ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട്: വിദ്യാലയങ്ങളിൽ വംശീയ അധിക്ഷേപം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. വംശീയാധിക്ഷേപം മൂലം സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഉണ്ടായിരിക്കുന്നത്.
നിരന്തരമായി വംശീയ അധിക്ഷേപത്തിന്റെ വാർത്തകൾ പുറത്തുവന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുട്ടികൾ ഇന്നും ശക്തമായ വേർതിരിവും അവഗണനയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഇവ നീളുന്നു.
2017-18 കാലഘട്ടത്തിൽ മാത്രം 496 പേരാണ് വംശീയ അധിക്ഷേപം നേരിട്ടതു മൂലം പ്രൈമറി വിദ്യാഭ്യാസം ഉപേക്ഷിച്ചത്. പഠനകാലയളവിൽ നിരന്തരമായ അധിക്ഷേപങ്ങൾക്ക് വിധേയമായി വിദ്യാലയം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സഹപാഠികളിൽ നിന്നുണ്ടാകുന്ന ദുരനുഭവം പലപ്പോഴും സ്കൂൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. വ്യത്യസ്ത രാജ്യം, നിറം, വംശം, മതം എന്നിവയുടെ പേരിലെല്ലാം കുട്ടികളെ അധിക്ഷേപിക്കുന്ന രീതി ഇംഗ്ലണ്ടിലെ വിദ്യാലയങ്ങളിൽ വർധിച്ചുവരികയാണ്. അന്യമതസ്ഥനോടോ മറ്റുരാജ്യക്കാരനോടോ മിണ്ടുവാൻ പാടില്ലെന്ന കർശന നിയന്ത്രണം മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നതായി ചില കുട്ടികൾ പറയുന്നു.
സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകൂ എന്ന ശാസനയും നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകളും വിദ്യാലയങ്ങളിൽ സ്ഥിരം കാഴ്ചയായി മാറുകയാണ്. ഈ അകൽച്ചയും വിദ്വേഷവും വെറുപ്പും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസം ശരിക്കുള്ള വാതിലാണ്. അതുകൊണ്ട് പിന്നെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കേണ്ടത് വിദ്യാലയത്തിൽ നിന്ന് തന്നെയാണ്. ഒരു മനുഷ്യനെ അവന്റെ നിറം കൊണ്ടോ, മതം കൊണ്ടോ, രാജ്യം കൊണ്ടോ വേർതിരിച്ച് കാണേണ്ടതില്ല. ഈ അറിവ് പകർന്നു കൊടുത്ത്, അധിക്ഷേപങ്ങൾ അവസാനിപ്പിക്കുവാൻ കൃത്യമായ നടപടികൾ എടുക്കുകയും അധിക്ഷേപം അനുഭവിക്കുന്ന കുട്ടികൾക്കു ഒപ്പം നില്ക്കുകയും ചെയ്യേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ പ്രതിബിംബമായി നിൽക്കുന്ന വിദ്യാലയത്തിൽ നിന്ന് തന്നെ മാറ്റം ആരംഭിക്കണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഈ ദശാബ്ദത്തിൽ പ്രേക്ഷകനിലേക്ക് എത്തിയ മലയാളസിനിമകൾ എണ്ണിയാൽ തീരാത്തവ ആണെന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും അവയിൽ നിന്ന് ഞാൻ ഇഷ്ടപെടുന്ന, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രം.
സിനിമ, നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആയികൊണ്ടിരിക്കുന്നു. കഥ അവതരണത്തിലും രൂപത്തിലും എല്ലാം മാറ്റങ്ങൾ പരീക്ഷിച്ച മലയാള സിനിമ, ലോക സിനിമയ്ക്കു മുമ്പിലും ഇന്ന് അഭിമാനത്തോടെ നിലകൊള്ളുന്നു. ഈ പതിറ്റാണ്ട് മലയാളി പ്രേക്ഷകന് സമ്മാനിച്ച മികച്ച സിനിമകൾ ഇവിടെ പറയുന്നു. ഇതിലും മികച്ച വിജയം നേടിയ ചിത്രങ്ങൾ ഉണ്ടാകാം.. എങ്കിലും കലാമൂല്യവും തിയേറ്റർ വിജയവും അടിസ്ഥാനപ്പെടുത്തിയാണ് സിനിമകളെ തിരഞ്ഞെടുത്തിരിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെന്റ് ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നുമായിരുന്നു. മലയാള സിനിമയെ മറ്റു ഭാഷകളിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്റെ ദിലീപ് ചിത്രം ബോഡി ഗാർഡും മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും മലയാളി 2010ൽ ആസ്വദിച്ച മികച്ച ചിത്രങ്ങളാണ്.
2011ൽ എനിക്കിഷ്ടപ്പെട്ട മലയാള ചിത്രം ട്രാഫിക് ആണ്. വൻ താരനിര തന്നെ അണിനിരന്ന ട്രാഫിക്കിനൊപ്പം ഉറുമിയും ചാപ്പ കുരിശും സാൾട്ട് ആൻഡ് പെപ്പെറും 2011ലെ മികച്ച ചിത്രങ്ങളായി കണക്കാക്കാം. തിയേറ്ററിൽ വീണു പോയെങ്കിലും പിന്നീട് മികച്ച ചിത്രമായി ആളുകൾ വാഴ്ത്തിപ്പാടിയ പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡും ആ വർഷത്തിലെ ഇഷ്ടചിത്രമാണ്. 2012ൽ മലയാളികളുടെ മനം കവർന്ന രണ്ടുചിത്രങ്ങൾ ആയിരുന്നു ഉസ്താദ് ഹോട്ടലും പ്രിത്വിരാജിന്റെ ആയാളും ഞാനും തമ്മിലും. ഒപ്പം ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്.
പിന്നീടാണ് ഈ പതിറ്റാണ്ടിലെ മികച്ച ചിത്രമായി വിലയിരുത്താവുന്ന ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം കടന്നുവരുന്നത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇന്ന് ചൈനീസ് സിനിമയിലും എത്തി നിൽക്കുന്നു. മലയാളികളുടെ അഭിമാന ചിത്രം… ഒപ്പം ജീത്തുവിന്റെ തന്നെ മെമ്മറീസും ക്രൈം ത്രില്ലർ വിഭാഗത്തിലെ മികച്ച ചിത്രമാണ്. അന്നയും റസൂലും, സെല്ലുലോയ്ഡ്, പുണ്യാളൻ അഗർബത്തീസ് എന്നിവ 2013ലെ മികച്ച ചിത്രങ്ങൾ ആവുമ്പോൾ ലിജോ ജോസിന്റെ ആമേൻ ആ വർഷത്തെ ഗംഭീര ചിത്രമായി പറയാം. മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന്, കറുത്ത ഹാസ്യവും മാജിക്കൽ റിയലിസവും ചേർത്ത് അവതരിപ്പിച്ച മനോഹര ചിത്രം. 2014ലെ മികച്ച ചിത്രമായി ബാംഗ്ലൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളെ തിരഞ്ഞെടുക്കാം. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളും ആ കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളാണ്.
പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ 2015ലെ ഹിറ്റ് ചിത്രങ്ങൾ ആയപ്പോൾ ആ വർഷത്തെ മികച്ച ചിത്രമായി ഞാൻ വിലയിരുത്തുന്നത് സലിം അഹമ്മദിന്റെ പത്തേമാരിയാണ്. പ്രവാസിജീവിതം തുറന്നുകാട്ടിയ പച്ചയായ ചിത്രം. ഒപ്പം ചാർളിയും 2015ലെ മികച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, പുലിമുരുഗൻ പുറത്തിറങ്ങിയത് 2016ലാണ്. എന്നാൽ 2016ലെ മികച്ച ചിത്രമായി പറയാവുന്നത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. ഫഹദ് ഫാസിൽ കസറിയ ചിത്രം. കൂട്ടിന് ദിലീഷ് പോത്തന്റെ സംവിധാനവും. അതുപോലെ തന്നെ രാജീവ് രവിയുടെ കമ്മട്ടിപ്പാടം. ഉഗ്രൻ ചിത്രമെന്ന് തന്നെ പറയാം. ആക്ഷൻ ഹീറോ ബിജു, ഗപ്പി എന്നീ ചിത്രങ്ങളും മലയാളികൾ കണ്ടാസ്വദിച്ച ചിത്രങ്ങളാണ്. ആഷിഖ് അബുവിന്റെ മായാനദി 2017ലെ ചിത്രമാണ്. പ്രണയകാവ്യം രചിച്ച ഗംഭീര ചിത്രം. സൗബിന്റെ പറവയാണ് ആ വർഷം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അതുപോലെ തന്നെ സുരാജും ഫഹദും മത്സരിച്ചഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതുമുഖങ്ങൾ അണിനിരന്ന അങ്കമാലി ഡയറീസ്, ടേക് ഓഫ് എന്ന ചിത്രങ്ങളും 2017ലെ മലയാളിയുടെ ഇഷ്ടചിത്രങ്ങളായി മാറിയവയാണ്.
2018ലെ ഇഷ്ടചിത്രം പെല്ലിശേരിയുടെ ഈ. മ. യൗ തന്നെയാണ്. ഗംഭീര സിനിമ അനുഭവം. ഒപ്പം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. എബ്രിഡ് ഷൈന്റെ പൂമരം, കാർബൺ, അഞ്ജലി മേനോന്റെ കൂടെ, വരത്തൻ, ജോജുവിന്റെ മികച്ച പ്രകടനവുമായി ജോസഫ്, മാജിക്കൽ ഫാന്റസി ചിത്രം ഇബ്‌ലീസ് തുടങ്ങിയവയും 2018ലെ മികച്ച ചിത്രങ്ങളായി വിലയിരുത്താം.
അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിലും, 2020ൽ മലയാളിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ചിത്രങ്ങൾ ഒരുങ്ങുകയാണ്. കുഞ്ചാക്കോബോബന്റെ ത്രില്ലെർ അഞ്ചാം പാതിരാ, ഫഹദിന്റെ ട്രാൻസ്, ദുൽഖറിന്റെ കുറുപ്പ്, സക്കറിയയുടെ ഒരു ഹലാൽ ലവ് സ്റ്റോറി, സിദ്ധാർഥ് ഭരതന്റെ സൗബിൻ ചിത്രം ജിന്ന്, തല്ലുമാല, ബേസിൽ ജോസെഫിന്റെ മിന്നൽ മുരളി, ടിനു പാപ്പച്ചന്റെ അജഗജാന്തരം, തങ്കം, 2403 ഫീറ്റ്, പൃത്വിരാജിന്റെ കടുവ, മോഹൻലാൽ ചിത്രം മരക്കാർ, ബ്ലസി ചിത്രം ആടുജീവിതം, ഫഹദ് ചിത്രം മാലിക് തുടങ്ങിയവയൊക്കെ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മലയാള സിനിമ വളർച്ചയുടെ പാതയിൽ തന്നെ മുന്നോട്ട് കുതിക്കട്ടെ എന്ന് ഓരോ സിനിമ പ്രേമിക്കും പ്രത്യാശിക്കാം….
ജോജി തോമസ്
ബ്രിട്ടനിലെമ്പാടുമുള്ള ബാഡ്മിന്റൺ പ്രേമികളെ ആവേശത്തിലാക്കി കേരള സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 2 – ന് ഈസ്റ്റ് സക്സസിലുള്ള സമ്മർഫീൻസ് ലെക് ഷർ സെന്ററിൽ നടത്തപ്പെടുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള 48 – ഓളം ടീമുകൾ പങ്കെടുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അഡ്വാൻസിഡ് , ഇന്റർമീഡിയറ്റ് , ബിഗിനേഴ്സ് എന്ന മൂന്ന് കാറ്റഗറിയിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരു കാറ്റഗറിയിൽ പരമാവധി 16 ടീമുകൾക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം നൽകപ്പെടുക. അഡ്വാൻസിഡ് , ഇന്റർമീഡിയറ്റ് ക്യാറ്റഗറിയിൽ മത്സരിക്കുന്നവർ 40 പൗണ്ട് വീതം രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതാണ്. ബിഗിനേഴ്സിന്റെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടാണ്. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫികളും നൽകപ്പെടുന്നതാണ്..
ഈ വർഷം തന്നെ യുകെയിലെമ്പാടുമുള്ള ടീമുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വടംവലി മത്സരവും നടത്താൻ കേരളാ സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് പദ്ധതിയിടുന്നു. വടംവലി മത്സരം നടത്തപ്പെടുക ജൂൺ മാസം 14 – )0 തീയതിയാണ്. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
ഷിമ്മി കരിനാട്ട് -07397895989
ജിൻസൺ ഫ്രാൻസിസ് – 07401743669
തോമസ് ജോസഫ് – 07533447707
ബാഡ്മിന്റൺ ടൂർണ്ണമെന്റിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ
മനോജ് ജോസഫ് – 07915656624
വിനു ജെയിംസ് – 07576130110
സമ്മർ വെക്കേഷൻ കാലത്ത് ക്രിക്കറ്റ് ടൂർണമെന്റ് നടത്താനായിട്ടും കേരള സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുമായി ബന്ധപ്പെടുക
ഷിമ്മി കരിനാട്ട് – 07397895989
മജു ആന്റണി – 07949094703
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സെവൻ ബീറ്റ്സിന്റെ സംഗീതോത്സവം സീസൺ ഫോറും ഒഎൻവി അനുസ്മരണവും വാട്ടർഫോർഡിൽ ഫെബ്രുവരി 29ന് നടക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. മ്യൂസിക് ബാൻഡ് രംഗത്ത് ആദ്യ വർഷത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച സെവൻ ബീറ്റ്സ് മ്യൂസിക് ലണ്ടൻന്റെ പ്രധാന പട്ടണങ്ങളിൽ ഒന്നായ വാട്ഫോർഡിൽ വീണ്ടും കേരള കമ്മ്യൂണിറ്റി വാട്ഫോർഡിന്റെ പൂർണമായ സഹകരണത്തോടെ സംയുക്തമായി സഹകരിച്ചുകൊണ്ട് സീസൺ ഫോർ ചാരിറ്റി ഇവെന്റുമായി വീണ്ടും എത്തുന്നു, കൂടാതെ മലയാള സിനിമാരംഗത്ത് അതുല്യ സംഭാവന ചെയ്ത പത്മശ്രീ ഒഎൻവി കുറുപ്പിന്റെ അനുസ്മരണമായി ഫെബ്രുവരി 29 ശനിയാഴ്ച 3 മണി മുതൽ 11 മണി വരെ വാട്ടർഫോർഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് അതിവിപുലമായി നടത്തപ്പെടുന്നു.
സംഗീതവും നൃത്തവും ഒത്തുചേരുന്ന ഈ വേദിയിൽ യുകെയിലെ വിവിധ വേദികളിൽ കഴിവ് തെളിയിച്ച ഗായികാ ഗായകന്മാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങളും മറ്റ് വൈവിധ്യങ്ങളായ പരിപാടികളും അരങ്ങേറും. യുകെയിലെ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുക്കും. കൂടാതെ കളർ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന ദൃശ്യ സാങ്കേതികവിദ്യ ഫുൾ എച്ച്ഡി എൽഇഡി വോൾട് സംഗീതോത്സവം സീസൺ ഫോറിന് മാറ്റേകും. കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന വാട്ഫോർഡ് കെസിഎഫ്ന്റെ വനിതകൾ പാചകം ചെയ്ത ലൈറ്റ് ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാ മാമാങ്കത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിൽ പെൻഷൻ പ്രായത്തിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. മുൻപ് സ്ത്രീകൾക്ക് 60 വയസ്സും, പുരുഷന്മാർക്ക് 65 വയസ്സും ആയിരുന്നു നിശ്ചയിച്ചിരുന്ന പ്രായം. എന്നാൽ 2018 നവംബറോടുകൂടി സ്ത്രീകളുടെ പെൻഷൻ പ്രായം 65 ആക്കി ഉയർത്തിയിരുന്നു. ഇത് വീണ്ടും ഉയർത്തുന്നതിനുള്ള നടപടികൾ ആണ് ആരംഭിച്ചിരിക്കുന്നത്. 2020 ഓടുകൂടി 66 വയസ്സും, പിന്നീട് 68 വയസ്സും ആക്കാനുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. 1954 മെയ് 6 മുതൽ 1954 ജൂൺ 5 വരെ ജനിച്ചവർക്ക് പെൻഷൻ പ്രായം 2020 ജനുവരി ആറിന് എത്തുന്നതാണ്.
എന്നാൽ പുതിയ നിയമം അനുസരിച്ച് ഒരു കൃത്യ തീയതി എന്നതിനേക്കാളുപരി 66 വയസ്സ് ആകുമ്പോൾ പെൻഷൻപ്രായം എത്തുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ. വരുംവർഷങ്ങളിൽ പെൻഷൻ പ്രായം ഉയർത്തുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. പെൻഷൻ പ്രായത്തെ സംബന്ധിക്കുന്ന മാറ്റങ്ങൾ ഗവൺമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : പുകയില ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും വൻ നിയന്ത്രണവുമായി ബ്രിട്ടീഷ് സർക്കാർ. യൂറോപ്യൻ യൂണിയൻ നിർദ്ദേശപ്രകാരം പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിനാൽ 2020 മെയ് 20 മുതൽ യുകെയിലെ കടകളിൽ മെന്തോൾ സിഗരറ്റ്, സ്‌കിന്നി സിഗരറ്റ്, റോളിങ്ങ് ടോബാക്കോ എന്നിവയുടെ വില്പന നിരോധിക്കും. അതുകൊണ്ട് തന്നെ മെയ് അവസാനം മുതൽ ഇവ യുകെയിലെ കടകളിൽ നിന്നും അപ്രത്യക്ഷമാകും. സുഗന്ധമുള്ള സിഗരറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള പദ്ധതിയെ തുടർന്ന് ഇതിനകം മെന്തോൾ സിഗരറ്റിന്റെ വിൽപ്പന 20 പാക്കുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർൽബോറോ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ യൂറോപ്യൻ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും റദ്ദാക്കപ്പെട്ടു.
ഫിൽട്ടറുകൾ, പേപ്പർ, പാക്കേജിംഗ്, ക്യാപ്‌സൂളുകൾ അല്ലെങ്കിൽ സിഗരറ്റിലെ സുഗന്ധം, ഹാൻഡ് റോളിംഗ് പുകയില എന്നിവ അടങ്ങിയിരിക്കുന്നവയുടെ ഉൽപാദനവും വിൽപ്പനയും ഈ നിരോധനത്തിലൂടെ സാധ്യമാകുമെന്ന് ചാരിറ്റി ASH (ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്ത്) അറിയിച്ചു. സിഗരറ്റിന്റെ വില വർദ്ധിപ്പിക്കുന്നതും ചെറിയ പാക്കറ്റുകളുടെ വിൽപന നിർത്തുന്നതും വളരെ നല്ല കാര്യമാണെന്ന് എഎസ്‌എച്ചിലെ അമൻഡ സാൻഡ്‌ഫോർഡ് അഭിപ്രായപ്പെട്ടു. മെന്തോൾ സിഗരറ്റ് നിരോധിക്കുന്നത് കൂടുതൽ ചെറുപ്പക്കാരെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അവർ പറഞ്ഞു. ചെറുപ്പക്കാർ പുകവലിക്ക് അടിമകളവുന്നത് അപലപനീയമാണെന്നും മെന്തോൾ സിഗരറ്റ് നല്ലതാണെന്നത് തെറ്റായ ധാരണ ആണെന്നും സാധാരണ സിഗരറ്റിനെപ്പോലെ തന്നെ അതും അപകടകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇറാനിയൻ ടോപ് ജനറലിന്റെ ആകസ്മികമായ മരണം ഇറാനിലെ ജയിലിലുള്ള തന്റെ ഭാര്യയുടെ കേസിനെ ബാധിക്കുമെന്ന് ഭയന്ന് ബ്രിട്ടീഷുകാരനായ നാസനിൻ സഗാരി റാഡ്ക്ലിഫ്. ലണ്ടനിൽനിന്നുള്ള ചാരിറ്റി പ്രവർത്തകയായ ശ്രീമതി നാസനിൻ, ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് മൂന്നു കൊല്ലമായി തടങ്കലിൽ ആണ്.
ഇറാൻ ടോപ് ജനറലായ ക്വാസിം സുലൈമാനി യുടെ കൊലപാതകം തന്റെ ഭാര്യയുടെ ജീവിതത്തെ ഇനിയും മോശമായി ബാധിക്കും എന്ന ഭയത്തിലാണ് റാഡ്ക്ലിഫ്. കേസുമായി ബന്ധപ്പെട്ട സഹായം അഭ്യർത്ഥിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. കേസിനെ സംബന്ധിച്ച് അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാഡ്ക്ലിഫ്ന്റെ ഭാര്യ കുടുംബം ഇറാനിൽ നിന്നുള്ളവരാണ്. ശ്രീമതി നാസനിൻ ന്റെ പരോൾ ക്രിസ്മസിനു മുൻപും തള്ളിയിരുന്നു. ക്രിസ്മസിനും ന്യൂഇയർനും ഭാര്യയോട് സംസാരിച്ചപ്പോൾ തീരെ പ്രതീക്ഷയില്ലാത്ത പോലെയാണ് അവർ സംസാരിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടുകൂടി തന്റെ പ്രതീക്ഷയും നശിച്ചു എന്നും എന്തായാലും പ്രധാനമന്ത്രിയോട് വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നും അതല്ലാതെ വേറെ വഴിയില്ല എന്നും റാഡ്ക്ലിഫ് മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ശരിയായ കാര്യം അതാണ്. . ദമ്പതിമാരുടെ മകളായ ഗബ്രിയേലയെ തെഹ്റാനിൽ കഴിയുന്ന മുത്തശ്ശി മുത്തശ്ശൻ മാരുടെ അടുത്തുനിന്നും കഴിഞ്ഞ ഒക്ടോബറിൽ യുകെയിലേക്ക് തിരിച്ചെത്തിയിരുന്നു.
വൈമാനിക അപകടമുണ്ടാക്കി സുലൈമാനിയുടെ മരണത്തിനു കാരണക്കാരായവരോട് പ്രതികാരം ചെയ്യും എന്നാണ് ഇറാനിലെ സുപ്രീം ലീഡർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ മിഡിലീസ്റ്റ് ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിച്ച ആളാണ് സുലൈമാനി. സുലൈമാനി ആയിരക്കണക്കിന് അമേരിക്കക്കാരെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കരുതൽ എന്ന നിലയിൽ മിഡിൽ ഈസ്റ്റ് ലേക്ക് 3000 അഡീഷണൽ ട്രൂപ്പിനെ നിയോഗിച്ചിട്ടുണ്ടെന്ന് യുഎസ് ഒഫീഷ്യൽസ് പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങൾ ഇറാനുമായുള്ള ബന്ധം വർധിപ്പിക്കണമെന്നും, തന്റെ ഭാര്യയെ തിരിച്ചു നാട്ടിലെത്താൻ സഹായിക്കണമെന്നും റാഡ്ക്ലിഫ് ആവശ്യപ്പെട്ടു.
ഡോക്ടർ എ. സി. രാജീവ് കുമാർ
വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്ര സാങ്കേതിക സഹായത്തോടെയുള്ള പുരോഗതി വളരെയേറെ നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. എങ്കിൽ കൂടി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഈ നേട്ടങ്ങൾക്ക് ആയിട്ടുണ്ടോ?
ബാല്യ കൗമാര കാലത്ത് ഇന്ന് വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. ദഹന തകരാറുകൾ, കൂടെകൂടെ ഉണ്ടാകുന്ന പനി ശ്വാസകോശ പ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ എന്നിവ ആണ് പ്രധാനം. അന്തരീക്ഷത്തോടുള്ള പ്രതിപ്രവർത്തനം, അലർജി ഈ പ്രശ്നങ്ങൾക്ക് കാരണം ആകാറുണ്ട്.
രോഗ പ്രതിരോധ വ്യവസ്ഥ കൂടുതൽ ശക്തമാക്കുക ആണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധി. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതൽ കാര്യക്ഷമമാകും എന്നാണ് കരുതുന്നത്. മുലപ്പാൽ കുടിച്ചു വരുന്ന കാലത്ത് കൊടുക്കാറുള്ള കട്ടിയാഹാരം വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. അവ കൊടുക്കുന്ന രീതി സമയം അളവ് ഒക്കെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികൾക്ക് ഏറെ അനുയോജ്യമായ ആഹാരം പോലും അസമയത്ത്, അധികമായിട്ടൊ അല്പമായിട്ടോ നൽകിയാൽ പോലും ദഹന തകറാറുണ്ടാക്കി രോഗ കാരണമാകാം.
പശു നമുക്കു പാൽ തരും എന്നു പഠിച്ചിരുന്ന മലയാളിക്ക് മിൽമ നമുക്ക് പാൽ തരും എന്നതാണ് സ്ഥിതി. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ കുട്ടികൾക്കും ചാണകം കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കാലം മാറി കവറിൽ കിട്ടുന്ന പാൽ ആണ് ആശ്രയം. അത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ശാരീരിക വേഗങ്ങൾ തടയുവാൻ പാടില്ല എന്ന ആയുർവേദ നിർദേശം വേണ്ടതു പോലെ പാലിക്കാൻ ആകാതെ വരുന്നുണ്ട്. ഡയപ്പർ ഉപയോഗം വരുത്തുന്ന അലർജി രോഗങ്ങൾ, കൃത്രിമ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ്, മത്സ്യ മാംസങ്ങളുടെ അമിതോപയോഗം എന്നിവയാണ് മറ്റു കാരണങ്ങൾ.
അമിതവണ്ണം അമിത ഭാരം, ദഹന തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ, ത്വക് രോഗങ്ങൾ, തുടങ്ങി ഒട്ടേറെ അസ്വസ്ഥതകൾ കുട്ടികളിൽ വർധിച്ചു വരുന്നു. പ്രകൃതി ദത്തമായ ആഹാരം, വീട്ടിൽ പാചകം ചെയ്‍തത്, ഒരു മണിക്കൂർ വ്യായാമം, എണ്ണ തേച്ചുള്ള കുളി, രാത്രി ഭക്ഷണം ഏഴുമണിയോടെ, ലഘുവായ രാത്രി ഭക്ഷണം, ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുക. നേരത്തെ ഉറങ്ങാനും വെളുപ്പിന് ഉണർന്നെഴുനേൽക്കാനും ഉള്ള ശീലം വളർത്തിയും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.
ഉരമരുന്നു ഗുളിക, അഷ്ടചൂർണ്ണം എന്നിവ കൂട്ടികളുടെ രോഗങ്ങൾക്ക് ഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്നു. ഇഞ്ചി കച്ചോലം ജാതിക്ക എന്നിവയും യഥാവിധി ഉപയോഗിക്കുമായിരുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
സിഡ്‌നി: 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്.
ഉയരുന്ന മരണസംഖ്യ
ഇതിനോടകം 17 പേരാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇല്ലാതായത് 50 കോടിയോളം മൃഗങ്ങള്‍
ഓസ്‌ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത് ചത്തുപോയ മൃഗങ്ങളുടെ എണ്ണമാണ്. ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയില്‍ വെണ്ണീറായതെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികള്‍ ചത്തിട്ടുണ്ടെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
ന്യു സൗത്ത് വേയ്ല്‍സിലെ 30 ശതമാനത്തോളം ജീവികള്‍ തുടച്ചുനീക്കപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സന്‍ ലേ എബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മരങ്ങളും ചെടികളും മറ്റു ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വളരെ വലുതായിരിക്കും എന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ആശങ്കപ്പെടുന്നത്.
മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ഏകദേശ കണക്കുകള്‍ മാത്രമാണ്. കാട്ടു തീ അണച്ചാല്‍ മാത്രമെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമല്ല. കാട്ടു തീയില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ജീവനും ജീവിതവും നഷ്ടപ്പെട്ട് ഒരു ജനത
1200 വീടുകളെയാണ് കാട്ടു തീ ഇതുവരെ ചാമ്പലാക്കിയത്. നിരവധി പേര്‍ക്ക് തങ്ങളുടെ സര്‍വ്വ സമ്പാദ്യവും നഷ്ടപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെല്ലാം ചാരവും പുകയും മൂലം വാസയോഗ്യമല്ലാതായി. ഈ പ്രദേശങ്ങള്‍ ഇനി പൂര്‍വ്വ സ്ഥിതിയിലാകാന്‍ നാളുകളെടുക്കും. കാട്ടു തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ പോലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ തരത്തിലും ജനജീവിതം ദു:സഹമായ അവസ്ഥയാണ് ഓസ്‌ട്രേലിയയിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാട്ടു തീ മൂലം ഓസ്‌ട്രേലിയുടെ അന്തരീക്ഷം പുകമയമാണ്. ഇതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ജനങ്ങളെ അലട്ടുന്നു. ഓസ്‌ട്രേലിയുടെ നിരത്തുകളിലെല്ലാം നിയന്ത്രിക്കാന്‍ കഴിയാത്ത വിധമുള്ള ജനത്തിരക്കുണ്ട്. ജീവനും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുന്നവരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കൊണ്ടും ഗതാഗത തടസ്സമില്ലാത്ത ഒരു റോഡുപോലുമില്ല ഓസ്‌ട്രേലിയയില്‍.
പലഭാഗത്തും കുടുങ്ങിക്കിടന്ന 4000 പേരെ ഓസ്‌ട്രേലിയന്‍ സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ നിന്ന് ഓരോ മണിക്കൂറും ജീവനും കൊണ്ടോടുന്നത്.
കാട്ടു തീ മൂലം അടിയന്തരാവസ്ഥ
ഓസ്ട്രേലിയയില്‍ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാട്ടുതീ മൂലമുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്ന് ന്യൂ സൗത്ത് വേയ്ല്‍സിലാണ്. ഇവിടെ 89 ലക്ഷം ഏക്കര്‍ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ഇവിടെ മാത്രം നാല് മില്യണ്‍ ഹെക്ടറിലധികം സ്ഥലം എരിഞ്ഞടങ്ങി. 900 വീടുകള്‍ ചാരമായി. ഇവിടെ ഏഴു ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു സംസ്ഥാനമായ വിക്ടോറിയയില്‍ നിന്ന് 30,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയന്‍ സംസ്ഥാനത്തെ നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മുത്തിരിത്തോട്ടങ്ങള്‍ പലതും ഇതിനോടകം തന്നെ തീ തിന്നുകഴിഞ്ഞു. കടല്‍ത്തീരങ്ങള്‍ക്ക് അടുത്തുവരെ തീപടര്‍ന്നെത്തി. തീരപ്രദേശങ്ങളിലുണ്ടായിരുന്നവര്‍ രക്ഷതേടി കടലിലിറങ്ങുകയായിരുന്നു
70 മീറ്ററോളം ഉയരത്തിലാണ് തീനാളങ്ങള്‍ ഉയരുന്നത്. ഓസ്‌ട്രേലിയയിലെ പ്രശസ്ത കെട്ടിടമായ സിഡ്‌നി ഒപ്പേറ ഹൗസിന്റെ ഉയരം 65 മീറ്ററാണ്. അതായത് ഒപ്പേറ ഹൗസിനേക്കാളും ഉയരത്തിലാണ് തീ ഉയർന്നത്.
സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് അന്തരീക്ഷ താപനില
ഡിസംബറില്‍ ഓസ്‌ട്രേലിയയിലെ ചൂട് സര്‍വ്വ കാല റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. 40 ഡിഗ്രി സെല്‍ഷ്യസാണ് ഓസ്‌ട്രേലിയയിലെ നിലവില്‍ രേഖപ്പെടുത്തുന്ന ശരാശരി താപനില. ഇതും കാട്ടു തീ ആളിക്കത്താന്‍ കാരണമായിട്ടുണ്ട്.
യഥാര്‍ഥത്തില്‍ ഓസ്‌ട്രേലിയയില്‍ വേനല്‍ക്കാലം ആരംഭിച്ചതേയുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് വരുന്ന മാസങ്ങളിലും വരള്‍ച്ചയും ജലക്ഷാമവും തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാട്ടു തീ പടരുന്നതും പടരാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങളില്‍ അധികൃതർ വിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ബിറ്റ്‌സ്‌ബേ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളോട് ഉടന്‍ പുറത്തുപോകാനും ഓസ്‌ട്രേലിയ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
2019ല്‍ ആമസോണ്‍ കാട്ടുതീയില്‍ 900,000 ഹെക്ടര്‍ പ്രദേശമാണ് കത്തിച്ചാമ്പലായത്. 2018ല്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ 800,000 ഹെക്ടര്‍ സ്ഥലവും കാട്ടുതീയില്‍ നശിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാളൊക്കെ രൂക്ഷമായ കാട്ടുതീയാണ് ഓസ്ട്രേലിയയിലേതെന്ന് കണക്കുകള്‍ പറയുന്നു.
ലിവർപൂൾ: പുതുവർഷത്തലേന്ന് മരണം തട്ടിയെടുത്ത ലിവർപൂളിലെ മലയാളി നേഴ്സായ കൊച്ചുറാണിക്ക് അന്ത്യമോപചാരമർപ്പിക്കാനും ശുശ്രൂഷകൾക്കുമായും ജനുവരി 4 ശനിയാഴ്ച യുകെ മലയാളി സമൂഹവും സുഹൃത്തുക്കളും ഒത്തുകൂടുന്നു.
ലിവർപൂളിലെ ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന ശുശ്രൂഷകളും പൊതുദര്‍ശനവും ജനവരി 4 ശനിയാഴ്ച 1.30 pm മുതൽ ആരംഭിക്കുന്നു . പള്ളിയിലെ വികാരിയുടെ ചുമതലവഹിക്കുന്ന ആൻഡ്രൂസ് അച്ഛനാണ് പള്ളിയിലെ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സമയക്രമം താഴെ പറയുന്ന പ്രകാരം ആയിരിക്കും
1.30 pm -പ്രാർത്ഥനകൾ ആരംഭിക്കുന്നു
2.00 pm- മൃതദേഹം സ്വീകരിച്ച് തുടർ ശുശ്രൂഷകൾ
2.30 pm- അനുശോചന സന്ദേശങ്ങൾ, അന്തിമോപചാര അർപ്പണം
3.00 pm- വിശുദ്ധ കുർബാന
ശനിയാഴ്ച ചടങ്ങിനായി വരുന്ന ഇടവകാംഗങ്ങളുടെ വാഹനങ്ങൾ പുറമേനിന്ന് വരുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് സഹകരിക്കണമെന്നു അധികൃതർ അറിയിച്ചു . സ്കൂളിന്റെ Post Code & address… Our Lady Queen of Peace Catholic Primary School, 3 Ford Close, L21 0EP.
നാളത്തെ പൊതുദർശനത്തിനു ശേഷം ഞായറാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് എന്ന അറിയിപ്പു കിട്ടിയിട്ടുണ്ട്.
പാലാ രൂപതയിൽ പെടുന്ന ഇടവകയായ കൊഴുവനാൽ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ചാണ് സംസ്‌കാരം നടത്തുന്നത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ ആയ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും അതോടൊപ്പം തന്നെ പരേതയായ കൊച്ചുറാണി യുടെ മിഷൻ സെന്ററിന്റെ, ഇടവകയുടെ ഇൻചാർജ്ജായ ജിനോ അച്ഛനും നാട്ടിലുണ്ട്. പിതാവും, അച്ഛനും നാട്ടിൽ നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്.
ശാരീരിക അസുഖങ്ങള്‍ മൂലം ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു കൊച്ചുറാണി. അസുഖം മൂര്‍ച്ഛിച്ചത്തോടെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമായത്.
തങ്ങളുടെ പ്രിയ മിത്രത്തിന്റെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെ മലയാളികളും സഹപ്രവർത്തകരും കുടുംബത്തിന് ആശ്വാസമായി ദുഃഖാർത്ഥരായ കുടുംബത്തോടെ ഒപ്പമുള്ളത്.
ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ചെയ്തിരുന്ന കൊച്ചുറാണി ലിവര്‍പൂള്‍ ഫസാര്‍ക്കലിയില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് പരേതയായ കൊച്ചുറാണി.
ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസ് വിദ്യാർത്ഥികളാണ്.