ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- സ്പെയിനിലെ ഹോളിഡേ ആഘോഷങ്ങൾ കഴിഞ്ഞു ബ്രിട്ടനിൽ തിരിച്ചെത്തിയ ശേഷം ക്വാറന്റൈനിൽ പോകാൻ വിസമ്മതിച്ച രണ്ടു വനിതകൾക്ക് 1000 പൗണ്ട് പിഴ ഈടാക്കി പോലീസ്. ഗ്രെയ്റ്റർ മാഞ്ചെസ്റ്ററിലെ ആഷ് ടൺ-അണ്ടർ – ലൈൻ എന്ന പട്ടണത്തിൽ നിന്നുള്ളവരാണ് ഇരു വനിതകളും. നിലവിലുള്ള നിയമം അനുസരിച്ച്, സ്പെയിനിൽ പോയി തിരിച്ചെത്തുന്നവർ 14 ദിവസത്തെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നത് നിർബന്ധമാണ്. എന്നാൽ ഇവർ ഇരുവരും തങ്ങളുടെ വീക്കെൻഡ് ആഘോഷങ്ങൾക്കുശേഷം തിരിച്ചെത്തി സാധാരണ ജീവിതം നയിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇവരിൽ ഒരാൾ സ്ഥിരമായി ജോലിക്ക് പോയിരുന്നതായും, മറ്റേയാൾ ഒരു ആശുപത്രിയിൽ സന്ദർശനം നടത്തിയതായും പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ക്വാറന്റൈനിൽ പോകുവാൻ സാധിക്കാത്തവർ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനങ്ങളെല്ലാവരും തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകിക്കഴിഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച 6968 കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ബ്രിട്ടനിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 467, 146 ആയി ഉയർന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിസന്ധി മൂലം ഒട്ടേറെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ അടുത്ത വർഷത്തെ എ – ലെവൽ പരീക്ഷകൾ മൂന്നാഴ്ച വൈകി നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ. പുതുക്കിയ പരീക്ഷകളുടെ ടൈംടേബിൾ വില്യംസൺ ഉടൻ തന്നെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലാസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന് യൂണിവേഴ്‌സിറ്റി മേധാവികള്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടുമൊരു വിവാദം ഒഴിവാക്കാൻ ഇതാണ് ഉത്തമമായ മാർഗമെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് മറുപടിയായാണ് വിദ്യാഭ്യാസ സെക്രട്ടറി തന്റെ തീരുമാനം അറിയിച്ചത്. പരീക്ഷയിൽ വരുത്തിയ കാലതാമസത്തെ ഓഫ്ക്വാൾ ബോസ് ഡാം ഗ്ലെനിസ് സ്റ്റേസി പിന്തുണയ്ക്കുന്നുണ്ട്. അല്പം വൈകിയാലും കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനാണ് വില്യംസൺ പദ്ധതിയിടുന്നത്.
ദരിദ്രരായ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താൽ അടുത്ത വർഷത്തെ പരീക്ഷകൾ ഒഴിവാക്കണമെന്ന് മാർഗരറ്റ് താച്ചറുടെ വിദ്യാഭ്യാസ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ലോർഡ് ബേക്കർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ കോമൺസ് വിദ്യാഭ്യാസ സമിതി ചെയർമാൻ റോബർട്ട് ഹാൽഫോൺ, പദ്ധതികൾ അന്തിമമാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ എത്രത്തോളം പിന്നിലാണെന്നത് അടിയന്തിരമായി വിലയിരുത്താൻ മന്ത്രിമാരോട് ആവശ്യപ്പെട്ടു. എന്നാൽ അടുത്ത വർഷം പരീക്ഷകൾ നടക്കുമെന്നും ഓഫ്‌ക്വാളുമായും പരീക്ഷാ ബോർഡുകളുമായും തുടർന്നും ചേർന്നു പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.
അടുത്ത വര്‍ഷ പരീക്ഷാ തയാറെടുപ്പുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ സമയം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷകൾ നീട്ടിവയ്ക്കുന്നത്. 2021 ലെ പരീക്ഷകൾ ന്യായമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ, കോളേജ് സ്റ്റേക്ക്‌ഹോൾഡർമാരുമായ ഓഫ്‌ക്വാൾ, എക്സാം ബോർഡുകൾ എന്നിവരുമായി തുടർന്നും പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സ്വന്തം ലേഖകൻ
സാൻഫ്രാൻസിസ്കോ : പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനി ആയ ആമസോൺ പുറത്തുവിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നത്. ഇതുവരെ തങ്ങളുടെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു. 19,800 ജീവനക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മാർച്ച് മുതലുള്ള കണക്കാണിത്. മുൻനിരയിൽ തന്നെ 13.7 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്ന ആമസോൺ, ജീവനക്കാരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് കണക്കുകൾ പുറത്തുവിടാൻ തയ്യാറായത്. അമേരിക്കയിലെ മൊത്ത ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളിലെ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. അതേസമയം അമേരിക്കയിലെ സാധാരണക്കാരെ അപേക്ഷിച്ച് തങ്ങളുടെ ജീവനക്കാരില്‍ രോഗവ്യാപനം കുറവാണെന്നും കമ്പനി വ്യക്തമാക്കി. 650 നഗരങ്ങളിലായി 50,000 ത്തോളം പരിശോധനകളുടെ എണ്ണം ഉയർത്തിയതായും ആമസോൺ അറിയിച്ചു.
ഏപ്രിൽ, മെയ്, ജൂൺ എന്നീ മൂന്ന് മാസങ്ങളിൽ ആമസോണിന്റെ വിൽപ്പന 40% ഉയർന്ന് 88.9 ബില്യൺ ഡോളറിൽ എത്തിയിരുന്നു. 1994 ൽ കമ്പനി ആരംഭിച്ചതിനുശേഷം അതിന്റെ ത്രൈമാസ ലാഭം 5.2 ബില്യൺ ഡോളർ ആയിരുന്നു. അമേരിക്കയിലെ ജനങ്ങൾക്ക് രോഗം ബാധിക്കുന്ന നിരക്ക് കമ്പനിയുടെ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 33,952 പേർക്ക് രോഗം പിടിപെടുമായിരുന്നെന്ന് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ആമസോൺ വാദിച്ചു. മഹാമാരിയുടെ തുടക്കം മുതൽ എല്ലാ ജീവനക്കാർക്കും നിർദേശങ്ങൾ കൃത്യസമയത്ത് നൽകിയിരുന്നതായും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നതായും കമ്പനി അധികൃതർ അറിയിച്ചു.
കോവിഡ് -19 സ്ഥിതിവിവരക്കണക്കുകൾ പരസ്യമാക്കണമെന്ന് ആമസോൺ മറ്റ് കമ്പനികളെയും വെല്ലുവിളിച്ചിട്ടുണ്ട്. വ്യാപകമായ തൊഴിൽ, ആസൂത്രണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയിൽ ആമസോണിനെ എതിർത്ത സഖ്യമായ അഥീന കൂടുതൽ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോവിഡ് -19 കാട്ടുതീ പോലെ പടരാൻ ആമസോൺ അനുവദിച്ചുവെന്ന് അഥീനയുടെ ഡയറക്ടർ ഡാനിയ രാജേന്ദ്ര പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത് തിരഞ്ഞെടുപ്പ് തുടർനടപടികൾ അവതാളത്തിലാക്കുമെന്ന് ആശങ്ക ശക്തമായി . ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസിഡൻറും ഭാര്യയും പരിശോധനയ്ക്ക് വിധേയരായത്. ബുധനാഴ്ചയോടെ ഹിക്‌സിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ട്രംപും മെലാനിയയും കോവിഡ് ടെസ്റ്റിന് വിധേയരാവുകയും ക്വാറന്റീനിൽ പ്രവേശിക്കുകയുമായിരുന്നു. പ്രസിഡന്റും പ്രഥമ വനിതയും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഡോക്ടറുടെ പ്രസ്താവനയിൽ പറയുന്നു. 74 വയസ്സായ ട്രംപിന് രോഗം സ്ഥിരീകരിച്ചതോടെ തിരഞ്ഞെടുപ്പ് നടപടികൾ എങ്ങനെ മുന്നോട്ട് നീക്കുമെന്ന സംശയത്തിലാണ് അധികാരികൾ. ട്രംപ് ഗുരുതരാവസ്ഥയിലായാൽ, നവംബർ 3ന് മുമ്പ് ഉപരാഷ്ട്രപതി മൈക്ക് പെൻസിനെ താൽക്കാലികമായി അധികാരമേറ്റെടുക്കാൻ അനുവദിക്കുന്ന ഭരണഘടനാ നടപടിക്രമങ്ങളുണ്ട്. ഇന്നലെ ന്യൂജേഴ്‌സിയിൽ നടന്ന ധനസമാഹരണത്തിലാണ് ട്രംപ് അവസാനമായി പങ്കെടുത്തത്. ഹിക്സിന് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് ട്രംപ് തിരിച്ചെത്തിയത്.
പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചതോടെ ഒക്ടോബർ 15ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന രണ്ടാം തിരഞ്ഞെടുപ്പ് സംവാദ പരിപാടിയും തുലാസിലാണ്. അതേസമയം കഴിഞ്ഞ ദിവസം ട്രംപുമായി വേദി പങ്കിട്ട 77 കാരനായ ജോ ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടോ എന്ന് അറിവില്ല. ഏപ്രിലിൽ വൈറസ് ബാധയെ അതിജീവിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു. “ഇരുവരും കൊറോണ വൈറസിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ജോൺസൻ ട്വിറ്ററിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയൂസസും ട്രംപും മെലാനിയയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
അമേരിക്കൻ പ്രസിഡന്റും പ്രഥമ വനിതയും ഒരു പരിശോധനയ്ക്ക് വിധേയരാവാൻ എന്തുകൊണ്ട് താമസം നേരിട്ടുവെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ബുധനാഴ്ച വൈകുന്നേരം തന്നെ ഹിക്സിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപ് വ്യാഴാഴ്ച ഷെഡ്യൂൾ തുടരുകയും ബെഡ്മിൻസ്റ്റർ ന്യൂജേഴ്‌സി ഗോൾഫ് റിസോർട്ടിലേക്ക് പോകുകയും രണ്ട് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ദിവസത്തിൽ ഒന്നിലേറെ തവണ പരിശോധന നടത്താറുണ്ടായിരുന്ന ട്രംപ് രോഗബാധിതനായതോടെ വൈറ്റ് ഹൗസും ആശങ്കയിലാണ്. ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡൻറിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഒരാളുകൂടിയാണ് ഹിക്സ്. ഹിക്സ് കഠിനാധ്വാനിയായ സ്ത്രീയാണെന്നും അവർ മാസ്ക് ധരിക്കുകയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞു. എങ്കിലും കൊറോണയോടുള്ള ട്രംപിന്റെ സമീപനം പല വിവാദങ്ങളിലേക്കും വഴിവയ്ക്കുന്നതായിരുന്നു. പലയിടത്തും മാസ്ക് ധരിക്കാതെയും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയും ആണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രണ്ട് ബില്യൺ പൗണ്ടിന്റെ ഗ്രീൻ ഹോംസ് ഗ്രാന്റ് പുറത്തിറക്കി ചാൻസലർ റിഷി സുനക്. പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് വീട് മെച്ചപ്പെടുത്തുന്നത്തുനായി 5000 പൗണ്ടിന്റെ വൗച്ചർ ലഭിക്കും. താഴ്ന്ന വരുമാനക്കാർക്ക് 10000 പൗണ്ടിന്റെ ധനസഹായവും ഉണ്ട്. ഊർജ പരിപാലനത്തിൽ വീടുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചതെന്ന് സുനക് വ്യക്തമാക്കി. ഈ പുതിയ പദ്ധതിയുടെ ഭാഗമായി ഇൻസുലേഷൻ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാൻ കഴിയും. പ്രതിവർഷം ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിലൂടെ ചിലവാകുന്ന 600 പൗണ്ട് ലാഭിക്കാനാകുമെന്നും സുനക് പറഞ്ഞു. ഭൂഉടമകൾക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സ്വന്തമായി ഒരു വീടുള്ളവർക്കും സ്വകാര്യ അല്ലെങ്കിൽ സാമൂഹിക ഭൂവുടമയ്ക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. സ്കീമിന് യോഗ്യത നേടുന്നതിന് നിങ്ങളുടെ പ്രോപ്പർട്ടി ഇംഗ്ലണ്ടിലായിരിക്കണം. താഴ്ന്ന വരുമാനക്കാരെ സഹായിക്കുന്ന പദ്ധതിയിലേക്ക് ഭൂഉടമയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അതുപോലെ മുമ്പ് കൈവശമില്ലാത്ത ന്യൂ ബിൽഡ് പ്രോപ്പർട്ടികൾ സ്കീമിന് യോഗ്യമല്ല.
ലോക്കൽ അതോറിറ്റി ഡെലിവറി സ്കീമിന്റെ ഭാഗമായി നിങ്ങളുടെ പ്രാദേശിക അതോറിറ്റിയിൽ നിന്ന് ഇതിനകം ഒരു ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. പദ്ധതിയിലൂടെ ലഭിക്കുന്ന വൗച്ചർ, വീട് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കേണ്ടതാണ്. സോളിഡ് വാൾ, അണ്ടർ ഫ്ലോർ, ഫ്ലാറ്റ് റൂഫ്, റൂം ഇൻ റൂഫ് തുടങ്ങിയവയും കാർബൺ ഹീറ്റിംഗ് നടപടികളും പ്രാഥമിക നടപടികളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വീട്ടിൽ ഇതിനകം തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇൻസുലേഷൻ അല്ലെങ്കിൽ ലോ കാർബൺ ഹീറ്റിംഗ് നടപടികൾ മാറ്റിസ്ഥാപിക്കാനായി നിങ്ങൾക്ക് വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഈ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഡ്രാഫ്റ്റ് പ്രൂഫിംഗ് ഡബിൾ, ട്രിപ്പിൾ ഗ്ലേസിംഗ്, സെക്കന്ററി ഗ്ലേസിംഗ് തുടങ്ങിയവ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
വീട് വിപുലീകരണത്തിനായി ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഈ വൗച്ചറിലൂടെ ഗ്യാസ്, ഓയിൽ അല്ലെങ്കിൽ എൽപിജി ബോയിലറുകൾ പോലുള്ളവ ഇൻസ്റ്റാൾ ചെയ്യുന്നതിനും വിലക്കുണ്ട്. ലോ കാർബൺ ഹീറ്റിംഗ് ഇമ്പ്രൂവ്മന്റ് ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളുന്ന ഒരു വൗച്ചർ സർക്കാർ നൽകും. വൗച്ചറിന്റെ പരമാവധി മൂല്യം £ 5,000 ആണ്. ആനുകൂല്യങ്ങളുടെ പൂർണമായ പട്ടിക സിംപിൾ എനർജി അഡ്വൈസ് വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വെബ്സൈറ്റിലൂടെ തന്നെ വീടിന് ആവശ്യമായ മെച്ചപ്പെടുത്തലുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നിങ്ങളുടെ പ്രദേശത്തെ അംഗീകൃത വ്യാപാരികളെയും ബിസിനസ്സുകളെയും കണ്ടെത്തുന്നതിന് സിംപിൾ എനർജി അഡ്വൈസ് വെബ്സൈറ്റ് ഉപയോഗിക്കുക. സെപ്റ്റംബർ അവസാനം മുതൽ തന്നെ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഗ്രാന്റ് ലഭിച്ചുകഴിഞ്ഞാൽ 2021 മാർച്ച് 31 നകം പ്രവൃത്തി പൂർത്തിയാക്കുന്നുണ്ടെന്നും വൗച്ചർ അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി റിഡീം ചെയ്തുവെന്നും നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
സ്വന്തം ലേഖകൻ
യുകെയിലെ പ്രധാനപ്പെട്ട വ്യാപാര ശൃംഖലകളിൽ മൂന്നാമനായ അസ്ഡ സൂപ്പർ മാർക്കറ്റ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് 49 കാരനായ മൊഹ്സിൻ ഇസ്സയും(49 ), സഹോദരനായ സുബേറും(48). ബ്ലാക്ക് ബെണിലെ ടെറസ് വീട്ടിൽനിന്നും കോടീശ്വരൻമാർ എന്ന മേൽവിലാസത്തിലെക്കെത്താൻ ഇരുവർക്കും വേണ്ടി വന്നത് വർഷങ്ങളായി ഒരുമിച്ച് നിന്നുള്ള അധ്വാനമാണ്. 6.5 ബില്യൻ പൗണ്ട് മൂല്യമുള്ള അസ്ഡ ഇരുവരും ഈ ആഴ്ച വാങ്ങിയേക്കും.
1960 ൽ ഇരുവരുടെയും മാതാപിതാക്കൾ ഇന്ത്യയിൽനിന്ന് ബ്രിട്ടണിൽ എത്തുമ്പോൾ കൈവശം കാര്യമായ സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിതാവ് ഒരു കമ്പിളി മില്ലിൽ ആണ് ജോലിചെയ്തിരുന്നത്, പിന്നീട് ഇരുവരും അത് വാങ്ങി ഗ്യാരേജ് നിർമ്മിക്കുകയുണ്ടായി. ബിസിനസിൻെറ ആദ്യപാദങ്ങളിൽ അവർ ഒരു പെട്രോൾ പമ്പ് രണ്ടുവർഷത്തേക്ക് വാടകയ്ക്കെടുത്തു, രണ്ടായിരത്തി ഒന്നിൽ ബറിക്കടുത്തുള്ള സ്ഥലം വാങ്ങി ഗ്യാരേജ് തുടങ്ങി. യൂറോ ഗ്യാരേജ് എന്നായിരുന്നു പേര്. ഇജി ഗ്രൂപ്പിന് ഇപ്പോൾ പത്ത് രാജ്യങ്ങളിലായി ഏകദേശം ആറായിരത്തോളം സ്ഥാപനങ്ങൾ സ്വന്തമായുണ്ട്. ഗ്രഗ്സ്, സ്റ്റാർബക്സ്, കെഎഫ്സി പോലെയുള്ള ഔട്ട്‌ലെറ്റുകൾ യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആയി പ്രവർത്തിച്ചു വരുമ്പോൾ 44,000 വ്യക്തികൾക്ക് ആണ് ഇവർ തൊഴിൽ ദാതാക്കൾ ആകുന്നത്. 2017ൽ 77 ഓളം ലിറ്റിൽ ഷെഫ് റസ്റ്റോറന്റുകൾ വാങ്ങി.
” ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്, ടോയ്‌ലെറ്റുകൾ കഴുകിയിട്ടുണ്ട്, പെട്രോൾ പമ്പിൽ നിന്നിട്ടുണ്ട്, കടകളിൽ സ്റ്റോക്ക് എടുക്കാൻ നിന്നിട്ടുണ്ട്, ഇങ്ങനെ പല ജോലികൾ നോക്കിയിട്ടുണ്ട്.” സുഹൈർ പറയുന്നു. ” പക്ഷേ ഒരിക്കൽ നിങ്ങൾ വിജയം ഉറപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നീട് ഒരു തിരിച്ചുപോക്ക് ഉണ്ടാകരുത്, നിങ്ങൾക്ക് എന്തും വിൽക്കാം പെട്രോളോ ചായയോ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് എന്തും, പക്ഷേ നിങ്ങൾ അതിൽ സത്യസന്ധത പുലർത്തണം എന്ന് മാത്രം”
” ഒരു വ്യക്തിക്ക് ഒരു കപ്പ് കാപ്പി മനസ്സറിഞ്ഞ് കൊടുക്കുന്നതാണ് പെട്രോൾ ഫില്ലിങ്ങിനെക്കാൾ ബിസിനസിൽ എന്തുകൊണ്ടും ലാഭം” മൊഹ്സിൻ പറയുന്നു.
ഇത്രയും സമ്പത്തിന് അവകാശികൾ ആയെങ്കിലും ഇരുവരും വന്ന വഴിയോ വേരുകളോ മറക്കാൻ തയ്യാറല്ല, 35 മില്യണോളം പൗണ്ട് മുതൽമുടക്കി ഇരുവരും ടൗണിൽ പുതിയ എച്ക്യു വാങ്ങിയിട്ടുണ്ട്. 2012 ൽ യൂറോ ഗ്യാരേജസ് എഫ്സി എന്ന ഫുട്ബോൾ ടീമിന് ആരംഭം കുറിച്ചു.
2017 ൽ ജോർജിയൻ ടൗൺഹൗസിലുള്ള സൗധം 45 മില്യൺ പൗണ്ടിനു വാങ്ങിയിരുന്നു, ബ്ലാക്ക് ബർണിലെ പഴയ ടെറസ് വീടിന്റെ 10 കിലോമീറ്റർ ദൂരെയായി അഞ്ചോളം ആഡംബര വീടുകൾ സ്വന്തം ആവശ്യത്തിനും ബന്ധുക്കൾക്ക് വേണ്ടിയും പണിയുന്നുണ്ട്, മിക്കപ്പോഴും പഴയ വീട്ടിൽ തന്നെയാണ് താമസം. മാതാപിതാക്കൾ ഇപ്പോഴും പഴയ പള്ളിക്കടുത്തുള്ള വസതിയിൽ തങ്ങുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതിനെ പറ്റി ചോദിച്ചാൽ ഉടൻ ഉണ്ടാവും എന്നതാണ് മറുപടി.
അയൽക്കാർക്കും പരിചയത്തിലുള്ളവർക്കും പറയാനുള്ളതും ഇരുവരുടെയും കഠിനാധ്വാനത്തിന്റെയും, സഹകരണത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കഥകൾ, പണ്ടുണ്ടായിരുന്ന സൗഹൃദങ്ങളും ബന്ധങ്ങളും അതേപടി നിലനിർത്താൻ ഇരുവരും ശ്രമിക്കുന്നു. ” സുബൈർ ഇവിടെ മുടിവെട്ടാൻ വരുമായിരുന്നു, അവർ നല്ല മനുഷ്യരാണ് ഒരുപാട് അധ്വാനിച്ചിട്ടുണ്ട്” അയൽക്കാരിൽ ഒരാൾ പറയുന്നു.
ഇരുവരും ചേർന്ന് ഇസ്സ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്, ദാരിദ്ര്യ നിർമാർജനത്തിനായും, ആരോഗ്യമേഖലയിലും, കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും അവർ കൈത്താങ്ങ് ആകുന്നു. യുകെയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും സഹായഹസ്തം എത്തിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ ബ്ലാക്ക്ബേൺ റോയൽ ഹോസ്പിറ്റലിലേയ്ക്ക് എംആർഐ സ്കാനിംഗ് മെഷീനുകൾ നൽകിയിരുന്നു. മുഹ്സിൻ മുതിർന്ന രണ്ടു മക്കൾക്കൊപ്പം ബിസിനസ് നോക്കി നടത്തുമ്പോൾ, സുബേറാണ് തീരുമാനങ്ങൾ എടുക്കുന്നതും ബന്ധങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും. ഇരുവരുടെയും വിജയഗാഥ ആരെയും മോഹിപ്പിക്കുന്നതാണ്, എന്നാൽ അതിന് അവർ ഒഴുകിയ വിയർപ്പാവട്ടെ കേൾക്കുന്നവർക്ക് എല്ലാം പ്രചോദനവും.
അഖിൽ പുതുശ്ശേരി
വെടിയുണ്ടയേറ്റൊടുങ്ങിയ ജീവൻ
പിറന്നു വീണൊരാപുണ്യദിനം
പൊടിയുംരുധിരം തുടച്ചൊരു ചേല-
പുതച്ചുനടന്നൊരു നാടിൻ പൗരൻ
സഹനംകൊണ്ട് പൊരുതിനയിച്ചൊരു
പടതൻ ദീപം ഗാന്ധിസ്മരണകൾ
മിഴികളിലണിയും സൂര്യപ്രഭയിൽ
സമരംചെയ്തു നയിച്ചൊരു നാടിനെ
കൈവെള്ളയിലായ് അഭയമതേകി
അധികാരമതു നേടിയ വേളയിൽ
ആശ്രമജീവിതം വരിച്ചോരു പൗരൻ
കാന്തി നശിച്ചു ക്ഷയിച്ചൊരു ഇന്ത്യയെ
വർണ്ണംപൂശി മോടിയിലാക്കിടാൻ
എത്രയോ ഗാന്ധികളുണരാൻ ഇരിപ്പതു
സത്യമതെന്നു കാണും കനവതിൽ
രാഷ്ട്രപിതാവാം ഗാന്ധിയെ കാണുകിൽ
എനിക്കുമാകണം ഗാന്ധിയെന്നതു
ഓരോ പൗരനുമുറക്കെപ്പറയുക
ഈ നാടിൻ കാന്തി ഉയർത്തിക്കെട്ടുക
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയുടെ വില്പനയ്ക്ക് ഇന്ന് മുതൽ നിരോധനം. സിംഗിൾ – യൂസ് പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയുന്ന പുതിയ നിയമനിർമ്മാണത്തിനുള്ള സമയപരിധി ഏപ്രിൽ ആയിരുന്നുവെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. ഇന്ന് മുതൽ ഇംഗ്ലണ്ടിൽ ഇവ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. കാലതാമസമുണ്ടായിട്ടും, സിംഗിൾ – യൂസ് പ്ലാസ്റ്റിക് മൂലം വർധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു. “പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ നമ്മുടെ പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണ് പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയുടെ നിരോധനം. ഭാവിതലമുറകൾക്കായി നമ്മുടെ സമുദ്രത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷന്തോറും ഇംഗ്ലണ്ടില്‍ 5 ബില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ , 316 ദശലക്ഷം പ്ലാസ്റ്റിക് സ്റ്റിററുകള്‍, 1.8 ബില്യണ്‍ പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവ ഉപയോഗിച്ച് വരുന്നു. പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗം കുട്ടികളിലടക്കം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സർക്കാരിന്റെ ഈയൊരു നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെങ്കിലും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ക്ലീൻ അപ്പ് ബ്രിട്ടന്റെ സ്ഥാപകനായ ജോൺ റീഡിനെപ്പോലുള്ള പ്രചാരകർ അഭിപ്രായപ്പെട്ടു. ആളുകളുടെ പെരുമാറ്റത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഗവൺമെന്റിന് അർഹതയുണ്ടെന്ന് അവർ അറിയിച്ചു. പ്ലാസ്റ്റിക് സ്ട്രോ, ഹാംബർഗർ പാക്കറ്റുകൾ തുടങ്ങിയവ വലിച്ചെറിയുമ്പോൾ അത് പ്രകൃതിയ്ക്ക് ദോഷകരമാകുന്നുവെന്ന് ആളുകൾ സ്വയം മനസിലാക്കേണ്ടതുണ്ട്. സിംഗിള്‍ – യൂസ് പ്ലാസ്റ്റിക് ബാഗുകളിലുള്ള തങ്ങളുടെ 5 പെന്‍സ് ചാര്‍ജ് മൂലം പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പന 95 ശതമാനം കുറച്ചു എന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു.
കൊറോണ വൈറസ് ഉടലെടുത്തതിന് പിന്നാലെ ഡിസ്പോസിബിൾ മാസ്കുകളും പിപിഇകളും പുതിയ വില്ലന്മാരായെത്തിയിരുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളിൽ കുടുങ്ങുന്ന ജീവികളുടെ എണ്ണം വർധിച്ചുവരികയാണെന്ന് ആർഎസ്‌പിസിഎയുടെ വന്യജീവി മേധാവി ആദം ഗ്രോഗൻ പറഞ്ഞു. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളിലേക്ക് പൊതുജനങ്ങൾ തിരിയേണ്ട സമയം അടുത്തിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.