Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

2020 ജൂലൈ 5 – ന് ബ്രിട്ടനിൽ എൻഎച്ച് എസ് സ്ഥാപിച്ചിട്ട് 72 വർഷം തികയുന്നു. രാജ്യമെങ്ങും വ്യാപകമായ ആഘോഷങ്ങളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. എൻ എച്ച് എസ്‌ സ്ഥാപിക ദിനത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് . കാരണം എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020 . ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 ന്റെ ചെറുത്തു തോൽപ്പിക്കാൻ യുകെയിൽ മുന്നിൽ നിന്നത് എൻഎച്ച് എസ് ജീവനക്കാരാണ്. കുറെ മാസങ്ങളായി മറ്റുള്ള രോഗികൾക്കൊപ്പം ഒരു ലക്ഷത്തോളം വരുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നതിലും സുഖപ്പെടുത്തുന്നതിലും എൻഎച്ച് എസ് സ്തുത്യർഹമായ സേവനമാണ് നടത്തിയത് .

ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കോവിഡ് – 19 നെ അതിജീവിക്കാനായത് എൻഎച്ച്എസിന്റെ നേട്ടമാണ് . എൻഎച്ച്എസിലെ ജോലിക്കാർക്കൊപ്പം വിരമിച്ച ആയിരക്കണക്കിന് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സന്തോഷത്തോടെ സഹകരിച്ചിരുന്നു.

രാജ്യമൊട്ടാകെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്നലെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിനെ ഓർമിപ്പിക്കുന്ന നീല വിളക്കുകൾ തെളിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എൻ എച്ച് എസ് ജീവനക്കാരെ കാണും. മഹാമാരിയെ നേരിടാൻ രാജ്യത്ത് നിസ്വാർത്ഥമായി ഊണും ഉറക്കവുമില്ലാതെ സേവനം നൽകിയ എൻ എച്ച് എസ് ജീവനക്കാർക്ക് വേണ്ടി കൈയ്യടിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

1948 – ജൂലൈ 5 ന് മാഞ്ചസ്റ്ററിലെ പാർക്ക് ഹോസ്പിറ്റലിലാണ് എൻഎച്ച്എസ് ആരംഭിച്ചത് അതിനുശേഷം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി വിവിധ ആശുപത്രികളിലായി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ എൻഎച്ച് എസ് എന്നും രാജ്യത്തിന് അഭിമാനമായിരുന്നു.

യുകെയിലെ പ്രവാസി മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാകയാൽ എൻഎച്ച്എസിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യമെങ്ങും എൻഎച്ച്എസിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം. എൻഎച്ച്എസിൽ ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും മലയാളം യുകെയുടെ സ്നേഹാഭിവാദ്യങ്ങൾ.

സ്വന്തം ലേഖകൻ

കർശനമായും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയോടെ ബ്രിട്ടണിൽ പബ്ബുകൾ റസ്റ്റോറന്റ്കൾ, സിനിമ തീയറ്ററുകൾ, ഫാഷൻ സലൂണുകൾ, തീം പാർക്കുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗൺ ഉയർത്തിയെങ്കിലും ജനങ്ങൾ പൂർണമായും സുരക്ഷിതരല്ല എന്ന ഓർമ്മ ഉണ്ടാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് 70 ശതമാനത്തോളം വരുന്ന പബ്ബുകൾ ആദ്യദിനം തന്നെ തുറന്നിരുന്നു, ശേഷിക്കുന്നവ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം തുറന്നു പ്രവർത്തിക്കും. സൂപ്പർ സാറ്റർഡേ എന്നു വിശേഷിപ്പിക്കപ്പെട്ട ശനിയാഴ്ച ജനങ്ങൾ വൈറസ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയ്ക്കായി തിരി തെളിച്ചു.ഡൗണിങ് സ്ട്രീറ്റ് നീലനിറത്തിൽ തിളങ്ങിയപ്പോൾ, മറ്റ് കെട്ടിടങ്ങളും സന്തോഷ പ്രകടനത്തിന്റെ ഭാഗമായി പ്രകാശമുഖരിതമായി. സ് കോട്ട്‌ലൻഡിലും വെയിൽസിലും ഇപ്പോഴും ലോക്ക്ഡൗൺ തുടരുകയാണ്.

അതേസമയം വളരെ നാളുകളായി അടച്ചിട്ട മുറികളിൽ വീർപ്പുമുട്ടിയ യുവതലമുറയാകട്ടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തെരുവിലേക്ക് ഇറങ്ങിയത് നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴി വച്ചു. നോട്ടിങ്ഹാംഷെയറിൽ പബ്ബിൽ ആഘോഷിക്കാൻ എത്തിയവർ പരസ്പരം അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് നാലു പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശ്നം ഉണ്ടായ ഉടൻ തന്നെ പോലീസ് രംഗത്തെത്തി അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു മാറ്റുകയാണ് ഉണ്ടായത്, അതേത്തുടർന്ന് പബ്ബുകൾ നേരത്തെതന്നെ അടച്ചുപൂട്ടി. ലൈസെസ്റ്റെർഷെയർ വില്ലേജിൽ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് ഒരാളുടെ കഴുത്തിന് മാരകമായി മുറിവേറ്റു.

സൂപ്പർ സാറ്റർഡേയിൽ തുറന്ന മിക്കവാറും പബ്ബുകളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഹൈ സ്ട്രീറ്റ്, എസെക്സ് എന്നിവിടങ്ങളിലും മദ്യപാനികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ലഹരി ഉപയോഗിച്ച ശേഷം അതിക്രമം അഴിച്ചുവിട്ട ഇടങ്ങളിലെല്ലാം ഉടൻതന്നെ പോലീസ് എത്തിയിരുന്നു. എന്നാൽ പബ്ബുകൾ ഒന്നും തന്നെ പോലീസ് നിർബന്ധിച്ചു അടപ്പിക്കാൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇനിമുതൽ കൂടുതൽ യൂണിഫോം ധാരികളായ പോലീസുകാരെ ക്രമസമാധാന പരിപാലനത്തിനായി രാജ്യത്ത് അങ്ങോളമിങ്ങോളം വിന്യസിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണനേതൃത്വം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ 24 മണിക്കൂറിനിടെ 212, 326 കൊറോണ കേസുകളാണ് ലോകത്താകമാനം രേഖപ്പെടുത്തിയത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിലെ ഏറ്റവും വലിയ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 28 ന് സ്ഥിരീകരിച്ച 180, 077 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന സംഖ്യ. ഇതോടെ ലോകത്താകമാനമുള്ള കേസുകളുടെ എണ്ണം 10, 922324 ആയി ഉയർന്നിരിക്കുകയാണ്. 523, 011 പേരാണ് ഇതുവരെ കൊറോണ ബാധമൂലം ലോകത്തെമ്പാടും മരണപ്പെട്ടത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53, 213 പുതിയ കേസുകളാണ് അമേരിക്കയിൽ സ്ഥിരീകരിച്ചത്.

രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ 48, 105 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും ഇന്നലെ മാത്രം 22, 771 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 519 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച 67 പേർ കൂടി ബ്രിട്ടണിൽ മരണപ്പെട്ടതോടെ, മൊത്തം മരണസംഖ്യ 44, 198 ആയി ഉയർന്നു.

എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യം ആവശ്യമില്ലെന്നും, പല രാജ്യങ്ങൾക്കും പലതരത്തിലുള്ള പോരായ്മകൾ ഉണ്ടാകാമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഓർമിപ്പിച്ചു. ഇംഗ്ലണ്ടിൽ പല സ്ഥലങ്ങളിലും ശനിയാഴ്ച ലോക്ഡൗണിൽ വൻ ഇളവുകൾ നൽകി. എന്നാൽ ലോകത്താകമാനം ഉയർന്നുകൊണ്ടിരിക്കുന്ന കണക്കുകൾ ആശങ്കാജനകമാണ്. ജനങ്ങളുടെ ജാഗ്രത കുറയരുതെന്ന നിർദ്ദേശമാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നൽകുന്നത്

ഡോ. ഐഷ വി

എന്റെ അച്ഛാമ്മയെ കുറിച്ച് കുറച്ചൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ അച്ഛന്റെ അച്ഛനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാകുമല്ലോ? അതിനാൽ അച്ഛന്റെ അച്ഛനെ കുറിച്ചാണ് ഞാൻ പിറ്റേ ദിവസം അച്ഛനോട് ചോദിച്ചത്. അച്ഛാച്ചന്റെ പേര് കറുമ്പൻ എന്നാണെന്നും പേര് പോലെ കരിം കറുപ്പ് നിറമായിരുന്നു അച്ഛന്റെ അച്ഛനെന്ന് അച്ഛൻ എനിയ്ക്ക് പറഞ്ഞു തന്നു. കാവനാട്ട് കുടുംബാംഗമായിരുന്ന അച്ഛാച്ഛന്റെ അച്ഛനമ്മമാർ താമസിച്ചിരുന്നത് കൊല്ലം കിളികൊല്ലൂരിലായിരുന്നു. അച്ഛാച്ഛന്റെ അച്ഛന്റെ പേര് മാതേവൻ (മഹാദേവൻ ലോപിച്ചത്) എന്നായിരുന്നു. അച്ഛാച്ചന്റെ അമ്മ 113 വയസ്സു വരെ ജീവിച്ചിരുന്ന പൂർണ്ണ ആരോഗ്യവതിയായ സ്ത്രീയാണെന്നാണ് അച്ഛൻ പറഞ്ഞത്. അവരുടെ പേര് ഞാൻ ചോദിച്ചപ്പോൾ അച്ഛന് അറിയില്ലായിരുന്നു. അച്ഛാച്ഛന്റെ മറ്റ് മക്കളോടെല്ലാം ഞാൻ അന്വേഷിച്ചെങ്കിലും അവർക്കാർക്കും ആ പൂർവികയുടെ പേര് അറിയില്ലായിരുന്നു. കൊച്ചു മക്കൾക്ക് അവരുടെ അച്ഛാമ്മയുടെ പേര് അറിയാ ത്തതിൽ എനിയ്ക്ക് അതിശയം തോന്നി. ഒരു സ്ത്രീയായതു കൊണ്ടാണോ ആരും അവരുടെ പേര് ഓർത്ത് വയ്ക്കാഞ്ഞതെന്ന് ഞാൻ ചിന്തിച്ചു. ഒരനാഥ ബാലനെ കൂടി എടുത്ത് വളർത്തിയ അവർക്ക് എന്റെ മനസ്സിൽ ഒരു മഹതിയുടെ സ്ഥാനമായിരുന്നു. അവർക്ക് ആകെ രണ്ട് മക്കളായിരുന്നു. ഒരു മകളും ഒരു മകനും (എന്റെ അച്ഛാച്ഛൻ). അച്ഛാച്ഛന്റെ പെങ്ങളുടെ ഭർത്താവ് തിരുവിതാം കൂറിലെ പേഷ്കാർ ആയിരുന്നു. ഇന്നത്തെ ജില്ലാ കളക്ടറുടെ സ്ഥാനം. അച്ഛാച്ഛന്റെ പെങ്ങൾക്ക് ശങ്കരൻ എന്ന ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീമാൻ ശങ്കരനും ഭാര്യയ്ക്കും കുട്ടികൾ ഇല്ലായിരുന്നു. എന്റെ വിവാഹത്തിന് അവർ സന്നിഹിതരായിരുന്നു.

എന്റെ അച്ഛാച്ചന്റെ വിദ്യാഭ്യാസം വാരണപ്പള്ളി ഗുരുകുലത്തിലായിരുന്നു. അന്നൊക്കെ ഗുരു കുല വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു തിരുവിതാം കൂറിൽ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിൽ വിദ്യനേടാൻ അവസരം ലഭിച്ചവർ തുലോം തുച്ഛം. കുഞ്ഞായിരുന്ന കറുമ്പന് സഹായത്തിനായി “ചാത്തിനൻ”എന്ന പരിചാരകനെ കൂടി അച്ഛാച്ചന്റെ അച്ഛനമ്മമാർ ഗുരുകുലത്തിൽ താമസിപ്പിച്ചിരുന്നു. ചാത്തിനൻ കുട്ടിയെ നന്നായി നോക്കി. ചാത്തിനനെ ഞാനിവിടെ അനുസ്മരിച്ചില്ലെങ്കിൽ ഒരു പക്ഷേ മറ്റാരും തന്നെ ചാത്തിനന്റെ പേരുപോലും സൂചിപ്പിച്ചില്ലെന്നിരിയ്ക്കും. ഉയരങ്ങളിലെത്തിയ പലരുടേയും പേര് നാലാൾ അറിയുമ്പോഴും അവർക്ക് ഒരു കൈ സഹായം ചെയ്തവരുടെ പേര് ആരും തന്നെ അനുസ്മരിച്ചില്ലെന്നിരിയ്ക്കും.

വാരണപ്പള്ളി ഗുരുകുലത്തിൽ അച്ഛാച്ചന്റെ സഹപാഠിയായിരുന്നു ശ്രീ നാരായണ ഗുരു. ശ്രീ ആറാട്ടുപുഴ വേലായുധന്റെ പുത്രനായ ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരും അച്ഛാച്ഛന്റെ സഹപാഠിയായിരുന്നു. ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരുടെ മകളെ അച്ഛാച്ഛന്റെ മൂത്ത മകൻ പിൽക്കാലത്ത് വിവാഹം കഴിച്ചു.

പഠനമൊക്കെ കഴിഞ്ഞ് പ്രായപൂർത്തിയായപ്പോൾ അച്ഛാച്ഛൻ കൃഷിയാണ് ജീവിത മാർഗ്ഗമായി തിരഞ്ഞെടുത്തത്. അക്കാലത്ത് കൃഷിയിൽ മികവ് പുലർത്തുന്നവർക്ക് തിരുവിതാംകൂർ മഹാരാജാവ് കല്പിച്ചു നൽകുന്ന സ്ഥാനപ്പേരായിരുന്നു “ചാന്നാർ” എന്നത്. അങ്ങിനെ കറുമ്പൻ , ” കറുമ്പൻ ചാന്നാർ” ആയിത്തീർന്നു. കിളികൊല്ലൂർ , അഞ്ചൽ, കിഴക്കനേല, കിഴക്കേ കല്ലട തുടങ്ങിയ സ്ഥലങ്ങളിൽ സ്വത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം കിഴക്കേ കല്ലട സ്ഥിര വാസസ്ഥലമായി തിരഞ്ഞെടുത്തു. കാവുങ്ങൽ കുടുംബാംഗമായ കൊച്ചു കുഞ്ചേക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ . ആദ്യ ഭാര്യയുടെ മരണശേഷം എന്റെ അച്ഛാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു.

സംസ്കൃതത്തിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മക്കളെ കൊണ്ട് പല പുരാണ ഗ്രന്ഥങ്ങളും വായിപ്പിയ്ക്കുകയും അവ വ്യാഖ്യാനിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പരാശ്രയ ജീവി ആകാതെ സ്വാശ്രയ ശീലം മക്കളിൽ വളർത്തിയെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വയാർജ്ജിത സ്വത്തിൽ നിന്നും അല്പമെങ്കിലും മിച്ചം വയ്ക്കാൻ അറിയുന്നവനാണ് ധനവാൻ എന്നാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. അതുപോലെ കഴിയുന്നതും കടം വാങ്ങാതിരിയ്ക്കുക. കടം വാങ്ങുന്നെങ്കിൽ അത് എന്ന് തിരിച്ച് കൊടുക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാവൂ എന്നും വാങ്ങുന്ന കടം കൃത്യമായി തിരിച്ചു കൊടുക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. തോപ്പു വിളയിൽ തറവാട്ടിലെ മറ്റു തായ് വഴികളിൽ പെട്ട പെങ്ങന്മാരുടെ മക്കൾക്കു കൂടി ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. അനന്തിരവന്മാരെ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേയ്ക്ക് അയച്ചിരുന്നു. അന്ന് കേരള സർവകലാശാല പിറവിയെടുത്തിട്ടില്ലാത്ത കാലമാണ്. തിരുവിതാം കൂറിൽ മരുമക്കത്തായ സമ്പ്രദായം മാറ്റി മക്കത്തായ സമ്പ്രദായമാക്കിയപ്പോൾ സ്വാഭാവികമായും സ്വത്തുക്കൾ എല്ലാം മക്കൾക്ക് വന്ന് ചേരേണ്ടതാണ്. എന്നാൽ ധർമ്മിഷ്ഠനായ അദ്ദേഹം സ്വത്ത് ഭാഗം ചെയ്തപ്പോൾ ഒരു പകുതി സ്വത്ത് പല തായ് വഴികളിൽപ്പെട്ട മരുമക്കൾക്കും ഒരു പകുതി മക്കൾക്കും കൊടുത്തു.

സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനോ പുരുഷനൊപ്പം സ്ത്രീയെ പരിഗണിയ്ക്കുന്നതിനോ അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് എന്റെ നിരീക്ഷണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീയ്ക്ക് അർഹമായ പരിഗണ നൽകാതിരുന്നതിൽ എനിയ്ക്കദ്ദേഹത്തോട് നീരസവും തോന്നിയിട്ടുണ്ട്.

അച്ഛാച്ഛൻ ഇരട്ട കുട്ടികൾക്ക് പേരിടാനായി തന്റെ സഹപാഠിയായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ അടുത്ത് ( വർക്കല) കൊണ്ടുപോയി. ഇരട്ടകൾ ആയിരുന്നെങ്കിലും ഒരാൾക്ക് മുഖത്തല്പം കറുപ്പ് കൂടുതലും മറ്റേയാൾക്ക് വെളുപ്പ് കൂടുതലുമായിരുന്നു. രണ്ടു കുട്ടികളേയും നന്നായി നിരീക്ഷിച്ച ഗുരു ” കാർത്ത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ …” എന്ന ശ്ലോകം ചൊല്ലി. അയനം കറുത്ത കുട്ടിയ്ക്ക് കാർത്ത്യായനി എന്നും ഗൗരം(വെളുപ്പ്) കൂടിയ കുട്ടിയ്ക്ക് ഗൗരി എന്നും പേരിട്ടു. രണ്ടും പാർവതീ ദേവിയുടെ പര്യായങ്ങൾ. ഇതിൽ കാർത്ത്യായനി അപ്പച്ചിയുടെ കൊച്ചു മകളെയാണ് എന്റെ അനുജൻ വിവാഹം ചെയ്തത്.

കാര്യങ്ങൾ ചെയ്യാനും ചെയ്യിക്കാനും അച്ഛാച്ഛൻ മികവ് പുലർത്തിയിരുന്നു. കാരണവരായിരുന്ന് ഭരിക്കുക മാത്രമല്ല കൃഷിയിടത്തിലേയ്ക്കിറങ്ങി പണി ചെയ്യുകയും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹത്തിന്റെ കാൽ പാദങ്ങളിൽ തള്ള വിരലുകൾക്ക് താഴെയായി എല്ലുകൾ തള്ളി നിന്നിരുന്നു. അദ്ദേഹത്തിന്റെ മക്കളുടേയും കൊച്ചുമക്കളുടേയും കാര്യമെടുത്താൽ എന്റെ കാൽ പാദങ്ങളിൽ രണ്ടിലും അതുപോലെ എല്ലു തള്ളി നിൽക്കുന്നത് കിട്ടിയിട്ടുള്ളൂ എന്ന് കുടുംബാംഗങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു പാദത്തിൽ മാത്രമേ ഈ പ്രത്യേകത ലഭിച്ചിട്ടുള്ളൂ. എന്റെ അച്ഛൻ വിശാലമായ കൃഷിയിടത്തിൽ അച്ഛാച്ഛൻ എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ ഇളകിയ മണ്ണിൽ പതിഞ്ഞ കാൽപാദം നോക്കി പോകുമായിരുന്നത്രേ. ജനറ്റിക്സ് പഠിച്ചപ്പോൾ എനിയ്ക്ക് തോന്നിയിട്ടുണ്ട് എന്റെ കാലിന്റെ പ്രത്യേകത ഒരു റിസിസീവ് ജീനിന്റേതാണെന്ന് . അതുപോലെ അച്ഛാച്ഛന്റെ കരിം കറുപ്പ് നിറവും റിസിസീവ് ജീനാണെന്ന് . കാരണം മക്കളും കൊച്ചുമക്കളുമെടുത്താൽ ദാമോദരൻ വല്യച്ഛന്റെ മകനായ കൊച്ചു കറുമ്പൻ എന്നു വിളിച്ചിരുന്ന ലാൽ സുരേഷിന് മാത്രമാണ് അച്ഛാച്ചനോടടുത്ത നിറം ലഭിച്ചിട്ടുള്ളത്. ലാൽ സുരേഷിനെ കാണുമ്പോൾ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അച്ഛാച്ഛനെ ഞാൻ സങ്കല്പിച്ചിരുന്നു. ആ കുടുംബത്തിലെ മറ്റൊരു പ്രത്യേകത പിതാവിൽ നിന്നും പുത്രനിലേയ്ക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഹൈപ്പർ ട്രൈക്കോസിസ്( ചെവികളിൽ എഴുന്ന്_ നിൽക്കുന്ന രോമങ്ങൾ”) എന്ന .ജനിതക സ്വഭാവമായിരുന്നു. ഇതൊക്കെ നിരീക്ഷിയ്ക്കുക എന്റെ പതിവായിരുന്നു.

അച്ഛാച്ഛന്റെ കൃഷി രീതികൾ ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു. കൃഷി മാറ്റം അദ്ദേഹം കൃത്യമായി ചെയ്തിരുന്നു. വാഴ നട്ടിടത്ത് അടുത്ത തവണ വാഴയെല്ലാം പിഴുതിട്ട് ചേനയേ നടുകയുള്ളൂ . ചേന നട്ടിടത്ത് വിള മാറ്റം ചെയ്യുമ്പോൾ വാഴ നടും. അതിനാൽ ഒരു സസ്യം വലിച്ചെടുക്കാത്ത പോഷകങ്ങൾ മറ്റ് സസ്യത്തിന് വലിച്ചെടുക്കാനാകും. കിഴക്കേ കല്ലടയിലെ 18 ഏക്കർ വരുന്ന പറമ്പിന്റെ അതിരുകളിൽ അദ്ദേഹം മുരിങ്ങ നട്ടു. മൂന്ന് കാളവണ്ടി നിറയെ മുരിങ്ങയ്ക്ക ഓരോ വിളവെടുപ്പിലും ചന്തയിലെത്തിയ്ക്കാൻ കഴിഞ്ഞിരുന്നു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നടീൽ വസ്തുക്കളുടെ എണ്ണം കൂട്ടാൻ അദ്ദേഹം കാച്ചിൽ മുറിച്ച് നട്ടിരുന്നത്രേ. കാച്ചിലിന്റെ ചെത്തിയെടുത്ത തോലിൽ നിന്നും ധാരാളം തൈകൾ ഉത്പാദിപ്പിയ്ക്കാൻ എനിയ്ക്കും കഴിഞ്ഞിട്ടുണ്ട്. ബുൾബുൾ അധികം പിടിയ്ക്കാത്ത വർഷങ്ങളിൽ ഈ രീതി പ്രായോഗികമാണ്.

അദ്ദേഹത്തിന് കൃഷിയോടുണ്ടായിരുന്നതു പോലുള്ള ആത്മ ബന്ധം എനിക്കും പിന്നെ ഗൗരി അപ്പച്ചിയുടെ മകൻ ശങ്കരനണ്ണനുമാണ് കിട്ടിയിട്ടുള്ളത്. പറമ്പിലെ കൃഷി കൂടാതെ നെൽകൃഷിയും അദ്ദേഹം ചെയ്തിരുന്നു. കൊയ്ത്ത് കാലം കഴിയുമ്പോൾ ഉമിത്തീയ്യിൽ കോഴിമുട്ട വേവിച്ച് തിന്നുന്ന രീതി എന്റെ അച്ഛൻ കുട്ടിക്കാലത്ത് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. വൈക്കോലിനിടയിലും പശുവിന്റെ പുൽകൂട്ടിലും മറ്റും കോഴികൾ മുട്ടയിട്ട് വയ്ക്കും. ഇത് വീട്ടിലെ സ്ത്രീ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. കുട്ടികൾ മുട്ടയെടുത്ത് അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞ ശേഷം ഉമിത്തീയിൽ ഇട്ട് ചുടും. പിന്നീട് തീയിൽ നിന്നെടുക്കുമ്പോൾ മുട്ട പുഴുങ്ങിയ പാകത്തിന് ലഭിക്കുമത്രേ. മുട്ടയിൽ പൊതിഞ്ഞ ചാണകം ഭസ്മമാകുകയും ചെയ്യും. അഗ്നിയ്ക്ക് വിശുദ്ധീകരിക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ?

ഒരായുഷ്കാലത്തേയ്ക്ക് വേണ്ട നന്മകൾ മക്കൾക്കും അനന്തരവർക്കും പകർന്നു നൽകിയ ശേഷമാണ് വെറും 69 വർഷക്കാലത്തെ ഭൗമ ജീവിതം കഴിഞ്ഞ് അദ്ദേഹം പോയത്. അപ്പോൾ എന്റെ അച്ഛന് 13 വയസ്സ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് സിനിമ – ടെലിവിഷൻ താരം ഏൾ കാമറൂൺ വിടവാങ്ങി. 102 വയസ്സായിരുന്നു. ഇംഗ്ലീഷ് സിനിമയിലും ടെലിവിഷനിലും ഒരു കാലഘട്ടത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു കാമറൂൺ. ബ്രിട്ടീഷ് സിനിമയിൽ അഭിനയിച്ച ആദ്യത്തെ കറുത്ത വംശജരായ നടന്മാരിൽ പ്രധാനിയായിരുന്ന കാമറൂൺ വാർ‌വിക്‌ഷയറിലെ കെനിൽ‌വർത്തിൽ ആണ് താമസിച്ചിരുന്നത്. 1951 ൽ പുറത്തിറങ്ങിയ പൂൾ ഓഫ് ലണ്ടൻ എന്ന ചിത്രത്തിലാണ് കാമറൂൺ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദി ക്വീൻ, തണ്ടർബോൾ, ഡോക്ടർ ഹൂ എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. സാഫയർ, സഫാരി, സിംബ, എ വാം ഡിസംബർ, ക്യൂബ, ടു ജന്റിൽമാൻ, ദി മെസ്സേജ് തുടങ്ങിയ മുപ്പത്തിനാലോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ക്രിസ്റ്റഫർ നോളന്റെ ചിത്രമായ ഇൻസെപ്ഷനിലും നിക്കോൾ കിഡ്മാൻ, സീൻ പെൻ എന്നിവർക്കൊപ്പം 2005 ൽ പുറത്തിറങ്ങിയ ‘ദി ഇന്റർപ്രെറ്റർ’ എന്ന സിനിമയിലും കാമറൂൺ അഭിനയിച്ചു.

1917 ഓഗസ്റ്റ് 8 ന് ബെർമുഡയിലെ പെംബ്രോക്കിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്തു തന്നെ ബ്രിട്ടീഷ് മർച്ചന്റ് നേവിയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാടകങ്ങളിൽ അഭിനയിച്ചു. ബാർബറ കാമറൂൺ, ഓഡ്രി ജെ പി ഗോഡോവ്സ്കി എന്നിവരായിരുന്നു ജീവിത പങ്കാളികൾ. നിരവധി ടെലിവിഷൻ ഷോകളിലും കാമറൂൺ വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല വേഷങ്ങളിലൊന്ന് ബിബിസി 1960ൽ സംപ്രേഷണം ചെയ്ത ടെലിവിഷൻ ഡ്രാമയായ ‘ദ ഡാർക്ക് മാൻ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു.

കറുത്ത വംശജരായ അഭിനേതാക്കൾ കൂടുതലായി ബ്രിട്ടീഷ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. 2009ലെ സിബിഇ അവാർഡ് ജേതാവ് കൂടിയായ ഏൾ കാമറൂണിന്റെ വിയോഗം ചലച്ചിത്രലോകത്തിന് വലിയ നഷ്ടം തന്നെയാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ലഘൂകരണം വെല്ലുവിളി ഉയർത്തുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചതിനെ തുടർന്ന് ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും പെരുമാറാൻ ബോറിസ് ജോൺസൺ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇരുവശത്തും ഗുരുതരമായ അപകടസാധ്യതകളുള്ള ഒരു ഇടുങ്ങിയ പാതയിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നതെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി തുറന്നു പറഞ്ഞു. മാർച്ചിനുശേഷം ഇന്ന് ആദ്യമായി റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ തുറക്കാൻ പോകുകയാണ്. നാം ഇതുവരെയും രോഗഭീതിയിൽ നിന്ന് പൂർണമായി രക്ഷപ്പെട്ടിട്ടില്ലെന്ന് ഇന്നലെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജോൺസൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് മൂലം വീണ്ടും അത് പടരാൻ കാരണമാകരുതെന്നും ജോൺസൻ അറിയിച്ചു.

ശനിയാഴ്ച രാവിലെ 6 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾക്ക് ഉപഭോക്താക്കളെ സേവിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചതോടെ വിവേകപൂർവ്വം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പബ്ബുകളിൽ ഏർപ്പെടുത്തിയ സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടായാൽ അണുബാധകൾ വർദ്ധിക്കുമെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകി. വൈറസ് നിയന്ത്രണവിധേയമാക്കാൻ രാജ്യം വലിയ മുന്നേറ്റം നടത്തിയെന്ന് ജോൺസൺ പറഞ്ഞു. തൊഴിൽ മേഖലകൾ പഴയത് പോലെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ലെസ്റ്ററിലെ രോഗവ്യാപനം അത് തെളിയിച്ചിട്ടുണ്ട്. രോഗം വ്യാപിച്ചാൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിന് സർക്കാർ മടിക്കില്ല.” പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

“സാമൂഹ്യ അകലം പാലിക്കൽ നിയമങ്ങൾ അനുസരിക്കണമെന്ന് പ്രൊഫ. ക്രിസ് വിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. “വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും അത് ഗൗരവമായി എടുക്കുന്നില്ലെങ്കിൽ രണ്ടാമത്തെ തരംഗത്തിന്റെ സാധ്യത കുത്തനെ ഉയരും.” അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഴ്ചകൾക്കുള്ളിൽ ജിമ്മുകൾ വീണ്ടും തുറക്കാമെന്ന് സൂചന നൽകിയ ജോൺസൺ, നമ്മൾക്ക് കഴിയുന്നത്ര വേഗത്തിൽ തിയേറ്ററുകൾ തുറക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇൻഡിപെൻഡന്റ് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി നടത്തിയ ഒരു സമ്മേളനത്തിൽ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ബിഹേവിയറൽ സയന്റിസ്റ്റ് പ്രൊഫസർ സൂസൻ മിച്ചി, വാരാന്ത്യത്തിൽ പബ്ബുകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. “പബ്ബുകളിൽ വലിയ ആശങ്ക ഉണ്ടാവും. ആളുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ കുറയും.” അവർ അറിയിച്ചു. മദ്യപിച്ചതിന് ശേഷം സുരക്ഷാ നടപടികൾ സ്വീകരിക്കുവാൻ ജനങ്ങൾ തയ്യാറാകുമോ എന്നും അവർ ചോദിച്ചു.

സ്വന്തം ലേഖകൻ

ആഗസ്റ്റ് മാസം അവസാനം വരെ ശമ്പളം നൽകുമെന്നും, അതിനുശേഷം പിരിച്ചുവിടൽ അനിവാര്യമായിരിക്കുകയാണ് എന്നും ഇമെയിലിലൂടെ അധികൃതർ ജീവനക്കാരെ അറിയിച്ചു. ബ്രിട്ടീഷ് തീയേറ്ററിന്റെ മോശം സമയങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും, കോവിഡ് 19 പ്രവചിക്കാനാവാത്ത രീതിയിലുള്ള തൊഴിൽ നഷ്ടങ്ങൾ വരുത്തിവെക്കുന്നുണ്ടെന്നും നാഷണൽ തിയേറ്റർ സ്വന്തം ടീമിനോട് പറഞ്ഞു. മുൻപത്തെ പോലെ തീയറ്റർ നിറയെ കാണികളുമായി ഇനി എന്നാണ് പ്രവർത്തനമാരംഭിക്കാൻ കഴിയുന്നതെന്ന് അറിയില്ലെന്നും, മാസങ്ങളായി നിലച്ച വരുമാനം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു.

തീയറ്റർ വക്താവ് പറയുന്നു ” ഓഗസ്റ്റ് അവസാനം വരെ ജീവനക്കാർക്ക് ശമ്പളം നൽകാനും പിടിച്ചുനിൽക്കാനും തിയേറ്ററിനു സാധിക്കും, എന്നാൽ ഗവൺമെന്റിന്റെ ജോബ് റീടെൻഷൻ നിയമങ്ങളിൽ മാറ്റമുണ്ടായത് മൂലം കൂടുതൽ കാലം ശമ്പളം നൽകാനാവില്ല. ഫ്രണ്ട് ഹൗസിലെ ജീവനക്കാരായ 250 പേർക്കും ബാക്ക് സ്റ്റേജ് ജോലിക്കാരായ 180 പേർക്കുമാണ് ജോലി നഷ്ടപ്പെടുന്നത്.

നാഷണൽ തിയേറ്ററിലെ നാടകകൃത്തും, ജോലി നഷ്ടപ്പെട്ടവരിൽ ഒരാളുമായ ജാസ്മിൻ മണ്ഡി-ഘോമി പറയുന്നു ” മൂന്ന് തീയേറ്ററുകൾ ഉള്ളത് എന്നാണ് തുറക്കുക എന്നുപോലും ആർക്കുമറിയില്ല, തുറന്നാൽ തന്നെ കാണികൾക്ക് സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനെ കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല, തിയേറ്ററിന് പിടിച്ചു നിർത്തേണ്ടത് അനിവാര്യമാണ്. തീർച്ചയായും ഇത് ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ്. എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാകും.”

തിയേറ്ററിൽ ജോലി ചെയ്യുന്ന പലർക്കും പൊതുവേ മറ്റൊരു ജോലി കൂടി ഉണ്ടാവാറുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ തിയേറ്റർ മേഖലയിൽ പ്രവർത്തിക്കുന്ന ഒന്നാണിത്. കഴിഞ്ഞ മെയ് മാസത്തിൽ തിയേറ്ററിന്റെ ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ്സ് ആയ ലിസ ബർഗർ, റൂഫസ് നോറിസ് എന്നിവർ തിയേറ്റർ ജീവനക്കാരുടെ സംഖ്യ പകുതിയാക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽ 30% കുറവുണ്ടാവുകയും ചെയ്യും. ബ്രിട്ടീഷ് തിയേറ്റർ മേഖലയിൽ മൊത്തമായി മൂവായിരത്തോളം തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും, വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും തീയറ്റർ ഇൻഡസ്ട്രി പബ്ലിക്കേഷൻ ആയ ദി സ്റ്റേജ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡിന്റെ താണ്ഡവത്തിൽ ലോകം മരവിച്ചു നിന്നപ്പോൾ, ആഘോഷങ്ങളും ഒത്തുചേരലുകളും നിലച്ചപ്പോൾ സ്വന്തം ഗാർഡനിൽ പുതിയ പരീക്ഷണങ്ങളുമായി ഇറങ്ങിത്തിരിച്ച ഒരു യുകെ മലയാളിയാണ് ഞങ്ങൾ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

സാലിസ്ബറി സ്ഥിരതാമസമാക്കിയ ബിജു മൂന്നാനപ്പള്ളിൽ ആണ് ടയറിൽ പൂച്ചട്ടികൾ നിർമ്മിച്ച് തങ്ങളുടെ ഗാർഡൻ മനോഹരമാക്കിയത്. കേരളത്തിൽ ഈ രീതിയിലുള്ള ചട്ടികൾ ഉണ്ടെങ്കിലും യുകെയിൽ ഇതാദ്യമായാണ് ഒരു മലയാളി ടയറിൽ പൂച്ചട്ടികൾ നിർമിക്കുന്നത്. തന്റെ ഒഴിവ് ദിവസങ്ങളിൽ ഗാർഡനിൽ ചെടികളോടൊത്ത് സമയം ചെലവഴിക്കാനാണ് ബിജു കൂടുതലും താൽപര്യം കാണിക്കുന്നത്. ഒരു തികഞ്ഞ കർഷകനായ തൻറെ പിതാവ് തോമ്മച്ചൻ മൂന്നാനപ്പള്ളിൽനിന്ന് ലഭിച്ച പ്രചോദനമാണ് പൂന്തോട്ടത്തിൽ ഇത്തരത്തിലുള്ള ജോലികൾ ചെയ്യാനായിട്ടും പൂക്കളോടും ചെടികളോടും വൃക്ഷങ്ങളോടുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാനായിട്ടും കാരണമാകുന്നത്. സാലിസ്ബറി മലയാളി അസോസിയേഷനിലെ ഒരു സജീവ പ്രവർത്തകനായ ബിജു മൂന്നാനപ്പള്ളിൽ കോട്ടയം ചോലത്തടം സ്വദേശിയാണ്. ഗാർഡനിൽ സഹായവുമായി ഭാര്യ രാജിയും മക്കളായ അലീനയും അനീറ്റയും കൂടെ തന്നെയുണ്ട്.

പണം അധികം ചിലവഴിക്കാതെ കുറച്ചു കായിക ബലം കൊടുത്താൽ വിവിധ രീതിയിലുള്ള മനോഹരങ്ങളായ ചെടിച്ചട്ടികൾ നിർമ്മിക്കാൻ പറ്റുമെന്നാണ് ബിജു പറയുന്നത് .നമ്മുടെ ഭാവന അനുസരിച്ച് കട്ട് ചെയ്ത് കളർ അടിച്ച് ചട്ടികൾ മനോഹരമാക്കാം . അടുത്ത വർഷം ടയർ കൊണ്ടു തന്നെ വ്യത്യസ്തങ്ങളായ കുറെ സാധനങ്ങൾ കൂടി നിർമ്മിക്കാൻ ബിജു പ്ലാൻ ചെയ്യുന്നു. എല്ലാ മലയാളികളുടെ വീടുകളിലും ഒരു ടയറിന്റെ പൂച്ചട്ടി എങ്കിലും കാണണമെന്നാണ് ബിജുവിന്റെ ആഗ്രഹം.

ഗാർഡനിംഗിനോടൊപ്പം യുകെയിലെ ഒരു അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് ബിജു മൂന്നാനപ്പള്ളിൽ. (BTM ഫോട്ടോഗ്രാഫി) യുക്മയുടെ ആരംഭകാലം മുതൽ എല്ലാ പ്രോഗ്രാമുകളും ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ യു.കെ യിലെ ഒട്ടുമിക്ക സ്റ്റേജ് പ്രോഗ്രാമുകളും കവർ ചെയ്തു വരുന്നു. ഭാര്യ രാജി സാലിസ്ബെറി ഡിസ്ട്രിക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു .രണ്ട് പെൺകുട്ടികൾ, അലീനയും, അനീറ്റയും. കലാകായിക മേഘലകളിൽ ഇവർ ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .

ബിജു മൂന്നാനപ്പള്ളിൽ ഭാര്യ രാജിയ്ക്കും മക്കളായ അലീനയ്ക്കും അനീറ്റയ്ക്കും ഒപ്പം

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ശരീരഭാരം 50 സ്റ്റോൺ വെയ്റ്റോളം അഥവാ 317 കിലോയോളം വർദ്ധിച്ച മുൻ ബോഡി ബിൽഡർ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കുറയ്ക്കുവാനായി പരിശ്രമിക്കുകയാണ്. വർദ്ധിച്ച ശരീരഭാരം മരണത്തിന് കാരണമാകുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്നാണ്, നാല്പത്തൊൻമ്പതുകാരനായ മാർക്ക്‌ സെഹ്‌മാൻ ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. ചെറുപ്പകാലത്ത് ബോഡി ബിൽഡർ ആയിരുന്ന ഇദ്ദേഹത്തിന്, ഫിറ്റായ ശരീരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.

നിരവധി അസുഖങ്ങളാണ് മാർക്കിന് അമിതവണ്ണം മൂലം ഉള്ളത്. രാത്രിയിൽ ശ്വസിക്കുന്നതിനായി പ്രത്യേകം മെഷീനും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. നടക്കാനായി പ്രയാസപ്പെടുന്ന ഇദ്ദേഹം, മിക്ക സമയവും വീൽചെയർ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. ഇതോടെയാണ് ശരീരഭാരം കുറച്ചില്ലെങ്കിൽ മരണം ഉറപ്പാണെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകുന്നത്.

തന്റെ അവസ്ഥ വളരെ മോശമാണെന്നും, ഏത് സമയവും മരണം സംഭവിക്കാമെന്നും മാർക്ക് സാക്ഷ്യപ്പെടുത്തുന്നു.15 മുതൽ 20 സ്റ്റോൺ വെയ്റ്റ് വരെ കുറഞ്ഞാൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഗ്യാസ്ട്രിക് സർജറിക്ക് വിധേയനാകാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു. തന്റെ ശരീരഭാരം കുറച്ച്, ആരോഗ്യം നിലനിർത്താനുള്ള പരിശ്രമത്തിലാണ് മാർക്ക്.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് കരകയറിവരുന്ന ബ്രിട്ടൻ കൂടുതൽ ലോക്ക്ഡൗൺ ലഘൂകരണങ്ങളുടെ പാതയിലാണ്. നാളെ മുതൽ ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഹെയർ സലൂണുകളും തുറന്ന് പ്രവർത്തിക്കും. ഏകദേശം 100 ദിവസത്തിന് ശേഷം ഇതൊക്കെയും തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുമ്പോൾ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഗവൺമെന്റിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് പ്രോഗ്രാമിന്റെ ഭാഗമായി കടയിൽ എത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കേണ്ടതുണ്ട്. ഹെയർഡ്രെസ്സർമാർക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും ക്യു ഉണ്ടെങ്കിൽ അത് കടയുടെ വെളിയിൽ മാത്രമായി നിയന്ത്രിക്കണം. ബിങ്കോ ഹാളുകളും കമ്മ്യൂണിറ്റി സെന്ററുകളും വീണ്ടും തുറക്കാൻ അനുവദിക്കും. ഒപ്പം ആളുകൾക്ക് ക്യാമ്പ് സൈറ്റുകളിൽ രാത്രി താമസിക്കാൻ അനുവാദമുണ്ട്. 30 പേർ ഉൾപ്പെടുന്ന വിവാഹച്ചടങ്ങും വരും ദിവസങ്ങളിൽ നടത്താമെങ്കിലും ഗാനാലാപനം പാടില്ല. ആളുകൾ മറ്റുള്ളവരുമായി ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താൻ ഇപ്പോഴും നിർദ്ദേശിക്കുന്നുണ്ട്.

ഔട്ട്‌ഡോർ ജിമ്മുകളും കളിസ്ഥലങ്ങളും ഉപയോഗിക്കാം. ഒപ്പം മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കും. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന കർശന നിർദേശവുമുണ്ട്. വീണ്ടും തുറക്കുന്ന എല്ലാ സ്ഥലങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാൻ ആളുകൾക്ക് ഇപ്പോഴും അനുവാദമില്ല. തിയേറ്ററുകൾക്കും ഹാളുകൾക്കും കർശനമായ ഉപാധികളോടെ മാത്രമേ പ്രവർത്തിക്കാനാകൂ. ഇൻഡോർ ജിമ്മുകൾ, സ്പാ, കാസിനോ, നെയിൽ ബാറുകൾ, ടാറ്റൂ പാർലറുകൾ, മസാജ് പാർലറുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവയ്ക്ക് നാളെ തുറന്ന് പ്രവർത്തിക്കുവാൻ കഴിയില്ല. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ബിസിനസുകൾക്ക് നോട്ടീസ് നൽകുമെന്നും അതിനെത്തുടർന്ന് പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. പൊതുഗതാഗതത്തിൽ മാസ്ക് ധരിക്കാത്തവർക്കും പിഴ ഈടാക്കും.

അതേസമയം സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ ജൂലൈ 10 മുതൽ ഐസൊലേഷനിൽ കഴിയേണ്ടതില്ല എന്ന് സർക്കാർ അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ലാത്തത് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണെന്നതിൽ വ്യക്തതയില്ല. എന്നാൽ ഇന്നുതന്നെ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എങ്കിലും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ എല്ലാവരും തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ എഴുതി നൽകേണ്ടതുണ്ട്. പുതിയ യാത്രാ മാർഗനിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. സ്‌ കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഈ ക്വാറന്റൈൻ ഇളവ് ബാധകമല്ല.

RECENT POSTS
Copyright © . All rights reserved