Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് രോഗം ബ്രിട്ടന്റെ നിലനിൽപ്പിന് കനത്ത ഭീഷണിയാവുന്നു. രാജ്യത്ത് ഇന്നലെ മാത്രം 260 മരണങ്ങളാണ് ഉണ്ടായത്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷം ബ്രിട്ടനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതുമൂലം മരണസംഖ്യ 1,019 ആയി ഉയർന്നു. ഒപ്പം 2,546 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 17,089 ആയി ഉയർന്നു. സ്കോട്ട്ലൻഡിൽ ഇതുവരെ 40 പേർ മരിച്ചു. വെയിൽസിൽ 38 പേരും വടക്കൻ അയർലണ്ടിൽ 15 പേരും ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ദിനംപ്രതി കുത്തനെ ഉയരുന്ന ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വെള്ളിയാഴ്ചത്തേക്കാൾ 34% അധികം മരണങ്ങളാണ് ഇന്നലെ ഉണ്ടായത്. യുകെയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോവിഡ് -19 സ്ഥിരീകരിച്ചതിന് ശേഷം ഐസൊലേഷനിൽ കഴിയുന്ന ബോറിസ് ജോൺസൺ പറയുന്നു. പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു.

 

 

രോഗികളെ ചികിത്സിച്ച അല്ലെങ്കിൽ അവരോടൊപ്പം കഴിഞ്ഞ ആരോഗ്യ പ്രവർത്തകർക്കും എൻ എച്ച് എസ് ജീവനക്കാർക്കും ടെസ്റ്റുകൾ നടത്തും. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദ്യം മുൻഗണന നൽകും. വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ഇതിനകം പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും വൈറസ് സ്ഥിരീകരിച്ചതിനു ശേഷം സ്വയം ഒറ്റപ്പെട്ട് കഴിയുകയാണ്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയും ഐസൊലേഷനിൽ ആണ്, എന്നാൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ലണ്ടനിലെ എക്‌സെൽ കേന്ദ്രത്തെ താൽക്കാലിക ആശുപത്രിയാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 4000ത്തോളം ആളുകൾക്ക് ഇവിടെ കഴിയാനാകും. നിലവിൽ, പ്രതിദിനം 6,000 ത്തോളം പേരെ പരിശോധിക്കുന്നുണ്ടെങ്കിലും മാർച്ച് അവസാനത്തോടെ ആ സംഖ്യ പ്രതിദിനം 10,000 ആയും ഏപ്രിൽ പകുതിയോടെ 25,000 ആയും ഉയർത്താൻ സർക്കാർ ഒരുങ്ങുന്നു.

ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. 30,851 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 662,967 ത്തിലേക്കുയർന്നു. ഇറ്റലിയിൽ മരണസംഖ്യ 10,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 6,000ത്തിലേക്ക് എത്തുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോടടുക്കുന്നു. അമേരിക്കയിൽ ദ്രുതഗതിയിലാണ് സാമൂഹിക വ്യാപനം നടക്കുന്നത്.ഫ്രാൻസിലും ഇറാനിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 987 ആയി ഉയർന്നു. 24 മരണങ്ങളും ഇതിനകം ഉണ്ടായികഴിഞ്ഞു. കേരളത്തിലെ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3,500 മരണങ്ങളാണ് ലോകത്തുണ്ടായത്. 66000 പുതിയ കേസുകളും ഇന്നലെ ഉടലെടുത്തു. വളരെ വേഗത്തിൽ ഉയരുന്ന കണക്കുകൾ ലോകജനതയെ മുഴുവനും ഭീതിയിലാഴ്ത്തുകയാണ് .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് -19നെതിരെ പോരാടി സ്വന്തം ജീവൻ ത്യാഗം ചെയ്‌ത ആദ്യ ഫാർമസിസ്റ്റായി 33 കാരിയായ പൂജ ശർമ എന്ന ഇന്ത്യക്കാരി. കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 26) ആണ് പൂജ മരണത്തിന്റെ പിടിയിൽ അമർന്നത്.മൂന്ന് ദിവസം മുൻപ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്. തലേ ദിവസം  പൂജയുടെ പിതാവ് സുധീർ (60) കോവിഡ് -19 മൂലം മരണമടഞ്ഞിരുന്നു. ലണ്ടനിലെ ഹീത്രുവിൽ എമിഗ്രേഷൻ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ.

എന്റെ ഓരോ ദിവസത്തെയും മുൻപോട്ട് നയിച്ചിരുന്നത് പൂജയുടെ ഫോൺ വിളികളും, നിസ്വാർത്ഥമായ സ്നേഹ പ്രകടനങ്ങളും ആയിരുന്നു. അവളുടെ തമാശകൾ എന്നെയും സഹപ്രവർത്തകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.. പ്രൈമറി ക്ലാസ്സ്‌  മുതൽ സഹപാഠിയായിരുന്ന അമർജിത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ്.

എന്നാൽ സുധീറും പൂജയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട് വരുന്നത്. സുധീറിന് രോഗം കിട്ടിയ വഴി ഇപ്പോൾ അവ്യക്തമാണ്. ജനവരി 7 മുതൽ മെഡിക്കൽ ലീവിൽ ആയിരുന്നു സുധീർ. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഉള്ള വ്യക്തി ആയിരുന്നു സുധീർ. എന്നാൽ അടുത്തായി ജോലിക്ക് തിരിച്ചു കയറിയിരുന്നു പരേതനായ സുധീർ. ഭർത്താവിന്റെയോ മകളുടെയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവാതെ നിസ്സഹായായി നോക്കിനിൽക്കുന്ന സുധീറിന്റെ ഭാര്യയുടെ അവസ്ഥ മറ്റുള്ളവരുടെ വേദന വർദ്ധിപ്പിക്കുന്നു.

പൂജയുടെ മരണത്തോടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കോവിഡ്- 19 വരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയേറുകയാണ്.

പിടിച്ചുകെട്ടാൻ പറ്റാത്ത യാഗാശ്വം ആയി കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലെ ഒട്ടുമിക്കവരും യുകെയിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.  മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ് എന്ന ആരോപണം നിലനിൽക്കുന്നു. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തു ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്.

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വസന്തകാലം അവസാനിച്ച ബ്രിട്ടനിൽ വേനൽക്കാലം തുടങ്ങുന്നതിനാൽ മാർച്ച് 29 ഞായറാഴ്ച ഒരുമണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് പോകാൻ തുടങ്ങും. പക്ഷെ ഈ മാറ്റം ആരു ശ്രദ്ധിക്കാൻ. കൊറോണാ വൈറസിനെ പശ്ചാത്തലത്ത്തിലുള്ള ലോക് ഡൗണിൽ ജീവൻ രക്ഷിക്കാനായി ജീവിതം വീട്ടിൽ ഒതുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ, സമയത്തിന്റെ അർത്ഥം എന്നേ നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

നമ്മൾ ഞായറാഴ്ച ഉണരുമ്പോൾ ഇത് ഞായറാഴ്ച ആണെന്ന് പോലും നമ്മൾ തിരിച്ചറിഞ്ഞേക്കില്ല. എഴുന്നേൽക്കാൻ ഒരു മണിക്കൂർ താമസിച്ചാലും വലിയ പ്രശ്നങ്ങൾ ഇല്ല കാരണം കിടക്കയിൽ നിന്ന് തന്നെ ജോലി ചെയ്യുന്ന സമ്പ്രദായം ഇന്ന് ആയിക്കഴിഞ്ഞു.

ഓരോ ദിവസവും മുമ്പുള്ള ദിവസത്തിന്റെ തനിയാവർത്തനം ആകുമ്പോൾ സമയത്തിന്റെ പ്രസക്തി എവിടെയാണ്. ഓരോ ദിവസവും അനന്തമായ കോളുകളും ഹൗസ് പാർട്ടിമീറ്റിംഗ് സെക്ഷൻസുമായി നിറഞ്ഞുനിൽക്കുമ്പോൾ സമയക്രമത്തിൽ ഉള്ള ഈ മാറ്റം നമ്മെ പണ്ടേപോലെ ബാധിക്കുന്നില്ല.

വളരെ താമസിയാതെ തന്നെ സമയക്രമത്തിലുള്ള ഈ മാറ്റം നമ്മളിൽനിന്ന് അകപ്പെടും. വൈകാതെ ക്ലോക്കുകളിലുള്ള ഈ സമയമാറ്റം നിർത്താനാണ് യൂറോപ്യൻ പാർലമെന്റ് തീരുമാനം.

യുകെയും സമയമാറ്റത്തിൽ പങ്കെടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞതിനാൽ ആവശ്യമെങ്കിൽ ഇപ്പോഴത്തെ സമയ രീതിയോട് ചേർന്ന് നിൽക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ നടപടി അയർലൻഡ് ദീപിൽ പ്രശ്നങ്ങൾക്ക് വകവെക്കാൻ സാധ്യതയുണ്ട്. കാരണം വളരെ അടുത്തായിരുന്നാലും വടക്കൻ അയർലൻഡും വടക്കൻ റിപ്പബ്ലിക് ഓഫ് അയർലൻഡും രണ്ട് വ്യത്യസ്ത സമയം ഉപയോഗിക്കുന്നതായി വരും.

ആതിനാൽ ഈ അവസരത്തിലെങ്കിലും യുകെ, യൂറോപ്യൻ യൂണിയൻ ചെയ്യുന്നത് പിന്തുടരാനാണ് സാധ്യത. നിലവിൽ യൂറോപ്യൻ യൂണിയൻ 3 സമയം മേഖലയിലാണ് വ്യാപിച്ചിരിക്കുന്നത്. യുകെ, പോർച്ചുഗൽ, അയർലൻഡ്, എന്നീ രാജ്യങ്ങൾ ഗ്രീൻവിച് മീൻ ടൈമിലാണ് ഉൾപ്പെടുന്നത്.

യൂറോപ്യൻ യൂണിയന്റെ നിർദ്ദേശമനുസരിച്ച് അംഗരാജ്യങ്ങൾക്ക് സ്ഥിരമായി ശീതകാലം അല്ലെങ്കിൽ സ്ഥിരമായ വേനൽക്കാല സമയം തിരഞ്ഞെടുക്കാൻ കഴിയും. ഇതുവഴി സ്പെയിനും അയൽരാജ്യങ്ങളായ പോർച്ചുഗനലിലേയും അയർലണ്ടിലേയും യുകെയിലേയും സമയക്രമത്തിലേക്ക് സ്ഥിരമായി മാറാൻ സാധിക്കും.

 

ന്യൂസ് ഡെസ്ക്ക്. മലയാളം യുകെ.

കോവിഡ്- 19 ലോകത്തെ ജനങ്ങളെയും സാമ്പത്തിക മേഖലയെയും കാർന്നു തിന്നുകൊണ്ട് രോഗം പടരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണ നിരക്കിനെ പിടിച്ചു നിർത്തുന്നതിനും രോഗ പകർച്ച തടയുന്നതിനുമായി യുകെ സർക്കാർ ഒരു സമ്പൂർണ്ണ ഷട്ട് ഡൗൺ പ്രഖ്യപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അത്യവശ്യമില്ലാത്ത മിക്ക കമ്പനികൾ അടക്കുകയോ, വർക്ക് ഫ്രം ഹോം ആക്കുകയോ ചെയ്തിരിക്കുകയാണ്‌. എന്നാൽ ഇതുമൂലം വളരെയധികം തൊഴിൽ നഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നറിവുള്ളതുകൊണ്ടാണ് ഷട്ട് ഡൗൺ പ്രഖ്യപിച്ചതിനൊപ്പം സാമ്പത്തിക പാക്കേജ് കൂടി സർക്കാർ പ്രഖ്യപിച്ചത്.

അങ്ങനെ യുകെ ഗവൺമെന്റ് മുന്നോട്ട് വച്ച ഒന്നാണ് മോർട്ടഗേജ് പേയ്മെന്റ് ഹോളിഡേ. മൂന്ന് മാസത്തേക്ക് മോര്‍ട്ട്ഗേജ് അടക്കുന്നതില്‍ അവധി നല്‍കുകയാണ് മോര്‍ട്ട്ഗേജ് ഹോളിഡെ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ക്രിയാത്‌മകമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു പ്രധാനമന്ത്രി ബോറിസ് ജോൺസൻ തഥവസരത്തിൽ. ബാങ്കുകളുടെ ഇമെയിൽ എല്ലാവർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പേയ്മെന്റ് ഹോളിഡേയിൽ ഒളിഞ്ഞിരിക്കുന്ന നല്ല വശങ്ങളെയും അതോടൊപ്പം ഉണ്ടാകാവുന്ന വിവരീതഫലങ്ങളെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കും.

പ്രഖ്യപനം അനുസരിച്ചു വരുന്ന മൂന്ന് മാസത്തേയ്ക്ക് മോർട്ഗേജ് അടയ്ക്കേണ്ടതില്ല. ഇതിനുവേണ്ടി ഫോൺ വിളിക്കാൻ ശ്രമിക്കാതെ അയച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ, അതുമല്ലെങ്കിൽ നേരിട്ടോ നമ്മുടെ മോർട്ഗേജ് അക്കൗണ്ടിൽ കയറി വളരെ സിമ്പിൾ ആയിട്ടുള്ള ചോദ്യാവലി പൂരിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. തുടർന്ന് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്ക് തിരിച്ചു കൺഫെർമേഷൻ ടെക്സ്റ്റ് മെസ്സേജ് വഴി അറിയിക്കുന്നതാണ്. ഓരോ ധനകാര്യ സ്ഥാപനങ്ങളുടെയും തീരുമാനത്തിന് എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും എന്ന് ഓർക്കുക.

എന്താണ് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) ?

പൂർണ്ണമായി ഒരു മോർട്ഗേജ് തിരിച്ചടക്കുന്നതിൽ നിന്ന് മൂന്ന് മാസം വരെ വിട്ടു നിൽക്കുന്ന പ്രക്രിയ ആണ് ഇത്. എന്നാൽ ഈ പേയ്മെന്റ് വിട്ടു നിൽപ്പിന് മുൻ‌കൂർ ആയി മോർട്ഗേജ് അനുവദിച്ച ബാങ്ക്, ബിൽഡിങ് സൊസൈറ്റികൾ എന്നിവ നിങ്ങൾക്ക് തന്നിരിക്കുന്ന ഓൺലൈൻ അപേക്ഷകൾ പൂരിപ്പിച്ചു സമർപ്പിക്കുകയും തുടർന്ന് അതാത് ധനകാര്യ സ്ഥാപനങ്ങളുടെ കൺഫെർമേഷൻ ലഭിച്ചിരിക്കുകയും ചെയ്യണം. ഡയറക്റ്റ് ഡെബിറ്റ് ആണ് എങ്കിൽ ഒന്നും ചെയ്യേണ്ടിവരില്ല എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഓർക്കുക കൺഫെർമേഷൻ ലഭിക്കുന്നതിന് മുൻപേ പേയ്മെന്റ് നിർദ്ദേശം ക്യാൻസൽ ചെയ്യാൻ പാടുള്ളതല്ല. ഓർക്കുക ക്യാൻസൽ ചെയ്‌താൽ മൂന്ന് മാസത്തിന് ഉള്ളിൽ പുനഃസ്ഥാപിക്കേണ്ട ചുമതലയും നമ്മിൽ നിക്ഷിപ്തമാണ്. ( ക്യാന്സലേഷൻ ചെയ്യുന്നതിന് മുൻപായി അതാത് ബാങ്കുകൾ നിങ്ങൾക്ക് അയച്ച നിർദ്ദേശത്തിന് അനുസൃതമായി മാത്രമേ ചെയ്യാൻ പാടുള്ളു… ബാങ്കുകൾ അനുവർത്തിക്കുന്ന രീതികൾ വിവിധ തരത്തിലുള്ളതായിരിക്കും എന്ന് ഓർമ്മ വെയ്ക്കുക.)

അതിൻ പ്രകാരം കുടിശ്ശിക വരുന്ന തുക ബാങ്കുകൾ വീണ്ടും കണക്ക് കൂട്ടി മൂന്ന് മാസത്തിന് ശേഷം അടക്കേണ്ട തുക എത്രയെന്ന് നിങ്ങളെ അറിയിക്കുന്നതാണ്.  മോർട്ഗേജ് പീരിയഡിലെ അവശേഷിക്കുന്ന മാസ തവണകളിൽ
പരിമിതമായ നിയമ വ്യവസ്ഥകൾ പ്രകാരം മുതലിനോട് ചേർത്ത് തുല്യമായി വിഭജിച്ച് ഈടാക്കുകയാണ് ചെയ്യുക എന്നാണ് ബാങ്കുകൾ പങ്ക് വയ്ക്കുന്ന വിവരം. ഇപ്പോൾ ഓരോ മാസവും അടച്ചു കൊണ്ടിരിക്കുന്ന മാസവരിയിൽ ഒരു ചെറിയ വർദ്ധനവ് ഉണ്ടാകുമെന്ന് സാരം. കോവിഡ്- 19 ലോകം മുഴുവൻ പകർന്ന് പിടിക്കുമ്പോൾ ബ്രട്ടീഷ് ഗവൺമെൻ്റിൻ്റെ ഈ പുതിയ നയത്തിനെ സ്വാഗതം ചെയ്യുകയാണ് യുകെയിലെ മലയാളികൾ. യുകെയിലെ നല്ലൊരു ശതമാനം മലയാളി കുടുംബങ്ങൾക്ക് ആശ്വാസമാകും എന്നാണ് കരുതുന്നത്.

പെയ്മെൻ്റ് ഹോളിഡേ (Payment Holiday) എടുക്കാൻ ഞാൻ അർഹനാണോ?

തീർച്ചയായും സാധിക്കും. ചെറിയ നിബന്ധനകൾ മാത്രം. ഒന്നാമത് ജോയിൻ്റ് മോർട്ഗേജ് ആണെങ്കിൽ അതിൽ ഉള്ള എല്ലാവരുടെയും സമ്മതം ഉണ്ടായിരിക്കണം. നിലവിൽ കുടിശിഖ ഉണ്ടാവുകാൻ പാടില്ല. ഏതെങ്കിലും തരത്തിൽ കുടിശിഖ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ബാങ്കുകൾ മറ്റു മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഓവർ പേയ്മെന്റ് ഉണ്ടെങ്കിൽ അത് മാറ്റുന്നതിനോ, പലിശ മാത്രം കൊടുക്കുന്ന വിധത്തിലേക്കോ മാറ്റാൻ അവസരം നൽകുന്നു എന്നാണ് അറിയുന്നത്. ഇതിന് ബാങ്കുമായി സംസാരിക്കേണ്ടിവരും എന്ന് മാത്രം.

ഭാവിയിലുള്ള തിരിച്ചടവിനെ ഇത് എങ്ങനെ ബാധിക്കും?

ഉദാഹരണം. നിലവിലുള്ള കുടിശിഖ £100,000വും പലിശ നിരക്ക് 2.7% ഉം തിരിച്ചടയ്ക്കാനുള്ള കാലാവധി 20 വർഷവുമാണെനിരിക്കെ നിലവിൽ മാസമടയ്ക്കേണ്ടത് £541.84 ആണ്. ഇതേ കണക്കനുസരിച്ച് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) കാലാവധിക്ക് ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ടത് £548.00 ആണ്. ഫലത്തിൽ £6.16 ൻ്റെ വർദ്ധനവേ മാസത്തിൽ ഉണ്ടാകുന്നുള്ളൂ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ വളരെ ചെറിയ തുകയുടെ ബാധ്യതയേ ഓരോരുത്തർക്കും ആവുകയുള്ളൂ.

പെയ്മെൻ്റ് ഹോളിഡേയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

നേരിട്ട് ഫോൺ വിളിച്ചും ഓൺ ലൈനുമായി ആപ്ലിക്കേഷൻ ആയ്ക്കാം. ഫോണിലെ തിരക്കുകൾ കാരണം ഓൺലൈനായി ആപ്ലിക്കേഷൻ അയ്ക്കുന്നതിനാണ് മോർട്ഗേജ് കമ്പനികൾ മുൻഗണന നല്കുന്നത്. 2 മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതില്ല. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്കിൻ്റ മറുപടി ഇമെയിലായിട്ടോ ടെസ്റ്റ് മെസ്സേജായിട്ടൊ അറിയ്ക്കും. ഏതെങ്കിലും കാരണത്താൽ പെയ്മെൻ്റ് ഹോളിഡേയ്ക്ക് അർഹരാകുന്നില്ലങ്കിൽ അവരെ സഹായിക്കാൻ ഓരോ ബാങ്കുകളും അവരുടെ ഹെൽപ്പ് ലൈൻ നമ്പരുകളും ഇതിനോടകം പ്രസിദ്ധിപ്പെടുത്തിക്കഴിഞ്ഞു. എല്ലാം വിവരങ്ങളും അതാത് മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

പെയ്മെൻ്റ് ഹോളിഡേ എടുത്താൽ വരും കാലങ്ങളിലെ ക്രഡിറ്റ് സ്കോറിൽ ദോഷം ചെയ്യുമോ?

ഒരിക്കലുമില്ല. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് ഇതുമായി ഒരു അറിയിപ്പും കൊടുക്കുന്നില്ലാത്തതിനാൽ  ക്രഡിറ്റ് സ്ക്കോറിനെ ഇത് ബാധിക്കുകയില്ല.

പെയ്മെൻ്റ് ഹോളിഡേ പാക്കേജിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരവരുടെ മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഇതിനോടകം യുകെയിലെ പല മലയാളി കുടുംബങ്ങളും ഈ പുതിയ അവസരം പ്രയോജനപ്പെടുത്തിക്കഴിഞ്ഞെന്ന് മലയാളം യുകെയ്ക്ക് അറിയുവാൻ കഴിഞ്ഞു. ഹാലിഫാക്സ് ബാങ്കിൽ നിന്ന് ഇന്ന് രാവിലെ ഒരു യുകെ മലയാളിയ്ക്ക് ലഭിച്ച മെസേജ് ചുവടെ കൊടുക്കുന്നു.

The request for a payment holiday has been granted on your account. Payments will not be required for the following months: April May June. If you currently pay by direct debit there is no further action to take, it is your responsibility to cancel any other methods of payments and re-instate at the end of the payment holiday. We will write to you to confirm your new monthly payment in the last month of your payment holiday.

ക്രെഡിറ്റ് കാർഡുകൾ.

യുകെയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാക്കളായ എം ബി എൻ എ (MBNA,) ഹാലിഫാക്സ് എന്നീ കമ്പനികൾ പേയ്മെന്റ് ഹോളിഡേകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിന്റെ പൂർണ്ണ അധികാരം അതാത് ബാങ്കുകൾ തീരുമാനിക്കും പ്രകാരമാണ്. മൂന്ന് മാസത്തെ പേയ്മെന്റ് ഹോളിഡേ എല്ലാവരും നൽകുന്നത്. ഇവിടെയും മുൻ‌കൂർ അനുമതി ലഭിക്കേണ്ടതുണ്ട്. വേണ്ടവർ അക്കൗണ്ടിൽ ലോഗിൻ ചെയ്തത് അപേക്ഷിക്കേണ്ടതാണ്. തീരുമാനം ബാങ്ക് പിന്നീട് അറിയിക്കുന്നു.

തിരിച്ചടവ് മുടങ്ങിയാലും ഫൈൻ ഈടാക്കുന്നതല്ല എന്ന് എം ബി എൻ എ അറിയിക്കുന്നു. എന്നാൽ ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും എന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് മിസ് പേയ്‌മെന്റുകൾ വരാതെ എല്ലാവരും സൂക്ഷിക്കുക. ഇത്തരത്തിൽ പേയ്മെന്റ് ഹോളിഡേ എടുക്കുന്നവർ ഇനി പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ പേയ്മെന്റ് ഹോളിഡേ എടുക്കുകയും ഈ മൂന്ന് മാസത്തെ കാലാവധിക്കുള്ളിൽ നിങ്ങളുടെ ബാലൻസ് ട്രാൻഫർ, മണി ട്രാൻഫർ കാലാവധി തീരുകയും ചെയ്‌താൽ ഓഫർ തീർന്ന് സ്റ്റാൻഡേർഡ് പലിശ നിരക്കിലേക്ക് മാറാൻ സാധ്യത കൂടുതൽ ആണ്. സാധാരണ ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾ 18 ശതമാനം മുതൽ 50 ശതമാനം വരെ ഉണ്ടെന്ന് ഓർക്കുക. ഓരോരുത്തരുടെയും പലിശ നിരക്കുകൾ വ്യത്യസ്തമാണ്. അതുകൊണ്ട് ഇതുമായിബന്ധപ്പെട്ട്  ബാങ്കുകളുമായി സംസാരിച്ചു മാത്രം പേയ്മെന്റ് ഹോളിഡേ എടുക്കുക.

HSBC അക്കൗണ്ട് ഉള്ളവർക്ക് 300 പൗണ്ട് വരെയുള്ള ഓവർ ഡ്രോൺ തുകക്ക് പലിശ ഈടാക്കുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒരു ഹ്രസ്വകാലതേക്ക് മാത്രമുള്ള ക്രമീകരണമാണ്. എന്നാൽ ഒരു അവസാന തിയതി പറയാതെ ഇനി ഒരു നോട്ടീസ് ഉണ്ടാകുന്നത് വരെ എന്നാണ് ഇമെയിൽ പറയുന്നത്. ഇത് ഓട്ടോമാറ്റിക് ആയി ചെയ്തിട്ടുണ്ട് എന്നും ഇതിനായി അക്കൗണ്ട് ഉള്ളവർ ഒന്നും ചെയ്യേണ്ടതില്ല എന്നും അവർ ഓർമ്മപ്പെടുത്തുന്നു. ഇത് ഓവർ ഡ്രാഫ്റ്റ് ഉള്ളവരുടെ തുകയുടെ പരിധി വർദ്ധിപ്പിക്കുക അല്ല എന്നും ബാങ്ക് വെളിപ്പെടുത്തുന്നു.  അതോടൊപ്പം തന്നെ കോണ്ടാക്‌ട് ലെസ്സ് പേയ്മെന്റ് പരിധി 45 പൗണ്ട് ആയി ഉയർത്തുകയും ചെയ്‌തു. നോട്ട് ഉപയോഗിക്കുന്നതിലൂടെ വൈറസ് പടരുന്നത് തടയാൻ കൂടിവേണ്ടിയാണ് ഇത് നടപ്പിലാക്കിയത്.

ഡോ. ഐഷ വി

ഒരു ദിവസം സ്കൂളിൽ നിന്നുംവീട്ടിൽ എത്തിയപ്പോൾ അമ്മ ചക്ക വരട്ടിയത് വച്ച് പായസം ഉണ്ടാക്കിയത് തന്നു. നല്ല രുചിയുണ്ടായിരുന്നു. വല്യമ്മച്ചി അയച്ചു തന്നതാണെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചിയെ എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്ക് വേണ്ടി ചക്ക വരട്ടിയതും വറുത്തതും കഷ്ടപ്പെട്ടുണ്ടാക്കി ടിന്നുകളിൽ നിറച്ച് കൊല്ലത്തുനിന്നും കാസർഗോട്ടേയ്ക്ക് പാഴ്സലായി അയച്ച വല്യമ്മച്ചിയോട് എനിയ്ക്ക് മധുരമുള്ള സ്നേഹം തോന്നി.

അച്ഛൻ വന്നപ്പോൾ അമ്മ ചക്കപ്പായസവും ചക്കവറുത്തതും എടുത്തു കൊടുത്തിട്ട് കാര്യങ്ങൾ പറഞ്ഞു. അന്യനാട്ടിൽ കിടക്കുന്ന നമ്മുക്കായി വല്യമ്മച്ചി ഒറ്റയ്ക്ക് എത്ര കഷ്ടപ്പെട്ടായിരിക്കും ചക്കവരട്ടിയും ചക്ക വറുത്തതും ഉണ്ടാക്കി അയച്ചിരിക്കുക എന്ന് . കൃഷിപ്പണിയും മറ്റും ധാരാളമുള്ള കുടുംബത്തിൽ ആ തിരക്കിനിടയിൽ മണിക്കൂറുകൾ ചിലവിട്ട് ഉണ്ടാക്കിയതാണത്.
എതായാലും ഞങ്ങൾ കുട്ടികൾക്ക് കുറേ ദിവത്തേയ്ക്ക് കുശാലായി. ചക്ക വരട്ടിയതും ചക്ക വറുത്തതുമൊക്കെ ഞങ്ങൾ കഴിച്ചു തീർത്തു. പിൽക്കാലത്ത് പഴുത്ത ചക്കയിൽ ശർക്കരയും ഏലയ്ക്ക യുമെല്ലാം ചേർത്ത് അമ്മ എല്ലാ ചക്കക്കാലത്തും ഞങ്ങൾക്ക് ചക്ക വരട്ടിയത് തയ്യറാക്കി തന്നിട്ടുണ്ട്. വളർന്നപ്പോൾ ഞാന്തം ചക്ക വരട്ടിയത് ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അപ്രതീക്ഷിതമായി വല്യമ്മച്ചിയുടെ സ്നേഹത്തിൽ ചാലിച്ച് പാഴ്സലായെത്തിയ ചക്ക വരട്ടിയതിന്റേയും ചക്ക വറുത്തതിന്റേയും രുചി ഒളിമങ്ങാത്ത ഓർമ്മയാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തിനുമേൽ മഹാമാരിയായി പതിച്ച കോവിഡിന് അന്ത്യമുണ്ടോ? ലോകത്തിലെ എല്ലാ ജനങ്ങളും ഇപ്പോൾ ഉറ്റുനോക്കുന്ന വസ്തുതയാണത്. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ഇപ്പോൾ ലോകത്തിലെ വൻ രാജ്യങ്ങളെ കാർന്നുതിന്നുകയാണ്. ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ആറ് ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലി, അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാണ്. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 1695 മരണങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളെങ്കിലും കേസുകൾ ഏറുന്നത് മൂലം മരണസംഖ്യ എത്രവേണേലും ഉയർന്നേക്കാം. കേസുകളുടെ എണ്ണത്തിൽ ഇറ്റലി, ചൈനയ്ക്കും മുമ്പിലെത്തി. 86, 500 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 9134 മരണങ്ങളാണ് ഇറ്റലിയിൽ ഉണ്ടായത്. രാജ്യത്തിന്റെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും തച്ചുടയ്ക്കുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത് . ഇറ്റലിക്ക് ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. സ്പെയിനിൽ മരണസംഖ്യ 5000 കടന്നു.

ജർമനിയിൽ കേസുകൾ അരലക്ഷം കടന്നു. ഫ്രാൻസിലും ഇറാനിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യം സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 92 പേരാണ് ബ്രസീലിൽ മരിച്ചത്. യു.എ.ഇയിൽ 72 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 405 ആയി. മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ക്ഡൗൺ നടപടിയിലാണ്. ഈ സമയത്ത് ജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസ്‌ നിർദേശങ്ങൾ പങ്കുവച്ചു. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക, മദ്യപാനവും പുകവലിയും നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക, വീടുകളിൽ നൃത്തം, യോഗ തുടങ്ങിയവയിൽ ഏർപ്പെടുക. പടികൾ കയറുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക, പുസ്തകം വായിക്കുക, പാട്ട്‌ കേൾക്കുക, കളികളിൽ ഏർപ്പെടുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം നൽകുകയുണ്ടായി. കോവിഡ്‌ നമ്മളിൽനിന്ന്‌ ധാരാളം നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നുചേരാനും ഒരുമിച്ച്‌ പഠിക്കാനും വളരാനും അത്‌ അവസരമുണ്ടാക്കുന്നെന്നും തെദ്രോസ്‌ കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രി ബോറിസ് ജോൺസണും,ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ജനങ്ങൾ കനത്ത ആശങ്കയിലാണ്. ബ്രിട്ടനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. 14,543 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 759 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം.

 

 

സ്വന്തം ലേഖകൻ

പുതിയ നടപടിയോടൊപ്പം പുതിയ എൻഎച്ച്എസ് നൈറ്റിംഗേൽ ആശുപത്രിയിൽ ആറ് ആഴ്ചവരെ സൈറ്റിൽതുടരണം എന്ന് ഡോക്ടർമാരോട് ആവശ്യപ്പെടും. ഇംഗ്ലണ്ടിലെ ലണ്ടൻ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറാക്കിയ നടപടികളുടെ പട്ടിക പിന്നീട് മാധ്യമങ്ങളോട് എൻഎച്ച്എസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 759 ആയി ഉയർന്നതിനെ തുടർന്നാണിത്.

ആശുപത്രിയിൽ എത്തിയ ഡോക്ടർമാർ 6 ആഴ്ച വരെ അവിടെ ജോലി ചെയ്യണം . ഇപ്പോഴത്തെ രോഗികളെ നിരക്കിനനുസരിച്ച് അഞ്ചു ദിവസമെങ്കിലും ഇടതടവില്ലാതെ ജോലി ചെയ്യേണ്ടതുണ്ട്. അതേസമയം പകർച്ചവ്യാധി ഉയരുന്ന ഈ സമയത്ത് എൻഎച്ച്എസ് തങ്ങളുടെ റീജണൽ ചീഫ് നഴ്സുമാരുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രപരിചരണ വാർഡുകളിൽ നഴ്സുമാർക്ക് ചികിത്സിക്കാൻ കഴിയുന്ന രോഗികളുടെ എണ്ണത്തെക്കുറിച്ചും രണ്ടു പേർക്കെങ്കിലും വെന്റിലേറ്റർ ഉപയോഗിക്കാൻ പറ്റുന്നതിനേക്കുറിച്ചുമുള്ള നടപടികളും എൻഎച്ച്എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സകളുടെയും പരീക്ഷണങ്ങളുടെയും ശേഷി ഏഴ് മടങ്ങായി വർധിച്ചിട്ടുണ്ടെന്നും എൻഎച്ച്എസ് പ്രൊവൈഡറിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ക്രിസ് ഹോപ്പ്സൺ പറഞ്ഞു.

സ്വന്തം ലേഖകൻ

കൊറോണ വൈറസിനെ പറ്റിയുള്ള ചിന്തകൾ ബ്രിട്ടനിലെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി ചൈൽഡ് ലൈനിൽ റിപ്പോർട്ടുകൾ. ലോകത്തെമ്പാടുമുള്ള അഞ്ചു ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണാ വൈറസിനെ കുറിച്ച് ആശങ്കാകുലരായ കുട്ടികൾക്ക് ഏകദേശം 900 ത്തിലധികം കൗൺസിലിംഗ് ക്ലാസുകൾ നടത്തിയതായി ചൈൽഡ് ലൈൻ കൗൺസിലിംഗ് സർവീസ് പറയുന്നു. ചൈൽഡ് ലൈൻ സെക്ഷനുകൾ ഏകദേശം മൂന്നിൽ രണ്ടുഭാഗവും മാർച്ച് 16 നും 22 നും ഇടയിലാണ് നടന്നിരിക്കുന്നതെന്നും ഏകദേശം 121 കോളുകളാണ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ സ്കൂളുകൾ അടയ്ക്കുന്നതിനായി പ്രഖ്യാപനം നടത്തിയ മാർച്ച് 18ന് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ.

ഈ ആഴ്ചയിലെ 50 സെക്ഷനുകളിൽ അധികവും വൈറസിനെക്കുറിച്ച് ആശങ്ക ഉണ്ടായി ആത്മഹത്യാ പ്രവണത കാട്ടിയ കുട്ടികളോട് ഒപ്പമായിരുന്നുവെന്നും ചാരിറ്റി അറിയിച്ചു. ഒരു പെൺകുട്ടി ഹെൽപ് ലൈനിനോട് വിളിച്ച് ഇപ്രകാരമാണ് പറഞ്ഞത് “എനിക്കും എന്റെ അമ്മയ്ക്കും വളരെ നല്ല ബന്ധമാണുള്ളത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് പണ്ടേ പോലെ കെട്ടിപ്പിടിക്കാനും അടുത്തിടപഴകാനും സാധിക്കുന്നില്ല. ഇത് മാസങ്ങളോളം നീളും എന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു. കൊറോണാ വൈറസിനെ കുറിച്ച് അമ്മ സംസാരിക്കുന്നത് എന്റെ ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യുന്നു.”

വീടുകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ കൂട്ടുകാരും സ്കൂളും ആണ് ആശ്വാസം പകരുന്നത്. എന്നാൽ കോവിഡ് -19ന്റെ വ്യാപനം തടയാൻ ഉള്ള നിയന്ത്രണങ്ങൾ കാരണം ഇവർ ശരിക്കും ഒറ്റപ്പെടാൻ തുടങ്ങിയിരിക്കുന്നു. ചൈൽഡ് ലൈൻ സ്ഥാപകനായ ഡാം എസ്തർ റാന്റസെൻ പറയുന്നു: “ചിലപ്പോഴൊക്കെ ചെറുപ്പക്കാർക്ക് അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ ബുദ്ധിമുട്ടാണ്. അവരെ കൂടുതൽ വിഷമിപ്പിക്കാതിരിക്കാനാണിത്. ” എന്നാൽ കുടുംബങ്ങൾ ഒരുമിച്ച് അവരുടെ വികാരങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

സ്കൂൾ, സുഹൃത്തുക്കൾ തുടങ്ങിയ കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന കണ്ണികൾ വിച്ഛേദിക്കപ്പെടുമ്പോൾ അവരിലെ എകാന്തതയും ദുർബലതയും ആണ് വർധിക്കുന്നത്. നിലവിലെ പ്രതിസന്ധികൾ അവരുടെ മാനസിക ആരോഗ്യത്തെ രൂക്ഷമാക്കുന്നുവെന്ന് തങ്ങൾ മനസ്സിലാക്കുന്നു എന്നും ഗവൺമെന്റ് വക്താവ് പറയുന്നു.

സ്വന്തം ലേഖകൻ

ചൈന : ദേശീയ ഡിജിറ്റൽ കറൻസിയുടെ സർക്കുലേഷനായി ചൈന നിയമങ്ങൾ തയ്യാറാക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ അടിസ്ഥാന വികസനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനോട് കൂടുതൽ അടുക്കുന്നുവെന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഇപ്പോൾ സർക്കുലേഷനായി നിയമനിർമ്മാണം നടത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ യുവാൻ എങ്ങനെയായിരിക്കുമെന്ന് നിരവധി പേറ്റന്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ലോകമെമ്പാടുമുള്ള കൂടുതൽ സെൻ‌ട്രൽ ബാങ്കുകൾ‌ പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകന്നതിനാൽ ചൈന, അവരുടെ ഡിജിറ്റൽ കറൻസിയുടെ ആരംഭം ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ പി‌ബി‌ഒസി അതിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത് ത്വരിതപ്പെടുത്തണമെന്ന് സിംഗ്ഹുവ സർവകലാശാലയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്‌ചെയിനിന്റെ ഡയറക്ടർ കാവോ യാൻ പറഞ്ഞു. ഡിജിറ്റൽ യുവാൻ ഏറെക്കുറെ തയ്യാറാണെന്ന് സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മു ചാങ്ചുൻ 2019 ഓഗസ്റ്റിൽ പറയുകയുണ്ടായി. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ ഗവേഷണം, പരിശോധന, പരീക്ഷണങ്ങൾ, വിലയിരുത്തലുകൾ, അപകടസാധ്യത തടയൽ എന്നിവ ആവശ്യമാണെന്ന് ഗവർണർ യി ഗാംഗ് പിന്നീട് വ്യക്തമാക്കി.

ചൈനയുടെ സെൻട്രൽ ബാങ്ക്, ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ഏകദേശം 84ഓളം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അലിബാബ, ടെൻസെന്റ്, ഹുവാവേ, ചൈന മർച്ചന്റ്സ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ ചൈനയുടെ ഡിജിറ്റൽ കറൻസിയുടെ വികസനത്തിൽ പങ്കാളികളായിട്ടുണ്ട്. ഇഷ്യു, ട്രാൻസാക്ഷൻ റെക്കോർഡിംഗ്, ഡിജിറ്റൽ വാലറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുടെ നിരവധി മേഖലകൾ ഈ പേറ്റന്റുകൾ ഉൾക്കൊള്ളുന്നു.

ലണ്ടൻ: കൊറോണ പ്രതിരോധ കവചം ഭേദിച്ചു ലോകമെങ്ങും പടരുകയാണ്. എല്ലാ രാജ്യങ്ങളും സർവ്വ ശക്തിയുമായി പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്‌തിട്ടും മഹാമാരിയുടെ പകർച്ച ഇപ്പോഴും നടക്കുന്നു. നോക്കി നിൽക്കുമ്പോൾ രോഗം മിക്ക രാജ്യങ്ങളിലും പിടിമുറുക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‌ കൊറോണ സ്ഥിരീകരിച്ചതോടെ മന്ത്രിസഭയിലെ എത്ര പേർക്ക് പകർന്നിട്ടുണ്ടാകും എന്ന പരിശോധനയിലാണ് ഭരണനേതൃത്വം. പ്രധാനമന്ത്രി രോഗബാധിതനായതോടെ എല്ലാ ദിവസവും നടക്കുന്ന വാർത്താസമ്മേനത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി മൈക്കിൾ ഗോവിന് നൽകിയിരിക്കുകയാണ്. ഇന്നത്തെ വാർത്താസമ്മേനത്തിൽ അറിയിച്ചതുപോലെ മൂന്നോ നാലോ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുകയാണ് എന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ ഐസൊലേഷനിൽ ആണ് ഇപ്പോൾ ഉള്ളത്.

യുകെയിലെ മരണസംഖ്യ ഇന്ന് 181 വർദ്ധിച്ച് ആകെ മരിച്ചവരുടെ എണ്ണം 759 ലേക്ക് എത്തിയിരിക്കുന്നു.

ബിർമിങ്ഹാമിലുള്ള നാഷണൽ എക്സിബിഷൻ സെന്റർ, മാഞ്ചെസ്റ്ററിലുള്ള സെൻട്രൽ കൺവെൻഷൻ സെന്റർ എന്നിവ കൊറോണ രോഗികൾക്കുള്ള ആശുപത്രിയായി മാറ്റാൻ ഉള്ള തീരുമാനം പുറത്തുവന്നു.

അടുത്ത ആഴ്ചയോടെ നാഷണൽ ഹെൽത്ത് സർവീസിൽ ഉള്ള എല്ലാവരെയും കൊറോണ ടെസ്റ്റിന് വിധേയമാക്കും. ഇതിൽ ക്രിട്ടിക്കൽ കെയർ നഴ്‌സ്, ഇറ്റൻസീവ് കെയർ സ്റ്റാഫ്, ജി പി മാർ, ആംബുലൻസ് വർക്കേഴ്‌സ് എന്നിവർ ഉൾപ്പെടുന്നു. ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതെ സമയം ബിർമിങ്ഹാം എയർപോർട്ട് ഹ്രസ്വകാല മോർച്ചറി ആക്കാനുള്ള തീരുമാനവും ഉള്ളതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 12,000 ബോഡികൾക്കുള്ള സൗകര്യം ആണ് ചെയ്യുന്നത്.

യൂറോപ്പ്യൻ യൂണിയനിൽ നിന്നും വിട്ട യുകെ, മറ്റ് രാജ്യങ്ങളിൽ നിന്നും യുകെയിലുള്ള വർക്കേഴ്‌സിനു സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇങ്ങനെ തപാലിൽ അയച്ച അപേക്ഷകൾ തിരിച്ചയക്കുന്നതോടൊപ്പം കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്. 3.3 മില്യൺ ആളുകളാണ് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്. ഇത് കൂടുതൽ കാലതാമസം ഉണ്ടാക്കും എന്ന് ഉറപ്പായി. നാട്ടിൽ നിന്നും പുതുതായി എത്തിച്ചേരേണ്ട നേഴ്‌സുമാരുടെ വിസയുടെ കാര്യത്തിലും കാലതാമസം ഉണ്ടാകാനുള്ള സാഹചര്യവും ഉടലെടുത്തിട്ടുണ്ട്.

നേരെത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി കാൻസർ രോഗികൾക്കുള്ള ഓപ്പറേഷനുകൾ കൂടി മാറ്റുന്നു എന്ന വാർത്ത ബിബിസി റിപ്പോർട് ചെയ്‌തു. മൂന്ന് മാസത്തോളം കാലതാമസം ആണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഇറ്റലിയിൽ 919 പേരാണ് ഇന്ന് മാത്രം മരിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

 

Copyright © . All rights reserved