ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ വൈകിയാണെങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടികളുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്തും. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങൾ പോലും തങ്ങളുടെ പൗരന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വദേശത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനങ്ങാപ്പാറ നയം പരക്കെ വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്തായാലും യുകെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് വളരെയധികം ആശ്വാസം പകരുന്നതാണ് നേരിട്ടുള്ള സർവീസിൽ കേരളത്തെകൂടി ഉൾപ്പെടുത്തിയത്.
ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്താൻ യുകെ മലയാളികൾക്കായി പൊരുതിയത് യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും, സമീക്ഷ യുകെ നേതൃത്വവും, രാഹുൽ ഗാന്ധിയും, ജോസ്. കെ. മാണി എം. പിയുമാണ്. മനോജ് കുമാർ പിള്ളയുടെ ബിജെപി നേതൃത്വവുമായുള്ള ബന്ധങ്ങളും അടുപ്പവും തുണയായി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസുമായി നിരവധി മലയാളികളാണ് തങ്ങളുടെ പരാതിയും ആവലാതിയുമായി ബന്ധപ്പെട്ടത്.
ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനാണ് യുകെയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകേണ്ട മലയാളികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത്. എന്തായാലും എയർ ഇന്ത്യയുടെ പ്രത്യേക വിമാനം മലയാളികളെയും കൊണ്ട് കേരളത്തിലേക്ക് പറക്കുന്നത് യുകെയിൽ കുടുങ്ങിക്കിടക്കുന്ന സ്റ്റുഡന്റ് വിസക്കാർ, ടൂറിസ്റ്റ് വിസയിലും, സന്ദർശക വിസയിലും യുകെയിൽ എത്തിയവർ തുടങ്ങി നിരവധി പേർക്ക് ഗുണകരമാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ബ്രിട്ടൻ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നു. ഇതിനെ തുടർന്ന് സാലറി ഇൻക്രിമെന്റുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ ആണ് തീരുമാനം. ഇതോടൊപ്പംതന്നെ ടാക്സുകൾ വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്. എന്നാൽ ഇത്തരത്തിൽ സാലറി ഇൻക്രിമെന്റ് ഇല്ലാതെ ഇരിക്കുന്നത്, കൊറോണ ബാധയുടെ പ്രതിരോധത്തിനായി മുൻനിരയിൽ നിന്ന് പോരാടുന്ന എൻഎച്ച്എസ് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചടിയാണ്. കാരണം വികസിത രാജ്യങ്ങളിൽ നേഴ്‌സുമാർക്ക് സേവനവേതന ആനുകൂല്യങ്ങൾ നൽകുന്ന രാജ്യം ബ്രിട്ടനാണ്. ബ്രിട്ടനിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്ന് മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തീരുമാനങ്ങൾ സഹായിക്കുന്നത് ബിസിനസ് സ്ഥാപനങ്ങളെ മാത്രമാണ്.
നിലവിൽ ബ്രിട്ടണിലെ സാമ്പത്തിക അവസ്ഥ വൻ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2020 വർഷം ആദ്യം തന്നെ ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ രണ്ടു ശതമാനം ചുരുങ്ങി. എന്നാൽ മാർച്ച് ആയപ്പോഴേക്കും ഇത് 5.8 ശതമാനം ആയി കുറഞ്ഞതായും പുതിയ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റ് എന്ത് കടുത്ത നടപടികളും സ്വീകരിക്കുമെന്ന് ചാൻസലർ റിഷി സുനക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളെയും, ജനങ്ങളുടെ തൊഴിലിനെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ കടുത്ത തീരുമാനങ്ങൾ എടുക്കരുത് എന്ന നിലപാടിലാണ് എംപിമാർ. 2008 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ. കൊറോണ ബാധയെത്തുടർന്ന് ജീവനക്കാർക്ക് 80% വേതനം നൽകുന്ന പദ്ധതി ഒക്ടോബർ വരെ നീട്ടിയതായും ചാൻസലർ കഴിഞ്ഞ അറിയിച്ചിരുന്നു. എന്നാൽ ഈ പദ്ധതിയും പല സ്ഥാപനങ്ങളും വൻ തോതിൽ ദുരുപയോഗം ചെയ്യുന്നതായി കഴിഞ്ഞ ദിവസം മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങളെയും മറ്റും സഹായിക്കാൻ സർക്കാർ തയ്യാറെടുക്കുമ്പോഴും നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വേണ്ടതായ പരിഗണന ലഭിക്കുന്നില്ല എന്നുള്ള സത്യം നിലനിൽക്കുന്നു. ഇപ്പോൾ തന്നെ സാലറി ഇൻക്രിമെന്റ് കൂടി ഇല്ലാതാകുന്നതോടെ ആരോഗ്യപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസിനെതിരെ ജീവന്മരണ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ കൂടി പരിഗണിക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിലെ കെയർ ഹോമുകൾ കൊറോണ വൈറസ് പടർന്നുപിടിച്ചതിന് കരണമന്വേഷിച്ച് ലേബർ പാർട്ടി നേതാവ് കെയർ സാറ്റർമർ. ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുള്ള ചോദ്യോത്തരവേളയിൽ സ്റ്റാർമർ, ബ്രിട്ടനിലെ കെയർ ഹോമുകളിൽ ഉണ്ടായ മരണത്തെപ്പറ്റി ചോദിക്കുകയുണ്ടായി. മാർച്ച് 12 ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിൽ കെയർ ഹോമുകളിൽ രോഗം പടരില്ലെന്ന് പറഞ്ഞതായി സ്റ്റാർമർ അറിയിച്ചു. മാർച്ച് 13 ന് പിൻവലിച്ച ഗവൺമെന്റിന്റെ വെബ്‌സൈറ്റിലെ ഒരു പേജ് ഇങ്ങനെ പറയുന്നു: “യുകെയിലെ സമൂഹത്തിൽ നിലവിൽ കോവിഡ് 19 കടന്നുചെല്ലാത്തത് കെയർ ഹോമിലാണ്. കാരണം അവർക്ക് ആവശ്യമായ പരിചരണം അവിടെ ഉറപ്പാക്കുന്നുണ്ട്. ” പിഎംക്യുവിന് ശേഷം ജോൺസന് എഴുതിയ കത്തിൽ ലേബർ നേതാവ് ഇങ്ങനെ പറഞ്ഞു: “ദേശീയ പ്രതിസന്ധിയുടെ ഈ സമയത്ത് മന്ത്രിമാർ നൽകുന്ന വിവരങ്ങളിൽ കൃത്യത പുലർത്തേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്.” ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ കൊറോണ വൈറസ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് പ്രധാനമന്ത്രി 600 മില്യൺ പൗണ്ട് പ്രഖ്യാപിച്ചിരുന്നു. കെയർ ഹോമുകളിലെ മരണങ്ങളുടെ എണ്ണം വളരെ ഉയർന്നതാണെന്നും എന്നാൽ രോഗവ്യാപനം നിയന്ത്രണത്തിൽ ആണെന്നും ജോൺസൻ പറഞ്ഞു. കെയർ ഹോമുകളിലെ ആളുകളെ സംരക്ഷിക്കുന്നതിൽ സർക്കാർ വളരെ മന്ദഗതിയിലായിരുന്നുവെന്ന് സ്റ്റാർമർ കൂട്ടിച്ചേർത്തു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോവിഡ് -19 മരണങ്ങളിൽ 40 ശതമാനമെങ്കിലും കെയർ ഹോമുകളിലാണ് സംഭവിച്ചത്.
കെയർ ഹോമുകളിൽ ഓരോ മാസവും ശരാശരി മരണങ്ങൾ ഒഎൻഎസ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വെച്ച് ഏപ്രിലിൽ ഉണ്ടായത് 8,000 ത്തിലധികം മരണമാണ്. സർക്കാരിന്റെ കണക്കുകൾ പ്രകാരം കെയർ ഹോമിൽ 8,000 കോവിഡ് മരണങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഏപ്രിലിൽ 10,000ത്തിൽ അധികം കെയർ ഹോം മരണങ്ങൾ ഉണ്ടായതായി സ്റ്റാർമർ പറഞ്ഞു. കെയർ ഹോമുകളിലെ പകർച്ചവ്യാധി കുറയ്ക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പക്ഷേ നമ്മൾ പുരോഗതി കൈവരിച്ചുവെന്നും ജോൺസൺ പറഞ്ഞു. കണക്കുകളിലെ വിശദീകരിക്കാത്ത മരണങ്ങളെ പറ്റി സ്റ്റാർമർ ചോദിക്കുകയും റെക്കോർഡ് ശരിയാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. കോവിഡ് മരണങ്ങളിൽ നടത്തുന്ന അന്താരാഷ്ട്ര താരതമ്യം നിർത്തിയത് എന്തുകൊണ്ടാണെന്നും സ്റ്റാർമർ ചോദിച്ചു. അത്തരം താരതമ്യങ്ങൾ തേടുന്നത് പിന്നീടാകാമെന്ന് ജോൺസൺ മറുപടി നൽകി.
അതേസമയം കൊറോണ വൈറസ് ജോൺസനെ മാറ്റിമറിച്ചതായി കൺസേർവേറ്റിവുകൾ കരുതുന്നു. ഇതവരെ അസ്വസ്ഥരാക്കുന്നുമുണ്ട്. സമ്പദ്‌വ്യവസ്ഥ തകരുമെന്നതും ലോക്ക്ഡൗൺ ലഘൂകരണം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നും അവർ ഭയപ്പെടുന്നുണ്ട്. ഇതിനാൽ തന്നെ പ്രധാനമന്ത്രി, ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്ന് അവർ ഉറ്റുനോക്കുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ പുറപ്പെടുവിച്ച “സ്റ്റേ അലേർട്ട്” സന്ദേശവും ആശയകുഴപ്പം സൃഷ്‌ടിച്ചിരുന്നു.
സ്വന്തം ലേഖകൻ
യുകെയിലെ നൂറോളം കുട്ടികൾക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട അപൂർവ്വ രോഗം കണ്ടെത്തിയതായി ഡോക്ടർമാർ. ഏപ്രിലോടെയാണ് കുട്ടികളിലുണ്ടാകുന്ന രോഗത്തെപ്പറ്റി എൻ എച്ച് എസ് ഡോക്ടർമാർക്ക് നിർദേശം ലഭിക്കുന്നത്. ലണ്ടനിൽ എട്ടോളം കുട്ടികൾ രോഗബാധിതരാണ്, 14 വയസ്സുകാരൻ ഈ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി മരണപ്പെട്ടിരുന്നു. രോഗം ബാധിച്ച കുട്ടികളുടെ എല്ലാവരുടെയും ലക്ഷണങ്ങൾ ഒന്നായിരുന്നു എന്ന് എവെലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ അധികൃതർ പറയുന്നു. കടുത്ത പനി, റാഷ്, ചുവന്ന കണ്ണുകൾ, നീര്, വേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. മിക്ക കുട്ടികൾക്കും ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നില്ല, എന്നാൽ രോഗം മൂർച്ഛിക്കുമ്പോൾ ഹൃദയമിടിപ്പും രക്തചംക്രമണവും നേരെയാക്കാൻ വെന്റിലേറ്റർകളുടെ സഹായം വേണ്ടി വന്നിരുന്നു.
ഈ പുതിയ രോഗത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബാധിക്കുന്ന കവാസാക്കി ഡിസീസ് ഷോക്ക് സിൻഡ്രോം എന്ന രോഗത്തോടാണ് ഡോക്ടർമാർ ഉപമിക്കുന്നത്. അതിന്റെ ലക്ഷണങ്ങൾ റാഷ്, ഗ്രന്ഥി വീക്കം, വരണ്ട് പൊട്ടിയ ചുണ്ടുകൾ എന്നിവയാണ്. പക്ഷേ ഈ രോഗം 16 വയസ്സുവരെയുള്ള കുട്ടികളെ ബാധിക്കുന്നു എന്നതാണ് ഡോക്ടർമാരെ കുഴക്കുന്നത്. ഇംപീരിയൽ കോളേജ് ലണ്ടനിലെ, പീഡിയാട്രിക് വിഭാഗം ക്ലിനിക്കൽ ലക്ചറർ ആയ ഡോക്ടർ ലിസ് വിറ്റാക്കർ പറയുന്നത് കൊറോണ പടർന്നുപിടിച്ചു ഏകദേശം പകുതിയോളം ആയപ്പോഴാണ് ഈ രോഗവും മൂർധന്യാവസ്ഥയിൽ എത്തിയത്, അതിനാൽ രണ്ടും തമ്മിൽ ബന്ധം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോവിഡ് 19 മൂർദ്ധന്യാവസ്ഥയിൽ എത്തി മൂന്നോ നാലോ ആഴ്ചയ്ക്കു ശേഷമാണ് ഈ രോഗം കണ്ടുതുടങ്ങിയത്. അതിനാൽ ഇതൊരു പോസ്റ്റ് ഇൻഫെക്ഷ്യസ് ഫിനോമിനെൻ ആകാൻ സാധ്യതയുണ്ട്.
റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആന്റ് ചൈൽഡ് ഹെൽത്ത് പ്രൊഫസർ റസ്സൽ വൈനർ പറയുന്നത് ഈ രോഗം ബാധിച്ച കുട്ടികളെല്ലാം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടായിരുന്നുവെന്നും മിക്കവരും രോഗം ഭേദമായി വീട്ടിൽ പോയി എന്നുമാണ്. ഈ രോഗം വളരെ അപൂർവ്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗഭീതി കാരണം ലോക്ഡൗൺ കഴിഞ്ഞാലും മാതാപിതാക്കൾ കുട്ടികളെ പുറത്തിറക്കാൻ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊറോണ വൈറസ് കുട്ടികളെ അധികമായി ബാധിക്കുന്നില്ല അഥവാ ബാധിച്ചാൽ തന്നെ രോഗലക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ പുറത്ത് കാണിക്കുന്നുള്ളു . ഇതിനുള്ള കാരണങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണ്ടേതായിരിക്കുന്നു എന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
കൊറോണ വൈറസ് നെഗറ്റീവ് ആയ പല കുട്ടികളിലും വൈറസിനെതിരെ ആന്റി ബോഡീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ ശരീരം സ്വാഭാവികമായി രോഗപ്രതിരോധം നടത്തുന്നു എന്ന് തെളിവാണിതെന്ന് ഡോക്ടർ മൈക്കിൾ ലെവിൻ പറഞ്ഞു.
ബോസ്‌റ്റൺ: കൊറോണയെന്ന മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട നേഴ്‌സായ അനൂജ് കുമാറിന് യുകെ മലയാളികളുടെ യാത്രാമൊഴി. മുൻപ് അറിയിച്ചിരുന്നതുപോലെ കൃത്യ സമയത്തുതന്നെ വീട്ടിലെ ചടങ്ങുകൾ ആരംഭിച്ചു. അനുജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് പ്രമുഖ ഹിന്ദു സാംസ്‌കാരിക നേതാവും സംഘടനാ കാര്യദര്‍ശിയും വേദ വേദാന്താചാര്യനുമായ ഡോക്ടര്‍ രാം വൈദ്യരായിരുന്നു.
പന്ത്രണ്ട് മണിയോടെ വീട്ടിലെ കർമ്മങ്ങൾക്ക് സമാപനം കുറിച്ച് പിന്നീടുള്ള ചടങ്ങുകൾക്കും അനുസ്മരണത്തിനുമായി ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിലേക്ക് യാത്രയായി. നേഴ്‌സായി ജോലി ആരംഭിച്ചിട്ട് വെറും ഒന്നരവർഷം മാത്രമേ ആയിരുന്നുള്ളു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി യാത്രയാക്കാൻ നിയന്ത്രണങ്ങൾക്ക് വിധേയമായി ഉറ്റവരും കൂട്ടുകാരും സഹപ്രവർത്തകരും എത്തിയിരുന്നു. എല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട് അകലെ നിന്ന് വീക്ഷിക്കുന്ന കാഴ്ച്ച.. അകാലത്തിൽ പൊഴിഞ്ഞു പോയ സ്നേഹനിധിയും സാമൂഹിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അനൂജ് എല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു.
തന്റെ ജീവൻ ബലികൊടുത്ത് മറ്റു രോഗികളെ ശുശ്രുഷിച്ച NHS ഹീറോയായ അനൂജിനെ യാത്രയാക്കാൻ അയൽക്കാരായ ഇംഗ്ലീഷുകാർ വീടിന് പുറത്തെത്തി… അന്നം തന്ന നാട്ടിലെ സമൂഹത്തെ ബഹുമാനപുരസരം വീടിന് പുറത്തെത്തിച്ച അനൂജ് എന്ന നന്മമരം… മരണത്തിനും സ്മരണകളെ തളർത്താൻ സാധിക്കാത്ത… ഇന്ന് വരെ അധികമാരും ദർശിക്കാത്ത ഒരു സാഹചര്യം.. കഴിഞ്ഞില്ല ഏകദേശം പതിനഞ്ച് മിനിറ്റ് യാത്ര തുടർന്നപ്പോൾ എത്തിച്ചേർന്നത് ഫയർ ഫോഴ്‌സ് സ്റ്റേഷന്റെ മുൻപിൽ… ശവമഞ്ചം പേറുന്ന ഫ്യൂണറൽ ഡിറക്റ്റേഴ്സിന്റെ കാറ് നിൽക്കുന്നു… സ്റ്റേഷനിലെ എല്ലാ അംഗങ്ങളും പുറത്തെത്തി സല്യൂട്ട് ചെയ്‌ത് ആദരിച്ചപ്പോൾ അനൂജ് എന്ന NHS ഹീറോയെ യുകെ മലയാളികൾ തിരിച്ചറിയുകയായിരുന്നു.
ഏകദേശം നാൽപത് മിനിറ്റോളം എടുത്താണ് ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിൽ എത്തിച്ചേർന്നത്. ശവസംസ്ക്കാര ചടങ്ങുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ക്രെമറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെ ഒരുപാട് പേർ വീക്ഷിച്ചിരുന്ന ലൈവ് സിഗ്നൽ നഷ്ടപ്പെടുകയും ചെയ്‌തത് ലൈവ് കണ്ടുകൊണ്ടിരുന്നവരെ നിരാശരാക്കി.
തുടർന്ന് ക്രെമറ്റോറിയത്തിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു… അനുസ്മരണ യോഗം.. അനൂജ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് വെളിച്ചത്തു കൊണ്ടുവന്ന അനുസ്മരണ സന്ദേശങ്ങൾ ആണ് ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും എല്ലാവരുമായി പങ്കുവെച്ചത്. ക്രെമറ്റോറിയത്തിലെ ചടങ്ങുകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി എല്ലാവരും മടങ്ങിയപ്പോൾ നീറുന്ന വേദനയുമായി അനൂജിന്റെ ഭാര്യയും രണ്ട് കുട്ടികളും…
തങ്ങളുടെ പിതാവ് വിട്ടുപോയെങ്കിലും ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല. നഴ്‌സ് എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയപ്പോൾ… സ്വജീവൻ ബലികൊടുത്ത ഒരു മാലാഖ ആയി സ്മരണകളിൽ എന്നെന്നും തെളിയുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഭാര്യായെയും രണ്ട് കുട്ടികളെയും നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടായിരിക്കട്ടെ …
കഴിഞ്ഞ ഏപ്രിൽ 27 ന് ആണ് കൊറോണ വൈറസ് ബാധിച്ചു അനുജ് കുമാർ (44) മരണമടഞ്ഞത്. കോട്ടയം വെളിയന്നൂര്‍ സ്വാദേശിയാണ് പരേതനായ അനുജ് കുമാര്‍. അനുജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തോടുള്ള ആദര സൂചകമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളം ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ (12/05/2020) വൈകിട്ട് 07.30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം സൂം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുതിരുന്നു. സുരേഷ് ശങ്കരന്‍കുട്ടി, പ്രമോദ് പിള്ള, ബിന്ദു സരസ്വതി, സ്മിത നായര്‍, ദിലീപ് എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകിയത്. രാജു പപ്പുവും, ഗോപകുമാറും അനുസ്മരണവും ശ്രദ്ധാഞ്ജലിയും രേഖപ്പെടുത്തിയിരുന്നു.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി നേരിടാനുള്ള ട്രഷറി രേഖകൾ ചോർന്നതിനെത്തുടർന്ന് പൊതുചിലവ് ചുരുക്കലും നികുതി വർധനയും വെട്ടിക്കുറയ്ക്കാൻ ചാൻസലർ റിഷി സുനക് നിർദേശിച്ചു. രാജ്യത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെ പറ്റി സർക്കാർ ആലോചിക്കുകയാണെന്ന് സുനക് വ്യക്തമാക്കി. ബ്രിട്ടീഷുകാർക്ക് ഔദ്യോഗികമായി ജോലിയിൽ അനുവാദം നൽകിയ ദിവസത്തിന് ശേഷം പുറത്തുവന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 2020 ന്റെ ആദ്യ പാദത്തിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥ രണ്ട് ശതമാനം ഇടിഞ്ഞു എന്നതാണ്. മാർച്ചിൽ മാത്രം 5.8 ശതമാനത്തിന്റെ ഇടിവുണ്ടായി. മാർച്ചിൽ ആരംഭിച്ച ലോക്ക്ഡൗണിനെ തുടർന്ന് ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതായി ചാൻസലർ അറിയിച്ചു. നികുതിയുടെയും ചെലവിന്റെയും കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രാജ്യത്തെ തിരികെകൊണ്ടുവരാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്നും സുനക് അറിയിച്ചിട്ടുണ്ട്. “നമ്മൾ ഇപ്പോൾ ഏറ്റവും പ്രധാനമായി ചിന്തിക്കുന്നത് ആളുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. മാത്രമല്ല തൊഴിലാളികളുടെ ജോലികൾ പരിരക്ഷിക്കുന്നതിനും ഈ സമയത്ത് ബിസിനസിനെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനും പരിശ്രമിക്കേണ്ടതുണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ചെലവുചുരുക്കലിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച എംപിമാരോട് പറഞ്ഞിട്ടും ഈ ആശയം പിന്നീടും ഉയർന്നുവന്നു. മൂന്നിലൊന്ന് കമ്പനികൾ ഒരിക്കലും വീണ്ടും തുറക്കില്ലെന്ന് സർവേകൾ സൂചിപ്പിച്ചതിനാൽ, ഫർലോ സ്‌കീം ഒക്ടോബർ വരെ നീട്ടാൻ സർക്കാർ നിർബന്ധിതരായി. ചാൻസലർ പുറപ്പെടുവിച്ച രേഖ നികുതി വർദ്ധനയും ചെലവ് ചുരുക്കലും വ്യക്തമാക്കുന്നു.
സാമ്പത്തിക മാന്ദ്യത്തിന് മറുപടിയായി കൂടുതൽ ചെലവുചുരുക്കൽ, ശമ്പളം വെട്ടിക്കുറയ്‌ക്കൽ എന്നിവ സ്ഥിതി മോശമാക്കുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടി. 1997ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് മാർച്ചിലത്തേത്. ഒപ്പം 2008 ഒക്ടോബറിനും ഡിസംബറിനുമിടയിൽ യുകെ സമ്പദ്‌വ്യവസ്ഥ 2.1 ശതമാനം ചുരുങ്ങിയതിനുശേഷം കാണപ്പെട്ട ഏറ്റവും വലിയ ഇടിവാണ് ഈ വർഷം ആദ്യപാദത്തിൽ ഉണ്ടായത്. 2019ലെ അവസാന മൂന്നു മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക വളർച്ചയുള്ളതായി കാണുന്നില്ല. 2020 ൽ മൊത്തത്തിൽ 14 ശതമാനം സാമ്പത്തിക ഇടിവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. “ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസിൽ നിന്ന് പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ടാണ് ജനങ്ങളുടെ ജോലികൾ, അവരുടെ വരുമാനം, ഉപജീവനമാർഗങ്ങൾ എന്നിവയെ പിന്തുണയ്‌ക്കേണ്ടതും ബിസിനസുകളെ പിന്തുണയ്ക്കേണ്ടതിനും ആയി അടിയന്തര നടപടി ഞങ്ങൾ സ്വീകരിച്ചത്.” സുനക് വ്യക്തമാക്കി. ഡെയ്‌ലി ടെലിഗ്രാഫ് കണ്ടെത്തിയ രേഖയിൽ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് ചെലവുചുരുക്കൽ രീതിയിലുള്ള നയങ്ങൾ, പൊതുചെലവുകളുടെ വെട്ടിക്കുറയ്‌ക്കൽ എന്നിവ ഉണ്ടായേക്കുമെന്ന് പറയുന്നു. ഇത് ആദായനികുതി, വാറ്റ്, ദേശീയ ഇൻഷുറൻസ് എന്നിവയുടെ വർദ്ധനവിന് ഇടയാക്കും. നികുതി വർദ്ധനയും ചെലവ് ചുരുക്കലും വഴി 25 ബില്യൺ മുതൽ 30 ബില്യൺ പൗണ്ട് വരെ സമാഹരിക്കുമെന്നും രേഖയിൽ പറയുന്നുണ്ട്.
ചെറുകിട സ്ഥാപനങ്ങളിൽ നടത്തിയ ഒരു സ്വതന്ത്ര സർവേയിൽ മൂന്നിൽ ഒന്ന് കമ്പനികൾ വീണ്ടും തുറക്കില്ലെന്ന് പറയുന്നു. സമ്പദ്‌വ്യവസ്ഥ ഉടൻ വീണ്ടെടുക്കാനായില്ലെങ്കിൽ, 1976 ലേതു പോലുള്ള കടം പ്രതിസന്ധിയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമെന്ന് ട്രഷറി രേഖ മുന്നറിയിപ്പ് നൽകി. 60 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഫർലോഫ് സ്കീം ഒക്ടോബർ വരെ നീട്ടുമെന്ന് ഇന്നലെ സുനക് പ്രഖ്യാപിച്ചുവെങ്കിലും ജൂലൈ അവസാനം മുതൽ തൊഴിലുടമകൾ കൂടുതൽ ബിൽ എടുക്കേണ്ടിവരും. പണം കണ്ടെത്തുന്നതിന് ആദായനികുതി വർദ്ധനവ്, രണ്ട് വർഷത്തെ പൊതുമേഖല ശമ്പള മരവിപ്പിക്കൽ, പെൻഷനുകളുടെ ട്രിപ്പിൾ ലോക്ക് അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായിരിക്കുമെന്ന് പത്രം പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ട്രഷറി വിസമ്മതിച്ചു.
ജോജി തോമസ്
കോവിഡ് -19 ബ്രിട്ടനിൽ വ്യാപകമായപ്പോൾ വളരെയധികം മലയാളികളാണ് അതിന് ഇരയായത്. നിരവധി മരണങ്ങൾ മലയാളി സമൂഹത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . പലരും അത്യാസന്ന നിലയിൽ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. കോവിഡ് -19 വ്യാപകമായപ്പോൾ ഒരു സമൂഹം എന്ന നിലയിൽ പരസ്പരം സഹായിക്കാനും മാനസിക പിന്തുണ നൽകാനും മലയാളികൾ കാണിച്ച താൽപര്യം അഭിനന്ദനാർഹമാണ്. എന്നാൽ അമിതമായ ഇടപെടലുകൾ പലതരത്തിലും തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ മലയാളിയെ പ്രത്യേക പരിചരണത്തിൻെറ ഭാഗമായി അത്യാസന്നനിലയിൽ പ്രവേശിച്ചപ്പോൾ ഹോസ്പിറ്റൽ അധികൃതർക്ക് ആദ്യദിവസം രോഗിയുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ലഭിച്ചത് അറുപതോളം ഫോൺ കോളുകളാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ രോഗി പരിപാലനത്തിൻറെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടൻെറ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നടപടികൾ കാരണം പ്രസ്തുത രോഗിയുടെ ചുമതലയിൽനിന്ന് മലയാളികളായ ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക വരെയുണ്ടായി. ഒരു മലയാളി എന്ന നിലയിൽ മലയാളികളായ മറ്റ് ജീവനക്കാരിൽ നിന്ന് ലഭിച്ചിരുന്ന പ്രത്യേക ശ്രദ്ധയെ ഇത് ബാധിച്ചെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ സ്വകാര്യത സംരക്ഷിക്കുവാൻ വേണ്ടി എൻഎച്ച്എസ് രൂപം നൽകിയ കാൾഡിക്കോട്ട് പ്രിൻസിപ്പിൾസ് മറക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ തൊഴിൽ നഷ്ടത്തിനു വരെ കാരണമായേക്കും. തികച്ചും അത്യാവശ്യ സന്ദർഭങ്ങളിൽ രോഗിയെ സംബന്ധിക്കുന്ന ആവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കാനെ ആരോഗ്യ പ്രവർത്തകർക്ക് അവകാശമുള്ളൂ എന്ന് അറിയുക. രോഗിയുടെ പരിചരണവും ആയി നേരിട്ട് ബന്ധപ്പെട്ടവർ മാത്രമേ ഈ വിവരശേഖരണം നടത്താവൂ. ഈ വിവരങ്ങൾ രോഗി പരിപാലനത്തിൽ ബന്ധം ഇല്ലാത്തവരുമായി പങ്കുവയ്ക്കുവാനും പാടുള്ളതല്ല .ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് തൊഴിൽ നഷ്ടവും നിയമ നടപടികളും നേരിടേണ്ടതായി വരും.
നേഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികളിൽ നിന്ന് കോവിഡ് -19 പകരാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വയോധികരായ അന്തേവാസികൾക്ക് പ്രതിരോധ ശേഷി കുറവായതിനാൽ രോഗലക്ഷണങ്ങൾ കാണിക്കാതെ പെട്ടെന്നുള്ള മരണം ആണ് പലപ്പോഴും സംഭവിക്കുന്നത്. ഡയറിയയുടെ ലക്ഷണങ്ങൾ ചിലരില്ലെങ്കിലും കാണാറുണ്ട്. അതുകൊണ്ട് നേഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ രോഗിപരിപാലനത്തിലേർപ്പെടുമ്പോൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകരുതൽ സ്വീകരിക്കേണ്ടതിൻെറ ആവശ്യകത യോർക്ക് ഷെയറിൽ നേഴ്സായി ജോലിചെയ്യുന്ന ജെയ്സൺ കുര്യൻ മലയാളംയുകെയുമായി പങ്കുവെച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറി വരുന്നതിന്റെ ഭാഗമായി വേനൽക്കാല അവധിദിനങ്ങൾ റദ്ദാക്കണമെന്ന നിർദേശവുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. ആളുകൾ അവരുടെ വേനൽക്കാല അവധി റദ്ദാക്കാൻ തയ്യാറാകണമെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടണമെന്നും ഹാൻകോക്ക് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വേനൽക്കാലം “റദ്ദാക്കപ്പെടുമോ” എന്ന ചോദ്യത്തിന് ആരോഗ്യ സെക്രട്ടറി മറുപടി നൽകി: “അങ്ങനെയുണ്ടാവാൻ സാധ്യത ഉള്ളതായി ഞാൻ കരുതുന്നു.” വൈറസ് വ്യാപനം കുറയുകയാണെങ്കിൽ ജൂലൈ ആദ്യവാരം മുതൽ കൂടുതൽ ഇളവുകൾ വരും. എന്നാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാവും ഇവയെല്ലാം നടത്തുക.
പൊതുജനങ്ങളിൽ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാകാതെ അവധിക്കാല പദ്ധതികളൊന്നും തയ്യാറാക്കുന്നില്ലെന്ന് ചില മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര വരവിനായി കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഈ നിയന്ത്രണങ്ങൾ ടൂറിസം വ്യവസായത്തെ തകർക്കും എന്ന് ഭയപ്പെടുന്നു. ജൂലൈ, ഓഗസ്റ്റ് എന്നിവ രണ്ട് പ്രധാന അവധിക്കാല മാസങ്ങളായതിനാൽ “പ്രോജക്ട് ലിഫ്റ്റ് ഓഫ്” ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് എയർലൈൻസും ടൂർ ഓപ്പറേറ്റർമാരും പ്രതീക്ഷിക്കുന്നു. എന്നാൽ യുകെ ഗവൺമെന്റിന്റെ ക്വാറന്റൈൻ നടപടികൾ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് അവധിക്കാല യാത്രികരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്നവർ 14 ദിവസം സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. ഇത് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഒപ്പം ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്താൽ പൊതുജനങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന വാദവും ഹാൻകോക്ക് തള്ളിക്കളഞ്ഞു.
സ്വന്തം ലേഖകൻ
വുഹാൻ :- കൊറോണ ബാധയുടെ തുടക്ക കേന്ദ്രമായ വുഹാനിൽ രണ്ടാംഘട്ട വൈറസ് ബാധ പടരുന്നു. ഇതിനെ തുടർന്ന് നഗരത്തിലെ 11 മില്യൺ ജനങ്ങൾക്കും 10 ദിവസത്തിനുള്ളിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. വുഹാൻ നഗരത്തിലെ ഓരോ ഡിസ്ട്രിക്ട്കളോടും ടെസ്റ്റിങിന് ആവശ്യമായ സമ്പൂർണ്ണ പ്ലാൻ ചൊവ്വാഴ്ചയോടു കൂടി സമർപ്പിക്കാൻ ആരോഗ്യ അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്. മുഴുവൻ ടെസ്റ്റുകളും പൂർത്തിയാക്കാൻ 10 ദിവസത്തോളം എടുക്കും എന്നാണ് നിഗമനം. പുതുതായി കഴിഞ്ഞ ആഴ്ച ആറ് കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലോക്ക്ഡൗൺ നീക്കിയതിനു ശേഷം വുഹാനിൽ ഏകദേശം 47000 ന്യൂക്ലിക് ആസിഡ് ടെസ്റ്റുകളാണ് നടന്നിരിക്കുന്നത്.
ഏപ്രിലിനു ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണ്. രാജ്യത്താകമാനം ഏർപ്പെടുത്തിയ ടെസ്റ്റിംഗ്, സ്ക്രീനിംഗ്, ക്വാറന്റൈൻ എന്നിവയുടെ അനന്തരഫലമാണ് ഈ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ടെസ്റ്റിംങുകളുടെ എണ്ണം കൂട്ടുന്നത് വളരെ അത്യാവശ്യമാണെന്ന് വുഹാൻ നഗര അധികൃതർ അറിയിച്ചു.
വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ജനങ്ങൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെല്ലാവരും മാസ്ക്കുകൾ ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 35 ദിവസത്തിനു ശേഷമാണ് വുഹാനിൽ പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ എട്ടിന് ലോക്ഡൗൺ നീക്കിയതിനു ശേഷം ആദ്യമായാണ് വുഹാനിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 23 മുതൽ തന്നെ നഗരം മുഴുവൻ ലോക്ക്ഡൗണിൽ ആയിരുന്നു. ഇതുവരെ ചൈനയിൽ 82, 919 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൊത്തം മരണനിരക്ക് 4633 ആണ്.
ബിഷപ്പ് ഓക്‌ലാൻഡ്: ബിഷപ്പ് ഓക്‌ലാൻഡ്, കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചയം പോരെങ്കിലും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് നോർത്ത് ഈസ്റ് ഇംഗ്ലണ്ടിൽ ഉള്ള ദർഹം കൗണ്ടിയിൽ ആണ്. ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിലെ അവരുടെ എല്ലാമായ പൂർണിമ നായർ (56) ആണ് ഇന്നലെ അവരെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ബിഷപ് ഓക്‌ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേത. ഇവർക്ക് ആരിൽ നിന്നാണ് വൈറസ് പകർന്നതെന്നു വ്യക്തമായിട്ടില്ല.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോർത്ത് ടീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണിമ മാർച്ച് 27 മുതൽ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ബിഷപ്പ് ഓക്‌ലൻഡിൽ ഉള്ള പ്രദേശവാസികൾക്ക് പൂർണിമ ഒരു കൂട്ടുകാരിയും സഹപ്രവർത്തകയും ആയിരുന്നു. കൊറോണ വൈറസുമായി വളരെ നീണ്ട ഒരു യുദ്ധം തന്നെ നടത്തിയാണ് പൂർണിമ അവസാനം മരണത്തിലേക്ക് പോയതെന്ന് അവിടുത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. അത്യഗാതമായ ദുഃഖത്തോടെയും വേദനയുടെയും കൂടെ ഞങ്ങളുടെ സ്നേഹനിധിയായ പൂർണിമയുടെ വിയോഗം നിങ്ങളെ ഞങ്ങൾ അറിയിക്കുന്നു എന്നാണ് ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിൽ അവിടെയെത്തുന്നവക്കായി എഴുതി വച്ചിരിക്കുന്ന നോട്ടീസ്… പൂർണിമയുടെ വിയോഗം ഞങ്ങളിൽ തീവ്ര ദുഃഖവും ഞെട്ടലുമാണ് ഉണ്ടായിരിക്കുന്നത്… സഹപ്രവർത്തകരുടെ കുറിപ്പ്..
അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി അംഗമായ ഡോക്ടർ പ്രീതി ശുക്ല പറഞ്ഞത് പൂർണിമയുടെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്നേഹനിധിയും ബഹുമാന്യയായ ഒരു സഹപ്രവർത്തകയെയും ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നാണ്. അതേസമയം പൂർണ്ണിമയുടെ മരണം ഹൃദയഭേദകം എന്നാണ് സ്ഥലം എം പി യായ ദേഹന്ന ഡേവിസൺ പ്രതികരിച്ചത്.എന്നാൽ ഇന്നലെ മാത്രം മരിച്ചത് രണ്ട് ജി പി മാരാണ്. പൂർണിമ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് എസ്സ്ക്സിൽ ജിപി യായ ഡോക്ടർ കറാമത്തുള്ള മിർസ മരിക്കുന്നത്. പൂർണ്ണിമയുടെ മരണത്തോടെ കൊറോണ പിടിപെട്ട് മരിച്ച ജി പി മാരുടെ എണ്ണം പത്തായി ഉയർന്നു. മരിച്ച മലയാളികയുടെ എണ്ണം പതിമൂന്നും ആയി. ഈ മരണങ്ങളോടെ മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്കകൾ ഒരിക്കൽ കൂടി വർദ്ധിച്ചിരിക്കുന്നു. കാരണം ഇതുവരെ മരിച്ച പത്തു ജെപി മാരിൽ ഒൻപത് പേരും എത്തിനിക് മൈനോറിറ്റി (BAME) വിഭാഗത്തിൽപ്പെടുന്നവരാണ് എന്നത് തന്നെ.
പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ അന്വോഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും മൈനോറിറ്റി വിഭാഗത്തിൽ (BAME) പെടുന്ന പ്രായമായവരെ പാൻഡെമിക് സമയത്തു ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളെ ജോലിയിൽ വിടുന്നതിന് മുൻപ് റിസ്‌ക് അസ്സെസ്സ്മെന്റ് വേണമെന്നും അവർ ഒരിക്കൽകൂടി ആവശ്യപ്പെട്ടിരിക്കുന്നു. എന്തായാലും യുകെയിലുള്ള പ്രവാസി മലയാളികൾ പ്രതേകിച്ച് നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഇത് മുൻകരുതലിനുള്ള ഒരു മുൻവിളിയായി കണക്കാക്കേണ്ടതാണ്….
യുകെയിലെ സന്ദർലാൻഡിനടുത്തുള്ള സ്റ്റോക്റ്റോൺ-ഓൺ-ടീസിൽ ആയിരുന്നു പരേതയും കുടുംബവും താമസിച്ചിരുന്നത്. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. നാട്ടിൽ പത്തനംതിട്ട സ്വദേശിനിയാണ് പരേതയായ പൂർണിമ.