ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ :- വോർസെസ്റ്റർഷെയറിൽ കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കൻ വേരിയന്റിനായുള്ള സമൂഹ പരിശോധനകൾ ജനങ്ങൾക്കിടയിൽ ആരംഭിച്ചു. കൺട്രി കൗൺസിലാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ഇതുവരെയും ഒരു കേസ് മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കൗൺസിലർ ടോണി മില്ലർ അറിയിച്ചു. രോഗം ബാധിച്ച ആളുമായി ബന്ധപ്പെട്ട എല്ലാവരെയും ഐസലേഷനിൽ ആക്കിയതായും അദ്ദേഹം അറിയിച്ചു. പുറത്തു നിന്ന് വന്ന യാത്രക്കാരിലൂടെയല്ല രോഗബാധ പകർന്നിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകളും മറ്റും കൗൺസിൽ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക്, ഐസലേഷൻ സമയത്ത് നാല് പ്രാവശ്യം ടെസ്റ്റ് ചെയ്യണമെന്നത് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം ബ്രിട്ടനിൽ 19,114 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സൗത്ത് ആഫ്രിക്കൻ വേരിയന്റ് വളരെ എളുപ്പത്തിൽ പകരുവാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ദിവസേന വാക്സിൻ ലഭിക്കുന്നവരുടെ ശരാശരി കണക്ക് 4,30,000 ആയി ഉയർന്നിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണം ഉള്ളവർ ഉടൻ തന്നെ ടെസ്റ്റിന് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

രാജ്യത്തുടനീളം ഇതുവരെ കൊറോണ വൈറസിന്റെ 40 പുതിയ സ്ട്രെയിനാണ് ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മാസ് ടെസ്റ്റിങ്ങിൽ പോസിറ്റീവ് ആകുന്നവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും അയക്കും. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം അധികൃതർ നൽകി കഴിഞ്ഞു.