ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതിനെതുടർന്ന് ആരോഗ്യമേഖലയിൽ ആശങ്കയേറുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,961 പോസിറ്റീവ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 500,000 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 33 കോവിഡ് രോഗികൾ കൂടി മരണമടഞ്ഞു. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7, 982 പേർക്കാണ്. എന്നാൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ സർക്കാർ രേഖപ്പെടുത്താത്ത 15,841 കേസുകൾ കൂടി ചേർത്താണ് ഇത്രയും ഉയർന്ന സംഖ്യയിലേക്ക് എത്തിയത്. സർക്കാരിന്റെ കൊറോണ വൈറസ് ഡാഷ്‌ബോർഡുമായുള്ള സാങ്കേതിക പ്രശ്‌നത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സെപ്റ്റംബർ 25 നും ഒക്ടോബർ 2 നും ഇടയിൽ 15,000 ത്തിലധികം കേസുകൾ പ്രതിദിന റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
ഒക്ടോബർ 2 ന് റിപ്പോർട്ട് ചെയ്യാനിരുന്ന 4,786 കേസുകൾ അന്നത്തെ കണക്കുകളിൽ ഉൾപ്പെട്ടിരുന്നില്ല. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ഇപ്പോൾ 502,978 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്.ആകെ മരണങ്ങൾ 42,350 ആയി ഉയർന്നു. കൊറോണ വൈറസ് പോസിറ്റീവ് ആയ 28 പേർ കൂടി ഇംഗ്ലണ്ടിലെ ആശുപത്രിയിൽ മരണപ്പെട്ടുവെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ട് ഞായറാഴ്ച പറഞ്ഞതിനെ തുടർന്നാണ് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 30,166 ആയി ഉയർന്നത്.
സാങ്കേതിക തകരാർ മൂലമാണ് കേസുകൾ ഉയർന്നതെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി. ഇത് ഒരു കമ്പ്യൂട്ടിംഗ് പ്രശ്നമാണെന്നും പോസിറ്റീവ് പരീക്ഷിച്ച എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്‌നം കാരണം നിരവധി കേസുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായതായി ഒഫീഷ്യൽ ഡാഷ്‌ബോർഡ് അറിയിച്ചു. ഇതിനർത്ഥം വരും ദിവസങ്ങളിലും ഔദ്യോഗിക കണക്കുകളിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ്. യുകെയുടെ സ്ഥിതിവിവരക്കണക്ക് ഏജൻസികൾ പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ പ്രകാരം രാജ്യത്ത് 57,900 കോവിഡ് മരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകൻ
കോവിഡ് 19 മായുള്ള പോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ആരോഗ്യ നില മെച്ചപ്പെടുകയാണെന്ന വാർത്തകൾക്കിടയിൽ,വാൾട്ടർ ഡീഡ് മെഡിക്കൽ സെന്ററിന് മുന്നിൽ കാത്തു നിന്ന ആരാധകർക്ക് സർപ്രൈസ് വിസിറ്റ് സമ്മാനിച്ച് ട്രംപ്. കറുത്ത എസ് യു വിയിൽ ആരാധകർ ക്കിടയിലൂടെ ട്രംപ് കടന്നുപോയപ്പോൾ ഐ ലവ് യു എന്ന് ഉച്ചത്തിൽ മുഴങ്ങി. ട്രംപിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന രഹസ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ മെഡിക്കൽ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീൽഡ്, സുരക്ഷാ ഗൗൺ എന്നിവ ധരിച്ചിരുന്നു. അതേസമയം രാഷ്ട്രീയ നാടകത്തിനായി ഉദ്യോഗസ്ഥരുടെ ജീവൻ അപകടപ്പെടുത്തുന്നതിന് ഡോക്ടർ വാൾട്ടർ റീഡ് ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് ക്വാറന്റൈനിൽ പ്രവേശിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടർ ജെയിംസ് ഫിലിപ്പ് ട്രംപിന്റെ ഭ്രാന്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കരുതായിരുന്നു എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ട്രംപ് പറയുന്നു ” ഇതൊരു മികച്ച ആശുപത്രിയാണ്, വാൾട്ടർ റീഡ്. അവർ കർത്തവ്യം വളരെ മനോഹരമായി നിർവഹിക്കുന്നുണ്ട്, ഞാൻ അതിന് നന്ദി രേഖപ്പെടുത്തുന്നു. കുറേ ഏറെയായി ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്ന ആരാധകരെ സന്ദർശിക്കാൻ സമയം ആയെന്നു തോന്നുന്നു, ട്രംപിന് അഭിവാദ്യം ചെയ്യുന്ന പതാകകളുമായി അവർ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറേയായി, അവർ രാജ്യത്തെ അത്രയധികം സ്നേഹിക്കുന്നു. ഞാനിത് നിങ്ങളോട് അല്ലാതെ മറ്റാരോടും പറയുന്നില്ല, ഇത് എങ്ങനെ ഉണ്ടാവും എന്ന് അറിയാൻ എനിക്ക് വലിയ ആകാംക്ഷയുണ്ട്. നമുക്കെല്ലാവർക്കും ആകാംക്ഷയുണ്ട്.
കോവിഡിനെ പറ്റി ഞാൻ നന്നായി പഠിച്ചു, സ്കൂളിൽ പോയി പഠിക്കുന്നതുപോലെ പഠിച്ചു, പക്ഷേ പുസ്തകങ്ങളിൽ നിന്നല്ല എന്ന് മാത്രം. ഇത് വളരെ ആവേശം ഉണർത്തുന്ന ഒരു കാര്യമാണ്. ഉടൻ തന്നെ ഞാൻ അതിനെ പറ്റി നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കി തരാം, ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ ആഗമനത്തെ പറ്റി മാധ്യമപ്രവർത്തകർക്ക് വിവരം നൽകിയിരുന്നില്ല. ട്രംപിനെ പിന്തുടർന്ന് റിപ്പോർട്ട് ചെയ്യാനിരുന്ന മാധ്യമപ്രവർത്തകരെ നിരാശയിലാഴ്ത്തി കൊണ്ട് വൈറ്റ് ഹൗസ് വിവരങ്ങൾ മറച്ചു വെക്കുകയായിരുന്നു.
ഡോക്ടർ ബ്രിയാൻ പറയുന്നു ” ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്, അദ്ദേഹം വളരെ ഉഷാർ ആവുന്നുണ്ട്, തുടർചികിത്സ അദ്ദേഹത്തിന് സൗകര്യപ്രദമായ വിധം വൈറ്റ് ഹൗസിൽ നടത്തിയാൽ മതിയാകും. “വൈറ്റ് ഹൗസ് ഡോക്ടർക്കാവും തുടർ ചികിത്സയുടെ ഉത്തരവാദിത്വം ഉണ്ടാവുക.
സ്വന്തം ലേഖകൻ
യു കെ :- ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റിയുടെ റെസിഡൻസ് ഹാളിൽ പതിനെട്ടു വയസുള്ള വിദ്യാർത്ഥിനിയുടെ മൃദദേഹം കണ്ടെത്തി. ഇതേ തുടർന്ന് മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ആറു മണിയോടെ ആണ് പെൺകുട്ടിയുടെ മൃദദേഹം കണ്ടെത്തിയതെന്ന് നോർത്ത് അംബ്രിയ പോലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അധികൃതർ പറഞ്ഞു. മരണം കൊറോണ ബാധ മൂലം അല്ലെന്നു അധികൃതർ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ പതിനെട്ടുകാരനെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തങ്ങളുടെ കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളുടെ മരണം നടന്നത് വളരെ വേദനാജനകമാണെന്നും, മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങളും കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഉണ്ടാകുമെന്നും, അതിനാവശ്യമായ എല്ലാ സഹകരണങ്ങളും കോളേജിൽ നൽകുമെന്നും വക്താവ് രേഖപ്പെടുത്തി. ഇതിനിടെ ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികൾക്കാണ് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. എന്നാൽ പെൺകുട്ടിയുടെ മരണം കൊറോണ ബാധ മൂലമല്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ടിന്റെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെയും റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയതിന് പിന്നാലെ സിനി വേൾഡ് തിയേറ്ററുകൾ അടിച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയർലൻഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റർ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകൾ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേൾഡ് മേധാവികൾ അറിയിച്ചു. വാരാന്ത്യത്തിൽ ബോറിസ് ജോൺസണിനും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡണിനും അവർ കത്തെഴുതുകയുണ്ടായി. ഈ ആഴ്ച ഉടൻ തന്നെ യുകെയിലെ എല്ലാ സൈറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ 5, 500 പേരുടെ തൊഴിലുകളാണ് നഷ്ടമാവുന്നത്.
എന്നാൽ സിനിവേൾഡ് തിയേറ്ററുകൾ അടുത്ത വർഷം വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് ഇപ്പോൾ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം തിയേറ്ററുകൾ അടയ്‌ക്കേണ്ടിവന്നതിനാൽ ഈ വർഷം ആദ്യ പകുതിയിൽ 1.3 ബില്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേൾഡ് റിപ്പോർട്ട് ചെയ്തു.
ലോക്ക്ഡൗൺ മൂലം അടച്ചിട്ട തിയേറ്ററുകൾ ജൂലൈ 10ന് തുറക്കാൻ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താൻ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാൻ ഉടമകൾ തയ്യാറാവുന്നത്. ആറായിരത്തോളം പേർക്ക് ഇപ്പോൾ ജോലികൾ നഷ്ടമാകുമെങ്കിലും അടുത്ത വർഷം വീണ്ടും തുറക്കുമ്പോൾ തൊഴിലാളികൾക്ക് തിരിച്ചെത്താവുന്നതാണ്.
സ്വന്തം ലേഖകൻ
പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ മാതാവ് ചാർലറ്റ് ഭീകരയ ഗാർഹികപീഡനം അനുഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന് കണ്ടെത്തൽ. ടോം ബോവർ എന്ന അന്വേഷണാത്മക എഴുത്തുകാരന്റെ പുതിയ ജീവചരിത്രക്കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 1970 ഇൽ മാനസികവിഭ്രാന്തി ആയ ഒബ് സസീവ് കംപൽസീവ് ഡിസോഡർ എന്ന രോഗത്തിന് അടിമയായിരിക്കുമ്പോഴാണ് ചാർലറ്റ് അതിക്രമം നേരിട്ടത്. ഇപ്പോൾ 80 വയസ്സുകാരനായ സ്റ്റാൻലി അന്നത്തെ സംഭവത്തിൽ അത്യന്തം വേദനിച്ചിരുന്നു.
പുതുതായി ഇറങ്ങുന്ന പുസ്തകത്തിലാണ് ജോൺസൺന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങൾ അക്കമിട്ടു നിരത്തുന്നത്. ദ് ഗാംബ്ലർ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്നുമുതൽ സീരീസുകളായി മെയിലിലൂടെ വായനക്കാരിൽ എത്തും. ചാർലറ്റുമായുള്ള സ്റ്റാൻലിയുടെ ആദ്യവിവാഹം അസഹിഷ്ണുതയും അതിക്രമങ്ങളും നിറഞ്ഞതായിരുന്നു. ചാർലറ്റ് പറയുന്നു,« അദ്ദേഹം എന്റെ മൂക്ക് ഇടിച്ചുതകർത്തു, മാത്രമല്ല ഞാൻ അത് അർഹിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നതിലും അദ്ദേഹം വിജയിച്ചു» സത്യം തുറന്നു പറയാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അവർ എഴുത്തുകാരനോട് തുറന്നു സമ്മതിക്കുന്നുണ്ട്. പത്രവാർത്തകളിലൂടെ പുറത്തുവന്ന സംഭവം സത്യമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സമ്മതിക്കുന്നുണ്ട്.
1970 ഇൽ ചാർലറ്റിന്റെ മാനസികാരോഗ്യം വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കെ ഇരുവരും നടത്തിയ വാഗ് വാദം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു, സ്റ്റാൻലിയെ ഉപദ്രവിച്ചപ്പോഴാണ് തിരിച്ചടിച്ചത്. പക്ഷേ അത് അല്പം കടന്നു പോയി, മൂക്കിന്റെ പാലം തകർന്നു, ആശുപത്രിയിൽ അഡ് മിറ്റ് ആകേണ്ടി വന്നു.
ആ സംഭവത്തിന്റെ പേരിൽ താൻ ജീവിതത്തിൽ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നു സ്റ്റാൻലി പറയുന്നു. പിന്നീട് ഒരിക്കലും താൻ ഭാര്യയുടെ നേരെ കൈ ഉയർത്തിയിട്ടില്ലെന്നും, അങ്ങേയറ്റം വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അതെന്നും സ്റ്റാൻലി സമ്മതിക്കുന്നുണ്ട്.
മാതാപിതാക്കളുടെ കലുഷിതമായ വിവാഹബന്ധം ജോൺസന്റെ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് എഴുത്തുകാരന്റെ കണ്ടെത്തൽ.
ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള മിക്ക ഉന്നതരുടേയും ജീവിതകഥകൾ വളച്ചൊടിച്ചതാണ് എന്നത് മാധ്യമരംഗത്ത് നിലനിൽക്കുന്ന സത്യമാണ്. ടോണി ബ്ലെയർ മുതൽ റിച്ചാർഡ് ബ്രാൻസൺ വരെ,മുഹമ്മദ് അൽ ഫായെദ് മുതൽ പ്രിൻസ് ചാൾസ് വരെ ഇത്തരത്തിൽ ജീവിതം വളച്ചൊടിക്കപ്പെട്ട വ്യക്തികളാണ്. എന്നാൽ ബോവർ എന്ന എഴുത്തുകാരൻ തന്റെ എഴുത്തുകളിലെ സത്യസന്ധത രേഖപ്പെടുത്താനും, നിലനിർത്താനുമായി കോടതി വരെ കയറിയിട്ടുണ്ട്. 74 കാരനായ ബോവർ പറയുന്നു “സെലിബ്രിറ്റികളുടെ വിജയ കഥകളും ജീവിതവും ജനങ്ങളെ ഉന്മത്തരാക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്നാൽ അവരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കാനുള്ള ആകാംഷയാണ് എന്നെ ഇത്തരം എഴുത്തുകളിലേക്ക് നയിക്കുന്നത്” ബോറിസ് ജോൺസൺ തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ സമർഥമായി മറച്ചുപിടിക്കുന്നുണ്ടെങ്കിലും ആരും കാണാതെ ദുഃഖത്തിന്റെ കൈപ്പുനീർ അദ്ദേഹം കുടിച്ചിറക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാർ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ഒരു വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുവരും സംസാരിച്ചത്. യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കാര്യമായ വിടവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് നമ്പർ 10 വക്താവ് അറിയിച്ചു. ഈയൊരു വിടവ് നികത്താൻ ഇരുവശവും ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ചകൾ വെള്ളിയാഴ്ച കരാറില്ലാതെയാണ് പിരിഞ്ഞത്. മത്സ്യബന്ധനം, സർക്കാർ സബ്‌സിഡികൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുപക്ഷവും പരസ്പരം ആവശ്യപ്പെടുന്നുണ്ട്. ഭാവിയിൽ യൂറോപ്യൻ യൂണിയൻ -യുകെ ബന്ധത്തിന്റെ ശക്തമായ അടിത്തറയായി കാണുന്ന കരാർ ഒരുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.
യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗം ആരംഭിക്കുമെന്ന് യുകെയുടെ ചീഫ് നെഗോഷ്യേറ്റർ ലോർഡ് ഫ്രോസ്റ്റ് ട്വീറ്റ് ചെയ്തു. പല കാര്യങ്ങളിലും ഇരുപക്ഷവും വിട്ടുവീഴ്ച്ച ചെയ്താൽ മാത്രമേ സുഗമമായ നടത്തിപ്പ് സാധ്യമാകൂ. 27 വ്യത്യസ്ത സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ യൂറോപ്യൻ യൂണിയൻ നിറവേറ്റേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച വളരെ കഠിനമായ പ്രക്രിയയാണെന്നും എന്നാൽ സൗഹൃദപരമായി ഒരു കരാർ നേടാൻ കഴിയണമെന്നും വെർച്വൽ കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ സംസാരിച്ച കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വളരെ വലിയ പ്രശ് നങ്ങൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ ഉറപ്പാക്കുന്നതിന് ഒക്ടോബർ 15 ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗത്തിന്റെ സമയപരിധി പ്രധാനമന്ത്രി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തിന് മുമ്പ് തന്നെ ഒരു കരാറിലെത്തണമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. കരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ ഇരുപക്ഷവും മുന്നോട്ട് പോകണമെന്ന് ജോൺസൺ പറഞ്ഞു. ഒരു കരാർ നടത്തിയെടുക്കാൻ സാധിച്ചില്ലെങ്കിൽ യുകെ ലോക വ്യാപാര സംഘടന നിയമങ്ങൾക്കനുസൃതമായാവും വ്യാപാരം നടത്തുക.
സ്വന്തം ലേഖകൻ
യു കെ :- ജെയിംസ് ബോണ്ടിനെ ഏറ്റവും പുതിയ സിനിമയായ ‘ നോ ടൈം ടു ഡൈ ‘ യുടെ റിലീസ് 2021 ഏപ്രിൽ വരെ നീട്ടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് തീയേറ്ററിൽ ഈ സിനിമ ആസ്വദിക്കാൻ സാധിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. ജെയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാം സിനിമയായ ‘നോ ടൈം ടു ഡൈ ‘ ഈ വർഷം ആദ്യം പുറത്തിറക്കുവാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളെല്ലാം കൊറോണ ബാധ മൂലം പൂട്ടിയ സാഹചര്യത്തിൽ, നവംബർ 12ലേക്ക് ഈ സിനിമയുടെ റിലീസ് നീട്ടി വെച്ചിരുന്നു. എന്നാൽ പല രാജ്യങ്ങളിലും ലോക് ഡൗൺ നിലനിൽക്കുന്നതിനാലാണ് റിലീസ് വീണ്ടും അടുത്ത വർഷം ഏപ്രിലിലേക്കു നീട്ടിയത്.
സിനിമയുടെ അണിയറ പ്രവർത്തകർ ട്വിറ്ററിലാണ് ഈ വിവരം പങ്കുവെച്ചത്. ഡാനിയേൽ ക്രെയ്ഗ് എന്ന നടൻ അവസാനമായി ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന സിനിമയാകും ഇത്. ‘സഫിൻ ‘ എന്ന കഥാപാത്രത്തിന് തിന്മകളെ നേരിടാൻ റിട്ടയർമെന്റിൽ നിന്നും പുറത്തേക്ക് വരുന്ന ജെയിംസ് ബോണ്ടിനെ ആണ് ഈ സിനിമയിൽ കാണിക്കുന്നത്. കഴിഞ്ഞമാസം ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഇത് ഒരു ചരിത്ര സിനിമയായി മാറുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന ഉറപ്പ്. ലോകമെമ്പാടുമുള്ള ആരാധകർ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.
ഡോ. ഐഷ വി
ഈ ഭൂമിയിൽ ജീവിച്ച് മരിക്കുമ്പോൾ മറ്റുള്ളവർക്ക് ഓർക്കാൻ തക്ക സുകൃതങ്ങൾ അവശേഷിപ്പിച്ച് പോകുന്നവർ വളരെ കുറവാണ്. അങ്ങനെ 146 വർഷം മുമ്പ് കഥാവശേഷനായ കേവലം 49 വർഷ o മാത്രം (1825 -1874) ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന ആദ്യ കാല നവോത്ഥാന നായകൻ ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കല്ലിശേരി വേലായുധപണിക്കർ . ജീവിച്ചിരുന്ന 49 വർഷം കൊണ്ട് അവർണ്ണർക്ക് ജീവിക്കാൻ വളരെയധികം പ്രയാസം നേരിട്ട ഇരുളടഞ്ഞ കാലഘട്ടത്തിൽ അവർക്ക് വേണ്ടി പോരാടിയ വീരനായ ധീരനായ പോരാളിയുടെ ചരിത്രം അവിസ്മരണീയമാക്കുവാൻ ആർകെ സമുദ്രയെന്ന ശ്രീ രാധാകൃഷ്ണൻ രചിച്ച കാവ്യ ഗാഥ. വേലായുധ ചേകവർ എന്ന് പേരിട്ട ഈ കാവ്യ ഗാഥയുടെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ഈ സെപ്റ്റംബർ 28 വൈകുന്നേരം 4 മണിക്ക് എനിക്കും നിയോഗമുണ്ടായി. ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ഫീനിക്സിന്റെ അച്ഛനാണ് ശ്രീ രാധാകൃഷ്ണൻ എന്ന കഥാകാരൻ . ഈ കാവ്യ ഗാഥയെ കുറിച്ച് സെപ്റ്റംബർ 28 ന്റെ മലയാള മനോരമ പത്രത്തിൽ ” പെടപെടയ്ക്കണ കവിത” എന്ന പേരിൽ ഒരു വാർത്ത വന്നിരുന്നു. ശ്രീ രാധാകൃഷ്ണൻ എന്ന മത്സ്യ തൊഴിലാളി ഈ ഗാഥ രചിക്കുമ്പോൾ അതിന്റെ പശ്ചാത്തലം സമുദ്രമായിരുന്നു. മൊബൈലിൽ റിക്കോർഡ് ചെയ്ത് വാട് സാപ്പിലൂടെ സമുദ്രത്തിൽ നിന്നും വായു മാർഗ്ഗം കരയിലേയ്ക്കൊഴുകിയ ഗാഥ. കേവലം എഴുപത് വരികളിലൂടെ മനോഹരമായ വരകളിലൂടെ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന മുമ്പേ നടന്ന പോരാളിയുടെ ജീവിതത്തിന്റെ 9 മിനുട്ടിൽ ഒതുങ്ങുന്ന ദൃശ്യാവിഷ്കാരമാണ് ” വേലായുധ ചേകവർ” എന്ന ഗാഥ. മാഗ് മ യുട്യൂബ് ചാനലിലൂടെയാണ് ഇത് പ്രകാശനം ചെയ്തത്.
സെപ്റ്റംബർ 28 ന് ഞങ്ങളുടെ കോളേജിൽ അഡ് മിഷൻ ദിവസമായിരുന്നു. സമയത്ത് ഗാഥയുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ പറ്റുമോ എന്ന് എനിക്കും പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോണിനും സംശയമായിരുന്നു. അതിനാൽ പി റ്റി എ പ്രസിഡന്റ് എന്നോട് പറഞ്ഞു: കാര്യങ്ങൾ പറഞ്ഞു കൊണ്ട് രാധാകൃഷ് ണന് ഒരു മെസ്സേജ് അയക്കാൻ . അങ്ങനെ ആശംസകൾ നേർന്നുകൊണ്ട് ഞാൻ ഒരു സന്ദേശം നൽകി.
അഡ് മിഷൻ കഴിഞ്ഞപ്പോൾ സമയമുണ്ട്. ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു . മംഗലം ഗവ ഹയർ സെക്കന്ററിയ്ക്കും ഇടയ്ക്കാട് ശ്രീ വേലായുധ പണിക്കർ അവർണ്ണർക്കായി പണിയിച്ച ശിവക്ഷേത്രത്തിനും സമീപമുള്ള ആറാട്ടുപുഴ വേലായുധപണിക്കർ സ്മാരക ആഡിറ്റോറിയത്തിൽ ഞങ്ങളെത്തി. ഞങ്ങൾ ചെല്ലുമ്പോൾ കഥാകാരൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് ആഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പേരും ഫോൺ നമ്പരും ഒരു ബുക്കിൽ രേഖപ്പെടുത്തിയ ശേഷം കൈയിൽ സാനിടൈസറും പുരട്ടി ഞങ്ങൾ ആഡിറ്റോറിയത്തിനകത്ത് കയറി .
ചടങ്ങിൽ ഡോ.ഐഷ വി പ്രസംഗിക്കുന്നു
അകലങ്ങളിൽ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അടുത്തതിൽ പിറ്റി എ പ്രസിഡന്റും . ഉത്ഘാടകനായ ശ്രീ രാജീവ് ആലുങ്കൽ എത്താൻ കുറച്ചു കൂടി വൈകുമെന്നറിഞ്ഞു. ഒരു ഫോൺ വന്നപ്പോൾ പിറ്റി എ പ്രസിഡന്റ് പുറത്തേയ്ക്കിറങ്ങി. അടുത്ത കസേരയിലിരുന്ന മറ്റൊരാളോട് ശ്രീ വേലായുധ പണിയ്ക്കരെ കുറിച്ചുള്ള പുസ്തകങ്ങൾ വല്ലതും ലഭ്യമാണോ എന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇടയ്ക്കാട് ക്ഷേത്ര പറമ്പിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാഡം ഒന്ന് നടന്ന് കണ്ട് വരൂ, എന്ന്. അങ്ങനെ ഞാനിറങ്ങി. ക്ഷേത്ര പറമ്പിലെത്തി. തൊട്ടടുത്തു തന്നെ മംഗലം സ്കൂളുമുണ്ട്. ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ 1854 -ൽ സ്ഥാപിച്ച ഇന്നു വരെ പുനഃപ്രതിഷ്ഠ വേണ്ടി വന്നിട്ടില്ലാത്ത ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിലേയ്ക്ക് കാലെടുത്ത് വച്ചപ്പോൾ അദ്ദേഹം ബ്രാഹ്മണരുടെ ഇടയിൽ പോയി പൂണൂലണിഞ്ഞ് ആ വിദ്യയും പഠിച്ച് വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ ചരിത്രം ഓർത്തു പോയി. ക്ഷേത്ര പറമ്പിൽ തന്നെ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ആ നവോത്ഥാന നായകന്റെ പോരാട്ട ജീവിതത്തിന്റെ നിർണ്ണായക നിമിഷങ്ങളെ തങ്കലിപികളാൽ ആലേഖനം ചെയ്തിരിയ്ക്കുന്നു :
ആദ്യ കാർഷിക സമരം നയിച്ചു.
അവർണ്ണരുടെ ആദ്യത്തെ കഥകളിയോഗം 1861 ൽ സ്ഥാപിച്ചു.
നവോത്ഥാന നായകരിൽ ആദ്യത്തെ രക്തസാക്ഷി.
മേൽമുണ്ട് സമരം 1851-ൽ.
അച്ചിപ്പുടവ സമരവും ആദ്യത്തെ കാർഷിക സമരവും 1886 -ൽ.
സഞ്ചാര സ്വാതന്ത്ര്യ പോരാട്ടവും ജയിൽ വാസവും 1867 .
മൂക്കുത്തി സമരം, മുലക്കര വിരുദ്ധ സമരം, മിശ്രവിവാഹത്തിന് നേതൃത്വം നൽകി. അവർണ്ണരുട ആദ്യത്തെ ശിവക്ഷേത്രം 1854 -ൽ സ്ഥാപിച്ച മഹാൻ.
പ്രതിമ കണ്ട് തിരികെ നടക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. എന്റെ അച്ഛന്റെ ജ്യേഷ്ഠ പത്നി പരേതയായ ശ്രീമതി സരളാ പണിക്കരുടെ പിതാമഹനാണല്ലോ ഈ മഹാൻ എന്ന്.
തിരികെ ആഡിറ്റോറിയത്തിനടുത്ത് എത്തിയപ്പോൾ ഫീനിക്സും അമ്മയും എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുമാരനാശാൻ സ്മാരക സമിതി എന്ന ബോർഡ് വച്ച കാറിൽ ശ്രീ രാജീവ് ആലുങ്കലും കുടുംബവുമെത്തി. താമസിയാതെ യോഗം ആരംഭിച്ചു. ഈശ്വരപ്രാർത്ഥന കഴിഞ്ഞ് കഥാകാരൻ സ്വാഗതം ആശംസിച്ച വേദിയിൽ ഞങ്ങളിരുന്നു. പരിമിതമായ ഔപചാരിക വിദ്യാഭ്യാസമേ ഉള്ളു എങ്കിലും ശ്രീ ആർകെ സമുദ്ര നവോത്ഥാന നായകനെ വരയും വാക്കും ധനവും സമയവും മുടക്കി അനശ്വരനാക്കാൻ ശ്രമിച്ച ദൃശ്യാവിഷ്കാരത്തിന്റെ പ്രകാശന ചടങ്ങിൽ അങ്ങനെ ഞാനും പങ്കെടുത്തു.
നിങ്ങളും വേലായുധ ചേകവർ എന്ന് പേരിട്ട ഈ മനോഹര ദൃശ്യാവിഷ്കാരം കാണുമല്ലോ? ഈ ലിങ്കിൽ അത് ലഭ്യമാണ്.
തിരികെ പോരുമ്പോൾ ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. അഭിമാനവും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- സ്പെയിനിലെ ഹോളിഡേ ആഘോഷങ്ങൾ കഴിഞ്ഞു ബ്രിട്ടനിൽ തിരിച്ചെത്തിയ ശേഷം ക്വാറന്റൈനിൽ പോകാൻ വിസമ്മതിച്ച രണ്ടു വനിതകൾക്ക് 1000 പൗണ്ട് പിഴ ഈടാക്കി പോലീസ്. ഗ്രെയ്റ്റർ മാഞ്ചെസ്റ്ററിലെ ആഷ് ടൺ-അണ്ടർ – ലൈൻ എന്ന പട്ടണത്തിൽ നിന്നുള്ളവരാണ് ഇരു വനിതകളും. നിലവിലുള്ള നിയമം അനുസരിച്ച്, സ്പെയിനിൽ പോയി തിരിച്ചെത്തുന്നവർ 14 ദിവസത്തെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നത് നിർബന്ധമാണ്. എന്നാൽ ഇവർ ഇരുവരും തങ്ങളുടെ വീക്കെൻഡ് ആഘോഷങ്ങൾക്കുശേഷം തിരിച്ചെത്തി സാധാരണ ജീവിതം നയിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇവരിൽ ഒരാൾ സ്ഥിരമായി ജോലിക്ക് പോയിരുന്നതായും, മറ്റേയാൾ ഒരു ആശുപത്രിയിൽ സന്ദർശനം നടത്തിയതായും പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ക്വാറന്റൈനിൽ പോകുവാൻ സാധിക്കാത്തവർ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനങ്ങളെല്ലാവരും തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകിക്കഴിഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച 6968 കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ബ്രിട്ടനിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 467, 146 ആയി ഉയർന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.