ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
വാഹനം ഓടിക്കുന്ന സമയം നിങ്ങളുടെ ശ്രദ്ധ റോഡിൽ നിന്ന് മാറി ഉച്ചത്തിൽ ഗാനം ആലപിക്കുന്നതിലാണെങ്കിൽ പിഴ ചുമത്തൽ നടപടി ഉണ്ടാകാം. വേഗപരിധി പോലെതന്നെ ഗാനാലാപനത്തിലും ഇനി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതുണ്ട്. സെലക്ട് കാർ ലീസിംഗ് അനുസരിച്ച്, ഒരു അപകടത്തിന് മുമ്പ് നിങ്ങൾ വാഹനത്തിൽ നൃത്തം ചെയ്യുകയോ പാടുകയോ ആയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ അപകടകരമായ ഡ്രൈവിംഗിന് കേസ് എടുക്കപെടും.
5,000 പൗണ്ട് വരെ പിഴ ഈടാക്കുകയും ഡ്രൈവിംഗ് ലൈസൻസ് പോയിന്റ് കുറയ്ക്കപ്പെടുകയും ചെയ്യാമെന്ന് മോട്ടോർ ലോ സ്‌പെഷ്യലിസ്റ്റ് പാറ്റേഴ്‌സൺ ലോയിലെ പ്രിൻസിപ്പൽ സോളിസിറ്റർ എമ്മ പാറ്റേഴ്‌സൺ പറഞ്ഞു. വളരെ ഉച്ചത്തിൽ പാടുന്നത് മറ്റു വാഹനങ്ങൾ സമീപിക്കുന്നത് കേൾക്കാതിരിക്കാൻ കാരണമാകുന്നു.
സാമൂഹിക വിരുദ്ധ പെരുമാറ്റത്തെ നേരിടാൻ ബ്രാഡ്‌ഫോർഡ് കൗൺസിൽ പുതിയ പബ്ലിക് സ്‌പേസ് പ്രൊട്ടക്ഷൻ ഓർഡർ (പിഎസ്‌പിഒ) ആരംഭിച്ചതിന് ശേഷമാണ് വാഹന നിയമങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കാറിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതിന് 100 പൗണ്ട് പിഴ ഈടാക്കൽ ഈ വർഷം ആദ്യം മുതൽ ആരംഭിച്ചിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഒരു ആശയവും അനുഭവവുമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം. എന്നാൽ രാജ്യത്തിന് പുറത്തുള്ള ഫെസ്റ്റിവലുകളില്‍ അംഗീകാരം നേടിയ മലയാള സിനിമകൾ കേരളത്തിന്റെ സ്വന്തം മേളയിൽ ഒഴിവാക്കപ്പെട്ടത് പ്രതിഷേധത്തിന് കാരണമായി മാറി. ഐ എഫ് എഫ് കെ പരിഷ്‌ക്കരിക്കപ്പെടണം എന്ന ആവശ്യവുമായി മുന്നോട്ടെത്തിയത് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക് ) ആണ്. കഴിഞ്ഞ വർഷം നിർമിക്കപ്പെട്ട മലയാളത്തിലെ സ്വതന്ത്ര സിനിമകൾ മിക്കതും തഴയപ്പെടുകയും നിരവധി ബോക്സ് ഓഫിസ് സിനിമകൾ മേളയിൽ ഇടം നേടുകയും ചെയ്തു.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന കച്ചവടസിനിമകൾ കേരളത്തിൽ തിയേറ്റർ റീലീസ് ചെയ്തവയും ഡിവിഡി ഇറങ്ങിയവയും ഓൺലൈൻ പ്ലാറ്റഫോമുകളിൽ ലഭ്യമാകുന്നവയും ആണ്. ഈ വർഷവും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്വന്തന്ത്ര സിനിമ പ്രസ്ഥാനം പറയുന്നു. ഇത്തവണ ഈ വിഭാഗത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം നേടിയ കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, ഉണ്ട, വൈറസ്, ഇഷ്ക്, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്.
അക്കാദമിയുടെ സമീപനത്തിനെതിരെ ഒപ്പ് ശേഖരണ പ്രതിഷേധത്തിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്റർ വേദിയായി. രാജ്യാന്തര വേദികളില്‍ പുരസ്ക്കാരത്തിന് അര്‍ഹമായ ചിത്രങ്ങളെ തിരുവനന്തപുരത്ത് വെട്ടിനിരത്തുന്നത് ഒഴിവാക്കപ്പെടണമെന്ന ആവശ്യം ആസ്വാദകർക്കിടയിലും ശക്തമാണ്. വൈകുന്നേരം മുതൽ പ്രതിഷേധ സ്ഥലത്ത് കൊട്ടും പാട്ടും തീർത്ത് ആസ്വാദകരെ ആകർഷിക്കാനും സിനിമ പ്രവർത്തകർക്ക് കഴിയുന്നു.
സ്വന്തം ലേഖകൻ
എടത്വ: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങള്‍ ഇന്ന് രാവിലെ പൊങ്കാല അര്‍പ്പിച്ചു. കസവു പുടവ അണിഞ്ഞ് നാവില്‍ ദേവീ സ്തുതികളും കൈയ്യില്‍ പൂജാദ്രവ്യങ്ങളുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാല അര്‍പ്പിച്ചത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പ്രദേശങ്ങള്‍ 10.30 ഓടെ യാഗഭൂമിയായി മാറി. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായിട്ടായിരുന്നു പൊങ്കാല അടുപ്പുകള്‍ നിരന്നത്.
തിരുവല്ലയിൽ പൊങ്കാല ഇടുന്ന ഭക്തജനങ്ങൾ
കേരളത്തിന് അകത്തും പുറത്തും നിന്നൂള്ള ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങളാണ് പൊങ്കാലയില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പൊങ്കാല അര്‍പ്പിക്കാനായി നിരവധി ഭക്തര്‍ എത്തീരുന്നു. പുലര്‍ച്ച നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനത്തോടെയുമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. പത്തിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനക്ക് ശേഷം 10.30 ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാരപൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകര്‍ന്നു. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പുതിരി നേതൃത്വം വഹിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രജ്ഞിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായിരുന്നു.
ഡബ്ലിന്‍: അയർലണ്ടിൽ ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും ദുഃഖം നൽകി ഡബ്ലിന് അടുത്ത് താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന് ഐറിഷ് പ്രവാസി മലയാളികളുടെ യാത്രാമൊഴി. ഇന്നലെ (തിങ്കളഴ്ച) വൈകീട്ട് നാലുമണിയോട് കൂടി മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ ആരംഭിച്ചു. കൃത്യസമയം പാലിച്ചു ഫ്യൂണറൽ ഡയറക്ടർസ് മേരിയുടെ ഭൗതീക ശരീരം എത്തിക്കുകയും ചെയ്‌തു. കാനഡയിനിന്നും മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
[ot-video][/ot-video]
ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം
ഒ സി ഐ ( ഇന്ത്യൻ ഓവർസീസ് സിറ്റിസൺഷിപ്പ് ) കാർഡ് ഉള്ള പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്കരമായി തീരുന്നു വെന്ന് ജയ്‌പൂർ ഫൂട്ട് ചെയർമാൻ പ്രേം ഭണ്ഡാരി . ഈ കാർഡ് പുതുക്കുന്നതിനെ സംബന്ധിച്ച് നടപ്പിലാക്കിയ പുതിയ നിയമങ്ങളെ കുറിച്ച് ആവശ്യമായ ധാരണകൾ ആളുകളിൽ ഇല്ലാത്തതാണ് ഇതിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു . ഇതിന്റെ ഫലമായി അനേകം ഇന്ത്യക്കാർക്ക് തങ്ങളുടെ യാത്രകൾ ക്യാൻസൽ ചെയ്യേണ്ടിവരുന്നു. ചിലർക്ക് യാത്ര ദുബായിലും മറ്റും വെച്ച് പകുതിക്ക് അവസാനിപ്പിക്കേണ്ടി വരുന്നു. പുതിയ നിയമം അനുസരിച്ച് 20 വയസ്സിൽ താഴെയുള്ളവരും, 50 വയസ്സിന് മുകളിൽ ഉള്ളവരും തങ്ങളുടെ പാസ്പോർട്ട് പുതുക്കുന്നതിനോടൊപ്പം ഒസിഐ കാർഡും പുതുക്കേണ്ടതാണ്. എന്നാൽ ഇത് സംബന്ധിച്ച് പ്രവാസികളിൽ വ്യക്തമായ ധാരണ ഇല്ല. ഇതുമൂലം പകുതിക്കു വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വരികയാണ് പലരും.
സാമൂഹിക പ്രവർത്തകൻ കൂടിയായ ഭണ്ഡാരി , അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ ആയ ഹർഷ് വർധൻ സിംഗളയോടാണ് ഒ സി ഐ കാർഡിനെ സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രവാസികളിൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒ സി ഐ കാർഡിന്റെ പ്രയോജനം തന്നെ യാത്രകൾ ലളിതമാക്കുക എന്നതാണ്. എന്നാൽ ഇപ്പോൾ അത് പ്രവാസികൾക്ക് തലവേദനയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉടൻതന്നെ ഈ കാര്യത്തിൽ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അംബാസിഡർ ഉറപ്പു നൽകിയതായും ഭണ്ഡാരി പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനായി ആണ് ഈ കാർഡ് നടപ്പിലാക്കിയത്. ഒ സി ഐ കാർഡിലൂടെ പ്രവാസികൾക്ക് ഇന്ത്യയിൽ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും ഉടൻ നീക്കുമെന്ന് അംബാസഡർ പറഞ്ഞു.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ആധുനിക ജനാധിപത്യത്തിന്റെ പതാകവാഹകരായിട്ടാണ് ബ്രിട്ടൻ അറിയപ്പെടുന്നത്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനമായ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനായിട്ടുള്ള ജനങ്ങളുടെ അവകാശത്തെ ഏറ്റവും കൂടുതൽ മാനിക്കുന്ന ഒരു രാജ്യമായിട്ടാണ് ബ്രിട്ടൺ കരുതപ്പെടുന്നത്. എന്നാൽ യോർക്ക് ഷെയറിൽ നടന്ന ഒരു പഠനം ഈ ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുന്നതാണ്. പോസ്റ്റൽ വോട്ടുകൾ വഴി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിൽ ഭൂരിഭാഗവും അസാധുവായെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. വയോധികരും പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവരും ആയ ആയിരക്കണക്കിനാൾക്കാരുള്ള ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഈ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.
ജനസംഖ്യയിൽ നല്ലൊരു ശതമാനം പോളിംഗ് ദിവസം എത്താൻ സാധിക്കാത്തവരായതിനാൽ പോസ്റ്റൽ വോട്ടുകൾ ശരിയായവിധത്തിൽ എണ്ണപെടാത്തത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്.യോർക്ക് ഷെയറിൽ നടന്ന പഠനത്തിൽ വെളിവാക്കപ്പെടുന്നത് വോട്ടു ചെയ്ത ഭൂരിഭാഗം പോസ്റ്റൽ വോട്ടുകളും എണ്ണപ്പെട്ടിട്ടില്ലാ എന്നതാണ്. 2017 ലെ ഇലക്ഷനിൽ യോർക്ക് ഷെയറിൽ മാത്രം 96824 പോസ്റ്റൽ വോട്ടുകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ 82893 വോട്ടുകൾ മാത്രമാണ് തിരിച്ചു വന്നത് . അതായത് 11007 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല . ഇത് വിതരണം ചെയ്ത പോസ്റ്റൽ വോട്ടുകളുടെ 11 ശതമാനത്തോളം വരും .
യോർക്ക് ഷെയറിൽ തന്നെ പോസ്റ്റൽ വോട്ട് തിരിച്ചു വന്നതിൽ ആയിരക്കണക്കിന് പോസ്റ്റൽ വോട്ടുകൾ ആണ് നിരവധി കാരണങ്ങൾ കൊണ്ട് എണ്ണ പെടാതെ പോയത്. ഫോം ശരിയായ രീതിയിൽ ഫിൽ ചെയ്തില്ല തുടങ്ങിയ നിസ്സാര കാരണങ്ങൾ കൊണ്ടാണ് അസാധുവായത്. അതുകൊണ്ട് നിങ്ങൾ പോസ്റ്റൽ വോട്ട് ചെയ്യുന്നവരാണെങ്കിൽ വളരെയധികം മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നിങ്ങളുടെ വോട്ടവകാശം പാഴായി പോകും എന്ന് മറക്കല്ലേ.
അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം
സ്ഥിരമായി ഹെയർ ഡൈയും സ്ട്രെയ്റ്റനിങ്ങും ചെയ്യുന്ന സ്ത്രീകളിൽ സ്തനാർബുധത്തിനുള്ള സാധ്യത 60% ആണെന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിന്റെ പഠന റിപ്പോർട്ട്. 45000 സ്ത്രീകളിൽ നടത്തിയ പഠനമാണ് ഹെയർ ഡൈയും സ്തനാർബുദവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദീകരിക്കുന്നത്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിലാണ് ഇത് കൂടുതലും ബാധിക്കാനുള്ള സാധ്യത. ഇവ അർബുദത്തിന് നേരിട്ടുള്ള കാരണം ആകുന്നില്ലെങ്കിൽക്കൂടി സൗന്ദര്യവർധകവസ്തുക്കളിലെ കാർസിനോജനുകൾ രോഗാവസ്ഥയ്ക്കുള്ള സാധ്യത കൂട്ടുന്നു. സ്ഥിരമായി ഡൈ ചെയ്യുന്ന സ്ത്രീകളിൽ അർബുദത്തിനുള്ള സാധ്യത 9% ആണ്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിൽ ഇത് 45 % ആയി ഉയരും. എന്നാൽ അമിതമായി ഹെയർ ഡൈ ഉപയോഗിക്കുന്നവരിൽ 45%എന്നത് 60 % വരെയായി ഉയരാം. ഉപയോഗിക്കുന്നത് ഇരുണ്ട നിറത്തിലുള്ള ഡൈ ആണോ ഇളം നിറത്തിലുള്ള ഡൈ ആണോ എന്നതും രോഗ സാധ്യതയെ നിർണയിക്കാം. ഇളം നിറത്തിലുള്ള ഡൈകൾ കറുത്ത സ്ത്രീകളിൽ 46% വും വെളുത്ത സ്ത്രീകളിൽ 12%വും സാധ്യത നൽകുന്നു. എന്നാൽ ഇരുണ്ട നിറത്തിലുള്ള ഡൈകൾ കറുത്ത സ്ത്രീകളിൽ 51 %വും വെളുത്ത സ്ത്രീകളിൽ 8%വും സാധ്യത നൽകുന്നുണ്ട്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾക്ക് നൽകുന്ന ഉൽപ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള രാസവസ്തുക്കൾ രോഗസാധ്യത കൂട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് മുൻപുള്ള പഠനങ്ങളും സൂചിപ്പിക്കുന്നു.
ഇതോടൊപ്പം ഹെയർ സ്ട്രെയ്റ്റനിങ്ങും സ്തനാർബുദവും തമ്മിലുള്ള ബന്ധവും ശാസ്ത്രജ്ഞർ അടിവരയിടുന്നു. സ്ട്രൈറ്റനിങ് ചെയ്യുന്ന 30 % സ്ത്രീകളിലും സ്തനാർബുദത്തിനുള്ള സാധ്യത ഉണ്ട്. വെളുത്ത വരെ അപേക്ഷിച്ച് കറുത്തവർഗക്കാർ കൂടുതൽ സ്ട്രൈറ്റനിങ് ചെയ്യുന്നതിനാൽ അവരിലാണ് അർബുദത്തിനുള്ള സാധ്യത കൂടുതൽ.
പഠനം നടത്തിയ ശാസ്ത്രജ്ഞർ ഹെയർ ഡൈയെയും സ്ട്രൈറ്റനങ്ങിനെയും കുറിച്ച് പറയുമ്പോഴും അതിനേക്കാൾ പ്രാധാന്യം നൽകേണ്ട മറ്റു ചില കാര്യങ്ങളെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നുണ്ട്. അമിതവണ്ണവും ഭക്ഷണവും വ്യായാമക്കുറവും ഇതിനേക്കാളൊക്കെ ഏറെ എല്ലാ സ്ത്രീകളിലും അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പഠനങ്ങൾ കൂടുതൽ ഗവേഷണങ്ങളിലേക്ക് നയിക്കപ്പെടെണ്ടതുണ്ട്
ലിവർപൂൾ ക്നാനായ സമൂഹം ഇടുക്കിചാരിറ്റി ഗ്രൂപ്പിനെ ആദരിച്ചു . അതോടൊപ്പം ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിനുള്ള പൂർണ്ണ പിന്തുണയും ലിവർപൂൾ ക്നാനായ സമൂഹം നൽകും . ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിന് ഇതുവരെ 3558 പൗണ്ട് ലഭിച്ചു. ഇതിനുവേണ്ടിയുള്ള ചാരിറ്റി വരുന്ന ചെവ്വാഴച കൊണ്ട് അവസാനിക്കുന്നു .
മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെ മാനിച്ച് മലയാളം യുകെ അവാർഡും പടമുഖം സ്നേഹമന്ദിരത്തിന്റെ ആദരവും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്.
ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിന് ഇതുവരെ 3558 പൗണ്ട് ലഭിച്ചു. ഇതിനുവേണ്ടിയുള്ള ചാരിറ്റി വരുന്ന ചൊ വ്വാഴച കൊണ്ട് അവസാനിക്കുന്നു .
രണ്ടു കന്യാസ്ത്രീകളായ മക്കളുള്ള മാതാപിതാക്കൾ മഴനനഞ്ഞും വെയിലുകൊണ്ടും വീട് പ്രകൃതി ദുരന്തത്തിൽ തകർന്നുപോയി കിടക്കുന്ന വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചപ്പോൾ വളരെ വലിയ പിന്തുണയാണ് ലഭിച്ചത്.
ഇന്നലെ നടന്ന ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷത്തിൽ വച്ച് ഈ വിവരം ആളുകളെ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് അറിയിക്കുകയും എല്ലാവരും കഴിയുന്നത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു .കൂടതെ കഴിഞ്ഞ പതിനഞ്ചു വർഷമായി വളരെ സുതാര്യമായി ചാരിറ്റി പ്രവർത്തനം ചെയ്യുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
പരിപാടികളെ തുടർന്നു നടന്ന പൊതുയോഗത്തിൽ വച്ച് അടുത്ത രണ്ടുവര്ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി തോമസ് ജോൺ വാരികാട്ടും സെക്രട്ട റിയായി ജോബി ജോസഫും തുടരും .ട്രഷർ ആയി ജോബി കുര്യനെ തിരഞ്ഞെടുത്തു . ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ അഭ്യർഥനമാനിച്ചു തോമസ് ജോൺ വാരികാട്ട് യോഗത്തിൽ വച്ച് UKKCA പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.
കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധകലാപരിപാടികൾ അതി മനോഹരമായിരുന്നു . വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളെ ആദരിച്ചു സ്‌പൈസ് ഗാർഡൻ ആണ് ഭക്ഷണം ഒരുക്കിയത് .
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പ് ചേട്ടന്റെ വീട് പുതുക്കി പണിയാൻ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദർശിച്ച സാമൂഹിക പ്രവർത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമട്ടിലെ വീട്ടിൽ എത്തിക്കാനെ കഴിയു എന്നതാണ് . അതിനാണ് വലിയ ചെലവ് വേണ്ടിവരിക . നാട്ടുകാരുടെ നന്നായി സഹായവും ലഭിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ് .
കന്യാസ്ത്രീകളായ ഇവരുടെ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് ശ്രമിക്കാം .
ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാൻ നമുക്ക് കൈകോർക്കാം
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
നിശബ്ദതകളുടെ പൂമേനികൾ
എല്ലാ കണ്ണുകളും സിസ്റ്റർ നോറിന്റെ മുഖത്താണ്. ജസീക്കയുടെ അഭിലാഷം അംഗീകരിച്ചാൽ മുകളിലുള്ളവർ ചോദിക്കില്ലേ? ആരോട് ചോദിച്ചിട്ടാണ് സമ്മതം മൂളിയതെന്ന്. ചോദ്യം ചോദിച്ചവൾക്ക് ഉത്തരം കൊടുത്തില്ലെങ്കിൽ അവർ നിരാശരാകും. ഉള്ളിൽ സംഘട്ടനത്തിന്റെ നിമിഷങ്ങൾ. എങ്ങും നിശബ്ദത. ഇൗ മൗനം എത്രനേരം തുടരും? ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റേണ്ടത്. അവളിലൂടെ ഒരു പ്രത്യാശയാണ് വെളിപ്പെട്ടത്. സിസ്റ്റർ കാർമേൽ കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു. കൊടുംകാറ്റിലുലയുന്ന കടലിലെ കപ്പലിലാണ് സിസ്റ്റർ നോറിൻ നില്ക്കുന്നത്. കപ്പലിനെ ശാസിച്ച് നിർത്തണമെങ്കിൽ മനസ്സിന് ധൈര്യവും പ്രത്യാശയും ഉണ്ടായിരിക്കണം. ദൈവീകവാഗ്ദാനത്തിൽ മറുപടി പറയാൻ സിസ്റ്റർ നോറിനെ സഹായിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
എല്ലാവരുടെയും വികാരം കണക്കിലെടുത്ത് സിസ്റ്റർ നോറിൻ അറിയിച്ചു.
“”എനിക്ക് സമ്മതമാണ്. അതിന് സഭാപിതാക്കന്മാരുടെ അനുവാദംകൂടി വേണം. അതിനായി ഞാനും സിസ്റ്റർ കാർമേലും ശ്രമിക്കും.” എല്ലാവരും എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കരഘോഷം മുഴക്കി. സിസ്റ്റർ നോറിനെ ജസീക്ക സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. സിസ്റ്റർ മടങ്ങിവന്ന് കസേരയിലിരുന്നു. സിസ്റ്റർ കാർമേൽ സന്തോഷത്തോടെ സിസ്റ്റർ നോറിന് നന്ദി അറിയിച്ചു.
“”എല്ലാ പ്രതിസന്ധിയും ദൈവം മാറ്റിത്തരും. നമുക്ക് പ്രാർത്ഥിക്കാം.”
സിസ്റ്റർ നോറിന് ആ വാക്കുകൾ ആശ്വാസം പകർന്നു.
ദൈവഹിതം നിറവേറ്റപ്പെടണം. അത് മാത്രമേ സിസ്റ്റർ കാർമേൽ ചിന്തിച്ചുള്ളൂ. പല രാജ്യങ്ങളിലും പലസന്നദ്ധസംഘടനകളുടെ സഹായത്തോടെ വേശ്യകളുടെ ഉയർച്ചയ്ക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പലഭാഗങ്ങളിൽ നിന്നുയരുന്ന ശബ്ദം സാമ്പത്തിക ക്ലേശങ്ങളാണ്. ദൈവം തന്റെ പ്രാർത്ഥന കേട്ടതിന്റെ പ്രതിഫലമാണ് ജസീക്ക വൻതുക നല്കാൻ തീരുമാനിച്ചത്. പല രാജ്യങ്ങളിൽ ലൈംഗികപീഡനം അനുഭവിച്ചുകൊണ്ട് പലരും കഴിയുന്നുണ്ട്. ഇനിയും പണമില്ല എന്ന പരാതി വേണ്ട.
അവൾ കാണിച്ച മാതൃക പലരംഗത്തുള്ളവർക്കും ചെയ്യാവുന്നതേയുള്ളൂ. അവളെ ഇവിടെ എത്തിച്ചത് ദൈവം തന്നെയാണ്. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടേ. “”നിങ്ങളെ ഞാൻ മെക്സിക്കോയിലേക്കും ബ്രസീലിലേക്കും ക്ഷണിക്കയാണ്. ആർക്കെങ്കിലും കൊളംബിയയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യണമെങ്കിൽ ഞാൻ സഹായിക്കാം. നമ്മുടെ മുദ്രാവാക്യം സ്ത്രീവിമോചനം തന്നെയാണ്. നമുക്ക് ഒന്നിച്ച് നീങ്ങാം. നാളെ രാവിലെതന്നെ ഞാൻ മടങ്ങും. എല്ലാവർക്കും നന്മകൾ നേരുന്നു.” എല്ലാവരും കരഘോഷം മുഴക്കി പിരിഞ്ഞു.
ജെസീക്ക സിസ്റ്റർ കാർമേലിന്റെ മുറിയിൽ സിസ്റ്റർ നോറിനും മെർളിനും ഫാത്തിമയായും ഒന്നിച്ചുകൂടി. എല്ലാവരും സംതൃപ്തരായി കാണപ്പെട്ടെങ്കിലും സിസ്റ്റർ കാർമേലിന്റെ മുഖത്ത് മ്ലാനത കാണപ്പെട്ടു. ജസീക്ക വേറൊരു ലോകത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്. അവളുടെ സംഘത്തിൽ പെട്ടവരുടെ പ്രതികരണം എന്തെന്നറിയില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ അവളുടെ സേവനം ആവശ്യമാണ്. ആ വിഷയം അവളുമായിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. അവളുടെ എല്ലാം സഹായസഹകരണത്തിനും സിസ്റ്റർ നോറിൻ നന്ദിയറിയിച്ചു. അവരെല്ലാം അവളെ സ്നേഹബഹുമാനത്തോടെ നോക്കി. ഹൃദയം നിറയെ സ്നേഹമായിരുന്നു. വരാന്തയിലൂടെ ആരോ സംസാരിച്ചു നടക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും ഇടുങ്ങിയ വഴികളും തെരുവുവിളക്കുകളും അവൾക്കറിയാം.
സ്ത്രീശാക്തീകരണത്തിന് സമർപ്പിക്കപ്പെട്ടവളും ഇൗ പ്രസ്ഥാനത്തിന്റെ അംബാസിഡർ എന്ന നിലയിലും സിസ്റ്റർ കാർമേൽ ഹൃദ്യമായ ഒരു ആവശ്യം മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചു.
സിസ്റ്റർ കാർമേൽ അവളെ ലേഡീസ് കെയർ ഹോമിന്റെ ആഗോളതലത്തിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറി.
“”എന്റെ കടമയും കർത്തവ്യവും ഒരിക്കലും ഞാൻ വിസ്മരിക്കില്ല. ദൈവം എന്നെ ഇൗ വേലക്ക് കണ്ടെത്തി എന്നാണ് എന്റെ വിശ്വാസം. അതാണല്ലോ എന്റെയടുക്കലേക്ക് ദൈവം സിസ്റ്ററെ അയയ്ച്ചത്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇൗ പദവി. കഴിഞ്ഞ കാലങ്ങളിൽ പാരീസിലെ ഒരു പെർഫ്യൂമിന്റെ കമ്പനിക്കായി ഞാൻ അമ്പാസിഡർ ആയിട്ടുണ്ട്. അന്ന് സുഗന്ധത്തിന്റെ പദവി. ഇൗ ദുർഗന്ധത്തെ ഞാൻ ആ സുഗന്ധമായി മാറ്റും. സമൂഹം തള്ളിക്കളഞ്ഞ പതറിയ മനസുമായി ജീവിക്കുന്ന സഹോദരിമാർക്കുവേണ്ടി എന്റെ രക്തം ചൊരിയാനും രക്തസാക്ഷിയാകാനും ഞാനൊരുക്കമാണ്. എന്റെ ജീവിതം നശിപ്പിച്ച കാട്ടാളന്മാരുടെ കൈകൊണ്ട് മരിക്കാൻ ഞാൻ തയ്യാറല്ല. മെക്സിക്കോയിലും ബ്രസീലിലും എന്റെ രക്തമൊഴുക്കാൻ അവർക്കാകില്ല. അതവർക്ക് നന്നായി അറിയാം. ഇൗ രണ്ട് രാജ്യങ്ങളിലും കെയർ ഹോം സ്ഥാപിക്കണം.” ഒരു തത്വജ്ഞാനിയെപ്പോലെ ജസീക്ക പറഞ്ഞു നിർത്തി.
സിസ്റ്റർ കാർമേൽ പറഞ്ഞു
“”മോളെ, ഞങ്ങളെ സംബന്ധിച്ച് നിന്റെ രക്ഷയാണ് ഞങ്ങൾക്കു വലുത്, രക്തമല്ല. രണ്ടു രാജ്യങ്ങളിലെ അമ്പാസിഡർ ആയിരുന്നാൽ മതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ സഭയുടെ മേൽനോട്ടത്തിൽ ധർമ്മസ്ഥാപനങ്ങളുണ്ട്. ധാരാളം സ്ത്രീപുരുഷന്മാർ അന്തേവാസികളായിട്ടുമുണ്ട്. ഇൗ കാര്യത്തിൽ ജസീക്ക വിഷമിക്കേണ്ട, നമ്മുടെ വിശ്വാസവും ത്യാഗവും സമർപ്പണവും മാത്രം മതി. സിസ്റ്റർ കാർമേൽ അവളെ ധൈര്യപ്പെടുത്തി.
സിസ്റ്റർ നോറിൻ പറഞ്ഞു
“”നമ്മളെ ദൈവം ഏല്പിച്ചിരിക്കുന്ന ജോലി പാപത്തിൽ മരിച്ചവർക്ക് ജീവൻ കൊടുക്കുക എന്നുള്ളതാണ്. നാം ഒാരോരുത്തരും ഇൗ ലോകത്തിന്റെ മുന്തിരിയും മുന്തിരി വള്ളികളുമാണ്. നിങ്ങൾ സെന്റ് ഫ്രാൻസിസിനെ മാത്രം മുന്നിൽ കണ്ടാൽ മതി. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്. യുവാവായിരുന്ന ഫ്രാൻസിസ്കോ ബർണാഡോ തന്റെ പിതാവിന്റെ സ്വർണനാണയങ്ങൾ തകർന്നുപോയ ഒരു പള്ളി പണിയാൻ ഒരു പുരോഹിതന് നല്കി. അതറിഞ്ഞ പിതാവ് രോഷാകുലനായി തന്റെ സ്വത്ത് ഒരിക്കലും അവന് കൊടുക്കില്ലെന്ന് നിശ്ചയമെടുത്ത് കോടതിയിൽ കേസ് കൊടുത്തു. കോടതിയിൽ വിചാരണ നേരിടാൻ ചെന്ന ഫ്രാൻസിസ് പിതാവ് വാങ്ങിക്കൊടുത്ത ഉടുതുണികൾ അഴിച്ച് ജസ്റ്റിസിന്റെ മുന്നിൽ വച്ചിട്ട് പറഞ്ഞു.
“”എനിക്ക് പിതാവിന്റെ ഒന്നുംതന്നെ വേണ്ട. ഇൗ സമ്പത്ത് വളർത്തി എനിക്ക് ധനികൻ ആകേണ്ട. ഇൗ സംഭവം ഞാൻ പറഞ്ഞത് ജെസീക്കയ്ക്കും ഫാത്തിമക്കും വേണ്ടിയാണ്.
അവർ സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
ജെസീക്ക ലേഡി കെയർ ഹോമിന്റെ ബാങ്ക് അക്കൗണ്ട്, സോർട്ട് കോഡ് മുതലായവ ചോദിച്ചു മനസ്സിലാക്കി എഴുതിയെടുത്തു. ഉടൻ മെർളിൻ അലമാരയിൽ നിന്ന് ഒരു ഫയലെടുത്ത് ബാർക്ലേയിസ് ബാങ്കിന്റെ കത്ത് കാണിച്ചു. ജസീക്ക അവളുടെ വിലപിടിപ്പുള്ള മൊബൈലിൽ സ്വന്തം ബാങ്കിൽ നിന്ന് ഒരു ലക്ഷം യുകെ പൗണ്ട് കെയർ ഹോമിന്റെ അക്കൗണ്ടിലേക്ക് ഇട്ടു.
സിസ്റ്റർ നോറിന്റെ മുഖത്ത് സന്തോഷം മിന്നി. തന്റെ ഉള്ളിലും ഒരു പോരാളി ഉണർന്നു കഴിഞ്ഞു. അതിനെ മുന്നോട്ട് നയിക്കയാണ് അടുത്ത പടി. രണ്ട് രാജ്യങ്ങളിലും ഇവിടുത്തേതുപോലെ ലേഡീസ് കെയർ ഹോം ഉയർത്താനും പ്രവർത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഞാൻ ചെന്ന് ഉടൻ പണി ആരംഭിക്കും.
സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
നേരം പുലർന്നു. മഴ ശാന്തമായി പെയ്തിറങ്ങി. കൃഷിതോപ്പിലെ പച്ചിലകൾക്കിടയിൽ മഴത്തുള്ളികൾ പെയ്തിറങ്ങി. എങ്ങുനിന്നോ പറന്നെത്തിയ ഒരു ബ്ലു പ്ലാസ്റ്റിക് കവറിനെ കാറ്റ് മണ്ണിൽ വലിച്ചിഴച്ചു. രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീക്ക് ശർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. സിസ്റ്റർ കാർമേലും ജസീക്കയും അവരുടെ അടുത്തേക്ക് ഒാടിയെത്തി. പെട്ടെന്ന് പരിശോധനാമുറിയിലേക്ക് കൊണ്ടുവന്ന് പ്രഥമശുശ്രൂഷ നല്കി. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. സിസ്റ്റർ നോറിനും മെർളിനും അവിടേക്ക് വേഗത്തിലെത്തി. ഭക്ഷണവുമായി ബന്ധപ്പെട്ട ദഹനക്കേട് വല്ലതുമാകാമെന്ന് സിസ്റ്റർ കാർമേൽ നോറിനോട് പറഞ്ഞു. സിസ്റ്റർ കാർമേൽ നോറിനോട് ബഡ്ഡിൽ കിടക്കുന്ന രോഗിയെപ്പറ്റി എന്തോ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
നല്ലൊരു സ്നേഹബന്ധം ഉണ്ടാക്കിയിട്ടാണ് ജസീക്ക ഇറങ്ങിയത്. കെയർ ഹോമിന്റെ ഉത്ഘാടനത്തിന് എത്തുമെന്ന് കാറിലിരുന്ന് സിസ്റ്റർ കാർമേൽ ജസീക്കാക്ക് ഉറപ്പുകൊടുത്തു.
പുതിയ അറിവുകൾ പ്രദാനം ചെയ്യുന്ന പുസ്തകങ്ങളെ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇവിടുത്തെ ലൈബ്രറിയിൽ കുറച്ചുകൂടി പുസ്തകങ്ങൾ വാങ്ങി വയ്ക്കണമെന്ന് അവൾ അഭിപ്രായപ്പെട്ടു. പുസ്തകങ്ങളിൽ സ്നേഹവും പ്രണയവുംമാത്രമല്ല വിപ്ലവങ്ങളുമുണ്ടെന്ന് അവൾ അവകാശപ്പെട്ടു. മഹാന്മാരായ എഴുത്തുകാരെല്ലാം തിന്മയ്ക്കെതിരെ എഴുതുന്നവരല്ലേ . നമ്മുടെ സ്ഥാപനങ്ങളിൽ അക്ഷരവും ആത്മാവും ഉണ്ടാകണം.
എയർപോർട്ടിലെത്തി പരസ്പരം ചുംബിച്ചുകൊണ്ടവർ അവൾക്ക് യാത്രാമംഗളങ്ങൾ നേർന്നു.
തിരികെ കെയർ ഹോമിന്റെ മുന്നിലെത്തുമ്പോൾ പോലീസ് വാഹനം കണ്ട് വിസ്മയിച്ചു.
ലണ്ടൻ : ചരിത്രപരമായ ആ നിമിഷത്തിലേക്ക് ഇനി കുറച്ച് ദിനങ്ങൾ മാത്രം ബാക്കി. 2019ലെ പൊതുതെരഞ്ഞെടുപ്പ് ബ്രിട്ടന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. നിരവധി വാഗ്ദാനങ്ങളും പ്രതിജ്ഞകളും മുന്നോട്ട് വച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പോരാട്ടവീര്യം പുറത്തെടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഡിസംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചരിത്രപരമായ ഒന്ന് എന്നാണ് പ്രധാനമന്ത്രി ജോൺസൻ വിശേഷിപ്പിച്ചത്. തനിക്ക് ബ്രിട്ടനെ മാറ്റിമറിക്കാനുള്ള ഉദ്ദേശ്യം ആണുള്ളതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കൾ രാജ്യത്തിന്റെ പല ഭാഗത്തേക്കായി യാത്ര ചെയ്യുകയാണ്.
പ്രധാന രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങൾ ഇവയാണ് ;
* അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനം അവതരിപ്പിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പറയുന്നു.
* ഇംഗ്ലണ്ടിലെ വൃദ്ധജനങ്ങൾക്ക് സൗജന്യ പരിചരണവും 2024ഓടെ 10 ബില്യൺ അധിക ഫണ്ടും ലേബർ പാർട്ടി വാഗ്ദാനം ചെയ്യുന്നു.
* ഒരു റീജിയണൽ റീബാലൻസിംഗ് പ്രോഗ്രാം ലിബറൽ ഡെമോക്രാറ്റ്സ് മുമ്പോട്ട് വെക്കുന്നു.
അതേസമയം സ്കോട്ട്‌ലൻഡിന്റെ ഭാവി തന്നെ അപകടത്തിലാണെന്ന് എസ്എൻപി നേതാവ് നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. ബ്രെക്‌സിറ്റിൽ നിന്ന് രക്ഷപ്പെടാനും എൻഎച്ച്എസിനെ സംരക്ഷിക്കാനും സ്കോട്ട്‌ലൻഡിന്റെ ഭാവി സുരക്ഷിതമാക്കാനും തന്റെ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് അവർ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
ഇമിഗ്രേഷൻ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങൾ കൺസേർവേറ്റിവ് പാർട്ടി പുറത്തു വിട്ടു. 2021 ജനുവരിയോടെ ഈയൊരു നടപടി ആരംഭിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. സംരംഭകർക്കും എൻഎച്ച്‌എസിനായി പ്രവർത്തിക്കുന്ന ചില ആളുകൾക്കും ആയിരിക്കും യുകെയിലേക്ക് അതിവേഗ പ്രവേശനം. “ഞങ്ങൾക്ക് മുമ്പുള്ള അഞ്ച് ദിവസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതാണ് ഇപ്പോൾ പ്രധാനം ” ജോൺസൻ അഭിപ്രായപ്പെട്ടു.
സാമൂഹിക പരിപാലനത്തിനാണ് ലേബർ പാർട്ടി പ്രാധാന്യം നൽകുന്നത്. വയോജനങ്ങൾക്ക് സൗജന്യ വ്യക്തിഗത പരിചരണം ഏർപ്പെടുത്തുമെന്ന് അവർ അറിയിച്ചുകഴിഞ്ഞു. കിംഗ്സ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് , പരിചരണം നൽകുന്നതിന് 2020-21 ഓടെ ആസൂത്രിത ചെലവുകൾക്ക് മുകളിൽ 6 ബില്യൺ പൗണ്ട് അധികം ആവശ്യമായി വരും. റെയിൽവേ വൈദ്യുതീകരണം മെച്ചപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് പോയിന്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുക, ബ്രോഡ്‌ബാൻഡ് പ്രവേശനം മെച്ചപ്പെടുത്തുക തുടങ്ങിയവ ലിബറൽ ഡെമോക്രാറ്റ്സ് നൽകുന്ന വാഗ്ദാനങ്ങൾ ആണ്.
തെരഞ്ഞെടുപ്പ് വിജയിച്ചാൽ ലേബർ പാർട്ടി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡൊണെൽ പറഞ്ഞു. ജോൺസന് എതിരെ കടുത്ത മത്സരത്തിനാണ് കോർബിൻ ഒരുങ്ങുന്നതെന്ന് വ്യക്തമാണ്. അതിനാൽ തന്നെ ഈ പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതുമാണ്.