അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ചില സ്ഥലങ്ങളിൽ കൊറോണ വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇംഗ്ലണ്ടിൻെറ ചില ഭാഗങ്ങളിൽ പുതിയ വൈറസിന്റെ വ്യാപനം നടക്കുന്നതായാണ് വാർത്തകൾ. പുതിയ വൈറസ് മൂലമുള്ള കേസുകൾ അറുപതോളം പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തിയതിനെ കുറിച്ച് ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

യുകെയിൽ ഉടനീളം കർശന നിയന്ത്രണങ്ങളുമായി കൊറോണ വൈറസ് വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നിലവിലെ വാക്സിൻ പുതിയ ജനിതകം രൂപമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ കോവിഡ് -19 സ്ഥിരീകരിക്കാനായി നടത്തുന്ന സ്വാപ്പ് ടെസ്റ്റിന് ജനിതകമാറ്റം വന്ന വൈറസ് ബാധയെയും തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞു.

വാരാന്ത്യത്തിൽ ലണ്ടനിലെ തെരുവുകളിൽ ഷോപ്പിംങിനായുള്ള തിക്കും തിരക്കും
ഇതിനിടെ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് ലണ്ടനിൽ നാളെ തൊട്ട് 3- ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതിൻറെ ഫലമായി ഏകദേശം 34 മില്യൺ ജനങ്ങളാണ് കടുത്ത നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നത്. ഇന്നലെ യുകെയിൽ 20,263 കോവിഡ് -19 കേസുകൾ കൂടി രേഖപ്പെടുത്തി. 232 പേരാണ് കൊറോണ വൈറസ് മൂലം രാജ്യത്ത് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടനിൽ ബുധനാഴ്ച മുതൽ 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. രോഗവ്യാപന തോത് ക്രമാതീതമായി ഉയർന്നതിനെ തുടർന്നതാണ് ഈ നടപടിയിലേക്ക് നീങ്ങാൻ കാരണം. ഇതുകൂടാതെ എസെക്സിൻെറ ചില പ്രദേശങ്ങളിലും ഹെർട്ട്ഫോർഡ്ഷയറിലും 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്ത് ഉടനീളം നടപ്പാക്കിയ ലോക്ക്ഡൗണിന് ശേഷവും ലണ്ടനിൽ ഉയർന്നതോതിലുള്ള രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പല 3 – ടയർ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളേക്കാൾ രോഗ വ്യാപനം ലണ്ടനിൽ ഉണ്ടെന്ന വിവരങ്ങളും നേരത്തെ തന്നെ വാർത്തയായിരുന്നു.

വാരാന്ത്യത്തിൽ ലണ്ടനിലെ തെരുവുകളിൽ ഷോപ്പിംങിനായുള്ള തിക്കും തിരക്കും
ഇതിനിടെ ക്രിസ്മസിനോടനുബന്ധിച്ച് നേരത്തെ തന്നെ സ്കൂളുകളും കോളേജുകളും അടയ്ക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലണ്ടനിൽ രോഗവ്യാപനത്തിന് ഒരു പരിധിവരെ സ്കൂൾ, കോളേജ് വിദ്യാർത്‌ഥികൾ കാരണമാകുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ലണ്ടനിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾക്ക് വൈറസ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയും ഗവൺമെൻറ് നടപ്പാക്കിയിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര കരാർ സംബന്ധിച്ച് ചർച്ച തുടരാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഫോണിലൂടെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനമായത്. ”ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു…” ചർച്ചയ്ക്ക് ശേഷം ഉർസുല വോൺ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച തുടരണമോ എന്ന തീരുമാനത്തിനുള്ള സമയപരിധി ഞായറാഴ്ചയാണെന്ന് ഇരുകക്ഷികളും നേരത്തെ പറഞ്ഞിരുന്നു. തർക്കമുള്ള വ്യവസ്ഥകളിൽ ചർച്ചയിൽ ധാരണയായില്ലെങ്കിൽ ഒരു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകേണ്ടി വരുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇരുവരും ഇന്നലെ ചർച്ച നടത്തിയത്. ജോൺസനുമായി നടത്തിയ ഫോൺ സംഭാഷണം ഉപയോഗപ്രദമായിരുന്നുവെന്ന് വോൺ അറിയിച്ചു.

ഇരു കക്ഷികൾക്കുമിടയിൽ തീരുമാനമാകാത്ത സുപ്രധാന വിഷയങ്ങൾ ഇന്നലെ ചർച്ച ചെയ്തു. “ഒരു വർഷത്തോളം നീണ്ട ചർച്ചകൾ വിഫലമായെങ്കിലും അധിക ചർച്ചകളിലേക്ക് പോകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന് ഞങ്ങൾ കരുതുന്നു.” : സംയുക്ത പ്രസ്താവന വായിച്ചുകൊണ്ട് വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇനിയും പ്രതീക്ഷയുണ്ടെന്നും യുകെ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ജോൺസൻ പ്രതികരിച്ചു. ഇപ്പോൾ തീർച്ചയായും ഡബ്ല്യുടിഒ നിബന്ധനകൾക്കായി നാം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഗുരുതരമായതും വളരെ ബുദ്ധിമുട്ടുള്ളതുമായ ചില പ്രശ്നങ്ങളുണ്ട്. അത് നിലവിൽ ഇരുകക്ഷികൾക്കും ഇടയിൽ വേർതിരിവ് ഉണ്ടാക്കുന്നു. എല്ലാവരും ഇപ്പോൾ ചെയ്യേണ്ട ഏറ്റവും മികച്ച കാര്യം ഡബ്ല്യുടിഒ നിബന്ധനകളിൽ വ്യാപാരം നടത്താൻ തയ്യാറാകുക എന്നതാണ്.” ജോൺസൻ അറിയിച്ചു. ചർച്ചകളുടെ തുടർച്ച ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും യുകെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു കരാർ അനിവാര്യവും സാധ്യവുമാണെന്നും ബിസിനസ് ലോബി ഗ്രൂപ്പ് സിബിഐ പറഞ്ഞു. ചർച്ച തുടരുന്നതിനെ നിരവധി കൺസർവേറ്റീവ് എംപിമാർ സ്വാഗതം ചെയ്തിട്ടുണ്ട്. കരാറിലെത്തിയില്ലെങ്കിൽ ബ്രിട്ടീഷ് പൗരന്മാർക്ക് മൂന്നുമാസത്തിൽ കൂടുതൽ കാലം യൂറോപ്യൻ യൂണിയനിൽ തങ്ങണമെങ്കിൽ വിസ നിർബന്ധമാക്കുമെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യമന്ത്രി ക്ലെമൻറ് ബ്യൂണെ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വന്തം ലേഖകൻ
യു കെ :- കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പ്രതിയായ ജഫ്രി എപ്സ്റ്റിനിന്റെ ഭവനത്തിൽ ആൻഡ്രൂ രാജകുമാരൻ താമസിച്ചതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2001 ഏപ്രിലിൽ തന്റെ യുഎസ് സന്ദർശനത്തിനിടെ രാജകുമാരൻ ജഫ്രിയുടെ ഭവനത്തിൽ അതിഥിയായിരുന്നു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ന്യൂസ്നൈറ്റിലെ എമിലി മെയ്റ്റിലിസിനു ആൻഡ്രൂ രാജകുമാരൻ നൽകിയ അഭിമുഖത്തിൽ താൻ അവിടെ സന്ദർശനം നടത്തിയതായി മാത്രമെ അദ്ദേഹം സമ്മതിച്ചിരുന്നുള്ളൂ. എന്നാൽ മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ രാജകുമാരൻ അവിടെ താമസിച്ചിരുന്നതായും, വിർജിനിയ റോബർട്ട്സിനോടൊപ്പം ഒരുരാത്രി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ആൻഡ്രൂ രാജകുമാരൻ തന്റെ യുഎസ് സന്ദർശനത്തിൽ ജഫ്രിയുടെ ഭവനത്തിൽ താമസിച്ചിരുന്നെങ്കിലും, ആ സമയം ഗിസ്‌ലൈൻ മാക്സ്വെല്ലോ, റോബർട്ട്‌സോ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് മറ്റ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്. ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ രാജകുമാരൻ തന്റെ യുഎസ് സന്ദർശനത്തിന്റെ ആദ്യദിവസം ന്യൂയോർക്കിലെ ബ്രിട്ടീഷ് കോൺസൽ ജനറലിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം 24മണിക്കൂർ ബോസ്റ്റണിൽ ആയിരുന്നു ചെലവഴിച്ചിരുന്നത്. ഈ സമയമത്രയും അദ്ദേഹം തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ചെലവഴിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് എവിടെയാണ് ചെലവഴിച്ചത് എന്ന് രാജകുമാരൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സമയമത്രയും ജഫ്രിയുടെ ഭവനത്തിൽ റോബർട് സിനോടൊപ്പം ആയിരുന്നു രാജകുമാരൻ എന്നാണ് ആരോപണങ്ങൾ വെളിപ്പെടുത്തുന്നത്.

ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ഉപയോഗിച്ചതായാണ് റോബർട് സ് ആരോപിക്കുന്നത്. എന്നാൽ ഇത്തരമൊരു ആരോപണം ശക്തമായി തന്നെ രാജകുമാരൻ നിഷേധിച്ചിട്ടുണ്ട്. താൻ ജഫ്രിയുടെ ഭവനം സന്ദർശിച്ചിട്ടുണ്ടാകാം, എന്നാൽ ഇവരെ കണ്ടതായി പോലും ഓർമ്മയില്ല എന്നാണ് രാജകുമാരൻ അഭിമുഖത്തിൽ പറഞ്ഞത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്രിസ്മസ് നാളുകളിൽ കൂടുതൽ സാമൂഹിക സമ്പർക്കം ഉണ്ടാകുന്നതിനെക്കുറിച്ച് പൊതുജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് എൻഎച്ച്എസ് മേധാവികൾ. ആഘോഷത്തിനായി ഒത്തുചേരുമ്പോൾ അവിടെ രോഗവ്യാപന സാധ്യതയും ഉയരും. താങ്ക്സ്ഗിവിംഗിനു ശേഷം യുഎസിൽ കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ ഉയർന്നതായി എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ ചൂണ്ടിക്കാട്ടി. ജനുവരിയിൽ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ക്രിസ്മസിന് കോവിഡ് നിയമങ്ങളിൽ അഞ്ച് ദിവസത്തെ ഇളവ് പൊതുജനങ്ങൾക്ക് ആവശ്യമാണെന്ന് ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, വർഷാവസാനത്തോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ പുറത്തിറക്കാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് വാക്സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബെർട്ട് അറിയിച്ചു.

ഡിസംബർ 23 നും 27 നും ഇടയിൽ, യുകെയിലുടനീളം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്. എന്നാൽ അന്നേരത്തെ അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്സ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രോഗികളെ ചികിത്സിക്കാനുള്ള എൻഎച്ച്എസിന്റെ കഴിവിനെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്ന് ഹോപ്സൺ പറഞ്ഞു. അതേ സമയം ലണ്ടൻ, എസെക്സ്, കെന്റ്, ലിങ്കൺഷെയർ എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചുവരികയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ ക്രിസ്മസ് നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് സർക്കാർ അവലോകനം നടത്താനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. ഈ ഇളവുകൾ, വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് എൻഎച്ച്എസ് അധികാരികൾ മുന്നറിയിപ്പ് നൽകി. പ്രതിദിനം ഇരുപതിനായിരത്തിലേറെ കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണസംഖ്യയും വർധിച്ചുവരികയാണ്. ക്രിസ്മസിന് ശേഷം രോഗവ്യാപനം വലിയ രീതിയിൽ ഉണ്ടാവുമെന്ന ആശങ്കയിലാണ് ഇപ്പോൾ എൻഎച്ച്എസ് അധികാരികൾ.
ജോജി തോമസ്
അടുത്ത കാലത്ത് കേരളരാഷ്ട്രീയത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവപരമ്പരകൾക്കാണ് സ്വർണ്ണ കള്ളക്കടത്തും അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും കാരണമായിരിക്കുന്നത്. ഇതിനിടയിലാണ് സ്പീക്കർ പി. രാമകൃഷ്ണന്റെ യു.കെ സന്ദർശനത്തെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ഒരു മഞ്ഞ ചാനലിൽ വാർത്ത വന്നത്. വാർത്തയിലെ ആരോപണം 2018 – ൽ നടന്ന യുക്മാ വള്ളംകളിയിൽ സ്പീക്കർ പി . രാമകൃഷ്ണൻ ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറി വന്നതാണെന്നും, സ്പീക്കറുടെ ബ്രിട്ടൺ സന്ദർശനം സ്വർണ്ണ കള്ളക്കടത്തു മാഫിയയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നുള്ളതുമാണ്.

അന്വേഷണ ഏജൻസികളുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്റെ ശരി തെറ്റുകളിലേയ്ക്ക് വിരൽ ചൂണ്ടാൻ സാധിക്കില്ലെങ്കിലും വാർത്തയിലെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. വള്ളംകളിയുടെ സംഘാടകരായ യുക്മാ ഭാരവാഹികൾ സ്പീക്കറെ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. യുക്മാ ഭാരവാഹികൾ സ്പീക്കറെ ക്ഷണിച്ചുകൊണ്ട് അയച്ച കത്താണ് വാർത്തയ്ക്കൊപ്പം നൽകുന്നത്. അതു കൂടാതെ യുക്മയുടെ വേദിയിലുണ്ടായിരുന്ന 15 മിനിറ്റ് ഒഴികെയുള്ള സമയങ്ങളിൽ സ്പീക്കർ അപ്രത്യക്ഷനായിരുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ യു.കെയിൽ സന്ദർശനവേളയിൽ മറ്റു പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്നും വിവിധ സംഘടനാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ മലയാളി സംഘടനയായ സമീക്ഷ യു.കെ യുടെ വാർഷിക പൊതുയോഗത്തിൽ സ്പീക്കർ പി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത വാർത്ത മലയാളം യുകെ ഉൾപ്പെടെയുള്ള യുകെയിലെ പ്രമുഖ മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്തയുടെ ലിങ്ക്
https://malayalamuk.com/sameeksha-uk-meeting-2018/
യുകെയിലെ പ്രമുഖ മലയാളി സംഘടനയായ യുക്മയുടെ ഒരു പ്രമുഖ പരിപാടിയിൽ പി. രാമകൃഷ്ണൻ എന്ന വ്യക്തിയേയോ, രാഷ്ട്രീയക്കാരനെയോ അല്ല യു.കെ മലയാളികൾ ക്ഷണിച്ചത് മറിച്ച് എല്ലാവരും ബഹുമാനിക്കുന്ന ഭരണഘടനാ സ്ഥാനമായ കേരള സ്പീക്കറേയാണ്. അതിനാൽ തന്നെ സംസ്കാരശൂന്യമായ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതും, അട്ടഹാസം കൊണ്ട് പ്രകമ്പനം സൃഷ്ടിക്കുന്നതുമാണ് മാധ്യമപ്രവർത്തനമെന്ന് ധരിച്ചിരിക്കുന്ന അവതാരകന്റെ ആരോപണങ്ങൾ മലയാളികളുടെ പ്രത്യേകിച്ച് യു.കെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. കാരണം അവരുടെ ഒരു പ്രധാനപ്പെട്ട പരിപാടിയുടെ വേദിയിലെ പ്രധാന വ്യക്തികളിലൊരാൾ സ്വർണകളളക്കടത്തിന്റെ തിരക്കുകൾക്കിടയിൽ വലിഞ്ഞുകയറി വന്നതായാണ് വാർത്തയുടെ ചുരുക്കം.
ഇതിനിടയിൽ പ്രസ്തുത വാർത്തയോടുള്ള യുക്മാ നേതൃത്വത്തിന്റെ പ്രതികരണവും സംശയാസ്പദമാണ്. വാർത്തയ്ക്കെതിരെ നിഷേധക്കുറിപ്പ് ഇറക്കാനോ, വിശദീകരണം നൽകാനോ യുക്മ നേതൃത്വം തയ്യാറായിട്ടില്ല. യുകെയിലെ പല പ്രമുഖ വ്യക്തികളും വാർത്തയുടെ വിശദീകരണം ആവശ്യപ്പെട്ട് യുക്മാ നേതൃത്വത്തെ സമീപിച്ചെങ്കിലും യുക്മയുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല . വഴിയേ പോകുന്നവർക്ക് ഇടിച്ചുകയറാൻ ഉള്ള വേദിയാണോയെന്ന് വ്യക്തമാക്കേണ്ട ബാധ്യത സംഘാടകർക്ക് ഉണ്ട്. യുക്മാ വേദികളിൽ കുമ്മനടി സാധാരണമാണെങ്കിലും കേരള നിയമസഭാ സ്പീക്കറെപ്പോലെ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ അതിലേയ്ക്ക് വലിച്ചിഴക്കുന്നതിലൂടെ കേരളത്തിലെ ജനാധിപത്യവ്യവസ്‌ഥിതിയുടെ ശ്രീകോവിലായ നിയമസഭയെയും കേരള ജനതയെയും അപമാനിക്കുകയാണ് ചെയ്യുന്നത്.
പത്തിലധികം ആഢംബരകാറുകള്‍ സ്വന്തമാക്കിയ ഈ ഇന്ത്യന്‍ കോടീശ്വരന് പ്രായം 29 ആണ്. ഈ ചെറിയ വയസ്സില്‍ ലോകം കൊതിക്കുന്ന കോടികള്‍ വിലയുള്ള ആഢംബരകാറുകളാണ് ഡല്‍ഹി സ്വദേശിയായ പിയുഷ് നഗറിന്റെ ഗ്യാരേജില്‍ ഉള്ളത്.
ദുബായിയില്‍ ബിസിനസ് നടത്തുന്ന പിയുഷ്‌ന് ഗോസ്റ്റ്, ഫാന്റം സ്റ്റാന്‍ഡേര്‍ഡ്, റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ബെയ്‌സ് തുടങ്ങിയ റോള്‍സ് റോയ്‌സ് കാറുകളും കൂടാതെ ലംബോര്‍ഗിനി, ഫെരാരി തുടങ്ങി കോടികള്‍ വില വരുന്ന ആഢംബരകാറുകളും സ്വന്തമായിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 10 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ ആണ് കൂട്ടത്തിലെ ആഢംബര കാറുകളില്‍ ഒന്നാമന്‍.
പീയുഷ് തന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഇന്റീരിയറും കാര്‍പെറ്റുമെല്ലാം ചുവപ്പ് നിറത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കസ്റ്റമൈസ് ചെയ്ത കള്ളിനല്‍, ഫാന്റം സീരീസ് 7, ഗോസ്റ്റ്, റെയ്ത്ത് ബ്ലാക് ബാഡ്ജ്, ഫാന്റം 6, റോള്‍സ് റോയ്‌സ് ഡോണ്‍ തുടങ്ങിയ കാറുകള്‍ സൂക്ഷിച്ചുവെക്കുന്നത് പാര്‍ട്ടി ഹൗസിലാണ്. ലോകത്തിലെ ആഢംബരക്കാറുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒട്ടുമിക്കതും ഈ ഇരുപത്തിയൊന്‍പതുകാരന്റെ കൈകളിലുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റാനന്തര ചർച്ചകൾക്കുള്ള സമയം അവസാനിക്കാറാകുമ്പോഴും ഇരുവരും തമ്മിലുള്ള കരാറിൽ തീരുമാനമായിട്ടില്ല. ഇത്തരമൊരു കരാറിന് എൺപതു ശതമാനം സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ തന്നെ കരാർ രഹിത പ്രവർത്തനങ്ങളുടെ നേതൃത്വം ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ ഏറ്റെടുത്തിരിക്കുകയാണ്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിന്റെ സാധ്യത കുറയാൻ കാരണം ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ശക്തമായ ഇടപെടലും തീരുമാനങ്ങളും ആണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരുവരും തമ്മിൽ ഒരു സമവായത്തിലെത്താൻ ഒരിക്കലും ആംഗല മെർക്കൽ ആഗ്രഹിക്കുന്നില്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു കരാറിനുള്ള സാധ്യത ഇല്ലാതിരിക്കെ, ബ്രിട്ടനിൽ ഇത്തരമൊരു സാഹചര്യത്തെ നേരിടുന്നതിനാവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 31ന് ശേഷം ബ്രിട്ടൻ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രത്യക്ഷത്തിൽ ഇന്നാണ് ചർച്ചകൾക്കുള്ള അവസാന തീയതി എങ്കിലും, ക്രിസ്മസ് വരെയും ചർച്ചകൾ നീളാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

ഒരു കരാറിൽ ഏർപ്പെടുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ കരാർ ന്യായമുള്ളതും, ബ്രിട്ടന്റെ സ്വതന്ത്ര ഭരണാവകാശം നിലനിർത്തുന്നതും ആകണം എന്ന നിർബന്ധം ഗവൺമെന്റിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ മുഖ്യ വ്യാപാര നേഗോഷേറ്റയർ ആയിരിക്കുന്ന ലോർഡ് ഫ്രോസ്റ്റിനെ ഇന്നലെ ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിൽ കണ്ടതായി റിപ്പോർട്ടുകളുണ്ട്.

ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബ്രിട്ടന്റെ തുറമുഖ സംരക്ഷണത്തിനായി നാലു റോയൽ നേവി കപ്പലുകൾ ഏർപ്പെടുത്താനുള്ള ബോറിസ് ജോൺസന്റെ തീരുമാനത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. എന്നാൽ ഒരു കരാറില്ലാതെയും പ്രവർത്തിക്കുവാൻ ബ്രിട്ടൻ സർവ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.