ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് കാലത്ത് ലോകമെങ്ങും നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ത്യാഗനിർഭരമായ സേവനത്തിൻെറ മഹത്വം വാഴ്ത്തപ്പെട്ടപ്പോൾ, അതിന് അപവാദമായി ചെസ്റ്റർ ഹോസ്പിറ്റലിലെ കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു നേഴ്സിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. എട്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നും ഒമ്പത് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സംശയിച്ചാണ് അറസ്റ്റ്.
ഇതിനു മുൻപേ 2018 ലും 2019 ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാതശിശു യൂണിറ്റിൽ നടന്ന അസ്വഭാവിക മരണങ്ങളുടെ പേരിൽ നേഴ്സ് ലൂസി ലെറ്റ്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. 2015 നും 2016 നും ഇടയിൽ നടന്ന 17 ശിശുമരണങ്ങളിൽ പോലീസിൻറെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിലെ ദുരൂഹത നീക്കാനും സത്യം പുറത്തുകൊണ്ട് വരുവാനുമായി അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്ന് ചെസ്റ്റർ ഹോസ്പിറ്റലിൻെറ വക്താവ് വ്യക്തമാക്കിയിരുന്നു.
മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാൻ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്ന് അന്വേഷണ മേധാവി പോൾ ഹ്യൂസ് പറഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോടൊപ്പം ഉണ്ടെന്നും അന്വേക്ഷണത്തിൻെറ പുരോഗതി കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കളെ യഥാസമയം അറിയിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയേറെ മാധ്യമ ശ്രദ്ധ നേടിയ ദാരുണ സംഭവങ്ങളെക്കുറിച്ചുള്ള ദുരൂഹത ഉടനെ വെളിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ജർമനി : ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന കോവിഡ് 19 വാക്സിൻ നിർമാണത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച് ദമ്പതികൾ. ഭാര്യാഭർത്താക്കന്മാരായ ഉഗുർ സാഹിനും ഓസ്ലെം ടുറെസിയും ഒരു വാക്സിനുവേണ്ടി പോരാടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഠിനപ്രയത്നത്തോടൊപ്പം പരസപര സ്നേഹം കൂടിയാവുമ്പോൾ വാക്സിൻ നിർമിതിയിലെ ‘ഡ്രീം ടീം’ ആണ് ഇതെന്ന് പലരും വിശേഷിപ്പിക്കുന്നു. ജർമ്മൻ ബയോടെക് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി മാറിയ 55 വയസുള്ള ഫിസിഷ്യൻ സാഹിൻ, ബയോ ടെക്കിന്റെ സഹ ബോർഡ് അംഗമായ ഭാര്യ ഓസ്ലെം ടുറെസി (53) എന്നിവർ പൂർണ്ണസമയവും വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്. അതേസമയം ഫാർമസ്യുട്ടിക്കൽ കമ്പനികളായ ഫൈസറും ബയോഎൻടെക്കും തങ്ങളുടെ കുത്തിവയ്പ്പ് 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ടു.
തുർക്കിയിൽ ജനിച്ച സാഹിൻ വളർന്നത് ജർമ്മനിയിലാണ്. അവിടെ ഫോർഡ് ഫാക്ടറിയിലാണ് മാതാപിതാക്കൾ ജോലി ചെയ്തിരുന്നത്. ഡോക്ടറായി പരിശീലനം നേടിയ സാഹിൻ ഒരു പ്രൊഫസറും ഗവേഷകനുമായി ഇമ്യൂണോതെറാപ്പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തങ്ങളുടെ വിവാഹദിനത്തിൽ പോലും ഇരുവരും ഒന്നിച്ചു ലാബിലായിരുന്നുവെന്ന് ടുറെസി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ജർമ്മനിയിലേക്ക് കുടിയേറിയ തുർക്കി ഡോക്ടറിന്റെ മകളാണ് ടുറെസി. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വികസിപ്പിക്കുന്നതിനായി ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം 2001ൽ അവർ ആരംഭിച്ചു. പക്ഷേ മെയിൻസ് സർവകലാശാലയിലെ പ്രൊഫസറായ സാഹിൻ ഒരിക്കലും അക്കാദമിക് ഗവേഷണവും അധ്യാപനവും ഉപേക്ഷിച്ചില്ല. 2016ൽ ജപ്പാൻ സ്ഥാപനം ആയ അസ്റ്റെല്ലസിന് 1.06 ബില്യൺ പൗണ്ടിന് ഗാനിമെഡ് വിൽക്കുകയുണ്ടായി. കാൻസർ ഇമ്മ്യൂണോതെറാപ്പി ഉപകരണങ്ങൾ കൂടുതൽ വിപുലമായി പിന്തുടരുകയെന്ന ലക്ഷ്യത്തോടെ 2008 ൽ സാഹിനും ടുറെസിയും ചേർന്ന് ബയോ എൻടെക് സ്ഥാപിച്ചു. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ 41.8 മില്യൺ പൗണ്ട് കമ്പനിയിൽ നിക്ഷേപിച്ചു. ജർമ്മൻ പത്രമായ വെൽറ്റ് ആം സോൺടാഗ് പറയുന്നതനുസരിച്ച് സാഹിനും ഭാര്യയും ഇപ്പോൾ ജർമ്മനിയിലെ ധനികരുടെ പട്ടികയിൽ ആദ്യ 100ൽ ഉൾപ്പെടുന്നു. ദമ്പതികളുടെ പരിശ്രമങ്ങൾ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്.
എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യം നിർണായക നിമിഷത്തിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. യുകെയിൽ ഇന്നലെ 21,350 പുതിയ കേസുകളും 194 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യത്തെ വാക്സിൻ ക്രിസ്മസിന് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വസന്തകാലത്തോടെ മാത്രമേ കൂടുതൽ മെച്ചപ്പെട്ട ഒന്ന് ലഭ്യമാകുകയുള്ളൂ എന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ജോനാഥൻ വാൻ-ടാം പറഞ്ഞു. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് കൂടുതൽ ജോലികൾ ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പുതിയ വാക്സിൻ ആർക്കൊക്കെ ലഭിക്കും എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രായമാണ് ഏറ്റവും വലിയ മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, അത് ഉപയോഗിക്കാൻ യുകെ തയ്യാറാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇനി നമ്മൾക്ക് ശബ്ദത്തേക്കാൾ കൂടിയ വേഗത്തിൽ യാത്രചെയ്യാം. യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും പുത്തൻ നാഴികക്കല്ല് തീർത്ത് ഹൈപ്പർലൂപ്പിടെയുള്ള മനുഷ്യരുടെ ആദ്യ യാത്ര വിജയകരമായി പൂർത്തിയായി. വെർജിൻ ഹൈപ്പർലൂപ്പിൻ്റെ ചീഫ് ടെക്നോളജി ഓഫീസറും സഹ സ്ഥാപകനുമായ ജോഷ് ഗീഗലും പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയനുമാണ് മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിൽ നടത്തിയ പരീക്ഷണത്തിൽ പങ്കെടുത്തത്. 400 ൽ അധികം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മനുഷ്യ യാത്രികർ ഹൈപ്പർ ലൂപ്പിലൂടെ യാത്ര ചെയ്യുന്നത്.
യാഥാർഥ്യമായാൽ യാത്രയ്ക്കും ചരക്കു നീക്കത്തിനും ഏറ്റവും സുരക്ഷിതമായ മാർഗ്ഗമായാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ ശാസ്ത്രലോകം വിലയിരുത്തുന്നത്. ജെറ്റ് വിമാനത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനായി ഹൈപ്പർലൂപ്പ് യാത്ര സംവിധാനത്തെ സങ്കൽപ്പിക്കാം. ട്രെയിൻ കോച്ചിൻ്റെ രൂപത്തിലുള്ള പോഡ് എന്ന് പറയുന്ന ക്യാമ്പിനിലാണ് യാത്ര ചെയ്യുക. മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിലാണ് ഹൈപ്പർലൂപ്പിലൂടെയുള്ള യാത്ര യാഥാർഥ്യമാകുന്നത്. ശബ്ദത്തിൻറെ വേഗത മണിക്കൂറിൽ 1234 കിലോമീറ്ററാണെന്നു കൂടി അറിയുമ്പോഴാണ് ഹൈപ്പർ ലൂപ്പ് യാത്രയുടെ അത്ഭുത വേഗം തിരിച്ചറിയാനാവുക.
നിലവിലുള്ള ഏത് ഗതാഗത സംവിധാനത്തെക്കാളും പത്തിരട്ടി മെച്ചപ്പെട്ടതാണ് ഹൈപ്പർലൂപ്പ് എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. തിരക്കുള്ള സമയത്ത് പോലും മറ്റ് യാത്രാ മാർഗ്ഗങ്ങളെക്കാൾ ചിലവ് കുറവായിരിക്കുകയും ചെയ്യും. തിരക്കില്ലാത്ത സമയത്ത് സൗജന്യ യാത്രയ്ക്ക് പോലും ഹൈപ്പർ ലൂപ്പിൽ സാധ്യമാണ്.
യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത് . നിലവിൽ വരുമ്പോൾ എഡിൻബറോയിൽ നിന്ന് ലണ്ടനിലേക്കുള്ള 330 മൈൽ ദൂരം 29 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകും. ഇപ്പോൾ ഈ ദൂരം ട്രെയിനിൽ യാത്ര ചെയ്യാൻ നാലു മണിക്കൂർ 20 മിനിറ്റ് ആണ് വേണ്ടിവരുന്നത്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം നടപ്പിലാക്കാൻ വെർജിൻ ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. നടപ്പിലായി കഴിഞ്ഞാൽ പൂനെ മുംബൈ യാത്രാ സമയം 25 മിനിറ്റ് ആയി കുറയ്ക്കാനാവും.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ 90 % ത്തിലധികം ആൾക്കാരിലും കോവിഡ്- 19 തടയാൻ ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൊറോണയുടെ വ്യാപനത്തെ തടയാൻ യുകെയിൽ പ്രഖ്യാപിച്ച രണ്ടാം ലോക്ക് ഡൗൺ അഞ്ചു ദിനങ്ങൾ പിന്നിടുമ്പോഴാണ് കോവിഡ് -19 നെതിരായുള്ള പോരാട്ടത്തിൽ പ്രത്യാശ നൽകുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ലോകത്താകമാനമുള്ള ആരോഗ്യ ശാസ്ത്ര ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ആഹ്ളാദത്തോടു കൂടിയാണ് ഈ വാർത്ത സ്വീകരിച്ചത്. വാക്സിൻ വികസിപ്പിക്കുന്ന ഫൈസർ ബയോടെക് ശാസ്ത്രത്തിൻ്റെയും മാനവികതയുടെയും മികച്ച ദിവസമെന്ന് ഇതിനെ വിശേഷിപ്പിച്ചു.
ഇതുവരെ ആറ് രാജ്യങ്ങളിലുള്ള 43,500 പേർക്ക് വാക്സിൻ പരീക്ഷിച്ചെങ്കിലും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ല എന്നതും ഗവേഷകർക്ക് ആത്മവിശ്വാസം നൽകുന്നതാണ് . അതുകൊണ്ടുതന്നെ ഈ മാസാവസാനത്തോടെ വാക്സിൻ വിതരണത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനികൾ.
ലോക്ക് ഡൗൺ ,സാമൂഹ്യ അകലം പാലിക്കുക ,മാസ്ക്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ലോകജനതയ്ക്ക് ഒരു മോചനം തരാൻ വാക്സിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . എങ്കിലും വൈറസ് ബാധയിൽ നിന്ന് വാക്സിൻ എത്രകാലം സംരക്ഷണം നൽകും? ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷണം നൽകുമോ? എന്നീ ചോദ്യങ്ങൾക്കായുള്ള പരീക്ഷണങ്ങൾ തുടരുകയാണ് , 30 ദശലക്ഷം ഡോസ് വാക്സിന് ഓർഡർ ചെയ്ത് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പിൽ യുകെ മുൻപന്തിയിൽ തന്നെയുണ്ട് .
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.
പ്രിയ സുഹൃത്തുക്കളെ ഡി കെ എം എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.
നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s
https://www.facebook.com/stemcarebristol/
തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി കെ എം എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.
സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.
യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക
അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
ലോറൻസ് പെല്ലിശ്ശേരി : 0044 7762224421
ക്രൂ/സ്റ്റോക്ക് ഓൺ ട്രെൻഡ്: മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനോടുള്ള സ്നേഹസൂചകമായി സ്പെഷ്യൽ ഡാൻസ് കവർ സീരിസ്സുമായി (foot vibes) യുകെയിലെ ക്രൂവിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കൾ. 2019 ജനുവരിയിൽ യുട്യൂബിൽ ആരംഭിച്ച ഫുഡ് വൈബ്‌സ് ആറാമത്തെ എപ്പിസോഡിൽ എത്തിയപ്പോൾ മോഹൻലാൽ സ്പെഷ്യൽ ആയത് ഒരു നിമിത്തം മാത്രമെന്ന് അണിയറപ്രവർത്തകർ മലയാളം യുകെയോട് പ്രതികരിച്ചത്.
സാധാരണയായി മിക്ക സിനിമാഗാനങ്ങളും വിവരിക്കുക പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണ്. എന്നാൽ യുകെയിൽ എത്തിച്ചേർന്ന ക്രൂ മലയാളികൾ വ്യതിസ്തമായ ആശയങ്ങളുമായി എങ്ങനെ ഇത്തരം പാട്ടുകളെ പുനഃരാവിഷ്‌ക്കരിക്കാം എന്നാണ്. വളരെ വ്യത്യസ്തങ്ങൾ ആയ ആശയങ്ങൾ ആണ് ഇവർ എടുത്തിരിക്കുന്ന ഒരോ വീഡിയോകളും നമ്മളോട് പറയുന്നത്.
വളരെയധികം സമയമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് വീഡിയോ ഷൂട്ടിംഗ് തന്നെ നടത്താറ്. യൂട്യൂബ് ചാനൽ വഴി പബ്ലിഷ് ചെയ്യുന്ന വീഡിയോ മോണിറ്ററി ബെനെഫിറ് നോക്കിയല്ല മറിച്ചു തങ്ങളുടെ പാഷൻ ആയ വീഡിയോ, ഫോട്ടോഗ്രഫി മറ്റുള്ളവർക്കായി പകുത്തുനൽകുകയാണ്, ക്രൂ മലയാളികൾ പറഞ്ഞു.
ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയോടും ഉള്ള കടുത്ത പ്രണയമാണ് മനുവിനെ ഇതിന് പ്രേരിപ്പിക്കുന്നതെങ്കിൽ ഭാര്യയായ ബൈനുവിന് ഡാൻസും കൊറിയോഗ്രഫിയും ഇഷ്ടപ്പെടുന്ന തൃശ്ശൂർ സ്വദേശിനിയാണ്. ലെൻസ് മേറ്റ് മീഡിയ എന്ന ഫോട്ടോഗ്രാഫി സ്ഥാപനവും മനു ജോൺ, അനൂപ് ശിവരാജൻ, അരുൺ ബെന്നി, ജയൻ ചാക്കോ എന്നിവർ ചേർന്ന് നടത്തുന്നു.
യുകെയിൽ സിമെൻസ് എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിട്ടാണ് കേരളത്തിൽ നിന്നും ബൈനു ബെഞ്ചമിൻ യുകെയിൽ എത്തിയത്. ഭർത്താവായ മനുവാകട്ടെ കാവെന്ററി ലോട്ടസ് കാർ കമ്പനിയിലെ ഡിസൈൻ എൻജിനീയർ ആയി ജോലി ചെയ്യുന്നു.
ഇതുവരെ ആറ് എപ്പിസോഡുകൾ പൂർത്തിയാക്കിയ ഫുട് വൈബ്‌സ് കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത് ക്രൂവിലെ മലയാളി കൂട്ടായ്മയാണ്. നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ കണ്ണാടി വേണ്ട എന്ന് പറയുന്നതുപോലെ ക്രൂവിലെ ഒരു പിടി മലയാളി സുഹൃത്തുക്കൾ ഒന്നിച്ചുചേർന്ന് ഒരേ വഴിയിൽ ചരിക്കുമ്പോൾ യുകെ മലയാളികൾക്ക് ഇനിയും ഇത്തരം നല്ല കാഴ്ചകൾ ഇവർ സമ്മാനിക്കും എന്ന് ഉറപ്പാണ്.
അവസാനമിറക്കിയ മോഹൻലാൽ സ്പെഷ്യൽ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ബെന്റ്ലിയിലെ എഞ്ചിനീയർ അലൻ ജോർജ്ജ്, മെഡിക്കൽ വിദ്യാർത്ഥിനിയായ അലിറ്റ സാബു, വിർജിൻ കമ്പനിയിലെ ലോക്കോ പൈലറ്റ് ജോലിചെയ്യുന്ന നിതിൻ മാത്യു എന്നിവർക്കൊപ്പം ക്രൂ മലയാളികളുടെപ്രിയപ്പെട്ട സാബു ചേട്ടനും ഒത്തുചേർന്നപ്പോൾ ലൂസിഫറിലെ വേഷപ്പകർച്ചയുമായി കെ & കെ ഓട്ടോമൊബൈയിൽ ക്രൂവിന്റെ റോഡിൽ പുനർജ്ജനിക്കുകയായിരുന്നു. അതെ ഇതൊരു മോഹൻലാൽ സ്പെഷ്യൽ തന്നെ.. വീഡിയോ കാണാം
contact no: 00447459380728
[ot-video][/ot-video]
[ot-video][/ot-video]
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സിനായി തയ്യാറെടുക്കാൻ ആശുപത്രികൾക്ക് നിർദേശം. ക്രിസ്മസിന് മുമ്പ് ഏറ്റവും ദുർബലരായ ആളുകൾക്ക് കുത്തിവയ്പ്പ് നൽകാൻ എൻ എച്ച് എസ് ഒരുങ്ങുകയാണ്. മാനേജർമാരുമായും എക്സിക്യൂട്ടീവുകളുമായും നടത്തിയ കൂടിക്കാഴ്ചയിൽ, ഗൈസിന്റെയും സെന്റ് തോമസിന്റെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും തലവൻ ജോൺ ഫിൻഡ് ലേ, ഈ മാസവസാനത്തിനുമുമ്പ് ഒരു വാക്സിൻ ലഭ്യമാക്കുമെന്ന് അറിയിച്ചു. കെയർ ഹോമിൽ കഴിയുന്നവർക്കും 80 വയസ്സിനു മുകളിലുള്ളവർക്കും മുൻനിരയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ ലഭിക്കുക. ഡിസംബർ 31 ന് ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സുരക്ഷിതവും ശക്തവുമായ ഒരു വാക്സിൻ നിർമിക്കേണ്ടത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിഷയമാണ്.
മൂന്നു നാല് ആഴ്ചകൾക്കുള്ളിൽ കുത്തിവയ്പ്പ് രണ്ട് ഡോസുകളായി നൽകുമെന്ന് കരുതുന്നു. ലണ്ടനിലെ രണ്ട് ആശുപത്രികൾ, ഗൈസ്, സെന്റ് തോമസ്, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എന്നിവ വാക്സിൻ ഹബുകൾ ആകുമെന്നാണ് റിപ്പോർട്ട്. കൂടാതെ “വാക്സിൻ ടാസ്‌ക് ഫോഴ്‌സ്” എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരെയും നിയമിക്കും. എന്നിരുന്നാലും, ഏഴു ദിവസത്തിനുള്ളിൽ ഫ്ലൂ വാക്സിൻ ലഭിച്ച ഒരാൾക്ക് ഈ കുത്തിവയ്പ്പ് നൽകില്ല. നൈറ്റിംഗേൽ വാക്സിനേഷൻ സെന്ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും അധികൃതർ ഒരുങ്ങുകയാണ്. വാക്സിനേഷൻ സെന്ററുകളും ബാക്ക് ഓഫീസുകളും ഉൾപ്പെടുന്ന അഞ്ഞൂറിലധികം സ്ഥലങ്ങളുടെ ഒരു പട്ടിക ഈ മാസം പകുതിയോടെ അംഗീകരിക്കും. ഡിസംബറോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാകും.
വ്യത്യസ്തമായ ആറ് വാക്‌സിനുകളിൽ നിന്ന് 350 ദശലക്ഷം ഡോസുകൾ വാങ്ങാൻ ബ്രിട്ടീഷ് സർക്കാർ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്. ഇതുവരെ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്‌ട്രാസെനെക്കയും ഫൈസറിനൊപ്പം ബയോ ടെക്കുമായി സഹകരിച്ച് കാര്യമായ പുരോഗതി കൈവരിച്ചതായി പറയപ്പെടുന്നു. മനുഷ്യ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഈ വാക്സിൻ. വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാൽ 14 ദശലക്ഷം ഡോസുകൾ വർഷാവസാനത്തോടെ ലഭ്യമാക്കുമെന്ന് യുകെ വാക്സിൻ ടാസ്ക്ഫോഴ്സ് മേധാവി കേറ്റ് ബിംഗ്ഹാം അഭിപ്രായപ്പെട്ടു. വാക്സിൻ പ്രോഗ്രാം അടുത്ത മാസം ആരംഭിച്ചേക്കും. ഓരോ വാക്സിൻ ഡോസും നൽകുന്നതിന് 12.58 പൗണ്ട് നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- ലോകമഹായുദ്ധങ്ങളിൽ തങ്ങളുടെ ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമ്മ പുതുക്കുന്ന ഞായറാഴ്ച, ഹാരി രാജകുമാരനും ഭാര്യ മേഗനും ലോസ് അഞ്ചൽസിലെ സെമിത്തേരിയിൽ സന്ദർശനം നടത്തി. ഇവർ ഇരുവരും സ്വന്തം നിലയ്ക്കാണ് സന്ദർശനം നടത്തിയത്. റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സിലെ സൈനികർക്ക് വേണ്ടിയുള്ള കല്ലറയിലും, റോയൽ കനേഡിയൻ ആർട്ടിലറിയുടെ കല്ലറയിലും ഇരുവരും റീത്ത് സമർപ്പിച്ചു. പത്ത് വർഷം മിലിറ്ററി സർവീസിൽ ഉണ്ടായിരുന്ന ഹാരി, തന്റെ ഔദ്യോഗിക നേവി യൂണിഫോമിൽ ആണ് സന്ദർശനത്തിന് എത്തിയത്. മാസ്ക് ധരിച്ചാണ് ഇരുവരും എത്തിയതെങ്കിലും, കല്ലറകൾക്ക് അടുത്തെത്തിയപ്പോൾ മാസ്ക് മാറ്റിയിരുന്നു.
ഔദ്യോഗികമായ റീത്ത് സമർപ്പിക്കുവാൻ രാജകുടുംബം ഹാരി രാജകുമാരന് അനുമതി നൽകിയിരുന്നില്ല. മാർച്ചോടുകൂടി രാജകുടുംബാംഗം എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാനുള്ള പ്രധാന കാരണം എന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. ഇതിനെ തുടർന്നാണ് ഇരുവരും തങ്ങളുടെ നിലയ്ക്ക് കല്ലറകളിൽ സന്ദർശനം നടത്തിയത്.
സൈനികരുടെ ഓർമ്മ പുതുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അതിനുശേഷം നടന്ന മിലിറ്ററി ഇന്റർവ്യൂവിൽ അദ്ദേഹം വ്യക്തമാക്കി.തങ്ങളുടെ ജീവൻ പോലും നഷ്ടമാക്കി രാജ്യത്തിനു വേണ്ടി പോരാടിയ സൈനികരുടെ ഓർമ്മകൾ എന്നും നിലനിർത്തപെടേണ്ടതാണ്. മിലിട്ടറി സേവനത്തിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ തന്റെ അനുഭവങ്ങളും ഹാരി രാജകുമാരൻ പങ്കുവെച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അമേരിക്കയിൽ കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി വനിത ഡോക്ടർ ഡോ. നിത കുന്നുംപുറത്തിന്റെ(30) മൃതദേഹം ഇന്ന് ഷിക്കാഗോയിൽ എത്തിക്കും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഇതിനായി നിതയുടെ സഹോദരൻ നിതിനും സഹോദരി ഭർത്താവ് നിഖിലും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട് . സംസ്കാര ശുശ്രൂഷ എസ് എച്ച് ക്നാനായ കത്തോലിക്കാ പള്ളിയിലാണ് നടക്കുക. സംസാരസമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
കൽപ്പറ്റയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഡോ . നിതയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിൽ മടങ്ങിയെത്തി വയനാട്ടിൽ സേവനം അനുഷ്ഠിക്കണം എന്നുള്ളത് . കൽപ്പറ്റയിലെ സ്കൂൾ പഠനകാലത്തെ കുറിച്ച് നിത പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിൽ വിങ്ങലായി. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തങ്ങളിലും എന്നും മുൻപന്തിയിലായിരുന്ന നിത വയനാട്ടിലേക്ക് മടങ്ങിവരണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടപറഞ്ഞത് .
മിയാമിയിൽ സർജറി പി ജി വിദ്യാർഥിയായിരുന്ന നിത നേപ്പിൾസിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് . നിതയുടെ ദുരന്തമരണവും രക്ഷിക്കാൻ കനാലിലെ ചീങ്കണ്ണികളുടെ സാന്നിധ്യം തടസ്സം ആയതും ലോകമെങ്ങും വൻ വാർത്തയായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എം സി തോമസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിത മെഡിസിനിൽ ബിരുദമെടുത്ത ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി മിയാമിയിലെ ആശുപത്രിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.