Main News

കാസർകോട‌്: മായാവതിയെയല്ല; വർഗീയ വിഷംതുപ്പുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌്ഷായെയുമാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ വിലക്കേണ്ടതെന്ന‌്  സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ‌് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളിൽ ജനങ്ങൾ തിരിച്ചടിക്കുമെന്ന‌് ഉറപ്പായപ്പോൾ  നരേന്ദ്രമോഡിയും അമിത‌്ഷായും രാഷട്രീയമുതലെടുപ്പിന‌് വർഗീയ വിഷം തുപ്പുകയാണ‌്. മോഡി തമിഴ‌്നാട്ടിൽ പോയി  അവിടത്തെ ജീവിത പ്രശ‌്നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ‌് പറയുന്നത‌്. വർഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പിനാണ‌് ബിജെപിയും ആർഎസ‌്എസും ശ്രമിക്കുന്നത‌്. എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച റാലികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത‌്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ബിജെപി  ഇന്ത്യയുടെ ഹൃദയം കവർന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം  ഉപയോഗിച്ച‌് ഭരണഘടനെ തകർക്കാൻ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ‌് മോഡിയുടെത‌്. ജനാധിപത്യം തകർത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ‌് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുകൾക്ക‌് മാത്രം രാജ്യത്ത‌് പൗരത്വം നൽകൂവെന്നാണ‌് മോഡി ഭരണം പ്രഖ്യാപിക്കുന്നത‌്.  ഡോ. അംബേദ‌്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് തങ്ങൾ അംഗീകരിക്കുന്നതെന്ന‌് വ്യക്തമാക്കിയവരാണ‌് ആർഎസ‌്എസ‌്. മതേതരത്വം ഇവർ അംഗീകരിക്കുന്നില്ല.  തൊഴിലില്ലായ‌്മയും കർഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച‌് മാത്രമാണ‌് ബിജെപി പറയുന്നത‌്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം.

ബിജെപിക്കെതിരെയുളള പോരാട്ടത്തിൽ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാർടിയായ കോൺഗ്രസിന‌് യാതൊരു റോളുമില്ല എന്നതാണ‌്.  മതത്തെ കൂട്ടുപിടിച്ച‌് വോട്ട‌്നേടാനുള്ള ശ്രമത്തിൽ ബിജെപിയും കോൺഗ്രസും ഒരേ പാതയിലാണ‌്.  രാജസ്ഥാനിലും  ചത്തിസ‌്ഗഢിലും മധ്യപ്രദേശിലും ബിജെപിയെ പുറത്താക്കി കോൺഗ്രസ‌് വന്നപ്പോൾ വർഗീയതക്കെതിരെ കോൺഗ്രസ‌്നിലപാടെടുക്കുമെന്ന‌് പ്രതീക്ഷിച്ചു. മധ്യപ്രദേശ‌് സർക്കാർ  പശുസംരക്ഷണത്തിന്റെ പേരിൽ ബിജെപി നയം പിന്തുടർന്ന‌്  കർഷകരായ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരെ  ദേശീയ സുരക്ഷാ നിയമം ചുമത്തുന്നു. അയോധ്യ വിഷയത്തിൽ സുപ്രീംക്കോടതി തീരുമാനമെടുക്കണമെന്നാണ‌് സിപിഐ എം പറയുന്നത‌്. എന്നാൽ കോൺഗ്രസ‌ിന്റെ അഖിലേന്ത്യാ  നേതാക്കൾ പറയുന്നത‌് അയോധ്യയിൽ ക്ഷേത്രം പണിയുമെന്നാണ‌്.

മതത്തെ രാഷ‌ട്രീയത്തിൽ  നിന്ന‌് മാറ്റി നിർത്തേണ്ടിന‌് പകരം മതത്തിന്റെ പേരിൽ വോട്ട‌് പിടിക്കുന്ന കോൺഗ്രസ‌് ബിജെപിയുടെ വഴിയിലാണ‌്. മുസ്ലീം, ദളിത‌് വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം നടക്കുമ്പോൾ കോൺഗ്രസ‌് എവിടെയായിരുന്നു. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനിൽ നിന്ന‌് വലിച്ചെറിഞ്ഞ‌് കൊലപ്പെടുത്തിയപ്പോൾ  ഉമ്മ സൈറയെ സഹായിക്കാനും  സാന്ത്വനിപ്പിക്കാനും പോയത‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാരിന്റെ മുഖൃമന്ത്രി പിണറായി വിജയനാണ‌്. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രിയോ കോൺഗ്രസ‌് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല.

കേരളത്തിൽ രാവിലെ ആർഎസ‌്എസ‌് പറയുന്നത‌് വൈകിട്ട‌് രമേശ‌് ചെന്നിത്തല ഏറ്റ‌ുപറയുന്നു.  ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒട്ടിനിൽക്കുകയാണ‌്.  അംബാനിയുടെയും അദാനിയുടെ നേതൃത്വത്തിലുള്ള കോർപറേറ്റ‌ുകൾ ഉണ്ടാക്കുന്ന പ്രത്യേകതരം പശയാണ‌് ഇവരെ ഒട്ടിച്ചുനിർത്തുന്നത‌്. കുത്തുകൾക്ക‌് അനുകൂലമാണ‌് ഇവരുടെ നയങ്ങൾ.   മോഡി സർക്കാരും കോൺഗ്രസുകാരും തട്ടിപ്പ‌് നടത്തിയാണ‌് ജനങ്ങളെ കബളിപ്പിക്കുന്നത‌്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിന‌ും നന്മകൾ ചെയ‌്ത‌് റെക്കൊഡ‌്  നേട്ടം കൈവരിച്ച‌ തട്ടിപ്പില്ലാത്ത രാജ്യത്തെ ഏക സർക്കാർ പിണറായി സർക്കാരാണെന്ന‌് ബൃന്ദ പറഞ്ഞു

ന്യൂസ് ഡെസ്ക്

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി  അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമായി പാലായിൽ എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ ഇറങ്ങി. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വൻ സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പാലാ സാക്ഷ്യം വഹിച്ചത്.

പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിനു ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വൻനിര രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വൻതീപിടിത്തം നിയന്ത്രണ വിധേയം. പാരീസ് പൊലീസ് വക്താവാണ് തീപിടുത്തം നിയന്ത്രണ വിധേയമായത് വിവരം പുറത്ത് വിട്ടത്. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതർ നേരത്തെ അറിയിച്ചു.

നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്. മറ്റു ഭാഗങ്ങളിലേക്ക് തീപടരാതെ ഇരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

850 വർഷം പഴക്കമുള്ള പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

ന്യൂസ് ഡെസ്ക്

പാരിസിലെ പ്രശസ്തമായ നോട്ടർ ഡേം  കത്തീഡ്രലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ളതാണ് ഈ കത്തീഡ്രൽ. 850 വർഷം പഴക്കമുള്ള ചർച്ച് പുരാതന ഗോതിക് മാതൃകയിൽ നിർമ്മിച്ചതാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നടന്നുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാകാം അഗ്നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു.

ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നത് അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്. അതിഭയാനകമായ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് പാരിസ് മേയർ പറഞ്ഞു.

 

ന്യൂസ് ഡെസ്ക്

അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.

റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും.  വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.

ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.

100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന്  പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.

റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന  ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ്  പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ലേണർ ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരിൽ നിന്ന് മോശമായ രീതിയിലുള്ള പെരുമാറ്റങ്ങൾ അനുഭവിക്കേണ്ടി വരുന്നതായ പരാതികൾ പെരുകുന്നു. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡാർഡ്സ് ഏജൻസിയ്ക്ക് ലൈംഗിക അതിക്രമം അടക്കമുള്ള മോശമായ അനുഭവങ്ങൾ ഉണ്ടായതായുള്ള 246 പരാതികളാണ് ഏപ്രിൽ 2018 മുതൽ മാർച്ച് 2019 വരെയുള്ള കാലയളവിൽ ലഭിച്ചത്.

2017-2018 കാലയളവിൽ 200 പരാതികളാണ് ലഭിച്ചിരുന്നത്. 2015 -16 കാലഘട്ടത്തിൽ 75 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ മൂന്നു മടങ്ങ് വർദ്ധനവാണ് അടുത്ത ടേമിൽ രേഖപ്പെടുത്തപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ 40 ഇൻസ്ട്രക്ടർമാർക്കെതിരെ നടപടിയുണ്ടായി. 10 ഇൻസ്ട്രക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി. 135 കേസുകൾ ഡിവിഎസ്എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

പരാതികൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ക്ലാസുകൾ വീഡിയോ റെക്കോർഡ് ചെയ്യണമെന്ന നിർദ്ദേശം ഉയരുന്നത്. ഇൻസ്ട്രക്ടർ ട്രെയിനിംഗിൽ സേഫ് ഗാർഡിംഗും ഉൾപ്പെടുത്തണമെന്നും ആവശ്യ ഉയർന്നിട്ടുണ്ട്. ലേണർ ഡ്രൈവർമാരുടെ സുരക്ഷ  ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും ഉണ്ടാവുമെന്ന് ഡിവിഎസ്എ വൃത്തങ്ങൾ പറഞ്ഞു.

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്

വിഷുക്കണി ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍ ശബരിമല സന്നിധാനത്തെത്തി. മലയാളികളും അന്യ സംസ്ഥാനക്കാരുമായ ഭക്തരുടെ വന്‍തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടവും നല്‍കി.

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്. ക്ഷേത്രത്തിൽ ഇന്ന് വിഷു വിളക്ക് ആഘോഷമാണ്. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന്‌ശേഷം തീർത്ഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിച്ചു. രണ്ടര മുതൽ മൂന്നര വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം. ഇന്നലെ രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. തിരക്ക് കണക്കിലെടുത്ത് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക്

ഐൽ ഓഫ് വൈറ്റിലെ ന്യൂപോർട്ടിൽ ഡബിൾ ഡെക്കർ ബസും രണ്ടു കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അറുപത് വയസോളം പ്രായമുള്ള സ്ത്രീയാണ് മരണമടഞ്ഞത്. പരിക്കേറ്റ 19 പേർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നാല് പേരെ എയർ ലിഫ്റ്റു ചെയ്താണ് ഹോസ്പിറ്റലിൽ എത്തിച്ചത്.

റെഡ് ഫിയറ്റ് ബ്രാവോ കാറിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. അതിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കുണ്ട്. നാല് പേർ യാത്ര ചെയ്തിരുന്ന സിൽവർ മിനി കൂപ്പറും അപകടത്തിൽ പെട്ടു. ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

ലണ്ടന്‍: ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്ഥാപനം പണിമുടക്കിയതോടെ ഇമിഗ്രേഷന്‍ അപേക്ഷകളുമായി എത്തിയവര്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത് സാങ്കേതിക തകരാര്‍ എന്നു മാത്രവും. സോപ്ര സ്റ്റെറിയ എന്ന സ്ഥാപനത്തെയാണ് ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് ഏല്‍പ്പിചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുമായി ഹോ ഓഫീസ് 91 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇമിഗ്രേഷന്‍ സംബന്ധിയായ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സബ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സോപ്ര സ്റ്റെറിയയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി വലിയ ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.

ഓരോ അപേക്ഷകരും ഏതാണ്ട് 60 പൗണ്ടാണ് ഓരോ അപോയിന്‍മെന്റിനും നല്‍കേണ്ടത്. ഇത് അധിക തുകയാണെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. 600 പൗണ്ട് മുടക്കി 24 മണിക്കൂറിനുള്ളില്‍ തീരുമാനമാകാനായി നല്‍കിയ ഒരു അപേക്ഷകന്‍ കമ്പനിയുടെ നിരുത്തരവാദിത്വം കാരണം 7 ദിവസം കാത്തിരിക്കേണ്ടി വന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ഉള്‍പ്പെടെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഏതാണ്ട് 100ഓളം അപോയിന്‍മെന്റുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

ഇത്രയും അപേക്ഷകര്‍ക്ക് ഒന്നിച്ച് റീ-ഷെഡ്യള്‍ തീയതികള്‍ നല്‍കുക അസാധ്യമായ കാര്യമാണ്. ഇവരുടെ അപോയിന്‍മെന്റുകളുടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അപേക്ഷകര്‍ പലരും രോക്ഷാകുലരായിട്ടാണ് സംഭവത്തോട് പ്രതികരിച്ചത്. 11 വര്‍ഷമായി യു.കെയില്‍ താമസിക്കുന്ന യുവതി പൗരത്വത്തിനായി അപേക്ഷയുമായി എത്തിയിരുന്നു. ഇത്രയും അധികം കാത്തിരിക്കേണ്ടിവരുന്ന അസഹീനയമാണെന്നായിരുന്നു അവരുടെ പ്രതികരണം. വളരെ മോശം സ്വീകരണം ആയിട്ടെ ഇതിനെ കാണാനാകൂവെന്നും അവര്‍ പ്രതികരിച്ചു.

ലണ്ടന്‍: മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം സാമ്പത്തികവും ആരോഗ്യപരവുമായ ഉന്നതിയില്‍ അല്ലെന്ന് സര്‍വ്വേ. 1970കളില്‍ 11-പ്ലസ് പാസായവരിലാണ് ഗവേഷണം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ജീവിത ആരോഗ്യനിലവാരത്തെയാണ് താരതമ്യം ചെയ്തിരിക്കുന്നത്. ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചവരും അവര്‍ക്ക് എതിരാളികളായ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഓരേ സമയത്തോ വ്യത്യസ്ഥ കാലഘട്ടങ്ങളിലോ പഠനം പൂര്‍ത്തിയാക്കിയവരുമായിട്ടാണ് താരതമ്യം നടന്നത്. ഇതില്‍ നിന്നും ഗ്രാമര്‍ സ്‌കൂള്‍ അലുമീനി വിദ്യാര്‍ത്ഥികള്‍ ആരോഗ്യപരവും സാമ്പത്തികപരമായ ഉയര്‍ച്ച നേടിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

1970 കളാണ് യു.കെയിലെ വിദ്യാഭ്യാസ മേഖല വലിയ ഉയര്‍ച്ച നേടിയ കാലഘട്ടം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടം മുതല്‍ തന്നെ ഗ്രാമര്‍ സ്‌കൂള്‍ പഠനത്തിന് ശേഷം വലിയൊരു ശതമാനം പേര്‍ എ ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതി നിലനിന്നിരുന്നു. ബിരുദ കോഴ്‌സുകള്‍ ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്നവരും കുറവല്ല. യു.കെയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പ്രചാരം നിലനില്‍ക്കുന്നതാണ് ഗ്രാമര്‍ സ്‌കൂളുകള്‍. പഠന മേഖലയില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് ഗ്രാമര്‍സ്‌കൂളിലെ സീറ്റ് നിര്‍ബന്ധമാണെന്ന് പലരും കരുതുന്നു. മാതാപിതാക്കള്‍ ഏറെ പണിപ്പെടുന്ന ആദ്യഘട്ടവും ഒരുപക്ഷേ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനമായിരിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കാണ് പഠനം നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുവാനും, മനുഷ്യര്‍ തമ്മില്‍ സമ്പത്തിന്റെ അന്തരം വികസിക്കപ്പെടുവാനും ഗ്രാമര്‍ സ്‌കൂള്‍ പോലുള്ള കാര്യങ്ങള്‍ കാരണമാകുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം 163 ഗ്രാമര്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇനി പുതിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികൃതര്‍ നിയമതടസം സൃഷ്ടിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ കൂടുതല്‍ സ്‌കൂളുകള്‍ പ്രത്യക്ഷപ്പെട്ടേനെ. കഴിഞ്ഞ വര്‍ഷം യു.കെ സര്‍ക്കാര്‍ 50 മില്യണ്‍ പൗണ്ട് ഗ്രാമര്‍ സ്‌കൂളുകളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യഭ്യാസ രീതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved