ന്യൂസ് ഡെസ്ക് , മലയാളം യുകെ

മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസ് നിര്യാതനായി. ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.

ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വ ശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ റേയ്ക്കു വേണ്ടി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ മുതൽ ജപമാലയും ഉപവാസ പ്രാർത്ഥനയും നടത്തിയെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് റേ വിടപറഞ്ഞത്.

റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . മൂന്ന് മക്കളാണുള്ളത് . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍. പരേതന്റെ വിയോഗത്തിൽ മലയാളം യു.കെ യുടെ അനുശോചനം അറിയിക്കുന്നു.