Main News

സ്വന്തം ലേഖകൻ

മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നുള്ള തൊഴിൽ സംരംഭകർക്ക് ഉൾപ്പെടെ കനത്ത നിരാശയുടെ വർഷമാണ് കടന്നു പോയത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള നിരവധി പേർക്ക് തൊഴിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. സംരംഭകർക്ക് ചെയ്തുകൊണ്ടിരുന്ന ബിസിനസ്സിൽ നഷ്ടം വന്നതിനാൽ ജീവനക്കാരെ തിരിച്ചുവിളിക്കേണ്ടതായി എന്ന് മാത്രമല്ല നിത്യവൃത്തിക്കായി മറ്റ് തൊഴിൽ ഇടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായി. അതേസമയം നിലവിലുള്ള കടുത്ത മത്സരം മൂലം പുതിയ ഒരു ജോലി നേടി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഷോണെറ്റ് ബേസൺ വുഡ് എന്ന സിംഗിൾ മദർ ആയ ടീച്ചറുടെ അവസ്ഥ ഉദാഹരണമായെടുക്കാം. അധ്യാപനം നിർത്തിയതിനു ശേഷം തുടങ്ങിയ മോട്ടിവേഷണൽ ടീച്ചിംഗ് കമ്പനി വർഷം 250,000 പൗണ്ടിന്റെ വരുമാനം നേടിയിരുന്നതാണ്, എട്ടോളം ജീവനക്കാർക്ക് ഷോണെറ്റ് തൊഴിൽദാതാവ് ആയിരുന്നു. മഹാമാരിയുടെ തുടക്കത്തോടെ കമ്പനിയുടെ മൂല്യം കുത്തനെ മൂന്നിൽ രണ്ടായി ഇടിഞ്ഞു. ഷോണെറ്റ് പറയുന്നു ” ആദ്യ ലോകം തുടങ്ങി 5 ദിവസങ്ങൾക്കുള്ളിൽ എന്റെ കമ്പനി ഏകദേശം നാമാവശേഷമായ അവസ്ഥയിലായിരുന്നു, ഇത്രയും നാൾ വളർത്തിക്കൊണ്ടു വന്ന കുഞ്ഞ് പെട്ടെന്ന് നഷ്ടപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. അധ്വാനം മുഴുവൻ ഒറ്റയടിക്ക് തരിപ്പണമായി. എല്ലാം അവസാനിപ്പിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചതാണ് പക്ഷേ ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്ന എന്റെ നാലു മക്കളും നായ്ക്കുട്ടിയുമാണ് എന്നെ പിന്തിരിപ്പിച്ചത്.

ഷോണെറ്റ് ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ടു. എന്നാൽ അതും വിജയം കണ്ടില്ല. ഒടുവിൽ തുച്ഛമായ വേതനത്തിന് ഒരു ഫാക്ടറിയിൽ ജോലിചെയ്യുകയാണ് ഷോണെറ്റ് ഇപ്പോൾ. “എന്റെ ഡിഗ്രികൾ എനിക്ക് മാറ്റിവെക്കേണ്ടതായി വന്നു. ഞാൻ നേടിയ യോഗ്യതകൾ ഒക്കെയും അപ്രസക്തമായി. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന ഒരാളെ ആർക്കും ജോലിക്ക് വേണ്ട. ഡെലിവറി ഡ്രൈവർ ജോലി പോലും എനിക്ക് കിട്ടിയില്ല. സ്വന്തമായി ബിസിനസ് ഉള്ളവർ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ വിമുഖരായിരിക്കും എന്ന ഭാക്ഷ്യത്തിൽ ആയിരിക്കും ജോലി കിട്ടാതെ പോയത്”.ഷോണെറ്റ് വെളിപ്പെടുത്തുന്നു. ടീസൈഡിലെ 350 കുടുംബങ്ങൾക്ക് വിശപ്പടക്കാനുള്ള ചാരിറ്റി നടത്തുന്ന വ്യക്തിയാണ് ഷോണെറ്റ്. “അറ്റം കാണാത്ത ഒരു കയത്തിലേക്ക് മുങ്ങി പോയത് പോലെയാണ് എല്ലാം നഷ്ടപ്പെട്ട അപ്പോൾ എനിക്ക് തോന്നിയത്. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയ കാർ വിൽക്കണോ? താമസിക്കുന്ന വീടിന്റെ കാര്യം എന്താകും? എന്തൊക്കെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്, ” ഓരോ ദിവസവും ഷോണെറ്റ്നെ അലട്ടിക്കൊണ്ടിരുന്നു.

ഈ ആഴ്ച സോഫി റിഡ്ജ് മിഡിൽസ്ബ്രോയിൽ തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. 1994ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ക്രൈസിസ് ആണിതെന്ന് അവർ സമ്മതിക്കുന്നുണ്ട്. 800000പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഫർലോ സംവിധാനം നിർത്തലാക്കിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥ പ്രതിഫലനം ജനങ്ങൾക്കിടയിൽ അറിയാൻ സാധിക്കൂ. കുറഞ്ഞ ശമ്പളമുള്ള ജോലിക്കാർക്കും, യുവജനങ്ങൾക്കുമാണ് കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നത്. പണക്കാരിലെ കൂടുതൽ ശതമാനം ആൾക്കാർ യൂണിവേഴ്സൽ ക്രെഡിറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തി. മാർച്ച് മുതൽ ഫർലോ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് മില്യണോളം ജീവനക്കാർക്ക് മടങ്ങിപ്പോകാൻ ഒരു തൊഴിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഷോണെറ്റിനെ പോലെയുള്ള സംരംഭകർക്ക് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. കോവിഡ് വന്നതോടെ കൂടുതൽ ജോലികളും ഓൺലൈനിൽ ആയതും, ലോകത്ത് എവിടെ നിന്നും ജീവനക്കാരെ ലഭിക്കും എന്ന അവസ്ഥ എത്തിയതും യുകെയിൽ ഉള്ളവർക്ക് കൂടുതൽ തിരിച്ചടിയായി.

ഡോ. ഐഷ വി

നാലാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷൻ സമയത്താണ് ഗീത ചേച്ചിയുടെ അമ്മ ഗീത ചേച്ചിയുടെ കല്യാണം ക്ഷണിക്കാൻ വന്നത്. ഞാനും അനുജനും ചിരവാത്തോട്ടത്തെ പറങ്കിമാങ്ങകളൊക്കെ തിന്ന് തീവണ്ടി കളിച്ച് നടക്കുകയായിരുന്നു. അനുജൻ മുമ്പിൽ എഞ്ചിനാണ്. ഞാൻ ബോഗിയും. അവൻ ടെയിൻ ഓടുന്ന ശബ്ദമുണ്ടാക്കുന്നുണ്ട്. എന്റെ ഒരു കൈയ്യിൽ പാതി കടിച്ച കശുമാങ്ങയുണ്ട്. ഒരു കൈ അനുജന്റെ ഷർട്ടിൽ പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ തീവണ്ടി മുറ്റത്തേയ്ക്ക് കയറിയപ്പോൾ യശോധര വല്യമ്മച്ചി പോകാനിറങ്ങുകയായിരുന്നു. വല്യമ്മച്ചി ഞങ്ങളോടായി പറഞ്ഞു. മക്കൾ ഇപ്പോൾ എത്തിയതു കൊണ്ട് കാണാൻ പറ്റി. വെയിലും കൊണ്ട് കാടോടി ആകെ വൃത്തികേടായല്ലോ. നിങ്ങളുടെ ചേച്ചിയുടെ കല്യാണമാണ്. കല്യാണത്തിന് എല്ലാവരും തലേന്നേ അങ്ങ് വരണം. ഞങ്ങൾ തലയാട്ടി. കുട്ടികളെ പരിഗണിച്ച് പ്രത്യേകം ക്ഷണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. സാധാരണ ഗതിയിൽ പലരും മുതിർന്ന വരോടെ കാര്യങ്ങൾ പറയാറുണ്ടായിരുന്നുള്ളൂ. ആദ്യമായാണ് ക്ഷണക്കത്തുമായി വന്ന ഒരാൾ ഞങ്ങൾ കുട്ടികളെ പരിഗണിച്ചത്. ഏതു നല്ല കാര്യത്തിനായാലും കുട്ടികളെ പരിഗണിച്ചാൽ അവർ അക്കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. അതിന്റെ നന്ദി അവർക്ക് കാണുകയും ചെയ്യും. അങ്ങനെ ഞങ്ങൾ കുട്ടികൾക്ക് പ്രാധാന്യം നൽകി ക്ഷണിച്ചിട്ടുള്ളവരാണ് പരേതരായ കൗസല്യ വല്യമ്മച്ചി , സുഗുണ കുഞ്ഞമ്മ, ആലു വിളയിലെ ശ്രീലത ചേച്ചി എന്നിവർ. അച്ഛന്റെ കൂടെ ഞങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അച്ഛൻ മറ്റുള്ളവർക്ക് ഞങ്ങളെ പരിചയപ്പെടുത്തുമായിരുന്നു. തിരിച്ച് അവരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരും. അങ്ങനെ അച്ഛന്റെ ധാരാളം ബന്ധുക്കളെയും പരിചയക്കാരേയും അറിയാനിടയായി.

അമ്മ ഞങ്ങൾക്ക് യശോധര വല്യമ്മച്ചിയുമായുള്ളബന്ധം പറഞ്ഞു തന്നു. പിന്നെ ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാമെന്ന സന്തോഷത്തോടെ ആ ദിവസവും കാത്തിരിപ്പായി. ഗീത ചേച്ചിയുടെ കല്യാണക്കുറി ഞാൻ തിരിച്ചും മറിച്ചും നോക്കി. അതുവരെ കണ്ട കല്യാണക്കുറികളേക്കാൾ വളരെ ആർഭാടമായി ആറേഴ് പേജുള്ള കല്യാണക്കുറി. നല്ല ഭംഗിയുണ്ടായിരുന്നു. കടും നീല നിറത്തിലും സ്വർണ്ണ വർണ്ണത്തിലും ഒക്കെ താളുകളും അക്ഷരങ്ങളും . താളുകൾ കെട്ടാൻ സ്വർണ്ണ വർണ്ണമുള്ള നൂല് . നൂലിന്റെ തുമ്പിൽ കിന്നരി . ആകെ കൂടി ആ ക്ഷണക്കത്ത് എന്റെ മനസ്സിൽ നിറം മങ്ങാതെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് ആരുടേയോ വിവാഹ ക്ഷണക്കത്ത് കിട്ടിയപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. ഗീത ചേച്ചിയുടെ വിവാഹ ക്ഷണക്കത്ത് ഇതുപോലെ മനോഹരമായിരുന്നു എന്ന്. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. ക്ഷണക്കത്തിന്റെ ഭംഗിയിലല്ല കാര്യം ജീവിതം മനോഹരമായി ജീവിയ്ക്കുന്നതിലാണെന്ന്. ഇന്ന് കൊറോണക്കാലത്ത് ആർഭാടങ്ങളില്ലാതെ ഒരു ക്ഷണക്കത്തു പോലുമടിയ്ക്കാതെ വിവാഹം നടത്താൻ നമ്മൾ പഠിച്ചിരിക്കുന്നു.

ഗീത ചേച്ചിയുടെ കല്യാണത്തിലേയ്ക്ക് മടങ്ങി വരാം. അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ഗീത ചേച്ചിയുടെ കല്യാണ ദിവസത്തിന്റെ തലേ ദിവസം വന്നു ചേർന്നു. അപരാഹ്നമെത്തിയപ്പോൾ അമ്മ ഞങ്ങളെ മൂന്നുപേരേയും കുളിപ്പിച്ചൊരുക്കി. അച്ഛൻ അന്ന് കാസർഗോഡായിരുന്നു. ഞങ്ങൾക്ക് വിവാഹ ദിവസം ഇടാനുള്ള വസ്ത്രം കൂടി അമ്മ കരുതിയിരുന്നു. അമ്മ ഞങ്ങളേയും കൊണ്ട് കല്ലുവാതുക്കലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ അന്ന് ബസ്സില്ലായിരുന്നു. അതിനാൽ മൂലക്കടയെത്തിയ ശേഷം യക്ഷിപ്പുര നടവഴി വയലിലൂടെ നടന്നാണ് കല്ലുവാതുക്കൽ ജംഗഷനിൽ എത്തിയത്. ബസ്സ് കാത്ത് കുറേ നേരം നിൽക്കേണ്ടി വന്നു. ഇതിനിടയ്ക്ക് ഒരാൾ അമ്മയോട് വന്ന് സംസാരിച്ചു. ഒരു മുൻ അധ്യാപകനും നക്സലൈറ്റും ആയിരുന്നു അദ്ദേഹമെന്ന് അമ്മ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഒരു ബസ്സെത്തി . ഞങ്ങൾ കൊട്ടിയം ജങ്ഷനിലെത്തി. കൊട്ടിയം ജംഗ്ഷനിൽ അന്ന് ഉപയോഗശൂന്യമായ ഒരു പഞ്ചായത്ത് കിണർ റോഡരികിൽ ഉണ്ടായിരുന്നു. കൊട്ടിയത്തെ പഴയ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള വഴിയിലൂടെ വയലരികിലെത്തി. അമ്മ ആരോടോ കളീലിൽ കണ്ണു വൈദ്യരുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. അവർ ചുണ്ടിക്കാട്ടിയ വഴിയേ ഞങ്ങൾ വയൽ കടന്നു. വിവാഹം നടക്കുന്ന ഗൃഹത്തിലെത്തി. യശോധര വല്യമ്മച്ചിയുടെ അച്ഛന്മമാരുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മുറ്റത്ത് വിവാഹപന്തൽ , സദ്യ വിളമ്പാൻ മറ്റൊരു പന്തൽ പിന്നെ പാചകപ്പുരയും കലവറയും. കാപ്പി കുടി കഴിഞ്ഞ് ഞാനും അനുജനും അവിടൊക്കെ കറങ്ങി നടന്ന് കണ്ടു. മുറ്റത്തിന്റെ ഒരു കോണിൽ പന്തലിന് വെളിയിൽ നിന്ന നിറയെ കായ്കളോടു കൂടിയ ഒരു മാതളത്തെ ഞാനും അനുജനും നോട്ടമിട്ടു. അനുജത്തി എപ്പോഴും അമ്മയോടൊപ്പമായിരുന്നു. അകത്തെ മുറികളിൽ വരികയും പോവുകയും ചെയ്യുന്നവരുടെ തിരക്ക്. ഇടയ്ക്കെപ്പോഴോ അമ്മ അവിടത്തെ സ്വീകരണ മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ കാണിച്ചു തന്നു. ഗീത ചേച്ചിയുടെ ഒരു കുഞ്ഞമ്മയുടെ ഗ്രാജുവേഷൻ സെറിമണിയുടെ ഫോട്ടോയായിരുന്നു അത്. ബിരുദദാന ചടങ്ങിലാണ് അങ്ങനെ തൊപ്പിയും ഗൗണുമൊക്കെയായി ഫോട്ടോയെടുക്കുന്നതെന്ന് അമ്മ പറഞ്ഞു തന്നു. അപ്പോൾ ഒരു ഗ്രാജ് വേറ്റാകാൻ എനിക്ക് ആഗ്രഹമുദിച്ചു. ( പിൽക്കാലത്ത് യൂണിവേഴ്സിറ്റികൾ ആ ചടങ്ങ് നിർത്തലാക്കിയതിനാൽ ഞങ്ങളുടെ സമയമായപ്പോൾ ആ ചടങ്ങില്ലായിരുന്നു.) അപ്പോൾ ഞാൻ അമ്മയോട് ഗീത ചേച്ചി ഗ്രാജ് വേറ്റാണോയെന്ന് ചോദിച്ചു. പ്രീഡിഗ്രി കഴിഞ്ഞു. 19 വയസ്സേ ആയുള്ളൂ. ഗ്രാജ് വേറ്റല്ലെന്ന് അമ്മ പറഞ്ഞു. ആ സമയത്താണ് കൗസല്യ വല്യമ്മച്ചിയും സത്‌ലജ് ചേച്ചിയും അകത്തേയ്ക്ക് വന്നത്. ഇനി ഇതുപോലെ സത് ലജിന്റെ കല്യാണത്തിന് കൂടാമെന്ന് അമ്മ പറഞ്ഞപ്പോൾ കൗസല്യ വല്യമ്മച്ചി പറഞ്ഞു. പഠിച്ച് ജോലിയൊക്കെയായിട്ടേ മോളുടെ കല്യാണം നടത്തുന്നുള്ളൂയെന്ന്. ഞാനും അപ്പോൾ തീരുമാനിച്ചു. എനിക്കും ജോലി നേടിയിട്ട് മതി വിവാഹമെന്ന്. ഗീത ചേച്ചി സത് ലജ് ചേച്ചിയേക്കാൾ ഇളയതാണെന്ന് ആ സംഭാഷണത്തിനിടയിൽ എനിക്ക് മനസ്സിലായി. പിന്നീട് സത് ലജ് ചേച്ചി എം എസ്സി കെമിസ്ട്രിയൊക്കെ കഴിഞ്ഞ് കോളേജധ്യാപികയായി മാറി.

അന്ന് രാത്രി അവിടെ നിന്ന് അത്താഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ തങ്ങി. ആ വീടിന്റെ പ്രധാന ഗൃഹ ഭാഗത്തു നിന്നും വിട്ടു നിൽക്കുന്ന രീതിയിലായിരുന്നു അടുക്കള . അടുക്കളയും പ്രധാന ഗൃഹവും രണ്ടതിരുകളിടുന്ന മുറ്റത്ത് ഭിത്തി കെട്ടി വാതിലുകൾ പിടിപ്പിച്ച രണ്ടതിരുകൾ കൂടിയുണ്ടായിരുന്നു. മുറ്റത്ത് കഴുകിയുണക്കാൻ വയ്ക്കുന്ന പാത്രങ്ങൾ ആക്രി പെറുക്കുന്നവരും മറ്റുള്ളവരും കൊണ്ടുപോകില്ലെന്നും ഭിത്തിയിലുള്ള വാതിലുകൾ അടച്ചാൽ രാത്രി സ്ത്രീ ജനങ്ങൾക്ക് അടുക്കളയിൽ പോകാനും തിരികെ പ്രധാന ഗൃഹത്തിലെത്താനും സൗകര്യമുള്ള ഒരു നിർമ്മിതിയാണ് ഇതെന്ന് എനിക്ക് തോന്നി. പഴയ കാലത്തെ അടുക്കളയിലുള്ള കരിയും അഴുക്കും പുകയുമൊന്നും പ്രധാന ഗൃഹത്തിൽ എത്തുകയുമില്ല. ഗീത ചേച്ചിയുടെ അമ്മയുടെ അമ്മയും കുഞ്ഞമ്മമാരും അടുക്കള കാര്യത്തിന് നേതൃത്വം നൽകി.

അത്താഴം കഴിഞ്ഞ് അനുജത്തിയെ ഉറക്കി കിടത്തിയിട്ട് അമ്മ എന്നെയും അനുജനേയും കൂട്ടി പാചകം ചെയ്യുന്നിടത്തേയ്ക്ക് പോയി. പാചകക്കാര്യം ബന്ധുക്കളും അയൽപക്കക്കാരുമായി ധാരാളം പേർ അവിടെ ജോലി ചെയ്യാൻ ഉണ്ടായിരുന്നതിനാൽ അമ്മയ്ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് ഗീത ചേച്ചിയുടെ അമ്മയുടെ അച്ഛൻ അവിടെയുണ്ടായിരുന്നു. അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ അന്നവിടെ തങ്ങാനുദ്ദേശിച്ച അതിഥികളും ഞങ്ങളും അവിടെ ഉറങ്ങി. ഞങ്ങളും ഗീത ചേച്ചിയും ഒരു മുറിയിലാണ് കിടന്നത്.

പിറ്റേന്ന് രാവിലേ തന്നെ അമ്മ ഞങ്ങളെ കുളിപ്പിച്ചൊരുക്കിയ ശേഷം അമ്മ കുളിക്കാനായി കയറി. ആ സമയത്ത് അനുജനും ഞാനും കൂടി നേരെ മാതളത്തിന്റെ അടുത്തെത്തി. ഒന്നുരണ്ട് കായ്കൾ പിച്ചി കല്ലു കൊണ്ട് ഇടിച്ച് പൊട്ടിച്ച് കഴിച്ചു. അമ്മ കുളി കഴിഞ്ഞിറങ്ങിയപ്പോൾ കാണുന്നത് ഞങ്ങൾ വസ്ത്രത്തിൽ മാതളത്തിന്റെ കറയും പറ്റിച്ച് നിൽക്കുന്നതാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ചെവിയിൽ നല്ല കിഴുക്ക് കിട്ടി. പിന്നെ ഞങ്ങൾ പ്രാതൽ കഴിച്ച് വിവാഹ പന്തലിൽ എത്തി. അവിടെ കല്യാണ മണ്ഡപത്തിലെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു . ഗീത ചേച്ചിയുടെ അച്ഛന്റെ ഫ്രെയിം ചെയ്ത വലിയ ഒരു ഫോട്ടോ ഒരാൾ കൊണ്ടുവന്ന് മണ്ഡപത്തിനടുത്തായി ഒരു മേശമേൽ സ്ഥാപിച്ചു. പൂമാലയണിയിച്ച് ഒരു ചന്ദനത്തിരിയും കൊളുത്തിവച്ചു. അപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു: ഗീതയുടെ അച്ഛന്റെ ഫോട്ടോയാണ്. സിങ്കപ്പൂരിൽ വച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതാണെന്ന്. അതു പറയുമ്പോൾ അമ്മയുടെ കണ്ണിൽ ഒരു കണ്ണീർക്കണം വന്നു. വിവാഹ മണ്ഡപത്തിന് തൊട്ടടുത്തായാണ് ഞങ്ങൾ ഇരുന്നത്. കല്യാണം നന്നായി കാണാൻ. അന്ന് വിവാഹങ്ങൾക്ക് വീഡിയോ ഗ്രാഫി പതിവില്ല. ഫോട്ടോ മാത്രമേയുള്ളൂ. അതും മിക്കവാറും എല്ലാം ബ്ലാക്ക് ആന്റ് വൈറ്റ്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയൊന്നും അന്ന് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന കാലം. വരനും കൂട്ടരും എത്തി. വിവാഹം മംഗളമായും സദ്യ വിഭവ സമൃദ്ധമായും നടന്നു. സദ്യ കഴിഞ്ഞ് വരന്റേയും കൂട്ടരുടേയും ഒപ്പം ഗീത ചേച്ചിയും പോയിക്കഴിഞ്ഞേ ഞങ്ങൾ തിരികെ പോന്നുള്ളൂ. കാസർഗോട്ടു നിന്നും നാട്ടിലെത്തിയ ശേഷമുള്ള ആദ്യ വിവാഹം കൂടലായിരുന്നു അത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ ദിനംപ്രതി കൊറോണ കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, മന്ത്രിമാർ അടിയന്തരയോഗം ചേർന്നു സാഹചര്യങ്ങൾ വിലയിരുത്തി. ഇനി ഒരു ലോക്ക്ഡൗൺ കൂടി നടപ്പിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവനയെ തുടർന്നാണ് യോഗം. ഈ സാഹചര്യത്തോട് ഗവൺമെന്റ് അടിയന്തരമായി പ്രതികരിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി ജെറെമി ഹണ്ട് ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ തെക്ക്- കിഴക്കൻ പ്രവിശ്യയിൽ വളരെ വേഗമാണ് രോഗബാധ പടർന്നത്. ഇതിന് കാരണം കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചതാകാം എന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കെന്റ് പ്രവിശ്യയിലെ ആശുപത്രികൾ എല്ലാം തന്നെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റും നടത്തുന്നില്ല. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഇംഗ്ലണ്ടിന്റെ തെക്കൻ പ്രവിശ്യയിൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതായി യൂറോപ്യൻ മോളികുലർ ബയോളജി ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ ഇവാൻ ബിർണി അറിയിച്ചു. എന്നാൽ ഇതുകൊണ്ട് മാത്രം രോഗബാധ കൂടുന്നതായി പറയാൻ സാധിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ഈ വാർത്ത സ്ഥിരീകരിച്ചു. ക്രിസ്മസ് കാലത്ത് അനുവദിച്ച ഇളവുകളും രോഗ വർദ്ധനവിന് കാരണമായതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച മന്ത്രിമാർ അടിയന്തരയോഗം കൂടി. എന്നാൽ നിലവിൽ നിബന്ധനകൾ കർശനമാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

നോർത്തേൺ അയർലൻഡിലും, വെയിൽസിലും ക്രിസ്മസിനു ശേഷം ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ 90% ആശുപത്രികളിലെയും കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോഴും എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദേശം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി. വെള്ളിയാഴ്ച മാത്രം യുകെയിൽ 28,507 കേസുകളാണ് രേഖപ്പെടുത്തിയത്. ഈ വർഷം അവസാനത്തോടെ ഓക്സ്ഫോർഡ് വാക്സിനും അനുമതി ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇത് സാഹചര്യങ്ങൾ നേരിടുവാൻ കൂടുതൽ എളുപ്പമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഒരു വ്യാപാര കരാർ നേടിയെടുക്കാൻ ബ്രിട്ടന് മുമ്പിൽ ഇനി രണ്ടാഴ്ച മാത്രമാണ് സമയമുള്ളത്. ബ്രെക്‌സിറ്റ് വ്യാപാര കരാർ ചർച്ചകൾ ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണെന്നും യൂറോപ്യൻ യൂണിയൻ നിലപാട് ഗണ്യമായി മാറ്റിയില്ലെങ്കിൽ വ്യാപാര കരാർ സാധ്യമാകില്ലെന്നും ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിനോട് പറഞ്ഞു. ഇരുവരും ഇന്നലെ വൈകുന്നേരം ഫോണിലൂടെ സംസാരിക്കുകയുണ്ടായി. ചർച്ചയിപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് നിലകൊള്ളുന്നതെന്ന് ജോൺസൻ വ്യക്തമാക്കി. സമയം വളരെ കുറവാണെന്നും അതുകൊണ്ട് യൂറോപ്യൻ യൂണിയന്റെ നിലപാട് മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. ന്യായമായ യൂറോപ്യൻ യൂണിയൻ അഭ്യർത്ഥനകൾ ഉൾക്കൊള്ളാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ജോൺസൻ അറിയിച്ചു.

പുതിയ ബ്രസ്സൽസ് ചട്ടങ്ങളുമായി ബ്രിട്ടന് കൂടുതൽ ബന്ധമുണ്ടാകരുതെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. മത്സ്യബന്ധന വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ നിലപാട് “ന്യായയുക്തമല്ല” എന്ന് ജോൺസൺ അപലപിച്ചു. കുറച്ച് സമയം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “ഒരു കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവർ സുഹൃത്തുക്കളായി തുടരും. തുടർന്ന് യുകെ, യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയൻ രീതിയിലുള്ള വ്യാപാരത്തിൽ ഏർപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ബന്ധം പുലർത്താൻ ഇരുനേതാക്കളും സമ്മതിച്ചു.

“നിരവധി വിഷയങ്ങളിൽ കൈവന്ന പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എങ്കിലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. അതൊരു വലിയ വെല്ലുവിളിയാണ്.” ഫോൺ കോളിന് ശേഷമുള്ള പ്രസ്താവനയിൽ വോൺ ഡെർ ലെയ്ൻ പറഞ്ഞു. നാളെ ചർച്ചകൾ തുടരുമെന്നും അവർ അറിയിച്ചു. ജോൺസന്റെയും മിസ് വോൺ ഡെർ ലെയ്‌ന്റെയും ഫോൺ കോളിന് ശേഷം ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെന്നും സമയം വളരെ കുറവാണെന്നും ലോർഡ് ഫ്രോസ്റ്റ് മുന്നറിയിപ്പ് നൽകി. അതേസമയം, ക്രിസ്മസ് അവധിക്കായി വ്യാഴാഴ്ച പാർലമെന്റിൽ നിന്ന് എംപിമാരെ നാട്ടിലേക്ക് അയച്ചിരുന്നു. ജനുവരി 5 വരെ അവർക്ക് വെസ്റ്റ്മിൻസ്റ്ററിലേക്ക് മടങ്ങേണ്ടതില്ല. എന്നിരുന്നാലും അടുത്താഴ്ച തന്നെ പാർലമെന്റിനെ തിരിച്ചുവിളിക്കുമെന്നും ഡിസംബർ 31ന് മുമ്പായി വ്യാപാര കരാർ നേടിയെടുക്കാൻ ശ്രമിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

സ്വന്തം ലേഖകൻ

അഫ് ഗാനിസ്താൻ :- അഫ് ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ ഗസ് നിയിൽ നടന്ന സ്ഫോടനത്തിൽ 15 കുട്ടികൾ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റതായും പോലീസ് അധികൃതർ സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയുടെ പുറകിൽ സ്ഥാപിച്ചിരുന്ന ബോംബ് ആയിരുന്നു പൊട്ടിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഗിലാൻ ഡിസ്ട്രിക്ടിൽ നടന്ന ഈ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപ്രതീക്ഷിതമായ സ്ഫോടനം എന്നാണ് താലിബാൻ വക്താക്കളും വിലയിരുത്തുന്നത്.

ബോംബ് സ്ഫോടനം നടന്നതിന് സമീപത്തായി ഒരു വീട്ടിൽ ഖുർആൻ പാരായണം നടക്കുകയായിരുന്നു. ബോംബ് വച്ചിരുന്നു എന്ന് കരുതുന്ന ഓട്ടോറിക്ഷയുമായി ഡ്രൈവർ ഗ്രാമത്തിലേക്ക് വന്നുവെന്നും, അതിനു ചുറ്റും കുട്ടികൾ ഉണ്ടായിരുന്നതായും ആണ് ഗസ് നി ഗവർണറുടെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചത്. മരണനിരക്ക് ഇനിയും വർദ്ധിക്കാൻ സാധ്യത ഉള്ളതായും അദ്ദേഹം പറഞ്ഞു.


എന്നാൽ താലിബാനാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് വക്താവ് അഹമ്മദ് ഖാൻ പറഞ്ഞതായി എ എഫ് പി ന്യൂസ് റിപ്പോർട്ട് ചെയ്തു.അഫ് ഗാൻ സർക്കാരും താലിബാൻ അധികൃതരുമായി സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കെയണ് ഇത്തരത്തിൽ സ്ഫോടനങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വർദ്ധിച്ചുവരുന്ന കൊറോണാ വൈറസ് വ്യാപന ഭീതിയിൽ യുകെയിൽ ഉടനീളം ദശലക്ഷക്കണക്കിന് ജനങ്ങൾ വരും ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളുടെ കീഴിലാകും. നാളെമുതൽ ഇംഗ്ലണ്ടിലെ 38 ദശലക്ഷം ജനങ്ങളാണ് ടയർ – 3 നിയന്ത്രണങ്ങളിലാകുന്നത്. വടക്കൻ അയർലൻഡിൽ ഡിസംബർ 26 മുതൽ 6 ആഴ്ചത്തെ ലോക്ക്ഡൗൺ ആയിരിക്കും. മാർച്ചിലെ പൂർണ്ണമായ അടച്ചിടലിന് സമാനമായ സാഹചര്യമാണ് വടക്കൻ അയർലൻഡിൽ വരാൻ പോകുന്നത്.

ടയർ സംവിധാനം ഫലപ്രദമാണെന്നും എന്നാൽ ആവശ്യമായി വന്നാൽ ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗണിൻെറ സാധ്യത തള്ളിക്കളയാനാവുകയില്ലെന്നുമാണ് മന്ത്രി നിക്ക് ഗിബ്ബ്‌ പ്രതികരിച്ചത്. വൈറസിൻെറ പിടിയിൽനിന്ന് രക്ഷനേടാൻ പൂർണ്ണ ലോക്ഡൗൺ ഉൾപ്പെടെയുള്ള എന്ത് കടുത്ത നടപടികളും സ്വീകരിക്കണമെന്നാണ് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനിലെ ഡോ. കാതറിൻ ഹെൻഡേഴ്സൺ അഭിപ്രായപ്പെട്ടത്.

ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഇളവ് വരുത്തുകയും മൂന്നോളം കുടുംബങ്ങൾക്ക് ഒരു വീട്ടിൽ ഒത്തുചേരാനും, ഓവർ നൈറ്റ് ചിലവഴിക്കാനുമുള്ള അനുവാദം ബ്രിട്ടീഷ് സർക്കാർ നൽകിയതിനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നാഷണൽ ഹെൽത്ത് സർവീസ് നടത്തിയത് മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്തുമസ് സമയത്തെ കൂടിച്ചേരലുകളിൽ പതിയിരിക്കുന്ന അപകട സാധ്യതയെ കുറിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ എൻഎച്ച്എസ് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് കാലത്ത് ഒത്തുചേരലുകൾക്ക് പദ്ധതിയിടുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്ന സന്ദേശം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഫലത്തിൽ ക്രിസ്മസ് കാലയളവിലെ പുനസമാഗമവും ഒത്തുചേരലുകളും പരമാവധി ഒഴിവാക്കാനുള്ള സന്ദേശമാണ് രാഷ്ട്രീയനേതൃത്വവും ആരോഗ്യ വിദഗ്ധരും നൽകുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥ 11.3 ശതമാനം കുറയുമെന്ന് ഓഫീസ് ഫോർ ബജറ്ററി റെസ്പോൺസിബിലിറ്റി പ്രവചിച്ചു. 300 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. തൊഴിലില്ലായ്മ 9.7 ശതമാനമായി ഉയരുമെന്നും അവർ വ്യക്തമാക്കി. പുതിയ കൊറോണ വൈറസ് വാക്സിനുകൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉത്തമമാണെന്നും എന്നാൽ അടുത്തയിടെ കേസുകൾ കുതിച്ചുയരുന്നത് വീണ്ടെടുക്കലിനെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിലെ യുകെ-ഇയു വ്യാപാര ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും റിപ്പോർട്ട്‌ എടുത്തുപറയുന്നുണ്ട്.

സമ്പദ്‌വ്യവസ്ഥയുടെ ഉയിർത്തെഴുന്നേൽപ്പ് അനിശ്ചിതത്ത്വത്തിലാണെന്ന് ബാങ്ക് അറിയിച്ചു. “ഇത് പകർച്ചവ്യാധിയുടെ പരിണാമത്തെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളെയും യൂറോപ്യൻ യൂണിയനും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളുടെ സ്വഭാവത്തെയും പരിവർത്തനത്തെയും ആശ്രയിച്ചിരിക്കുന്നു.” ബാങ്ക് കൂട്ടിച്ചേർത്തു. ചില കോവിഡ് വാക്സിനുകൾ വിജയകരമായി പരീക്ഷിച്ചുനോക്കുന്നതും അടുത്ത വർഷം അവ പുറത്തിറക്കുന്നതും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാവുന്ന അപകടങ്ങൾ കുറയ്ക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ 2 ശതമാനത്തെക്കാൾ വളരെ താഴെയാണ്. എന്നാൽ, കരാറില്ലാത്ത ബ്രെക്സിറ്റ് സ്റ്റെർലിംഗ് കുത്തനെ ഇടിയാൻ കാരണമായാൽ, ഇറക്കുമതിയുടെ വില കുതിച്ചുയരുന്നതോടൊപ്പം പണപ്പെരുപ്പം 2 ശതമാനത്തിന് മുകളിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021 ന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതിന്റെ വേഗതയിൽ മാറ്റമില്ലാതെ തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയെ തുടർന്ന് ഹൗസിംഗ് മാർക്കറ്റിൽ വൻ തകർച്ചയാണ് പ്രതീക്ഷിക്കുന്നത്

 റ്റിജി തോമസ്

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും പ്രവചനാതീതമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായി എന്ന് പറയുന്നതാവും ശരി. തങ്ങളുടെ പ്രതീക്ഷയെക്കാൾ ഉപരിയായി ഉള്ള വിജയത്തിലൂടെ തിളക്കമാർന്ന് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു. വിവാദങ്ങളുടെ തേരിലേറി വിജയം കൊതിച്ച വലതു മുന്നണി നേതൃത്വം ഏറ്റുവാങ്ങിയ തോൽവി യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കി എന്ന് അവരുടെ നേതാക്കൾ അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലത്തിൻെറ പേരിൽ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിലേയ്ക്ക് പരാതികൾ പോയി കഴിഞ്ഞു.

സിപിഎം നേതൃത്വം നൽകുന്ന ഗവൺമെൻറിനെതിരെ വിവാദങ്ങളും അന്വേഷണ ഏജൻസികളുടെ വരിഞ്ഞുമുറുക്കലുകളും പ്രതിപക്ഷ പാർട്ടികളുടെ സമരഘോഷവും എല്ലാം ഉണ്ടായെങ്കിലും ജനങ്ങൾ ഇടതുപക്ഷം ശരിപക്ഷം എന്ന് കരുതുവാൻ എന്താകും കാരണം? സമാനമായ വിവാദങ്ങളുടെ പെരുമഴയിൽ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് തകർന്നടിഞ്ഞതിന് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതാണ്. കഥാപാത്രങ്ങൾ മാറിയെങ്കിലും കഥയും തിരക്കഥയും ഏകദേശം സമാനസ്വഭാവമുള്ളത് തന്നെയായിരുന്നു. എന്നാൽ കേരളജനത വിവാദങ്ങളും പത്രവാർത്തകളും ചാനൽ ചർച്ചകൾക്കും അപ്പുറം ഇടതുപക്ഷത്തോടൊപ്പം നിന്നു. വിജയത്തിൻറെ ഒന്നാമത്തെ ക്രെഡിറ്റ്   ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളുമായി സംവേദിച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്ക് അവകാശപ്പെടാൻ ഉള്ളത് തന്നെയാണ്. കാരണം രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങൾ ജയപരാജയങ്ങൾ നിർണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായുള്ള ഇഴയടുപ്പവും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടലുകളും എൽഡിഎഫ് നടത്തിയത് ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്.

വലതുപക്ഷ മുന്നണിയുടെ പല സ്ഥാനാർഥികളും ജനങ്ങൾക്ക് അന്യരായിരുന്നു എന്ന യാഥാർത്ഥ്യം തോൽവിയിലേയ്ക്ക് വഴിതെളിയിച്ചു എന്ന് പറയേണ്ടിവരും. സ്ഥാനാർഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി വീടുകളിൽ ചെന്ന് വോട്ടർപട്ടികയിൽ സമ്മതിദായകരുടെ പേര് തപ്പി വശം കെടുന്ന കാഴ്ചയിൽ നിന്ന് യുഡിഎഫിന് ഈ പ്രാവശ്യവും കരകയറാനാവത്തത് തോൽവിയുടെ ആക്കംകൂട്ടി. കേരള കോൺഗ്രസ് തർക്കം യുഡിഎഫിൻെറ കെട്ടുറപ്പിനെ ബാധിക്കാതെ നോക്കേണ്ട ചുമതല മുന്നണി നേതൃത്വത്തിനുണ്ടായിരുന്നു. നിയമസഭ സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കളുടെ ചരടുവലികളാണ് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പേരിൽ ജോസ് വിഭാഗത്തെ മുന്നണിക്ക് വെളിയിലാക്കിയത് എന്നത് വരും കാലങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നീറി പിടിക്കുന്ന വിഷയമായി തീരാം. അതോടൊപ്പം ജോസ് വിഭാഗത്തെ പുറംതള്ളുന്നതുകൊണ്ട് കോൺഗ്രസിലെ എ വിഭാഗത്തിൻെറ സീറ്റുകളുടെ എണ്ണം കുറച്ച് ദുർബലമാക്കാനുള്ള ചരടുവലികളും ഗ്രൂപ്പ് പോരിൻെറ ഭാഗമായി ഉണ്ടായി എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തങ്ങളുടെ സീറ്റുകൾ കുറയാൻ കാരണം കോൺഗ്രസുകാർ കാലുവാരിയതാണെന്ന ആക്ഷേപം പിജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു.സ്വാർത്ഥ താൽപര്യത്തിനായി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തന രീതിയിലൂടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രീയ ആത്മഹത്യയിലേക്ക് യുഡിഎഫ് പോകുന്നുണ്ടോ എന്ന് മുന്നണിയെ നയിക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.

കേന്ദ്രത്തിലെ ഭരണകക്ഷി നയിക്കുന്ന എൻഡിഎ മുന്നണിക്ക് അവരുടെ ദേശീയതലത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പേരിൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പും തെളിയിച്ചിരിക്കുന്നു. ബിജെപി മുന്നണിയിലെ തല മുതിർന്ന പല നേതാക്കളെയും നിഷ്കരുണം പരാജയപ്പെടുത്തുക വഴിയായി എൻഡിഎ മുന്നണിക്ക് വ്യക്തമായ സൂചനകൾ നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾക്കായി. നേതൃതലത്തിലെ അസ്വാരസ്യങ്ങൾ എൻഡിഎയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

കിഴക്കമ്പലം മോഡൽ ട്വൻറി -20 യുടെ വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായി. രാഷ്ട്രീയത്തിനതീതമായി വികസന കുതിപ്പിനെ ജനങ്ങൾ പിന്തുണച്ചു എന്നുവേണം കരുതാൻ. സമൂഹ മാധ്യമത്തിലൂടെയും മറ്റ് സാധ്യമായ രീതിയിലും തങ്ങൾ നടപ്പിലാക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവേദിക്കാൻ ട്വൻറി-20യ്ക്ക് കഴിഞ്ഞത് അവരുടെ വിജയത്തിന് കാരണമായി. ഇരുമുന്നണികളും ഒന്നിച്ച് എതിർത്തിട്ടും ഇത്രയും സ്ഥലങ്ങളിൽ വിജയക്കുതിപ്പ് നടത്താൻ ട്വൻറി-20 കഴിഞ്ഞത് നല്ല അവസരങ്ങൾ വന്നാൽ ജനങ്ങൾ മാറി ചിന്തിക്കാൻ തയ്യാറാകുമെന്നതിൻെറ സൂചനയാണ്. ട്വൻറി-20യുടെ അനുഭാവികളെ ബൂത്തിൽ വോട്ടെടുപ്പിൽ നിന്ന് തടയുകയും മർദിക്കുകയും ചെയ്തതായിട്ടുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്.

ജാതിമത സങ്കുചിത രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മനസ്സ് അറിഞ്ഞ് പെരുമാറാൻ യുഡിഎഫ് നേതൃത്വത്തിന് അലംഭാവമുണ്ടായി . സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തെ എൽഡിഎഫിലേയ്ക്ക് അടുപ്പിച്ചതിൽ യുഡിഎഫിൻെറ ഘടകകക്ഷിയായ മുസ്‌ലിംലീഗിൻെറ നിലപാടുകളും കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.

കുറെ തെറ്റുകൾ ഉണ്ടെങ്കിലും കുറെയേറെ ശരികളിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇറങ്ങിച്ചെല്ലാൻ ഇടത് മുന്നണിയ്ക്കായി എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved