സ്വന്തം ലേഖകൻ
കെൻറ്റ് : യുക്മയിൽ നിന്ന് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിക്കുന്നു . യുക്മ എന്ന പ്രസ്ഥാനം ജനാധിപത്യ മര്യാദകളെ മാനിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിച്ചിരിക്കുന്നത് . ഇന്ന് യുകെയിലെ പല മലയാളി അസ്സോസ്സിയേഷനുകളും ചിന്തിക്കുന്ന രീതിയിൽ യുക്മയിൽ നിന്ന് അംഗത്വം പിൻവലിച്ചത് സൗത്ത് ഈസ്റ്റ് റീജിയനിലുള്ള സഹൃദയ മലയാളി അസ്സോസിയേഷനാണ് . കഴിഞ്ഞ റീജിയണൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുക്മയുടെ നാഷണൽ കമ്മിറ്റിയിൽ നിന്ന് നേരിട്ട തീർത്തും ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് സഹൃദയ മലയാളി അസ്സോസിയേഷനെ യുക്മയിൽ നിന്ന് അവരുടെ അംഗത്വം പിൻവലിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത് .
2019 ൽ സൗത്ത് ഈസ്റ്റ് റീജിയണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരാളെ വീണ്ടും പ്രസിഡന്റാക്കണമെന്നും , അംഗ അസ്സോസ്സിയേഷനുകൾ വോട്ട് ചെയ്ത് ജയിപ്പിച്ച വ്യക്തിയെ പ്രസിഡന്റാക്കാൻ തോറ്റ സ്ഥാനാർത്ഥിയും നാഷണൽ കമ്മിറ്റിയും തയ്യറാകാത്ത ഒരു സാഹചര്യം ഉടലെടുത്തിരുന്നു. തുടർന്ന് തോറ്റ വിഭാഗവും ജയിച്ച വിഭാഗവും യുക്മയുടെ കഴിഞ്ഞ വർഷത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്തുകയും , അതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിലുകൾ രണ്ട് വിഭാഗങ്ങളിൽ നിന്നും സഹൃദയ മലയാളി അസോസിയേഷന് ലഭിച്ചുകൊണ്ടിരുന്നു . ഇങ്ങനെ വന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹൃദയ മലയാളി അസോസിയേഷൻ യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഒരു ഇമെയിൽ അയച്ചിരുന്നു .
2019 ഒക്ടോബർ 11 ന് അറുപത് ദിവസത്തിനുള്ളിൽ മറുപടി പ്രതീക്ഷിച്ചുകൊണ്ടാണ് യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഇമെയിൽ അയച്ചിരുന്നത്. അറുപത് ദിവസത്തിന് ശേഷവും സഹൃദയ മലയാളി അസോസിയേഷൻ ഉയർത്തി കാട്ടിയ പ്രശ്നങ്ങൾക്കോ , ചോദിച്ച ചോദ്യങ്ങൾക്കോ ഒരു മറുപടി പോലും യുക്മയുടെ നാഷണൽ ഭാരവാഹികൾ നൽകിയില്ല. ഒരു അംഗ അസ്സോസിയേഷൻ ഔദ്യോഗികമായി അയച്ച ഈമെയിലിന് മറുപടി കൊടുക്കുവാനുള്ള സംഘടനാ മര്യാദ പോലും യുക്മയുടെ നാഷണൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് നാളിന്നുവരെ ഉണ്ടായില്ല .
2019 ഒക്ടോബർ 11ന് രാത്രി 8. 19ന് അയച്ച മെയിലിലെ ഉള്ളടക്കം ഇങ്ങനെയാണ്
പ്രിയപ്പെട്ട യുക്മയുടെ ഓഫീസ് ഭാരവാഹികളെ … സൗത്ത് ഈസ്റ്റ് റീജിയണൽ ഇലക്ഷനിൽ നടന്ന തർക്കത്തെ കുറിച്ച് സഹൃദയയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൃത്യമായ ചർച്ച നടത്തിയിരുന്നു. യുക്മയുടെ ഇത്തവണത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്താൻ തീരുമാനിച്ചതിനാൽ യുക്മയ്ക്കുള്ളിലെ രാഷ്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ സഹൃദയ തീരുമാനിച്ചിരിക്കുകയാണ്.
അതിനാൽ സഹൃദയ അംഗങ്ങളോ അതിന്റെ യുക്മ പ്രതിനിധികളോ ഈ വർഷത്തെ റീജണൽ , നാഷണൽ കലാമേളകളിൽ നിന്നും വിട്ടു നിൽക്കുന്നതായിരിക്കും . മാത്രമല്ല യു ഗ്രാൻഡ് ടിക്കറ്റ് സെയിലും നിർത്തിവെക്കുന്നതായിരിക്കും .
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ വരുന്ന 60 ദിവസങ്ങൾക്കുള്ളിൽ മാന്യമായി ചർച്ച ചെയ്ത് പരിഹരിക്കാത്ത പക്ഷം യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു .
എന്നാൽ ഈ തർക്കത്തെ സംബന്ധിച്ച് യുക്മയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രമല്ല , സഹൃദയയുടെ ഭാരവാഹികൾ അയച്ച ഇ-മെയിലിനെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തിരുന്നു . തുടർന്ന് ഈ ഫെബ്രുവരി 8 ന് സഹൃദയ മലയാളി അസ്സോസിയേഷൻ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡിയിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും , സഹൃദയയിലെ അംഗങ്ങളുടെ അഭിപ്രായം അറിയിക്കുവാനും ആവശ്യപ്പെട്ടിരുന്നു . ഈ ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും തീരുമാനപ്രകാരമാണ് യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കാൻ സഹൃദയ മലയാളി അസ്സോസിയേഷൻ തീരുമാനമെടുത്തത്.
ജനാധിപത്യ മൂല്ല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പ്രാഞ്ചിയേട്ടന്മാരുടെയും , ജാതി – മത – രാഷ്ട്രീയ – കൂട്ടായ്മക്കാരുടെയും , സ്ഥാന മോഹികളുടെയും താവളമായി യുക്മ എന്ന സംഘടന മാറിയെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യുക്മ നടത്തുന്ന എല്ലാ പരിപാടികളിലും ജനപ്രാതിനിധ്യം കുറഞ്ഞതും , യുകെയിലെ മഹാഭൂരിപക്ഷം അംഗ അസോസിയേഷനുകളും യുക്മയിൽ നിന്ന് വിട്ട് പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നതും .
സ്വന്തം ലേഖകൻ
സ്കൂൾ ബസ് ഇടിച്ച് ദാരുണമായി തൽസമയം കൊല്ലപ്പെട്ട പെൺകുട്ടി അപകടസമയത്ത് ഫോണിൽ നോക്കി നടക്കുകയായിരുന്നുവെന്ന് സാക്ഷിമൊഴി. സിയാൻ എല്ലിസ് എന്ന 15 വയസ്സുകാരി, ലെയ്സിസ്റ്റർലുള്ള കിംഗ് എഡ്വാർഡ് 7 കോളേജിന്റെ മുൻപിൽ വച്ച് കഴിഞ്ഞവർഷം ജനുവരി 28നാണ് ഡബിൾ ഡെക്കർ ബസ് ഇടിച്ച് കൊല്ലപ്പെട്ടത്. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരണപ്പെട്ടിരുന്നു. സാക്ഷികളായ കുട്ടികൾ മുഴുവൻ പേരും പറഞ്ഞത് അപകട സ്ഥലത്ത് ടിയാൻ അലക്ഷ്യമായി ഫോണിൽ നോക്കി കൊണ്ട് നടക്കുകയായിരുന്നു എന്നാണ്. ബസ്സിലുണ്ടായിരുന്ന 60 കുട്ടികളും സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളം കുട്ടികളും ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. അതിൽ ഒരു കുട്ടി അവളുടെ ചെവിയിൽ ഹെഡ് ഫോൺ ഉണ്ടായിരുന്നു എന്നു മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് കൊളിഷൻ അന്വേഷണ ഉദ്യോഗസ്ഥനായ പിസി സ്റ്റുവർട്ട് ബേർഡ് പറയുന്നു ” സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂൾ ഗ്രൗണ്ടിലൂടെ തലയിൽ ഒരു സ്കാർഫ് ധരിച്ച് നടന്ന പെൺകുട്ടിയുടെ കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു, അവൾ അതിലേക്ക് നോക്കിയാണ് നടന്നത്. തീർച്ചയായും അത് തന്നെയാവണം അപകടത്തിന് കാരണം”
സിയാൻ വളരെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ എല്ലാ ഇടങ്ങളിലും മുദ്രപതിപ്പിച്ചവൾ. അവരുടെ വിയോഗം ഒരുപാടുപേർക്ക് തീരാത്ത നഷ്ടം ഉണ്ടാക്കി വെച്ചു. തങ്ങളുടെ മകൾക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാവരുത് എന്നാണ് അവളുടെ കുടുംബത്തിന്റെ ആഗ്രഹം. അതിനു വേണ്ട നടപടി എടുക്കണം എന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ഭാര്യ പോളയ്ക്കൊപ്പം ഡ്രൈവർ മൈക്കൽ പാർക്കർ (വലത്ത്)
62 കാരനായ മൈക്കിൾ പാർക്കർ ആണ് അന്ന് ബസ് ഓടിച്ചിരുന്നത്. അന്ന് അദ്ദേഹം ടെസ്റ്റ് പാസായിരുന്നില്ല, മാത്രമല്ല പ്രൊവിഷണൽ ലൈസൻസ് മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ, അതോടൊപ്പം ഇൻഷുറൻസും ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ വ്യക്തി പബ്ലിക് ട്രാൻപോർട്ട് ബസിൽ ഡ്രൈവർ ആയത് എന്നും എന്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചു എന്നും കോടതി വിധിയിൽ പ്രതിപാദിക്കുന്നില്ല.
കോൾ വില്ലേയിൽ നിന്നുള്ള ഡ്രൈവർക്ക് 120 പൗണ്ട് പിഴയും, നാലുവർഷം ഡ്രൈവിംഗിൽ നിന്ന് വിലക്കും ആണ് ശിക്ഷയായി നൽകിയത്. കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണം എന്ന് സിയാന്റെ ആന്റി അലക്സ് വാദിച്ചിരുന്നെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ഒരു അവസരത്തിൽ നടന്ന അപകടം ആയതിനാൽ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ക്യാമ്പസിൽ നിന്ന് കുട്ടികളുമായി ടൗൺ സെന്ററിന്റെ ഭാഗത്തേക്ക് വണ്ടി വളച്ചെടുത്തപ്പോൾ എവിടെനിന്ന് എന്നില്ലാതെ ഒരു പെൺകുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുക യായിരുന്നു എന്നും, ഒരു നിമിഷത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും ഡ്രൈവർ മൊഴി നൽകി. അപകടം നടന്ന ഉടൻ തന്നെ പാർക്കർ വണ്ടിയിൽ നിന്നിറങ്ങി നോക്കിയെങ്കിലും വൈകി പോയിരുന്നു. സിയാന്റെ ശരീരം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറയുന്നത് തലയ്ക്കും നെഞ്ചിനും വയറിനും ഏറ്റ തീവ്രമായ ക്ഷതം മൂലമാണ് അവൾ മരണപ്പെട്ടത്.
മുൻകരുതൽ എങ്ങനെ..
യുകെയിൽ സുരക്ഷിതത്വത്തിനാണ് ഏറ്റവും കൂടുതൽ പരിഗണ കൊടുക്കുന്നത്. നല്ലൊരുശതമാനം മലയാളി കുട്ടികളും മൊബൈൽ ഉപയോഗിക്കുന്നു. സ്കൂൾ പരിസരത്തെ മൊബൈൽ ഉപയോഗത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. യുകെയിലെ വലിയ കമ്പനികളിലേക്ക് കയറിച്ചെന്നാൽ കാണുന്ന ഒരു ബോർഡ് കാണാം.. അതിൽ എങ്ങനെ എഴുതിയിരിക്കുന്നു “NO TALKING OR TEXTING WHILE YOU WALKING”. സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളുടെ സ്വഭാവം അറിവുള്ളതുകൊണ്ടാണ് അവർ ഇത് ഓർമിപ്പിക്കുന്നത്. ഫോൺ വന്നാൽ സുരക്ഷിതമായ സ്ഥലത്തു നിന്നിട്ടുവേണം ഫോൺ അറ്റൻഡ് ചെയ്യാൻ എന്ന് ജോലിസ്ഥലത്തു നിബന്ധനയുള്ളത് ഓർമ്മിക്കുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഇയർ പോഡ് വാങ്ങി നൽകുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഫോണിൽ വിളിയിൽ കൂടി വരുന്ന വിവരങ്ങൾ കുട്ടിയുടെ വികാരവിചാരങ്ങളെ ബാധിക്കുകയും പരിസരബോധം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും എന്ന് നാം അറിഞ്ഞിരിക്കുക.
എന്തെങ്കിലും ആവശ്യനേരത്തു ഉപയോഗപ്പെടുവാൻ ആയി നൽകുന്ന ഉപകരണം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണം ആകുന്നു എങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക… അതുമില്ലെങ്കിൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് പറഞ്ഞു കൊടുക്കുക. രോഗം വന്നതിന് ശേഷം ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത് എന്ന ചൊല്ല് ഓർക്കുക…
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രക്സിറ്റാനന്തരമുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ പദ്ധതികൾ ആഭ്യന്തര വകുപ്പ് പുറത്തു വിട്ടു. ലോ സ്കിൽഡ് വർക്കേഴ്സിന് ഇനി ബ്രിട്ടനിലേക്ക് വിസ അനുവദിക്കുകയില്ലെന്ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഡിസംബർ 31ന് ശേഷം ബ്രിട്ടനിൽ ജോലി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജോലിക്കാർക്ക്, മറ്റുള്ള രാജ്യങ്ങളിലെ ജോലിക്കാരുടെ അതേ പദവി തന്നെയായിരിക്കും ലഭിക്കുക. മികവുറ്റ ആളുകൾക്ക് ജോലി നൽകുക എന്നതാണ് ഗവൺമെന്റിന്റെ നയമെന്നും, ലോ സ്കിൽട് വർക്കേഴ്സിന്റെ ബ്രിട്ടനിലേക്ക് ഉള്ള വരവിനെ തടയിടാനും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി പ്രീതി പട്ടേൽ ബിബിസി ബ്രേക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് ന്യായമല്ലെന്ന് ലേബർ പാർട്ടി വക്താക്കൾ അഭിപ്രായപ്പെട്ടു.
ഈ നിയമം അനുസരിച്ച്, സ്കിൽഡ് ജോലിക്കാർക്ക് ബ്രിട്ടനിലെ എ ലെവൽ യോഗ്യതയെങ്കിലും കുറഞ്ഞത് ഉണ്ടാവണം. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. ഇതനുസരിച്ചു ഏകദേശം 70 പോയിന്റ് നേടിയാൽ മാത്രമേ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാനാവൂ.
യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമങ്ങൾ സന്തോഷം നൽകുന്നവയാണ്. എന്നാൽ യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലെ ആളുകൾക്ക് ഈ നിയമങ്ങൾ ആശങ്കയുളവാക്കുന്നു. എന്നാൽ ഈ നിയമങ്ങൾക്കെതിരെ അതിശക്തമായ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഈ നിയമങ്ങൾ സ്കോട്ട്ലൻഡിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന് സ്കോട്ട്ലൻഡ് എസ് എൻ പി നേതാവ് നിക്കോള സ്റ്റർജിയോൻ അഭിപ്രായപ്പെട്ടു. 2021 ജനുവരി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുക.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട്, വെയിൽസ് : അടുത്ത നാല് ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡെന്നിസ് കൊടുങ്കാറ്റ് മൂലം പല വീടുകളിലും വെള്ളം കയറി. അവിടെയുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ചില പ്രദേശങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത ഏറെയാണെന്ന് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ അഞ്ചു വെള്ളപൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിൽ നിലനിൽക്കുന്നുണ്ട്. വെയിൽസിലെ മുന്നറിയിപ്പ് പിൻവലിക്കുകയുണ്ടായി. വൈ, സെവേൺ നദികളിലെ ജലനിരപ്പ് ഉയർന്നു തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്. സെവേൺ നദി കരകവിഞ്ഞൊ ഴുകിയാൽ മിഡ്ലാൻഡിലെ വീടുകൾക്കത് ഭീഷണി ആയേക്കാമെന്നും അവർ പറയുന്നു.
ഇംഗ്ലണ്ടിൽ ഉടനീളം വെള്ളപൊക്കത്തിനുള്ള സാധ്യത വരും ദിവസങ്ങളിലുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് ആൻഡ് കോസ്റ്റൽ റിസ്ക് മാനേജ്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ കർട്ടിൻ പറഞ്ഞു. ശനിയാഴ്ച വരെ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വോർസെസ്റ്റർഷയർ, ഹെയർഫോർഡ്ഷയർ, ഷ്രോപ്പ്ഷയർ എന്നിവിടങ്ങളിലായി 384 ഓളം വസ്തുവകകൾ വെള്ളപ്പൊക്കം മൂലം ബാധിക്കപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് മെർസിയ പോലീസ് അറിയിച്ചു.
പ്രകൃതിദുരന്തം മൂലം ഇത് വരെ അഞ്ചു പേരാണ് മരിച്ചത്. ഒരാളെ മൗണ്ടൻ റെസ്ക്യൂ ടീം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷിക്കുകയുണ്ടായി. വെൽഷ് വാട്ടർ നഗരത്തിലെ ആളുകളോട് കുടിവെള്ള ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ദുരിതബാധിതരായ ആളുകൾക്ക് 500 പൗണ്ട് വരെ ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം പ്രളയം രൂക്ഷമായി ബാധിച്ചവർ കുറഞ്ഞത് മൂന്ന് മാസത്തേക്ക് കൗൺസിൽ നികുതിയോ ബിസിനസ് നിരക്കുകളോ നൽകേണ്ടതില്ലെന്നും കമ്മ്യൂണിറ്റി വകുപ്പ് അറിയിച്ചു.
സ്വന്തം ലേഖകൻ
ജർമ്മനി : ജർമനിയിലെ നാല്പത് ബാങ്കുകൾ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുന്നു. പുതിയ ജർമ്മൻ നിയമപ്രകാരം ക്രിപ്റ്റോ കറൻസി സേവനങ്ങൾ നൽകാനുള്ള താൽപ്പര്യം ജർമ്മനിയിലെ 40 ലധികം ധനകാര്യ സ്ഥാപനങ്ങൾ രാജ്യത്തെ ധനകാര്യ റെഗുലേറ്ററായ ബാഫിന് പ്രഖ്യാപനത്തിലൂടെ അറിയിച്ചതായി റിപ്പോർട്ട്. ബാഫിനിൽ നിന്ന് ലൈസൻസ് നേടിയ ശേഷം ക്രിപ്റ്റോ സേവനങ്ങൾ നൽകാൻ ഈ വർഷം ആദ്യം പ്രാബല്യത്തിൽ വന്ന നിയമം ബാങ്കുകളെ അനുവദിക്കുന്നു. ഭാവിയിൽ ക്രിപ്റ്റോ കസ്റ്റഡി ബിസിനസ്സ് നടത്തുന്നതിനുള്ള അനുമതിക്കായി ബാങ്കുകളിൽ നിന്ന് 40 ൽ അധികം “പ്രഖ്യാപനങ്ങൾ” ബാഫിന് ലഭിച്ചിട്ടുണ്ടെന്ന് ജർമ്മൻ പ്രസിദ്ധീകരണമായ ഹാൻഡെൽസ്ബ്ലാറ്റ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഈ പ്രഖ്യാപനങ്ങൾ അനുമതിക്കായുള്ള അപേക്ഷകളല്ലെന്ന് റെഗുലേറ്ററിന്റെ വക്താവ് വ്യക്തമാക്കി.
ഈ വർഷമാദ്യം പ്രാബല്യത്തിൽ വന്ന പുതിയ ജർമ്മൻ മണി ലോണ്ടറിംഗ് ആക്റ്റ്, പരമ്പരാഗത നിക്ഷേപ ഉൽപ്പന്നങ്ങളായ സ്റ്റോക്കുകൾ, ബോണ്ടുകൾ എന്നിവയ്ക്കൊപ്പം തങ്ങളുടെ ഉപയോക്താക്കൾക്ക് ക്രിപ്റ്റോകറൻസികൾ വാഗ്ദാനം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബെർലിനിലെ സോളാരിസ് ബാങ്ക്. ഡിജിറ്റൽ ആസ്തികൾ സ്വീകരിക്കുന്നതിന് ബാങ്ക് കഴിഞ്ഞ ഡിസംബറിൽ സോളാരിസ് ഡിജിറ്റൽ അസറ്റുകൾ എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചു.
സോളാരിസ് ബാങ്കിന് ഒരു സമ്പൂർണ്ണ ബാങ്കിംഗ് ലൈസൻസുണ്ട്. കൂടാതെ നിരവധി ജർമ്മൻ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ നൽകുന്നു. ഡിജിറ്റൽ ആസ്തികൾ സാമ്പത്തിക വിപണിയെ അടിസ്ഥാനപരമായി മാറ്റുമെന്ന് സോളാരിസ് ബാങ്കിലെ ക്രിപ്റ്റോ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടർ മൈക്കൽ ഓഫർമാൻ വാർത്താക്കുറിപ്പിന് മറുപടി നൽകി.
സ്വന്തം ലേഖകൻ
ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിൽ പുതുതായി നിയമിതനായ ഋഷി സുനക് ഇന്ത്യക്കാരുടെ അഭിമാനം ആയി മാറുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആണ് മന്ത്രിസഭാ പുനഃസംഘടനയിൽ രാജിവെച്ച ചാൻസിലർ സാജിദ് ജാവീദിന് പകരമായി ഋഷി സുനക് എത്തിയത്. ബ്രെക്സിറ്റ് പ്രചാരണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ബ്രിട്ടന്റെ പുതിയ ധനമന്ത്രി ആയാണ് സ്ഥാനമേറ്റത്. ഒരു ഇന്ത്യൻ വംശജൻ കൂടി ബ്രിട്ടൻ മന്ത്രിസഭയിൽ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റി.
ഇൻഫോസിസ് സ്ഥാപകന്റെ മരുമകൻ യുകെ ചാസിലർ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ കുറിച്ചത്. ബ്രിട്ടനിലെ “കാത്തിരിക്കുന്ന പ്രധാനമന്ത്രി” സുനാക്കാണെന്നും സുനക് തന്റെ തിളക്കമാർന്ന കരിയറിലൂടെ കടന്നുപോകുമെന്നും ഡെക്കാൻ ഹെറാൾഡ് പറഞ്ഞു. വാഴ്ത്തലുകളോടൊപ്പം പല വിമർശനങ്ങളും ഉയർന്നുകേട്ടു. ഋഷിയെ അദേഹത്തിന്റെ ഇൻഫോസിസ് ബന്ധത്തിൽ വിവരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അദ്ദേഹത്തിന് ഈ പദവി ലഭിച്ചത് ഇൻഫോസിസും ആയുള്ള ബന്ധത്തിലൂടെ അല്ല എന്ന് അവർ വ്യക്തമാക്കി. മന്ത്രിസഭയിൽ സുനാക്കിനൊപ്പം പ്രീതി പട്ടേൽ , അലോക് ശർമ , സുവല്ല ബ്രേവർമാൻ എന്നീ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു .
സതാംപ്ടണിലാണ് ഋഷി ജനിച്ചത്. വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ടിന്റെ ഭാവി രാജാവും, ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉയർന്ന പദവിക്കാരനുമായ പ്രിൻസ് വില്യമിന്റെ സമ്പാദ്യം എത്രയെന്നത് കൗതുകകരമാണ്. 37 വയസ്സുകാരനായ കേംബ്രിഡ്ജ് പ്രഭു, 40 മില്യൺ ഡോളറിന്റെ അവകാശിയാണ്. റോയൽ എയർഫോഴ്സ് സെർച്ച് ആൻഡ് റെസ്ക്യൂ ഫോഴ്സ് ടീമിൽ ജോലി ചെയ്തു നേടിയ മിലിറ്ററി ശമ്പളവും, പരമ്പരാഗതമായി കിട്ടിയ പണവും ആണിത്.
1994ൽ മുത്തശ്ശിയായ ക്വീൻ എലിസബത്ത്1, തന്റെ 70 മില്യൻ പൗണ്ട് ട്രസ്റ്റ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നു, ആ തുകയുടെ അവകാശികൾ പൗത്രന്മാരായ പ്രിൻസ് വില്യമും പ്രിൻസ് ഹാരി യുമായിരുന്നു. മുത്തശ്ശി മരിച്ചപ്പോൾ പ്രിൻസ് വില്യമിനു 14 മില്യൺ ലഭിച്ചു. തുകയുടെ സിംഹഭാഗവും പ്രിൻസ് ഹാരിക്ക് ആണ് ലഭിച്ചത്. വില്യം കിരീടാവകാശി ആണ് എന്നതിനാലാണ് ഇത്. ഇരുവർക്കും 40 വയസ്സ് ആകുമ്പോൾ രണ്ടാം ഇൻസ്റ്റാൾമെന്റ് തുകയായ 8 മില്യൻ പൗണ്ട് ഇനിയും ലഭിക്കും. വില്യം രാജകുമാരന്റെ അമ്മയായ പ്രിൻസസ് ഡയാന വഴി ഹാരിക് 10 മില്യൺ ഡോളർ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ഇരുപത്തിയഞ്ചാമത്തെ വയസ്സുമുതൽ 450, 000 ഡോളർ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. വെയിൽസ് രാജകുമാരി മരിച്ചപ്പോൾ, തന്റെ ആഭരണങ്ങളും, സ്വകാര്യ വസ്തുക്കളും, വിവാഹ ഗൗണും ഉൾപ്പെടെയുള്ള സാധനങ്ങളുടെ അവകാശം പ്രിൻസ് വില്യമിനും സഹോദരനുമാണ്.
68, 000നും 74, 000 ഇടയിൽ ഒരു തുക റോയൽ എയർഫോഴ്സിൽ ഹെലികോപ്റ്റർ പൈലറ്റ് എന്ന ജോലിയിൽ നിന്നും വില്യമിന് ലഭിച്ചിരുന്നു. എന്നാൽ 2013ൽ ഈ ജോലിയിൽ നിന്ന് വിരമിച്ചു. അതിനുശേഷം ഈസ്റ്റ് ആൻഡ് എയർ ആംബുലൻസിൽ ഡ്രൈവറായി 2015ൽ പ്രവേശിച്ചു. 62, 000 ഡോളറായിരുന്നു അതിൽ നിന്ന് ലഭിച്ച ശമ്പളം. എന്നാൽ അത് മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. ഇപ്പോൾ അദ്ദേഹം ഒരു മുഴുവൻസമയ റോയൽ ആണ്. അതിനാൽ അദ്ദേഹത്തിന് താൽക്കാലിക ആവശ്യങ്ങൾക്കുള്ള പണം റോയൽ പോക്കറ്റ് മണിയായി ലഭിക്കും. സോവറിൻ ഗ്രാൻഡ് എന്ന പേരിലുള്ള മറ്റൊരു തുക അദ്ദേഹത്തിന്റെ യാത്രകൾക്കും മറ്റാവശ്യങ്ങൾക്കുമായി ലഭിക്കുന്നുണ്ട്. ഇത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ളതാണ്.
ഒമ്പതു വർഷം നീണ്ട ദാമ്പത്യത്തിൽ, പ്രിൻസ് വില്യമിന്റെയും ഭാര്യ കേറ്റ് മിഡിൽടൺ ഇന്റെയും ഒരുമിച്ചുള്ള സമ്പാദ്യമാണ് 40 മില്യൺ ഡോളർ. എന്തായാലും സ്ത്രീധനമായി പത്തോ ഇരുപതോ മില്യൺ ഡോളർ കേറ്റ് കൊണ്ടുവന്നു എന്നാണ് കരുതുന്നത്. 50 മില്യൺ ഡോളർ മൂല്യമുള്ള പാർട്ടി പീസസ് എന്ന ബിസിനസ് സ്ഥാപനം കേംബ്രിഡ്ജിലെ ഡച്ചസ്ന്റെ ഉടമസ്ഥതയിൽ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇരുവർക്കും നല്ല ആസ്തി ഉണ്ടെന്നു സാരം.
ജോർജ്ജ് സാമുവൽ
പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകൾ യുകെയിൽ വിൽക്കുന്നതിനുള്ള വിലക്ക് 2040 ൽ നിന്ന് 2035 ലേക്ക് കൊണ്ട് വരാൻ സർക്കാർ പദ്ധതി പ്രകാരം തീരുമാനമായി. 2050 ഓടെ ഫലത്തിൽ പൂജ്യം കാർബൺ പുറന്തള്ളുകയെന്ന ലക്ഷ്യം കൈവരിക്കാൻ യുകെ ആഗ്രഹിക്കുന്നെങ്കിൽ 2040 ൽ ഈ പദ്ധതി നടപ്പിലാക്കുന്നത് വളരെ വൈകിപ്പോകുമെന്ന് വിദഗ്ധർ അറിയിച്ചു. നവംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടിയുടെ ഭാഗമായാണ് ബോറിസ് ജോൺസൺ ഈ നയം അവതരിപ്പിച്ചത്. ഗ്രഹത്തെ സംബന്ധിച്ചിടത്തോളം 2020 എന്നത് കാലാവസ്ഥ പ്രവർത്തനത്തിന്റെ നിർവചന വർഷമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലാസ്ഗോയിൽ നടക്കുന്ന COP 26 ഉച്ചകോടി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പുരോഗതി വിലയിരുത്തുന്നതിനായി യുഎൻ നയിക്കുന്ന വാർഷിക സമ്മേളനമാണ്.
താൻ COP 26 നെ പ്രതീക്ഷയോടെ നോക്കി കാണുന്നുവെന്നും യുകെ സർക്കാർ “കാലാവസ്ഥാ പ്രവർത്തനത്തിന്റെ ഒരു വർഷം” ആരംഭിക്കുന്നത് പ്രോത്സാഹജനകമാണെന്നും ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ നടന്ന വിക്ഷേപണ പരിപാടിയിൽ സർ ഡേവിഡ് ആറ്റൻബറോ പറഞ്ഞു.”നമ്മൾ വൈകുന്നതിനനുസരിച്ചു പ്രശ്നം ഗുരുതരമാകും. ഇപ്പോഴാണ് ഇത് ആവശ്യമാകുന്ന സമയമെന്നും അതിനാൽ തന്നെ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ലോക രാഷ്ട്രങ്ങളെ സംഘടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും,” അദ്ദേഹം പറഞ്ഞു. 2040 എന്ന തീയതി ലക്ഷ്യം വച്ച് മുന്നോട്ട് പോയാൽ 2050 ലെ ശുചീകരണ പദ്ധതിയെത്തുടർന്ന് പരമ്പരാഗത വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെടുമെന്നു വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് പദ്ധതികളിലെ മാറ്റം. ഹൈബ്രിഡ് വാഹനങ്ങളും 2017 ജൂലൈയിൽ പ്രഖ്യാപിച്ച നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരോധനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ മാത്രമേ ആളുകൾക്ക് ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ കാറുകളും വാനുകളും വാങ്ങാൻ കഴിയൂ.
സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനം കൊണ്ട് ജനശ്രദ്ധ നേടിയ ശേഷം ചാരിറ്റി അസോസിയേഷനായി രൂപം കൊണ്ട ഗ്ലോസ്റ്ററിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന് ഇംഗ്ലണ്ടിലെ തന്നെ ശ്രദ്ധേയമായ സംഘടനയാണ്. പരിചയസമ്പന്നരും ഊര്‍ജ്ജസ്വലരുമായ നവ നേതൃനിരയെ കഴിഞ്ഞ ജനുവരി മാസത്തിലെ ആദ്യവാരം നടന്ന ക്രിസ്തുമസ് പുതുവത്സര വേളയില്‍ തെരഞ്ഞെടുത്തു. കെസിഎയുടെ പുതിയ പ്രസിഡന്റായി ജോണ്സണ് അബ്രഹാമിനെയും, സെക്രട്ടറിയായി ജോജി തോമസിനെയും തെരഞ്ഞെടുത്തു.
സിജി ഫിലിപ്പിനെ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി ബാബു അളിയത്തിനേയും തിരഞ്ഞെടുത്തു. ട്രഷറര്‍ ജിംസൺ സെബാസ്റ്റിയന്, പി ആര് ഒ വിപിന്‍ പനക്കല്‍, ആര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായി ആഷ്ലിന് പ്രിന്‍സ്, കൊച്ചുറാണി ജോര്‍ജ്, സ്പോര്‍ട്സ് കോര്‍ഡിനേറ്ററായി ജെയ്സണ്‍ ബോസ് എന്നിവരെ തിരഞ്ഞെടുത്തു.
റോണി സെബാസ്റ്റ്യൻ, ജിജോ തോമസ്, ആൻ്റണി ചാഴൂർ ജോൺ, ബ്രിജു കുര്യാക്കോസ് ലിജോ ജോർജ്ജ്, ഫ്രാൻസിസ് ലിജോ, രാജീവ് കാവുക്കാട്ട്, ബെന്നി ഉലഹന്നാൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രസിഡന്റും സെക്രട്ടറിയും ഓഫീസ് ബയറേഴ്സും എക്സിക്യൂട്ടീവ് മെമ്പേഴ്സും ചേര്‍ന്ന് സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ കൊടുത്ത് സംഘടനയെ പുതിയ തലങ്ങളിലേക്ക് നയിക്കാനുള്ള അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്കി.
“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു……
കടപ്പാട് : ദി ഗാർഡിയൻ
അന്റോണിയോ ഫിനെല്ലി കഴിഞ്ഞ 68 വർഷമായി യു കെയിൽ താമസിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് രാജ്യം പുനർനിർമിക്കാൻ സഹായിക്കണമെന്ന് കുടിയേറ്റ തൊഴിലാളികളോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അദ്ദേഹം 1952 -ൽ അവിടെയെത്തിയത്. അന്നുമുതൽ അദ്ദേഹം യുകെയിൽ താമസിക്കുന്നു. എന്നാൽ, ഇന്ന് ഈ 95 വയസ്സുള്ള ഇറ്റലിക്കാരൻ രാജ്യത്ത് അന്യനാണ്.
വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഫോക്ക്സ്റ്റോൺ തുറമുഖത്ത് അദ്ദേഹം വന്നിറങ്ങിയപ്പോൾ ഒരാഴ്ചത്തെ മുൻകൂർ വേതനവും സാൻഡ്വിച്ചും നൽകിയാണ് അദ്ദേഹത്തെ രാജ്യം സ്വീകരിച്ചത്. എന്നാൽ, 70 വർഷത്തിനുശേഷം ഇപ്പോൾ അവിടെ ജീവിക്കുന്നു എന്ന് തെളിയിക്കാൻ 80 പേജ് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ നൽകാൻ നിർബന്ധിതനായിരിക്കുകയാണ്. ഇത്രയും വർഷം ആ രാജ്യത്ത് കഴിഞ്ഞ അദ്ദേഹത്തിന് അവിടത്തെ താമസക്കാരനാണ് എന്ന് തെളിയിക്കാൻ രേഖകൾ നൽകേണ്ടി വന്നതിന് ഒരു കാരണമുണ്ട്.
2020 ജനുവരി 31 -ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയി. ഇപ്പോൾ 11 മാസത്തെ പരിവർത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കയാണ് ഇരുരാജ്യവും. ഇതിനെ ‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നത് ചുരുക്കി ബ്രെക്സിറ്റ് എന്ന് വിളിക്കുന്നു. എന്നാൽ, ബ്രെക്സിറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് യു.കെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെയും യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന യു.കെ പൗരന്മാരുടെയും അവകാശങ്ങൾ നിലനിർത്തുക എന്നത്. യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിൽ തുടരാൻ അവർ അവിടെ കഴിഞ്ഞ അഞ്ച് വർഷമായി താമസിച്ചിരുന്നു എന്നതിന് തെളിവുകൾ നൽകണം. നിലവിൽ ഏകദേശം 3.5 ദശലക്ഷം ആളുകളാണ് ഉള്ളത്. അതിലൊരാളാണ് അന്റോണിയോ. എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം യുകെയിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വാദം. എന്നാല്‍ “അത് പൂർണ്ണമായും തെറ്റാണ്” എന്നാണ് അന്റോണിയോ പറയുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയും ഏക മകനും മരിച്ചു. ആകെ ഉള്ള കൊച്ചുമക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം വല്ലാത്ത ആശങ്കയിലാണ്. “അവർ ഈ രാജ്യത്ത് സുരക്ഷിതരായിരിക്കുമോ?” അദ്ദേഹം ചോദിക്കുന്നു.
“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു. ഇത്രയൊക്കെ രേഖകൾ ഉണ്ടായിട്ടും പിന്നെയും എന്തിനാണ് ഈ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ നൽകാൻ എന്നോട് ആവശ്യപ്പെട്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല” അദ്ദേഹം പറഞ്ഞു.
പ്രായമായവർക്കും രോഗികൾക്കും ഈ പുതിയ നിയമം ഉണ്ടാക്കുന്ന സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഉദാഹരണമാണ് അന്റോണിയോ. അവരിൽ പലരും തങ്ങളുടെ ജീവിതത്തിൻ്റെ ഈ അവസാന ഘട്ടത്തിൽ തെളിവുകൾ തേടി അലയേണ്ടി വരുന്നത് വളരെ കഷ്ടമാണ്. ഇറ്റാലിയൻ പൗരന്മാരുടെ ഉപദേശകേന്ദ്രമായ ഇങ്കാ സിജിഎല്ലിലെ സന്നദ്ധപ്രവർത്തകനായ ദിമിത്രി സ്കാർലറ്റോ പറഞ്ഞു, “എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തത് അദ്ദേഹം ഇവിടെ 70 വർഷമായി താമസിക്കുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ഇവിടെയുണ്ട്. 40 വർഷം ജോലി ചെയ്തു, പിന്നീട് 32 വർഷം പെൻഷൻ വാങ്ങി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഒരു നല്ല പൗരനുമാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം ഇവിടെ താമസിക്കുന്നതിന് തെളിവ് വേണം എന്ന് ആവശ്യപ്പെടുന്നത് എന്ത് ന്യായമാണ്. അദ്ദേഹം ഈ വർഷങ്ങളിലെല്ലാം ഇവിടെയുണ്ട്. പക്ഷേ, അദ്ദേഹം ഇവിടെ താമസമില്ല എന്ന രീതിയിലാണ് സർക്കാർ പെരുമാറുന്നത്. എന്തുകൊണ്ടാണിത്?” സ്കാർലറ്റോ ചോദിക്കുന്നു.
രേഖകൾ ഡിജിറ്റൈസ് ചെയ്യാത്തതിനാലാണ് ഇത്തരം കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്നാണ് സ്കാർലറ്റോ പറയുന്നത്. രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഇത് ആഭ്യന്തര കാര്യാലയത്തിൽ ഉന്നയിക്കാൻ ശ്രമിച്ചു. പക്ഷേ, കാര്യമുണ്ടായില്ല. ധാരാളം വൃദ്ധർ അവരുടെ രേഖകൾ കണ്ടെത്താൻ കഴിയാത്തെ ആശങ്കയിലാണ്, ”സ്കാർലറ്റോ പറഞ്ഞു. റെക്കോർഡുകൾ കണ്ടെത്താൻ കഴിയാത്ത നൂറിലധികം അപേക്ഷകൾ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. “ഞാൻ അഞ്ഞൂറോളം ആപ്ലിക്കേഷനുകൾ പരിശോധിച്ചു. അതിൽ പകുതിയും പ്രായമായവരുടേതാണ്. ഇവരിൽ പകുതിപ്പേരും ഇവിടെ താമസമില്ല എന്നാണ് സിസ്റ്റം കണ്ടെത്തിയത്. പെൻഷനുകൾ വാങ്ങുന്നുണ്ടെങ്കിലും, 1950, 1960 കാലം മുതൽ ഇവിടെ താമസം ഉണ്ടെങ്കിലും അവരുടെ അവകാശം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുകയാണ്.” എന്നാൽ ഒരു ബില്ലിലും പേരില്ലാത്ത താമസത്തിന് മറ്റ് രേഖകൾ നൽകാനില്ലാത്ത 80 -കളിലും 90 -കളിലും കടന്ന അനവധി പേരുണ്ട്. അവർ സ്വന്തം അവകാശം തെളിയിക്കാൻ എന്ത് ചെയ്യുമെന്നത് ഒരു വലിയ ആശങ്കയായി നിലനിൽക്കുന്നു.