Main News

പോർട്സ് മൗത്ത്:  യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:

കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.

അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കോവിഡ് 19 മൂലമുള്ള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. വൈറസ് ബാധ രൂക്ഷമായ സ്ഥലങ്ങളിൽ അധ്യാപനവും പരീക്ഷകളും എങ്ങനെ ഫലപ്രദമായി നടത്തിയെടുക്കും എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും, ജി സി എസ് ഇ, എ ലെവൽ വിദ്യാർത്ഥികളും സ്കൂളുകളിലേയ്ക്ക് മടങ്ങിയെത്തണമെന്നും ജനുവരി 4 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മൈക്കൽ ഗോവ് പ്രഖ്യാപിച്ചത്.എന്നാൽ ഈ തീരുമാനത്തെ അധ്യാപക യൂണിയനുകളും മാതാപിതാക്കളും നഖശിഖാന്തം എതിർക്കുകയാണ്. രോഗവ്യാപനഭീതി ഉയരുന്ന ഈ സമയത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് യൂണിയനുകളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ പ്രധാന അധ്യാപകരുമായി സംസാരിക്കുമെന്നും കഴിയുന്നതും വേഗം കുട്ടികളെ സ്കൂളുകളിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നുമാണ് ഗവൺമെന്റിന് പ്രതിനിധീകരിച്ച് മൈക്കൽ ഗോവ് അറിയിച്ചത്.

ജനുവരിയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാന അദ്ധ്യാപകരുമായും യൂണിയനുകളുമായും   ചർച്ച നടത്തുമെന്ന് ഗോവ് കൂട്ടിച്ചേർത്തു. അധ്യാപകർക്ക് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കേണ്ടതിനാൽ ക്രിസ്മസ് അവധിക്കുശേഷം സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് ആവശ്യപ്പെട്ട അധ്യാപകരുടെയും യൂണിയനുകളുടെയും സമ്മർദത്തിന് സർക്കാർ വഴങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് രണ്ടാഴ്ചയെങ്കിലും വൈകിവേണമെന്ന് ദേശീയ വിദ്യാഭ്യാസ യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. മേരി ബൂസ്റ്റെഡ് പറഞ്ഞു. ജനുവരി മുഴുവൻ സ്കൂളുകൾ അടച്ചിടണമെന്ന് സേജ് ശാസ്ത്രജ്ഞർ നിർദേശിച്ചു. നവംബറിൽ സ്കൂളുകൾ തുറന്ന സമയത്ത് ആർ റേറ്റ് ഒന്നിന് മുകളിൽ ആയിരുന്നു. അതിനാൽ ഇപ്പോൾ കർശനമായ ലോക്ക്ഡൗൺ ആവശ്യമാണെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസിന്റെ നേതൃത്വത്തിലുള്ള സേജ് സംഘം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

നിലവിലെ പദ്ധതികളനുസരിച്ച് എല്ലാ പ്രൈമറികളും സാധാരണ പോലെ ജനുവരി നാലിന് തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ടയർ 4 ലോക്ക്ഡൗണിന് കീഴിൽ കഴിയുന്ന കുട്ടികൾ ഫെബ്രുവരി പകുതിയോടുകൂടി മാത്രമേ സ്കൂളുകളിലേക്ക് തിരികെയെത്തുകയുള്ളൂ. അതേസമയം സേജ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് കൂടി പ്രധാനമന്ത്രി കണക്കിലെടുക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള വ്യാപാര കരാറിന് കീഴിൽ, ഇനിമുതൽ യാത്ര ചെയ്യുമ്പോൾ ബ്രിട്ടീഷുകാർക്ക് ചില ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ബ്രെക്സിറ്റ്‌ പരിവർത്തന കാലയളവ് വ്യാഴാഴ്ച അവസാനിക്കാനിരിക്കുകയാണ്. ഇതിനുശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ചില തടസ്സങ്ങളും പ്രത്യേക നിരക്കുകളും നേരിടേണ്ടി വരും. യൂറോപ്പിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് അടുത്ത വർഷം മുതൽ റോമിംഗ് ചാർജ് നൽകേണ്ടിവരും. ബ്രിട്ടീഷ് യാത്രക്കാർ അവരുടെ മൊബൈൽ ദാതാവിനെ ബന്ധപ്പെട്ടു എന്ത് നിരക്കുകൾ ഈടാക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് സർക്കാർ മാർഗ്ഗനിർദേശത്തിൽ ആവശ്യപ്പെടുന്നു. യൂറോപ്യൻ യൂണിയനിലേക്കുള്ള ഏതൊരു ബ്രിട്ടീഷ് സന്ദർശകനും അവരുടെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് പാസ്‌പോർട്ടിന് മതിയായ സാധുതയുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നിരുന്നാലും ചില തടസ്സങ്ങളുണ്ടാകുമെന്ന് കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് സമ്മതിച്ചു.

ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയനിലേക്ക് പോകുന്നതിനുമുമ്പ് ബ്രിട്ടീഷ് യാത്രക്കാർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള യാത്രാ ഇൻഷുറൻസ് എടുക്കുന്നത് പ്രധാനമാണെന്ന് ഗോവ് അറിയിച്ചു. എന്നാൽ വളരെ ഗുരുതരമായ രോഗങ്ങളുള്ള ആളുകൾക്ക് പ്രത്യേക വ്യവസ്ഥ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് അന്തിമ തയ്യാറെടുപ്പുകൾ നടത്താനുള്ള സമയം വളരെ കുറവാണെന്നും ഗോവ് ബിസിനസുകൾക്ക് മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലുമായി സംസാരിച്ചു. “ഞങ്ങളുടെ ബന്ധത്തിന്റെ പുതിയ തുടക്കമെന്ന നിലയിൽ യുകെ / ഇയു കരാറിന്റെ പ്രാധാന്യത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരു കരാർ സുരക്ഷിതമാക്കിയെന്നത് ആശ്വാസമാണെങ്കിലും, ബിസിനസുകൾക്കിടയിൽ ഇപ്പോഴും വളരെയധികം ആശങ്കയുണ്ടെന്നു ലേബർ ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് അഭിപ്രായപ്പെട്ടു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള പുതിയ നിയമങ്ങളും വടക്കൻ അയർലൻഡുമായി വ്യാപാരം നടത്തുമ്പോളുള്ള നിയമങ്ങളും ബിസിനസുകൾ മനസ്സിലാക്കേണ്ടതുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- ഇംഗ്ലണ്ടിലെ ആശുപത്രിയിൽ കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, യുകെയിൽ അഞ്ചാം ഘട്ട കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത വർദ്ധിച്ചുവരുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ മാത്രം 20,426 രോഗികൾ ഉണ്ടെന്നാണ് സ്ഥിരീകരണം. നവംബറിൽ ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. സെക്കൻഡറി സ്കൂളുകളും, പബ്ബുകളും, അവശ്യ സാധനങ്ങൾ വിൽക്കാത്ത കടകളും എല്ലാം അടയ്ക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. ന്യൂ ഇയർ സമയത്ത് ജനങ്ങൾ ആരും തന്നെ പാർട്ടികളിലും മറ്റും പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം ആരോഗ്യവിദഗ്ധർ നൽകുന്നുണ്ട്. ആദ്യഘട്ടത്തേതിനേക്കാൾ ഭീകരമായ സാഹചര്യമാണ് ഈ സമയത്ത് നിലനിൽക്കുന്നത് എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിൻ ആണ് രോഗം ഇത്രയധികം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ആദ്യഘട്ടത്തിൽ ഏപ്രിൽ മാസത്തിൽ ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം 18,974 മാത്രമായിരുന്നു. എന്നാൽ ഈ കണക്കാണ് ഇപ്പോൾ ഇരുപതിനായിരം കടന്നിരിക്കുന്നത്.


ബ്രിട്ടനിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കായ 41385 കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ മാത്രം 357 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും മറ്റും രോഗം പടരുന്നതിന് കാരണമായി എന്നും റിപ്പോർട്ടുകൾ ഉണ്ട്.


ജനങ്ങൾ ഇത്രയും നാളും ചെയ്ത ത്യാഗങ്ങൾ ഇനിയും തുടരണമെന്ന ആവശ്യമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ ഡോക്ടർ യോവൻ ഡോയ്ൽ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലും മറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാലാംഘട്ട നിയന്ത്രണങ്ങൾ, മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് സമയമായി എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ലഭിക്കുന്ന നിർദേശങ്ങൾ.

സ്വന്തം ലേഖകൻ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫെയിൽസ് വർത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ഓടെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് . വെൽഫെയർ പോലീസിനോട് അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോൾ തന്നെ മൂന്ന് പേരും മരണപ്പെട്ടിരുന്നു. മരണകാരണം ദുരൂഹമായി തുടരുകയാണ്.

“പോലീസ്, ഫയർ റെസ്ക്യൂ, ആംബുലൻസ് വാഹനങ്ങൾ സംഭവസ്ഥലത്ത് കുറെയധികം സമയം തമ്പടിച്ചിരുന്നതായി പൊതുജനങ്ങൾ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. പാരാ മെഡിക്സ് റിപ്പോർട്ട് പ്രകാരം 2020 ഡിസംബർ 28 തിങ്കളാഴ്ച 3.30 ഓടെ ഫെയിൽസ് വർത്തിലെ ഓൾഡ്ഹാം റോഡിലെ വെൽഫെയർ ആണ് പൊലീസിൽ വിവരം അറിയിച്ചിരിക്കുന്നത്.

“നിർഭാഗ്യവശാൽ സംഭവ സ്ഥലത്ത് എത്തിയപ്പോൾ മൂന്നുപേരും മരിച്ചതായാണ് കണ്ടെത്തിയത്. മരണകാരണം ദുരൂഹമായി തുടരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും, വിശദാംശങ്ങൾ അറിയാവുന്നവർ ഉടൻതന്നെ പൊലീസുമായി ബന്ധപ്പെടണം. കേസുമായി സഹകരിക്കണം.”അധികൃതർ അറിയിച്ചു.

ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.

ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.

ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.

സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 808 ഓളം ഷിഫ്റ്റുകളിൽ സിക്ക് ലീവ് എടുത്തതിനെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ട സംഭവത്തിൽ, കമ്പനി തീരുമാനം തെറ്റായിരുന്നുവെന്ന് കോടതി വിലയിരുത്തി. വിക് റംബോൾഡ് എന്ന ആളാണ് തന്റെ 20 വർഷത്തെ സർവീസിനിടെ നിരവധിതവണ അവധിയെടുത്തത്. അദ്ദേഹത്തിന്റെ അവധിയിലൂടെ കമ്പനിക്ക് ഏകദേശം 95,850 പൗണ്ട് തുകയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യപ്രശ്നങ്ങളും, ജോലിക്കിടെ ഉണ്ടായ അപകടങ്ങളും മറ്റുമാണ് നിരവധി തവണ അദ്ദേഹം അവധിയെടുക്കാൻ കാരണമായത്. 2018 ൽ ഇദ്ദേഹത്തെ കമ്പനി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ വേണ്ടതായ നടപടികൾ എടുക്കാതെ തന്നെ പിരിച്ചുവിട്ടത് എന്നാണ് അദ്ദേഹം കോടതിയിൽ പരാതി നൽകിയത്.


ഇദ്ദേഹത്തിന് ഒരു മുന്നറിയിപ്പും നൽകാതെയാണ് കമ്പനി പിരിച്ചുവിട്ടത് എന്ന് ട്രിബ്യൂണൽ ജഡ്ജി വിലയിരുത്തി. എന്നാൽ ഇദ്ദേഹത്തിന്റെ അറ്റന്റൻസ് ഹിസ്റ്ററി വളരെ മോശമാണെന്ന് കമ്പനി മാനേജർ ജോൺ കാർട്ടർ അറിയിച്ചു. ഇദ്ദേഹത്തിന്റെ അവധിയിലൂടെ കമ്പനിക്ക് ഏകദേശം ഒരു ലക്ഷം പൗണ്ട് തുകയോളമാണ് നഷ്ടം വന്നിരിക്കുന്നത്. ഇതിനാലാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി രോഗങ്ങൾ വിക്കിനെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം, ഇദ്ദേഹം ചെയ്തിരുന്ന ജോലി കമ്പനി അധികൃതർ മാറ്റി നൽകിയിരുന്നു. എന്നാൽ ആ ജോലിയും തുടരുവാൻ വിക്ക് തയ്യാറായില്ല. കാരണമില്ലാതെ പിരിച്ചു വിട്ടത് തെറ്റായ തീരുമാനമാണെന്ന് കോടതി വിലയിരുത്തി. ആവശ്യമായ നഷ്ടപരിഹാരം കമ്പനി അധികൃതർ അദ്ദേഹത്തിന് നൽകണമെന്നും കോടതി വിധിച്ചു.

സ്വന്തം ലേഖകൻ

കൂടുതൽ അപകടകരമായ പുതിയ സ്ട്രെയിൻ കോവിഡ് 19 വൈറസ് ആദ്യഘട്ട വ്യാപനത്തെക്കാളും അധികമായി ജനങ്ങളെ ബാധിക്കും എന്ന് സംശയം നിലനിൽക്കുന്നതിനാൽ, കൂടുതൽ പ്രദേശങ്ങൾ ടയർ 4 നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്താനും ദശലക്ഷ കണക്കിന് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള ചർച്ചകൾക്ക് ഒരുങ്ങുകയാണ് ബ്രിട്ടീഷ് മന്ത്രിമാർ. ഞായറാഴ്ച മാത്രം 30,501 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫെക്ഷൻ റേറ്റിൽ 57% വർദ്ധനവ് രേഖപ്പെടുത്തിയത് എൻ എച്ച് എസ് പ്രവർത്തകരെ പ്രതിസന്ധിയിലാക്കി. രാജ്യവ്യാപകമായി കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാർ.ആദ്യ വ്യാപനത്തിൽ ഏറ്റവുമധികം രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടു താഴെയാണ് ഡിസംബർ 22ന് ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആയവരുടെ എണ്ണം.

കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി നിലനിൽക്കുന്ന സാഹചര്യത്തെ തരണംചെയ്യാൻ മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. ക്യാൻസർ വാർഡുകളും പീഡിയാട്രിക് വാർഡുകളും കോവിഡ് രോഗികൾക്കായി വിട്ടുകൊടുക്കും.

കോവിഡ് മരണനിരക്കിൽ 3.2 ശതമാനത്തിന് ഇടിവ് ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നു. ബ്രിട്ടനിലെ 85% ജനങ്ങളും പ്രധാനമന്ത്രിയോട് സഹകരിച്ച് ക്രിസ്മസ് ദിനത്തിൽ സാമൂഹിക അകലം പാലിക്കുകയും കോവിഡ് നിയന്ത്രണങ്ങൾ അനുസരിക്കുകയും ചെയ്തു.

കെന്റിൽ പുതുതായി കണ്ടെത്തിയ ശക്തി കൂടിയ വൈറസ് അതിവേഗം വ്യാപിക്കുന്നത് തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ വിദഗ്ധനായ ഡോക്ടർ സുബൈദ ഹക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാത്തതിന് പ്രധാനമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി നിയമം കടുപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് മറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

യു കെ :- യുകെയുടെ പല പ്രദേശങ്ങളിലും ബെല്ല ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വരെയാണ് കാറ്റ് അടിക്കുന്നത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയത് ഐൽ ഓഫ് വൈറ്റിലെ നീഡിൽസിലാണ്. മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയാണ് ശനിയാഴ്ച രാത്രി ഇവിടെ രേഖപ്പെടുത്തിയത്. യുകെയുടെ ചില പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. കേംബ്രിഡ്ജ്ഷെയർ, ബെഡ്ഫോർഡ്ഷെയർ, ഓക്സ്ഫോർഡ്ഷെയർ, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാണ്.യു കെയുടെ 204 ഓളം പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൗത്തംപ്റ്റോൺ സെൻട്രലിനും, ബോർനെമൗത്തിനും ഇടയിലുള്ള റെയിൽ ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞു പെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോൺവാളിൽ നൂറോളം വീടുകളിലെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മഞ്ഞ് പെയ്യുന്നത് അപകടങ്ങൾക്ക് കൂടുതൽ ഇടയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു., അതോടൊപ്പം തന്നെ ശക്തമായ കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീടുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങി നടക്കരുതെന്ന നിർദ്ദേശവുമുണ്ട്.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓൺ  ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) ഡിസംബർ 19 നു ആണ് ഹൃദയതംഭനം ഉണ്ടായി മരണപ്പെട്ടത്. വിവരം അറിഞ്ഞ ഉടനെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനായി കുടുംബസമേതം ആണ് നാട്ടിലേക്ക് പുറപ്പെട്ടത്. ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ ബുധനാഴ്ച്ച, തൊടുപുഴക്കടുത്തു വണ്ണപ്പുറം കാളിയാർ പള്ളിയിൽ വച്ചായിരുന്നു.

തന്റെ പിതാവിന്റെ മരണത്തിൽ വളരെയധിയകം ദുഖിതരായിരുന്ന കുടുംബം നാട്ടിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പിടിച്ചാണ് ബാംഗ്ലൂർ വഴി പുറപ്പെട്ടത്. ടിക്കറ്റ്  ഒന്നിന് 950 പൗണ്ടാണ് എയർ ഇന്ത്യക്ക് നല്കേണ്ടിവന്നത്. സാധാരണഗതിയിൽ ഉള്ള വിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടിവന്നു എന്ന് സാരം. നാലര ലക്ഷത്തിലധികം രൂപ മുടക്കിയാണ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടത്.

ഇരട്ടി വിലകൊടുത്തു വിമാന ടിക്കറ്റ് എടുത്തതിൽ അവർക്ക് വിഷമം ഇല്ലാതിരുന്നു.  പിതാവിന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുക .. അത് മാത്രമാണ് ഇവരുടെ ആഗ്രഹം… എന്നാൽ നാട്ടിൽ എത്തിയപ്പോൾ ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ഒരു പ്രവാസി മലയാളിയായ ഒരാൾക്കും താങ്ങാൻ സാധിക്കാത്ത അനുഭവങ്ങളാണ്.

കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന  എല്ലാ നിബന്ധനകളും പാലിച്ചാണ് നാട്ടിൽ എത്തിയത്. കൊറോണ ടെസ്റ്റിന്റെ നെഗറ്റീവ് ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വിമാനത്താവള അധികൃതർക്ക് നൽകി, പി പി ഇ ധരിച്ചു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. ഒരിടത്തും ഇറങ്ങാതെ നേരെ വീട്ടിലെ ഒന്നാം നിലയിൽ ഒരു മുറിയിൽ എല്ലാവരും ഒതുങ്ങികൂടുകായിരുന്നു. താഴെ ഗ്രൗഡ് ഫ്ളോറിലേക്ക് പോലും ആരും ഇറങ്ങിയില്ല. ഇതിനോടകം തന്നെ ചിലർ തങ്ങൾ എന്ത് ചെയ്യുന്നു എന്നറിയുവാനുള്ള എത്തിനോട്ടം ശ്രദ്ധയിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. മുറിക്ക് പുറത്തിറങ്ങാതെ നിയമം അനുസരിക്കുകയായിരുന്നു.

വീട്ടിൽ എല്ലാ ദിവസവും പണിക്ക് വന്നവർ പെട്ടെന്ന് വരാതായി. വിളിച്ചു ചോദിച്ചപ്പോൾ ഇവർ മറ്റുള്ളവരുടെ വീടുകളിൽ പണിക്കുപോകുന്നവർ ആയതിനാൽ പ്രവാസിയായി എത്തിയ അവരുടെ വീട്ടിൽ പണിക്കുപോയാൽ മറ്റാരുടെയും അടുത്ത് പോകാൻ പറ്റില്ല എന്ന ഭീഷണിക്കു മുൻപിൽ പണിക്കാർ വരവ് നിർത്തിയെങ്കിലും അതൊന്നും സാരമില്ല എന്ന് കരുതി ആശ്വസിച്ചു.

മരണപ്പെട്ട പിതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് വെച്ചിരുന്നത്. വീട്ടിൽ മൃതദേഹം എത്തുന്നതിനു മുൻപേ നാട്ടുകാരുടെ പരാതി പ്രളയമാണ് കാളിയാർ ഇടവക വികാരിയച്ചനെ തേടിയെത്തിയത്. ഒരു കാരണവശാലും ബ്രിട്ടണിൽ നിന്നും വന്ന ഇവരെ പങ്കെടുപ്പിക്കാൻ സമ്മതിക്കൂല്ല എന്ന ഇടവകക്കാരുടെ നിലപാടിൽ നിസ്സഹായനായി നിൽക്കുവാൻ മാത്രമേ വികാരിയച്ചന് സാധിച്ചുള്ളൂ.

നിസ്സഹായനായ വികാരിയച്ചന്റെ ഫോൺ കാൾ ബ്രിട്ടനിൽ നിന്നും വന്ന മൂത്ത മകന്റെ ഫോണിൽ ചൊവാഴ്ച രാത്രിയോടെ എത്തി. സാഹചര്യം വിവരിച്ചു. പങ്കെടുക്കാൻ വരല്ലേ എന്ന അഭ്യർത്ഥന… പി പി ഇ കിറ്റ് ഇവിടുന്നെ കരുതി നാട്ടിലെത്തിയ ഇവർക്ക് അത് താങ്ങുവാൻ ഏറെ പണിപ്പെട്ടു. അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും തല്ലിക്കൊഴിച്ചു. സാധാരണഗതിയിൽ ചടങ്ങുകൾ എല്ലാം പൂർത്തിയായി എല്ലാവരെയും സെമിത്തേരിയിൽ നിന്നും മാറ്റിയ ശേഷം ഞങ്ങളെ കാണിക്കുമോ എന്ന യാചനപോലും പതിച്ചത് ബധിരകർണ്ണങ്ങളിൽ ആണ്. ഇതുവരെ എത്തിയ എല്ലാ പ്രവാസികൾക്കും ഇങ്ങനെ ഒരു അവസരം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധിച്ചിരുന്നു.

നാട്ടിലുള്ളവരുടെ വികാരം മനസിലാക്കുമ്പോഴും, കൊറോണയുടെ വകഭേദം ഉണ്ട് എന്നുള്ള വാർത്ത നാട്ടിലെ എല്ലാ മാധ്യമങ്ങളും വാലും തലയുമില്ലാതെ പടച്ചുവിട്ടു. എന്നാൽ വകഭേദം ഉണ്ടായത് ലണ്ടനിലും സമീപ പ്രദേശത്തുമാണ്. കേരളത്തിന്റെ ഒന്നരയിരട്ടി വലിപ്പമുള്ള യുകെയുടെ മറ്റൊരു മൂലയിൽ അതായത് ലണ്ടനിൽ നിന്നും 300 റിൽ അധികം കിലോമീറ്റർ അകലെ താമസിക്കുന്ന ഇവർക്ക് കൊറോണയുടെ വകഭേദം ഉണ്ട് എന്ന് നാട്ടുകാർക്ക് എങ്ങനെ മുദ്ര കുത്താൻ സാധിച്ചു? എയർപോർട്ടിൽ ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇരിക്കെ ആണ് ഈ ക്രൂരത.

പഞ്ചായത്തു ഇലക്ഷനിൽ എന്തെല്ലാം നടന്നു. പ്രോട്ടോകോൾ ലംഘിക്കുന്നതിൽ അന്ന് ആരും പിന്നിലായിരുന്നില്ല. അതൊന്നും കൊറോണ പടർത്തിയില്ലേ..? അതെ എന്നും ക്രൂശിക്കപ്പെടുന്നത് പ്രവാസിതന്നെയാണ്. ഏതൊരു ആപൽ ഘട്ടത്തിലും സഹായിക്കുന്ന പ്രവാസി വരുമ്പോൾ മാത്രം നിയമം… വിദ്യാസമ്പന്നരാണ് എന്ന് കരുതുന്ന മലയാളികൾ പ്രവർത്തിയിൽ അത് കാണിക്കാറില്ല… ആരോ പടച്ചുവിടുന്ന തെറ്റായ വാർത്തയിൽ പ്രതികരിക്കുന്ന നമ്മൾ അറിയുക സ്വന്തം അനുഭവം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും. പിതാവിന്റെ മരണത്തിൽ പങ്കെടുക്കാൻ എത്തിയവരെ ഇത്തരുണത്തിൽ ദ്രോഹിച്ച നമ്മൾ എവിടെ അതിന്റെ പാപം കഴുകും. ‘ഇന്ന് ഞാൻ നാളെ നീ’  എന്ന് പ്രസിദ്ധനായ കവി ജി ശങ്കരക്കുറുപ്പ് എഴുതിയ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഇനിയാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

RECENT POSTS
Copyright © . All rights reserved