ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനീസ് നിർമ്മിത റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജനസാന്ദ്രതയുള്ള ഏതെങ്കിലും പ്രദേശത്ത് 21 ടൺ ഭാരമുള്ള ഈ ബഹിരാകാശപേടകത്തിൻെറ അവശിഷ്ടങ്ങൾ പതിച്ചാലുള്ള അപകടം വളരെ ഗുരുതരമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോംഗ് മാർച്ച് -5 ബി എന്ന് പേരുള്ള റോക്കറ്റ് പതിക്കേണ്ട സമയവും സ്ഥലവും കൃത്യമായി നിർണയിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

യുഎസ് പ്രതിരോധ വകുപ്പിൻെറ അനുമാനം അനുസരിച്ച് ലോംഗ് മാർച്ച് -5 ബി ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും. മണിക്കൂറിൽ 28000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റിൻെറ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം ഇന്നലെ രാത്രിയോടെ 210 – 250 കിലോമീറ്റർ ആയിരുന്നു. വിഷയത്തിൽ ആദ്യമായി ചൈന പ്രതികരിച്ചത് ഇന്നലെയാണ്. യാത്രയ്ക്കിടെ റോക്കറ്റ് എരിഞ്ഞ് തീരുമെന്നതിനാൽ അപകട സാധ്യതയില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. റോക്കറ്റിൻെറ പാത നിരീക്ഷിക്കുകയാണെന്നും എന്നാൽ അത് വെടി വെയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെയ് 17 മുതൽ ബ്രിട്ടനിലെ സെക്കൻഡറി സ്കൂൾ കുട്ടികൾ ക്ലാസ്സുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലാസ്മുറികളിൽ മുഴുവൻ സമയവും ഫെയ്‌സ് മാസ്ക് ധരിക്കുന്നതുമൂലം കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഭൂരിപക്ഷം അധ്യാപക യൂണിയനുകളും കുട്ടികൾ ക്ലാസ് മുറികളിൽ മുഖാവരണം ധരിക്കണമെന്ന അഭിപ്രായക്കാരാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലാസ് മുറികൾ വീണ്ടും രോഗം പടർന്നു പിടിക്കുന്നതിൻെറ ഉറവിടങ്ങൾ ആയേക്കാമെന്ന ഭയപ്പാടിലാണ് അധ്യാപകരും രക്ഷിതാക്കളും.

എന്നാൽ അണുബാധ നിരക്ക് കുറയുകയും ഭൂരിപക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് കിട്ടി കഴിയുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ക്ലാസ് മുറികളിൽ ഫെയ്‌സ് മാസ്ക് ഉപയോഗിക്കണമെന്ന നിബന്ധന ഇളവ് ചെയ്യുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എന്നാൽ ഫെയ്സ് മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജൂൺ 21 വരെ തുടരണമെന്ന ആവശ്യമാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരിക്കുന്നത്. ഈ ആവശ്യവുമായി വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് അവർ കത്തയച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതക മാറ്റം വന്ന കോവിഡിൻെറ ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം യുകെയിൽ ആശങ്ക ഉളവാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. B.1.617.2, എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിൻെറ വ്യാപനം മറ്റ് വൈറസ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ ആണുള്ളത് അപകടകരമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ കോവിഡിൻെറ പതിപ്പിനേക്കാൾ ഇത് പകരാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് . എല്ലായ്പ്പോഴും പരിവർത്തനം ചെയ്യപ്പെടും എന്നുള്ളത് വൈറസിൻെറ ഒരു പൊതുസ്വഭാവമാണ്. ജനിതകമാറ്റം വന്ന ചില വകഭേദങ്ങൾ അപകട സാധ്യത കുറയുന്നതാകുമ്പോൾ ചിലവ കൂടുതൽ വേഗത്തിൽ പടരുകയും അപകടകരമാവുകയും ചെയ്യും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ വകഭേദത്തിൻെറ പുതിയ പതിപ്പിനെ നിലവിലുള്ള വാക് സിനുകൾ പ്രതിരോധിക്കുമോ എന്ന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

ഇതിനിടെ ഇന്ത്യയിൽ വൈറസിൻെറ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഇന്ത്യയിൽ 4.14 ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ് തത് . ലോകത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിലാണെന്നതിൻെറ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള പ്രവാസികൾ. ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു . അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ജി 7 ന്റെ ഭാഗമല്ലെങ്കിലും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശങ്ക ഉയർന്നത്തോടെ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുഖാമുഖം നടക്കുന്ന ആദ്യത്തെ പ്രധാന യോഗവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പ് ബ്രിട്ടനിൽ പൂർത്തിയായി. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധികളെയും മേയർമാരെയും പ്രാദേശിക കൗൺസിൽ പ്രതിനിധികളെയും ആണ് ഈ ജനവിധിയിലൂടെ വോട്ടർമാർ തിരഞ്ഞെടുക്കുക. ഇംഗ്ലണ്ടിലെയും വെയിൽസിലെയും വോട്ടർമാർ പോലീസ്, ക്രൈം കമ്മീഷണർമാരെയും തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തി. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഫലം അറിയാം. ഹാർട്ട്‌പൂൾ ഉപതെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പുലർച്ചെ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം, 2020 ലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ലേബറിന്റെ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഇതിനകം വെസ്റ്റ്മിൻസ്റ്റർ സീറ്റിൽ തോൽവി സമ്മതിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമറുടെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരിക്കും ഈ തിരഞ്ഞെടുപ്പ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാർട്ടി കരകയറുന്നുണ്ടോയെന്ന് അദ്ദേഹം ഉറ്റുനോക്കുന്നു.

ലേബർ ശക്തികേന്ദ്രങ്ങളായി മുമ്പ് കണക്കാക്കിയ നിരവധി നിയോജകമണ്ഡലങ്ങളെ പിടിച്ചടക്കാൻ കഴിയുമെന്ന് കൺസർവേറ്റീവുകൾ പ്രതീക്ഷിക്കുന്നു. നിലവിൽ ലേബർ പാർട്ടി കൈവശം വച്ചിരിക്കുന്ന ഹാർട്ട്‌പൂളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇരു പാർട്ടികളും സൂക്ഷ്മമായി നിരീക്ഷിക്കും.

അതേസമയം 1999 ൽ പാർലമെന്റ് സ്ഥാപിതമായതു മുതൽ അധികാരം നിലനിർത്തിപോരുന്ന സെനെഡിലെ ഏറ്റവും വലിയ പാർട്ടിയായി തുടരാനാണ് വെൽഷ് ലേബർ പാർട്ടി ലക്ഷ്യമിടുന്നത്. വെൽഷ് സെനഡിലെ 60 സീറ്റുകളുടെ ഫലങ്ങൾ വെള്ളിയാഴ്ച തന്നെ അറിയാൻ കഴിഞ്ഞേക്കും. സ്കോട്ട്ലൻഡിൽ, വോട്ടെണ്ണൽ വെള്ളിയാഴ്ച ആരംഭിക്കുമെങ്കിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരെ അന്തിമഫലം പ്രതീക്ഷിക്കുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വരുന്ന സെപ്റ്റംബർ മുതൽ യുകെയിലെ പെട്രോൾ ഗുണനിലവാരത്തിൽ വളരെ നിർണായകമായ മാറ്റം ഉണ്ടാവുകയാണ്. E5 ഫ്യൂവലിൽ നിന്ന് E 10 ഫ്യൂവലിലേയ്ക്ക് യുകെ മാറുകയാണ്. E 10 പെട്രോൾ 10 ശതമാനത്തോളം റിന്യൂവബിൾ എനർജിയും E 5 പെട്രോൾ 5% റിന്യൂവബിൾ എനർജിയുമാണ് ഉപയോഗിക്കുന്നത്. E 10 പെട്രോൾ കാർബൺ മോണോക് സൈഡ് പുറന്തള്ളുന്നത് കാര്യമായി കുറയ്ക്കുമെന്നാണ് മേന്മ . ഈ മാറ്റം പരിസ്ഥിതിയെ സംരക്ഷിക്കാനും, കാലാവസ്ഥ മാറ്റത്തിൻ്റെ പരിണിത ഫലങ്ങൾ കുറയ്ക്കാനുള്ള യു കെ യുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യും.
എന്നാൽ എല്ലാ കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കില്ല . 2011 നു ശേഷം നിർമ്മിച്ച എല്ലാ കാറുകളിലും 2000ത്തിനുശേഷം നിർമ്മിച്ച ഭൂരിഭാഗം കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കും . E 5 പെട്രോൾ തുടർന്നും തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെങ്കിലും ഫുൾ ടാങ്ക് പെട്രോളിന് 8 പൗണ്ടോളം അധികം ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആകസ്മികമായി E 5 പെട്രോളിന് പകരം E 10 പെട്രോൾ ഉപയോഗിച്ചാലും സ്ഥിര ഉപയോഗം എൻജിൻ തകരാറിന് കാരണമാകും. നമ്മുടെ ‘വാഹനങ്ങൾ E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് അറിയാൻ ഗവൺമെൻറ് ഓൺലൈൻ സർവീസ് ആരംഭിച്ചിട്ടുണ്ട് . താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാഹനത്തിൽ E 10 പെട്രോൾ ഉപയോഗിക്കാമോ എന്ന് പരിശോധിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് നൽകിയ മാനസികസമ്മർദ്ദവും ലോക്ഡൗണും മൂലം രാജ്യത്ത് മദ്യത്തിൻറെ ഉപയോഗം വളരെ കൂടിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മദ്യവുമായി ബന്ധപ്പെട്ട മരണനിരക്ക് 2020-ൽ ഏറ്റവും കൂടുന്നതിന് കോവിഡും ലോക്ഡൗണും കാരണായതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. മദ്യവുമായി ബന്ധപ്പെട്ട് 20% കൂടുതൽ മരണങ്ങളാണ് മുൻവർഷത്തെ അപേക്ഷിച്ച് 2020-ൽ സംഭവിച്ചത്. കണക്കുകൾ പ്രകാരം ഏകദേശം 7500 പേരാണ് മദ്യപാനത്തെ തുടർന്നുണ്ടായ രോഗങ്ങൾ മൂലം മരണപ്പെട്ടത്. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗത്തിൻറെ വർധനവും ഏറ്റവും കൂടുതലായതായി റിപ്പോർട്ടിൽ പറയുന്നു.

ലോകഡൗണും മറ്റ് സാമൂഹിക നിയന്ത്രണങ്ങളും ജനങ്ങളിലെ മദ്യപാനാസക്തിയെ വർദ്ധിപ്പിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒറ്റപ്പെടൽ,വിരസത,മഹാമാരിയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ നേരിടാൻ ലോക്ക്ഡൗൺ സമയത്ത് ആളുകൾ പതിവിലും കൂടുതൽ മദ്യപിച്ചിട്ടുണ്ടെന്ന് പല സർവ്വേകളും വെളിപ്പെടുത്തിയിരുന്നു. കോവിഡ് രോഗികളുടെ ആധിക്യംമൂലം ഹോസ്പിറ്റലുകൾ തിങ്ങിനിറഞ്ഞപ്പോൾ മദ്യപാനവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾക്ക് ശരിയായ ചികിത്സ ലഭ്യമാകാതിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് കരുതപ്പെടുന്നത്. സമ്പന്ന പ്രദേശങ്ങളെ അപേക്ഷിച്ച് ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്നവർ മദ്യപാനത്തോട് അനുബന്ധമായുള്ള രോഗങ്ങളാൽ മരണമാകാനുള്ള സാധ്യത നാലിരട്ടി ആണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോവിഡ് കാലയളവിൽ വിഷമദ്യവുമായി ബന്ധപ്പെട്ട കേസുകളിലും വൻവർദ്ധനവാണ് ഉണ്ടായത്. വിഷ മദ്യവുമായി ബന്ധപ്പെട്ട് മുൻവർഷത്തേക്കാൾ 16 ശതമാനം വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. 2020 മാർച്ചിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ശക്തമായി വാദിച്ച സേജ് ഉപദേഷ്ടാവ് പ്രൊഫസർ നീൽ ഫെർഗൂസൺ ഇനി ഒരിക്കലും ഒരു ലോക്ക്ഡൗണിലേയ്ക്ക് രാജ്യം എത്തിപ്പെടില്ല എന്ന് അഭിപ്രായപ്പെട്ടു . അടുത്ത വർഷം മുതൽ സാധാരണ പനി പോലെ ചികിത്സിക്കാൻ സാധിക്കുന്ന ഒരു രോഗമായി കോവിഡ് -19 -നെ കീഴടക്കുമെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു . ക്രിസ്‌മസിന് മുമ്പായി കോവിഡിനെ തുരത്താൻ ബ്രിട്ടൻ 50 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ പദ്ധതി തയ്യാറാക്കിയതായി അദ്ദേഹം അറിയിച്ചു.

വാക്സിൻ വിതരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിൽ ഉടലെടുക്കാൻ സാധ്യതയുള്ള വൈറസ് വകഭേദങ്ങളുടെ ആക്രമണത്തിന് തടയിടാൻ പുതിയ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കാൻ അധിക ധനസഹായം വകയിരുത്തിയതായി മന്ത്രി നാദിം സഹാവി പറഞ്ഞു. നിലവിലുള്ള വാക്സിനുകൾ കെന്റിൽ കണ്ടെത്തിയതു പോലുള്ള വകഭേദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും പരിവർത്തനം വരുന്ന വൈറസുകൾക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അധിക ധനസഹായമായി 19.7 മില്ല്യൻ പൗണ്ടാണ് പുതിയ പരീക്ഷണങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുമായി നടത്തിയ പുതിയ വാണിജ്യ വ്യാപാര കരാർ പ്രതിരോധ വാക്സിൻ പരീക്ഷണങ്ങൾക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുട്ടികൾ അശ്ലീല സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നാല് കുട്ടികളുടെ പിതാവായ ഐയോനിസ് ഡെക്കസും, സ്റ്റുഡന്റ് ക്യാമ്പയിനർ ആയിരിക്കുന്ന അവ വാകിലും കോടതിയിൽ എത്തിയിരിക്കുകയാണ്. 2017 ലെ ഡിജിറ്റൽ ഇക്കണോമി ആക്ടിലൂടെ വാഗ്ദാനം ചെയ്ത പ്രകാരം , ഇത്തരം സൈറ്റുകളിൽ കർശനമായി പ്രായപരിധി നിശ്ചയിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങിയ ഒരു റിസർച്ച് റിപ്പോർട്ടിൽ, യുകെയിൽ 16 – 17 വയസ്സുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും ഇത്തരത്തിലുള്ള പോൺ സൈറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതിരോധിക്കുന്നതിനായി ഗവൺമെന്റ് പുതിയ ഓൺലൈൻ ഹാംസ് ബിൽ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. കുട്ടികൾക്ക് മതിയായ സുരക്ഷ ലഭിക്കാത്ത ചില സൈറ്റുകൾ തടയുന്നതിനും ഈ ബില്ലിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പാർലമെന്റ് ഈ ബില്ല് പാസാക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഐയോനിസ് ഡെക്കസ്
കോടതിയിൽ ഹർജി നൽകിയ ഐയോനിസ്, തന്റെ നാല് ആൺമക്കളിൽ ഒരാൾ പോൺ സൈറ്റുകൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തന്നെ പോലുള്ള നിരവധി മാതാപിതാക്കൾക്കുള്ള ഒരു വെളിപ്പെടുത്തൽ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ട് ഐയോനിസിന്റെ മകനിൽ രണ്ടാഴ്ചക്കുള്ളിൽ നിരവധി സ്വഭാവ വ്യത്യാസങ്ങളാണ് വന്നത്. ഇദ്ദേഹത്തോടൊപ്പം ഹർജി നൽകിയ അവ വാകിൽ 20 വയസ്സുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഇതിനെതിരെ ശക്തമായ നിയമ സംവിധാനം കൊണ്ടുവരണമെന്ന് ഗവൺമെന്റിനോട് ഇരുവരും ആവശ്യപ്പെട്ടിരിക്കുകയാണ്.

അവ വാകിൽ
47 ശതമാനത്തോളം പേരാണ് ഇത്തരം സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 46 ശതമാനത്തോളം പേരും വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിലൂടെ ആണ് ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന ആവശ്യമാണ് ഇരുവരും ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക പര്യടനം റദ്ദാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു. യൂറോപ്യൻ യൂണിയന് മുമ്പ് തന്നെ ഇന്ത്യയുമായി സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ബ്രിട്ടീഷ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യയിലെ യുവാക്കൾക്ക് രണ്ട് വർഷം വരെ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അനുമതി ബ്രിട്ടൻ ഉറപ്പാക്കും. 18-30 വയസ്സിനിടയിലുള്ള മൂവായിരത്തോളം ഇന്ത്യൻ ബിരുദധാരികൾക്ക് ഓരോ വർഷവും യുകെയിൽ പ്രവേശിക്കാനുള്ള അനുമതി നൽകും. അവർക്ക് ഇവിടെ ജോലി തേടാനും 24 മാസം വരെ താമസിക്കാനും കഴിയും. ഇന്ത്യയിൽ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന യുവ ബ്രിട്ടീഷുകാർക്കും ഇത് ബാധകമാണ്. ഇതിനെ പിന്തുണയ്ക്കുന്ന പുതിയ മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ എഗ്രിമെന്റ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഡിഗ്രി/ ഡിപ്ളോമ യോഗ്യത ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇവർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ട്. മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സ് കീം അനുസരിച്ച് ബ്രിട്ടനിലെത്താൻ താല്പര്യമുള്ളവർ 2,530 പൗണ്ട് സേവിംഗ് സ് തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കണം. ഇപ്പോൾ ഈ പദ്ധതി പ്രകാരം ഓസ്ട്രേലിയ, ക്യാനഡ, ഹോങ്കോങ്ങ്, ജപ്പാൻ, ന്യൂസിലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ യുവാകൾക്ക് മാത്രമേ ബ്രിട്ടനിൽ തുടരാൻ അനുവാദമുള്ളൂ. ഇരു രാജ്യങ്ങളിലെയും ചെറുപ്പക്കാർക്ക് വിവിധ സംസ് കാരങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും സഹായകമാകുന്നതാണ് പുതിയ പദ്ധതി. നിയമവിരുദ്ധ കുടിയേറ്റക്കാരെ നീക്കംചെയ്യാനും ഇത് യുകെയെ സഹായിക്കും. ബ്രെക് സിറ്റിന് ശേഷം മൈഗ്രേഷന്റെ എണ്ണം കുറയ്ക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച വിദ്യാഭ്യാസമുള്ളവരെയും ഉയർന്ന ശമ്പളമുള്ള പ്രൊഫഷണലുകളെയും നിലനിർത്തുന്ന പോയിൻറ് അധിഷ്ഠിത സംവിധാനത്തിലൂടെ കൂടുതൽ വിദഗ് ധ തൊഴിലാളികളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.

flags of UK and India painted on cracked wall
വിവിധ വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടണും ഒരു ബില്യൺ പൗണ്ടിൻ്റെ വ്യാപാര കരാർ ഒപ്പുവച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭയാനകമായ സാഹചര്യത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. അടുത്ത ദശകത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. കാരണം ഇരു രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ജി 7 ന്റെ ഭാഗമല്ലെങ്കിലും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശങ്ക ഉയർന്നത്തോടെ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുഖാമുഖം നടക്കുന്ന ആദ്യത്തെ പ്രധാന യോഗവും പ്രതിസന്ധിയിലായിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും ചെയ്യുന്നതിനാൽ യുകെ പ്രതിനിധി സംഘത്തെ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പിഎച്ച്ഇ ഉപദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രീതി പട്ടേൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനൊപ്പം
നാലുദിവസങ്ങളിലായി ലണ്ടനിലെ ലങ്കാസ്റ്റർ ഹൗസിലാണ് ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗം നടക്കുക. തിങ്കളാഴ്ച ലണ്ടനിലെത്തിയ എസ് ജയശങ്കര്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രീതി പട്ടേലും ഇന്നലെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കൂടിക്കാഴ്ച ഓൺലൈനായി നടത്തുമെന്ന് അവർ അറിയിച്ചു.

“വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിന് ഇന്ന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ രോഗപ്രതിസന്ധി മുന്നിൽ കണ്ടാണ് ഞങ്ങൾ കർശനമായ കോവിഡ് പ്രോട്ടോക്കോളുകളും ദൈനംദിന പരിശോധനയും ഏർപ്പെടുത്തിയത്.” യുകെയിലെ മുതിർന്ന നയതന്ത്രജ്ഞൻ വിശദമാക്കി. രോഗവ്യാപനം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകണമെന്ന് കെയർ സ്റ്റാർമർ ഇന്ന് രാവിലെ ആവശ്യപ്പെട്ടു. സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്ത്യൻസംഘം വെർച്വൽ ആയാണ് യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഈ ആശങ്കയും ഉടലെടുത്തിരിക്കുന്നത്.