Main News

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം 200,000 അധികം മരണങ്ങൾ ഉണ്ടാകുമെന്ന് ഗവൺമെന്റ് റിപ്പോർട്ട്. മറ്റു ചികിത്സ സൗകര്യങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തെ തുടർന്നാണ് ഇത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം ആദ്യത്തെ ആറു മാസങ്ങളിൽ 12000 മുതൽ 25000 മരണങ്ങൾ വരെ ഉണ്ടാകും. ഇതോടൊപ്പം തന്നെ ആത്മഹത്യകളിലും വർദ്ധനവ് ഉണ്ടാകും എന്ന് റിപ്പോർട്ടിൽ പറയുന്നു. ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വല്ലൻസ് തയ്യാറാക്കിയ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിനാൽ വീണ്ടുമൊരു ലോക്ക് ഡൗൺ ഗുണങ്ങളേക്കാളേറെ ദോഷങ്ങൾ ചെയ്യും എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്.

ആരോഗ്യവകുപ്പ്, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്, ആഭ്യന്തരവകുപ്പ് തുടങ്ങിയവയുടെ കണക്കുകളെല്ലാം ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. നിരവധി ആളുകൾക്ക് ചികിത്സ ലഭിക്കുന്നത് വൈകും. പലപ്പോഴും കൊറോണ ബാധ പകരും എന്ന ഭീതികൾ ജനങ്ങൾ ആശുപത്രികളിൽ ചികിത്സ തേടാൻ മടിക്കുന്നുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തുവിട്ട പഠനറിപ്പോർട്ടിൽ, മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സാധാരണയെക്കാൾ കുറവ് ഹൃദ്രോഗികൾ ആണ് ആശുപത്രികളിൽ എത്തിയതെന്ന് രേഖപ്പെടുത്തുന്നു.

ഇതോടൊപ്പം തന്നെ ലോക്ക് ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകമാനം തകർക്കുമെന്നതും ആശങ്കാജനകമാണ്. ഇനിയൊരു ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗൺ നടപ്പാക്കാത്തത് രോഗത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാകുമെന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകമെങ്ങും ശുഭപ്രതീക്ഷയേകി ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു . 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞു .

വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്.മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്.

ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞുനിർത്താനുള്ള വാക്സിന്റെ ഫലത്തേപ്പറ്റി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

അതേ സമയം വാക്സിൻ എന്ന് വിപണിയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് പൂർണമായും മുക്തി നേടാൻ ഒരു വാക്സിൻ കൂടിയേ തീരൂ. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകി 190 മില്യൺ കോവിഡ് വാക്സിനുകൾ ബ്രിട്ടീഷ് സർക്കാർ ഓർഡർ ചെയ്തു. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനുകളുടെ 90 മില്യൺ ഡോസുകൾക്കായി യുകെ സർക്കാർ ഇപ്പോൾ കരാർ ഒപ്പിട്ടു. ഓസ്ട്രോസെനേക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിന്റെ 100 മില്യൺ ഡോസുകൾക്ക് മീതെയാണ് ഈ പുതിയ കരാർ. എന്നിരുന്നാലും, ഏത് പരീക്ഷണാത്മക വാക്സിനുകൾ ഫലപ്രദമാകുമെന്ന് ഇപ്പോഴും നിശ്ചയമില്ല. ജീവിതം സാധാരണ നിലയിലാക്കാനുള്ള ഏറ്റവും മികച്ച നീക്കമായി ഒരു വാക്സിൻ കണക്കാക്കപ്പെടുന്നു. ലോകമെമ്പാടും ഇതിനകം തന്നെ ഇരുപതിലധികം വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. ജനിതകമായി രൂപകൽപ്പന ചെയ്ത വൈറസിൽ നിന്ന് നിർമ്മിച്ച ഓക്സ്ഫോർഡ് വാക്സിന്റെ 100 മില്യൺ ഡോസുകൾ, ബയോനെടെക് / ഫൈസർ വാക്സിന്റെ 30 മില്യൺ ഡോസുകൾ, വാൽനേവ രൂപകൽപ്പന ചെയ്യുന്ന വാക്സിന്റെ 60 മില്യൺ ഡോസുകൾ എന്നിവയാണ് ബ്രിട്ടീഷ് സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.

ഒരു വാക്സിൻ സൃഷ്ടിച്ചെടുക്കുന്നതിൽ നാം അതിവേഗം മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണെന്ന് ഗവൺമെന്റിന്റെ വാക്സിൻ ടാസ്‌ക്ഫോഴ്‌സിന്റെ ചെയർമാനായ കേറ്റ് ബിൻ‌ഹാം പറഞ്ഞു. ഫലപ്രദമായ വാക്സിൻ ലഭിക്കില്ല എന്ന് പറയുന്നതിനിടയിലും ഒരെണ്ണം ഉണ്ടാക്കിയെടുത്താൽ അത് രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുകയാണെങ്കിൽ ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്കും അതുപോലെ തന്നെ കൂടുതൽ അപകടസാധ്യതയുള്ളവർക്കും മുൻഗണന നൽകും. 2020 അവസാനത്തോടെ ഒരു വാക്സിൻ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്നു. എന്നാൽ വിശാലമായ പ്രതിരോധ കുത്തിവയ്പ്പ് അടുത്ത വർഷം വരെ ഉണ്ടാവാൻ സാധ്യതയില്ല.

പ്രതിരോധ വാക്സിൻ സൃഷ്ടിക്കുമെന്നതിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അതേസമയം, എൻ‌എച്ച്എസ് കോവിഡ് -19 വാക്സിൻ റിസർച്ച് രജിസ്ട്രി വെബ്‌സൈറ്റ് വഴി യുകെയിൽ വാക്സിനുകളുടെ പരീക്ഷണങ്ങളിൽ അരലക്ഷം ആളുകളെ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വലിയ തോതിലുള്ള എട്ടു കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങൾ യുകെയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ നിലവിലുണ്ടെന്നും ഏതൊക്കെ വാക്സിനുകളാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താൻ പൊതുജനസഹായം കൂടിയേ തീരൂ എന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടായാലും മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യം രണ്ടാം ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് സൺ‌ഡേ ടെലിഗ്രാഫിനോട് സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ശൈത്യകാലത്തോടടുക്കുമ്പോൾ അത്തരം നടപടികൾ ആവശ്യമായി വരുമെന്ന് യുകെയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു. ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം നൽകിയതിനാലാണ് ജോൺസൻ ഈ അഭിപ്രായം മുന്നോട്ട് വച്ചത്. അതേസമയം യുകെയിൽ ഇന്നലെ 27 കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 45,300 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 726 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. പ്രാദേശിക രോഗവ്യാപനം തിരിച്ചറിയുന്നതിലും നിയന്ത്രിക്കുന്നതിലും അധികാരികൾ മെച്ചപ്പെട്ടുവെന്ന് ജോൺസൺ കൂട്ടിച്ചേർത്തു.

പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ആളുകൾ‌ക്ക് യാത്രയ്ക്കായി പൊതുഗതാഗതം ഉപയോഗിക്കാൻ‌ കഴിയും. മാത്രമല്ല സുരക്ഷിതമാണെങ്കിൽ‌ ജീവനക്കാരെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ തൊഴിലുടമകൾക്ക് അധികാരം ഉണ്ടായിരിക്കും. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ആഗ്രഹിക്കുന്നത് ശരിയാണെന്നും എന്നാൽ പുതിയ പദ്ധതികളിൽ വലിയ വിള്ളലുകളുണ്ടെന്നും ലേബർ പാർട്ടി പറഞ്ഞു. ജനങ്ങൾ രണ്ടാം ഘട്ട രോഗവ്യാപനത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഷാഡോ വിദേശകാര്യ സെക്രട്ടറി ലിസ നാൻഡി പറഞ്ഞു. ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും “മാസ് വിന്റർ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം” നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ശൈത്യകാലം വരുമ്പോൾ വെല്ലുവിളികൾ ഉയരുമെന്നും അപ്പോൾ കൂടുതൽ ദേശീയ നടപടികൾ ആവശ്യമായി വരുമെന്നും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി.

പുതിയ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലങ്കാഷെയറിലെ ഒരു പ്രദേശത്ത് കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ 50% ആളുകളിൽ മാത്രമാണ് ഇംഗ്ലണ്ടിലെ കോൺടാക്റ്റ് ട്രേസറുകൾ എത്തിയിരിക്കുന്നത്. ഡാർവെൻ കൗൺസിലിലെ ബ്ലാക്ക്ബേണിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ പ്രൊഫ. ഡൊമിനിക് ഹാരിസൺ ആണ് ഈ കണക്ക് വെളിപ്പെടുത്തിയത്. സിസ്റ്റം കൂടുതൽ കാര്യക്ഷമമായില്ലെങ്കിൽ പുതിയ കേസുകൾ ഉയരുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ആയിരക്കണക്കിന് കേസുകൾ തിരിച്ചറിയാൻ എൻഎച്ച്എസ് പദ്ധതി സഹായിച്ചതായി സർക്കാർ അറിയിച്ചു. നൽകിയ കോൺടാക്റ്റുകളിൽ എത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ജൂലൈ 2 മുതൽ 8 വരെ കോവിഡ് -19 സ്ഥിരീകരിച്ച ഇംഗ്ലണ്ടിലെ ആളുകളിൽ 17.1 ശതമാനം പേരിലും എത്താൻ കഴിഞ്ഞില്ലെന്നും 4.1 ശതമാനം പേർ അവരുടെ ഫോൺ നമ്പർ നൽകിയിട്ടില്ലെന്നും സർക്കാരിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ജൂലൈ 13ന് ബ്ലാക്ക്ബേണിലെ ജാമിയ ഘോസിയ പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങിൽ 250 ഓളം പേർ പങ്കെടുത്തിരുന്നു. ഇതിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും പങ്കെടുത്തതിനാൽ കനത്ത ജാഗ്രതയിലാണ് അധികാരികൾ. ടെസ്റ്റ്‌ ആൻഡ് ട്രേസ് സിസ്റ്റം കാര്യക്ഷമമായി പ്രവത്തിക്കാത്തതിനാൽ രോഗവ്യാപന സാധ്യത ഉയരുകയാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജൂലൈ 24 മുതൽ ഇംഗ്ലണ്ടിൽ മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന്, മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറോളം പേർ ലണ്ടനിലെ ഹൈഡെ പാർക്കിൽ ഒത്തുകൂടി. ജൂലൈ 24 മുതൽ കടകളിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ഇല്ലാത്തവർക്ക് എതിരെ 100 പൗണ്ട് ഫൈൻ ഈടാക്കാനും ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. വായും മറ്റും മൂടാത്ത തരത്തിലുള്ള മാസ്ക് ധരിച്ചാണ് പ്രതിഷേധത്തിൽ ആളുകൾ പങ്കെടുത്തത്. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കണമെന്ന മുദ്രാവാക്യങ്ങളും അവർ മുഴക്കി. കോവിഡ് 19 വാക്സിനേഷനെതിരെയും ഇത്തരം ആളുകൾ പ്രതിഷേധിച്ചു.

മാസ്‌ക്കുകൾക്കു എതിരല്ലെന്നും, എന്നാൽ അവ നിർബന്ധിച്ച് ധരിപ്പിക്കുന്നതിന് ആണ് എതിരെന്നും പ്രതിഷേധക്കാരിൽ ഒരാളായ ലിയ ബട് ലർ സ്മിത്ത്, സ്കൈ ന്യൂസിനോട് പറഞ്ഞു. ഗവൺമെന്റ് മനപൂർവ്വം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. വാക്സിൻ നിർമ്മാണത്തിന് ഇത്രയധികം പണം ചെലവാക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു.’ കീപ് ബ്രിട്ടൻ ഫ്രീ ‘ എന്ന ഓൺലൈൻ ക്യാമ്പയ്നിന്റെ ഭാഗമാണ് ലിയ.

ലോക്ക് ഡൗൺ നിയമങ്ങളും മറ്റും ജനങ്ങളുടെ പ്രാഥമിക സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് ആണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കടകളിൽ പ്രവേശിക്കുമ്പോൾ മാത്രം മാസ്ക് നിർബന്ധമാക്കുന്നതിനെതിരെ ചില സ്ഥലങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്.

ലണ്ടൻ ∙ ബ്രെക്സിറ്റിൻെറയും കോവിഡ് 19 വ്യാപിക്കുന്നതിൻെറയും പശ്ചാത്തലത്തിൽ നേഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ബ്രിട്ടനിലെത്തിക്കാൻ ഗവണ്മെന്റ് നടപടികൾ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർക്ക് യുകെയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത് സാധ്യമാക്കും. കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും വേഗത്തിൽ ബ്രിട്ടനിലെത്തിക്കാനുള്ള ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനത്തിന്റെ ഗൈഡൻസ് ഹോം ഓഫിസ് പ്രസിദ്ധീകരിച്ചു. ബ്രെക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റെ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഈ ഫാസ്റ്റ് ട്രാക്ക് വീസ. എന്നാൽ അതുവരെ കാത്തിരിക്കാതെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണു സർക്കാർ.

ഹെൽത്ത് ആൻഡ് കെയർ വീസയിൽ എത്തുന്ന ആരോഗ്യ പ്രവർത്തകരെ ഇമിഗ്രേഷൻ സർചാർജിൽനിന്നും ഒഴിവാക്കുമെന്നു ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരുന്നു. പുതിയ ഗൈഡൻസ് പ്രകാരം ഇവരുടെ ആശ്രിതർക്കും ഇമിഗ്രേഷൻ സർചാർജ് നൽകേണ്ടതില്ല. ഓരോ അപേക്ഷയ്ക്കും 624 പൗണ്ട് വീതം ഇത്തരത്തിൽ ലാഭിക്കാനാകും. നാലംഗ കുടുബത്തിന് പ്രതിവർഷം 2400 പൗണ്ട് ലാഭിക്കാമെന്നു ചുരുക്കം. ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസയ്ക്ക് ഫീസും നേർപകുതിയായി കുറച്ചു. ഇത്തരം അപേക്ഷകളിന്മേൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനവും ഉണ്ടാകും.

ആരോഗ്യ പ്രവർത്തകരെ ഹെൽത്ത് സർചാർജിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 2020 മാർച്ച് 31നു ശേഷം ഹെൽത്ത് സർചാർജ് അടച്ച നഴ്സുമാർ, ഡോക്ടർമാർ എന്നിവർക്കും അവരുടെ ഡിപ്പൻഡന്റുമാർക്കും അടച്ച തുക തിരികെ ലഭിക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിൽ പേരും സ്പോൺസറുടെ പേരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നമ്പരും ഐഎച്ച്എസ് നമ്പരും നൽകിയാൽ അടച്ച തുക തിരികെ ലഭിക്കും. ഇങ്ങനെ ലഭിക്കാത്തവർക്ക് [email protected] എന്ന വിലാസത്തിൽ ഒക്ടോബർ മുതൽ ആരംഭിക്കുന്ന മറ്റൊരു സ്കീമിലൂടെയും റീഫണ്ടിനായി ബന്ധപ്പെടാം.

പുതിയ ഗൈഡൻസ് പ്രകാരം 18 ജോലികളാണു ഹെൽത്ത് ആൻഡ് കെയർ വീസ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഴ്സ്, മിഡ് വൈഫ്, സോഷ്യൽ വർക്കർ, പാരാമെഡിക്സ്, ബയോളജിക്കൽ സയിന്റിസ്റ്റ്, ഫിസിക്കൽ സയിന്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷനർ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഓപ്താൽമിക് ഓപ്റ്റീഷ്യൻസ്, ഡെന്റൽ പ്രാക്ടീഷനർ, മെഡിക്കൽ റേഡിയോഗ്രാഫർ, പോഡിയാട്രിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ഓക്യൂപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറപ്പിസ്റ്റ് എന്നിവരാണ് പുതിയ കാറ്റഗറിയിൽ ഉള്ളത്. വിശദാംശങ്ങൾ GOV.UK എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ

ബ്രൈടൺ: ബ്രൈടൺ റോയൽ സസെക്സ് ആശുപത്രിയിലെ മലയാളി നേഴ്സായ ജോസഫ് ജോർജിനാണ് കുത്തേറ്റത്. പരിക്കേറ്റ ജോസഫ് ജോർജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 8: 40നാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം വിൽസൺ അവന്യൂവിൽ നിന്ന് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റ് ഉടൻ തന്നെ പൂട്ടുകയും സായുധ സേനയെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയാണെന്ന് ബ്രൈടൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചു. മലയാളി നേഴ്‌സിനെതിരെ ജോലി സ്ഥലത്തുള്ള ആക്രമത്തിൽ യുകെയിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിൽ ആണ്

സൈറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളെ കടത്തിവിടുന്നില്ലെന്നും ട്രസ്റ്റ് അറിയിച്ചു. ഒറ്റപെട്ട ആക്രമണത്തെ ഈ ഘട്ടത്തിൽ തീവ്രവാദമായി കണക്കാക്കുന്നില്ലെന്ന് സസെക്സ് പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥരും രോഗികളും സുരക്ഷിതരാണെന്നും ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി വേഗത്തിൽ പ്രവർത്തിക്കുകയുണ്ടായി. ആക്രമണത്തിൽ വേറാരും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

സസെക്സ് പോലീസ് ക്രൈം കമ്മീഷണറുമായ കാറ്റി ബോൺ, ഇതൊരു ഭയാനക സംഭവമായിരുന്നെന്ന് അറിയിച്ചു. പരിക്കേറ്റ എൻ‌എച്ച്‌എസ് സ്റ്റാഫ് അംഗത്തിന്റെ കുടുംബത്തിന് പിന്തുണ അറിയിക്കുകയും സംഭവസ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യ സഹപ്രവർത്തകരോടും നന്ദി പറയുകയും ചെയ്തു. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഹോവ് എം‌പി പീറ്റർ കെയ്‌ൽ ട്വീറ്റ് ചെയ്തു. എന്നാൽ വേഗത്തിലുള്ള അറസ്റ്റിന് പോലീസിന് നന്ദി അറിയിക്കുകയും ജീവനക്കാരന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സ്വന്തം ലേഖകൻ

സുരക്ഷയെക്കാൾ ഉപരിയായി രാഷ്ട്രീയ കാരണങ്ങൾ മൂലമാണ് നിരോധനം വേണ്ടി വന്നതെന്ന് ചൊവ്വാഴ്ച നടന്ന ചർച്ചയിൽ വെളിപ്പെടുത്തി ബ്രിട്ടൻ ഗവൺമെന്റ്. വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേയ്ക്ക് വഴിവെക്കുന്ന ചർച്ച നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച ഗവൺമെന്റിന്റെ വൈറ്റ് ഹാൾ ഉദ്യോഗസ്ഥരും ഹുവായ് എക്സിക്യൂട്ടീവും തമ്മിലാണ് . ട്രംപ് രണ്ടാമതൊന്നു കൂടി ഭരണത്തിൽ വരാതിരിക്കുകയോ, വാഷിംഗ്ടണിലെ ചൈന വിരുദ്ധ നടപടികളിൽ കുറവ് സംഭവിച്ചാലോ ബ്രിട്ടീഷ് 5ജി രംഗത്ത് ഹുവായ് പൂർണമായ മടങ്ങിവരവ് നടത്തിയേക്കാം.

ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്നാണ് പിൻവാതിൽ ചർച്ചകളിലൂടെ തങ്ങൾക്ക് മനസ്സിലായതെന്ന് ഹുവായ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ചയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് തുറന്നുപറയാൻ അവർ തയ്യാറായിട്ടില്ല. കമ്പനിയെ മാറ്റി നിർത്തുക എന്നത് ബ്രിട്ടണിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്, മാത്രമല്ല രാജ്യത്തിന് 5ജി രംഗത്തേക്കുള്ള കുതിച്ചുചാട്ടത്തിൽ വലിയ പിഴവ് സംഭവിക്കുകയും ചെയ്യും. കമ്പനി സുരക്ഷയുടെ കാര്യത്തിൽ ഉറപ്പു നൽകുന്നുവെന്നും ഉടൻ തന്നെ വിപണിയിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയുണ്ടെന്നും ഹുവായ് അധികൃതർ പറയുന്നു.

നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഹുവായ് കമ്പനിയുടെ ഉപകരണങ്ങളിൽ സുരക്ഷാ പിഴവ് കണ്ടെത്തി എന്ന വാദത്തെ തുടർന്നാണ് നിരോധനം പ്രഖ്യാപിച്ചത്. ട്രംപ് ഹുവായ് യുഎസ് നിർമ്മിത അസംസ്കൃതവസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചപ്പോൾ, ചൈനീസ് കമ്പനിക്ക് ബദൽ മാർഗങ്ങൾ തേടേണ്ടി വന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് കമ്പനി നിരോധനം നേരിടേണ്ടി വന്നത് എന്ന് ഡിജിറ്റൽ കൾച്ചർ സ്പോട്ട് ആന്റ് മീഡിയ സെക്രട്ടറിയായ കോമൺസിലെ ഒലിവർ ഡോഡെൻ അഭിപ്രായപ്പെട്ടു. അന്ന് ഈ തീരുമാനത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മിക്കവരും സ്വീകരിച്ചിരുന്നു എങ്കിലും, നിരോധനം ഉയർത്താൻ സാധ്യതയുണ്ട് എന്ന അഭിപ്രായത്തിനും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സ്വീകാര്യത ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

ഹുവായ് ബ്രിട്ടണിൽ നിരോധനമേർപ്പെടുത്തിയ ഉടൻതന്നെ ഡൊണാൾഡ് ട്രംപ് തീരുമാനത്തെ പിന്താങ്ങി രംഗത്തുവന്നിരുന്നു. ചൈനയുമായുള്ള തന്റെ ഡിപ്ലോമാറ്റിക് യുദ്ധത്തിന്റെ ഭാഗമാണിതെന്നും, മറ്റു രാജ്യങ്ങളെ കൂടി താൻ ഇതിൽ പങ്കു ചേർക്കുകയാണ് എന്നും ട്രംപ് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് ബ്രിട്ടണ് സ്വന്തം ആവശ്യങ്ങളേക്കാൾ വലുത് ട്രംപിനോടുള്ള വിശ്വസ്തത ആണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ വർഷം ഡിസംബർ 31 വരെ മാത്രമേ രാജ്യത്ത് ഹുവായ് ഉപകരണങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുമായിരുന്നുള്ളൂ. 2025ഓടെ രാജ്യമൊട്ടുക്ക് സൂപ്പർ ഫാസ്റ്റ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുമെന്ന ബോറിസ് ജോൺസന്റെ പ്രഖ്യാപനത്തിന് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ചൈനീസ് കമ്പനിയുടെ നിരോധനം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ എട്ടു മാസങ്ങളായി സിറിയയിലും മറ്റും അഭയാർത്ഥികളായ ബ്രിട്ടീഷ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുവാൻ മന്ത്രിമാർ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ആഭ്യന്തരമന്ത്രാലയം ഈ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിദേശകാര്യ സെക്രട്ടറി സിറിയയിലും മറ്റുമുള്ള അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. അതിനുശേഷം നവംബറിൽ മൂന്ന് കുഞ്ഞുങ്ങൾ ഇത്തരത്തിൽ തിരികെ ബ്രിട്ടനിൽ എത്തിച്ചേരുകയും ചെയ്തു. അന്ന് ഈ പ്രവർത്തനത്തെ എല്ലാവരും വൻവിജയമായാണ് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ ഈ നീക്കത്തെ പ്രശംസിച്ചു. എന്നാൽ അതിനുശേഷം നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. ഇപ്പോഴും അറുപതോളം അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ സിറിയയിൽ ഉണ്ടെന്നാണ് നിഗമനം.

ഈ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച്, ‘സേവ് ദി ചിൽഡ്രൻ ‘ എന്ന പേരിൽ ചാരിറ്റി സംഘടനകൾ അയച്ച കത്തുകൾക്ക് ഇതുവരെ ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ മറുപടി നൽകിയിട്ടില്ല. അതിനുശേഷം നിരവധി തവണ പല ചാരിറ്റി സംഘടനകളും ഈ കുഞ്ഞുങ്ങളുടെ മടങ്ങിവരവിനെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയെങ്കിലും, ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടുത്തിടെയായി പതിനഞ്ചാം വയസ്സിൽ ഐ എസ് പ്രവർത്തകനെ വിവാഹംചെയ്ത് ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോയ ഷമീമ ബീഗം എന്ന 20 വയസ്സുകാരിയുടെ മടങ്ങിവരവിനെ സംബന്ധിച്ച വിവാദങ്ങളാണ് ഈ വിഷയം വീണ്ടും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ ഉള്ള കാരണം. ഷമീമ ബീഗത്തിന്റെ മടങ്ങിവരവിന് യുകെ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഷമീമായെ സിറിയയിൽ തന്നെ നിർത്താൻ ഉള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടിയെ എതിർക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ അഭയാർത്ഥികളെ തിരികെ കൊണ്ടു പോകുന്നതിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച പതിനഞ്ചോളം ഫ്രഞ്ച് കുട്ടികളാണ് തിരികെ രാജ്യത്തേക്ക് മടങ്ങിപ്പോയത്. എന്നാൽ ഈ വിഷയത്തിൽ ഗവൺമെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. കൊറോണ ബാധ മൂലം ആണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ചെറിയ പിഴവുകൾ സംഭവിച്ചത്. എന്നാൽ ഉടൻതന്നെ ഇവയെല്ലാം പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

കേരള :- ആലുവയിൽ കൊറോണ ബാധ മൂലം മരിച്ച കന്യാസ്ത്രി സിസ്റ്റർ ക്ലെയറിന്റെ ശവസംസ്കാരത്തെ സംബന്ധിച്ച്‌ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രി സമൂഹം. യാഥാർത്ഥ്യങ്ങൾ എന്തെന്ന് അറിയാത്തവരാണ് സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപരമായ പോസ്റ്റുകൾ ഇടുന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹപ്രവർത്തകയും, ഹോസ്പിറ്റലിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ ലിനറ്റ് കുറ്റപ്പെടുത്തി.

15 – ാം തീയതി രാവിലെ 11 മണിക്കാണ് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് സിസ്റ്ററിനെ ആശുപത്രിയിൽ എത്തിച്ചത്. മുൻപ് തന്നെ ഹൃദ്രോഗത്തിനും, പ്രമേഹത്തിനും സിസ്റ്റർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടൻതന്നെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും, വേണ്ടതായ ചികിത്സകൾ നൽകുകയും ചെയ്തു എന്ന് സിസ്റ്റർ ലിനറ്റ് പറഞ്ഞു. വൈകുന്നേരമായപ്പോഴേക്കും ശ്വാസതടസ്സം വർദ്ധിച്ചതിനെ തുടർന്ന് നില വഷളായി. ഓക്സിജൻ നൽകിയെങ്കിലും സാച്ചുറേഷൻ ലെവൽ കുറഞ്ഞു. പിന്നീട് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും ചെയ്തതോടെ മരണം സംഭവിക്കുകയാണ് ചെയ്തത്.

കോവിഡ് 19 രോഗബാധ ഉണ്ടോ എന്ന സംശയത്തെ തുടർന്ന് സിസ്റ്ററിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു എന്നും അവർ പറയുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെയാണ് സിസ്റ്ററിന്റെ മരണസമയത്തും പിന്നീടും പ്രവർത്തിച്ചത്. കൊറോണ ബാധ ഉണ്ടെന്ന സംശയത്തെത്തുടർന്ന് മൊബൈൽ മോർച്ചറിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. പതിനാറാം തീയതി 11 മണിയോടെയാണ് സിസ്റ്റർ കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് മഠം വക സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തയ്യാറാക്കിയ 10 അടി താഴ്ചയുള്ള കുഴിയിൽ സംസ്കരിക്കാൻ തീരുമാനിച്ചു.

ആറു പേർക്ക് മാത്രമാണ് ശവ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള അനുമതി ഉണ്ടായിരുന്നത്. എന്നാൽ സിസ്റ്റേഴ്സിനു മാത്രം ഇത്രയും ചെയ്യുവാൻ സാധിക്കാത്തതിനാൽ, പിന്നീട് ക്രിമേഷനുള്ള നടപടികൾ സ്വീകരിച്ചതായി അവർ പറയുന്നു. എംഎൽഎ, കളക്ടർ, ആരോഗ്യ ഇൻസ്പെക്ടർ തുടങ്ങിയവരുടെയെല്ലാം സഹായം അഭ്യർത്ഥിച്ചു. പിന്നീട് നാല് മണിയോടുകൂടി സർക്കാർ അയച്ച ആംബുലൻസിൽ മൃതദേഹം ശവസംസ്കാരത്തിനായി കൊണ്ടുപോകാനായി തുടങ്ങിയപ്പോഴാണ്, ക്രിമേഷൻ അല്ല മറിച്ച് സെമിത്തേരിയിൽ തന്നെ അടക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചത്. പിന്നീട് ജെസിബി ഉപയോഗിച്ച് കുഴി ക്രമീകരിച്ച് മൃതദേഹം സെമിത്തേരിയിൽ തന്നെയാണ് അടക്കിയത് എന്ന് സിസ്റ്റർ ലിനറ്റ് പറഞ്ഞു. തങ്ങളുടെ പ്രതിസന്ധിയിൽ തങ്ങളോടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയും സിസ്റ്റർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved