Main News

ടോറി പാർട്ടി സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കൂടുതൽ ആവേശകരമാവുന്നു. ജൂൺ 19ന് നടന്ന തെരഞ്ഞെടുപ്പിൽ 27 വോട്ടുകൾ മാത്രം ലഭിച്ചതിനാൽ റോറി സ്റ്റെവാർട്ട് പുറത്തായിരിക്കുന്നു. ബോറിസ് ജോൺസൺ, ജെറമി ഹണ്ട്, മൈക്കിൾ ഗോവ്, സാജിദ് ജാവീദ് എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്. 143 വോട്ടുകളാണ് ബോറിസ് ജോൺസന് ലഭിച്ചത്. അതിനാൽ അവസാനം വരുന്ന രണ്ട് സ്ഥാനാർഥികളിൽ ഒന്ന് ജോൺസൺ ആകും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. വിദേശകാര്യസെക്രട്ടറി ജെറമി ഹണ്ടിന് 54 വോട്ടുകളും പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവിന് 51ഉം ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിന് 38 വോട്ടുകളുമാണ് ലഭിച്ചത്. ഈ ഫലം കൂടി പുറത്തുവന്നതോടെ ബാക്കിയുള്ള സ്ഥാനാർഥികൾ സ്റ്റെവാർട്ടിന്റെ വോട്ടർമാരുടെ പിന്തുണ കൂടി തങ്ങൾക്ക് ലഭിക്കുവാൻ പ്രയത്നിക്കുന്നു.

ബാലറ്റിൽ എന്ത് തിരിമറിയും നടക്കാമെല്ലോ എന്നാണ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് പറഞ്ഞത്. “ബിബിസി ചർച്ചയിലെ മോശം പ്രകടനമാണ് സ്റ്റെവാർട്ടിന്റെ വീഴ്ചയ്ക്ക് കാരണം. അല്ലാതെ ഒരു കള്ളത്തരമോ തിരിമറിയോ നടന്നിട്ടില്ല.” ഡൊമിനിക് റാബിന്റെ പിന്തുണക്കാരൻ പറയുകയുണ്ടായി. തന്റെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നില്ല എന്ന് സ്റ്റെവാർട്ടും തുറന്ന് സമ്മതിക്കുന്നു. “ഈ കഴിഞ്ഞ ആഴ്ചകളിൽ എനിക്ക് ലഭിച്ച പിന്തുണയിൽ ഞാൻ ഏറെ സന്തോഷവാനാണ്. അതിൽ നിന്ന് ഞാൻ പ്രചോദനമുൾക്കൊണ്ടിരിക്കുന്നു. ഇത് എനിക്ക് രാഷ്ട്രീയത്തിലും എന്റെ രാജ്യത്തിലും പുതിയൊരു വിശ്വാസം നൽകിയിരിക്കുന്നു. ഇന്ന് എനിക്ക് മതിയായ എംപിമാരുടെ പിന്തുണ ലഭിച്ചില്ല. എന്നാൽ ഒരുനാൾ അത് സംഭവിക്കും. ഞാൻ നിങ്ങളിലും ഈ രാജ്യത്തിന്മേലും വിശ്വാസമർപ്പിച്ചിരിക്കുന്നു. ” തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് ഇപ്രകാരം ട്വീറ്റ് ചെയ്തു.

ബോറിസ് ജോൺസന് കടുത്ത മത്സരം നൽകാൻ ഹണ്ട് തയ്യാറാണെന്നും അവസാന രണ്ടിൽ എത്തിയാൽ ജോൺസനെ ശക്തമായിത്തന്നെ നേരിടുമെന്നുമാണ് ഹണ്ടിന്റെ പിന്തുണക്കാർ പറയുന്നത്. സ്റ്റെവാർട്ടിന്റെ പിന്തുണക്കാരുടെ വോട്ട് ലഭിക്കുവാൻ വേണ്ടി സാജിദിന്റെ പിന്തുണക്കാർ ശ്രമിക്കുന്നു.ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഗ് ഇപ്രകാരം പറഞ്ഞു “റോറി സ്റ്റെവാർട്ട് പുറത്തായി എന്നറിഞ്ഞതിൽ നിരാശയുണ്ട്. നേരിന്റെയും വിശ്വാസത്തിന്റെയും സന്ദേശങ്ങൾ നൽകിയ ഒരു മികച്ച സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 കൊണ്ട് ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ജോൺസൺ ബിബിസി ചർച്ചയിൽ പറയുകയുണ്ടായി. എന്നാൽ ബ്രക്സിറ്റ് അത്ര എളുപ്പമാകില്ല എന്നും തനിക്ക് അതിൽ ഒരുറപ്പുമില്ല എന്നും ജോൺസൺ തന്റെ ടീമിനോട് ഇന്നലെ പറയുകയുണ്ടായി. ഈ പ്രസ്താവന ജോൺസന് തന്നെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ഇന്നാണ് അവസാന രണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്.ടോറി ലീഡർ ആരാണെന്ന് അറിയാൻ ഇനിയും മണിക്കൂറുകൾ മാത്രം ശേഷിക്കുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ ബ്രിട്ടനിൽ ജനിച്ച ഏറ്റവും ചെറിയ പൈതൽ, ഇസബെല്ലാ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒന്നാം പിറന്നാൾ ആഘോഷിച്ചു. ഇസബെല്ലയുടെ പിറന്നാൾ ദിവസം അതിജീവനത്തിന്റെ ആഘോഷം ആയിരുന്നു എന്ന് പിതാവ്, 26കാരനായ റയാൻ ഇവാൻസ് അറിയിച്ചു.

കഴിഞ്ഞവർഷം ജൂൺ 14ന് വെറും 24 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്നപ്പോഴാണ് ഇസബല്ലയുടെ ജനനം. ഒരു പൗണ്ടിൽ താഴെ മാത്രം ഭാരം ആണ് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അവൾ തരണം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി മാതാപിതാക്കൾ ഗ്ലൗസിസ്റ്റർഷിറിലെ ബിഷപ്പ് ക്ലീവ് ഭവനത്തിൽ വച്ച് കുടുംബാംഗങ്ങൾക്കായി ഒരു പാർട്ടിയും നടത്തി. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ ബന്ധു ജനങ്ങളോടും ഉള്ള നന്ദി ഇസബെല്ലയുടെ പിതാവ് റയാൻ അറിയിച്ചു.

ഇത് വെറും ഒരു ജന്മദിനം മാത്രമല്ലെന്നും അതിജീവനത്തിന്റെ ആഘോഷം ആണെന്നും അദ്ദേഹം പറഞ്ഞു. ഇസബെല്ല ഇത്രയും നാൾ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കും എന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ സന്തോഷത്തിനായി സ്വന്തം ഭാര്യക്കു ഡയമണ്ട് മോതിരം നൽകി ഒരിക്കൽ കൂടി ചേർത്തു പിടിക്കാനും അദ്ദേഹം മറന്നില്ല. ഒന്നിലധികം ഓപ്പറേഷനുകൾക്കും ആറ് മാസത്തോളം നീണ്ട ആശുപത്രി വാസത്തിനും ശേഷം ഡിസംബറിലാണ് അമ്മയെയും കുഞ്ഞിനെയും ഭവനത്തിലേക്ക് അയച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം നിറഞ്ഞ ദിവസമാണ് ഇതെന്നു മാതാവ് 25 കാരിയായ കിം ബ്രൗൺ പറഞ്ഞു. തന്റെ കുഞ്ഞിന്റെ അച്ഛനോടുള്ള സന്തോഷവും അവർ മറച്ചുവെച്ചില്ല. ഇരുവരുടേയും മുന്നോട്ടുള്ള ജീവിതത്തിൽ ഇസബെല്ലയുടെ സാന്നിധ്യം പുതിയ അർത്ഥങ്ങൾ നൽകുന്നുവെന്ന് ഇരുവരും അറിയിച്ചു.

1949 ഒരു ഫുട്ബോൾ ബോളിൽ പതിച്ചിരുന്ന ലോഗോ തിരിച്ചറിയാൻ എളുപ്പമുള്ളതല്ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തൽ. അഡിഡാസിന് തങ്ങളുടെ പ്രശസ്തമായ ചിഹ്നം നീട്ടിക്കിട്ടാനുള്ള ശ്രമം അന്ന് ബൂട്ടിൽ “അത് കൃത്യമായി തെളിഞ്ഞിരുന്നില്ല “എന്ന കാരണത്താൽ യൂറോപ്യൻ കോടതിയു മായുള്ള വ്യവഹാരത്തിൽ നഷ്ടമായി. യൂറോപ്യൻ ടെറിട്ടറിയിൽ ഉടനീളം കമ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്ന ലോഗോ ആണ് ഇപ്പോൾ അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് എന്ന് തെളിയിക്കാൻ അവർക്കായിട്ടില്ല എന്ന് ബുധനാഴ്ച കോടതി കണ്ടെത്തി. മൂന്ന് ചെരിഞ്ഞ സമാന്തരവരകൾ ഉള്ള ചിഹ്നം ആദ്യമായി രജിസ്റ്റർ ചെയ്തത് അഡിഡാസ് സ്ഥാപകൻ അഡി ഡാസ്ലർ ആയിരുന്നു. 1949 ഫുട്ബോൾ ബൂട്ടിൽ പതിച്ച പ്രസ്തുത ലോഗോ പിന്നീട് വന്ന ഉൽപ്പന്നങ്ങളെല്ലാം കമ്പനിയിൽ നിന്നാണ് എന്ന് തെളിയിക്കാനുള്ള മതിയായ രേഖ അല്ലെന്നും കോടതി പറഞ്ഞു.

 

ജർമൻ സ്പോർട്സ് വെയർ നിർമാതാക്കളും യൂറോപ്പിലെ ഷൂ ബ്രാൻഡിങ് ബെൽജിയം കമ്പനിയും തമ്മിൽ വർഷങ്ങളായി നടന്നു വരുന്ന തർക്കത്തിന് പരിണിതഫലമാണ് കോടതിയുടെ ഉത്തരവ്. 2014 തുല്യ അകലത്തിലും വീതിയിലുമുള്ള സമാന്തരമായ 3 ചരിഞ്ഞ വരകൾ കമ്പനിയുടെ വസ്ത്രങ്ങളിലും തൊപ്പി കളിലും ഷൂസുകളും ഉപയോഗിക്കാൻ അംഗീകൃത മുദ്രയായി അനുവദിച്ചു നൽകിയിരുന്നു. എന്നാൽ 2016 -ൽ ഈ അംഗീകൃത മുദ്ര പുതുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പ്രശസ്ത ട്രേഡ് മാർക്ക് ലോയർ ആയ മാർക്ക് കാസിൽ പറയുന്നത് തങ്ങളുടെ ഉൽപന്നങ്ങളിൽ പതിച്ചിരിക്കുന്ന മുദ്ര കാണുമ്പോൾ ബ്രാൻഡ് അഡിഡാസ് ആണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു എന്നാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു ചതുരത്തിന് മുകളിൽ നാല് ബാറുകൾ അടുക്കിവെച്ച തങ്ങളുടെ കിറ്റ്കാറ്റ് ഡിസൈൻ പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ നെസ്‌ലെ ക്ക് നഷ്ടമായിരുന്നു.

 

നമ്മുടെ അടുത്ത പ്രധാനമന്ത്രി ആരാവും? ‘ എന്ന ബി ബി സിയുടെ ചർച്ചയിൽ ബ്രക്സിറ്റ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്ത് വന്നു . എമിലി മാൾട്ലിസ് അവതാരികയായ ചർച്ചയിൽ ബോറിസ് ജോൺസൺ, ജർമി ഹണ്ട്, സാജിദ് ജാവീദ്, മൈക്കിൾ ഗോവ്, റോറി സ്റ്റെവാർട്ട് എന്നിവർ ഉണ്ടായിരുന്നു. ഡൊമിനിക് റാബ് രണ്ടാംറൗണ്ടിൽ പുറത്താക്കപ്പെട്ടിരുന്നു. ബ്രിട്ടണിൽ മാസങ്ങളായി പ്രശ്നം ഉളവാക്കുന്ന ബ്രക്സിറ്റ് ആയിരുന്നു ചർച്ചയുടെ പ്രധാന വിഷയം. ജനങ്ങളിൽനിന്ന് അനേകം ചോദ്യങ്ങൾ സ്ഥാനാർഥികൾക്ക് നേരിടേണ്ടതായി വന്നു. കാലാവസ്ഥാമാറ്റം, നികുതി പ്രശ്നം, ഇസ്ലാമോഫോബിയ തുടങ്ങിയവയൊക്കെ ചർച്ചയിൽ വിഷയമായി വന്നു.

നോർവിച്ചിൽ നിന്നുള്ള ലീയുടെ ആദ്യത്തെ ചോദ്യം ഒക്ടോബർ 31 കൊണ്ട് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുമോ എന്നതായിരുന്നു. ബോറിസ് ജോൺസനാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ബ്രക്സിറ്റ് കാര്യത്തിൽ ഒക്ടോബർ 31 കൊണ്ട് തീരുമാനം എടുക്കാൻ സാധിച്ചില്ലെങ്കിൽ അത് നമുക്ക് വലിയ നഷ്ടം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. റോറി സ്റ്റെവാർട്ട് ഒഴികെ ബാക്കിയെല്ലാവരും നോ ഡീൽ ബ്രക്സിറ്റിനെ അനുകൂലിച്ച് സംസാരിച്ചു. തെരേസയുടെ പിന്മാറ്റ കരാർ പുനരവതരിപ്പിക്കുന്നതാണ് ബ്രക്സിറ്റ് പ്രശ്നത്തിന് ഒരു പരിഹാരം എന്ന് റോറി സ്റ്റെവാർട്ട് പറഞ്ഞു. “നാമെല്ലാവരും പാർലമെന്റ് എന്ന വാതിലുള്ള മുറിയ്‌ക്കുള്ളിലാണ്. ഞാൻ മാത്രമേ അത് തുറക്കുവാൻ ശ്രമിക്കുന്നുള്ളൂ ” അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രക്സിറ്റ് പ്രശ്നത്തിൽ ഒരു വ്യത്യസ്തമായ രീതി നമ്മൾ കണ്ടെത്തി നടപ്പിലാക്കണം എന്നാണ് മൈക്കിൾ ഗോവ് പറഞ്ഞത്. ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. സാജിദ് ജാവീദും ഇതിനെ അനുകൂലിച്ച് സംസാരിച്ചു. എന്നാൽ ജെറമി ഹണ്ടും മൈക്കിൾ ഗോവും ഇതിനെ വിമർശിക്കുകയുണ്ടായി.

ഐറിഷ് അതിർത്തിയെ ചൊല്ലിയുള്ള പ്രശ്നത്തിൽ ഹണ്ടും ജാവിദും പറഞ്ഞത് നിലവിലുള്ള പ്രവർത്തിരീതി കൊണ്ട് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കാം എന്നാണ്. ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഹൗസ് ഓഫ് കോമൺസിൽ ആർക്കും തന്നെ താൽപര്യമില്ല എന്നാണ് അവർ പറഞ്ഞത്. ഒപ്പം ലണ്ടൻ മേയർ ആയ സാദിഖ് ഖാന് എതിരെയുള്ള ട്രംപിന്റെ പരാമർശത്തിനെതിരെ ഇവർ അഞ്ചുപേരും രംഗത്തുവന്നിരുന്നു.ഇതും ചർച്ചയിൽ വിഷയമായി വന്നു. ചാനൽ 4 ടിവിയുടെ ചർച്ച ബോറിസ് ജോൺസൺ ഒഴിവാക്കിയത് പല വിമർശനങ്ങൾക്കും വഴിയൊരുക്കി. എല്ലാ സ്ഥാനാർഥികളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും തങ്ങളുടെ നയങ്ങളും നടപടികളും എന്തെന്ന് ജനങ്ങൾ അറിയണമെന്നും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഖ് പറഞ്ഞു. ഈ മാസം 22 ന് കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ കഴിയും. ഇതു തന്നെയാണ് ബ്രിട്ട നും ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

238 യാത്രക്കാരുടെ മരണത്തിന് കാരണമായ അപകടം ക്ഷണിച്ചു വരുത്തിയത് പൈലറ്റിൻെറ മാനസികനില എന്ന് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ. അപകടത്തിൽ പെടുന്നതിന് മുൻപുതന്നെ വിമാനത്തിൽ ഉള്ളവരെ ശ്വാസംമുട്ടിച്ചു കൊല്ലാൻ പൈലറ്റ് വിമാനം അതീവ അന്തരീക്ഷമർദ്ദം ഉള്ള ഉയരങ്ങളിലേക്ക് പറപ്പിച്ചിരുന്നു.

ഏകാകിയും വിഷാദരോഗിയും ആയ ക്യാപ്റ്റൻ സഹാരി അഹമ്മദ് ഷാ അതിനുശേഷമാണ് 238 യാത്രക്കാർ അടങ്ങിയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീഴ്ത്തിയത് എന്ന് വാർത്താ വൃത്തങ്ങൾ അറിയിച്ചു. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വൈമാനിക രംഗത്തെ വിദഗ്ധരാണ് ഇങ്ങനെ ഒരു അനുമാനത്തിൽ എത്തിയിരിക്കുന്നത്. മാർച്ച് 8 2014 നു കാണാതായ വിമാനത്തിനായി ഔദ്യോഗികമായും അനൗദ്യോഗികമായും വൻ തിരച്ചിലാണ് നടത്തിയത്.

ഒന്നുകിൽ ബോയിങ് 777 ന്റെ ഇന്ധനം തീരുംവരെ ക്യാപ്റ്റൻ ഷാ വിമാനം സമുദ്രത്തിനു മുകളിലൂടെ പറത്തുകയോ അല്ലെങ്കിൽ അതിന് കാത്തുനിൽക്കാതെ വിമാനം സമുദ്രത്തിലേക്ക് ഇടിച്ചിറക്കുകയോ ആയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ദി അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് വൈമാനിക വിദഗ്ധൻ വില്യം ലാങ്വിശേ ഇത് വെളിപ്പെടുത്തിയത്. ക്യാബിനിൽ മർദ്ദം കൂട്ടുന്നതിനു മുൻപ് തന്നെ സഹ പൈലറ്റിനെ ക്യാപ്റ്റൻ കൊല ചെയ്യുകയോ നിസ്സഹായൻ ആക്കുകയോ ചെയ്തിരിക്കാം.

ഇലക്ട്രിക്കൽ എൻജിനീയറായ മൈക്ക് എസ്‌മോളിന്റെ അഭിപ്രായത്തിൽ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും മുൻപ് വിമാനം 40000 അടി ഉയരത്തിൽ എത്തിയിട്ടുണ്ട്. ഉയരങ്ങളിൽ എത്തുമ്പോൾ ഓക്സിജൻ സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്ന ഓക്സിജൻ മാസ്ക് പോലും പതിമൂവായിരം അടി ഉയരം വരെയേ പ്രവർത്തിക്കൂ. മാത്രമല്ല അത് 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനിൽ ഉണ്ടായിരുന്നവർ മിനിറ്റുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി മരിച്ചിരിക്കാം.

ക്വാലാലംപൂർൽ നിന്ന് ബെയ്ജിങ് ലേക്ക് 2014 മാർച്ച് എട്ടിന് പുറപ്പെട്ട വിമാനത്തിന്റെ തിരോധാനം വൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുകയാണ്.

ബ്രിട്ടനിലേക്ക് അതിമാരകമായ വിഷമുള്ള ഏഷ്യൻ കടന്നലുകൾ കൂട്ടത്തോടെ ചേക്കേറുന്നു. ഇവയുടെ ഒറ്റ കുത്തിൽ തന്നെ മനുഷ്യ ജീവന് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ജേഴ്‌സിയിലെ ചാനൽ ഐലൻഡിൽ ഇത്തരം കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവ ബ്രിട്ടനിലേക്കും കടന്നിരിക്കാം എന്ന സാധ്യത ഉടലെടുത്തത്. നിലവിലെ ഈർപ്പമുള്ള കാലാവസ്ഥ ഇത്തരം കടന്നലുകളുടെ പ്രജനനത്തിന് സഹായകരമാകും എന്നാണ് റിപ്പോർട്ടുകൾ. കുത്തേൽക്കുന്ന വ്യക്തിക്ക് വിഷത്തോട് അലർജിയുണ്ടെങ്കിൽ അനാഫൈലാക്സിസ് എന്ന അവസ്ഥ വരികയും ഉടൻ മരണം സംഭവിക്കുകയും ചെയ്യും.

ചാനൽ ഐലൻഡിലെ ഇത്തരം കടന്നലുകളുടെ 13 കൂടുകളും നശിപ്പിച്ചുവെന്ന് കോഡിനേറ്റർ അലാസ്റ്റർ ക്രിസ്റ്റീ അറിയിച്ചു. കഴിഞ്ഞ വർഷം മൊത്തം 12 കൂടുകളാണ് ഉണ്ടായിരുന്നത്. 2014- ൽ ചൈനയിൽ നിന്നുള്ള ഒരു ചരക്ക് കപ്പലിലൂടെയാണ് ഇത്തരം കടന്നലുകൾ യൂറോപ്പിലെ ഫ്രാൻസിൽ എത്തിപ്പെട്ടത്. ഏകദേശം അഞ്ച് വ്യക്തികളുടെ മരണത്തിന് ഈ കടന്നലുകൾ കാരണമായി. ഇത്തരം കടന്നലുകളുടെ എണ്ണം വർദ്ധിച്ചത് ബ്രിട്ടന് ഒരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

ഏഷ്യൻ കടന്നലുകൾ ഒരു ദിവസം ഏകദേശം 50 തേനീച്ചകളെ ഭക്ഷിക്കാറുണ്ട്. മുപ്പതിനായിരത്തോളം തേനീച്ചകൾ ഉള്ള ഒരു കൂട് മണിക്കൂറുകൾക്കകം നശിപ്പിക്കാൻ ഇത്തരം കടന്നലുകൾക്ക് സാധിക്കുമെന്ന് പരിസ്ഥിതി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡിഫ്ര വെളിപ്പെടുത്തി . ഇവ ടെംപറേറ്റ് മേഖലകളിലും കിഴക്കൻ ട്രോപ്പിക്കൽ മേഖലകളിലുമാണ് കാണപ്പെടുന്നത്. എന്നാൽ ഏഷ്യൻ കടന്നലുകൾ ആണെന്ന് തെറ്റിദ്ധരിച്ച് ബ്രിട്ടണിലെ കടന്നലുകളെ കൊന്നൊടുക്കരുതെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. ബ്രിട്ടണിലെ കടന്നലുകൾ കുത്തി പരിക്കേൽപ്പിക്കാൻ ഉള്ള സാധ്യത കുറവാണ്. ഇത്തരം കടന്നലുകൾ പരാഗണത്തിനും മറ്റും ഒട്ടേറെ സഹായിക്കും.

ഏഷ്യൻ കടന്നലുകൾ വർദ്ധിച്ചാൽ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു .  പ്രകൃതിയുടെ നിലനിൽപിന് ആവശ്യമായ ചെറിയ ജീവികളുടെ നശീകരണത്തിന് ഇത്തരം കടന്നലുകൾ വഴിതെളിക്കുന്നു. ഇത്തരം കടന്നലുകളുടെ നശീകരണത്തിന് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗവൺമെന്റ് വക്താവ് നിക്കോള സ്‌പെൻസ് അറിയിച്ചു. ഇത്തരം കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തുന്നവർ ഉടനടി അറിയിക്കണം എന്നും അദ്ദേഹം അറിയിച്ചു.

അന്ധരായ രണ്ടു ഇന്ത്യൻ യുവ സംഗീതജ്ഞർക്ക് യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ആഭ്യന്തര ഭരണ കാര്യാലയം. സ്കോട്ടിഷ് ചാരിറ്റിയായ പാരഗൺ മ്യൂസിക് നടത്താനിരുന്ന രണ്ടു ആഴ്ചത്തെ കൾച്ചറൽ എക്സ്ചേഞ്ചിൽ ആണ് ഇന്ത്യക്കാരായ 19 വയസ്സുള്ള ജ്യോതി കലൈസെൽവിയും (വയലിനിസ്റ്റ് ) 25 വയസ്സുള്ള പ്രേം ഭഗവാൻ നാഗരാജുവും (കീബോർഡിസ്റ്റ് ) പങ്കെടുക്കേണ്ടിയിരുന്നത്. ശനിയാഴ്ച ചെന്നൈയിൽ നിന്നും വിസിറ്റിംഗ് വിസ വഴി പോകാനിരിക്കെയാണ് ഇവർക്കെതിരെയുള്ള ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ നടപടി. ഇവർക്ക് രണ്ടു പേർക്കും ഇന്ത്യയുമായി മതിയായ ബന്ധമില്ലെന്നും അതിനാൽ അവർ യു കെ വിടില്ലെന്നുമാണ് അഭ്യന്തര കാര്യാലയം നൽകുന്ന വിശദീകരണം. എന്നാൽ ഇവരുടെ കൂടെ പോകുവാൻ ഇരുന്ന ചെന്നൈ ദേവസിതം ചാരിറ്റബിൾ ഫൗണ്ടേഷൻ അംഗങ്ങൾക്ക് വിസ നൽകി. യുകെയിൽ പ്രവേശിക്കുന്നതിൽ ഈ രണ്ട് യുവ സംഗീതജ്ഞർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഗവണ്മെന്റിന് എതിരെ പല വിമർശനങ്ങളും ആണ് ഉയർന്നു വരുന്നത്.

2017 ലാണ് യുകെ ഗവൺമെന്റ് ഇങ്ങനെയൊരു കൾച്ചറൽ എക്സ്ചേഞ്ചിന് തുടക്കം കുറിക്കുന്നത്. അംഗവൈകല്യം നേരിടുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടു വരികയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈയൊരു പരിപാടിയിലെ പ്രധാന ഇനം . പാരഗൺ മ്യൂസിക് ഡയറക്ടർ നിനിയൻ പെറി ഇതൊരു ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞു. ഇത് വെളിപ്പെടുത്തുന്നത് ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ വിവേചന പെരുമാറ്റ രീതിയാണെന്ന് അവർ പറഞ്ഞു. ഇതിനു പിന്നിലെ യുക്തി എന്താണെന്നും പെറി ചോദിക്കുകയുണ്ടായി. “ഞങ്ങൾ ചെന്നൈയ്ക്ക് പോവുകയും അവരെ കണ്ട് പരിശീലനം നൽകുകയും ചെയ്തു. ഈ നല്ല സൗഹൃദം നിലനിർത്തുവാൻ അവരെ ക്ഷണിച്ചു. എന്നാൽ ഗവൺമെന്റിന് ആരെയും വിശ്വാസമില്ല” പെറി കൂട്ടിച്ചേർത്തു.

ദേവസിതം ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ആൽഫ്രഡ്‌ ബെഞ്ചമിൻ ഇപ്രകാരം പറഞ്ഞു “ഞങ്ങൾ ഏവരും വളരെ ആകാംക്ഷയിലായിരുന്നു. പ്രത്യേകിച്ച് പ്രേമും ജ്യോതിയും. അവർക്ക് ഈ അവസരം ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു. പക്ഷേ ഈ നടപടി ഞങ്ങൾക്ക് വളരെ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രേമിനെയും ജ്യോതിയെയും പറഞ്ഞു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്കോട്ടിഷ് എംപി ഡെയ്‌ഡ്റി ബ്രോക്കും ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ഗവൺമെന്റിന്റെ ഈ ഒരു നടപടി മൂലം കൾച്ചറൽ എക്സ്ചേഞ്ച് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ഇതുമൂലം ചാരിറ്റിക്ക് ഉള്ള 8000 പൗണ്ടാണ് നഷ്ടമാവുന്നത്. “ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ നടപടിയെ മാറ്റാൻ ഞങ്ങളെല്ലാം ചെയ്യുന്നുണ്ട്. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാധിക്കുമോ എന്നും പാരഗൺ മ്യൂസിക് അന്വേഷിക്കുന്നുണ്ട്.” നിനിയൻ പെറി അറിയിച്ചു. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് എത്രയും വേഗം ഇത് അന്വേഷിക്കണമെന്നും ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ തീരുമാനം മാറ്റുവാൻ ശ്രമിക്കണമെന്നും എസ് എൻ പി എംപി അലിസൺ തെവ്ലിസ് അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ചാരിറ്റി പരിപാടി ഗവണ്മെന്റ് നടത്തുകയും അതിൽ തന്നെ ഇങ്ങനെ വിവേചനം കാണിക്കുകയും ചെയ്യുന്ന രീതി ഒട്ടും ശരിയെല്ലെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നു .

പരമ്പരാഗതമായി ഉപയോഗിച്ചു വന്ന രോഗനിർണയ രീതികളെ കാൾ ഈ കാലത്ത് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് അസുഖങ്ങൾ കണ്ടെത്താം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സ്റ്റോണി ബ്രൂക്ക്, പെൻസിൽവാനിയ ഹെൽത്ത് സിസ്റ്റം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാക്കിയാൽ ആ വ്യക്തി വിഷാദരോഗം ഡയബറ്റിസ് തുടങ്ങിയവയ്ക്ക് അടിമയാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്ന പഠനം നടന്നത്. സാധാരണ ശരീരം പരിശോധിക്കുന്ന പോലെ തന്നെ, പോസ്റ്റിനോടൊപ്പം തങ്ങളുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് ചേർത്ത ഏകദേശം ആയിരത്തോളം രോഗികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഡേറ്റാ കളക്ഷൻ ഉപയോഗിച്ച് അവർ താരതമ്യ പഠനം നടത്തിയിരുന്നു.
ഉപയോഗിച്ച ഭാഷയെക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തിയതിനുശേഷം രോഗിയുടെ പ്രായം , സെക്സ് തുടങ്ങിയവ മനസ്സിലാക്കുന്നു. അങ്ങനെ ഏകദേശം 21 ഓളം വ്യത്യസ്ത രോഗസാധ്യതകളെ കുറിച്ച് മനസ്സിലാക്കാം എന്നാണ് ഗവേഷണ വിദ്യാർഥികൾ പറയുന്നത്. സൈക്കോസിസ് ആൽക്കഹോളിസം, ഉൽക്കണ്ഠ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. പത്തോളം രോഗങ്ങൾ കണ്ടെത്താൻ ശാരീരികാവസ്ഥകളേക്കാൾ നല്ലത് ഫേസ്ബുക്ക് പോസ്റ്റുകൾ ആണെന്നും അവർ പറയുന്നു.

ചില വാക്കുകൾക്ക് ചില രോഗാവസ്ഥകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന് ഡ്രിങ്ക് കുപ്പി തുടങ്ങിയ വാക്കുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ മിക്കപ്പോഴും മദ്യപാനികൾ ആയിരിക്കും. അതേസമയം ദൈവം പ്രാർത്ഥനാ തുടങ്ങിയ വാക്കുകൾ സാധാരണക്കാരെ അപേക്ഷിച്ച് 15 ശതമാനത്തിലധികം ഉപയോഗിക്കുന്നവർ പ്രമേഹരോഗികൾ ആയിരിക്കും.

പെന് മെഡിസിൻ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്ത് ഡയറക്ടറായ റൈന മർച്ചന്റ് പറയുന്നു “ഈ പഠനം വളരെ നേരത്തെ നടന്നതാണ് എന്നാൽ രോഗനിർണയത്തിന് സഹായകമാകുമെന്ന് മനസ്സിലായതിനാൽ ആണ് ഇപ്പോൾ ഇത് പുറത്തുവിടുന്നത്”. മിക്കവാറും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തികളുടെ ജീവിതശൈലി കളെക്കുറിച്ചും മാനസിക നിലയെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇത് രോഗനിർണയത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്.
ഡിജിറ്റൽ ഭാഷയ്ക്ക് അതിന്റെതായ പ്രത്യേകത ഉണ്ടെന്നും, ഈ കണ്ടെത്തൽ വെളിച്ചംവീശുന്നത് പുതിയ രോഗനിർണായക സമീപനങ്ങളിലെക്കാണെന്നും വ്യക്തിയെ കാണാതെ ചികിത്സ തുടങ്ങാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത എന്നും മുതിർന്ന ഗവേഷകനായആൻഡ്രൂ സ്വാർട്സ് പറഞ്ഞു.

ബ്രിട്ടണിലെ തെരുവോരങ്ങളിലും മറ്റു ഭവനരഹിതർ താമസിക്കുന്ന ക്യാമ്പുകൾ ഒഴിപ്പിക്കുന്നത് കഴിഞ്ഞ അഞ്ചു വർഷമായി മൂന്നിരട്ടിയായി വർദ്ധിച്ചു വരികയാണ്. ടെന്റുകളും കാർഡ്ബോർഡ്‌ ഭവനങ്ങളും ഷെഡ്ഡുകളും മറ്റുമാണ് ഒഴിപ്പിക്കുന്നത്. 2014 -ലെ 72 എന്ന കണക്കിൽ നിന്ന് 2019 ആയപ്പോഴേക്കും 254 ടെന്റുകളാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഭവനരഹിതരുടെ എണ്ണത്തിലുള്ള വർദ്ധനയും ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ടിന്റെ കുറവും മറ്റുമാണ് ഒഴിപ്പിക്കുന്നതിന് കാരണമായി പറയപ്പെടുന്നത് .

2017 ലെ കണക്ക് പ്രകാരം ഏറ്റവുമധികം ഭവനരഹിതർ ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ബ്രൈറ്റനിൽ ഒഴിപ്പിച്ച ഒരു ടെന്റിനു 25 പൗണ്ട് ആണ് പ്രാദേശിക അധികാരികൾ ഈടാക്കുന്നത്. ഈസ്റ്റ്‌ ഡോർസെറ്റിൽ 50 പൗണ്ടാണ് ഈടാക്കുന്നത്. എന്നാൽ ബ്രൈറ്റനിൽ വേണ്ടതായ പണം ഇല്ലാത്തവർക്കും അവരുടെ ആവശ്യം വേണ്ട വസ്തുവകകൾ തിരിച്ചു നൽകുന്നുണ്ടെന്ന് അധികാരികൾ അറിയിച്ചു.

ഇത്തരത്തിലുള്ള ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ഇടയിൽനിന്നും പരാതികൾ ധാരാളം ഉയർന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം 2014 ലെ 277 എന്ന കണക്കിൽ നിന്ന് 2018 ആയപ്പോഴേക്കും 1241 എന്ന സംഖ്യയിലേക്ക് ഉയർന്നിട്ടുണ്ട്. ഗാർഡിയൻ പത്രം നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ ഞായറാഴ്ച ലീഡ്സ് സിറ്റിയിലെ ഇത്തരം ക്യാമ്പുകളിൽ ഒന്നിൽ 30 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത്തരം താൽക്കാലിക ക്യാമ്പുകളിൽ താമസിക്കുന്നവരുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ് ബ്രിട്ടൻ സ്റ്റാറ്റിസ്റ്റിക്സ് റെഗുലേറ്റർ അറിയിച്ചത്. ഇത് ബ്രിട്ടന്റെ മുഖ്യപ്രശ്നങ്ങളിലൊന്നാണ് എന്നതാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഈ കണക്കുകളിൽ അത്ഭുതപ്പെടാനില്ല എന്നാണ് “ക്രൈസിസ് ” ഡയറക്ടർ മാത്യു ഡൗണി അറിയിച്ചത്.

യുകെയിലെ കൗൺസിലുകൾ പോലീസിനെ സഹായത്തോടുകൂടി ഇത്തരം ടെന്റുകൾ ഒഴിപ്പിച്ചു വരികയാണ്. ഇതിന്റെ വ്യക്തമായ വിശദാംശങ്ങൾ നൽകാൻ പോലീസ് അധികാരികൾ തയ്യാറായില്ല. അഭയം ഇല്ലാത്തവർക്ക് എതിരെയുള്ള ഇത്തരത്തിലുള്ള നീക്കം ധാർമികതയ്ക്ക് എതിരാണ്. എന്നാൽ മറ്റൊന്നും ചെയ്യാൻ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത് എന്ന് മാത്യു അറിയിച്ചു. ബ്രിട്ടനിലെ ടൗണുകൾ ആയ പീറ്റർ ബറോ, മാഞ്ചസ്റ്റർ, ബ്രൈറ്റൻ, നോർത്താംപ്റ്റൺ തുടങ്ങി എല്ലായിടത്തും ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ട്. ഇത്തരത്തിൽ താമസിക്കുന്ന ആളുകൾക്ക് നൽകുന്ന സഹായധനം വർദ്ധിപ്പിക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്.

 

ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സ്വകാര്യകമ്പനികൾ ബ്രിട്ടണിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു. ആഭ്യന്തര ഭരണ കാര്യാലയമാണ് വിസ, ഇമിഗ്രേഷൻ നടപടികൾ കൈകാര്യം ചെയ്തു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ നവംബർ മുതൽ വിസ നടപടികൾ കൈകാര്യം ചെയ്യുന്നത് ഫ്രഞ്ച് കമ്പനിയായ സോഫിയ സ്റ്റീരിയ ആണ്. ഇതുമൂലം യുകെ സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുവാൻ വൻ തുക തന്നെ ജനങ്ങൾ അടയ്ക്കേണ്ട സ്ഥിതി ഉടലെടുത്തിരിക്കുന്നു. യൂറോപ്യൻ യൂണിയൻ സെറ്റിൽഡ് സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുന്നവർക്ക് ഇത് സൗജന്യമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ യുകെ സ്റ്റാറ്റസ് ലഭിക്കാൻ അവർക്കും വൻതുകയാണ് അടയ്ക്കേണ്ടി വരുന്നത്. സോഫിയ സ്റ്റീരിയ അപ്പോയ്ന്റ്മെന്റുകൾ നൽകുന്നത് 200 പൗണ്ട് മുതലാണ്. 2019 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവർ സമ്പാദിച്ചത് ഏകദേശം രണ്ട് മില്യൺ പൗണ്ടാണ്.

സോഫിയാ സ്റ്റീരിയയുടെ സൈറ്റിൽ സൗജന്യ ബുക്കിങ്ങിനുള്ള സൗകര്യമില്ല. ഇതുമൂലം പലരും അവരുടെ അപേക്ഷകൾ തക്കസമയത്ത് നൽകുവാൻ വേണ്ടി അനേക ദൂരം സഞ്ചരിക്കണം. പുതിയ അപേക്ഷ രീതിയെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ മൂലം പലർക്കും അത് വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നു. പലപ്പോഴും ഇത് നിരാകരണത്തിലേക്കും നീങ്ങുന്നു. ഈയൊരു സംവിധാനം ജനങ്ങളെ സമ്മർദ്ദത്തിലാക്കും എന്ന് ലോ സൊസൈറ്റി പ്രസിഡണ്ട് ക്രിസ്റ്റീന ബ്ലാക്ക്റോസ് അഭിപ്രായപ്പെട്ടു. മതിയായ രേഖകളില്ലാത്തതിനാൽ പലരുടേയും വിസ തള്ളിക്കളയാൻ സാധ്യതയുണ്ട്. നമ്മുടെ ഇമിഗ്രേഷൻ സിസ്റ്റത്തിലുള്ള ഈ ഗുരുതരമായ പ്രശ്നങ്ങൾ നിയമ ഭരണം തകർക്കുകയും നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സൽപ്പേര് ഇല്ലാതാകുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.

സ്മിത്ത് സ്റ്റോൺ വോൾട്ട് ഡയറക്ടർ ഡേവിഡ് ഹഗുൽസ്റ്റോണും ഗ്രേറ്റർ മാഞ്ചസറ്റർ ഇമിഗ്രേഷൻ എയ്ഡ് യൂണിറ്റിലെ മുതിർന്ന നിയമോപദേശകൻ ആയ ഡേവിഡ് പൗണ്ടിനിയും ഈ ഒരു നടപടിയെ വിമർശിച്ചു രംഗത്തുവന്നു. ഇമിഗ്രേഷൻ വക്താവ് ബൈറോണി റെസ്റ്റ് ഇപ്രകാരം പറഞ്ഞു ” ഈ ഒരു പുതിയ സിസ്റ്റം ഒരറിയിപ്പും കൂടാതെ ആണ് പുറത്തുവന്നത്. ഇതൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ചെലവേറിയതുമാണ്. വിസ നിരക്ക് വർഷങ്ങളായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഒരു പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കും.” ഉടൻ തന്നെ ഇതിൽ നടപടി സ്വീകരിക്കുമെന്നും സൗജന്യ അപേക്ഷകൾ എത്രയും പെട്ടെന്ന് നൽകാൻ ശ്രമിക്കുമെന്നും ആഭ്യന്തരഭരണകാര്യലയ വ്യക്താവ് അറിയിച്ചു.കൂടാതെ ജനങ്ങൾക്ക് വേണ്ടി 6 സർവീസ് സെന്ററുകൾ തുറക്കും എന്ന് അവർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved