തുടരുന്നു, ജോസഫിനും മറിയത്തിനും ഒപ്പം ബേത് ലഹമിലേക്കുള്ള യാത്ര തുടരുകയാണ്. ചില വേദഭാഗങ്ങൾ ഒന്ന് വായിച്ച് യാത്ര തുടരുന്നതാണ് നല്ലത്. ഉൽപ്പത്തി (35 : 16 – 20) ആദ്യ പുസ്തകത്തിൽ തന്നെ ബേത് ലഹേം ദുഃഖത്തിന്റെ നഗരമായാണ് വായിക്കുന്നത്. യാക്കോബും റാഹേലും തങ്ങളുടെ ജീവിതത്തിന്റെ ദുഃഖകരമായ അവസ്ഥ ബേത് ലഹേമുമായി ബന്ധപ്പെട്ടിരിക്കുന്നു. റാഹേലിനെ അവിടെവച്ച് ജനിച്ച പുത്രനെ ദുഃഖത്തിന്റെ പുത്രൻ എന്ന സെനോനിം എന്ന് പേർ വിളിക്കുന്നു രൂത്തിന്റെപുസ്തകം( 1 : 1 )ലും ഈ നഗരത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ബേത് ലഹേം എന്ന വാക്കിന്റെ അർത്ഥം അപ്പത്തിന്റെ നഗരം എന്നാണെങ്കിലും ദാരിദ്ര്യം മൂലം ശൂന്യമാക്കപ്പെട്ട നഗരം ആയി മാറി. എന്നാൽ സോവാസിനൊപ്പം ( 2 : 1) റൂത്ത് നിറവിന്റെ പര്യായമായി മാറി. ദൈവകൃപയാൽ ദാവീദ് ഈ നഗരം വീണ്ടെടുത്ത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും നഗരം ആക്കി മാറ്റി ( സമൂവേൽ 23 :14-11). അതുകൊണ്ട് യേശുവിന്റെ ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇടങ്ങളിലെല്ലാം ദാവീദിന്റെ പട്ടണമായ ബേത് ലഹേം എന്ന് പറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ നഗരമായാണ് മീഖാ ഈ നഗരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ( മീഖാ 5:2)
ഇപ്രകാരം നാം മനസ്സിലാക്കുമ്പോൾ പ്രത്യാശയും, പ്രബലതയും, വീണ്ടെടുപ്പും ഒക്കെയായി ഈ നഗരത്തെ കുറിച്ച് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ നാം അവിടേക്ക് പോയെ മതിയാവുകയുള്ളൂ. വേദനയും ദുഃഖവും ആണ് പ്രകടമായ ഭാവമെങ്കിലും അതിൽ നിന്നും ഉള്ള മോചനമാണ് യാത്രയിൽ നമുക്ക് ലഭിക്കുന്നത്.
അരാജകത്വവും, മറുതലിപ്പും എല്ലാ കാലങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ കുറച്ച് നാളുകൾ പിറകിലേക്ക് നോക്കുമ്പോൾ വളരെ കൂടുതൽ ഈ നാളുകളിൽ സംഭവിക്കുന്നതായി മാധ്യമങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. ചതിയും, വഞ്ചനയും, കൊലപാതകവും രഹസ്യമായി നടന്നു വന്നിരുന്ന കാര്യങ്ങളാണ് എങ്കിൽ ഇന്ന് സർവ്വസാധാരണമായി മാറി. ശിഥിലമാകുന്ന ബന്ധങ്ങൾ അതും നിസ്സാരകാര്യങ്ങൾക്ക്. സുഹൃത്ബന്ധം, കുടുംബബന്ധം ഇതൊക്കെ തോന്നുമ്പോൾ ഇട്ടേച്ച് പോകാവുന്ന കാര്യങ്ങളായി മാറി. എത്രയെത്ര സംഭവങ്ങളാണ് ഓരോ ദിനവും നാം കേൾക്കുന്നത്. ഇതൊന്നും തിരു ജനനത്തെപ്പറ്റി അറിയാത്തവരുടെ ഇടയിൽ അല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തീയജീവിതം ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതമാർഗ്ഗം ആയിരുന്നു. എന്നാൽ ഇന്ന് സമ്പൽസമൃദ്ധി എന്ന് നാം വിളിക്കുന്ന ധാരാളിത്വത്തിന്റെയും പണക്കൊഴുപ്പിന്റെയും അഹങ്കാരത്തിൻെറയും ഉറവിടം ആക്കി നാം മാറ്റി. ഈ സാഹചര്യത്തിൽ നാം ബേത് ലഹേമിന്റെ അനുഭവത്തിൽ നമ്മുടെ കർത്താവ് ജനിച്ച സാഹചര്യം ഒന്നോർക്കുക.
സകലത്തിൻെറയും സൃഷ്ടാവ് ഒന്നുമില്ലാത്തവനായി തീരുന്നു. ജനിക്കുവാൻ പോലും സ്ഥലമില്ലാതെ വാതിലുകൾ തോറും മുട്ടുന്നു. ഈ ക്രിസ്തുമസ്സിൽ നാം ഓർക്കുക എത്ര യാചനകൾക്കാണ് നാം ചെവി കൊടുത്തിട്ടുള്ളത്. എത്ര മുട്ടലുകൾക്കാണ് നാം വാതിൽ തുറന്ന് കൊടുത്തിട്ടുള്ളത്. കർത്താവ് അരുളി ചെയ്തത് ഈ എളിയവരിൽ ഒരുവന് ചെയ്തിട്ടുള്ളത് എനിക്കാകുന്നു എന്ന് ; ആ പറഞ്ഞതിന്റെ അർത്ഥം ഇതാണ്. നാം ആ സങ്കൽപ്പത്തെ മാറ്റിമറിച്ചു. എല്ലാവർക്കും ഉള്ളത് എനിക്ക് മാത്രം എന്നാക്കി മാറ്റി. പട്ടിണിയും വേദനയും ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങൾക്ക് കേട്ടുകേൾവി മാത്രമായി. ജീവിതത്തിൽ സുഖവും സമ്പത്തും മാത്രം നാം നൽകിയാണ് അവരെ വളർത്തുന്നത്. ആയതിനാൽ അൽപം പോലും സഹിക്കുവാനോ ക്ഷമിക്കുവാനോ അവർക്ക് കഴിയുന്നില്ല. പരിപാവനമായ കുടുംബജീവിതം പോലും ഒരു വാക്കിൽ മുറിഞ്ഞു പോകുന്നു. നിസ്സാര വാക്ക് തർക്കമോ കളിയാക്കലോ മതി ഒരു ജീവൻ എടുക്കുവാനും നശിപ്പിക്കുവാനും.
ഈ യാത്ര ബേത് ലഹേമിൽ നാം തുടരുമ്പോൾ ഇന്ന് നാം അനുഭവിച്ച, അനുഭവിക്കുന്ന സന്തോഷം തരുവാൻ ദൈവമാതാവ് അനുഭവിച്ച യാതന എത്ര വലുതാണ്. ഇല്ലായ്മയുടെ ഇരുണ്ട അവസ്ഥ ആണല്ലോ കർത്താവ് പ്രത്യാശ ആക്കിമാറ്റിയത്. തുറക്കാത്ത വാതിലുകൾ സ്വീകരിക്കുന്ന കൃപയുടെ പ്രതീകമായി. കൊട്ടിയടക്കപ്പെട്ട ഇടങ്ങൾ സുരക്ഷിതത്വം എന്ന് കരുതുന്നുവെങ്കിൽ കർത്താവ് തന്റെ ജനനത്തിലൂടെ കാട്ടിത്തന്നത് തുറന്ന കാലിത്തൊഴുത്ത് അതിലും മഹത്തരമെന്ന്. ഓർക്കുക ! ഇനിയും യാത്ര ഉണ്ട്. നാം കാണുന്നതല്ല പകരം ദൈവപുത്രൻ കാട്ടി തന്നതാണ് നാം കാണേണ്ടത്. നമ്മുടെ ജീവിതം ഈ യാത്രയുടെ നല്ല അനുഭവങ്ങൾ തിരിച്ചറിഞ്ഞ് ദൈവപുത്രൻ ജനിക്കുവാനുള്ള ഇടങ്ങളായി തീരട്ടെ.
പ്രാർത്ഥനയിൽ,
ഹാപ്പി ജേക്കബ് അച്ചൻ.
ജിമ്മി മൂലംകുന്നം
മലയാളം യുകെ ന്യൂസ് ടീം
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരിതെളിഞ്ഞു. ആയിരക്കണക്കിന് വനിതകളെ സാക്ഷിനിര്‍ത്തി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം കൊളുത്തി സമ്മേളനം ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വികാരി ജനറാളന്മാര്‍, വൈദീകര്‍, സന്യസ്തര്‍ വിമന്‍സ് ഫോറം ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ രൂപതാധ്യക്ഷനോടൊപ്പം ചേര്‍ന്നു.
രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. എട്ട് റീജിയണില്‍ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും.’
ബെർക്‌ഷയർ: ഇന്ത്യൻ പൈതൃകം കാരണം പ്രാദേശിക ദത്തെടുക്കൽ സേവനം ലഭ്യമാകാതെ പോയ ദമ്പതികൾ അവരുടെ നിയമപരമായ പോരാട്ടത്തിൽ വിജയം കൈവരിച്ചു. റോയൽ ബറോ ഓഫ് വിൻഡ്‌സർ ആൻഡ് മൈഡൻഹെഡ് കൗൺസിലിനെതിരെ പോരാടിയാണ് ഇന്ത്യൻ വംശജരായ ദമ്പതികൾ സന്ദീപും റീന മന്ദറും വിജയിച്ചത്. ഇന്ത്യൻ പൈതൃകം ആരോപിച്ചതുമൂലം അവർക്ക് അപേക്ഷ നൽകാൻ പോലും സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ആവും കൂടുതൽ ദത്തെടുക്കൽ സേവനം ലഭിക്കുകയെന്നും അധികൃതർ പറയുകയുണ്ടായി.
വംശത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികളോട് വിവേചനം കാണിച്ചതായി ജഡ്ജി മെലിസ ക്ലാർക്ക് പറഞ്ഞു. തങ്ങളുടെ ഇന്ത്യൻ പൈതൃകം കാരണം ദത്തെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിവേചനം അനുഭവപ്പെട്ടതായി ദമ്പതികൾ തുറന്നുപറഞ്ഞു. വിധിയെ സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു ; “നിങ്ങൾ ഏത് വംശമോ മതമോ വർണ്ണമോ ആണെങ്കിലും, നിങ്ങളെ തുല്യമായി പരിഗണിക്കുകയും മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് ദത്തെടുക്കാൻ കഴിയുകയും വേണം. ഈ വിധി അതാണ് ഉറപ്പാക്കുന്നത്. ഒരു മാറ്റം അനിവാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി.” മറ്റ് ദമ്പതികൾക്ക് സമാനമായത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദമ്പതികൾക്ക് പൊതുവായ നഷ്ടപരിഹാരം 29,454.42 പൗണ്ട് വീതവും വിദേശത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ചെലവായ 60,013.43 പൗണ്ട് പ്രത്യേക നഷ്ടപരിഹാരവും ജഡ്ജി വിധിച്ചു. അതിനുശേഷം ഈ ദമ്പതികൾ അമേരിക്കയിൽ നിന്നുള്ള ഒരു കുട്ടിയെ ദത്തെടുത്തു. സ്നേഹം നിറഞ്ഞൊരു വീട് ആഗ്രഹിക്കുന്ന ഓരോ ബ്രിട്ടീഷ് കുട്ടിയുടെയും വിജയം കൂടിയാണ് ഈ വിധിയെന്ന് ദമ്പതികളുടെ വക്കീൽ അഭിപ്രായപ്പെട്ടു. എന്നാൽ കൗൺസിലിന് എതിരെയുള്ള ദമ്പതികളുടെ വാദം കൗൺസിൽ പൂർണമായി നിഷേധിച്ചു.
മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായിട്ട് ഇപ്രാവശ്യത്തെ യുകെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകാൻ പോകുന്നത് സോഷ്യൽ മീഡിയയുടെ പ്രചാരണവും അതിന്റെ സാന്നിധ്യവും ആണ്. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് വൻതുകകളാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ വകയിരുത്തിയിരിക്കുന്നത്. യുവ വോട്ടർമാരെ ലക്ഷ്യമാക്കിയാണ് വിവിധ പാർട്ടികൾ സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമാക്കുന്നത്. മുൻകാലങ്ങളിൽ ഇമെയിൽ സന്ദേശങ്ങളും പോസ്റ്റൽ വഴിയുള്ള പ്രചാരണങ്ങളുമാണ് കൂടുതൽ ആയുധമാക്കിയതെങ്കിൽ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ എടുത്തുപറയേണ്ടത് വിവിധ പാർട്ടികളുടെ സോഷ്യൽ മീഡിയയിലെ പ്രചാരണമാണ്.ഇലക്ഷൻ പ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ കൂടിയുള്ള പ്രചാരണമാണ് കൂടുതൽ ഫലപ്രദമെന്ന് വിലയിരുത്തി കൊണ്ടുളള പ്രചാരണ തന്ത്രങ്ങളാണ് വിവിധ പാർട്ടികൾ ആവിഷ്കരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ പ്രത്യേകിച്ച് ഫേസ്ബുക്കിന്റെ ജനങ്ങൾക്കിടയിലുള്ള വർദ്ധിച്ച സ്വാധീനമാണ് ഇത്തരത്തിൽ തന്ത്രങ്ങൾ രൂപീകരിക്കാനായിട്ട് രാഷ്ട്രീയപാർട്ടികളെ പ്രേരിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പ്രധാനമായും ഏറ്റുമുട്ടുന്ന യുദ്ധക്കളം ഫെയ്സ്ബുക്ക് ആണ്. എല്ലാ പ്രായത്തിലും മേഖലയിലുമുള്ള വോട്ടർമാർ സോഷ്യൽ മീഡിയയിൽ സജീവമായത് രാഷ്ട്രീയപാർട്ടികളെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചതിന്റെ പ്രധാനകാരണം.
സോഷ്യൽ മീഡിയയെ അതിരിട്ട് ആശ്രയിക്കുമ്പോഴും രാഷ്ട്രീയ പാർട്ടികളെല്ലാം പ്രചാരണത്തിന് പരസ്യങ്ങളിൽ വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കൺസർവേറ്റീവ് പാർട്ടിയുടെ പരസ്യങ്ങളിൽ ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള അവരുടെ ആഗ്രഹവും നയസമീപനങ്ങളുമാണ് മുന്നിട്ടുനിൽക്കുന്നത്. ലേബർ പാർട്ടിയുടെ പരസ്യത്തിൽ മുന്നിട്ടു നിൽക്കുന്നത് നികുതി കുറയ്ക്കുമെന്നുള്ള സന്ദേശമാണ്. പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഏറ്റവും വലിയ ഗുണം എന്നു പറയുന്നത് പരസ്യങ്ങൾ ആ വ്യക്തിയുടെ പ്രായത്തിനനുസരിച്ച് അല്ലെങ്കിൽ അവരുടെ ജോലി, പ്രായം എന്നിവയ്ക്കനുസരിച്ച് വിഭാവനം ചെയ്യാം എന്നുള്ളതാണ്. വിദ്യാർത്ഥികൾക്കു ലഭിക്കുന്ന പരസ്യത്തിൽ ട്യൂഷൻ ഫീസ് കുറയ്ക്കുന്നതിന് കുറിച്ചുള്ള കാര്യങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത് .
വിവിധതരത്തിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങളുടെ ഇടയിൽ വോട്ടറുടെ തീരുമാനം എന്തായിരിക്കും എന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം
ചരിത്രപ്രസിദ്ധമായ സ്കോട്ട്ലാൻഡ് യാഡിന്റെ ഉദ്‌ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോൾഡിങ്സിന് യുകെയിൽ 2800 കോടി രൂപയുടെ (300 ദശലക്ഷം പൗണ്ട്) നിക്ഷേപമായി. ചരിത്രമുറങ്ങുന്ന ഈ മന്ദിരത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഈ മാസം അഞ്ചിനു നടന്നു. അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്കോട്ട്ലാൻഡ് യാഡ് 9 മുതലാണു സന്ദർശകർക്കായി തുറന്നു കൊടുക്കുക.
2015 ൽ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വന്റി 14 ഹോൾഡിങ്സ് സ്വന്തമാക്കിയത്. അതിനു ശേഷം 512 കോടി രൂപ ചിലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ട്വന്റി 14 ഹോൾഡിങ്സ് പൂർത്തിയാക്കിയത്. ഇതിനൊപ്പം എഡിൻബർഗിലെ വാൾഡ്‌റോഫ് അസ്റ്റോറിയ ദി കലിഡോണിയൻ 2018 ലും സ്വന്തമാക്കി. വെസ്റ്റ് മിന്സ്റ്ററിൽ സെയ്ന്റ് ജെയിംസിലാണ് സ്കോട്ട്ലാൻഡ് യാഡ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടൽ ഹയാത്ത് ബ്രാൻഡിന്റേതാണ്. 1910 ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് ഓഫിസായും റോയൽ പൊലീസ് കാര്യാലയമായും പ്രവർത്തിച്ച ഹോട്ടൽ ചാൾസ് ഡിക്കിൻസ്, സർ ആർതർ കോനൻ ഡോയൽ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടി. തുഡോർ കാലഘട്ടത്തിൽ സ്കോട്ട്ലാൻഡ് സന്ദർശിക്കുന്ന രാജാക്കൻമാരുടെ താമസകേന്ദ്രമായും യാഡ് വർത്തിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നാണു ലണ്ടനെന്നും ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാഡ് പ്രൗഢമായ ഒരു ചരിത്രത്തെ അടയാളപ്പെടുത്തുന്നതുമാണെന്നു ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഗ്രേറ്റ് സ്കോട്‌ലാൻഡ് യാഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അവിടുത്തെ ആതിഥ്യമാസ്വദിക്കാൻ ക്ഷണിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേർത്തു. എഡ്‌വാഡിയൻ – വിക്ടോറിയൻ വാസ്തു ശിൽപ മാതൃകയിൽ 93,000 ചതുരശ്ര അടി വലിപ്പത്തിൽ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്കെല്ലാമായി രണ്ടു ബെഡ്‌റൂം ടൗൺഹൗസ് വിഐപി സ്യൂട്ടുമെല്ലാം ഉൾക്കൊള്ളുന്നതാണ് ഹോട്ടൽ. 120 സീറ്റുകളുള്ള കോൺഫറൻസ് റൂമും ഇതിന്റെ പ്രത്യേകതയാണ്. സ്കോട്ട്ലാൻഡ് യാഡ് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിർമിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവന്നതാണ്. അസംഖ്യം കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ നിർമ്മിതിയുടെ കീർത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവർത്തനമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.വിഖ്യാത ഷെഫ് റോബിൻ ഗില്ലിന്റെ നേതൃത്വത്തിൽ വിശേഷപ്പെട്ട ബ്രിട്ടീഷ് ഭക്ഷണ വിഭവങ്ങളടക്കം ശ്രേഷ്ഠമായ ഭക്ഷണ പാനീയങ്ങളാണ് ഇവിടെ സന്ദർശകർക്ക് വിളമ്പുക. ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിർത്തി കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് പ്രസിഡന്റ് പീറ്റർ ഫുൽടൻ പറഞ്ഞു. ലുലു ഗ്രൂപ്പ് നൽകിയ വിശ്വാസത്തിനു നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുകെയിലെ പ്രിസൺ ആർട്ട് ചാരിറ്റി ട്രസ്റ്റായ കോസ്റ്റ്‌ലറുമായി ചേർന്നാണു ഹോട്ടൽ പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: നേഴ്സ് ലിനിക്ക് ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം. നിപാ ബാധ ഉണ്ടായപ്പോൾ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവർ നടത്തിയ ത്യാഗത്തിന് മുന്നിൽ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ദേശീയ ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ എൻ ശോഭന, കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ പിഎസ് മുഹമ്മദ് സാലി, മിലിട്ടറി നഴ്‌സിങ് സര്വിതസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തിരുവനന്തപുരം ഇലിപ്പോട് സ്വദേശി ബ്രിഗേഡിയർ പിജി ഉഷാ ദേവി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു മലയാളികൾ. ആകെ 36 പേർക്ക് ഈ വർഷത്തെ ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം ലഭിച്ചു.
ലിനിക്ക് വേണ്ടി ഭർത്താവ് മരണാനന്തര ബഹുമതിയായി പുരസ്‌ക്കാരം എറ്റുവാങ്ങിയപ്പോൾ നിറഞ്ഞ കണ്ണുകളോടെയും ആദരവോടെയുമാണ് സദസ് കരഘോഷം മുഴക്കിയത്. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ പിഎൻ ലിനിയ്ക്ക് പുറമേ നാല് മലയാളികൾ കൂടി ഈ വർഷത്തെ പുരസ്‌ക്കാരത്തിന് അർഹരായി.
ദീപ പ്രദീപ്
എല്ലാത്തിന്റെ യും പേരിൽ അഭിമാനിക്കുന്ന ഒരു മാനവിക സമൂഹമാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അവർ പ്രയത്നിക്കുകയും പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ തന്നെ വഞ്ചി ക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനത ആരെയാണ് വിശ്വസിക്കേണ്ടത്?. തങ്ങളുടെ സുരക്ഷിതത്വത്തിനും ജനഹിത ത്തിനും കാവലാളായി നിൽക്കേണ്ട ഭരണകൂടത്തിനെയോ?. എന്തിന്റെ പേരിലാണ് തങ്ങളുടെ ജീവനും ജീവിതത്തിനും അവർ സുരക്ഷ നൽകുമെന്ന് വിശ്വസിക്കേണ്ടത്?.
നീതിയെമാനിക്കുകയും ജനഹിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യേണ്ട വരാണ് ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ പ്രതിനിധികളും. ജനാധിപത്യ രാജ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത് നേടിക്കൊടുക്കാനും വേണ്ടി ജനങ്ങൾ അവരുടെ പ്രതിനിധികളെ കണ്ടെത്തുമ്പോൾ, ഒരു രാത്രിക്ക് അപ്പുറം അവരുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാത്ത ഒരു സാമൂഹികാന്തരീക്ഷത്തിൽ ആണ് നാം ഇന്ന് കഴിയുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോൾ പോലും എന്ത് ജനാധിപത്യം ആണ് ഇവിടെ നടക്കുന്നത്? “ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്ന് പറയാൻ പോലും ഇന്ന് സാധാരണക്കാർ അറയ്ക്കുന്നു.അതിനു കാരണം ഇന്ത്യയിലെ ജനങ്ങളുടെ കാഴ്ചപ്പാടല്ല, മറിച്ച് ജനാധിപത്യത്തെ ഇന്ന് കയ്യാളി വെച്ചിരിക്കുന്നവരുടെ പ്രവർത്തിയാണ്.
ഇന്ത്യ എന്ന മഹാരാജ്യത്തെ എടുത്തു പരിശോധിച്ചാൽ ഇത് വ്യക്തമാകും. മനുഷ്യൻ എന്നത് കേവലം ഒരു വസ്തുവായി മാത്രം ചുരുങ്ങിയിരിക്കുന്നു. ഒരു സാധാരണക്കാരന്റെ പരിധിയും സ്വാതന്ത്ര്യവും ഇന്ന് നിശ്ചയിക്കുന്നത് മുൻനിര രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.എന്തിന്റെ പേരിലാണ് ഇന്ന് മാതൃരാജ്യത്ത് ആക്രമണങ്ങളും തർക്കങ്ങളും നടക്കുന്നത് എന്ന് പോലും അറിയാതെ, ആരുടെയോ പ്രേരണയാൽ ജീവിക്കുന്നവരാണ് ആധുനികകാലത്തെ ഇന്ത്യക്കാരൻ. തങ്ങളുടെ വികാരത്തിനും വിചാരത്തിനും മുൻഗണന നൽകി ഓരോ പൗരനും വോട്ടവകാശം രേഖപ്പെടുത്തുമ്പോൾ വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അത് വിനിയോഗിക്കുന്ന ഒരു വ്യവസ്ഥിതിയുടെ കീഴിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ആരാണ് ശരിയെന്നോ എന്താണ് ശരിയെന്നോ അറിയാൻ കഴിയാത്ത ഒരു ജനതയുടെ ഭാവി അത് അവരുടെ തലപ്പത്തിരിക്കുന്നവർ ചിന്തിക്കുന്നുണ്ടോ?. ഒരു രാത്രി മാറി പകൽ ആയപ്പോൾ തങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ ചുറ്റുപാടിനെയും കൂടെ ചേർക്കേണ്ട രാഷ്ട്രീയ നേതാക്കളെയും അറിയാതെ പോകുന്ന ഒരു ജനതയുടെ നേർചിത്രം മഹാരാഷ്ട്രയിലെ ജീവിതങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കാണുന്നു. രാഷ്ട്രീയ തന്ത്രങ്ങളും ചുവടു മാറ്റങ്ങളും ചർച്ചയാക്കുമ്പോൾ അതിനിടയിൽ പെട്ടുപോയ പാവം ജനങ്ങളെ എന്തുകൊണ്ടാണ് ഒരു മാധ്യമങ്ങളും വെളിച്ചത്ത് കൊണ്ടു വരാൻ ശ്രമിക്കാത്തത്?. എന്തിനധികം പറയുന്നു ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ നാം എല്ലാം ഊറ്റംകൊള്ളുന്ന കൊച്ചു കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെയാണല്ലോ. 28 സംസ്ഥാനത്ത് ഇത്രയും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമ്പോൾ 14 ജില്ലകൾ മാത്രം ഉള്ള കൊച്ചു കേരളത്തിൽ നടക്കുന്നത് ഇതിലും വലിയ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് എന്നതിന് ഒരു സംശയവും വേണ്ട. ഓരോ ദിവസവും ഓരോ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നത് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കന്മാരോടും രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസമാണ്. തങ്ങൾ ഏതു പ്രസ്ഥാനത്തിന് കീഴിലാണ് സുരക്ഷിതരെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു ജനസമൂഹമാണ് ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിനെയും സുരക്ഷിതത്വത്തെയും കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം ഇവർ പകർന്നു തരുന്ന വെളിച്ചം നന്മയിലേക്ക് ഉള്ളതാണോ തിന്മയിലേക്ക് ഉള്ളതാണോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കരുനീക്കത്തിൽ സ്വന്തം രക്തബന്ധങ്ങളെ പോലും ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വെറി മനുഷ്യനെ കാർന്നു തിന്നുമ്പോൾ ഇത് എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നുകൂടി നാം ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ മാതൃ രാജ്യത്തെ കുരുതിക്കളം ആക്കുകയാണോ കെട്ടുറപ്പുള്ളത് ആക്കുകയാണോ വേണ്ടത് എന്ന് ചിന്തിക്കേണ്ടത് നാമാണ്. അതുപോലെ തന്നെ നമ്മൾ ആരും ആരുടെയും കൈകളിൽ സുരക്ഷിതരല്ലെന്ന് തിരിച്ചറിയുകയും വേണം….
ദീപ പ്രദീപ്.
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കൊടുമൺ ആണ് സ്വദേശം.നേന്ത്രപ്പള്ളിൽ വീട്ടിൽ പ്രദീപ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മൂത്തമകൾ..
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനി ആണ്….സഹോദരൻ ദീപു. പി
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയുക്ത കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ (കോഴിക്കോട്) വൈസ് പ്രസിഡന്റായും ബിഷപ് ജോസഫ് മാർ തോമസ് (ബത്തേരി ) സെക്രട്ടറി ജനറൽ ആയും തിരെഞ്ഞടുക്കപ്പെട്ടു.
ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ
ബിഷപ് ജോസഫ് മാർ തോമസ്
അഭിവന്ദ്യ പിതാക്കൻമാർക്ക് മലയാളം യുകെ ന്യൂസിന്റെ ആശംസകൾ നേരുന്നു….
സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനായിട്ട് യുകെയിലെമ്പാടും പുതിയ എൽഇഡി ഇൻഫ്രാ റെഡ് ക്യാമറകൾ സ്ഥാപിക്കാനായിട്ട് ഗവൺമെന്റ് പദ്ധതി. ഇതിന്റെ ഭാഗമായി വെസ്റ്റ് യോർക്ക് ഷെയര്‍, ഹഡേഴ്സ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിൽ പുതിയതായിട്ട് എൽഇഡി ഇൻഫ്രാറെഡ് ക്യാമറകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ വ്യാപകമായിട്ടുണ്ടായിരുന്നത് സ്പീഡ് ക്യാമറകൾ ആയിരുന്നെങ്കിൽ ഇപ്പോൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനായിട്ടാണ് കൂടുതലായിട്ടും ക്യാമറകൾ അധികൃതർ ഉപയോഗിക്കുന്നത്.
ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുകയോ, പുകവലിക്കുകയോ, മൊബൈൽ ഉപയോഗിക്കുകയോ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നവരെ പിടികൂടാൻ സഹായിക്കുന്നതാണ് പുതിയ ക്യാമറകൾ. ഹോം ഓഫീസിന്റെ കണക്ക് പ്രകാരം 2017 ൽ വെസ്റ്റ് യോർക്ക് ഷെയറിൽ മാത്രം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1841 പേർക്ക് പോലീസ് പിഴ ഈടാക്കിയിരുന്നു.
യുകെയിൽ പലസ്ഥലങ്ങളിലും ഒരു ദിവസം ശരാശരി അഞ്ച് ഡ്രൈവർമാരെങ്കിലും ഇപ്പോഴും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിടിക്കപ്പെടുന്നുണ്ട്. വാഹനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഡ്രൈവർമാർക്ക് പെനാൽറ്റി ആയിട്ട് 6 പോയിന്റും 200 പൗണ്ട് പിഴയും ആണ് ചുമത്തപ്പെടുന്നത്. അതേസമയം ഈ കേസ് കോടതിയിലേക്ക് പോവുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുകയും 1000 പൗണ്ട് വരെ പിഴ ഈടാക്കുകയും ചെയ്യും .
യുകെയിലെ നിയമമനുസരിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാൻ ഉള്ള ഏക മാർഗ്ഗം ഹാൻഡ് ഫ്രീ കിറ്റുകൾ ഉപയോഗിക്കുക എന്നുള്ളതാണ്. അതായത് ബ്ലൂട്യുയൂത്ത് ഹെഡ്സെറ്റ് പോലുള്ളവ ഡ്രൈവർമാർക്ക് ഉപയോഗിക്കാനായിട്ട് സാധിക്കും. അതുപോലെ തന്നെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന സമയത്ത് ഡ്രൈവർമാർക്ക് ഫോൺ ഉപയോഗിക്കാനായിട്ട് അനുവാദമുണ്ട്. അതുപോലെതന്നെ 999 അഥവാ 112 ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് മൊബൈൽ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം യുകെയിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.
ഡ്രൈവിംഗിനിടെ ഭക്ഷണം കഴിക്കുന്നത് നിരോധിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും അതും ഡ്രൈവറുടെ ശ്രദ്ധയെ വഴി തെറ്റിച്ചു വിടുന്നതായി പറയുന്നുണ്ട്. ഡ്രൈവിങ്ങിനിടിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതും നിയമങ്ങൾ പാലിക്കുന്നതും തങ്ങളുടെയും സഹയാത്രികരുടെയും മറ്റുള്ള വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വത്തിനെ അത്യന്താപേക്ഷിതമാണ് . ക്യാമറ കണ്ണുകൾ ഈ രംഗത്ത് നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടണിൽ നിലവിലുള്ള നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കുവാൻ കുറഞ്ഞ സാലറിയിൽ, കുറഞ്ഞ യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കാൻ എൻഎച്ച് എസ് നീക്കം. എൻഎസ്എസിന്റെ പക്കൽ നിന്നും ചോർന്ന രേഖകളിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള പതിനായിരത്തോളം നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. എന്നിരുന്നാൽ തന്നെയും വീണ്ടും ഇരുപതിനായിരത്തോളം നേഴ്സുമാരുടെ കുറവുണ്ട് എന്നാണ് രേഖകൾ പറയുന്നത്.
2024 ഓടു കൂടി അൻപതിനായിരം അധികം നേഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. എൻ എച്ച് എസിൽ നിന്നും പുറത്തുവന്ന രേഖ അനുസരിച്ച് 10, 200 ഓളം നേഴ്സിംഗ് അസോസിയേറ്റുമാരെ നിയമിക്കുമെന്നാണ്. രണ്ടു വർഷത്തെ നേഴ്സിംഗ് കോഴ്സ് കഴിഞ്ഞവരെയാണ് നേഴ്സിംഗ് അസോസിയേറ്റുമാരായി നിയമിക്കുന്നത്. രജിസ്റ്റേഡ് നേഴ്സുമാരെ അപേക്ഷിച്ച് ട്രെയിനിങ് കുറവാണ് ഇവർക്ക്.
എന്നാൽ ഇത്തരത്തിൽ യോഗ്യത കുറവുള്ള നേഴ്സുമാരെ നിയമിക്കുന്നത് രോഗികളുടെ ജീവന് ആപത്താണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിലവിലുള്ള നാല്പതിനാലായിരത്തോളം വേക്കൻസികൾ എങ്ങനെ നിറയ്ക്കാം എന്നതിനെപ്പറ്റിയുള്ള രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.