Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ഏകദേശം ഒരു ദശലക്ഷം വിദ്യാർത്ഥികളാണ് ക്രിസ്മസ് അവധിക്ക് സ്വന്തം വീടുകളിലേക്ക് എത്തിച്ചേരുന്നത്. ഇതിനായി ദുരന്തഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ മാതൃകയിലുള്ള പദ്ധതി ഡിസംബർ 3 നും 9 നും ഇടയിലായി നടപ്പാക്കാനാണ് തീരുമാനം.

വീടുകളിലേയ്ക്ക് വിദ്യാർഥികൾ മടങ്ങുന്നതിന് മുമ്പ് തന്നെ പരമാവധി റാപ്പിഡ് ടെസ്റ്റുകളും നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു വഴിയായി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിച്ചേരുന്ന സ്വന്തം ഭവനത്തിലും സ്ഥലങ്ങളിലും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും കഴിയും. വെയിൽസിൽ ഡിസംബർ മൂന്നാം തീയതി മുതലും ഇംഗ്ലണ്ടിൽ ഒമ്പതാം തീയതിയ്ക്ക് ശേഷവും ഓൺലൈൻ മാധ്യമങ്ങളിലൂടെ ക്ലാസുകൾ തുടരുകയും ചെയ്യും.

നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും വിദ്യാർത്ഥികളുടെ തിരിച്ചുവരവിനായിട്ടുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഡിസംബർ രണ്ടിന് അവസാനിക്കുന്ന രാജ്യത്തെ ദേശീയ ലോക്ക്ഡൗണിന് ശേഷമുള്ള ആഴ്ച മടക്കത്തിനായി നിശ്ചയിച്ചതിലൂടെ വിദ്യാർഥികളിൽനിന്ന് മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന രോഗവ്യാപനതോത് കുറയ്ക്കാൻ ഇടയാക്കുമെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ മിഷേൽ ഡൊലാർ പറഞ്ഞു.

ഡിസംബർ 9-ന് കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥിക്കും ഐസൊലേഷനിൽ കഴിയാനും രോഗം ഭേദമായ ശേഷം ക്രിസ്മസിന് മുൻപ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് എത്തിച്ചേരാനും കഴിയും. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച സമയത്ത് മാത്രം വീട്ടിലേക്ക് യാത്ര ചെയ്യാനുള്ള ശക്തമായ നിർദ്ദേശം ആണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നത്. പല വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ പ്രായമായവരും മറ്റ് രോഗാവസ്ഥയിൽ ഉള്ളവരും ഉള്ളതിനാൽ ഇത്രയധികം വിദ്യാർഥികളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മേഖലയിലുള്ളവർ കാണുന്നത്.

അയർലണ്ടിലെ കൗണ്ടി ക്ലെയര്‍ കില്‍റഷി നോര്‍ത്തിൽ താമസിക്കുന്ന പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി ജെ വര്‍ഗീസിന്റെ ഭാര്യ മെറീനാ വര്‍ഗീസ് (45 വയസ്സ്) നിര്യാതയായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മെറീനാ ഇന്നലെ (10/11/2020) വൈകിട്ടാണ് ലീമറിക്ക് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായത്.

ലീമെറിക്ക് മേഖലയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്ന മെറീനാ കില്‍റഷ് കമ്യൂണിറ്റി നഴ്‌സിംഗ് ഹോമില്‍ നഴ്‌സായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. എല്ലാവരോടും, സന്തോഷത്തോടെ, നിറ ചിരിയോടെ മാത്രം ഇടപെട്ടിരുന്ന മെറീനയുടെ മരണവാര്‍ത്ത ലീമെറിക്ക് മലയാളികൾക്ക് വേദനയായി.

ആലുവാ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശ്ശേരി വടക്കന്‍ കുടുംബാംഗമായ മെറീന അയര്‍ലണ്ടിലെ ആദ്യകാല പ്രവാസിമലയാളികളിൽ പെടുന്നു.

മൂന്നു മക്കൾ : ജെഫിന്‍, ജെനീറ്റ, ജെറമിയ

മെറീനായുടെ ഭൗതീക ശരീരം ഇന്ന് (ബുധന്‍ ) മൂന്നു മണിയ്ക്ക് കില്‍റഷിലെ ഭവനത്തില്‍ എത്തിക്കും. അതിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരേതയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്നുള്ള ശ്രുശ്രുഷകൾ കില്‍റഷിലെ ദേവാലയത്തില്‍ നടക്കുന്നു.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് രണ്ടാം വ്യാപനത്തെ തടയാൻ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 6 പിന്നിട്ട് കഴിഞ്ഞു. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം ഹോസ്പിറ്റലുകളെ അടിമുടി ഉലച്ചിരിക്കുകയാണ്. ഏറ്റവുമധികം കർമ്മ രംഗത്ത് നല്ലത് അറിയിച്ചിട്ടുള്ളത് സാധാരണക്കാരായ നേഴ്സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളുമാണ്. ലണ്ടനിലെ നേഴ്സുമാരിൽ ഭൂരിഭാഗവും മലയാളികൾ ആണ്. ലോകമെങ്ങുമുള്ള നേഴ്സുമാരെ മുഴുവൻ പ്രതിനിധീകരിക്കുന്ന ഇവരുടെ അനുഭവങ്ങൾ നമ്മുടെ കണ്ണ് നിറയ്ക്കും.

തുടർച്ചയായ ജോലി കുറച്ച് വിശ്രമം എന്നതാണ് ഇപ്പോൾ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മിക്ക ജീവനക്കാരുടെയും ജീവിതശൈലി. കോവിഡിൻെറ രണ്ടാം വ്യാപനം ജന ജീവിതത്തെ മാത്രമല്ല ആശുപത്രികളുടെ പ്രവർത്തനത്തെയും അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു. മിക്ക ആശുപത്രികളിലും നിറയെ രോഗികളുണ്ട്. പുതുതായി അഡ്മിറ്റ് ചെയ്ത രോഗികൾ മിക്കവരും തലേദിവസം മാത്രം കോവിഡ് പോസിറ്റീവ് ആയവരാണ്. മരണക്കിടക്കയിൽ കിടക്കുന്നവരാവട്ടെ ഒരുപക്ഷേ മാസങ്ങൾക്ക് മുൻപ് അഡ്മിറ്റ് ചെയ്തവരാവാം.

യോർക്ക് ഷെയർ പോലെയുള്ള സ്ഥലങ്ങളിൽ ടെസ്റ്റ് ചെയ്യുന്ന 37 ൽ ഒരാൾക്ക് രോഗം ഉറപ്പാണ്. ജനസംഖ്യയുടെ മൂന്ന് ശതമാനം പേർ രോഗ ബാധിതരാണ്. രണ്ടായിരത്തോളം മികച്ച നേഴ്സിംഗ് സ്റ്റാഫുകൾ ഉണ്ടെങ്കിലും, മഹാമാരിയെ ചെറുക്കാൻ നേഴ്‌സുമാരുടെ എണ്ണം പര്യാപ്തമാണോ എന്നതും, എത്ര പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതും ചോദ്യങ്ങളായി തന്നെ നിലനിൽക്കുന്നു.

നേഴ്‌സുമാരുടെ ദുരിതങ്ങൾ അടുത്തറിഞ്ഞ ബ്രാഡ്‌ഫോർഡ് റോയൽ‌ ഇൻ‌ഫർമറി (ബിആർഐ) യിലെ ഡോ. ജോൺ റൈറ്റിൻെറ കുറിപ്പുകളിലെ ചില അനുഭവങ്ങൾ ഇവയൊക്കെയാണ്.

31 കാരിയായ സ്റ്റാഫ് നേഴ്സ് മോയിറ വൈറ്റിംഗ് പറയുന്നു, ഒരു ടീം എന്ന നിലയിൽ എത്രമാത്രം ഐക്യത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷേ ഓരോ വ്യക്തിയും ശരീര വേദനകളുടെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയും ഒരു കൂമ്പാരം ആയിരിക്കും എന്നതാണ് സത്യം. കോവിഡ് രണ്ടാം വ്യാപനം ഉണ്ടായപ്പോൾ മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും എന്ന വ്യത്യാസമില്ലാതെ ഞങ്ങൾ രോഗികളെ പരിപാലിക്കുകയാണ്, പക്ഷേ അതിന് നൽകേണ്ടുന്ന വില ഞങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവൻ ആവാം. ഇപ്പോൾ മാത്രം സ്കൂളിൽ പോയി തുടങ്ങുന്ന ഒരു കുട്ടിയും എട്ട് വയസ്സുകാരിയായ പഠിക്കാൻ മിടുക്കിയായ മറ്റൊരു മകളുമാണ് എനിക്കുള്ളത്. അവരുടെ ഹോം സ്കൂളിംഗ് താറുമാറായി കിടക്കുകയാണ്. ” ഒരിക്കൽ ഞാൻ ഹൃദയം തകരുന്ന ഒരു കാഴ്ച കണ്ടു. എന്റെ മകൾ ഹന്ന, ഞാൻ ഉപയോഗിക്കുന്ന സ്കാർഫ് ചേർത്തു പിടിച്ചിരിക്കുന്നു. നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത് എടുത്തോളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ, അതല്ല അമ്മേ, നിങ്ങൾ മരിച്ചു പോയാൽ ഓർമ്മയ്ക്കായി എടുത്തു വെക്കുകയായിരുന്നു ഞാനിത് “. മിക്കവരുടെയും കുടുംബത്തിലെ അവസ്ഥയാണിത്. ഞങ്ങളുടെ ഒക്കെ മക്കൾ ഇതുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.

ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ ചീഫ് നേഴ്സ് ആയ കാരൻ ഡൗബർ പറയുന്നു, മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗിയായ പങ്കാളിയെയും,പഠനവൈകല്യമുള്ള മകളെയും വീട്ടിൽ നിർത്തിയിട്ടാണ് ആശുപത്രിക്ക് തൊട്ടടുത്തുള്ള കേന്ദ്രത്തിൽ താമസം തുടങ്ങിയത്. എമർജൻസി സർവീസ് തുടങ്ങിയ സമയം മുതൽ, ഏറ്റവും എളുപ്പത്തിൽ എത്താവുന്നതുപോലെയാണ് താമസിക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി ജോലി ചെയ്തിട്ടുണ്ട്. എന്നെപ്പോലെ തന്നെ രോഗികളായ കുടുംബാംഗങ്ങളെ വീട്ടിൽ ഇരുത്തിയും, അവർക്ക് രോഗം പടരുമോ എന്ന ആശങ്കയിൽ നീറിയുമാണ് പല ആരോഗ്യപ്രവർത്തകരും കഴിയുന്നത്. പക്ഷേ ഈ കാലമൊക്കെ കടന്നു പോകും എന്ന് തന്നെയാണ് പ്രതീക്ഷ.

മേയിൽ മാത്രം ജോലിക്ക് പ്രവേശിച്ച കെല്ലി ബെൽ തലവേദനയും ശരീരവേദനയും പോലെയുള്ള അസ്വസ്ഥതകൾ അധികരിച്ചപ്പോൾ രണ്ടുവട്ടം കോവിഡ് ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആയിരുന്നു. പിപിഇ കിറ്റ് ധരിച്ച് ജോലിയിൽ പ്രവേശിക്കുമ്പോൾ ഒക്കെയും ശ്വാസതടസ്സം, കോച്ചി വലിവ് ദേഹം വേദന പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്. പിന്നീട് ഒരു അപകടം നടന്നപ്പോൾ എടുത്ത എക്സ് റേ യിൽ കോവിഡ് സാന്നിധ്യമുണ്ടായിരുന്നു. ചികിത്സിച്ച് ഭേദമായി എന്ന് ഉറപ്പ് വരുത്തിയശേഷം വീണ്ടും രോഗികളെ ചികിത്സിക്കാൻ പുറപ്പെട്ടു.

ഈ പറഞ്ഞവയൊക്കെ മാലാഖമാരുടെ ചില അനുഭവ സാക്ഷ്യങ്ങളാണ്. ഈ മഹാമാരിയിൽ മുന്നണിപോരാളികളായി രാവന്തിയോളം വിശ്രമമില്ലാതെ ജോലിയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ലോകമെങ്ങുമുള്ള നേഴ്‌സുമാർ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് -19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ വെയിസിലെ 2021 -ൽ നടക്കേണ്ട ജിസിഎസ്ഇ എ -ലെവൽ പരീക്ഷകൾ റദ്ദാക്കി. പരീക്ഷകൾക്ക് പകരം ക്ലാസ് റൂം അസ്സെസ്സ്മെന്റിൻെറ ഭാഗമായിട്ടുള്ള ഗ്രേഡുകൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സുഗമമായ പരീക്ഷാ നടത്തിപ്പ് ദുഷ്കരമായതിൻറെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ കാരണമെന്ന് വെയിൽസ് വിദ്യാഭ്യാസ മന്ത്രി കിർസ്റ്റി വില്യംസ് പറഞ്ഞു. പരാതികൾ ഒഴിവാക്കാൻ എല്ലാ സ്കൂളുകളും ഒരേ രീതി പിന്തുടരുന്നത് ഉറപ്പാക്കും. പരീക്ഷകൾ റദ്ദാക്കുന്നത് വേനൽക്കാലത്ത് കൂടുതൽ അധ്യയന ദിനങ്ങൾ ലഭിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ വാക്സിൻ ഡിസംബറോടെ ലഭ്യമാകുകയാണെങ്കിൽ വിതരണത്തിന് എൻഎച്ച്എസ് സുസജ്ജമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു വരുവാൻ എത്രപേർക്ക് വാക്സിനേഷൻ നടത്തേണ്ടതായി വരും എന്നുള്ളത് വ്യക്തതയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ആദ്യ ഫലപ്രദമായ കൊറോണാ വൈറസിനെതിരെയുള്ള വാക്സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്ത കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഫൈസറും ബയോ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനെ കുറിച്ചുള്ള വാർത്ത ലോകമെങ്ങും വളരെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. ലോകമൊട്ടാകെ പതിനൊന്ന് വാക്സിനുകളാണ് അവസാനഘട്ട പരീക്ഷണങ്ങളുമായി മുന്നേറുന്നത്. ഇന്നലെ മാത്രം യുകെയിൽ 204,12 കോവിഡ് -19 കേസുകളും 532 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു എസ് :- സ്റ്റോക്ക് മാർക്കറ്റുകളെല്ലാം തന്നെ എക്കാലത്തെയും മികച്ച നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബ്ലൂ ചിപ്പ് ഷെയറുകൾ എല്ലാം തന്നെ വൻ വർധനയാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് എയർവെയ്സ്, ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് എന്നിവ 40 ശതമാനത്തോളം ഉയർന്നു. എയർലൈൻ എഞ്ചിൻ നിർമാണക്കമ്പനിയായ റോൾസ് റോയ്സിന്റെ ഷെയറുകൾ 33% ഉയർച്ചയാണ് നേടിയത്. കൊറോണ ബാധ മൂലം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട കമ്പനികളായിരുന്നു ഇവയെല്ലാംതന്നെ. എന്നാൽ ചില കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഹോം ഫുഡ് ഡെലിവറി കമ്പനികളായ ഒക്കാഡോ, ജസ്റ്റ്‌ ഈറ്റ് എന്നിവ 10 ശതമാനത്തോളം താഴെ പോയി. ഐടി കമ്പനിയായ സൂംമും 14 ശതമാനത്തോളം തകർച്ചയാണ് നേരിട്ടത്.

കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകും എന്നത് സ്റ്റോക്ക് മാർക്കറ്റുകൾക്ക് എല്ലാംതന്നെ പ്രതീക്ഷയേകുന്നതാണ്. ആ പ്രതീക്ഷയാണ് സ്റ്റോക്ക് മാർക്കറ്റുകളുടെ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ അമേരിക്കയിൽ പുതിയ ഭരണകൂടം അധികാരത്തിൽ വരുന്നതിന്റെയും പ്രതിഫലനം സ്റ്റോക്ക് മാർക്കറ്റുകളിൽ പ്രകടമാകുന്നുണ്ട്.

ഫൈസെർ കമ്പനി പുറത്തിറക്കുന്ന വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പുനൽകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ആണ് മാർക്കറ്റുകൾ നേട്ടമുണ്ടാക്കുന്നത്. കൊറോണ വൈറസ് ബാധ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് മാർക്കറ്റുകൾ ഇത്രത്തോളം നേട്ടമുണ്ടാക്കുന്നത്. എന്നാൽ ഇത് എത്ര കാലം നിലനിൽക്കും എന്ന കാര്യത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് കാലത്ത് ലോകമെങ്ങും നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ത്യാഗനിർഭരമായ സേവനത്തിൻെറ മഹത്വം വാഴ്ത്തപ്പെട്ടപ്പോൾ, അതിന് അപവാദമായി ചെസ്റ്റർ ഹോസ്പിറ്റലിലെ കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു നേഴ്സിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. എട്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നും ഒമ്പത് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സംശയിച്ചാണ് അറസ്റ്റ്.

ഇതിനു മുൻപേ 2018 ലും 2019 ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാതശിശു യൂണിറ്റിൽ നടന്ന അസ്വഭാവിക മരണങ്ങളുടെ പേരിൽ നേഴ്സ് ലൂസി ലെറ്റ്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. 2015 നും 2016 നും ഇടയിൽ നടന്ന 17 ശിശുമരണങ്ങളിൽ പോലീസിൻറെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിലെ ദുരൂഹത നീക്കാനും സത്യം പുറത്തുകൊണ്ട് വരുവാനുമായി അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്ന് ചെസ്റ്റർ ഹോസ്പിറ്റലിൻെറ വക്താവ് വ്യക്തമാക്കിയിരുന്നു.

മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാൻ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്ന് അന്വേഷണ മേധാവി പോൾ ഹ്യൂസ് പറഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോടൊപ്പം ഉണ്ടെന്നും അന്വേക്ഷണത്തിൻെറ പുരോഗതി കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കളെ യഥാസമയം അറിയിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയേറെ മാധ്യമ ശ്രദ്ധ നേടിയ ദാരുണ സംഭവങ്ങളെക്കുറിച്ചുള്ള ദുരൂഹത ഉടനെ വെളിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ജർമനി : ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന കോവിഡ് 19 വാക്സിൻ നിർമാണത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച് ദമ്പതികൾ. ഭാര്യാഭർത്താക്കന്മാരായ ഉഗുർ സാഹിനും ഓസ്ലെം ടുറെസിയും ഒരു വാക്സിനുവേണ്ടി പോരാടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഠിനപ്രയത്നത്തോടൊപ്പം പരസപര സ്നേഹം കൂടിയാവുമ്പോൾ വാക്സിൻ നിർമിതിയിലെ ‘ഡ്രീം ടീം’ ആണ് ഇതെന്ന് പലരും വിശേഷിപ്പിക്കുന്നു. ജർമ്മൻ ബയോടെക് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി മാറിയ 55 വയസുള്ള ഫിസിഷ്യൻ സാഹിൻ, ബയോ ടെക്കിന്റെ സഹ ബോർഡ് അംഗമായ ഭാര്യ ഓസ്ലെം ടുറെസി (53) എന്നിവർ പൂർണ്ണസമയവും വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്. അതേസമയം ഫാർമസ്യുട്ടിക്കൽ കമ്പനികളായ ഫൈസറും ബയോ‌എൻടെക്കും തങ്ങളുടെ കുത്തിവയ്പ്പ് 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ടു.

തുർക്കിയിൽ ജനിച്ച സാഹിൻ വളർന്നത് ജർമ്മനിയിലാണ്. അവിടെ ഫോർഡ് ഫാക്ടറിയിലാണ് മാതാപിതാക്കൾ ജോലി ചെയ്തിരുന്നത്. ഡോക്ടറായി പരിശീലനം നേടിയ സാഹിൻ ഒരു പ്രൊഫസറും ഗവേഷകനുമായി ഇമ്യൂണോതെറാപ്പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തങ്ങളുടെ വിവാഹദിനത്തിൽ പോലും ഇരുവരും ഒന്നിച്ചു ലാബിലായിരുന്നുവെന്ന് ടുറെസി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ജർമ്മനിയിലേക്ക് കുടിയേറിയ തുർക്കി ഡോക്ടറിന്റെ മകളാണ് ടുറെസി. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വികസിപ്പിക്കുന്നതിനായി ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം 2001ൽ അവർ ആരംഭിച്ചു. പക്ഷേ മെയിൻസ് സർവകലാശാലയിലെ പ്രൊഫസറായ സാഹിൻ ഒരിക്കലും അക്കാദമിക് ഗവേഷണവും അധ്യാപനവും ഉപേക്ഷിച്ചില്ല. 2016ൽ ജപ്പാൻ സ്ഥാപനം ആയ അസ്റ്റെല്ലസിന് 1.06 ബില്യൺ പൗണ്ടിന് ഗാനിമെഡ് വിൽക്കുകയുണ്ടായി. കാൻസർ ഇമ്മ്യൂണോതെറാപ്പി ഉപകരണങ്ങൾ കൂടുതൽ വിപുലമായി പിന്തുടരുകയെന്ന ലക്ഷ്യത്തോടെ 2008 ൽ സാഹിനും ടുറെസിയും ചേർന്ന് ബയോ എൻ‌ടെക് സ്ഥാപിച്ചു. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ 41.8 മില്യൺ പൗണ്ട് കമ്പനിയിൽ നിക്ഷേപിച്ചു. ജർമ്മൻ പത്രമായ വെൽറ്റ് ആം സോൺടാഗ് പറയുന്നതനുസരിച്ച് സാഹിനും ഭാര്യയും ഇപ്പോൾ ജർമ്മനിയിലെ ധനികരുടെ പട്ടികയിൽ ആദ്യ 100ൽ ഉൾപ്പെടുന്നു. ദമ്പതികളുടെ പരിശ്രമങ്ങൾ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്.

എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യം നിർണായക നിമിഷത്തിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. യുകെയിൽ ഇന്നലെ 21,350 പുതിയ കേസുകളും 194 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യത്തെ വാക്സിൻ ക്രിസ്മസിന് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വസന്തകാലത്തോടെ മാത്രമേ കൂടുതൽ മെച്ചപ്പെട്ട ഒന്ന് ലഭ്യമാകുകയുള്ളൂ എന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ജോനാഥൻ വാൻ-ടാം പറഞ്ഞു. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് കൂടുതൽ ജോലികൾ ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പുതിയ വാക്സിൻ ആർക്കൊക്കെ ലഭിക്കും എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രായമാണ് ഏറ്റവും വലിയ മുൻ‌ഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, അത് ഉപയോഗിക്കാൻ യുകെ തയ്യാറാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇനി നമ്മൾക്ക് ശബ്ദത്തേക്കാൾ കൂടിയ വേഗത്തിൽ യാത്രചെയ്യാം. യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും പുത്തൻ നാഴികക്കല്ല് തീർത്ത് ഹൈപ്പർലൂപ്പിടെയുള്ള മനുഷ്യരുടെ ആദ്യ യാത്ര വിജയകരമായി പൂർത്തിയായി. വെർജിൻ ഹൈപ്പർലൂപ്പിൻ്റെ ചീഫ് ടെക്നോളജി ഓഫീസറും സഹ സ്ഥാപകനുമായ ജോഷ് ഗീഗലും പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയനുമാണ് മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിൽ നടത്തിയ പരീക്ഷണത്തിൽ പങ്കെടുത്തത്. 400 ൽ അധികം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മനുഷ്യ യാത്രികർ ഹൈപ്പർ ലൂപ്പിലൂടെ യാത്ര ചെയ്യുന്നത്.

യാഥാർഥ്യമായാൽ യാത്രയ്ക്കും ചരക്കു നീക്കത്തിനും ഏറ്റവും സുരക്ഷിതമായ മാർഗ്ഗമായാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ ശാസ്ത്രലോകം വിലയിരുത്തുന്നത്. ജെറ്റ് വിമാനത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനായി ഹൈപ്പർലൂപ്പ് യാത്ര സംവിധാനത്തെ സങ്കൽപ്പിക്കാം. ട്രെയിൻ കോച്ചിൻ്റെ രൂപത്തിലുള്ള പോഡ് എന്ന് പറയുന്ന ക്യാമ്പിനിലാണ് യാത്ര ചെയ്യുക. മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിലാണ് ഹൈപ്പർലൂപ്പിലൂടെയുള്ള യാത്ര യാഥാർഥ്യമാകുന്നത്. ശബ്ദത്തിൻറെ വേഗത മണിക്കൂറിൽ 1234 കിലോമീറ്ററാണെന്നു കൂടി അറിയുമ്പോഴാണ് ഹൈപ്പർ ലൂപ്പ് യാത്രയുടെ അത്ഭുത വേഗം തിരിച്ചറിയാനാവുക.

നിലവിലുള്ള ഏത് ഗതാഗത സംവിധാനത്തെക്കാളും പത്തിരട്ടി മെച്ചപ്പെട്ടതാണ് ഹൈപ്പർലൂപ്പ് എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. തിരക്കുള്ള സമയത്ത് പോലും മറ്റ് യാത്രാ മാർഗ്ഗങ്ങളെക്കാൾ ചിലവ് കുറവായിരിക്കുകയും ചെയ്യും. തിരക്കില്ലാത്ത സമയത്ത് സൗജന്യ യാത്രയ്ക്ക് പോലും ഹൈപ്പർ ലൂപ്പിൽ സാധ്യമാണ്.

യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത് . നിലവിൽ വരുമ്പോൾ എഡിൻബറോയിൽ നിന്ന് ലണ്ടനിലേക്കുള്ള 330 മൈൽ ദൂരം 29 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകും. ഇപ്പോൾ ഈ ദൂരം ട്രെയിനിൽ യാത്ര ചെയ്യാൻ നാലു മണിക്കൂർ 20 മിനിറ്റ് ആണ് വേണ്ടിവരുന്നത്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം നടപ്പിലാക്കാൻ വെർജിൻ ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. നടപ്പിലായി കഴിഞ്ഞാൽ പൂനെ മുംബൈ യാത്രാ സമയം 25 മിനിറ്റ് ആയി കുറയ്ക്കാനാവും.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ 90 % ത്തിലധികം ആൾക്കാരിലും കോവിഡ്- 19 തടയാൻ ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൊറോണയുടെ വ്യാപനത്തെ തടയാൻ യുകെയിൽ പ്രഖ്യാപിച്ച രണ്ടാം ലോക്ക് ഡൗൺ അഞ്ചു ദിനങ്ങൾ പിന്നിടുമ്പോഴാണ് കോവിഡ് -19 നെതിരായുള്ള പോരാട്ടത്തിൽ പ്രത്യാശ നൽകുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ലോകത്താകമാനമുള്ള ആരോഗ്യ ശാസ്ത്ര ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ആഹ്ളാദത്തോടു കൂടിയാണ് ഈ വാർത്ത സ്വീകരിച്ചത്. വാക്സിൻ വികസിപ്പിക്കുന്ന ഫൈസർ ബയോടെക് ശാസ്ത്രത്തിൻ്റെയും മാനവികതയുടെയും മികച്ച ദിവസമെന്ന് ഇതിനെ വിശേഷിപ്പിച്ചു.

ഇതുവരെ ആറ് രാജ്യങ്ങളിലുള്ള 43,500 പേർക്ക് വാക്സിൻ പരീക്ഷിച്ചെങ്കിലും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ല എന്നതും ഗവേഷകർക്ക് ആത്മവിശ്വാസം നൽകുന്നതാണ് . അതുകൊണ്ടുതന്നെ ഈ മാസാവസാനത്തോടെ വാക്സിൻ വിതരണത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനികൾ.

ലോക്ക് ഡൗൺ ,സാമൂഹ്യ അകലം പാലിക്കുക ,മാസ്ക്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ലോകജനതയ്ക്ക് ഒരു മോചനം തരാൻ വാക്സിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . എങ്കിലും വൈറസ് ബാധയിൽ നിന്ന് വാക്സിൻ എത്രകാലം സംരക്ഷണം നൽകും? ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷണം നൽകുമോ? എന്നീ ചോദ്യങ്ങൾക്കായുള്ള പരീക്ഷണങ്ങൾ തുടരുകയാണ് , 30 ദശലക്ഷം ഡോസ് വാക്സിന് ഓർഡർ ചെയ്ത് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പിൽ യുകെ മുൻപന്തിയിൽ തന്നെയുണ്ട് .

RECENT POSTS
Copyright © . All rights reserved