സ്വന്തം ലേഖകൻ

ലണ്ടൻ : ലണ്ടനിൽ കോവിഡ് 19 ബാധിച്ചു മരിച്ച റെയിൽതൊഴിലാളിയുടെ കേസിൽ പുതിയ വഴിത്തിരിവ്. അവളിലേക്ക് മനഃപൂർവം വൈറസ് പടർത്തിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഇന്നലെ പോലീസ് ചെയ്തു. കൊറോണ വൈറസ് ബാധിതനായ ഒരാൾ മാർച്ചിൽ, ബെല്ലി മുജിംഗയുടെയും സഹപ്രവർത്തകയുടെയും മുഖത്തു തുപ്പുകയായിരുന്നു. അതേത്തുടർന്നാണ് അവർക്ക് രോഗം പിടിപെട്ടത്. ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിലെ ടിക്കറ്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന ബെല്ലി മുജിംഗയുടെയും (47) സഹപ്രവർത്തകയുടെയും മുഖത്ത് വൈറസ് ബാധയുണ്ടെന്ന് അവകാശപ്പെടുന്ന ഒരാൾ ചുമച്ചു തുപ്പുകയായിരുന്നുവെന്ന് യൂണിയൻ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ട് സ്ത്രീകളും രോഗബാധിതരായി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള മുജിംഗയെ പിന്നീട് ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവം നടന്ന് 14 ദിവസത്തിന് ശേഷം ഏപ്രിൽ 5 നാണ് അവൾ മരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് 57 കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് പറഞ്ഞിരുന്നു. ഇന്നലെ ലണ്ടൻ പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തതായി ഒരു വക്താവ് അറിയിച്ചു. ഈയൊരു സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും തെളിവുകൾ ശേഖരിക്കാനും പോലീസ് ഒരുങ്ങുന്നു. 11 വയസ്സുകാരിയുടെ അമ്മ കൂടിയായ മുജിംഗയുടെ മരണം ദാരുണമാണെന്ന് ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. “ജോലി ചെയ്തതിന്റെ പേരിൽ അവളുടെ നേരെ ആക്രമണം ഉണ്ടായി എന്നത് തികച്ചും ഭയാനകമാണ്.” അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്നലെ രേഖപ്പെടുത്തി. 170 മരണങ്ങൾ മാത്രമാണ് ഇന്നലെ ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ 268 മരണങ്ങളെക്കാൾ 100 മരണങ്ങൾ കുറവ്. ഇത് യുകെ ജനതയ്ക്ക് ആശ്വാസകരമായ വാർത്തയായി മാറി. 3,534 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. 243,695 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 34,636 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. കോവിഡ് വാക്സിൻ പരിശോധന വിജയകരമാണെങ്കിൽ സെപ്റ്റംബറിൽ അത് 30 ദശലക്ഷം ആളുകളിലേക്ക് എത്തുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 961 മരണങ്ങളിൽ നിന്ന് പ്രതിദിനം 170 മരണങ്ങളിലേക്ക് രാജ്യം എത്തിയെന്നത് ശുഭസൂചനയായി ജനങ്ങൾ കരുതുന്നു.