ഡബ്ലിന്: യുകെയിലേക്ക് കൂടുതൽ വിദേശ നഴ്സുമാരെ കൊണ്ടുവരും എന്ന അറിയിപ്പിന് പിന്നാലെ അയര്ലണ്ടിലെ വര്ക്ക് പെര്മിറ്റ് നിയമങ്ങളില് വ്യാപകമായ പൊളിച്ചെഴുത്തുകള് നടത്തി കൊണ്ട് സര്ക്കാര് ഉത്തരവായി. അയര്ലണ്ടില് ജോലിയ്ക്കെത്തുന്ന എല്ലാ നഴ്സുമാര്ക്കും ക്രിട്ടിക്കല് സ്കില് വര്ക്ക് പെര്മിറ്റ് അനുവദിച്ചതാണ് ഇതില് ഏറ്റവും പ്രധാനപ്പെട്ടത്. ജനുവരി ഒന്നിന് പുതിയ വര്ക്ക് പെര്മിറ്റ് നിയമം പ്രാബല്യത്തില് വരും എന്നാണ് അയർലണ്ടിലെ മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇന്ന് ഐറിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ഇത് വരെ അയര്ലണ്ടില് എത്തിയിരുന്ന വിദേശ നഴ്സുമാരെ ക്രിട്ടിക്കല് സ്കില്, ജനറല് വര്ക്ക് പെര്മിറ്റ് എന്നിങ്ങനെ രണ്ടായി വേര്തിരിച്ചാണ് പെര്മിറ്റ് നല്കിയിരുന്നത്. എന്നാല് പുതിയ ഭേദഗതി പ്രകാരം നഴ്സുമാര് എല്ലാവരും ക്രിട്ടിക്കല് സ്കില് എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്പ്പെടുക. നിലവില് ക്രിട്ടിക്കല് സ്കില് വര്ക്ക് പെര്മിറ്റ് ഉള്ള നഴ്സുമാര്ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല് പെര്മിറ്റില് എത്തിയവര്ക്കും ലഭിക്കും.
ജനറല് വര്ക്ക് പെര്മിറ്റില് എത്തിയവരുടെ സ്പൗസസിന് ജോലി ചെയ്യാനുള്ള തടസം, ഫാമിലിയെ കൊണ്ടുവരാന് ഉണ്ടായിരുന്ന കാലതാമസം എന്നിവയെല്ലാം പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്ലണ്ടില് എത്തുന്ന നഴ്സുമാര്ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്ക്കും അയര്ലണ്ടില് എത്താനാവും. പങ്കാളികള്ക്ക് അയര്ലണ്ടില് ജോലി ചെയ്യാന് ഉണ്ടായിരുന്ന എല്ലാ തടസവും സര്ക്കാര് ഇല്ലാതാക്കി. അയര്ലണ്ടിലേയ്ക്ക് കൂടുതല് ഷെഫുമാരെയും, കണ്സ്ട്രക്ഷന് വിദഗ്ധരെയും ആകര്ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില് ഉള്പ്പെടുന്നു. കൂടുതല് ഷെഫുമാര്ക്ക് വര്ക്ക് പെര്മിറ്റ് അനുവദിക്കും.
ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്സ് വാഹന ഡ്രൈവര്മാര്ക്ക് 200 പെര്മിറ്റുകളും അനുവദിക്കാന് തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര് ബാക്ക് ഗ്രൗണ്ടില് നിന്നും അയര്ലണ്ടില് എത്തുന്ന നഴ്സുമാരുടെ സ്പൗസസിന് അയര്ലണ്ടിലെ പൊതു തൊഴില് മേഖലയില് നിബന്ധനകളില്ലാതെ പ്രവര്ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. അത് കൊണ്ട് തന്നെ മലയാളികള്ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള് ഉണ്ടായിരിക്കുന്നത്. അയര്ലണ്ടിലേക്ക് ഏറ്റവും കൂടുതല് നഴ്സുമാര് എത്തുന്നതും ഇന്ത്യയില് നിന്നാണ്. എന്തായാലൂം മെഡിക്കൽ പഠനം നടത്തിയിട്ടുള്ളവരുടെ ജോലി അവസരങ്ങൾ കൂടുന്നു എന്നത് ഒരു യാഥാർത്യമാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- പുക വലിക്കുന്നതിനായി കാറിൽ ആദ്യം എയർ ഫ്രഷ്നെർ ഉപയോഗിച്ചശേഷം സിഗരറ്റ് കത്തിച്ച വ്യക്തിയുടെ കാറിൽ തീ പടർന്നു. ഇംഗ്ലണ്ടിൽ വെസ്റ്റ് യോർക്ക്ഷൈറിലെ ഹാലിഫാക്സ് ടൗണിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം മൂന്ന് മണിയോടെയാണ് കാറിന് തീപിടിച്ചത്. എയർ ഫ്രഷ്നെർ ഉപയോഗിച്ചപ്പോൾ ജനലുകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം സിഗരറ്റ് കത്തിച്ചപ്പോൾ ഉണ്ടായ പുക തീപിടുത്തത്തിന് കാരണമായി.
കാറിന്റെ ജനലുകളും, അടുത്തുള്ള ഒരു കടയുടെ ജനലുകളും അപകടത്തിൽ തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന വ്യക്തി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എയർ ഫ്രഷ് നർ ഉപയോഗിക്കുമ്പോൾ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 2017- ൽ ഇതേ സംഭവം ആവർത്തിച്ചതാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇംഗ്ലണ്ടിൽ വേൾപൂൾ കമ്പനിയ്ക്ക് വൻ തിരിച്ചടി. പല തകരാറുകൾ മൂലം യുകെയിലെ വീടുകളിലെ 5 ലക്ഷം വാഷിംഗ് മെഷീനുകൾ കമ്പനി തിരിച്ചുവിളിച്ചു. ഡോർ ലോക്കിംഗ് സംവിധാനം ചൂടാകുന്നത് മൂലം തീ പിടിക്കാനുള്ള സാധ്യത ഏറെയാണ് കണ്ടെത്തിയതോടെയാണ് മെഷീനുകൾ തിരിച്ചുവിളിച്ചത്. ഉപകരണങ്ങൾ ശരിയാക്കുന്നത് വരെയോ മാറ്റി സ്ഥാപിക്കുന്നത് വരെയോ ഉടമകൾ, ചൂട് വെള്ളം ഉപയോഗിക്കാതെ കഴുകേണ്ടി വരും. 11 വർഷത്തിനിടെ വിറ്റ അഞ്ച് ദശലക്ഷത്തിലധികം ടംബിൾ ഡ്രയറുകളിലെ തകരാർ പരിഹരിച്ചത് അധികം സമയമെടുത്തിട്ടാണ്. എന്നാൽ ഇത്തവണ പ്രശ്നം കണ്ടെത്തിയ ഉടൻ തന്നെ വേൾപൂൾ ഉപകരണങ്ങൾ തിരിച്ചുവിളിച്ചിരിക്കുകയാണ്.
2014 മുതൽ വിറ്റ ഹോട്ട്പോയിന്റ്, ഇൻഡെസിറ്റ് വാഷിംഗ് മെഷീനുകളിൽ ഏകദേശം 20% എണ്ണത്തിൽ ആണ് തകരാർ കണ്ടെത്തിയത്. യുകെയിൽ വിറ്റ 519,000 വാഷിംഗ് മെഷീനുകൾ ഇതിൽ ഉൾപ്പെടുന്നു. 79 തീപിടുത്തങ്ങൾ ഉണ്ടായി എന്നതാണ് വേൾപൂളിന്റെ കണക്ക്. വാഷിംഗ് മെഷീനിലെ ചൂടാക്കൽ ഘടകം പ്രവർത്തിക്കുമ്പോൾ വളരെ അപൂർവമായി ഡോർ ലോക്ക് സിസ്റ്റത്തിലെ ഒരു ഘടകം അമിതമായി ചൂടാകുന്നു. ഇത് ഉൽപ്പന്ന സവിശേഷതകളെ ആശ്രയിച്ച് തീപിടുത്തത്തിന് കാരണമാകുമെന്ന് വേൾപൂൾ പറഞ്ഞു. നിങ്ങളുടെ മെഷീനുകൾക്ക് പ്രശ്നം ഉണ്ടോ എന്നറിയാൻ വേൾപൂൾ ഒരു മോഡൽ ചെക്കർ ഓൺലൈനിൽ സജ്ജമാക്കിയിട്ടുണ്ട് . 2014 ഒക്ടോബർ മുതൽ വാങ്ങിയ ഹോട്ട്പോയിന്റ്, ഇൻഡെസിറ്റ് വാഷിംഗ് മെഷീനുകളുടെ ഉടമകൾക്ക് അവരുടെ മെഷീന്റെ മോഡലും സീരിയൽ നമ്പറും ഉപയോഗിച്ച് സുരക്ഷ പരിശോധിക്കാം. പ്രശ്നം ഉള്ളതാണെങ്കിൽ നന്നാക്കുന്നതുവരെ അതുപയോഗിക്കരുതെന്നും വേൾപൂൾ നിർദേശിച്ചു. അറ്റകുറ്റപ്പണികൾക്കോ മാറ്റിസ്ഥാപിക്കലിനോ വേണ്ടി ഉടമകൾക്ക് ഇപ്പോൾ പരിശോധിച്ച് രജിസ്റ്റർ ചെയ്യാൻ കഴിയും.
ജനുവരി മുതലേ മെഷീൻ നന്നാക്കാൻ തുടങ്ങൂ. തൽഫലമായി, ക്രിസ്മസ് വേളയിൽ ഉൾപ്പെടെ ഉടമകൾക്ക് അവരുടെ വാഷിംഗ് മെഷീൻ ഇല്ലാതെ കഴിയേണ്ടി വരും. ഇത് കൂടാതെ കംപ്ലെയിന്റ് ഉള്ള മെഷീനുകൾക്ക് പണം തിരികെ നൽകില്ല എന്നും കമ്പനി അറിയിച്ചു. എന്നാൽ ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴിയൊരുക്കും. വേൾപൂൾ വൈസ് പ്രസിഡന്റ് ജെഫ് നോയൽ പറഞ്ഞു: “ഇത് കുറച്ച് ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം. വാഷിംഗ് മെഷീൻ കുടുംബജീവിതത്തിന് വളരെ പ്രധാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു, ക്രിസ്മസ് അവധിക്കാലത്ത് ഇത് ഒരു പ്രധാന കാര്യമാണ്, എന്നിരുന്നാലും ഞങ്ങൾ ക്ഷമ ചോദിക്കുന്നു.” യുകെയിലും അയർലണ്ടിലും മാത്രമാണ് ഈ തിരിച്ചുവിളി നടന്നിട്ടുള്ളത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന എണ്ണായിരത്തോളം വിദ്യാർത്ഥികൾ മാതാപിതാക്കളിൽ നിന്നും അകന്നു താമസിക്കുന്നവരാണ് എന്ന് റിപ്പോർട്ടുകൾ. ഇത്തരം വിദ്യാർത്ഥികൾ അവധിക്കാലങ്ങളിൽ അഭയം ഇല്ലാതെ വലയുകയാണ്. ഇതോടൊപ്പം തന്നെ ഒറ്റപ്പെടലും, സാമ്പത്തിക പ്രതിസന്ധിയും ഇവർ അനുഭവിക്കുന്നു. ലണ്ടനിലെ ക്യുൻ മേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സെരെസ എന്ന വിദ്യാർത്ഥിനി, ഒരു അവധിക്കാലത്ത് തന്നെ എട്ടു കൂട്ടുകാരികളുടെ വീട്ടിൽ താമസിച്ച അനുഭവം വ്യക്തമാക്കുന്നുണ്ട്. തന്റെ കുട്ടിക്കാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്നും, യൂണിവേഴ്സിറ്റി പഠനത്തോടെ താൻ കുടുംബത്തിൽ നിന്ന് തഴയപ്പെട്ടു എന്നും അവൾ പറയുന്നു. ഓരോ അക്കാദമിക് വർഷത്തിന്റെ അവസാനവും താൻ സാധനങ്ങളുമായി വലയുകയാണ്. അപ്പോഴാണ് താനൊരു സാധാരണ വിദ്യാർത്ഥി അല്ലെന്നും, തന്നെ സഹായിക്കാൻ ആരുമില്ല എന്നുള്ള തോന്നൽ തന്നിൽ ഉളവാകുന്നത് എന്ന് സെരെസ പറയുന്നു.
ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന അനേകം വിദ്യാർത്ഥികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്റ്റുഡന്റസ് ലോൺ കമ്പനി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 7566 വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലും, 341 വിദ്യാർത്ഥികൾ വെയിൽസിലും, 121 പേർ നോർത്തേൺ അയർലൻഡിലും ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണ്. സ്കോട്ട്ലൻഡ് സ്റ്റുഡന്റ് അവാർഡ് ഏജൻസിയുടെ കണക്കനുസരിച്ച്, 145 പേർ സ്കോട്ട്ലൻഡിൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവരാണ്. കുടുംബത്തിൽനിന്ന് നേരിടുന്ന ദുരനുഭവങ്ങളും മറ്റുമാണ് വിദ്യാർഥികളെ അവരിൽ നിന്ന് അകറ്റുന്നത്. സ്റ്റുഡന്റ് എലോൺ ചാരിറ്റി ഫൗണ്ടർ ബേക്ക ബ്ലാൻഡ് ഇത്തരത്തിലുള്ള കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലിവർപൂളിലെ ജോൺ മൂർസ് യൂണിവേഴ്സിറ്റിയും ഇത്തരത്തിലുള്ള കുട്ടികൾ സഹായിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികൾക്കും ലോൺ നേടുന്നതിന് ഡിപ്പോസിറ്റ് ആവശ്യം ഇല്ലാതാക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷനും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ലണ്ടൻ :- ഫോർമുല വൺ ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബെർണി എക്കിൽസ്റ്റോണിൻ്റെ മകൾ തമാരയുടെ അൻപത് മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 57 മുറികളുള്ള അദ്ദേഹത്തിന്റെ ആഡംബര വീട്ടലെ സെയ്ഫുകകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ ഉള്ള, 24 മണിക്കൂറും സെക്യൂരിറ്റി പെട്രോളിങ്ങുള്ള ഭവനത്തിലാണ് കവർച്ച നടന്നത്.
എന്നാൽ ഇത് വീട്ടിനുള്ളിൽ ഉള്ളവർ അറിഞ്ഞിട്ടുള്ള കവർച്ച ആണെന്നാണ് ബെർണി സംശയിക്കുന്നത്. തമാരയും, ഭർത്താവ് ജയ്, മകൾ സോഫിയ എന്നിവർ പിതാവിനൊപ്പം ലാപ്ലാൻഡിലേക്കു യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. ഇതുവരെയും മോഷണത്തെ തുടർന്ന് അറസ്റ്റുകൾ ഒന്നും നടന്നിട്ടില്ല.
കവർച്ച നടത്താൻ വീടിനുള്ളിൽ തന്നെ ആരോ സഹായിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. വളരെ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമ്പതിനായിരം പൗണ്ട് വിലവരുന്ന ഒത്തിരി അധികം ഡയമണ്ട് ആഭരണങ്ങൾ, റോളക്സ് വാച്ച് കളക്ഷൻ എന്നിവയെല്ലാം നഷ്ടപ്പെട്ടു. മൂന്നുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. പുറകിലുള്ള മതിൽ ചാടി കടന്നാണ് ഭവനത്തിലേക്ക് പ്രവേശിച്ചത്. അൻപതു മിനിറ്റോളം എടുത്താണ് കവർച്ച നടത്തിയത്. പോലീസിൻെറ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ക്രിസ്മസ് കാലത്തെ ജനങ്ങളിൽ ആശങ്ക പടർത്തി വർധിച്ചുവരുന്ന ഫ്ലൂ രോഗം. ഈ രോഗത്തിന്റെ വൈറസുകൾ ജനങ്ങളിൽ വ്യാപിച്ചു തുടങ്ങിയതായി ഡോക്ടർമാർ പറഞ്ഞു. ഇതുവരെയും വാക്സിനേഷൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്ന് വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളിലാണ് ഈ രോഗം ഏറ്റവും സുലഭമായി കാണുന്നത്. കുട്ടികളോടൊപ്പം തന്നെ, പ്രായമുള്ളവരിലും ഈ രോഗം പടരാനുള്ള സാധ്യത ഏറെയാണ്.
65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, ഗർഭിണികൾക്കും, കെയർ ഹോമുകളിൽ താമസിക്കുന്നവർക്കും മറ്റും വാക്സിനേഷൻ സൗജന്യമായി ലഭിക്കുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, എൻ എച്ച് എസും ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
രോഗം പടരുന്ന കാലം ആകയാൽ എല്ലാവരും മുൻകരുതൽ എടുക്കണമെന്ന് എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ അറിയിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ എത്രയുംവേഗം കുട്ടികളെ വാക്സിനേഷന് വിധേയരാക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രെക്സിറ്റിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം മാസങ്ങളായി ബ്രിട്ടനെ വല്ലാതെ വലച്ചിരുന്നു. ബ്രിട്ടനിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഇടങ്ങളെ വൻ തോതിൽ ബാധിക്കപ്പെടും എന്നും ഭീതിയും ഉണ്ടായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം യുകെയിലെ വീട് വിപണിയിൽ വിലത്തകർച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളെ അപ്രസക്തമാക്കികൊണ്ട്, യുകെയിലെ വീട് വിപണിയിൽ 2020ഓടെ 2% വരെ വിലവർധനവ് ഉണ്ടായേക്കാമെന്ന് പ്രവചനങ്ങൾ. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റായ റൈറ്റ്മൂവിന്റെ പ്രവചനം കൺസേർവേറ്റിവ് പാർട്ടിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തികൊടുത്തിരിക്കുകയാണ്. മുൻ വർഷം വീട് വിപണി വില 3% ശതമാനം ആയി കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ കൺസേർവേറ്റിവുകളുടെ മിന്നും വിജയം തന്നെയാവാം ഈയൊരു മാറ്റത്തിന് കാരണം. സാധാരണ ഗതിയിൽ ലണ്ടൻ നഗരം ഉൾപ്പെടുന്ന തെക്കൻ പ്രദേശമാണ് വീടുവിപണിയിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ പതിവിനു വിപരീതമായി ഇത്തവണ വീട് വിപണി കൂടുതൽ ഉഷാറായിരിക്കുന്നത് വടക്കൻ പ്രദേശങ്ങളിലാണ്.
അടുത്ത വർഷം 2% വില വർധനവ് സംഭവിക്കുന്നതോടെ വീട് വാങ്ങുന്നവർ ഇനി 6000 പൗണ്ട് അധികം നൽകേണ്ടിവരും. തെക്കൻ പ്രദേശങ്ങളിൽ 1% ത്തിന്റെ വിലവർധനവ് ഉണ്ടായേക്കാമെന്ന് റൈറ്റ്മൂവ് ഡയറക്ടർ മൈൽസ് ഷിപ്പ്സൈഡ് പറഞ്ഞു. ഒരു സമ്പന്ന യൂറോപ്യൻ കുടുംബം, ലണ്ടനിൽ 65 മില്യൺ പൗണ്ടിന് ഒരു വീട് കഴിഞ്ഞ വെള്ളിയാഴ്ച വാങ്ങുകയുണ്ടായി. ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ ഫലമായാണ് വീട് വാങ്ങിയതെന്ന് അവർ വെളിപ്പെടുത്തി. ലണ്ടനിലെ വീടുവിപണിയിൽ ഉടൻ തന്നെ ഒരു മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് എസ്റ്റേറ്റ് ഏജന്റായ ചെസ്റ്റർട്ടൺസ് പറഞ്ഞു. ജോൺസന്റെ സർക്കാരിന്റെ രണ്ടാം വരവ് ഒരു മാറ്റത്തിന് വഴിയൊരുക്കുമോ എന്ന് തുടർന്ന് കാണേണ്ടിയിരിക്കുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- 2019ലെ ബിബിസിയുടെ മികച്ച കായിക താരമായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ് തിരഞ്ഞെടുക്കപ്പെട്ടു. 2019 – ൽ ന്യൂസിലൻഡിനെതിരെ വൻ വിജയം നേടി ഇംഗ്ലണ്ട് വേൾഡ് കപ്പ് നേടിയപ്പോൾ ബെൻ സ്റ്റോക്സ് മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ഇരുപത്തിയെട്ടുകാരനായ ബെൻ ഓൾറൗണ്ടർ ആണ്. ഓസ്ട്രേലിയക്കെതിരെ ഉള്ള മൂന്നാം ആഷസ് ടെസ്റ്റ് അദ്ദേഹം നേടിയ 135 റൺസ് ശ്രദ്ധേയമായിരുന്നു. ബിബിസി ന്യൂസ് നടത്തിയ ജനഹിതത്തിൽ, ഫോർമുലവൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ രണ്ടാമതായും, സ്പ്രിന്റർ ദിന അഷേർസ്മിത്ത് മൂന്നാമതായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ബെൻ സ്റ്റോക്സ് ഭാര്യ ക്ലെയർ റാറ്റ്ക്ലിഫിനൊപ്പം
ഇംഗ്ലണ്ട് ഫുട്ബോൾ താരം റഹിം സ്റ്റെർലിങ്, ഹെപ്റ്റാത്തലൻ ചാമ്പ്യൻ കത്രീന ജോൺസൻ, റഗ്ബി താരം അലൻ വയ്ൻ ജോൺസ് എന്നിവരും ബിബിസിയുടെ അവാർഡ് ലിസ്റ്റിൽ ഉണ്ടായിരുന്നു. 2005 – ൽ ആൻഡ്രൂ ഫ്ലിന്റ്ഓഫ് അവാർഡ് നേടിയതിന് ശേഷം, ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന് അവാർഡ് ലഭിക്കുന്നത്. അവാർഡ് മീറ്റിംഗിൽ പോകുന്നതിനാൽ ഇംഗ്ലണ്ടും സൗത്താഫ്രിക്ക യുമായുള്ള ആദ്യത്തെ മത്സരം ബെൻ സ്റ്റോക്സിനു കളിക്കാൻ സാധിക്കില്ല.
അവാർഡ് കിട്ടിയതിൽ ഉള്ള സന്തോഷം ബെൻ രേഖപ്പെടുത്തി. തന്നെ പിൻതുണച്ചവരോടും സഹ താരങ്ങളോടും, കോച്ചിനോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു അദ്ദേഹം രേഖപ്പെടുത്തി.
ബ്രിട്ടനിൽ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും തങ്ങളുടെ സാമ്പത്തിക ബാങ്കിടപാടുകൾ നടത്തുന്നത് ഓൺലൈനിലൂടെയാണ്. എന്നാൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ വളരെയധികം കരുതലെടുക്കണമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2018 ലെ റിപ്പോർട്ടുകൾ പ്രകാരം 204 മില്യൻ പൗണ്ടോളം തെറ്റായ അക്കൗണ്ടിലേക്കാണ് ഓൺലൈൻ ഇടപാടുകൾ വഴി എത്തപ്പെട്ടത്. 2017 മായി താരതമ്യം ചെയ്യുമ്പോൾ 2018ലെ കണക്കുകളിൽ 23 ശതമാനത്തിന്റെ വർദ്ധനവുണ്ടെന്നുള്ളത് വളരെയധികം ഞെട്ടിക്കുന്നതാണ്. ആയിരക്കണക്കിനാൾക്കാർക്കാണ് തെറ്റായ അക്കൗണ്ടിലേയ്ക്ക് ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം നഷ്ടമായിരിക്കുന്നത്.
2018ൽ മാത്രം 10 പേരിൽ ഒരാൾക്ക് എന്ന നിലയിൽ തെറ്റായ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയതു മൂലം നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം അക്കൗണ്ട് നമ്പർ തെറ്റായി കൊടുക്കപ്പെട്ട കൊടുക്കുന്നതാണ്. 25 ശതമാനം ആൾക്കാർക്ക് പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം തെറ്റായ സോഡക്കോയുടെ ഓൺ ലൈൻ ട്രാൻസാക്ഷനിൽ രേഖപ്പെടുത്തിയതാണ്.
ഓൺലൈനായി പണം കൈമാറുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവാൻ ഒരു പരിധിവരെ കാരണം ആൾക്കാർ ബാങ്ക് ഡീറ്റെയിൽസ് വാട്സ്ആപ്പ്, ഇമെയിൽ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അയച്ചു കൊടുക്കുമ്പോൾ തന്നെ തെറ്റായ വിവരങ്ങൾ കൈമാറുന്നതാണ്. അതിലുപരി അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഇങ്ങനെ ഓൺലൈനായി കൈമാറുമ്പോൾ തന്നെ ഒത്തിരി സുരക്ഷാവീഴ്ചകളും ഉണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തെറ്റായ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് ബോധ്യമായാൽ ഉടനെ തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. പണം അയക്കുന്ന സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ഏറ്റവും ഉചിതമായ മാർഗ്ഗം പണം അയയ്ക്കുന്നതിന് മുമ്പ് രേഖപ്പെടുത്തുന്ന അക്കൗണ്ട് നമ്പർ, ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിയ വിവരങ്ങൾ ശരിയാണെന്ന് ഒന്നിൽ കൂടുതൽ പ്രാവശ്യം ഉറപ്പുവരുത്തേണ്ട ചുമതല എപ്പോഴും ഉപയോക്താവിന്റെതാണ് അതോടൊപ്പം തന്നെ പണം അയയ്ക്കുന്നതിന് മുൻപ് നമ്മൾ രേഖപ്പെടുത്തുന്ന അക്കൗണ്ട് നമ്പറും ബാങ്ക് കോഡും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ശരിയാണെന്ന് ഒന്നിൽ കൂടുതൽ പ്രാവശ്യം ഉറപ്പുവരുത്തേണ്ട ചുമതല ഉപഭോക്താവിന്റെതാണ്. ഇങ്ങനെയുള്ള ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ ഓൺലൈനിൽ കൂടി പണം അയക്കുന്നതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സുരക്ഷാ വീഴ്ചകളും ഒഴിവാക്കാനായിട്ട് നല്ലതായിരിക്കുമെന്ന് ഈ രംഗത്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഗോപിക. എസ് , മലയാളം യു കെ ന്യൂസ് ടീം
യുകെ : ക്രിപ്റ്റോ കറൻസിക്ക് ലോകമെമ്പാടും സാധ്യതയേറുകയാണ്. ഇതിന് തെളിവാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ ബാങ്ക് ‘സെബ ‘ ആഗോളതലത്തിൽ ഒൻപത് പുതിയ മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ കീഴിൽ ഡിജിറ്റൽ കറൻസിയുപയോഗിച്ചുള്ള വിനിമയ -വ്യാപാര – സമ്പാദ്യ പദ്ധതികളാണ് സെബ ആവിഷ്ക്കരിച്ചിട്ടുള്ളത്.
സ്വിറ്റസർലഡിലെ സഗിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ആഗോള സാമ്പത്തിക മേഖലയിൽ ചലനാത്മകമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. യുകെ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഓസ്ട്രിയ , പോർച്ചുഗൽ , നെതർലാൻഡ്സ് , സിംഗപ്പൂർ , ഹോങ്കോങ് എന്നിവയാണ് ഇതുവരെ സെബ തെരഞ്ഞെടുത്തിരിക്കുന്ന രാജ്യങ്ങൾ. ETH, ETC, LTC, XLM, NEO തുടങ്ങിയവയുടെ വിനിമയവും ബാങ്ക് നടത്തുന്നുണ്ട്.
ഉപഭോക്താക്കളിലേക്ക് വിപുലമായ നിക്ഷേപ സാധ്യതകളും സൂചികകളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സെബ ക്രിപ്റ്റോ അസറ്റ് സെലക്ട് ഇൻഡക്സ് (SEBAX) എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന സൂചികയിൽ ഡിജിറ്റൽ കറൻസി മൂല്യവുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എം.വി ഇൻഡക്സ് സൊല്യൂഷൻ (MVIS ) ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച സൂചികയിൽ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള മാർക്കറ്റ് നിലവാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം.വി ഇൻഡക്സ് സൊല്യൂഷൻ, ക്രിപ്റ്റോ കമ്പയർ ഡേറ്റാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇത്തരം സൂചികകൾ തയ്യാറാക്കുന്നത്. 48.46% BTC, 26.70% ETH, 18.28% LTC, 3.43% XLM, 3.13% ETC എന്നിങ്ങനെയാണ് നിലവിലുള്ള വിനിമയനിരക്ക്. ക്രിപ്റ്റോ ആസ്തികൾക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും വിശ്വസ്തവും മൂല്യാധിഷ്ഠിതവുമായ വിപണി കണ്ടെത്തുന്നതിലൂടെ സെബയുടെ വേരുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.