Main News

ലണ്ടന്‍: പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിഷേധവുമായി എത്തിയ ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. 40ലേറെ ആക്ടിവിസ്റ്റുകള്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളും പ്രായമായ ആളുകളും ഉള്‍പ്പെടെ ആയിരങ്ങള്‍ ക്ലൈമറ്റ് ചെയ്ജ് പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നേരത്തെ പ്രതിഷേധവുമായി എത്തിയിരുന്നു. യു.കെയും വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം കാണണമെന്നും ലോകം നാശത്തിന്റെ വക്കിലാണെന്നും ഓര്‍മ്മിച്ച് സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു പോലീസ് നടപടി ഇതാദ്യമായിട്ടാണ്.

പലഘട്ടങ്ങളിലായി മാര്‍ച്ച് ചെയ്ത് എത്തിയ പോലീസുകാര്‍ പ്രതിഷേധകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചവരെ നിര്‍ബന്ധിച്ച് വാനില്‍ കയറ്റുകയും ചിലരെ റോഡിലൂടെ വലിച്ചിഴച്ചുമാണ് കൊണ്ടുപോയത്. സംരക്ഷിത മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് നിലവില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായവര്‍ ഇനിയെന്ത് നിയമപരമായ നടപടികളാണ് നേരിടേണ്ടി വരികയെന്നത് വ്യക്തമല്ല. ബ്രിട്ടന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം അറസ്റ്റുണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.

അതേസമയം ഒരു ദിവസം ജയിലില്‍ കിടന്നാല്‍ മാറുന്ന രാഷ്ട്രീയ തീരുമാനമല്ല തങ്ങളുടേതെന്നാണ് ആക്ടിവിസ്റ്റുകളുടെ നിലപാട്. ശക്തമായ സമരങ്ങളുമായി വരും ദിവസങ്ങളില്‍ രംഗത്ത് വരുമെന്ന് സമരപ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഈ സമരം ആരംഭിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ വേണ്ടിയാണ്. ആ ലക്ഷ്യം നേടുന്നത് വരെ ബ്രിട്ടന്റെ തെരുവുകളില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആക്ടവിസ്റ്റുകള്‍ നിലപാടറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: പ്രിന്‍സ് വില്യം ക്രൈസ്ചര്‍ച്ച് മസ്ജിദ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കും. തന്റെ രണ്ട് ദിവസത്തെ ന്യൂസീലാന്‍ഡ് സന്ദര്‍ശന വേളയിലായിരിക്കും ലോകത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവരെ വില്യം സന്ദര്‍ശിക്കുക. ഈ മാസം 25ന് പ്രധാനമന്ത്രി ജസീക്ക ആന്‍ഡേഴ്‌സണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് വില്യം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്. റോയല്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരിന്നു. പ്രിന്‍സ് ഹാരി ഭാര്യ മേഗന്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്ക് ഒപ്പമുണ്ടെന്നും നേരത്തെ അറിയിച്ചിരുന്നു.

തന്റെ മുത്തശ്ശിയായ ബ്രിട്ടീഷ് രാജ്ഞിയുടെയും പേരില്‍ കൂടിയായിരിക്കും വില്യം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കുക. വലതുപക്ഷ തീവ്രവാദി ആക്രമണങ്ങളില്‍ ലോകം കണ്ട ഏറ്റവും വലിയ നീചമായ ആക്രമണങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡില്‍ നടന്നത്. മാര്‍ച്ച് 16നാണ് ലോകത്തെ നടുക്കിയ സംഭവം നടക്കുന്നത്. അല്‍നൂര്‍ മസ്ജിദില്‍ ഉച്ചയ്ക്ക് 1.45ന് (ഇന്ത്യന്‍ സമയം രാവിലെ 6.15) എത്തിയ അക്രമി ആദ്യം പുരുഷന്മാരുടെ പ്രാര്‍ഥനാ ഹാളിലും തുടര്‍ന്നു സ്ത്രീകളും കുട്ടികളുമുള്ള ഹാളിലുമെത്തി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അല്‍ നൂര്‍ മസ്ജിദില്‍ 41 പേര്‍ മരിച്ചു. ലിന്‍വുഡില്‍ 7 പേര്‍ മസ്ജിദിലും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഇരകളിലേറെയും കുടിയേറ്റക്കാരോ അഭയാര്‍ഥികളോ ആയി ന്യൂസീലന്‍ഡിലെത്തിയവരാണ്.

വംശീയ വിദ്വേഷം തീര്‍ക്കാന്‍ തോക്കെടുത്ത ബ്രന്റന്റെ അതിനീച മാനസികനില തല്‍സമയം തെളിഞ്ഞത് അയാളുടെ ഫെയ്‌സ്ബുക് അക്കൗണ്ടിലായിരുന്നു. പട്ടാള വേഷം ധരിച്ച ബ്രന്റന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിനു സമീപം കാര്‍ നിര്‍ത്തി അകത്തേക്കു നടന്നത് ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാണ്. ജനങ്ങള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുന്നതും ആളുകള്‍ പിടഞ്ഞുവീഴുന്നതുമുള്‍പ്പെടെ തല്‍സമയ ദൃശ്യങ്ങള്‍ ഈ ക്യാമറ വഴി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നു. ഒരു തോക്ക് ഉപയോഗിച്ച ശേഷം കാറില്‍ തിരിച്ചെത്തി മറ്റൊന്ന് എടുക്കുന്നതും കാണാം. ഒരാളുടെ തൊട്ടടുത്തു ചെന്ന് നെഞ്ചിലേക്കാണു വെടിവയ്ക്കുന്നത്. സ്‌കോട്ലന്‍ഡ്, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നായി ഓസ്‌ട്രേലിയയിലേക്കു കുടിയേറിയവരാണു ബ്രന്റന്റെ പൂര്‍വികര്‍. ആക്രമണം നടത്താനാണ് ന്യൂസീലന്‍ഡില്‍ എത്തിയത്. തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ലണ്ടന്‍: ഇമിഗ്രന്റ് ആപ്ലിക്കേഷനുകളിലെ ‘കള്ളത്തരങ്ങള്‍’ കണ്ടെത്താന്‍ ഹോം ഓഫീസ് തിടുക്കം കാണിക്കുന്നുവെന്ന് കോടതി. മനുഷ്യസഹജമായ തെറ്റുകളെ കള്ളത്തരങ്ങളായി വ്യാഖ്യാനിച്ച് കുടിയേറ്റക്കാരെ നിയമക്കുരുക്കിലാക്കുന്ന നടപടി അവകാശ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ലീവ് ടു റിമൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കാണിച്ചിരിക്കുന്ന വേതനത്തിലെ വൈരുദ്ധ്യമാണ് പിന്നീട് വലിയ നിയമപ്രശ്‌നമായി മാറ്റാന്‍ ഹോം ഓഫീസ് തിടുക്കം കാണിക്കുന്നത്. എന്നാല്‍ ഇത്തരം കൈയ്യബദ്ധങ്ങള്‍ മനപൂര്‍വ്വമുള്ള കള്ളത്തരമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം അബദ്ധങ്ങള്‍ പിണയുന്നവരുടെ തൊളിലെടുക്കാനുള്ള അവകാശം ഹോം ഓഫീസ് നിഷേധിക്കാറുണ്ട്. ഇവരില്‍ മിക്കവരും യു.കെയിലെ സ്‌കില്‍ഡ് പ്രൊഫഷണല്‍ മേഖലയിലുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത.

ഇത്തരത്തിലുള്ള കൈയ്യബദ്ധങ്ങള്‍ ഇമിഗ്രേഷന്‍ നിയമകുരുക്കാക്കി മാറ്റാന്‍ ഹോം ഓഫീസ് ശ്രമിക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നവരെന്ന രീതിയിലാണ് പിന്നീട് കൈയ്യബദ്ധങ്ങള്‍ ചിത്രീകരിക്കപ്പെടുക. കുടിയേറ്റക്കാരനായ ഇക്രമുള്ളാഹ് (42) സമാന കേസില്‍ ഉള്‍പ്പെട്ട് ജോലി ചെയ്യാനാവാതെ കഷ്ടപ്പെടേണ്ടി വന്ന വ്യക്തിയാണ്. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടികള്‍ കാരണം ഒറ്റമുറിയിലാണ് ഇപ്പോള്‍ താമസം. ജോലി ചെയ്യാനുള്ള അവകാശം ഹോം ഓഫീസ് നിരാകരിച്ചതോടെയാണ് ദയനീയമായ ജീവിത സാഹചര്യത്തിലേക്ക് ഇവര്‍ കൂപ്പുകുത്തിയത്. നികുതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ ഭാഗമായിരുന്നു ഇക്രമുള്ള്ഹിനെ കുടുക്കിയത്. സംഭവം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അപേക്ഷകന്റെ നികുതിയടച്ച രസീതിലെ വിവരങ്ങളും വേതന വിവരങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വൈരുദ്ധ്യം മനുഷ്യസഹജമായ തെറ്റുകള്‍ കൊണ്ട് സംഭവിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നാല് സമാന കേസുകളാണ് കോടതി പരിഗണിച്ചത്. ഇതില്‍ മൂന്ന് കേസുകള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അനുമതി നിഷേധിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ കേസില്‍ മനപൂര്‍വ്വം കള്ളത്തരം കാണിച്ചുവെന്നതിന് കാരണം കണ്ടെത്താന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജ് ചൂണ്ടിക്കാണിച്ചു. ശ്രദ്ധക്കുറവ്, അബദ്ധം, അശ്രദ്ധ തുടങ്ങിയ കാര്യങ്ങളെ മനപൂര്‍വ്വമുള്ള കള്ളത്തരങ്ങളായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ലണ്ടന്‍: മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കളെ വഞ്ചിച്ച് കോടിക്കണക്കിന് പൗണ്ട് സ്വന്തമാക്കിയെന്ന് പരാതിയിന്മേല്‍ പുനര്‍വാദം നടത്താന്‍ കോടതി ഉത്തരവ്. വിഷയത്തില്‍ ട്രിബ്യൂണല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടുണ്ട്. ഹര്‍ജിയില്‍ വാദിക്ക് അനുകൂലമായി വിധിയുണ്ടായാല്‍ യു.കെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത നിയമയുദ്ധത്തിന്റെ വിജയമായി ഇത് മാറും. കൂടാതെ 1992 മുതല്‍ 2008 വരെയുള്ള മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 300 പൗണ്ട് വരെ നഷ്ടപരിഹാരവും ലഭിച്ചേക്കും. മുന്‍ ഫിനാന്‍ഷ്യല്‍ ഓംബുഡ്‌സുമാനായിരുന്ന വാള്‍ട്ടര്‍ മെറിക്‌സാണ് മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കളുടെ വഞ്ചനാപരമായി നിലപാടിനെതിരെ നിയമയുദ്ധം നടത്തുന്നത്. രണ്ടുവര്‍ഷം മുന്‍പ് വിഷയത്തില്‍ നിയമവാദങ്ങള്‍ കേള്‍ക്കണമെന്ന് മെറിക്‌സണ്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പിന്നീടാണ് വിഷയം കോടതിക്ക് മുന്നിലെത്തുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ പുന്‍വാദം കേള്‍ക്കണമെന്നും വിഷയം വീണ്ടും പരിഗണിക്കണമെന്നും കോടതി ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി നിലപാട് ട്രിബ്യൂണല്‍ സ്വീകരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മെറിക്‌സണ്‍ പ്രതികരിച്ചു. പിഴ നല്‍കേണ്ടി വന്നാല്‍ 14 ബില്യണ്‍ പൗണ്ടായിരിക്കും മാസ്റ്റര്‍ കാര്‍ഡിന് നഷ്ടപ്പെടുക. ഇന്നത്തെ കോടതിയുടെ തീരുമാനത്തില്‍ താന്‍ സംതൃപ്തനാണ്. ഏതാണ്ട് 12 വര്‍ഷക്കാലത്തോളം മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു. രാജ്യത്തെ നിയമം പോലും കാറ്റില്‍പ്പറത്തിയാണ് ഇത്തരമൊരു നടപടി മാസ്റ്റര്‍കാര്‍ഡ് സ്വീകരിച്ചത്. അധിക ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നതിലൂടെ യു.കെ പൗരന്മാരെ വഞ്ചിക്കുകയായിരുന്നു മാസ്റ്റര്‍കാര്‍ഡ് അധികൃതരെന്നും മെറിക്‌സ് ചൂണ്ടിക്കാണിച്ചു.

മാസ്റ്റര്‍കാര്‍ഡിന്റെ പ്രവൃത്തി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് കമ്പനി ശ്രമിച്ചത്. എന്നാല്‍ ഇത്തരം കാരണങ്ങള്‍ക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നാണ് ഇന്നത്തെ കോടതി വിധി സൂചിപ്പിക്കുന്നതെന്നും മെറിക്‌സ് പറഞ്ഞു. അതേസമയം മെറിക്‌സന്റെ വാദങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് വ്യക്തമാക്കി മാസ്റ്റര്‍കാര്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന കോടതി വിധി അന്തിമമല്ല. കേസില്‍ സുപ്രീം കോടതിയെ സമീപക്കണോയെന്ന് കമ്പനി ആലോചിച്ച് വരികയാണ്. ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ പുനര്‍വാദം നടത്തണമെന്ന് മാത്രമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാസ്റ്റര്‍കാര്‍ഡ് വക്താവ് ചൂണ്ടിക്കാണിച്ചു.

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ യു.കെ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുമെന്ന്ലേബര്‍ പാര്‍ട്ടി. നിലവിലുള്ള ഔദ്യോഗിക പരീക്ഷാ രീതി പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കുകയാവും ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ആദ്യം കൊണ്ടുവരാന്‍ പോകുന്ന മാറ്റമെന്ന് ലൈബര്‍ നേതാവ് ജെറമി കോര്‍ബന്‍ അറിയിച്ചു. സാറ്റ്‌സ്(SATS) എന്ന മൂല്യനിര്‍ണയരീതിയാണ് യു.കെയിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഈ രീതി അശാസ്ത്രീയമാണെന്നാണ് ലേബറിന്റെ വാദം. നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങളോട് സംസാരിക്കവെയാണ് ജെറമി കോര്‍ബന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കൈയ്യടികളോടെയാണ് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങള്‍ കോര്‍ബന്റെ പ്രഖ്യാപനത്തെ കേട്ടത്.

സാറ്റ്‌സ് അശാസ്ത്രീയമാണെന്ന് നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരീക്ഷ കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടികള്‍ ഉണ്ടാക്കുന്നതായി മാതാപിതാക്കള്‍ പരാതിയുമായി എത്താറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ മാറ്റങ്ങളുണ്ടായിട്ടില്ല. കുട്ടികളെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് നാം തയ്യാറെടുപ്പുകള്‍ നല്‍കേണ്ടത്. അല്ലാതെ വെറും പരീക്ഷകള്‍ നേരിടാനല്ലെന്ന് കോര്‍ബന്‍ ചൂണ്ടിക്കാണിക്കുന്നു. സാറ്റ്‌സ് രീതി ഇല്ലാതാക്കുന്നതോടെ സ്‌കൂളുകള്‍ നിലവിലെക്കാളും കൂടുതല്‍ കുട്ടികളുമായി അടുത്തുനില്‍ക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും വലിയ അളവില്‍ മുക്തി നേടാന്‍ ഇത് ഉപകരിക്കുമെന്നും കോര്‍ബന്‍ വ്യക്തമാക്കി.

ഇത്തരം കടുപ്പമേറിയ പരീക്ഷകള്‍ പ്രൈമറി സ്‌കൂളുകളെുപ്പോലും പരീക്ഷാ ഫാക്ടറികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടെന്ന് മറ്റെന്തൊക്കെയോ ആണ്. മൂല്യമിര്‍ണയത്തിനായി മറ്റു സമാന്തര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത മൂല്യമിര്‍ണയ രീതി എന്തുകൊണ്ട് അവലംബിക്കാന്‍ കഴിയുന്നില്ലെന്നും കോര്‍ബന്‍ ചോദിച്ചു. കുട്ടികളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം മൂല്യനിര്‍ണയം സാധ്യമാകേണ്ടത്. നമ്മുടെ സ്‌കൂളുകളിലേക്ക് സര്‍ഗാത്മകതയെ തിരിച്ചുകൊണ്ടുവരാനാവും ലേബര്‍ ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ: എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല അക്രമമാണെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥമുള്ള വിജയ സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നാണ് മന്ത്രി നിർമ്മലാ സീതാരാമൻ കണ്ണൂരിലെത്തിയത്. പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും പ്രതിരോധമന്ത്രി തുറന്ന് കാട്ടി. ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന കപടതയാണ് സി.പി.എമ്മിനുള്ളത്. എവിടൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടൊക്കെ അക്രമവുമുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ഈ നാട്ടിൽ നിരവധി പ്രവർത്തകർക്ക് ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്ഥമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു എന്നതുകൊണ്ടാണെന്ന് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ സ്മരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ കുടുംബാംഗങ്ങൾ എൻഡിഎക്ക് പിൻതുണയർപ്പിച്ച് നിർമ്മലാ സീതാരാമനോടൊപ്പം വേദിയിലെത്തിയത് പരിപാടിയുടെ മോടി കൂട്ടി. രാവിലെ പത്തരയോടെ കണ്ണൂരെത്തിയ പ്രതിരോധമന്ത്രി ബി.ജെ.പി ഓഫീസിലെ ബലിദാൻ സ്മൃതിയിലും മാരാർജിയുടെ പ്രതിമയിലും കണ്ണൂർ നഗരത്തിലെ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി.

 

കൊല്ലം: കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തേയും മാവേലിക്കരയിലേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്.

ഹൃദയവിശാലതയും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ആശയങ്ങളുള്ളതാണ് ഭാരതം. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയെന്നും രാഹുല്‍ പറഞ്ഞു.

ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.

 

കാസർകോട‌്: മായാവതിയെയല്ല; വർഗീയ വിഷംതുപ്പുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌്ഷായെയുമാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ വിലക്കേണ്ടതെന്ന‌്  സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ‌് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളിൽ ജനങ്ങൾ തിരിച്ചടിക്കുമെന്ന‌് ഉറപ്പായപ്പോൾ  നരേന്ദ്രമോഡിയും അമിത‌്ഷായും രാഷട്രീയമുതലെടുപ്പിന‌് വർഗീയ വിഷം തുപ്പുകയാണ‌്. മോഡി തമിഴ‌്നാട്ടിൽ പോയി  അവിടത്തെ ജീവിത പ്രശ‌്നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ‌് പറയുന്നത‌്. വർഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പിനാണ‌് ബിജെപിയും ആർഎസ‌്എസും ശ്രമിക്കുന്നത‌്. എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച റാലികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത‌്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ബിജെപി  ഇന്ത്യയുടെ ഹൃദയം കവർന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം  ഉപയോഗിച്ച‌് ഭരണഘടനെ തകർക്കാൻ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ‌് മോഡിയുടെത‌്. ജനാധിപത്യം തകർത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ‌് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുകൾക്ക‌് മാത്രം രാജ്യത്ത‌് പൗരത്വം നൽകൂവെന്നാണ‌് മോഡി ഭരണം പ്രഖ്യാപിക്കുന്നത‌്.  ഡോ. അംബേദ‌്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് തങ്ങൾ അംഗീകരിക്കുന്നതെന്ന‌് വ്യക്തമാക്കിയവരാണ‌് ആർഎസ‌്എസ‌്. മതേതരത്വം ഇവർ അംഗീകരിക്കുന്നില്ല.  തൊഴിലില്ലായ‌്മയും കർഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച‌് മാത്രമാണ‌് ബിജെപി പറയുന്നത‌്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം.

ബിജെപിക്കെതിരെയുളള പോരാട്ടത്തിൽ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാർടിയായ കോൺഗ്രസിന‌് യാതൊരു റോളുമില്ല എന്നതാണ‌്.  മതത്തെ കൂട്ടുപിടിച്ച‌് വോട്ട‌്നേടാനുള്ള ശ്രമത്തിൽ ബിജെപിയും കോൺഗ്രസും ഒരേ പാതയിലാണ‌്.  രാജസ്ഥാനിലും  ചത്തിസ‌്ഗഢിലും മധ്യപ്രദേശിലും ബിജെപിയെ പുറത്താക്കി കോൺഗ്രസ‌് വന്നപ്പോൾ വർഗീയതക്കെതിരെ കോൺഗ്രസ‌്നിലപാടെടുക്കുമെന്ന‌് പ്രതീക്ഷിച്ചു. മധ്യപ്രദേശ‌് സർക്കാർ  പശുസംരക്ഷണത്തിന്റെ പേരിൽ ബിജെപി നയം പിന്തുടർന്ന‌്  കർഷകരായ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരെ  ദേശീയ സുരക്ഷാ നിയമം ചുമത്തുന്നു. അയോധ്യ വിഷയത്തിൽ സുപ്രീംക്കോടതി തീരുമാനമെടുക്കണമെന്നാണ‌് സിപിഐ എം പറയുന്നത‌്. എന്നാൽ കോൺഗ്രസ‌ിന്റെ അഖിലേന്ത്യാ  നേതാക്കൾ പറയുന്നത‌് അയോധ്യയിൽ ക്ഷേത്രം പണിയുമെന്നാണ‌്.

മതത്തെ രാഷ‌ട്രീയത്തിൽ  നിന്ന‌് മാറ്റി നിർത്തേണ്ടിന‌് പകരം മതത്തിന്റെ പേരിൽ വോട്ട‌് പിടിക്കുന്ന കോൺഗ്രസ‌് ബിജെപിയുടെ വഴിയിലാണ‌്. മുസ്ലീം, ദളിത‌് വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം നടക്കുമ്പോൾ കോൺഗ്രസ‌് എവിടെയായിരുന്നു. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനിൽ നിന്ന‌് വലിച്ചെറിഞ്ഞ‌് കൊലപ്പെടുത്തിയപ്പോൾ  ഉമ്മ സൈറയെ സഹായിക്കാനും  സാന്ത്വനിപ്പിക്കാനും പോയത‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാരിന്റെ മുഖൃമന്ത്രി പിണറായി വിജയനാണ‌്. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രിയോ കോൺഗ്രസ‌് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല.

കേരളത്തിൽ രാവിലെ ആർഎസ‌്എസ‌് പറയുന്നത‌് വൈകിട്ട‌് രമേശ‌് ചെന്നിത്തല ഏറ്റ‌ുപറയുന്നു.  ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒട്ടിനിൽക്കുകയാണ‌്.  അംബാനിയുടെയും അദാനിയുടെ നേതൃത്വത്തിലുള്ള കോർപറേറ്റ‌ുകൾ ഉണ്ടാക്കുന്ന പ്രത്യേകതരം പശയാണ‌് ഇവരെ ഒട്ടിച്ചുനിർത്തുന്നത‌്. കുത്തുകൾക്ക‌് അനുകൂലമാണ‌് ഇവരുടെ നയങ്ങൾ.   മോഡി സർക്കാരും കോൺഗ്രസുകാരും തട്ടിപ്പ‌് നടത്തിയാണ‌് ജനങ്ങളെ കബളിപ്പിക്കുന്നത‌്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിന‌ും നന്മകൾ ചെയ‌്ത‌് റെക്കൊഡ‌്  നേട്ടം കൈവരിച്ച‌ തട്ടിപ്പില്ലാത്ത രാജ്യത്തെ ഏക സർക്കാർ പിണറായി സർക്കാരാണെന്ന‌് ബൃന്ദ പറഞ്ഞു

ന്യൂസ് ഡെസ്ക്

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി  അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമായി പാലായിൽ എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ ഇറങ്ങി. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വൻ സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പാലാ സാക്ഷ്യം വഹിച്ചത്.

പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിനു ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വൻനിര രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വൻതീപിടിത്തം നിയന്ത്രണ വിധേയം. പാരീസ് പൊലീസ് വക്താവാണ് തീപിടുത്തം നിയന്ത്രണ വിധേയമായത് വിവരം പുറത്ത് വിട്ടത്. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതർ നേരത്തെ അറിയിച്ചു.

നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്. മറ്റു ഭാഗങ്ങളിലേക്ക് തീപടരാതെ ഇരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

850 വർഷം പഴക്കമുള്ള പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

RECENT POSTS
Copyright © . All rights reserved