Main News

സ്വന്തം ലേഖകൻ

വുഹാൻ : കൊറോണ വൈറസ് ലോകത്താകമാനം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുന്നൂറിൽ ഏറെ രാജ്യങ്ങൾ കൊറോണയുടെ പിടിയിൽ പെട്ടിരിക്കുന്നു. അതേസമയം ഷാങ്ഹായ് ജിയാവോ ടോംഗ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് പുറത്തുവന്ന
പഠനങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ആളിൽ നിന്നാണ് 80% കൊറോണ വൈറസ് രോഗികൾക്കും രോഗം പിടിപെട്ടതെന്ന് ഗവേഷകർ കണ്ടെത്തി. രോഗം പൊട്ടിപുറപ്പെട്ട വുഹാനിലും സമീപ പ്രദേശങ്ങളിലും മാത്രം നടത്തിയ പഠനത്തിൽ നിന്നാണ് അവർ ഈയൊരു നിഗമനത്തിൽ എത്തിചേർന്നത്.

രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് മുമ്പ് തന്നെ, ഏകദേശം നാല് ദിവസത്തോളം വൈറസ് മനുഷ്യശരീരത്തിൽ ഉണ്ടാവും. ഈ കാലയളവിൽ ആണ് വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത്. വ്യാപനത്തെ മന്ദീഭവിപ്പിക്കാൻ ഒറ്റപ്പെടൽ കൊണ്ട് മാത്രം കഴിയില്ലെന്നും കർശനമായ പരിശോധനയും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ കടുത്ത നടപടികൾ സ്വീകരിച്ച് 76 ദിവസത്തിന് ശേഷം ആണ് വുഹാനിലെ ആളുകൾക്ക് പുറത്തുപോകാൻ സാധിച്ചത്.

രോഗലക്ഷണങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി കാണപ്പെടുന്ന ഒരാളിൽ നിന്ന് 79.7% ആളുകളിലേക്ക് വൈറസ് പടർന്നതായി ഗവേഷണ സംഘം കണ്ടെത്തി.രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടാകാമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കുന്നത് പ്രധാനപെട്ട കാര്യമാണെന്നും കൊറോണ വൈറസ് വ്യാപനത്തെ ഒരു പരിധി വരെ തടയാൻ അതിലൂടെ കഴിയുമെന്നും അവർ പറഞ്ഞു. എന്നാൽ ഈ വിവരങ്ങൾ പരിമിതമാണ്. കൊറോണ വൈറസിനെ പറ്റിയും അതിന്റെ അതിവേഗ വ്യാപനത്തെ പറ്റിയും ധാരാളം പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ : കൊറോണ വൈറസ് എല്ലാ പ്രായത്തിലുള്ളവരെയും, എല്ലാ ആരോഗ്യ സ്ഥിതിയിലുള്ളവരെയും ഒരുപോലെ ബാധിക്കില്ല എന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. സാധാരണ വ്യക്തികളിൽ രോഗ ലക്ഷണങ്ങൾ കാണിച്ചു ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറാണ് പതിവ്. എന്നാൽ ചിലർക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കേണ്ടത് അവശ്യമാണ്.ചിലരിൽ ഈ വൈറസ് അതീവ ഗുരുതര സ്ഥിതിഗതികൾ ഉളവാക്കുന്നു. ഇതിൽ 70 വയസ്സിനു മേലെ പ്രായമുള്ളവരും, ഹൃദ്രോഗം പോലെയുള്ള രോഗബാധിതരും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇത്തരത്തിലുള്ള ഏകദേശം 1.5 ബില്ല്യൻ ആളുകൾ ഉണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇവർക്ക് കൊറോണ വൈറസ് ബാധിക്കുകയാണെങ്കിൽ, ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവരാണ്.


ക്യാൻസർ ബാധിതരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. അതിനാൽ ഇത്തരത്തിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു. 60 വയസ്സിന് മേലെ പ്രായമുള്ള പുരുഷന്മാരാണ് ഇതുവരെയുള്ള രോഗബാധിതരിൽ ഏറെയും. ഇംഗ്ലണ്ടിലും, വെയിൽസിലും 27 മാർച്ച് വരെ രേഖപ്പെടുത്തപ്പെട്ട കണക്ക് പ്രകാരം, ഏഴ് ശതമാനം പേരും 45 മുതൽ 65 വയസ്സിനു ഇടയിലുള്ളവരാണ് മരണപ്പെട്ടിരിക്കുന്നത്. സ്ത്രീകളെക്കാൾ കൂടുതൽ മരണനിരക്ക് പുരുഷൻമാരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നതും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നതെന്നാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജി വിഭാഗത്തിലെ തലവൻ പ്രൊഫസർ ഫിലിപ്പ് ഗോൾഡറിന്റെ അഭിപ്രായത്തിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഇമ്മ്യൂണിറ്റി സിസ്റ്റത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് കൊണ്ടാകാം, മരണ നിരക്കിലുള്ള ഈ വ്യത്യാസം എന്ന് വ്യക്തമാക്കുന്നു. ആളുകൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും, ശ്വാസതടസ്സം ഉള്ളവർ ഉടൻതന്നെ ആശുപത്രികളിൽ എത്തണമെന്നും ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

തുടർച്ചയായ നാലാം തവണയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ചർച്ച നടത്തുന്ന കമ്മിറ്റിയിൽ ഹാജരാകാതെ നിസ്സംഗമായ മറുപടി കത്ത് നൽകുന്നത്. ഈ ജനുവരി മുതൽ മറ്റ് മന്ത്രിമാർക്കൊപ്പം ഉള്ള ചർച്ച നിരസിക്കുകയും അതിനുപകരം സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തുകയുമാണ് ഉണ്ടായത്. എന്നാൽ ഹോം അഫയേഴ്സ് കമ്മിറ്റി ചെയർ ഇങ്ങനെ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് വിമർശനം.

അവസാനമായി വന്നിരിക്കുന്ന ക്ഷണക്കത്തിനു, ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ് എന്ന മറുപടിയാണ് നൽകിയത്. ലേബർ പാർട്ടിയുടെ യുവേറ്റ് കൂപ്പർ മുൻപ് മൂന്നു തവണ കത്തയച്ചിരുന്നു. എന്നാൽ ഏപ്രിൽ 15ന് നടക്കുന്ന കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിന് ഈ മാസം അവസാനത്തോടെ താൻ ഹാജരായി കൊള്ളാം എന്ന മറുപടിയാണ് നാലു ദിവസത്തിനു ശേഷം അയച്ചത്. ഇനിയും വൈകുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് കൂപ്പർ പറയുന്നത്. നമുക്കിടയിലെ കത്തുകളിൽ എല്ലായ്പ്പോഴും നിഷേധിക്കേണ്ടി വരുന്നതിന് എനിക്ക് ദുഃഖമുണ്ട് എന്ന ആമുഖത്തോടെയാണ് ഹോം സെക്രട്ടറി അവസാനത്തെ ചർച്ചയ്ക്കും വിസമ്മതം രേഖപ്പെടുത്തിയത്.

ബോറിസ് ജോൺസൺ ജൂലൈ 2019 നാണ് മിസ് പട്ടേലിനെ ഹോം സെക്രട്ടറിയായി നിയമിച്ചത്, എന്നാൽ അതിനുശേഷം ഒക്ടോബറിൽ ഉള്ള കമ്മിറ്റിയിൽ മാത്രമേ അവർ പങ്കെടുത്തിട്ടുള്ളൂ.
ദേശീയ ദുരന്തത്തെ നേരിടാൻ ആവശ്യമായ കരുതലുകൾ എടുക്കുന്നതിൽ ഹോം ഓഫീസിനെ അഹോരാത്രം മുന്നിൽനിന്ന് നയിക്കുന്നത് പട്ടേൽ ആണെന്നും എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു ദിവസം, ഉടൻതന്നെ കമ്മറ്റി ഉണ്ടാകുമെന്നും ഹോം ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹഡേഴ്‌സ് ഫീൽഡ്:  കഴിഞ്ഞ (മാർച്ച് 18 ) മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന് യുകെ മലയാളികൾ വിടചൊല്ലി. കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവനേയും ആശങ്കയിലും വീട്ടു തടവറയിലും ആക്കിയിരിക്കെയാണ്  മെയ് മോളുടെ ശവസംക്കാര ചടങ്ങുകൾ അൽപം മുൻപ് ഹഡേഴ്‌സ് ഫീൽഡിൽ  പൂർത്തിയായത്.

മുൻപ് അറിയിച്ചിരുന്നതുപോലെ പന്ത്രണ്ട് മണിക്കുതന്നെ ശവസംസ്കാര ശുശ്രുഷകൾ ഇന്ന് (08-04-2020) ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിച്ചു. ഫാദർ ജോസ് തെക്കുനിൽക്കുന്നത്തിൽ ആണ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ, കൂട്ടുകാർ, സഹപ്രവർത്തകർ എന്നിവർക്കുപോലും ഒരു നോക്ക് കാണുവാനുള്ള അവസരം പോലും സാധ്യമായിരുന്നില്ല.McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ഉള്ള ശുശ്രുഷകൾ പൂർത്തിയായതിനെത്തുടർന്ന് അടുത്ത് തന്നെയുള്ള Hay Lane Cemetery, Huddersfield ലേക്ക് കബറടക്കത്തിനായി പുറപ്പെട്ടു. സാമൂഹിക അകലം ഉള്ളതിനാൽ പലരും പ്രാർത്ഥനയോടെ ദൂരെ മാറി നിന്നിരുന്നു.

ഒന്നരയോടെ സിമെട്രിയിൽ എത്തിച്ചേരുകയും ചടങ്ങുകൾ ആരംഭിക്കുകയും ചെയ്‌തു. നിയന്ത്രണങ്ങൾക്ക് അനുസൃണമായി പെട്ടെന്ന് തന്നെ സംസ്ക്കാരം പൂർത്തിയാക്കുകയും ചെയ്‌തു. യുകെയിലെ പുതിയ ശവസംസ്ക്കാര നിയന്ത്രണങ്ങൾ അനുസരിച്ചു ഏതു തരത്തിലുള്ള മരണമായിരുന്നാലും ബോഡിയെ ചുംബിക്കുവാൻ അനുവദിക്കുന്നില്ല. മെയ് മോളുടെ കോവിഡ് 19 പരിശോധന നെഗറ്റീവ് ആയിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾ ക്നാനായ വോയിസ് തത്സമയ സംപ്രേക്ഷണം ചെയ്‌തത്‌ ബന്ധുക്കൾക്കും നാട്ടിലുള്ള അമ്മയ്ക്കും ബന്ധുക്കൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത്.St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു മെയ് മോൾ. പരേത കോട്ടയം പുന്നത്തുറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്ന മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ്  (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും.

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുന്ന ബ്രിട്ടനിൽ മരണസംഖ്യ 6000 കടന്നു. ഇന്നലെ മാത്രം യുകെയിൽ മരണപ്പെട്ടത് 786 പേരാണ്. തിങ്കളാഴ്ച ഇത് 439 മാത്രമായിരുന്നു. ഇതോടെ ബ്രിട്ടനിൽ ആകെ മരണസംഖ്യ 6159 ആയി ഉയർന്നു. 3634 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 55242 ആയി. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണസംഖ്യ കുത്തനെ ഉയരുന്നത് സർക്കാരിനും എൻ എച്ച് എസിനും വലിയ വെല്ലുവിളിയാണ്. യുകെയിൽ ആദ്യ 200 മരണങ്ങൾ സംഭവിക്കാൻ 17 ദിവസമെടുത്തു. പക്ഷേ അടുത്ത 17 ദിവസം കൊണ്ട് 6000ത്തോളം മരണങ്ങൾ ഉണ്ടായി. പുതിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിന് സാമൂഹിക അകലം പാലിക്കൽ തുടരണമെന്ന് സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ വാലൻസ് പറഞ്ഞു. എന്നിരുന്നാലും, മരണങ്ങളുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുകെയിൽ രോഗവ്യാപനം ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഉയർന്ന മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

അതേസമയം, തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കൽ നടപടി തുടരുന്നുണ്ടെന്നും ഈസ്റ്റർ വാരാന്ത്യത്തിലും ആളുകൾ അത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ലോക്ക്ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന്, സമയമാകുമ്പോൾ സർക്കാർ തീരുമാനമെടുക്കുമെന്ന് റാബ് ഉത്തരം നൽകി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബോറിസ് ജോൺസണ് ഓക്സിജൻ തെറാപ്പി ലഭിക്കുന്നുണ്ടെന്ന് റാബ് പറഞ്ഞു. “കാബിനറ്റിൽ നമുക്കെല്ലാവർക്കും അദ്ദേഹം ബോസ് മാത്രമല്ല – ഒരു സഹപ്രവർത്തകനും സുഹൃത്തും കൂടിയാണ്.” റാബ് അറിയിച്ചു. രോഗകാലത്ത് ഓരോ ആശുപത്രിയിലും മതിയായ തീവ്രപരിചരണ വിഭാഗങ്ങൾ (ഐസിയു) കിടക്കകൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് പാട്രിക് പറഞ്ഞു. ഐസിയുവിന്റെ മൊത്തത്തിലുള്ള ശേഷി വർദ്ധിപ്പിക്കുന്നതിൽ എൻ‌എച്ച്എസ് പ്രയത്നിച്ചു. അതിനാൽ കാര്യങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുന്നതായി തോന്നുന്നെന്ന് പാട്രിക് കൂട്ടിച്ചേർത്തു. കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിച്ചു നിർത്തുന്ന ജർമ്മനിയിൽ നിന്ന് അനേകകാര്യങ്ങൾ നമുക്ക് പഠിക്കേണ്ടതായിട്ടുണ്ടെന്ന് സർക്കാറിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ 82,074 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. അമേരിക്കയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1970 ആണ്. രാജ്യത്ത് മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി എണ്ണൂറ് പിന്നിട്ടിട്ടുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 4ലക്ഷം പിന്നിട്ടു. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ കോവിഡ് അതിന്‍റെ ഭീകരത ഏറ്റവുധികം പ്രകടമാക്കിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഏറ്റവും പുതുതായി രേഖപ്പെടുത്തപ്പെട്ട എൻഎച്ച്എസ് കണക്കുകൾ പ്രകാരം, കൊറോണ ബാധിതരായവരിൽ ശ്വസിക്കുവാൻ വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന രോഗികളിൽ 66.3 ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നു. ഇന്റെൻസീവ് കെയർ നാഷണൽ അഡൽട്ട് ആൻഡ് റിസർച്ച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ, വെന്റിലേറ്ററിൽ ഉള്ള കോവിഡ് 19 ബാധിച്ച രോഗികളുടെ മരണനിരക്ക് ഇരട്ടി ആയിരിക്കുകയാണ്. എന്നാൽ ഈ വൈറസ് ബാധയ്ക്കു മുൻപ് വെന്റിലേറ്റർ സഹായം ആവശ്യം വരുന്നവരിൽ, ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തിയിരുന്നില്ല. ഇതോടൊപ്പം തന്നെ കൊറോണ ബാധിച്ചു ബ്രിട്ടണിൽ ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ മരണനിരക്ക് 50 ശതമാനത്തിനും ഏറെയായി ഉയർന്നിരിക്കുകയാണ്.

2249 കൊറോണ ബാധിതരുടെ വിവരങ്ങളിൽ നിന്നാണ് ഈയൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 346 പേർ മരണപ്പെടുകയും, 344 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ബാക്കിയുള്ള 1,559 പേർ ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിൽ ചികിത്സയിലാണ്. കണക്കുകൾ പ്രകാരം രോഗം ബാധിച്ചവരിൽ 73 ശതമാനം പേരും പുരുഷന്മാരാണ്. 27% സ്ത്രീകൾക്കു മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്.

രക്ഷപെടുവാൻ സാധ്യതയുള്ള കൊറോണ ബാധിതർക്കു വേണ്ടി മാത്രം വെന്റിലേറ്ററുകൾ മാറ്റി വയ്ക്കുമെന്ന് ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വെന്റിലേറ്ററുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരിൽ ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, രക്ഷപ്പെടുവാൻ സാധ്യതയുള്ളവരെയാണോ ഇത്തരത്തിൽ അഡ്മിറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. അദ്ദേഹത്തെ ഞായറാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനെത്തുടന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി ചികിത്സയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ചുമതലകൾ സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

കോവിഡ് – 19 രാജ്യത്തെ പിടിച്ചു കുലുക്കുകയും ബ്രിട്ടണിലെമ്പാടും ലോക് ഡൗൺ നിലവിൽ വരികയും ചെയ്തതോടുകൂടി സ്റ്റുഡന്റ് വിസയിൽ ബ്രിട്ടണിലുള്ള നിരവധി മലയാളികൾ കടുത്ത പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പലരും ഭക്ഷണം പോലും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനുപുറമേ പലർക്കും കൊറോണ വൈറസ് ബാധയേറ്റത് സ്ഥിതിഗതികൾ വഷളാക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തി കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടമായതാണ് പ്രശ്നങ്ങൾക്ക് കാരണം.

സ്റ്റുഡൻസ് വിസയിൽ എത്തിയവർ പലരും ചെറുകിട റീടെയിൽ ഷോപ്പുകളിൽ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസയിൽ എത്തിയവർക്ക് ഇല്ലെന്നുള്ളത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേബാക്ക്‌ അനുവദിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ കൂടി കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികളുടെ കടുത്ത ഒഴുക്കായിരുന്നു. പലരും വീടും വസ്തുവും പണയപ്പെടുത്തിയാണ് എങ്ങനെയും കടൽകടന്ന് ഒരു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹത്തോടെ യുകെയിൽ എത്തിയത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി സ്ഥിരതാമസമാക്കിയ പലരുടെയും കഥകൾ ഇത്തരക്കാർക്ക് പ്രചോദനം ആവുകയും ചെയ്തു.

എന്നാൽ അവിചാരിതമായി കടന്നുവന്ന കൊറോണ ദുരന്തം ഇവരുടെയെല്ലാം പ്രതീക്ഷകളെ തട്ടിമറിച്ചിരിക്കുകയാണ്. കടുത്ത ജീവിത ചിലവുള്ളതിനാൽ യുകെ പോലുള്ള രാജ്യങ്ങളിൽ പാർട്ട്‌ ടൈം ജോലി എങ്കിലും ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല. സ്ഥിരതാമസക്കാരാകാൻ സാധ്യത കുറവായതിനാൽ വിവിധ സ്ഥലങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്കും ഇവരുടെ കാര്യത്തിൽ താത്പര്യമില്ല. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വിഷമിക്കുന്ന സ്റ്റുഡന്റ് വിസക്കാർക്ക് മലയാളി സംഘടനകളുടെ സഹായം, നാട്ടിൽ പോകാൻ താൽപര്യമുള്ളവർക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലുകളുമാണ് മലയാളി വിദ്യാർഥികളുടെ ആവശ്യം.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ കാലത്തെ സാമ്പത്തിക നേട്ടത്തിനായുള്ള ഉത്സവകാലമാക്കാനുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ. കൊറോണാ കാലത്ത് ജീവൻ പണയം വെച്ച് പോരാടുന്ന നഴ്സുമാരുടെ ശമ്പളം 50 മുതൽ 80 ശതമാനം വരെ ചില സ്വകാര്യ മാനേജ്മെന്റുകൾ വെട്ടിക്കുറച്ചതായി ജാസ്മിൻഷാ ആരോപിച്ചു. 20000 രൂപയും അതിൽ കുറവും മാസ ശമ്പളം ലഭിക്കുന്ന നഴ്സുമാർക്കാണ് ഈ ദുരവസ്ഥ. ഇന്ത്യയിൽ പലയിടത്തും നഴ്സുമാർക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകാതെ ചാവേറാകാൻ ആണ് നേഴ്സുമാരുടെ വിധി.

സമാന വിഷയത്തിൽ മലയാളം യുകെയിൽ വന്ന വാർത്ത

ചില മാനേജ്മെന്റുകൾ കോവിഡ് – 19 രോഗിയാണെന്നുള്ള വിവരം നഴ്സുമാരിൽ നിന്ന് മറച്ചുവെച്ച് ജോലി എടുപ്പിക്കുന്നത് നഴ്സുമാരുടെ ജീവന് ഭീഷണിയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും നഴ്സുമാരിലും ആരോഗ്യപ്രവർത്തകരിലും കോവിഡ് പകരാൻ കാരണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണെന്ന് ജാസ്മിൻഷാ ചൂണ്ടിക്കാട്ടി. മാലാഖ വിളി നിർത്തി മനുഷ്യരായി കണ്ട് നേഴ്സുമാർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നൽകാൻ ജാസ്മിൻഷാ അധികാരികളോട് ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി എട്ടരയോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ആണ് മാറ്റിയതെന്നും ജോൺസന് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ താല്‍ക്കാലികമായി തന്റെ ചുതലകളേല്‍പിച്ച ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പിന്നിൽ ശക്തമായൊരു ടീം സ്പിരിറ്റ് ഉണ്ടെന്ന് സർക്കാറിന്റെ പ്രതിദിന കോവിഡ് -19 മീറ്റിംഗിൽ അദ്ധ്യക്ഷനായ റാബ് പറഞ്ഞു. ജോൺസൺ നിർദ്ദേശിച്ച പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ താനും സഹപ്രവർത്തകരും പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് ചലഞ്ചിലൂടെ ഞങ്ങൾ രാജ്യത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഇതിനെ “ഭീകര വാർത്ത” എന്നാണ് വിശേഷിപ്പിച്ചത്. ബോറിസ് ജോൺസന്റെ തിരിച്ചുവരവിനായി അമേരിക്കൻ ജനതയുടെ പ്രാർത്ഥന ഒപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “എന്റെയും ഈ രാജ്യത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹം.” ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയ്ക്കും ഗർഭിണിയായ അദേഹത്തിന്റെ പങ്കാളി കാരി സൈമണ്ട്സിനും തന്റെ പിന്തുണ ഉണ്ടെന്നും ജോൺസൺ ഇതിലും ശക്തനായി തിരിച്ചു വരവ് നടത്തുമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ജോൺസന്റെ രോഗമുക്തിക്കായി എല്ലാ നല്ല ആശംസകളും അയയ്ക്കുകയാണെന്ന് പറഞ്ഞു. ജോൺസന്റെ മുൻഗാമിയായ തെരേസ മേയും മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ജോൺസന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചു. ഈ അഗ്നിപരീക്ഷയെ അദ്ദേഹം വേഗത്തിൽ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ജോൺസൻ തന്റെ ആരോഗ്യത്തിലേക്ക് വേഗത്തിൽ മടങ്ങിവരട്ടെയെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ ആശംസിച്ചു.

സെന്റ് തോമസ് ഹോസ്പിറ്റലിൽ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ സ്റ്റാഫുകൾ ഉണ്ടെന്നും പ്രധാനമന്ത്രി സുരക്ഷിതമായ കൈകളിലാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 439 പേർ മരണപ്പെട്ടു. ആകെ മരണസംഖ്യ 5,373ലേക്ക് ഉയർന്നു. ഒപ്പം രോഗബാധിതരുടെ എണ്ണവും അരലക്ഷം കടന്നു. ഇന്നലെ 3802 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,608 ആയി. ഈ കണക്കുകൾ ഞായറാഴ്ചത്തേക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ, രോഗിയുടെ ശബ്ദത്തിൽ നിന്നും, ചുമയിൽ നിന്നും മറ്റും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള നൂതന പരീക്ഷണങ്ങൾ ഗവേഷണസംഘം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ജനങ്ങളുടെ ശബ്ദ റെക്കോർഡിങ്ങുകൾ ശേഖരിക്കുന്നതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒരു സൗണ്ട് ആപ്പ് രൂപപ്പെടുത്തിയിരിക്കുകയാണ് . ഇതിൽ ജനങ്ങൾ ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തു കൊണ്ട് സംസാരിക്കുന്ന ശബ്ദവും, ചുമയുടെ ശബ്ദവും റെക്കോർഡ് ചെയ്യണം. തങ്ങളുടെ ശബ്ദ റെക്കോർഡിങ് ഈ രോഗബാധയുടെ നിവാരണത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി പറയുകയും വേണം. ഇതോടൊപ്പം തന്നെ നിരവധി ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ശബ്ദത്തിന്റെ ഉടമ കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയ വ്യക്തിയാണോ, ആണെങ്കിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണോ തുടങ്ങിയ ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശബ്ദം ഉടമയുടെ പ്രായം, ബയോളജിക്കൽ സെക്സ്, മറ്റ് ആരോഗ്യ അവസ്ഥകൾ, പുകവലിക്കുന്ന ആൾ ആണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം തന്നെ ഈ ആപ്പിൽ ഉണ്ട്. യൂണിവേഴ്സിറ്റിയുടെ സെർവറുകളിൽ ശേഖരിക്കപ്പെടുന്ന ഈ ഡേറ്റാ ഉപയോഗിച്ച് പിന്നീട് കോവിഡ് -19 തിന്റെ ഓട്ടോമാറ്റിക് ഡിറ്റക്ഷന് ആവശ്യമായ അൽഗോരിതം രൂപപ്പെടുത്തും.

ആളുകളുടെ ചുമയും, ശബ്ദവുമെല്ലാം കൊറണ ബാധയുടെ കണ്ടെത്തലിന് സഹായകരമാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസർ സെസിലിയ മസ്‌കളോ വ്യക്തമാക്കി. ഈ ആപ്പ് മെഡിക്കൽ സർവീസുകൾ ഒന്നും തന്നെ പ്രദാനം ചെയ്യുന്നില്ല. ഈ ഡേറ്റകൾ രോഗം എങ്ങനെയാണ് പടരുന്നതെന്ന് വെളിവാക്കുമെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.

Copyright © . All rights reserved