Main News

പ്രെസ്റ്റൺ: യുകെ മലയാളികളുടെ ആശങ്കകൾക്ക് വിരാമമില്ലാതെ മലയാളി മരണങ്ങളുടെ വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വരുന്ന ഒരു ദയനീയ സ്ഥിതിവിശേഷം ആണ് ഇപ്പോൾ നിലനിൽക്കുന്നത്. പ്രെസ്റ്റണിൽ താമസിച്ചിരുന്ന സണ്ണി ചേട്ടൻ (ജോൺ സണ്ണി, 70) ആണ് ഇന്ന് 9.00pm ന് മരണത്തിന് കീഴടങ്ങിയത്. എല്ലാവരും സ്നേഹപൂർവ്വം സണ്ണി ചേട്ടൻ എന്നാണ് വിളിച്ചിരുന്നത്. കൊറോണ ബാധിച്ചു മൂന്നോളം ആഴ്ചകൾളായി ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്.

2003-2004 കാലഘട്ടത്തിൽ ഗൾഫിൽ നിന്നും ആണ് ഇവർ യുകെയിലെ പ്രെസ്റ്റണിൽ എത്തിയത്. കോലഞ്ചേരി രാമമംഗലം സ്വദേശിയാണ് പരേതനായ സണ്ണി ചേട്ടൻ. രാമമംഗലത്തേക്ക് മാറുന്നതിന് മുൻപ് സണ്ണിച്ചേട്ടനും കുടുംബവും കൂത്താട്ടുകുളതായിരുന്നു താമസം.

ചെറിയംമാക്കൽ കുടുംബാംഗമാണ് പരേതൻ. നഴ്‌സായ എൽസിയാണ് ഭാര്യ. രണ്ട് മക്കളാണ് സണ്ണി- എൽസി ദമ്പതികൾക്ക് ഉള്ളത്. നെൽസണും നിക്‌സണും. ഇതിൽ നെൽസൻ കുടുംബസമേതം മാഞ്ചെസ്റ്ററിൽ ആണ് താമസിക്കുന്നത്. രണ്ടാമനായ നിക്‌സൺ ലണ്ടൻ Imperial കോളേജിലെ ഡോക്ടറേറ്റിന് പഠിക്കുന്ന വിദ്യാർത്ഥിയാണ്.

ഭൂരിപക്ഷം വരുന്ന മലയാളികൾ ആരോഗ്യ മേഖലകളിൽ ആയതുകൊണ്ട് കൊറോണ എന്ന മഹാമാരിയുടെ പ്രഹരം ആദ്യമെത്തുന്നത് മലയാളികളുടെ ഭവനങ്ങളിൽ ആണ്. ഒരുപാട് പേർക്ക് കൊറോണ പിടിപെട്ട് ചികിത്സയിൽ ഉണ്ട് എന്നത് മലയാളികളുടെ ആശങ്ക കൂട്ടുന്നു.

സണ്ണിച്ചേട്ടന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിച്ചുകൊള്ളുന്നു.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരനും പാലാ ബാറിലെ പ്രമുഖ അഭിഭാഷകനുമായ
അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ ഫിലോമിന തൊടുകയില്‍. മക്കള്‍, ചിന്നു, ചിന്‍സ്, ചിഞ്ചു. സംസ്!കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉരുളികുന്നം പള്ളിയില്‍ വച്ച് നടക്കും.

അഭിവന്ദ്യ പിതാവ് ഇപ്പോള്‍ യുകെയിലാണുള്ളത്.
ശവസംസ്‌ക്കാര ശുശ്രൂഷയില്‍ അഭിവന്ദ്യ പിതാവ് എത്തിച്ചേരാനുള്ള സാധ്യതകള്‍ കുറവാണ് എന്നാണ് ഇതു വരെ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് വേണ്ടി റവ. ഡോ. ആന്റണി ചുണ്ടലിക്കാട് അനുശോചനം രേഖപ്പെടുത്തി.

മലയാളം യു കെ ന്യൂസിന്റെ അനുശോചനം അറിയ്ക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ആദ്യമായി ബോറിസ് ജോൺസൺ പി‌എം‌ക്യുവിനായി ഹൗസ് ഓഫ് കോമൺസിൽ മടങ്ങിയെത്തി. ബ്രിട്ടനിലെ കോവിഡ് 19 മരണനിരക്ക് ഭയാനകമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മരണസംഖ്യ 30000ത്തിലേക്ക് എത്തുമെന്നും ജോൺസൻ അറിയിച്ചു. ചോദ്യോത്തരവേളയിൽ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമറിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുകെയുടെ മരണസംഖ്യ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണെന്നും ഇത് ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണെന്നും കീർ സ്റ്റാർമർ പറഞ്ഞു. കാരണം ബ്രിട്ടനിലെ ലോക്ക്ഡൗണും പരിശോധനകളും മന്ദഗതിയിൽ ആയിരുന്നെന്നും പിപിഇ ക്ഷാമം രൂക്ഷമായിരുണെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യത്തിനല്ല മുതിരേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു . രോഗം ഭേദമായി കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയെങ്കിലും തന്റെ മകന്റെ ജനനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചത്തെ പി‌എം‌ക്യുവിൽ ജോൺസന് പകരം ഡൊമിനിക് റാബ് ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിനുമുമ്പ് സ്റ്റാർമർ, ജോൺസണെ ചേംബറിലേക്ക് സ്വാഗതം ചെയ്യുകയും മകന്റെ ജനനത്തിൽ അദ്ദേഹത്തെ ആശംസകൾ അറിയിക്കുകയും ചെയ്തു.

കൊറോണ വൈറസ് പ്രതിരോധത്തിനായി മെയ് അവസാനത്തോടെ ഒരു ദിവസം 200,000 പരിശോധനകൾ നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിജ്ഞയെടുത്തു. സർക്കാർ പറഞ്ഞിരുന്ന ഒരു ലക്ഷം പരിശോധനകളിലേക്ക് വെള്ളിയാഴ്ച എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങൾ അത് സാധിക്കാതെ പോയി. ഈ മാസം അവസാനത്തോടെ 200,000 ടെസ്റ്റുകൾ നടത്തുകയെന്നതാണ് തന്റെ ആഗ്രഹമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോൺസൻ പറഞ്ഞു. ലോക്ക്ഡൗൺ നടപടികൾ സർക്കാർ വ്യാഴാഴ്ച അവലോകനം ചെയ്യുമെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ സർക്കാരിന്റെ പദ്ധതികൾ പ്രഖ്യാപിക്കാൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏതുവിധേനയും രണ്ടാം ഘട്ട വ്യാപനം തടയുമെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടാതെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

കെയർ ഹോമുകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന സ്റ്റാർമറുടെ പ്രസ്താവനയെ ജോൺസൻ തള്ളിക്കളഞ്ഞു . “കെയർ ഹോമുകളിൽ രോഗം പടർന്നുപിടിക്കുന്നുണ്ട്. എന്നാൽ ആഴ്ചകളായി അതിനെ തടയാൻ സർക്കാർ ശ്രമിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകൾ ഇതിനായി പരിശ്രമിക്കുന്നുണ്ട്. ഈയടുത്ത ദിവസങ്ങളിൽ കെയർ ഹോമുകളിലെ സ്ഥിതിയിൽ വ്യക്തമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ” ; ജോൺസൻ മറുപടി നൽകി. പിപിഇ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയിൽ സർക്കാർ ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് മരണനിരക്കിൽ ഇറ്റലിയെ മറികടന്നു ബ്രിട്ടൻ യൂറോപ്പിൽ ഒന്നാമതെത്തി. ഏറ്റവും കൂടുതൽ മരണം സംഭവിച്ച രാജ്യങ്ങളിൽ ഇപ്പോൾ അമേരിക്കയ്ക്ക് താഴെ രണ്ടാമതായാണ് ബ്രിട്ടന്റെ സ്ഥാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിലെ മരണസംഖ്യ 29, 427 ആണ്. ഇറ്റലിയിലേത് 29, 315ഉം. ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് 693 പേർ കൂടി മരിച്ചു. 4, 406 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയെക്കാൾ വേഗത്തിൽ ബ്രിട്ടനിൽ പകർച്ചവ്യാധി പടർന്നുപിടിച്ചെന്ന് ബിബിസിയുടെ സ്റ്റാറ്റിസ്ടിക്സ് മേധാവി റോബർട്ട്‌ കഫെ പറഞ്ഞു. എന്നാൽ യുകെയിലെ ജനസംഖ്യ ഇറ്റലിയെക്കാൾ 10% വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇറ്റലി യുകെയേക്കാൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തിവരുന്നു എന്നും അദ്ദേഹം പറഞ്ഞു. 29,427 ജീവൻ നഷ്ടപ്പെട്ടത് ഒരു വലിയ ദുരന്തമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വ്യതാസപ്പെട്ടിരിക്കുന്നു.

അതേസമയം രോഗം പിടിപെട്ടു മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്തുവന്നു. 30 വർഷത്തിലേറെയായി നഴ്‌സായി ജോലി നോക്കിയ കീത്ത് ഡന്നിംഗ്ടൺ (54) ഏപ്രിൽ 19 നാണ് മരിച്ചത്. കീത്തിന്റെ അമ്മ ലിലിയൻ (81) അച്ഛൻ മൗറീസ് (85) എന്നിവർ കഴിഞ്ഞാഴ്ച മരണപ്പെട്ടു. വാട്ട്ഫോർഡ് ആശുപത്രിയിലെ ജോലിക്കാരനായിരുന്ന മോമുദ ദിബ്ബ ഏപ്രിൽ 29 ന് കോവിഡ് ബാധിച്ച് മരിച്ചു. മോ എന്നറിയപ്പെടുന്ന ദിബ്ബ കരുതലും ദയയും ഉള്ള ആളായിരുന്നെന്ന് വെസ്റ്റ് ഹെർട്ട്ഫോർഡ്ഷയർ എൻ‌എച്ച്എസ് ട്രസ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ അയർലണ്ടിലെ കെയർ ഹോമിൽ നിന്നുള്ള 14 പേർ കോവിഡ് -19 അനുബന്ധ ലക്ഷണങ്ങളാൽ മരിച്ചു. യുകെയിൽ ആകെ 1,383,842 കൊറോണ വൈറസ് ടെസ്റ്റുകൾ നടന്നിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 84,806 ടെസ്റ്റുകൾ നടന്നു. തുടർച്ചയായ മൂന്നാം ദിവസവും 100,000 പ്രതിദിന പരിശോധനകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

ദിവസം ഒരുലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഏപ്രിൽ തുടക്കത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തിയെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 24 നകം 27,300 മരണങ്ങളുണ്ടെന്ന് കാണിച്ച് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) ചൊവ്വാഴ്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചു. മരണ സർട്ടിഫിക്കറ്റിൽ കൊറോണ വൈറസ് പരാമർശിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ ഒഎൻ‌എസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങൾ ഉൾപ്പെടെ, ആകെ മരണസംഖ്യ 32,000 ത്തിൽ കൂടുതലാണ്.

സ്വന്തം ലേഖകൻ

ഐൽ ഓഫ് വൈറ്റ് : കൊറോണ വൈറസ് വ്യാപനം കണ്ടെത്തുന്നതിനായി പുതിയ അപ്ലിക്കേഷൻ പുറത്തിറക്കി എൻ എച്ച് എസ്. കോവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടാവാതിരിക്കാനായി കനത്ത ജാഗ്രതാ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. അതിന്റെ ഭാഗമായാണ് പുതിയ അപ്ലിക്കേഷനും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അപ്ലിക്കേഷന്റെ ട്രയൽ ഐൽ ഓഫ് വൈറ്റിൽ നടക്കുകയുണ്ടായി. കൗൺസിൽ, ആരോഗ്യ പ്രവർത്തകർ എന്നിവരിലാണ് ഈ ആപ്പ് ആദ്യമായി പരീക്ഷിക്കുന്നത്. ദ്വീപിലുള്ള മറ്റുള്ളവർക്ക് ഇത് വ്യാഴാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പുതിയ കോവിഡ് കേസുകൾ കുറവായതിനാലും ഒരൊറ്റ എൻ‌എച്ച്‌എസ് ട്രസ്റ്റിന്റെ പരിധിയിൽ വരുന്നതിനാലുമാണ് ദ്വീപിനെ പരീക്ഷണ സ്ഥലമായി തിരഞ്ഞെടുത്തത്. ദ്വീപിലേക്കും പുറത്തേക്കും ഉള്ള യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ട്രയൽ‌ വിജയകരമാണെങ്കിൽ‌, ഇത് ആഴ്ചകൾ‌ക്കുള്ളിൽ‌ രാജ്യവ്യാപകമായി ലഭ്യമാകും. വൈറസിന് പോസിറ്റീവ് പരീക്ഷിച്ച ആരുടെയും സമീപകാല ബന്ധപ്പെടൽ വേഗത്തിൽ കണ്ടെത്തുന്നതിന് അപ്ലിക്കേഷൻ സഹായകരമാവുന്നു. ഭാവിയിൽ ഉണ്ടാകുന്ന രോഗവ്യാപനം നിരീക്ഷിക്കുന്നതിനും കുറയ്ക്കുന്നതിനുമായി വ്യാപകമായ പരിശോധനയും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷണം വിജയകരമാണെങ്കിൽ, മെയ് പകുതിയോടെ ആപ്പ് രാജ്യവ്യാപകമായി പുറത്തിറക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

 

ഈ പുതിയ അപ്ലിക്കേഷൻ ആപ്പിൾസ്റ്റോറിലും ഗൂഗിൾ പ്ലെയ്സ്റ്റോറിലും ലഭ്യമാണ്. ബ്ലൂടൂത്ത് കണക്ഷൻ വഴിയാണിത് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ ഉള്ള രണ്ട് ആളുകൾ ഒരു നിശ്ചിത സമയത്തേക്കാൾ കൂടുതൽ നേരം പരസ്പരം അടുത്തടുത്ത് ആയിരിക്കുമ്പോൾ അത് റെക്കോർഡു ചെയ്യപ്പെടുന്നു. ആ ആളുകളിൽ ഒരാൾക്ക് പിന്നീട് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ, അടുത്ത ദിവസങ്ങളിൽ അവർ കാര്യമായ സമ്പർക്കം പുലർത്തിയ മറ്റെല്ലാ അപ്ലിക്കേഷൻ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് ലഭിക്കും. ആവശ്യമെങ്കിൽ അവരോട് സ്വയം ഒറ്റപ്പെടാൻ പറയുകയും ചെയ്യും. ഐൽ ഓഫ് വൈറ്റിലുള്ള എല്ലാവർക്കും ആപ്ലിക്കേഷൻ ലഭ്യമാകുമ്പോൾ അത് ഡൗൺലോഡ് ചെയ്യണമെന്ന് ഹാൻ‌കോക്ക് അഭ്യർത്ഥിച്ചു. പരീക്ഷണ വേളയിൽ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളുടെ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യവും നിങ്ങളുടെ സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്ലിക്കേഷൻ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ അതിനുപിന്നിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ഡാറ്റ തിരഞ്ഞെടുക്കാനും പങ്കിടാനുമുള്ള ആപ്ലിക്കേഷന്റെ ഓപ്ഷൻ ഒരു വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ലോ പ്രൊഫസർ ഓർല ലിൻസ്കി പറഞ്ഞു. എന്നാൽ ഉപയോക്താക്കൾ കൂടുതൽ ഓപ്റ്റ്-ഇൻ അഭ്യർത്ഥന അംഗീകരിച്ചാൽ മാത്രമേ അധിക ലൊക്കേഷൻ ഡാറ്റ രേഖപ്പെടുത്തുകയുള്ളൂ എന്ന് എൻഎച്ച്എസ്എക്സ് അറിയിച്ചു. സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണെന്ന് ഹാൻ‌കോക്ക് പറഞ്ഞു. ഡാറ്റ ഫോണിൽ സംഭരിക്കുമെന്നും ഒരാൾക്ക് പരിശോധന ആവശ്യമായി വരുമ്പോൾ മാത്രമേ അത് എൻഎച്ച്എസിലേക്ക് അയയ്ക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ മൂലം തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് സഹായവുമായി ബ്രിട്ടീഷ് സർക്കാർ. സർക്കാർ പുതുതായി തുടങ്ങിയ ഈ സ്കീമിൽ നാലിലൊന്ന് തൊഴിലാളികളുടെ വേതനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഈ സ്കീമിൽ കഴിഞ്ഞ ആഴ്ച മാത്രമായി 2.5 മില്യൻ ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഈ സ്കീമിൽ രജിസ്റ്റർ ചെയ്ത മൊത്തം തൊഴിലാളികളുടെ എണ്ണം 6.3 മില്യൺ ആയി ഉയർന്നു. ഇത് ബ്രിട്ടണിൽ മൊത്തം ഉള്ള തൊഴിലാളികളുടെ 23 ശതമാനത്തോളം വരും. മാസം 2500 പൗണ്ട് വരെയാണ് ഈ സ്കീമിൽ നിന്ന് തൊഴിലാളിക്ക് ലഭിക്കുക. കൊറോണ ബാധയ്ക്കു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം മുഴുവൻ പോകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിന്റെ ഭാഗമായി ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയും 6.5 ശതമാനം ആയി ചുരുങ്ങും എന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ തൊഴിലാളികൾക്ക് കൂടുതൽ സമയം വേതനം നൽകാൻ ഇത്തരത്തിൽ തൊഴിലാളികൾക്ക് കൂടുതൽ സമയം വേതനം നൽകുകയാണെങ്കിൽ, അത് ബ്രിട്ടീഷ് സർക്കാരിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇതുവരെ എട്ട് ബില്യൻ പൗണ്ടോളം തുക തൊഴിലാളികൾക്ക് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ പദ്ധതി ജൂണിലും തുടരാനാണ് സർക്കാരിന്റെ തീരുമാനം. ജൂണിലെ ചെലവുകളും കൂടി ചേർക്കുമ്പോൾ മൊത്തം 30 മില്യൺ പൗണ്ടോളം തുകയാകും ഇതിന് ചെലവ്. ഈ സ്കീം നീട്ടുന്നതിനായി ചില ബിസിനസ് ഗ്രൂപ്പുകൾ ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒരു ടെലിവിഷൻ ഷോയിൽ നടത്തിയ അഭിമുഖത്തിൽ, ഈ സ്കീമിന്റെ ചിലവുകൾ ഗവൺമെന്റിനു താങ്ങാനാവുന്നതിലധികം ആണെന്ന് ചാൻസലർ റിഷി സുനക് അഭിപ്രായപ്പെട്ടു. ജനങ്ങളെ എത്രയും വേഗം തൊഴിൽ മേഖലകളിലേയ്ക്ക് തിരിച്ചെത്തിക്കുക എന്നതാണ് ഇതിന് ശാശ്വതമായ പരിഹാരം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്കീം തുടരുക എന്നത് ഒരിക്കലും ശാശ്വതമായ പരിഹാരമല്ല.

കൊറോണ ബാധ ലോകത്തെ ആകമാനം ഉള്ള രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ജനങ്ങൾ പട്ടിണിയിൽ ആകുമെന്നും കണക്കുകൾ പറയുന്നു. ഇത്തരത്തിൽ തൊഴിലാളികളെ സഹായിക്കാനുള്ള സ്കീമുകൾ ഗവൺമെന്റിനു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

സൗത്താംപ്ടൺ: കൊറോണയുടെ വ്യാപനത്തിൽ ജീവൻ നഷ്ടപ്പെട്ട യുകെ മലയാളിയായ സെബി ദേവസിയ്ക്ക് അന്തിയാഞ്ജലി. കഴിഞ്ഞ മാസം (April 20) കോവിഡ് ബാധിച്ച് മരണമടഞ്ഞ എറണാകുളം കുറുമശ്ശേരി സ്വദേശി മൂഞ്ഞേലി സെബി ദേവസ്സിയുടെ ശവസംസ്ക്കാരം ആണ് സൗത്താംപ്റ്റണ്‍ വൂഡ്‌ലി സിമിത്തേരിയില്‍ മൂന്നരയോടെ പൂർത്തിയായത്.

മുൻപ് അറിയിച്ചിരുന്നതുപോലെ പരേതനായ ഡെബിക്കു വേണ്ടിയുള്ള കുർബാന 12.15ന് തന്നെ  സൗത്താംപ്റ്റണ്‍ സെന്റ്. വിൻസെന്റ് ഡി പോള്‍ ദേവാലയത്തില്‍ വച്ചാണ് നടന്നത്. സൗത്താംപ്റ്റണ്‍ സീറോ മലബാര്‍ മിഷന്‍ ചാപ്ലിയന്‍ റവ.ഫാ. ടോമി ചിറക്കല്‍ മണവാളനാണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകിയത്.യുകെയിൽ നിലനിൽക്കുന്ന സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പള്ളിയിൽ അനുവാദമുണ്ടായിരുന്നുള്ളു. സെബിയുടെ അകാലത്തിലുള്ള വേർപാടിൽ ദുഃഖാർത്ഥരായ ഭാര്യ ഷീന, മകൻ ഡിയാന്‍ കൂടാതെ സഹോദരൻമ്മാർ, മാതാവായ ആനി എന്നിവരെല്ലാം സമർപ്പിച്ചു കൊണ്ടാണ് ആണ് റവ.ഫാ. ടോമി ചിറക്കല്‍ സെബിക്കായുള്ള അന്ത്യകർമ്മത്തിലെ ചടങ്ങുകൾ ആരംഭിച്ചത്.1:35 pm നു പള്ളിയിലെ ചടങ്ങുകൾ പൂർത്തിയായി… തുടന്ന് 2:45 pm ന്  സെബിയുടെ ഭൗതീക ശരീരം സൂക്ഷിച്ചിരുന്ന ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ പ്രധാന കവാടത്തിൽ രണ്ടാംഘട്ട പ്രാർത്ഥനകൾ ആരംഭിച്ചത്. ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി. ദുഃഖം അമർത്തി കണ്ണീർ തൂകുകയായിരുന്ന അമ്മയായ ഷീനയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്ന പന്ത്രണ്ടുകാരൻ. കാണുന്നവർക്ക് നൽകുന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ഹാംപ്‌ഷെയര്‍ ടെസ്റ്റ് വാലി ബോറോയുടെ കീഴിലുള്ള റോംസിയിലെ വുഡ്‌ലി സിമെട്രിയിലേക്ക് മൂന്ന് മണിയോടെ യാത്രയായത്.

ചുരുങ്ങിയ സമയത്തിൽ സിമെട്രിയിൽ എത്തിച്ചേർന്ന ഉടൻ തന്നെ ശസംസ്‌ക്കര ചടങ്ങിന്റെ അവസാന ഘട്ട പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്‌തു. കൊറോണ എന്ന വൈറസ് എത്രമാത്രം വേദനകൾ ആണ് ലോകത്തിനും യുകെയിലെ മലയാളി സമൂഹത്തിനും നൽകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് പിന്നീട് കണ്ടത്. അതുവരെ എല്ലാ വേദനകളും കടിച്ചമർത്തി പിടിച്ചുനിർത്തിയ പന്ത്രണ്ടുകാരൻ ഡിയാന്‍ ഡേവിഡ് സെബിയുടെ നിയന്ത്രണവും നഷ്ടപ്പെടുന്ന വേദനാജനകമായ കാഴ്ച്ച… പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി.പ്രായത്തിനതീതമായ പക്വത കാണിച്ച ഡിയാനെ കെട്ടിപ്പിടിച്ചു വാവിട്ട് കരഞ്ഞപ്പോൾ ഒരു നിമിഷം നിസ്സഹായരായി നിൽക്കുന്ന, കണ്ണീർ തുടക്കുന്ന കൂട്ടുകാരും ബന്ധുക്കളും… നിന്റെ മുഖം പോലും അവസാനമായി കാണാൻ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞു കരയുന്ന ഷീനയുടെ വാക്കുകൾ ഓൺലൈൻ സ്ട്രീമിങ് കണ്ടവരുടെ കണ്ണുകൾ നിറയുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നത് വേർപാട് വേദനയുടെ ആഴം വിളിച്ചുപറയുന്നതായിരുന്നു. രാജ്യത്തിനു പുറത്തുള്ള സെബിയുടെ സഹോദരൻമാർക്കോ അമ്മക്കോ പോലും മരണാന്തരച്ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സൗത്താംപ്റ്റണ്‍ റോംസിയില്‍ താമസിച്ചിരുന്ന സെബി ദേവസി  കോവിഡ് ബാധിച്ച് സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. മറ്റ് യാതൊരു തരത്തിലുള്ള അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ പനി കടുത്തപ്പോൾ ആശുപത്രിയില്‍ ചെന്നെങ്കിലും അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ചിരുന്നു.എന്നാല്‍ പിന്നീട് രോഗലക്ഷണങ്ങൾ വഷളാവുകയും സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദഗ്ദ ചികിത്സക്കായി ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിലേക്ക് മാറ്റാനിരിക്കെ പെട്ടെന്ന് സെബിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഏപ്രിൽ 20 ന് മരണം സംഭവിക്കുകയും ആയിരുന്നു.

നാട്ടില്‍ എറണാകുളം കുറുമശ്ശേരി നിവാസിയാണ്. ഭാര്യ ഷീനാ ജോസഫ്, ഏക മകന്‍ 12 കാരന്‍ ഡിയാന്‍ ഡേവിഡ്. മൂഞ്ഞേലി പരേതനായ ദേവസിയുടേയും ആനി ദേവസിയുടെയും മകനാണ് മരണമടഞ്ഞ സെബി. സഹോദരങ്ങള്‍ ജോഷി ദേവസി (അയര്‍ലണ്ട്), സിജോ ദേവസി (കാനഡ). സെബിയുടെ അമ്മ ഇപ്പോള്‍ കാനഡയിലുള്ള സഹോദരനൊപ്പമാണുള്ളത്.

കൊറോണയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോയുടെ ലൈവ് ടെലികാസ്റ്റ് ചെയ്യുക വഴി ബന്ധുക്കൾക്കും കൂട്ടുകാക്കും അതോടൊപ്പം സഹപ്രവർത്തകർക്കും ശുശ്രൂഷകള്‍ തത്സമയം കാണാൻ അവസരം ലഭിച്ചു.

[ot-video][/ot-video]

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിർജിൻ അറ്റ്ലാന്റിക്ക് യുകെയിലെ ഏകദേശം മൂവായിരത്തിലധികം ജോലികൾ വെട്ടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. നിരവധി ആളുകളുടെ തൊഴിൽ നഷ്ടമാകുന്ന ഈ പ്രഖ്യാപനം കോവിഡ് – 19ന്റെ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. നിലവിൽ 10,000 ത്തോളം ആളുകളാണ് വിർജിൻ അറ്റ്ലാന്റിക്ക്എയർലൈനിൽ ജോലിചെയ്യുന്നത് .

കൊറോണ വൈറസിന്റെ വ്യാപനം മൂലം നിരവധി വിമാന കമ്പനികൾ ഇപ്പോൾ നഷ്ടത്തിലാണ്.
നിലവിലുള്ള സർവീസുകൾ നിർത്തലാക്കിയതിനാൽ സർക്കാരിൽ നിന്ന് അടിയന്തര വായ്പയ്ക്ക്‌ അപേക്ഷിക്കുന്ന ഘട്ടത്തിലാണ് വെർജിൻ അറ്റ്ലാന്റികിന് ഈ തീരുമാനത്തിലേക്ക് എത്തേണ്ടതായി വന്നത്. നിലവിലെ ഈ സാഹചര്യം വലിയ ഒരു തിരിച്ചടിയാണെന്നും യുകെയിലെ വ്യോമ ഗതാഗത മേഖല നേരിടുന്ന തകർച്ചയുടെ തെളിവാണിതെന്നും ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പറഞ്ഞു . ഇതേസമയം വിർജിൻ അറ്റ്ലാന്റികിൽ പ്രവർത്തിക്കുന്ന എല്ലാ ജോലിക്കാർക്കും കമ്പനിയുടെ ഈ തീരുമാനം ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്നും ഇതിനുള്ള ന്യായീകരണം കമ്പനി വ്യക്തമാക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ പറഞ്ഞു.

കൊറോണ വൈറസ്  പടർന്നുപിടിക്കുന്നത് മുമ്പുതന്നെ വ്യോമഗതാഗത മേഖലയിൽ ബ്രിട്ടനിൽ തകർച്ച തുടങ്ങിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായിരുന്ന തോമസ് കുക്ക് എയർലൈൻസ് സെപ്റ്റംബറിലാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ്അന്ന് നഷ്ടമയത്. 2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചത് .

ടെൽഫോർഡ്: ഇത് അനുപമ സുരേഷ്… യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം. യുകെ മലയാളികൾക്ക് അഭിമാനമായി ടെൽഫോർഡിലെ പ്രിൻസസ് റോയൽ NHS ആശുപത്രിയിലെ ഹീറോ ആയത് കണ്ണടച്ച് തുറക്കും പോലെ. വന്നിട്ട് വെറും മൂന്നു മാസം മാത്രമായ അനുപമയെ ഹീറോ ആക്കിയത് കൊറോണ വൈറസ് ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവിടെയാണ് നാം മലയാളികൾ അഭിമാനം കൊലള്ളേണ്ടത്. ആശുപത്രിയിലെ  ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്നായി ആറു പേരെ തിരഞ്ഞെടുത്തപ്പോൾ നഴ്സസ് വിഭാഗത്തിൽ നിന്ന് ഈ ടെമ്പററി പിൻ നമ്പർ ഉള്ള മലയാളി നഴ്‌സ്‌ അനുപമ എന്ന പത്തനംതിട്ടക്കാരിക്ക് നറുക്ക് വീണു.

2020 ജനുവരി മുപ്പത്തിയൊന്നിന് മാഞ്ചെസ്റ്ററിൽ വിമാനമിറങ്ങിയ അനുപമ… ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് സ്വപനങ്ങളുമായിട്ടാണ്.. ഒരുപക്ഷേ യുകെയിലെത്തിയ എല്ലാ മലയാളികളെയും പോലെ.. ആദ്യകാലങ്ങളിൽ എത്തിയവർ എവിടെ, എങ്ങനെ എന്ന് തപ്പിത്തടഞ്ഞു എങ്കിൽ ഇപ്പോൾ വരുന്നവർക്ക് ആ ക്ലേശമില്ല. സഹായിക്കാനായി ഒരുപാട് പേർ മലയാളികൾ ഇന്ന് യുകെയിൽ ഉണ്ട്.  യുകെയിലെ NHS ന് നഴ്സുമാരെ കേരളത്തിൽ നിന്നുമെത്തിക്കുന്നത് കേരള സർക്കാർ തന്നെ സ്ഥാപിച്ച ODEPC  (Overseas Development and Employment Promotion Council) വഴിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ നേടിയ നഴ്സുമാർക്ക് ആണ് ODEPC യുകെയിലേക്ക് അവസരം ഒരുക്കുന്നത്. Clockwise from top left: Estates manager Dave Chan, ward nurse Anupama Suresh, porter Ben Evason, consultant MeiSee Hon, estates worker Derek Jones and cleanliness technician Louise Bleloch

ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്ന്റെ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ODEPC വഴി  ഇന്റർവ്യൂ നേരിട്ടത് സ്കൈപ് വഴി. സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അനുപമ കേരള സർക്കാർ നിയമപ്രകാരം അഞ്ച് വർഷത്തെ അവധിയും നേടി, വേണ്ട പേപ്പർ വർക്ക് ഒക്കെ നടത്തി യുകെയിലേക്ക്. അനുപമക്കൊപ്പം റോയൽ ഷൂസ്‌ബറി & ടെൽഫോർഡ് ട്രസ്റ്റുകളിലേക്ക് എത്തിച്ചേർന്നത് 22 മലയാളികൾ. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവർ.

പതിവുപോലെ ക്ലാസുകൾ എല്ലാം നടക്കുന്നു. ഏപ്രിൽ മാസം പരീക്ഷ എഴുതുവാനുള്ള തിയതിയും ലഭിച്ചിരിക്കെ ആണ് ആ വാർത്ത അനുപമയുടെയും കൂട്ടുകാരുടെയും ചെവിയിൽ എത്തുന്നത്… കൊറോണ വൈറസിന്റെ വ്യാപനം മൂലം നോർത്തേൺ അയർലണ്ടിലെ പരീക്ഷ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഒരു നഴ്‌സായി NHS സിൽ കയറാൻ വേണ്ടുന്ന പരീക്ഷയാണ് കൊറോണ എന്ന ഭീകരൻ കശക്കിയെറിഞ്ഞത്. കോഴ്‌സിന് ആനുപാതികമായ ക്ലിനിക്കൽ പരിശീലനം ഈ കാലയളവിൽ.

കൊറോണയുടെ വ്യാപനം വർദ്ധിക്കുകയും മരണ സംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സമയം. പുതിയ ആശുപത്രികൾ പണിതുടങ്ങുന്നു. നഴ്സുമാരുടെ കുറവ് തിരിച്ചറിഞ്ഞ NMC… ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ട്രൈനിങ്ങിൽ ഉള്ള എല്ലാ   നഴ്സുമാർക്കും ഇമെയിൽ ലഭിക്കുന്നു. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ ടെംമ്പററി പിൻ നമ്പർ താരമെന്നുള്ള അറിയിപ്പ്. ഒരേ ഒരു കണ്ടീഷൻ മാത്രം… പിടിവിട്ട് ഉയരുന്ന രോഗികളുടെ എണ്ണം.. പുതിയ ആശുപത്രികൾ… 99 ശതമാനവും നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തു തന്നെ.. എന്നാൽ പുതിയ ആശുപത്രികളിൽ സ്റ്റാഫ് കുറവ് വന്നാൽ പോകാൻ തയ്യാറായിരിക്കണം. ഉണ്ടാകാൻ ഉള്ള സാധ്യത ഒരു ശതമാനം മാത്രം. ഒരു രാജ്യത്തെ ആപത്തു ഘട്ടത്തിൽ ആണ് സഹായിക്കേണ്ടത് എന്നും ഒരു നഴ്സസ് എന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള സമയമെന്നും എല്ലാ മലയാളികളും തിരിച്ചറിയുകയും ചെയ്‌ത സമയം… എവിടെ ഇരുന്നാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്ന തിരിച്ചറിവ് എല്ലാവരെയും ഒരുപോലെ “YES” എന്ന് മറുപടി NMC ക്ക് കൊടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. തയ്യാർ പറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ nmc രജിസ്റ്ററിൽ എല്ലാവരുടെയും പേര് തെളിഞ്ഞു. ഈ കാര്യം ഓവർസീസ് നഴ്‌സിങ് മാനേജരെ അറിയിച്ചപ്പോൾ ആശുപത്രി മാനേജ്മെന്റ് ഇവരെ എങ്ങനെ എവിടെ ഉൾപ്പെടുത്താം എന്ന് ചിന്തിച്ചിടത്താണ് മലയാളി നേഴ്‌സുമാരുടെ കഴിവ് തെളിഞ്ഞത്. വന്ന എല്ലാവരും രണ്ട് മുതൽ ഏഴ് വർഷം വരെ പരിചയമുള്ള നഴ്സുമാർ… അറിയേണ്ടത് ഇവിടുത്തെ നിയമവശങ്ങൾക്കു അനുസൃതമായി ചെയ്യാൻ അവരെ തുണക്കുക. കോവിഡ് ട്രെയിനിങ് കൂടി നടത്തി സർവ്വ സജ്ജരായി മുന്നോട്ട്…

മേലധികാരികളുടെയും കൂടെയുള്ള സഹപ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം എന്നെ ജോലിയിൽ വളരെയധികം സഹായിച്ചു എന്നാണ് അനുപമ പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് നൽകിയ പ്രതികരണം. ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം എന്നിലെ ആത്മവിശ്വാസംവളർത്തി… എല്ലാത്തിനും ഉപരിയായി ആയി ദൈവ വിശ്വാസവും… nhs സിനോടുള്ള സാധാരക്കാരുടെ സ്നേഹ പ്രകടനം, കാർഡുകൾ, സമ്മാനങ്ങൾ എല്ലാം എന്നെ ഒരു പുതിയ ലോകത്തേക്ക് ആനയിച്ചു…  എന്നേക്കാൾ കഴിവുള്ളവർ ആണ് എന്റെ കൂടെയുള്ള മറ്റു മലയാളികൾ… ഈ റൈസിംഗ് സ്റ്റാർ എന്ന അംഗീകാരം ഒരു നിമിത്തം എന്ന് മാത്രം വിശ്വസിക്കാനാണ് താൽപര്യം… അനുപമ മലയാളം യുകെയോട് പറഞ്ഞു.പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിനിയാണ് അനുപമ. കൊല്ലം നീണ്ടകര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഗോപകുമാറിന്റെ ഭാര്യ ആണ് അനുപമ. ഗോപകുമാര്‍ കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നാട് വിട്ടു പോകണമെന്ന ചിന്ത കുറവെങ്കിലും പ്രിയതമക്കൊപ്പം യുകെയിൽ ചേരാം എന്ന് വാക്ക് കൊടുത്തതായി ഗോപകുമാർ മലയാളം യുകെയോട് പറഞ്ഞു.

പത്തനംതിട്ട ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് Bsc പൂർത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റമിക് എനർജി വക ആശുപത്രിയിൽ നേഴ്‌സായി തുടക്കം… അമ്മക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി…. കാത്തിരിപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നിയമനം… മൂന്ന് വർഷത്തെ സർക്കാർ ആശുപത്രി സേവനത്തിന് ശേഷം യുകെയിലേക്ക്.. ഒരു പ്രവാസിയായി.. ഒരുപാട് സ്വപനങ്ങളുമായി… സന്തോഷവതിയായി.. കൊറോണയെ തോൽപ്പിച്ച ഒരു ടീമിന്റെ കണ്ണിയായി…

വാൽക്കഷണം…

ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിലെ മറ്റുള്ള നേഴ്‌സുമാരുടെ അവസരം മുടക്കി എന്ന് ചിന്തിക്കുന്നവരോട്… പെൻഷൻ വാങ്ങാൻ വേണ്ടി എന്ന് പറയുന്നവരോട്… ദയവായി ഇനിയുള്ള കാര്യങ്ങൾ അറിയുക..

ജില്ലാ മെഡിക്കൽ ഓഫീസർ വഴി അപേക്ഷ

ഗവണ്മെന്റ് ലീവ് അനുവദിക്കുന്നതിന് മുൻപ് മറ്റൊരാൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു..  .. പിന്നീട് ആണ് അവധി അപേക്ഷ സ്വീകരിക്കുക.. തുടർന്ന് പുതിയ നിയമനം നടത്തുന്നു.. ആരുടെയും വഴി മുടക്കി ആകുന്നില്ല എന്ന് ദയവായി തിരിച്ചറിയുക..

അവധി അനുവദിക്കപ്പെടുമ്പോൾ അതുവരെ നേടിയ സർവീസ് കാലാവധി സീറോ ആയി മാറുന്നു…

പിന്നീട് തിരിച്ചു വരുമ്പോൾ ഒഴിവ് ഉണ്ടെങ്കിൽ മാത്രം നിയമനം… അല്ലെങ്കിൽ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം..

അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു ജോലിക്ക് കയറിയാൽ ഒരു പുതിയ നിയമനമായി മാത്രം കരുതുന്നു..

തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വർഷം ജോലി ചെയ്‌താൽ മാത്രമാണ് ഗ്രേഡ് പ്രമോഷൻ ലഭിക്കുക…

അവധി അനുവദിച്ചു കിട്ടുന്നതിന് ഫീ- Rs.10,000

പ്രവാസികൾ അയക്കുന്ന വിദേശപണം നാടിന് തന്നെയാണ് ലഭിക്കുന്നത് എന്ന് അറിയാവുന്ന സർക്കാർ തന്നെയാണ് എനിക്കും എന്നെപ്പോലുള്ളവർക്കും അവസരമൊരുക്കുന്നത്‌ എന്ന് മനസിലാക്കുക…  അനുപമ പറഞ്ഞു നിർത്തി..

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനെതിരായ മുൻനിര പോരാട്ടത്തിൽ നിന്ന് ഏഷ്യൻ കറുത്ത വംശജരായ ആശുപത്രി ജീവനക്കാരെ ഒഴിവാക്കണമെന്ന് എൻ എച്ച് എസ് മെമ്മോ. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജരായ എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർ കൊറോണ വൈറസിന് കൂടുതൽ ഇരയാകാമെന്ന ആശങ്ക മൂലമാണിത്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിൽ നിന്ന് രാജ്യവ്യാപകമായി ആശുപത്രികളിലേയ്ക്ക് അയച്ച പുതിയ മാർഗ്ഗനിർദ്ദേശം ഏഷ്യൻ കറുത്ത വംശജരായ ജീവനക്കാരോട് പ്രത്യേക മുൻകരുതൽ കൈക്കൊള്ളാൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യ, സാമൂഹ്യ പരിപാലന ജോലിക്കാരിൽ 63 ശതമാനവും വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 21 വരെ ഉണ്ടായ ആശുപത്രി മരണങ്ങളിൽ 16 ശതമാനം ഏഷ്യൻ കറുത്ത വംശജരായ രോഗികലായിരുന്നു. എൻ‌എച്ച്‌എസ് ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമണ്ട പ്രിറ്റ്‌ചാർഡ് എന്നിവരിൽ നിന്ന് ആശുപത്രികൾക്ക് ഒരു കത്ത് ലഭിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. “പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഏഷ്യൻ കറുത്ത വംശജ പശ്ചാത്തലത്തിലുള്ള ആളുകളെ കോവിഡ് -19 കൂടുതലായി ബാധിക്കുന്നു എന്നതാണ്. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിനോട് ഇത് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യതയുള്ള ഉദ്യോഗസ്ഥരെ വിലയിരുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. ” കത്തിൽ ഇപ്രകാരം പറയുന്നു.

ഏഷ്യൻ കറുത്ത വംശജരായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർക്ക് കൊറോണ വൈറസ് വാർഡുകളിൽ നിന്ന് മാറി അപകടസാധ്യത ഇല്ലാത്ത ജോലികൾ നൽകേണ്ടതായി വരും. എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ലൂയിസ്, സ്റ്റാഫിന് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു ; ” ഇതാണ് ശരിയായ സമീപനം എന്ന് ഞങ്ങൾ കരുതുന്നു.” ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ഏഷ്യൻ കറുത്ത വംശജരായ സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിശോധന ലഭ്യമാക്കണം എന്നും കത്തിൽ പറയുന്നു. കൂടാതെ അവർക്ക് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. “ഞങ്ങളുടെ സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം ആശങ്കാജനകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, അവർക്ക് കഴിയുന്നത്ര പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ലൂയിസ് കൂട്ടിച്ചേർത്തു. മാസ്കുകൾ ഉപയോഗിക്കുന്നത് രോഗവ്യാപനത്തെ തടയാൻ സഹായിക്കുന്നു. വായയും മൂക്കും മൂടുന്ന ഫെയ്‌സ് മാസ്കുകൾ ധരിക്കുക, മാസ്കിൽ സ്പർശിക്കുന്നത് ഒഴിവാക്കുക, ഓരോ ഉപയോഗത്തിനും ശേഷം നനഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ മാസ്കുകൾ ഉപേക്ഷിക്കുക, മാസ്ക് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ജോലിസ്ഥലത്ത് ഉണ്ടാവുന്ന പ്രതിസന്ധികൾക്ക് ഒരു പരിധി വരെ കാരണം അപര്യാപ്തമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് . മതിയായ പിപിഇ ഇല്ലാതെ രോഗികളെ ചികിത്സിക്കുന്നത് അപകടസാധ്യത ഉയർത്തുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച യുകെയിലെ ആദ്യത്തെ പത്ത് ഡോക്ടർമാർ എല്ലാവരും ഏഷ്യൻ കറുത്ത വംശജർ പശ്ചാത്തലമുള്ളവരാണ്. എൻ‌എച്ച്‌എസ് വർക്ക് ഫോഴ്‌സ് ആൻഡ് ഇക്വാലിറ്റി ഡയറക്ടർ ഡോ. ഹബീബ് നഖ്‌വി പറഞ്ഞു: “കറുത്ത, ന്യൂനപക്ഷ വംശജരായ ഉദ്യോഗസ്ഥർ ഈ മഹാമാരിയാൽ മരിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.” “ഏതൊക്കെ ഗ്രൂപ്പുകളാണ് കൂടുതൽ അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ അവരെ സംരക്ഷിച്ചു സഹായിക്കാൻ ഞങ്ങൾക്കാവും.” ; ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved