സ്വന്തം ലേഖകൻ
ബ്രിട്ടനിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ഫ്‌ളൈബ് വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ തകർച്ചയിൽ ആണെന്ന കാര്യം പ്രഖ്യാപിച്ചു. കമ്പനി പൊളിഞ്ഞു തുടങ്ങിയ ഉടൻ തന്നെ ഗവൺമെന്റുമായി ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ തകർച്ചയോട് കൂടി ഫ്‌ളൈബിന്റെ ജീവനക്കാരായ 2400 പേർക്കും, സപ്ലൈ ചെയിൻനോടനുബന്ധിച്ച 1400 പേർക്കും ജോലി നഷ്ടപ്പെടാനാണ് സാധ്യത. കമ്പനി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് ഗവൺമെന്റും ഉടമസ്ഥരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. നൂറു മില്യണോളം പൗണ്ട് ടാക്സ് പേയർ ലോൺ സഹായത്തോടുകൂടി കമ്പനിയെ നവീകരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും, വർദ്ധിച്ച എതിർപ്പുകളെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടിവന്നു.
40 വർഷമായി പ്രവർത്തിക്കുന്ന എയർലൈൻ പല സ്ഥലങ്ങളിലേക്കും പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. ഗവൺമെന്റിനോട് അസിസ്റ്റൻസ് ചോദിച്ചിരുന്നു എങ്കിലും, അത് നിരസിക്കപ്പെട്ട സാഹചര്യമാണ് കമ്പനിയെ ഇത്രയധികം വലച്ചതെന്ന് ജോയിന്റ് അഡ്മിനിസ്ട്രേറ്ററായ അലൻ ഹഡ്സൺ പറഞ്ഞു. ഇന്ധനത്തിൻെറ വർദ്ധിക്കുന്ന വിലയും, കറൻസി മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനവും, മാർക്കറ്റിലെ ഉറപ്പില്ലായ്മയുമാണ് കമ്പനിയെ ഏറ്റവുമധികം ബാധിച്ചത്. എന്നാൽ ഇതുവരെ ബുക്ക് ചെയ്ത യാത്രക്കാർക്ക്, പകരം സൗകര്യം ഏർപ്പെടുത്താനോ ജീവനക്കാർക്ക് മറ്റുമാർഗങ്ങൾ നിർദ്ദേശിക്കാനോ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. അതിൽ അവർ ഖേദം രേഖപ്പെടുത്തി.
മുൻപേ തന്നെ തകർച്ചയിൽ ആയിരുന്ന കമ്പനി കൊറോണ വൈറസിന്റെ ആക്രമണത്തോട് കൂടി ഒട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നു എന്നും, ഗവൺമെന്റ് ഇതിൽ അങ്ങേയറ്റം നിരാശരാണ് എന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് പറഞ്ഞു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരും തെറ്റുകാർ ആണെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയെ തങ്ങളുടെ ലൈംഗിക സുഖത്തിനായി നാലു പേരും ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും, മാനുഷിക പരിഗണന പോലും പെൺകുട്ടിക്കു ലഭിച്ചില്ലെന്നും കോടതി വിലയിരുത്തി. 2011 ലാണ് പെൺകുട്ടി ആദ്യമായി തന്നെ പീഡിപ്പിച്ചുവെന്ന പരാതി പോലീസിന് നൽകിയത്. എന്നാൽ പോലീസ് ഈ സംഭവത്തിൽ കേസെടുക്കാനോ, അന്വേഷണം നടത്താനോ തയ്യാറായില്ല. നാലുവർഷത്തിനുശേഷം ഇപ്പോഴാണ് ഷെഫീൽഡ് ക്രൗൺ കോടതി ജാസിം മുഹമ്മദ് (37), നാസർ അൻവർ (40), കവാൻ ഒമർ അഹ്‌മദ് (31), ഷങ്കർ ഇബ്രാഹിമി (30) എന്നിവർ തെറ്റുകാർ ആണെന്ന് കണ്ടെത്തിയത്. നാൽപത്തിയൊന്നുകാരനായ സബ മുഹമ്മെദിനെതിരെ ആസൂത്രണ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് വളരെ വേദനാജനകമായ ഒരു ബാല്യമായിരുന്നു ഉണ്ടായിരുന്നതെന്നും, പതിമൂന്നാമത്തെ വയസ്സിൽ അമ്മ നഷ്ടപ്പെട്ടതായും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈസ്റ്റ് യോർക്ക്ഷെയറിൽ ജീവിച്ചു വന്നിരുന്ന പെൺകുട്ടി അമാൻഡ സ്‌പെൻസർ എന്ന സ്ത്രീയുടെ സംരക്ഷണയിലായിരുന്നു. അവരാണ് പെൺകുട്ടിയെ ഈ നാലു പേർക്ക് പരിചയപ്പെടുത്തിയത്.
പെൺകുട്ടി നേരിട്ട പീഡനങ്ങൾ അതിശക്തമായ ആഘാതമാണ് അവളിൽ ഉളവാക്കിയതെന്നും, അതിൽ നിന്ന് കരകയറാൻ അവൾക്ക് ഇനിയും ആയിട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. പെൺകുട്ടിയുടെ ധൈര്യത്തെ കോടതി അതിശക്തമായി പ്രശംസിച്ചു. തനിക്ക് നേരിട്ട് പീഡനങ്ങൾക്ക് നീതി ലഭിക്കുന്നതിനായി അവൾ നടത്തിയ പോരാട്ടം പ്രശംസനീയമാണെന്നും കോടതി പറഞ്ഞു.
ഈ നാല് പേർക്കെതിരെയുള്ള വിധി മാർച്ച് 13ന് കോടതി പുറപ്പെടുവിക്കും. പ്രതിപ്പട്ടികയിൽ പേരുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ കോടതി വെറുതെ വിടുകയും ചെയ്തു. പെൺകുട്ടി ഇപ്പോൾ അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 115 ൽ എത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ആകെ കേസുകളിൽ 25 എണ്ണം ലണ്ടനിലാണ്.യുക്കെയിൽ ഇപ്പോൾ രോഗബാധിതരായ പലർക്കും രോഗം ബാധിച്ചിരിക്കുന്നത് യുക്കെയിൽ നിന്ന് തന്നെയാണെന്നതു ആശങ്ക ഉളവാക്കിയിട്ടുണ്ട് . വൈറസ് ഗണ്യമായ രീതിയിൽ പടരാൻ സാധ്യതയുണ്ടെന്നും അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിനായി ഉദ്യോഗസ്ഥർ പ്രവർത്തനം തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പുതുതായി രോഗനിർണയം നടത്തിയ 25 രോഗികൾ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.പുതിയ എട്ട് കേസുകളിൽ എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല – അടുത്തകാലത്തായി മറ്റു രാജ്യങ്ങൾ സന്ദേർശിക്കാതിരുന്ന യുക്കെയിൽ കഴിഞ്ഞിരുന്ന 13 ആളുകൾക്ക് രോഗം പുതിയതായി പിടിപെട്ടിട്ടുണ്ട്.ലണ്ടനിൽ 25, വടക്ക്-പടിഞ്ഞാറ്17 , തെക്ക്-പടിഞ്ഞാറ് 15 , വടക്ക്-കിഴക്ക് 10, യോർക്ക്ഷയർ& മിഡ്‌ലാന്റിൽ ഒമ്പത്, ഇംഗ്ലണ്ടിന്റെ കിഴക്ക് എട്ട് .കൊറോണ വൈറസ് മൂലം ആദ്യ മരണം യുക്കെയിൽ സ്ഥിരീകരിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : 78 രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ച കോവിഡ് 19 ലോകജനതയുടെ നിലനിൽപ്പിനു തന്നെ കനത്ത ഭീഷണി. ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങാൻ സർക്കാർ തയ്യാറാകുന്നു. ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതിനായി വീഡിയോ കോളിംഗിലൂടെ രോഗവിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനം ആശുപത്രികൾ പരീക്ഷിക്കുന്നു. കൊറോണ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി രോഗികൾക്ക് വീഡിയോ അധിഷ്ഠിത വിദഗ്ധോപദേശം നൽകാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നീക്കം ആശുപത്രികളിലെ ആളുകളുടെ എണ്ണം കുറയ്ക്കുമെന്നും രോഗം പടരുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. അതേസമയം, ആളുകൾ പതിവായി കൈകഴുകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഒരു പൊതുജനാരോഗ്യ പ്രചാരണം ആരംഭിക്കുന്നു. സ്കോട്ട്ലൻഡിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം മൂന്നായി ഉയർന്നു.
ജനസംഖ്യയുടെ 80% ത്തെ വരെ കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി ബിബിസിയോട് പറഞ്ഞു. യുകെയിൽ വൈറസ് ഒരു പകർച്ചവ്യാധിയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ അവർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആശുപത്രി ട്രസ്റ്റുകൾക്കും മറ്റ് ആരോഗ്യ സംഘടനകൾക്കും എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ഒരു കത്ത് അയച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് കൂടുതൽ വീഡിയോ കൺസൾട്ടേഷനുകൾ നടത്താനും ആശുപത്രി കിടക്കകളുടെയും ഉപകരണങ്ങളുടെയും ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ പരിഗണിക്കാനും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഇംഗ്ലണ്ടിൽ പല നിരോധനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകി. സ്കൂളുകൾ സാധ്യമെങ്കിൽ തുറന്ന് പ്രവർത്തിക്കണമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഉപദേശം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ഭയത്തെ തുടർന്ന് ഹാർപ്പർ കോളിൻസിനെപ്പോലുള്ള പ്രധാന പ്രസാധകർ പിന്മാറിയതിനെ തുടർന്ന് മാർച്ച് 10 ന് ആരംഭിക്കാനിരുന്ന ലണ്ടൻ പുസ്തക മേള റദ്ദാക്കി. ലണ്ടൻ, പാരിസ്, പോളണ്ടിലെ ഗ്ഡിനിയ എന്നിവിടങ്ങളിലെ ഓഫീസുകൾ സോണി കമ്പനി അടച്ചു. രോഗത്തെ പ്രതിരോധിക്കാനായി എൻഎച്ച്‌എസിന് അടിയന്തിര ധനസഹായം നൽകണമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗത്തെ തടഞ്ഞുനിർത്തുന്നതിനായി സ്ഥിരമായി കൈ കഴുകുന്നത് ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ 93,000ൽ ഏറെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ; മരണം 3,200 ൽ ഏറെയും.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 38 വർഷത്തെ പ്രവർത്തന പരിചയമുള്ള ലിൻഡ ഫെയർഹാൾ എന്ന നഴ്സിനെ പിരിച്ചു വിട്ടത് നിയമവിരുദ്ധമായി ആണെന്ന് ട്രൈബ്യൂണൽ വിധി. 2013 ന് ശേഷം നഴ്സുമാർക്ക് മേലെയുള്ള ജോലിഭാരം അധികമാണെന്ന ലിൻഡയുടെ പ്രസ്താവനയെ തുടർന്നായിരുന്നു അവരെ പിരിച്ചു വിട്ടത്. രോഗികളെ ശുശ്രൂഷിക്കുന്നതിന് പുറമേ, അവരുടെ പ്രിസ്ക്രിപ്ഷൻ കൂടി നോക്കേണ്ടി വരുന്നത് അമിതഭാരം ആണെന്നായിരുന്നു ലിൻഡയുടെ വാദം. ഇത് രോഗികളുടെ ജീവനു തന്നെ ഭീഷണിയാണ്. തന്റെ വാദങ്ങൾ ശരിവെക്കുന്നതായിരുന്നു ഒക്ടോബർ 2016 – ൽ നടന്ന ഒരു രോഗിയുടെ മരണം. ഈ മരണം ഒഴിവാക്കാനാവുന്നത് ആയിരുന്നു എന്നും ലിൻഡ പറയുന്നു. എന്നാൽ ഇതിനുശേഷം ലിൻഡയെ പിരിച്ചുവിടുകയായിരുന്നു. 1979 – ൽ സർവീസ് കയറിയ ലിൻഡക്ക് 38 വർഷത്തെ പ്രവർത്തന പരിചയം ആണ് ഉള്ളത്.
എന്നാൽ ലിൻഡയെ പിരിച്ചുവിട്ടത് തെറ്റാണ് എന്നുള്ള കണ്ടെത്തലാണ് ട്രിബ്യൂണൽ നടത്തിയിരിക്കുന്നത്. 2008 മുതൽ ലിൻഡ സ്റ്റോക്‌ടോൺ റീജിയണിലെ ക്ലിനിക്കൽ കെയർ കോർഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു . 2013 ജൂണിൽ ഹാർട്ടിൽപൂളിലേക്ക് ലിൻഡക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു.
രോഗികളുടെയും, സ്റ്റാഫിന്റെയും നന്മയ്ക്കായാണ് ലിൻഡ പ്രവർത്തിച്ചതെന്നും, പിരിച്ചുവിട്ടത് തെറ്റാണെന്നും ട്രിബ്യൂണൽ വിലയിരുത്തി.
സ്വന്തം ലേഖകൻ
തനിക്ക് സ്താനാർബുദം പിടിപെടാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ തന്റെ ഇരു മാറിടങ്ങളും മുറിച്ചു മാറ്റി പ്ലാസ്റ്റിക് സർജറി ചെയ്യാൻ ധീരമായ തീരുമാനമെടുത്ത 26 കാരി പുതിയ ഓപ്പറേഷനിലൂടെ സ്പർശനങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവടുവയ്ക്കുന്നു.
അച്ഛന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നതിനാൽ ജന്മനാ തനിക്ക് ബിആർസിഎ 2 ജീൻ ലഭിച്ചിരുന്നതായി അവൾക്ക് അറിയാമായിരുന്നു. എന്നാൽ സ്തനാർബുദത്തിന്റെ ടെസ്റ്റ് ചെയ്തപ്പോൾ ഭയപ്പെടുത്തുന്ന റിസൾട്ട്ആണ് അറിയാൻ സാധിച്ചത്. കാലിഫോർണിയയിൽ താമസിച്ചിരുന്ന സറഫിന വർഷത്തിൽ രണ്ട് ടെസ്റ്റുകൾ ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ആദ്യത്തെ എം ആർ ഐ സ്കാനിങ്ങിനു ശേഷം ഡോക്ടർ അവളെ ബയോപ്സിക്ക് നിർദ്ദേശിച്ചു.
” റിസൽട്ടിനായി കാത്തിരിക്കുന്ന സമയം എനിക്ക് ഏറെ നിർണായകമായിരുന്നു, ഞാൻ ഇടയ്ക്കൊക്കെ അച്ഛനെ വിളിച്ച് നമുക്ക് രണ്ടുപേർക്കും ക്യാൻസർ ഉണ്ടെങ്കിലോ ഞാനാണ് ആദ്യം മരിക്കുന്നതെങ്കിലോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു”അവൾ പറയുന്നു. എന്നാൽ തന്റെ ജീവിതംബലി കൊടുക്കാൻ ആ ഇരുപതുകാരി തയ്യാറായിരുന്നില്ല. സ്തനങ്ങൾ രണ്ടും എടുത്തു കളഞ്ഞാൽ കാൻസർ വരാനുള്ള സാധ്യത കുറയുമെന്ന് അവൾ കണ്ടെത്തി. ശേഷം ഇംപ്ലാന്റിന് ഉള്ള സാധ്യതകളും ആരാഞ്ഞു. എന്നാൽ കാൻസർ ഉള്ള ഒരാളിനും ക്യാൻസർ വരാൻ സാധ്യതയുള്ള ഒരു വ്യക്തിക്കും ആവശ്യമായ ഓപ്പറേഷനും ചികിത്സയും വ്യത്യാസമാണ്, എന്ന് യുകെ ചാരിറ്റി ട്രസ്റ്റ് കാൻസറിന്റെ ഡയറക്ടറായ ഡോക്ടർ എമ്മ പെന്നെരി പറയുന്നു.
കാലിഫോർണിയ ആസ്ട്രോണമി പി എച്ച് ഡി വിദ്യാർഥിനിയായ സറഫിന നാൻസി സംശയമില്ലാതെ മാറിടങ്ങൾ നീക്കം ചെയ്തു. വീണ്ടും അത് ഇമ്പ്ലാന്റ് ചെയ്താലും സ്പർശന ശേഷി നഷ്ടപ്പെടും എന്ന് തീർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ അവൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ അതും സാധ്യമായി. അവൾ വളരെ പെട്ടെന്ന് സുഖം പ്രാപിച്ചു വരുന്നുണ്ട്. അനേകം രോഗികൾക്ക് മാതൃകയാണ് സറഫിന നാൻസി.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് കേസുകൾ ബ്രിട്ടനിൽ ഏറുന്നതോടെ രാജ്യം ഏറ്റവും മോശമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് പത്രമാധ്യമങ്ങൾ. മൂന്നു മാസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും മേളകൾക്കും ഷോപ്പിങ്ങിനും പോകുന്നത് കുറയ്‌ക്കണമെന്നും ഡെയിലിമെയിൽ പറയുന്നു. സർക്കാർ തങ്ങളുടെ കർമപദ്ധതി പ്രസിദ്ധീകരിച്ചതിനുശേഷം എൻഎച്ച്എസ്, തയ്യാറെടുപ്പുകൾ ശക്തമാക്കി എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ കിടക്കകൾ ആവശ്യമുള്ളതിനാൽ വാർഡുകളെ ഇൻസുലേഷൻ യൂണിറ്റുകളാക്കി മാറ്റാനും വീഡിയോ കോളുകൾ വഴി കഴിയുന്നത്ര രോഗികൾക്ക് ഉപദേശം നൽകാനും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുകെയിലെ തൊഴിലാളികളിൽ 20% വരെ രോഗികളായിരിക്കാമെന്ന സർക്കാർ മുന്നറിയിപ്പ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഡെയിലി എക്സ്പ്രസ്സ് പറഞ്ഞു. ഒപ്പം സർക്കാരിന്റെ പദ്ധതികളും അവർ വിശദീകരിച്ചിട്ടുണ്ട്. വൈറസ് പൊട്ടിപുറപ്പെടലിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതിനെപറ്റി ഫിനാൻഷ്യൽ ടൈംസ് വിശദീകരിക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഓണററി സമ്മാനിക്കുന്നതിനിടെ കയ്യുറകൾ ധരിച്ച രാജ്ഞിയുടെ ഫോട്ടോയാണ് മെട്രോയുടെ മുഖചിത്രം. ഇത്തരമൊന്ന് ആദ്യമായാണെന്ന് അവർ റിപ്പോർട്ടുചെയ്യുന്നു. ഒപ്പം ഇതേ ചിത്രം മറ്റു പത്രങ്ങളുടെയും മുൻപേജിൽ കാണാവുന്നതാണ്. വിരമിച്ച എൻഎച്ച്എസ് സ്റ്റാഫുകളെയും സായുധ സേനയെയും തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതികളെ ഡെയ്‌ലി സ്റ്റാർ വിശദീകരിക്കുന്നു. ഒപ്പം പ്രധാനമന്ത്രിയുടെ “പരിഭ്രാന്തകരരുത്” എന്ന സന്ദേശവും.
കൊറോണയെ പിടിച്ചു കെട്ടാൻ പല മുൻകരുതലുകളും സ്വീകരിക്കണം എന്ന വസ്തുതയാണ് എല്ലാ മാധ്യമങ്ങളും മുമ്പോട്ട് വയ്ക്കുന്നത്. കൈ കഴുകുന്നതിലൂടെ, യാത്രകൾ കുറയ്ക്കുന്നതിലൂടെ, കയ്യുറകൾ ധരിക്കുന്നതിലൂടെയൊക്കെ രോഗം പടരുന്നത് തടയാൻ കഴിയുമെന്ന് എല്ലാവരും പറയുന്നുണ്ട്. ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യമാണ് ഇതിലെല്ലാം തെളിഞ്ഞുകാണുന്നത്.
ലണ്ടൻ ∙ കൊറോണ വൈറസ് വ്യാപനം അനുദിനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ലോകത്തെ പ്രമുഖ വിമാനക്കമ്പനികൾ എല്ലാംതന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു. ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും പല വിമാനക്കമ്പനികളും റദ്ദാക്കി. ഇതിനിടെ കൊറോണയെ നേരിടാൻ കൂടുതൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. എല്ലാ സാധ്യതകളും കണക്കിലെടുത്ത് വ്യക്തമായ കർമപരിപാടികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ ഉചിതമായി രീതിയിൽ മാത്രം ഇവ നടപ്പിൽ വരുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
ബ്രിട്ടീഷ് എയർവേസ്, എമിറേറ്റ്സ്, റയൺഎയർ, ഈസി ജെറ്റ് എന്നീ വിമാനക്കമ്പനികാളാണ് സർവീസുകൾ ഏറെയും റദ്ദാക്കിയത്. ഗൾഫിലേത് ഉൾപ്പെടെ പല വിമാനക്കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധിയും നൽകിയിട്ടുണ്ട്. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പല വിമാനക്കമ്പനികളും പൂർണമായും നിർത്തി. ചില കമ്പനികൾ അമേരിക്കൻ, യൂറോപ്പ് സർവീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.
കൊറോണ ഭിതിയിൽ എല്ലാവരും യാത്രകൾ മാറ്റിവച്ചതോടെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങളിലെ യാത്രകൾ പലതും റദ്ദാക്കി. ഈസ്റ്റർ ഹോളിഡേ ബുക്കിംങ്ങുകൾ നടത്തിയിട്ടുള്ളവരെല്ലാം യാത്രയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരാണ്.
മിക്ക റൂട്ടുകളിലും യാത്രക്കാരേ ഇല്ലാത്ത സ്ഥിതിയാണെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ലണ്ടനിൽനിന്നും അമേരിക്കയിലേക്കുള്ള സർവീസുകൾ കുറച്ചത് യാത്രക്കാരുടെ കുറവുമൂലം മാത്രമാണെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. ഹീത്രുവിൽനിന്നും ന്യൂയോർക്കിലേക്കുള്ള 12 സർവീസുകളാണ് ഇതുവരെ കുറച്ചത്. ഹോങ്കോങ്, സിംഗപ്പൂർ, സോൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. മാർച്ച് 17 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഹീത്രൂവിൽനിന്നും പുറപ്പെടേണ്ട 171 സർവീസുകൾ ബ്രിട്ടീഷ് എയർവേസ് വേണ്ടെന്നു വച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലെ കുറവാണ് കാരണം. ലണ്ടനിൽനിന്നും ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് റെയൺ എയറും ഈസി ജെറ്റും നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 31 വരെയാണ് നിയന്ത്രണം.
പുതിയ ബുക്കിംങ് ഇല്ലാത്തതും നിലവിലുള്ള ബുക്കിംങ് യാത്രക്കാർ ക്യാൻസൽ ചെയ്യുന്നതുമാണ് വിമനക്കമ്പനികെളെ പ്രതിസന്ധിയിലാക്കുന്നത്. സർവീസികൾ നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ പലതും ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചു.
2001ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായി ഭീകരാക്രമണത്തെത്തുടർന്ന് വ്യോമഗതാഗത മേഖലയിൽ ഉണ്ടായ പ്രതിസന്ധിയേക്കാൾ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഈ മേഖല നേരിടുന്നത്. പല വിമാനക്കമ്പനികളുടെയും നിലനിൽപിനു തന്നെ ഭീഷണിയുയർത്തുന്ന പ്രതിസന്ധിയായി ഇതു വളർന്നേക്കുമെന്ന ആശങ്കയുമുണ്ട്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ നിർമ്മാർജ്ജനം ചെയ്യുന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രധാന അജണ്ടകളിൽ ഒന്നായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഇതുവരെയും കൊറോണയെ ഒരു ഗൗരവമായ രോഗബാധയായി ബ്രിട്ടീഷ് ഗവൺമെന്റ് കണക്കിൽ എടുത്തിരുന്നില്ല. ഇതുമൂലം പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ പലഭാഗങ്ങളിൽനിന്നും ഉയർന്നുവന്നിരുന്നു. ഇപ്പോൾ മാത്രമാണ് കൊറോണ നിർമാർജനം ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയുടെ ഓഫീസ് മനസ്സിലാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് പല നടപടികളിലേയ്ക്കും ഗവൺമെന്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളിൽ ആശങ്ക പടർത്താതെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുവാൻ ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കൊറോണ ബാധ മൂലം തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെയും പുനരുദ്ധരിക്കേണ്ട ബാധ്യത ഗവൺമെന്റിന്റെ ഭാഗത്ത് ഉണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനായി ട്രഷറികളുടെ പണം കുറെയധികം നീക്കി വയ്ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരിക്കുകയാണ്. എൻ എച്ച് എസിനു ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രോഗബാധ കുറേക്കാലം കൂടി നീണ്ടു പോകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവൺമെന്റ്.
ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി ടാക്സ് തുക കുറെയധികം നീക്കിവയ്ക്കാൻ ഗവൺമെന്റ് തയ്യാറായിരിക്കുകയാണ്. നിലവിലെ സാഹചര്യം നേരിടുവാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നൽകി. നിലവിലെ സാഹചര്യം നേരിടുക എന്നത് പ്രധാനമന്ത്രിയുടെ വെല്ലുവിളി തന്നെയായി മാറിയിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിലെ പുതിയ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഗാർഹിക പീഡന കുറ്റവാളികൾക്ക് ജയിലിൽ നിന്ന് മോചിതരാകുമ്പോൾ ഇനി നിർബന്ധിത നുണപരിശോധന നേരിടേണ്ടിവരും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവർക്ക് പതിവായി പോളിഗ്രാഫ് പരിശോധനകളും നടത്തും. സാമ്പത്തിക ദുരുപയോഗം തടയാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. നുണ പരിശോധനകൾ 100% കൃത്യമല്ല. ഉയർന്ന അപകടസാധ്യതയുള്ള ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുന്നതിന് ഇതിനകം തന്നെ നുണപരിശോധനകൾ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ 89% കൃത്യതയുണ്ടെന്നും ആഭ്യന്തര കാര്യാലയം അറിയിച്ചു. ഗാർഹിക പീഡന ബിൽ പാസാകുകയാണെങ്കിൽ, ഗാർഹിക പീഡനത്തിനിരയായവരെ മൂന്നുവർഷത്തെ പരീക്ഷണത്തിന് വിധേയമാക്കും. ഇത് വിജയിക്കുകയാണെങ്കിൽ പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കും.
മോചിതരായ മൂന്നുമാസം കഴിഞ്ഞ 300 ഓളം കുറ്റവാളികളിൽ നുണപരിശോധന നടത്തും. അതിനുശേഷം ഓരോ ആറുമാസവും പരിശോധന നടത്തും. പരിശോധനയിൽ പരാജയപ്പെടുന്നവരെ ജയിലിലേക്ക് തിരിച്ചയക്കില്ലെന്നും എന്നാൽ പരിശോധന നടത്താൻ വിസമ്മതിക്കുകയോ കബളിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ ജയിലിലടച്ചേക്കാമെന്നും ആഭ്യന്തര ഓഫീസ് പറഞ്ഞു. പരിശോധന ഫലം പോലീസിനു നൽകി, ഇത് കൂടുതൽ അന്വേഷണത്തിനായി ഉപയോഗിക്കും. ഓരോ വർഷവും യുകെയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഏകദേശം 20 ദശലക്ഷം പേരെ സഹായിക്കാനുള്ള നടപടിയിൽ കാലതാമസമുണ്ടെന്ന് പ്രചാരകർ പറയുന്നു. തങ്ങളുടെ 2017 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കൺസർവേറ്റീവ് പാർട്ടി, കർശന നടപടികൾ നിർദ്ദേശിച്ചെങ്കിലും നിയമനിർമ്മാണ പുരോഗതി മന്ദഗതിയിലായിരുന്നു.
ഇതൊരു ജീവൻ രക്ഷിക്കാനുള്ള നീക്കമാകുമെന്ന് ചാരിറ്റി വിമൻസ് എയ്ഡ് പറഞ്ഞു. “ഗാർഹിക പീഡനത്തിന്റെ മറഞ്ഞിരിക്കുന്ന ഇരകളാണ് കുട്ടികൾ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘാതം അവർക്കുണ്ടായേക്കാം.” ബർണാർഡോ ചീഫ് എക്സിക്യൂട്ടീവ് ജാവേദ് ഖാൻ പറഞ്ഞു. കുട്ടികൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നതിനെകുറിച്ച് ബില്ലിൽ പരാമർശമില്ല. ഗാർഹിക പീഡനത്തിന് ഇരയായ കുട്ടികൾക്ക് എപ്രകാരം പിന്തുണ നൽകാമെന്ന കാര്യം യുകെയുടെ പുതിയ ഗാർഹിക പീഡന കമ്മീഷണർ നിക്കോൾ ജേക്കബ്സ് ആലോചിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.