ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇന്നലെ നടന്ന രാജ്ഞിയുടെ പ്രസംഗത്തിലും പ്രാമുഖ്യം ബ്രെക്സിറ്റിന് തന്നെ. ബോറിസ് ജോൺസൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ് നടപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുകെയുടെ പാരമ്പര്യം അനുസരിച്ചുള്ള രാജ്ഞിയുടെ പ്രസംഗത്തിൽ ബ്രെക്സിറ്റിനും എൻഎച്ച്എസിനും ആയിരുന്നു മുൻതൂക്കം. രാജ്ഞിയുടെ പ്രസംഗത്തിൽ പ്രഖ്യാപിച്ച 30 ലധികം ബില്ലുകളിൽ ഏഴെണ്ണം ബ്രെക്സിറ്റ് സംബന്ധിച്ചായിരുന്നു. ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണന വിഷയം എന്നും കൂടാതെ അധിക എൻഎച്ച്എസ് ഫണ്ടിംഗ് നിയമത്തിൽ ഉൾപ്പെടുത്തുമെന്നും രാജ്ഞി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്ഞി സംസാരിക്കുന്നത്.
വ്യാപാരം, കൃഷി, മത്സ്യബന്ധനം, കുടിയേറ്റം, ധനകാര്യ സേവനങ്ങൾ, സ്വകാര്യ അന്താരാഷ്ട്ര നിയമം എന്നിവ സംബന്ധിച്ച് ബ്രെക്‌സിറ്റ് നിയമനിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന ഏഴ് ബില്ലുകൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ യുകെയെ നിർബന്ധിക്കുന്ന പിൻവലിക്കൽ കരാർ ബിൽ തന്നെയായിരിക്കും ജോൺസൻ പാർലമെന്റിൽ ആദ്യം അവതരിപ്പിക്കുക. ക്രിസ്മസ് അവധിക്കാലത്തിനുമുമ്പ് , ഇന്ന് തന്നെ അതവതരിപ്പിക്കാനാവും ജോൺസൻ ശ്രമിക്കുക. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രിയുടെ കോമൺസ് ഭൂരിപക്ഷം 80 ആണെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇനി വലിയ മാറ്റങ്ങൾ ഇല്ലാതെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ് സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.
2023 – 2024 ഓടെ പ്രതിവർഷം 33.9 ബില്യൺ ഡോളർ അധികമായി നൽകിക്കൊണ്ട് എൻ എച്ച് എസ് സേവനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു. വിദഗ്ദ്ധരായ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ യുകെയെ അനുവദിക്കുന്ന പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം, രാജ്ഞിയുടെ പ്രസംഗത്തിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ആയിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആയിരക്കണക്കിന് റീട്ടെയിലർമാർ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ബിസിനസ്സ് നിരക്ക് കുറയ്ക്കുമെന്നും ഏറ്റവും ആവശ്യം ഉള്ളവർക്കായി ആശുപത്രി കാർ പാർക്കിംഗ് ചാർജ് കുറയ്ക്കുമെന്നും 2050 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം പൂജ്യത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ സർക്കാർ തുടരുമെന്നും രാജ്ഞി അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- മനുഷ്യ ഹൃദയങ്ങളിലെ നന്മ ഇനിയും ചോർന്നു പോയിട്ടില്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന പ്രവൃത്തിയുമായി ഒരു ബ്രിട്ടീഷ് ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ജാക്ക് എന്ന ബ്രിട്ടീഷ് ചെറുപ്പകാരനാണ് തന്റെ ബിസിനസ് ക്ലാസ് സീറ്റ് എൺപ്പത്തെട്ടുകാരിയായ വയലറ്റ് എന്ന സ്ത്രീക്ക് കൈമാറിയത്.
വിർജിൻ അറ്റ്ലാന്റിക് എന്ന വിമാന സർവീസിൽ ജോലി ചെയ്യുന്ന ലേഹ് ആമിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജാക്ക് തന്റെ അപ്പർ ക്ലാസ് സീറ്റ് സ്ത്രീക്ക് കൈമാറിയതിനു ശേഷം ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു.
വയലറ്റ് യുകെയിൽ ഉള്ള തന്റെ മകളെ സന്ദർശിക്കാനാണ് യാത്ര ചെയ്തത്. ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള വയലറ്റിന്റെ ആഗ്രഹമാണ് ജാക്ക് നിവർത്തിച്ചത്. ജാക്കിനെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്.
ലിസ മാത്യു
ബെർമിംഗ്ഹാം : ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും ഒന്ന് അമ്പരപ്പിക്കുന്ന ചോദ്യം . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മലയാളിയായ സിസ്റ്റർ ജിയ . ക്രൈസ്തവ സന്ദേശം ജനമനസ്സുകളിൽ എത്തിക്കുവാൻ പുതിയ മേഖലകൾ കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ ജിയ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തന്നാലാവുന്ന വിധം തന്റെ കഴിവുകളിലൂടെ പ്രകാശിപ്പിക്കുകയാണ് സിസ്റ്റർ ജിയ . വനിതാ സംവിധായകർ കുറവായ സിനിമാ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഈ സന്യാസിനി. സിസ്റ്ററിന്റെ കഠിനാധ്വാനത്തിന്റെയും, സമർപ്പണത്തിന്റെയും ഫലമാണ് “എന്റെ വെള്ളത്തൂവൽ “എന്ന രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി, ഒരു കന്യാസ്ത്രീയുടെ ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് വെള്ളിത്തൂവൽ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഗാനരചന, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജിയ ആണ്.
2015 ൽ കത്തോലിക്ക സഭ സമർപ്പിത വർഷമായി ആചരിച്ചപ്പോൾ, സമർപ്പിതരുടെ ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചിത്രം രൂപപ്പെടുത്തണം എന്ന ആഗ്രഹത്തിൽ നിന്നാണ് “എന്റെ വെള്ളിത്തൂവൽ” എന്ന സിനിമ പിറന്നതെന്ന് സിസ്റ്റർ അനുസ്മരിക്കുന്നു. കുടുംബങ്ങളിലേക്ക് സ്നേഹത്തിന്റെ വെളിച്ചം വീശുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ലക്ഷ്യമെന്നും സിസ്റ്റർ പറയുന്നു. ചെറുപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ലാബിന്റെ ചുമതലകൾക്കിടയിലാണ് സിസ്റ്റർ സിനിമ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. സിനിമയുടെ ഓരോ പടിയിലും സിസ്റ്ററിൻെറ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.
നിലവിൽ രണ്ട് ഷോർട്ട് ഫിലിമുകളും സിസ്റ്റർ ചെയ്യുന്നുണ്ട് – ദൈവദാസൻ, ബെൽസ് ഓഫ് ഹംഗർ എന്നിവയാണ് അവ. തന്റെ സന്യാസി സമൂഹം തനിക്ക് പൂർണ്ണ പിന്തുണ നൽകി എന്ന് സിസ്റ്റർ നന്ദിയോടെ ഓർക്കുന്നു.
എന്നാൽ ഇപ്പോൾ ഈ ക്രിസ്തുമസ് കാലത്ത് ഇതേ സിസ്റ്ററിന്റെ തൂലികത്തുമ്പിൽ നിന്നും അതിമനോഹരമായ ഒരു കരോൾ ഗാനം കൂടി പിറന്നിരിക്കുകയാണ്.” ഗ്ലോറിയ പാടൂ ആമോദമായ് ചേർന്ന്” എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഫാദർ മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് ആണ്. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. യുകെയിലെ വാൽസാൾ നിവാസിയായ ഷിജു തോമസ് മടത്തിമലയിൽ നിർമ്മിച്ച ഈ മനോഹരമായ ഗാനം ജിജോ ജോയും ആൽഡ്രിയ സാബുവും ചേർന്നാണ് പാടിയിരിക്കുന്നത്.
പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കൊമ്പേരിയിൽ ജോയിയുടെയും എൽസിയുടെയും പത്ത് മക്കളിൽ നാലാമത്തെ ആളാണ് സിസ്റ്റർ ജിയ. ക്രിസ്തുവിനെ മനുഷ്യമനസ്സുകളിൽ എത്തിക്കുവാൻ നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണമന്നാണ് സിസ്റ്റർ പറയുന്നത്. തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് പ്രയോജനപ്രദം ആക്കി മാറ്റിയിരിക്കുകയാണ് സിസ്റ്റർ.
സിസ്റ്റർ ജിയ രചിച്ച മനോഹരമായ ഈ ക്രിസ്തുമസ് ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
ഷിബു മാത്യൂ
ലണ്ടൻ: കുട്ടനാട്ടിലെ ഒരു പ്രഭാതം. ഒരു പായിപ്പാട്ടുകാരൻ യുകെയിലേയ്ക്ക് വരുവാൻ തയ്യാറെടുക്കുമ്പോൾ കാഴ്ചക്കാരായവരിൽനിന്ന് പ്രായം ചെന്ന ഒരു സ്ത്രീയുടെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം?
“നിങ്ങൾ യുകെയ്ക്കു പോവുകയാണോ..?? എങ്കിൽ എന്റെ ബാബുവിനോട് ഒന്ന് പറയാമോ ഞങ്ങൾക്ക് ഇത്തിരി പൈസാ അയ്ച്ചു തരാൻ… ഞങ്ങൾ വളരെ കഷ്ടത്തിലാണ്…. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല.”
ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ഭക്ഷണത്തിനും മരുന്നിനും തെല്ലും വകയില്ലാതെ ബുദ്ധിമുട്ടുന്ന കുഞ്ഞമ്മ എന്ന ഒരു പാവം സഹോദരി, കുട്ടനാട്ടിലെ എടത്വായിൽ നിന്നും യുകെയിലേയ്ക്ക് യാത്ര ചെയ്തയാളോട് പറഞ്ഞു വിട്ട വാക്കുകളാണിത്. ചെറിയ മനസ്സിന്റെ വലിയ പ്രതീക്ഷകൾ…
നാട്ടുകാരനെന്നതിനപ്പുറം ചെറുപ്പം മുതൽക്കേ ബാബുവിനെ കുഞ്ഞമ്മയ്ക്ക് നേരിട്ടറിയാം. വളരെ ചെറുപ്പത്തിലേ തന്നെ ജോലിയുമായി ബന്ധപ്പെട്ട് ബാബു കുട്ടനാട്ടിൽ നിന്നും ഗൾഫിലേയ്ക്കും തുടർന്ന് യുകെയിലേയ്ക്കും യാത്രയായി. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കുഞ്ഞമ്മ ബാബുവിനെ ഓർത്തിരുന്നു. ഇതിനിടയിൽ ബാബു യുകെയിലുണ്ടെന്ന് നാട്ടുകാർ പറയുന്നത് കുഞ്ഞമ്മ കേട്ടു. ആശ്വാസമായി…. യുകെയിലോട്ടു പോകുന്നവരോട് കുഞ്ഞമ്മ തന്റെ ആവശ്യം പറഞ്ഞു വിട്ടു.
പിന്നീട് സംഭവിച്ചതെന്ത്?
ഇത് ബാബു സെബാസ്റ്റ്യൻ. സ്വന്തം നാട്ടിലെ ഒരു നിർദ്ധന കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായി ക്രിസ്തുമസ്സ് കാലത്ത് യുകെയിലെ കൊടും തണുപ്പിൽ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് തെരുവുകളിലും വീടുകളിലും കയറിയിറങ്ങി ആയിരത്തി ഇരുന്നോറോളം പൗണ്ട് സ്വരൂപിച്ച കരുണയും ദയയുമുള്ള ഹൃദയത്തിന്റെ ഉടമ.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് സ്വന്തം നാട്ടിൽ നിന്നും ഒരു സുഹൃത്ത് വഴിയായി ഒരു സഹായ അഭ്യർത്ഥന ബാബുവിനെ തേടിയെത്തിയത്. സഹായം അർഹിക്കുന്നവരും നേരിട്ടറിയാവുന്നതുമായ കുടുംബത്തിന്റെ അഭ്യർത്ഥന സ്വീകരിച്ച ബാബു പിന്നീട് പൈസാ സ്വരൂപിക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു. അങ്ങനെയാണ് ക്രിസ്തുമസ്സ് കാലത്ത് സാന്തയായി വീട് വീടാന്തരം കയറിയിറങ്ങുക എന്ന ആശയം മുന്നോട്ട് വന്നത്. പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല. സാന്തയുടെ കോസ്റ്റ്യൂം സംഘടിപ്പിച്ച് സാന്താക്ലോസായി വൈകുന്നേരങ്ങളിൽ യാത്ര തിരിച്ചു.. നാലു മണിയോടെ ബ്രിട്ടൺ ഇരുട്ടിലാകും. അതിശൈത്യവും മഞ്ഞുവീഴ്ചയും ഇരുട്ടും വകവെയ്ക്കാതെ പരിചയമുള്ളതും അല്ലാത്തതുമായ വീടുകൾ സന്ദർശിച്ചു.
കൈ നിറയെ മിഠായിയുമായി ഓരോ വീടുകളും കയറിയിറങ്ങി. ധാരാളം മിഠായികൾ കുട്ടികൾക്ക് കൊടുത്തു. അവർക്കത് വളരെ സന്തോഷമായി. ഞങ്ങളുടെ വീട്ടിലും സാന്താ വന്നു എന്ന അഭിമാനം. ജോലി തിരക്കുകൾ മൂലം പല വീടുകളിലും വൈകുന്നേരങ്ങളിൽ ആൾക്കാർ ഉണ്ടാകാറില്ല. ചിലപ്പോൾ ചിലർ വാതിൽ തുറന്നതുമില്ല. അതൊന്നും താൻ ഏറ്റെടുത്ത ദൗത്യത്തിന് തടസ്സമായില്ലന്ന് ബാബു സെബാസ്റ്റ്യൻ പറയുന്നു. കീത്തിലി മലയാളി അസ്സോസിയേഷനിലെ കടുംബങ്ങളുടെ സഹകരണം ധാരാളം ഉണ്ടായിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകരും യുകെയുടെ നാനാഭാഗത്തുമുള്ള സഹപാഠികളും സുഹൃത്തുക്കളും എന്റെ ഈ ചെറിയ ഉദ്യമത്ത രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. പ്രതീക്ഷിച്ചതിലുമധികം അവർ സഹായിച്ചു. എല്ലാവരേയും നന്ദിയോടെ ഓർക്കുന്നുവെന്ന് ബാബു സെബാസ്റ്റ്യൻ പറയുന്നു.
ഒരു ലക്ഷത്തിപതിനായിരത്തിയൊന്നു രൂപ സ്വന്തം നാടായ എടത്വായിലെ കുഞ്ഞമ്മ എന്ന സഹോദരിയുടെ കുടുംബത്തിന് ഇതിനോടകം ബാബു സെബാസ്റ്റ്യൻ കൈമാറിക്കഴിഞ്ഞു. എന്തെങ്കിലും ഒരു ചെറിയ സഹായം ആയ്ച്ചു തരണം എന്ന് പറഞ്ഞ് യുകെയിലേയ്ക്ക് പോയ ഒരാളോട് പറഞ്ഞു വിട്ട കുഞ്ഞമ്മയ്ക്ക് കിട്ടിയ ക്രിസ്തുമസ്സ് സമ്മാനമാണ് ബാബു സെബാസ്റ്റ്യൻ നൽകിയത്. യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ക്ഷയറിലെ കീത്തിലിയിൽ കുടുംബസമേതം താമസിക്കുകയാണ് ബാബു സെബാസ്റ്റ്യൻ.
മലയാളം യുകെ ന്യൂസിന്റെ ക്രിസ്തുമസ്സാശംസകൾ…
ജിബിൻ ആഞ്ഞിലിമൂട്ടിൽ
എന്താണ് പൗരത്വനിയമം? പൗരത്വ ഭേദഗതി ബിൽ എന്ത്? ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാരൻ എന്ന് വ്യക്തമാക്കുന്ന നിയമമാണ് പൗരത്വ നിയമം. നിയമ വിരുദ്ധ കുടിയേറ്റക്കാരന് ഇന്ത്യൻ പൗരത്വം നൽകുന്നതിനെ ഈ നിയമം വിലക്കുന്നു.1955 ലെ ഈ നിയമം 2015 സെപ്റ്റംബർ 7 ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിലൂടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്,എന്നീ രാജ്യങ്ങളിലെന്യൂനപക്ഷ മതങ്ങളായ ഹിന്ദു, സിഖ്,ബുദ്ധ, ജൈനപാഴ്സി, ക്രിസ്ത്യൻ എന്നി വിഭാഗങ്ങളിലെ മനുഷ്യർക്ക് അവരുടെ രാജ്യത്ത് മത ഭീതി നേരിടുന്നതിനാൽ ഇന്ത്യയെ അഭയകേന്ദ്രമായി കാണേണ്ട അവസ്ഥ ഉള്ളതിനാൽ 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ വന്നവർക്ക് പാസ്പോർട്ട് നിയമം,വിദേശി നിയമം പ്രകാരം ശിക്ഷ നേരിടേണ്ടി വരില്ല.2016 ജൂലൈ8 ന് കൊണ്ടു വന്ന ചട്ടഭേദഗതിയിലൂടെ അഫ്ഗാനിസ്ഥാനും ഇളവ് പ്രഖ്യാപിച്ചു.അവർക്ക് ഇന്ത്യൻ പൗരത്വത്തിന് ഇപ്പോൾ കൊണ്ടുവന്ന പൗരത്വ ബില്ലിലൂടെ ഇന്ത്യൻ പൗരത്വം ലഭിക്കും.2014 ഡിസംബർ31നു മുമ്പ് വന്ന രേഖ കാണിച്ചാൽ അവർക്ക് പൗരത്വം ലഭിക്കും. എന്നാൽ
‘പ്രവാസി ഇന്ത്യൻ പൗരന്മാർ’ എന്ന പരിഗണന ലഭിക്കുന്നവർക്ക് ഇന്ത്യയിൽ സഞ്ചരിക്കുകയും, താമസിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇത് ലഭിക്കാൻ, മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യയിൽ ജനിച്ചവരോ, ഇന്ത്യയിൽ ജനിച്ചയാളെ പങ്കാളിയാക്കിയ ആളോ ആയിരിക്കണം. എന്നാൽ ഭേദഗതിയോടെ, കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും നിയമം ലംഘിക്കുന്നവർക്ക് ഈ ഇളവ് റദ്ദാക്കപ്പെടും. അപ്രകാരം റദ്ദാക്കുംമുൻപ് ആ ആൾക്ക് പറയാനുള്ളത് കേൾക്കും. ഏത് നിയമം ലംഘിച്ചാലാണ് റദ്ദാക്കുക എന്നു പിന്നീട് പറയും.
11 വർഷമായി ഇന്ത്യയിൽ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വത്തിനു അപേക്ഷിക്കാം. എന്നാൽ മേൽപറഞ്ഞ 3 രാജ്യങ്ങളിലെ 5 മതവിഭാഗങ്ങൾക്ക് 5 വർഷം ആയാൽത്തന്നെ പൗരത്വത്തിനു അപേക്ഷിക്കാം.ഈ ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് ലഭിക്കില്ല എന്നതാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അടിസ്ഥാനം. ഇത് ആർട്ടിക്കിൾ 14 ന്റെ ലംഘമെന്ന് പ്രതിപക്ഷം പറയുമ്പോൾ ആർട്ടിക്കിൾ 17 അനുച്ഛേദം വച്ചാണ് കേന്ദ്രം ഇതിനെ നേരിടുന്നത്.നിയമത്തെ എതിർത്തും അനുകൂലിച്ചും ഉള്ള പ്രസ്താവനകൾ ഈ ദിവസങ്ങളിൽ കൂടുതലായി നാം കണ്ടുകൊണ്ടിരിക്കുന്നു.എന്തു തന്നെയായാലും മതേതര സംസ്ക്കാരവും പൈതൃകങ്ങളും ഭാരതഭൂവിൽ അണയാതിരിക്കട്ടെ… നമുക്കോരോരുത്തർക്കും അതിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാം….
ജിബിൻ എ.എ.
കുമളി ആനവിലാസം ആണ് സ്വദേശം.കുമളി സഹ്യജോതി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. പൊളിറ്റിക്ക്സ് ഇഷ്ട വിഷയം. ആഞ്ഞിലിമൂട്ടിൽ അച്ചൻകുഞ്ഞിന്റെയും അന്നമ്മയുടെയും ഇളയ മകനാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ : ബ്രിട്ടനിലെമ്പാടും മോഷ്ടാക്കളിൽ നിന്ന് മലയാളികൾ നേരിടുന്ന ഭീഷണിയെ കുറിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ഒരു അവലോകന റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള താണ്. കുടുംബങ്ങളിൽ ധാരാളം സ്വർണമുണ്ടെന്ന ധാരണയാണ് മലയാളി കുടുംബങ്ങളിലേക്ക് മോഷ്ടാക്കളെ ആകർഷിക്കുവാൻ കാരണമാകുന്നത്. യുകെ മലയാളികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം നൂറോളം ഏഷ്യൻ കുടുംബങ്ങളിൽ മോഷണ പരമ്പര നടത്തിയ ഏഴോളം കുറ്റവാളികളാണ് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു ആസൂത്രിത കൊള്ള സംഘത്തിലെ അംഗങ്ങൾ ആണെന്നാണ് നിഗമനം. 2018 ജൂലൈ മുതൽ നൂറോളം മോഷണ പരമ്പരകൾ ഇവർ നടത്തിയിട്ടുണ്ട്. 48, 56, 40 എന്നീ പ്രായപരിധിയിലുള്ള മൂന്നുപേരെ വിൽറ്റ്ഷെയറിൽ വെച്ച് നടന്ന പണം മോഷണത്തിനാണു അറസ്റ്റ് ചെയ്തിരിക്കുന്നത്. 56, 25, 35, 30 എന്നീ പ്രായപരിധിയിലുള്ള മറ്റു നാല് പേരെ ഹാംപ്ഷെയറിൽ വെച്ചു നടന്ന മോഷണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്തതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ പക്കൽ നിന്നും 26000 പൗണ്ട് പണവും, മോഷ്ടിക്കപ്പെട്ട 7 ക്യാരവാനുകളും, രണ്ടു വാഹനങ്ങളും ലഭിച്ചു.
5 ലക്ഷം പൗണ്ടിന്റെ മോഷണം ഇവർ നടത്തിയതായാണ് പ്രാഥമിക പോലീസ് നിഗമനം. വിൽറ്റ്ഷെയർ, ബെഡ്ഫോർഡ്ഷെയർ, ഹാംപ്ഷെയർ എന്നിവിടങ്ങളിലെ പോലീസുകാരുടെ സംയുക്തമായ നീക്കത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മലയാളികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : മറ്റു വർഷങ്ങളെ അപേക്ഷിച്ച് 2019ലെ എൻ എച്ച് എസിന്റെ പ്രകടനം മോശമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൻ എച്ച് എസിനായി അനേകം പദ്ധതികൾ ജോൺസൻ മുന്നോട്ട് വച്ചിരുന്നു. മടങ്ങിവരവിന്റെ തുടക്കത്തിൽ തന്നെ മാറ്റത്തിന്റെ പാതയിലൂടെയാണ് കൺസേർവേറ്റിവ് പാർട്ടിയുടെ നീക്കം. എൻഎച്ച്‌എസ് ഉദ്യോഗസ്ഥരെ 50,000 ആയി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോ നഴ്സിംഗ് വിദ്യാർത്ഥിക്കും പ്രതിവർഷം 8,000 ഡോളർ വരെ സൗജന്യ ബർസറി ലഭിക്കുമെന്ന് ജോൺസൻ അറിയിച്ചു. രാജ്ഞിയുടെ പ്രസംഗം ഇന്ന് നടക്കാനിരിക്കെയാണ് ഈ പദ്ധതി ജോൺസൺ ഇന്നലെ അവതരിപ്പിച്ചത്. കൂടാതെ 34 ബില്യൺ ഫണ്ടും ഇന്ന് എൻ എച്ച് എസിനു ലഭിക്കും. അടുത്ത വർഷം മുതൽ നടപ്പിലാകുന്ന ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം 35,000 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രിട്ടീഷ് ജനതയുടെ മുൻഗണന എൻ എച്ച് എസ് ആണെന്ന് ജോൺസൻ പറഞ്ഞു. “ലോകോത്തര നിലവാരത്തിലുള്ള പരിചരണം നൽകുന്നതിന് ഈ അമൂല്യമായ സ്ഥാപനത്തിന് ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കുക എന്നത് നമ്മുടെ ആവശ്യമാണ്.” ജോൺസൻ കൂട്ടിച്ചേർത്തു. 41000ത്തോളം ഒഴിവുകളാണ് നേഴ്സുമ്മാർക്കായി എൻ എച്ച് എസിൽ നിലവിലുള്ളത്. മൂന്നു വർഷത്തിനിടയിൽ നഴ്സിംഗ് ഡിഗ്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം 24% ആയി കുറഞ്ഞു. പുതിയ പദ്ധതി പ്രകാരം 14,000 പുതിയ നഴ്സിംഗ് സ്ഥലങ്ങൾ, 5,000 നഴ്സിംഗ് അപ്രന്റീസ്ഷിപ്പുകൾ, വിദേശത്ത് നിന്ന് 12,500 നഴ്സിംഗ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമം, കൂടാതെ 18,500 നഴ്സുമാരെ നിലനിർത്തുന്നതിനോ അല്ലെങ്കിൽ മടങ്ങിവരുന്നതിനോ ഉള്ള ശ്രമങ്ങൾ എന്നിവ നടക്കുന്നു.
റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നെയർ പറഞ്ഞു: “ഇംഗ്ലണ്ടിൽ പതിനായിരക്കണക്കിന് നഴ്‌സ് ജോലികൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണ്. ഒപ്പം ഈ പദ്ധതി, നഴ്സിങ്ങിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും വർധിപ്പിക്കും.” എൻഎച്ച്‌എസ് ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി ഡൗണിംഗ് സ്ട്രീറ്റിൽ അവർക്കായി ഒരു സ്വീകരണപരിപാടി നടത്താനും ജോൺസൻ പദ്ധതിയിടുന്നു.
ജീവിത നിലവാരതോത് ഉയർന്നതോടുകൂടി യുകെയിലെ പ്രവാസികളായ മലയാളികളും പല വിദേശ രാജ്യങ്ങളും സന്ദർശിക്കുവാൻ താല്പര്യപ്പെടുന്നവരാണ്. ഇവരെയൊക്കെ ആശങ്കയിലാക്കുന്നതാണ് യുകെ പാസ്പോർട്ടിന്റെ മൂല്യത്തിലുണ്ടാകുന്ന തകർച്ച. ഇതുവരെയും ഏറ്റവും മൂല്യമുണ്ടായിരുന്ന പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനത്തായിരുന്നു യുകെയുടെയും അമേരിക്കയുടെയും പാസ്പോർട്ടുകൾ കണക്കാക്കപ്പെട്ടിരുന്നത്. ഇതുപയോഗിച്ചാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിച്ചിരുന്നത്. രാഷ്ട്രീയ സാമ്പത്തിക മേഖലകളിലുണ്ടായിരിക്കുന്ന മാറ്റം മറിച്ചിലുകൾ യുകെ പാസ്പോർട്ടിന് ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണമായി.
വീസയില്ലാതെ പാസ്പോര്‍ട്ട് മാത്രമോ വീസ ഓണ്‍ അറൈവല്‍ സൗകര്യമോ ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കി റാങ്കിങ് നല്‍കുന്ന സൂചികയാണ് ഹെന്‍ലി ഇന്‍ഡക്സ്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡാറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വീസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്
ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കരുത്തുറ്റതും മൂല്യമേറിയതുമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം ജപ്പാൻ നിലനിര്‍ത്തി. ഒപ്പം സിംഗപ്പൂരുമുണ്ട്. ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച്, വീസയില്ലാതെ 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ലോകത്തെ ഏറ്റവും ട്രാവല്‍-ഫ്രണ്ട്‌ലി പാസ്പോര്‍ട്ടുകളായാണ് ഇവ അറിയപ്പെടുന്നത്.
പൗരത്വ നിയമ ഭേദഗതികെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾ നിരസിക്കപ്പെട്ടാൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും അതിനെതിരെ ശബ്ദമുയർത്തണമെന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം. പത്രത്തിന്റെ എഡിറ്റോറിയലിൽ, നിയമം വിവേചനപരവും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയുമായതിനാലാണ് ഇത് വേണ്ടതെന്ന് വ്യക്തമാക്കുന്നു. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ മുസ്ലിം പൗരന്മാർക്ക് പൗരത്വം നിഷേധിക്കുന്ന നിയമം പക്ഷെ, മുസ്ലിം ന്യൂനപക്ഷമായ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കാര്യത്തിൽ മൗനം അവലംബിക്കുന്നതായി എഡിറ്റോറിയൽ പറയുന്നു.
80 ശതമാനത്തോളം വരുന്ന ഹിന്ദു ജനതയെ അണിനിരത്തി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നിയമത്തിലൂടെ മോദിയും ഉറ്റ അനുയായിയുമായ അമിത് ഷായും ലക്ഷ്യമിടുന്നത്. അതിനായി മുസ്ലീങ്ങളെ പാർശ്വത്കരിക്കാനാണ് നീക്കമെന്നും പത്രം പറയുന്നു. ആസാമിൽ പൗരത്വ രെജിസ്റ്റർ നടപ്പാക്കിയതോടെ 20 ലക്ഷത്തോളം വരുന്ന മുസ്ലിങ്ങൾ ഇപ്പോൾ രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ജനിച്ചു വളർന്നവർ ഇപ്പോൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുന്നു. അത് സാധിക്കാത്തവർക്കായി പ്രത്യേക ക്യാംപുകൾ ഒരുങ്ങുകയാണ്.
കഴിഞ്ഞ ആഗസ്റ്റ് മുതൽ കാശ്മീർ ഒറ്റപ്പെട്ട നിലയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം നിരോധിച്ച രാജ്യമായി ഇന്ത്യ മാറിയതായും ന്യൂയോർക് ടൈംസ് പറയുന്നു.
2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ മോദി സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കി വരുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ പൗരത്വ നിയമത്തിന്റെ വരവോടെ വലിയ പ്രതിഷേധം പടര്‍ന്നിരിക്കുകയാണെന്ന് പത്രം പറയുന്നു. ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്തതാണ് പൗരത്വഭേദഗതി നിയമം. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമഭേദഗതി. പക്ഷെ ഇതിലെ പിശാച് ഒളിഞ്ഞിരിക്കുന്നത് രണ്ട് വിഷയങ്ങളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതസ്ഥര്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുളളത്. കൂടാതെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രമാണ് പരിഗണിക്കുന്നതും.
മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആയിരകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കി. പതിനായിരക്കണക്കിന് പേർക്ക് പലായനം ചെയേണ്ടതായും വന്നു. മോദി അധികാരത്തിൽ തുടരുന്നുവെങ്കിലും ഇന്ത്യയിലും പുറത്തും പടരുന്ന പ്രതിഷേധങ്ങൾ കാര്യങ്ങൾ അദ്ദേഹത്തിന് അത്ര സുഗമമാക്കില്ലെന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.
സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു.
പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ ഈ നീക്കങ്ങളെ പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യൻ പൗരനും ഉൽകണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവർത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങൾ ഓർമിപ്പിക്കുന്നു.
ഈ ഭേദഗതി ബിൽ വിദേശമലയാളികൾക്കും OCI കാർഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികൾ ഉള്കൊള്ളുന്നതാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതിൽ സംശയമില്ല. നിസ്സംഗതയോടെ കാര്യങ്ങളെ കാണുന്ന പ്രവണത മാറ്റി ഉണർന്നു പ്രവറ്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിറന്ന മണ്ണിലേക്ക്, വീടും വസ്തുവകകളും സ്‌ഥിതിചെയ്യുന്ന നാട്ടിലേക്ക് ചെല്ലുവാൻ വിസപോലും കിട്ടാത്ത അവസ്‌ഥ ഓരോ മലയാളിക്കും ചിന്തിക്കാൻ പോലുമാകില്ല.
സാമുദായികസൗഹാർദ്ദത്തിന് കടക്കൽ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങളെ കൂട്ടായ്മയോടെ എതിർക്കേണ്ടതുണ്ടെന്നു കേരള ഗവണ്മെന്റ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്കു KPFS ന്റെ ഭാവുകങ്ങൾ നേരുന്നതായി സംഘടനക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും ജന:സെക്രട്ടറി സാജൻ പെരേപ്പാടനും അറിയിച്ചു.