദിനി മരിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. മൃതശരീരത്തിന്റെ പോസ്റ്റ്മാർട്ടം എം എസ് രാമയ്യ ഹോസ്പിറ്റലിൽ വെച്ച് നടത്തി. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പോലീസ് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബുധനാഴ്ച മുതൽ ലിവർപൂൾ സിറ്റി റീജിയൺ കോവിഡ് അലേർട്ട് ലെവലിൽ ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ത്രീ ടയർ സിസ്റ്റം സ്ഥിരീകരിച്ച പ്രധാനമന്ത്രി, പബ്ബുകളും ബാറുകളും ബെറ്റിങ് ഷോപ്പുകളും മെർസീസൈഡിൽ അടയ്ക്കുമെന്ന് അറിയിച്ചു. രാജ്യത്ത് മറ്റൊരു ദേശീയ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ തമ്മിലുള്ള ഇടപെടൽ നിയന്ത്രിക്കുന്നത് ജീവൻ രക്ഷിക്കുമെന്നും രോഗബാധ തടയാൻ സഹായിക്കുമെന്നും ബോറിസ് ജോൺസൺ എം‌പിമാരോട് പറഞ്ഞു. പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകുന്നേരം 7 നുള്ള പത്രസമ്മേളനത്തിൽ ജോൺസൻ അറിയിക്കും. നിയന്ത്രണങ്ങൾ കടുപ്പിച്ചാലും സ്കൂളുകളും സർവകലാശാലകളും റീറ്റെയിൽ ഷോപ്പുകളും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. വൈറസിന്റെ വ്യാപനം തടയാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.

അതേസമയം കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഒരുങ്ങാൻ നോർത്തേൺ ഇംഗ്ലണ്ടിലെ ആശുപത്രികളോട് ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹാരോഗേറ്റ് എന്നിവിടങ്ങളിലെ എൻ‌എച്ച്എസ് നൈറ്റിംഗേൽ ആശുപത്രികളോടാണ് ചികിത്സ നൽകുന്നതിനായി സജ്ജരാകാൻ ആവശ്യപ്പെട്ടത്. ആശുപത്രി പ്രവേശനം വർധിച്ചുവരികയാണെന്ന് സർക്കാർ ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഈ തീരുമാനം. കൂടുതൽ പ്രായമായവർക്ക് കോവിഡിന് അടിയന്തിര ചികിത്സ ആവശ്യമാണ്. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് ഇപ്പോൾ രാജ്യവ്യാപകമായി കാണുന്നുണ്ടെന്നും എന്നാൽ ഇത് നോർത്തേൺ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമല്ലെന്നും ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ കേസുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികൾ ഇതുവരെ പൂർണ ശേഷിയിലെത്തിയിട്ടില്ലെങ്കിലും ആവശ്യം വർദ്ധിച്ചാൽ എൻ‌എച്ച്‌എസിന് ചില താൽക്കാലിക നൈറ്റിംഗേൽ ആശുപത്രികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഉപദേശകർ അറിയിച്ചു.

പബ്ബുകൾ അടയ്ക്കുന്നത് പോലുള്ള അധിക നടപടികളുടെ ഗുണം കാണുന്നതിന് ആഴ്ചകൾ എടുക്കുമെന്ന് എൻ‌എച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ കോവിഡ് വ്യാപന നിരക്കുകളുള്ള ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് പതിവായി പരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തേക്കാൾ കൂടുതൽ രോഗികൾ ഇപ്പോൾ ഇംഗ്ലണ്ട് ആശുപത്രികളിൽ ഉണ്ടെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ദിവസേനയുള്ള പുതിയ പ്രവേശനങ്ങളുടെ എണ്ണം വളരെ ഉയർന്ന നിലയിലുമാണ്. വരുന്ന ആഴ്ചകൾ എൻ എച്ച് എസിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്.

Copyright © . All rights reserved