Main News

പി. ഡി. ബൗസാലി

ആഗസ്റ്റ് ഇരുപത്തിഒന്നാം തീയതി, ബുധനാഴ്ച്ച, രാവിലെ 9 മണിയോടുകൂടി ഞങ്ങൾ കേപ്ടൗണിനോടു യാത്ര പറഞ്ഞു. അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത്, ഏതാണ്ട് 500 കിലോമീറ്റർ ദൂരമുള്ള കാരൂ എന്ന പട്ടണത്തിൽ വന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു. പിന്നെയും നീണ്ട യാത്ര. രാത്രി പത്തു മണിയോടുകൂടി കിംബർലി എന്ന് പട്ടണത്തിലെത്തി. അവിടെയുള്ള ഒരു റിസോർട്ടിൽ രാത്രി വിശ്രമിച്ചു.

പിറ്റേദിവസം റിസോർട്ടിൽ നിന്നും ലഭിച്ച പ്രഭാതഭക്ഷണത്തിനു ശേഷം 9 .30 യോടുകൂടി കിംബർലിയിലുള്ള ബിഗ് ഹോൾ എന്ന പ്രസിദ്ധമായ ഡയമണ്ട് ഖനിയിലേക്കുപോയി. നോർത്തേൺ കേപ്പി ലുള്ള ഈ വജ്ര ഖനിയിപ്പോൾ പ്രവർത്തിക്കുന്നില്ല. ഒന്നാംലോകമഹായുദ്ധകാലത്ത് പ്രവർത്തനം നിർത്തിയ ഈ ഖനിയിപ്പോൾ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് . ഖനി സന്ദർശിക്കുവാൻ വിദേശീയരുടെ വലിയ തിരക്കായിരുന്നു. ഒരു ഡയമണ്ട് മൈൻ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഞങ്ങൾക്ക് പറഞ്ഞുതരുവാനായി മിസ്റ്റർ ഡേവിഡ് എന്ന ഗൈഡ് ഞങ്ങളോടൊപ്പം വന്നു ഖനിയിലേക്ക്. ഈ ഖനി 1871 മുതൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 50000 ജോലിക്കാർ ജോലി ചെയ്തിരുന്ന ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ഗർത്തമുള്ളത്. 750 അടിയോളമാണ് ഇവിടെ ഡയമണ്ടിനായി കുഴിച്ചു താഴ്ത്തിയത്. അതുകൊണ്ടാണ് ഈ ഡയമണ്ട് ഖനിക്ക് ‘ബിഗ് ഹോൾ’ എന്ന പേരുവന്നത്. ആ ഗർത്തം ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ നിന്നും എല്ലാവരും സുവനീറുകൾ വാങ്ങി. ഒരു മണിയോടുകൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു.

തിരിച്ചുള്ള യാത്ര സൗത്ത് ആഫ്രിക്കയുടെ ഹൃദയഭാഗത്തു കൂടിയായിരുന്നു. റോഡിന്റെ ഇരുവശവും മൈലുകളോളം നീളുന്ന മഞ്ഞപ്പൂക്കൾ കൊണ്ടു നിറഞ്ഞ കനോല പ്ലാൻറ്റേഷൻ (റേപ്പ് സീഡ്), അതുകഴിഞ്ഞ് മൈലുകളോളം തരിശുഭൂമി, കുറച്ചുദൂരം കഴിഞ്ഞു മുന്തിരിത്തോപ്പുകൾ, പർവ്വതങ്ങൾ, പശുവിൻ കൂട്ടങ്ങൾ, ചെമ്മരിയാടുകൾ, പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങൾ പട്ടണങ്ങൾ – എല്ലാം തരണം ചെയ്ത് വൈകിട്ട് 5 30 യോടുകൂടി മെഫെക്കിങ് എന്ന സ്ഥലത്തെത്തി. സൗത്ത് ആഫ്രിക്കയുടെ അതിർത്തിപ്പട്ടണമാണിത്. അതിനടുത്ത രാജ്യമാണ് ബോട്സ്വാന. അവിടെ മിസ്റ്റർ ജോർജിന്റെ സുഹൃത്തായ ജയമ്മയുടെയും ഭർത്താവ് ജോർജിൻെറയും ഭവനം സന്ദർശിച്ചു. അവർ ആകെ ഭീതിയിലായിരുന്നു . അവർ മറ്റൊരു സ്ഥലത്തായിരുന്നു ജീവിച്ചിരുന്നത്. അവരുടെ വീട്ടിൽ കൊള്ളക്കാർ അതിക്രമിച്ചു കയറി, ഒരു ട്രക്കുമായി വന്ന് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി, അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെങ്കിലും നമ്മുടെ ആൾക്കാർ നേരിടുന്ന ഒരു പ്രശ്നമാണിത്. നെൽസൺ മണ്ടേല എന്ന മഹാനായ വ്യക്തി കഷ്ടപ്പെട്ടു പൊരുതി ആഫ്രിക്കക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് അവിടെയുള്ള നമ്മുടെ മലയാളികൾ പറഞ്ഞത്.

 

ഞങ്ങൾ രാത്രി 7 .15 നു സൗത്ത് ആഫ്രിക്കയുടെ അതിർത്തിയിലെത്തി. ഇമിഗ്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് മിസ്റ്റർ ജോർജിന്റെ വീട്ടിൽ രാത്രി 10 മണിയോടുകൂടിയെത്തി. അയൽപക്കകാരനായ ജിജി സാറും കുടുംബവും കൊടുത്തുവിട്ട ചോറും കറികളും ‘പിടിയും കോഴിക്കറിയും’ കഴിച്ചശേഷം രാത്രി 11 മണിയോടുകൂടി ഞങ്ങൾ ഉറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ബോട്സ്വാനയിലുള്ള പല സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. ജോർജിന്റെ മകൾ മെറിയും എന്റെ മകൻ ചിന്റുവും വിവാഹശേഷം ആദ്യം ബോട്സ്വാന സന്ദർശിക്കുകയായതു കൊണ്ട്, അവരെ സ്വീകരിക്കുന്ന വലിയൊരു പാർട്ടി – ആഗസ്റ്റ് 25 ന് ശ്രീമാൻ ജോർജ് അറേഞ്ച് ചെയ്തിരുന്നു, ഹോട്ടൽ ഒയാസിസിൽ.

ആഗസ്റ്റ് 27ന് വെളുപ്പിന് അഞ്ചുമണിക്കു ഞങ്ങൾ ബോട്സ്വാന യിൽ നിന്നും തിരികെ യാത്രയായി. 28 – ആം തീയതി രാവിലെ 9 മണിയോടുകൂടി എമിറേറ്റ്സ് ഫ്ളൈറ്റിൽ ഞങ്ങൾ നെടുമ്പാശ്ശേരിയിലെത്തി. നല്ലൊയൊരു യാത്രയുടെ സ്മരണകൾ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.

 

 

കടപ്പാട് :
ബോട്സ്വാന യിലേക്ക് ഞങ്ങളെ ക്ഷണിച്ച ജോർജിന്റെ കുടുംബ ത്തോടും, സൗത്ത് ആഫ്രിക്കൻ ടൂറിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്ത ആൻറണിയോടും,ടൂർ ഗൈഡ് അജിത്,ടോണി എന്നിവരോടു മു ളള നിസീമമായ കടപ്പാടും നന്ദിയും അറിയിക്കട്ടെ.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

സാലിസ്ബറി:  യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ..  ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം… നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു… അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്.

ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള ഷെറാട്ടൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി നേടിയെടുത്ത മിടുക്കൻ.. തുടർന്ന് ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താജ് ഹോട്ടൽ എത്തിയെങ്കിലും തന്റെ അഭീഷ്ടങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അത് ഉതകുമായിരുന്നില്ല എന്ന സത്യം മനസിലാക്കി ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂ പാസ്സായി വർക്ക് വിസയിൽ യുകെയിൽ എത്തിച്ചേർന്നു.ആദ്യം വന്ന എല്ലാ മലയാളികളും അനുഭവിച്ച ജീവിത യാഥാർത്യങ്ങളിലൂടെ റഷീദ് കടന്നു പോയി… അതെ അതിജീവനത്തിന്റെ നാളുകൾ… എവിടെ എങ്ങനെ എപ്പോൾ തുടങ്ങും എന്ന ചിന്തയിൽ.. ഒരു മാസത്തെ ബിർമിങ്ഹാം ജീവിതം അവസാനിപ്പിച്ച് ബോൺമൗത്തിലേക്ക് കുടിയേറിയ റഷീദ് രണ്ട് വർഷത്തോളം ലണ്ടനിൽ ഉള്ള മുന്തിയ ഹോട്ടലുകളിൽ ജോലി ചെയ്തു. എങ്കിലും തന്റെ കൊച്ചുനാളുകളിൽ ‘അമ്മ പകുത്തുനൽകിയ പാചക കലയോടുള്ള അടങ്ങാത്ത അടുപ്പം റഷീദിനെ മറ്റൊരു വഴിയിൽ നീങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2016 ലിൽ സാലിസ്ബറിയിൽ ഒരു ഹോട്ടൽ എന്ന ആശയം ‘കഫേ ദിവാലി’ എന്ന പേരിൽ നടപ്പിലാക്കിയത്. ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകൾ തന്നെ തുറിച്ചു നോക്കിയപ്പോഴും അതിനെയെല്ലാം ഒന്നൊന്നായി പിന്തള്ളി മുന്നേറിയ റഷീദിന് തന്റെ അമ്മയുടെ വാക്കുകൾ കൂടുതൽ കരുത്തേകി…  ഇന്ന് അഞ്ച് മലയാളികൾ ഉൾപ്പെടെ ഒരുപറ്റം സായിപ്പുമാർ വരെ റഷീദിനൊപ്പം നിലകൊള്ളുന്നു. ഇംഗ്ലീഷ്‌കാരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയപ്പോൾ അതിൽ നാടൻ വിഭവങ്ങൾ ആയ ദോശയും താലിയും ഒക്കെ ഇടം പിടിച്ചപ്പോൾ പെട്ടെന്ന് തന്നെ ഈ കൊച്ചു ഹോട്ടലിനെ തേടി അവാർഡുകൾ എത്തി.. ആദ്യമായി സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ് നേടിയെടുത്തു.

അങ്ങനെ ഇരിക്കെ ഏഷ്യൻ റെസ്‌റ്റോറന്റ് അവാർഡിന് ഉള്ള അപേക്ഷ കാണാനിടയായത്. കിട്ടില്ല എന്ന് വിചാരിച്ച് തന്നെ അപേക്ഷ സമർപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് മലയാളം യുകെയുമായി റഷീദ് പങ്ക് വെച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത പട്ടിക കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കിട്ടില്ല എന്ന്.. ശുചിത്വം വേണ്ടത് 5 സ്റ്റാർ റേറ്റിംഗ്…. ഗൂഗിൾ, ഫേസ്ബുക് റിവ്യൂസ്… മറ്റ് അവാർഡുകൾ എന്ന് തുടങ്ങി ഒരു നീണ്ട ലിസ്റ്റ് … ഇതിനെല്ലാം പുറമെ ‘മിസ്റ്ററി ഡിന്നെഴ്‌സ്’ എന്ന കടമ്പയിൽ വിജയിക്കണം… അത് ഇങ്ങനെ.. ആരെന്നോ എപ്പോൾ എന്നോ പറയാതെ മൂന്ന് ജഡ്ജുമാർ ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കും. അവരാണ് മാർക്ക് നൽകുന്നത്.  ഇങ്ങനെ മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കടന്ന് റഷീദിന്റെ കഫേ ദിവാലി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യൻ ഹോട്ടലുകളിൽ മുൻപിൽ എത്തി അവാർഡിന് അർഹമായി..

ഈ കഴിഞ്ഞ (നവംബർ) പതിനേഴാം തിയതി ലണ്ടനിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലണ്ടൻ മേയറായ സാദിഖ് ഖാനിൽ നിന്നും അഭിമാനപൂർവം അവാർഡ് ഏറ്റുവാങ്ങിയപ്പോൾ യുകെ മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി വന്നു ചേർന്നു. തന്റെ അടുത്തുവരുന്ന കസ്റ്റമേഴ്സ് ആണ് രാജാവ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോവാതെ എളിമയോടെ സ്വീകരിക്കുന്ന ഒരു നല്ല സേവകൻ ആയി പ്രത്യക്ഷപ്പെടുബോൾ ജീവിത വിജയം സുനിശ്ചിതം.റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ടുകാരി ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം അഭിനന്ദനവും

 

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ലണ്ടൻ :- ലണ്ടൻ ബ്രിഡ്ജിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറി. ഭീകരാക്രമണം എന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ച സംഭവത്തിൽ, പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് രണ്ടു പേർ മരണപ്പെടുകയും, മറ്റു മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസ് അക്രമണത്തിന് നേതൃത്വം നൽകിയെന്നു സംശയിക്കുന്ന ആളെ കൊലപ്പെടുത്തി. ഇദ്ദേഹം നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും, തീവ്രവാദ ബന്ധമുള്ള ആളാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.


ഈ സംഭവവികാസങ്ങളുടെ തുടക്കം ഫിഷ്മോങ്ങേർസ് ഹാളിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ ആയിരുന്നു. കുറെയധികം ആളുകൾ ഹാളിനുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ കുട്ടികളും, നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചവരും ഉണ്ടായിരുന്നു. ഈ സംഭവത്തെ സംബന്ധിച്ചു പോലീസ് തീവ്രമായി അനേഷണം നടത്തിവരികയാണെന്നു കമ്മീഷണർ ക്രസിഡ ഡിക്ക് വാർത്തസമ്മേളനത്തിൽ രേഖപ്പെടുത്തി.


ഈ സംഭവത്തിൽ ജനങ്ങൾ സ്വീകരിച്ച നിലപാടിന് അനേകം പേർ പിന്തുണ അറിയിച്ചു. പ്രതിയെ ജനങ്ങളാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വേണ്ടതായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്കൂൾ കുട്ടികൾ വായുവിലൂടെയുള്ള ആസ്ബറ്റോസ് ശ്വസിക്കുന്നതിന്റെ അളവ് ഏറ്റവും കൂടുതൽ യു. കെ യിൽ എന്ന് തിങ്ക് ടാങ്ക് റെസ്പബ്ലിക്ക റിപ്പോർട്ട്‌.

ആസ്ബറ്റോസിന്റെ അനുവദനീയമായ അളവിനേക്കാൾ പതിന്മടങ്ങാണ് യു.കെയിൽ ഒരു കുട്ടി പ്രതിദിനം ശ്വസിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. വായുവിലൂടെയുള്ള ആസ്ബറ്റോസ് നാരുകൾ ജർമ്മനിയിയിൽ 10,000 നാരുകൾ ആണെങ്കിൽ യു.കെയിൽ 100,000 നാരുകളിലേക്ക് കണക്ക് വർദ്ധിച്ചിരിക്കുന്നു.

യുകെയിലെ 15 ലക്ഷത്തിലധികം കെട്ടിടങ്ങളിലായി 60 ലക്ഷം ടൺ ആസ്ബറ്റോസ് ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ 80 % സ്കൂളുകളും ഇതിൽ ഉൾപ്പെട്ടതാണ്.1920 നും 2000 നും ഇടയിൽ, ലോകമെമ്പാടും വ്യാപാരം നടത്തുന്ന ആസ്ബറ്റോസിന്റെ 50% ത്തിലധികം യൂറോപ്പാണ് .

ആസ്ബറ്റോസ് നാരുകൾ ശ്വസിക്കുന്നതിലൂടെ മെസോതെലിയോമ അർബുദം ബാധിച്ച് 2017 ൽ 2,523 മരണമടഞ്ഞു എന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് റിപ്പോർട്ട്‌ ചെയ്തിരുന്നു. കണക്കുകൾ പ്രകാരം 2001 മുതൽ 2018 വരെ മെസോതെലിയോമ അർബുദം ബാധിച്ചവരിൽ അദ്ധ്യാപകരുടെ എണ്ണം അഞ്ചിരട്ടിയും നഴ്സുമാരുടെ എണ്ണം മൂന്നിരട്ടിയുമായി.

ആസ്ബറ്റോസ് കൈകാര്യം ചെയ്യുന്നതിൽ കർശനമായ നിയമം കൊണ്ടുവരണമെന്നും കെട്ടിട നിർമ്മാണങ്ങളിൽ ആസ്ബറ്റോസ് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. വിഷാംശം കുറഞ്ഞ സാഹചര്യത്തിൽ കുട്ടികളെ ഇരിക്കാൻ അനുവദിക്കുന്നത് ആശങ്കാജനകമാണെന്നും അത് ഒരു ദേശീയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു .

വായുവിലൂടെയുള്ള ആസ്ബറ്റോസ് നാരുകളുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ജർമ്മനി, നെതർലാന്റ്സ്, ഫ്രാൻസ് എന്നിവിടങ്ങളിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് പോലെ യുകെയിലും പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

രാജ്യവ്യാപകമായി കഴിഞ്ഞ ഒരുവർഷം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് താമസ സൗകര്യത്തിന്റെ ചെലവിൽ വർധനയാണുണ്ടായിരിക്കുന്നത്. പോയവർഷം വസ്തു വിൽപ്പനയിൽ വിലവർദ്ധനവ് ഏകദേശം നിലച്ച മട്ടിലായിരുന്നു എന്ന് പ്രമുഖ മോർട്ടഗേജ് ലെന്റർ പറഞ്ഞു.

നവംബർ വരെയുള്ള വിലവർദ്ധനവ് ആകെ 0.8 ശതമാനം മാത്രമാണ്. ഈ വർഷം യുകെയിൽ താമസസ്ഥലം വീട് എന്നിവ  വാങ്ങിയവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ഇനിയങ്ങോട്ടുള്ള  കച്ചവടസാധ്യതകളും ചുരുങ്ങിയ ചെലവിൽ വീട് വാങ്ങാം എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ബ്രക്സിറ്റ്, ആഗോള വളർച്ച, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഒരു യുകെ ഭവനത്തിന് ഏകദേശം 2, 157, 34 പൗണ്ടാണ് വില. നവംബറിൽ മാത്രമാണ് 0.5 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നത്.

യു കെ യിൽ സ്വന്തമായി സ്ഥലം, വീട് എന്നിവ വാങ്ങാൻ താല്പര്യം ഉള്ള പ്രവാസികൾക്ക് നല്ല അവസരമാണ് നിലനിൽക്കുന്നത്. ഇലക്ഷൻ മുൻ നിൽക്കുന്ന സാഹചര്യത്തിൽ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതും സന്തോഷ വാർത്തയാണ്.

പന്തേയോൺ മാക്രോ എക്കണോമിക്സ് യുകെ ചീഫ് ആസാമുവേൽ ടോംസ് പറയുന്നു “ജൂലൈ 2018 ന് ശേഷം ആകെ വില ഉയർന്നത് ഈമാസം നവംബറിലാണ്.” ഒക്റ്റനെ ക്യാപിറ്റലിൽ മോർട്ഗേജ് ലെണ്ടെർ ആയ ജോനാഥൻ സാമുവൽനും സമാനമായ അഭിപ്രായമാണ്. അധികം കച്ചവടങ്ങൾ നടന്നിട്ടില്ലെന്ന് മാത്രമല്ല ജനങ്ങൾ ഉള്ളതുകൊണ്ട് ജീവിക്കാൻ തയ്യാറാണ് എന്നതും ഈ മേഖലയിലെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് ∙ ലോകത്തെ ഭാഷാവർഗവൈവിധ്യങ്ങളെ ഒരേ മണ്ണിൽ ഒന്നിപ്പിക്കുന്ന യുഎഇ പെരുമ അനന്തവിഹായസ്സിലേക്ക് കൂടി ഉയർത്തി എമിറേറ്റ്സ് വിമാനക്കമ്പനി. യുഎഇയുടെ നാൽപത്തിയെട്ടാമത് ദേശീയ ദിനത്തിൽ ഏറ്റവുമധികം രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റിൽ അണിനിരത്തിയാണ് എമിറേറ്റ്സ് ചരിത്രം കുറിച്ചത്.

പല ഭാഷ, മതം, സംസ്കാരം തുടങ്ങിയവ പിൻതുടരുന്ന 145 രാജ്യങ്ങളിലെ 540 പേരുമായാണ് എമിറേറ്റ്സിന്റെ ഇകെ 2019 ഫ്ലൈറ്റ് വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്തത്. യുഎഇ സമയം ഉച്ചയ്ക്ക് 1.03 ന് യാത്ര അവസാനിപ്പിക്കുമ്പോൾ യുഎഇയിലെ ഏഴു എമിറേറ്റുകളിലെ വിണ്ണിലും വിമാനം കടന്നുപോയി. ചരിത്രം കുറിച്ച യാത്രയിൽ അതത് രാജ്യത്തെ വേഷവൈവിധ്യം ഉറപ്പാക്കാനും അനുമതി നൽകിയിരുന്നു.

സഹവർത്തിത്വത്തിന്റെ മികച്ച ഉദാഹരണമായ യുഎഇയുടെ ചേതന ഉൾക്കൊളളുന്നതായിരുന്നു ഈ ഫ്ലൈറ്റെന്ന് എമിറേറ്റ്സ് എയർലൈൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. യുഎഇ പൗരന്മാരായ ക്യാപ്റ്റൻ അബ്ബാസ് ഷാബാനും ക്യാപ്റ്റൻ ഷെയ്ഖ് സഈദ് അൽ മക്തൂമുമാണ് ഫ്ലൈറ്റ് പറത്തിയത്. ജർമൻ പൗരനായ കാറിൻ അർനിങ് ഫസ്റ്റ് ഓഫിസറായി.

22 അംഗ കാബിൻ ക്രൂവിൽ 18 രാജ്യങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. എമിറേറ്റ്സിന്റെ ശരാശരി കാബിൻ ക്രൂവിൽ 15 രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ ഒരു എമിറേറ്റ്സ് ഫ്ലൈറ്റിൽ ശരാശരി 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഉണ്ടാകുക.

145 രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റിൽ ഉൾപ്പെടുത്തിയതിലൂടെ ഈ യാത്ര ഗിന്നസ് ബുക്കിലും ഇടം നേടി. വൈവിധ്യമാർന്ന ഈ ചരിത്ര നേട്ടം കൈവരിച്ചതിന് യുഎഇയേയും എമിറേറ്റ്സിനെയും അഭിനന്ദിക്കുന്നതായി ഫൈറ്റിൽ യാത്ര ചെയ്ത് യാത്രക്കാരുടെ വിവരങ്ങൾ വിലയിരുത്തിയ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഡയറക്ടർ തലാൽ ഒമർ പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിമാനത്തിനു മുന്നിൽ യാത്രക്കാരെയെല്ലാം അണിനിരത്തി പ്രത്യേക ഫോട്ടോ സെഷനും നടന്നു.

ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം. ഒരു കൂട്ടം ആൾക്കാർ നിരവധിപേരെ കത്തിക്കുത്തിന് ഇരയാക്കി.  പോലീസ് കലാപകാരികൾ ക്കെതിരെ നിറയൊഴിച്ചു. ട്രെയിനുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്.  ഇന്ന് ലണ്ടൻ സമയം രണ്ടു മണിക്കാണ് സംഭവം നടന്നത് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടന്ന ഭീകരാക്രമണവും സുരക്ഷാവീഴ്ചയും ജനവികാരം സർക്കാരിനെതിരെ തിരിയുവാൻ സാധ്യതയുണ്ട്.

സംഭവത്തിന് പിന്നിൽ ഉള്ള കൂടുതൽ കാര്യങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. പോലീസിന്റെ അവസരോചിതമായ സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.  സംഭവത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ട്വീറ്റ് ചെയ്തു.

അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ ബ്രിഡ്ജിലൂടെ ജനങ്ങൾ ഭയന്ന് ഓടുന്നതായി വി‍ഡിയോയിൽ കാണാം.

ഒരാൾക്കു നേരെ 2 പൊലീസ് ഉദ്യോഗസ്ഥർ തോക്കു ചൂണ്ടിനിൽക്കുന്ന 14 സെക്കന്റ് ദൈർഘ്യമുള്ള വി‍ഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ തേംസ് നദിയുടെ വടക്കു ഭാഗത്തേക്കു മാറ്റി. 2017ൽ മൂന്ന് അക്രമികൾ കാൽനട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറ്റിയ അതേ പ്രദേശത്താണ് ഇപ്പോൾ കത്തി ആക്രമണവും ഉണ്ടായിരിക്കുന്നത്. 2017ൽ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നേഴ്സിംഗ് ഹോമിൽ 94 കാരിയായ വയോധികയെ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റത്തിനു മൂന്ന് നഴ്സുമാർ അറസ്റ്റിൽ. പനിബെൻ ഷായുടെ കുടുംബാംഗങ്ങൾ നഴ്സിംഗ് ഹോമിൽ ക്യാമറ വച്ചതിനെ തുടർന്നാണ് അവിടെ നടക്കുന്ന ക്രൂരതകൾ പുറം ലോകത്ത് എത്തിയത്. നഴ്സിംഗ് ഹോമിലെ സ്റ്റാഫുകൾ വയോധികയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതിനു കാരണം ഡിമൻഷ്യ ആണെന്ന് നേഴ്സുമാർ വരുത്തി തീർത്തു. എന്നാൽ സംശയം തോന്നിയ മകൻ കീർത്തിയും കൊച്ചു മകനും ചേർന്ന് വയോധികയുടെ മുറിയിൽ ക്യാമറ സ്ഥാപിച്ചു. ഇതിനെത്തുടർന്നാണ് നഴ്സുമാർ അവരെ ഉപദ്രവിക്കുന്നതും, ശരീരത്തിൽ ചൂടു വെള്ളം ഒഴിക്കുന്നതും എല്ലാം കുടുംബാംഗങ്ങൾ കണ്ടെത്തിയത്.

തങ്ങൾക്ക് ഇത് വിശ്വസിക്കാവുന്നതിലുമപ്പുറം ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. അനിത റ്റി ( 46), അനിത ബി സി (49), ഹീന പരെക് (55) എന്നിവരെ നാലു മുതൽ ആറു മാസം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.

വയോധികയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്ന തരത്തിലാണ് നഴ്സുമാരുടെ പെരുമാറ്റം എന്ന് കോടതി വിലയിരുത്തി. ഏഷ്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക നഴ്സിംഗ് ഹോം ആയ മീര സെന്ററിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇത്തരം തെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെയിൽസ്‌ : ടാറ്റാ സ്റ്റീലിൽ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യത. മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരുടെ ജോലി നഷ്ടമാകുമെന്നും ആശങ്ക. പുനഃക്രമീകരണത്തിന്റെ ഭാഗമായി യുകെയിലെ പല ഭാഗങ്ങളായി പ്രവർത്തിക്കുന്ന കമ്പനികളുടെ തൊഴിൽ വെട്ടിക്കുറയ്ക്കുകയാണെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചു. മാനേജ്മെന്റ്, ഓഫീസ് അധിഷ്ഠിത തൊഴിലുകളും നഷ്ടമാകും. ടാറ്റാ സ്റ്റീലിന്റെ യൂറോപ്പ് സിഇഒ ഹെൻറിക് ആദം പറഞ്ഞു, “നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതനുസരിച്ച് ഞങ്ങളും പൊരുത്തപ്പെടണം.” നെതർലാൻഡിൽ കുറഞ്ഞത് 1600 ജോലി ഇല്ലാതെയാകും. ഒപ്പം വടക്കൻ വെയിൽസിൽ 1000 ജോലിയും ഇല്ലാതാകുമെന്ന് സാമ്പത്തിക മന്ത്രി കെൻ സ്കേറ്റ്സ് അറിയിച്ചു. പൂർണ്ണമായ കണക്കുകൾ 2020 ഫെബ്രുവരിയിൽ മാത്രമേ അറിയാൻ കഴിയൂ എന്നും സ്കേറ്റ്സ് പറഞ്ഞു. ടാറ്റാ സ്റ്റീൽ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശങ്കാജനകമായ സമയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ടാറ്റാ സ്റ്റീലിന്റെ ഈയൊരു പ്രഖ്യാപനത്തിനെതിരെ കമ്മ്യൂണിറ്റി യൂണിയൻ ജനറൽ സെക്രട്ടറി റോയ് റിഖുസ് മുന്നോട്ട് വന്നു. ക്രൂരമായ രീതിയിലാണ് കമ്പനി ഇത് കൈകാര്യം ചെയ്തതെന്ന് റോയ് കുറ്റപ്പെടുത്തി. ടാറ്റയുടെ നിർദേശങ്ങൾക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ടാൽബോട്ടിൽ 4,000 തൊഴിലാളികളുണ്ട്. ഏതൊക്കെ ഇടങ്ങളിലെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.

യൂറോപ്യൻ ബിസിനസിൽ ഉടനീളം 3,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് ടാറ്റാ സ്റ്റീൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വളരെയധികം ദുഃഖകരമാകുമെന്ന് സൗത്ത് വെയിൽസ് വെസ്റ്റിലെ കൺസർവേറ്റീവ് അസംബ്ലി മെമ്പർ സുസി ഡേവിസ് പറഞ്ഞു. ഇന്ത്യയുടെ ഉടമസ്ഥതയിൽ ഉള്ള ടാറ്റയിൽ ലോകമെമ്പാടുമായി 20000ത്തോളം ആളുകൾ ജോലി ചെയ്യുന്നു. കമ്പനികൾ തമ്മിലുള്ള മത്സരവും തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കുന്നതിന് പ്രധാന കാരണമായി മാറി.

ഹോങ്കോങ് ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്ന നിലപാട് ആവർത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.

പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.

തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു.

വ്യാപാര ഇടപാടുകൾക്ക് ഹോങ്കോങ്ങിനു പ്രത്യേക പദവിയാണ് യുഎസ് നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിനു സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. വ്യാപാരം മുന്നോട്ടു പോകണമെങ്കിൽ ഇതു നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഹോങ്കോങ്ങിന് യുഎസ് നിഷ്കർഷിക്കുന്നതു പ്രകാരമുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ്.

ഹോങ്കോങ്ങിൽ യുഎസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദേശിക്കുന്നതാണ് ബിൽ. ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. ചൈന–യുഎസ് ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ പോന്നതാണ് ഈ നിർദേശങ്ങൾ.

ഹോങ്കോങ്ങിൽ ട്രംപ് ഭരണകൂടത്തിനു നേരിട്ട് ഇടപെടാവുന്ന രീതിയിലേക്കു കാര്യങ്ങൾ മാറ്റാനുള്ള യുഎസ് തന്ത്രമാണ് ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമമെന്നു ചൈന കുറ്റപ്പെടുത്തുന്നു. ഹോങ്കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ചൈന ആവർത്തിച്ചു പറയുമ്പോഴും ജനാധിപത്യവാദികൾക്ക് യുഎസ് നൽകുന്ന പിന്തുണ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved