കേന്ദ്ര ബജറ്റ് പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി നൽകേണ്ടിവരുമോ എന്നതിനെക്കുറിച്ചാണ് ആശങ്ക. പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് 2020 അവതരിപ്പിക്കുന്ന വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഗൾഫ് നാടുകളിൽ ആദായ നികുതി ഇല്ലാത്തതുകൊണ്ട് അവിടെ പണിയെടുക്കുന്നവർ ഇന്ത്യയിൽ നികുതി അടയ്‌ക്കേണ്ടിവരുമെന്ന ധാരണ ഉടനെ പടർന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇതേത്തുടർന്ന് പ്രവാസികളിലേറെയും നാട്ടിലേക്ക് പണമയക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വെച്ചിട്ടുണ്ട്. കാര്യങ്ങളിലൊരു വ്യക്തത വന്ന ശേഷം പണമയച്ചാൽ മതിയെന്ന് വിചാരിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് ബാങ്കുകളിലേക്ക് വരുന്ന ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ പരിശോധിച്ചാലറിയാനാകും. ബാങ്കുകളിലേക്ക് വിദേശത്തു നിന്നയയ്ക്കുന്ന ഫണ്ടു വരവിൽ ഒരാഴ്ചക്കുള്ളിൽ കുറവു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച അവ്യക്തത നീക്കേണ്ടത് ഇക്കാരണത്താൽ അത്യാവശ്യമാണ്.
ബജറ്റിന്റെ അടുത്തദിവസം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടറേറ്റ് ടാക്സസ് ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. അതനുസരിച്ച് 6 (1 എ) വകുപ്പ് പ്രകാരം ഒരാൾ വിദേശത്തു താമസക്കാരനാണെങ്കിൽ, ഇന്ത്യയിലെ ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ലഭിക്കുന്നതല്ലാതെ വിദേശ വരുമാനത്തിന് ഒരു നികുതിയും ഈടാക്കില്ല. അത്തരം വ്യക്തികളുടെ കാര്യത്തിൽ, അവരുടെ ഇന്ത്യൻ വരുമാനത്തിന് മാത്രമേ നികുതി ഉണ്ടാകൂ.
പലരും വിദേശ വരുമാനത്തിന് നികുതി ഈടാക്കുന്നില്ല എന്ന വ്യവസ്ഥ കാലങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഉദാഹരണത്തിന് നാട്ടിലെ വസ്തു ഒരു പ്രവാസി മറ്റൊരു പ്രവാസിക്ക് വിൽക്കുന്നു. മൂലധനലാഭ നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വളരെ കുറച്ചു മാത്രം വരത്തക്കരീതിയിൽ ഉള്ള ഒരു തുക നാട്ടിൽ വച്ചു കൈമാറിയിട്ട് വിൽപന തുകയുടെ സിംഹഭാഗവും വിദേശത്തുവച്ചു കൈമാറുന്നു. വിദേശത്തു ലഭിച്ച പണം നാട്ടിലേക്ക് വിദേശ വരുമാനമെന്ന രീതിയിൽ അയക്കുന്നു. ഇത് സംസ്ഥാന സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ നഷ്ടവും കേന്ദ്ര സർക്കാരിന് ആദായനികുതി ഇനത്തിൽ നഷ്ടവും ഉണ്ടാക്കുന്നു.
ഇതുമാത്രമല്ല, മറ്റുപല രീതികളിലും ഇന്ത്യക്കകത്തുനിന്നു സമ്പാദിക്കുന്ന വരുമാനത്തിനെ വിദേശത്ത് എത്തിച്ചിട്ട് അവിടെനിന്നുള്ള വരുമാനമാക്കി കാണിച്ചു നാട്ടിൽ തിരികെ കൊണ്ടുവന്നു നികുതി ഒഴിവാക്കാറുണ്ട്. ഇതിനായി പല സമ്പന്നരും വരുമാനത്തിന്റെ സ്രോതസ്സ് ഇന്ത്യയിലാണെങ്കിലും ആദായനികുതി നിയമത്തിൽ പ്രവാസിയായി കണക്കാക്കാൻ വേണ്ടി വർഷത്തിൽ പലപ്പോഴായി ആറുമാസത്തോളം വിദേശത്തു തങ്ങും. കഴിഞ്ഞ അഞ്ചാറുവർഷം നിരവധി പ്രവാസികളുടെ ടാക്‌സ് അസ്സെസ്സ്മെന്റ് പുനഃപരിശോധിച്ചതിൽ നിന്നാണ് ഇത്തരം നികുതി വെട്ടിപ്പ് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത്.
ആദായനികുതി നിയമത്തിൽ വന്ന മാറ്റം പ്രകാരം ഇനിമേൽ പ്രവാസിയായി കണക്കാക്കണമെങ്കിൽ 240 ദിവസത്തിൽ കൂടുതൽ വിദേശത്തു തങ്ങേണ്ടിവരും. ഇത് പക്ഷെ മർച്ചന്റ് നേവിയിലും പെട്രോളിയം കമ്പനികളുടെ റിഗ്ഗുകളിൽ ജോലി ചെയ്യുന്ന ആളുകളെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും അവർക്ക് ആറുമാസത്തോളം മാത്രമേ വിദേശത്തു പണി കാണുകയുള്ളൂ. അവർ ഇത് സർക്കാരിന്റെ ശ്രദ്ധയിൽ എത്രയും പെട്ടന്ന് കൊണ്ടുവരണം. അല്ലെങ്കിൽ എട്ടുമാസത്തോളം എങ്ങിനെയും വിദേശത്തു തങ്ങണം. അതുപോലെ വിദേശത്തുള്ള വ്യാപാരികൾ നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്നതും ഇനി പറ്റില്ല.
പുതിയ നിയമം സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. പ്രവാസികൾ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കാൻ ഇന്ത്യയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമോ എന്നും അതിൽ വിദേശത്തുള്ള സ്വത്തുവിവരം നൽകണമെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിശദീകരണകുറിപ്പിൽ വിദേശ രാജ്യങ്ങളിലെ വിശ്വസ്തരായ തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമമെന്നേ പറഞ്ഞിട്ടുളളൂ. അതിൽ പ്രവാസികളായ വ്യാപാരികളും, വ്യവസായികളും, നിക്ഷേപകരും ഉൾപെടുമോ എന്നും വ്യക്തമാക്കാനുണ്ട്.
ലണ്ടൻ ∙ പതിനഞ്ചാം വയസിൽ നാടുവിട്ട് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ബ്രിട്ടൻ പൗരത്വം നിഷേധിച്ചതോടെ വീണ്ടും ഈ വിഷയം സജീവ ചർച്ചയാകുന്നു. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷമീമ നൽകിയ അപ്പീൽ കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതോടെ ഇപ്പോൾ സിറിയയിൽ കഴിയുന്ന ഇവർക്ക് അവിടെ തന്നെ തുടരേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. ബ്രിട്ടനിലേക്ക് മടങ്ങിയെത്തി ശിഷ്ടകാലം ഇവിടെ ജീവിക്കാനുള്ള അവരുടെ മോഹം ഉടനെങ്ങും നടക്കാൻ സാധ്യതയില്ല. ഷമീമയുടെ ജീവിത്തിലെ നിർണായക ഘട്ടങ്ങളിലൂടെ…
തീരുമാനത്തിനെതിരെ ഉടൻ തന്നെ അപ്പീൽ പോകുമെന്ന് ഷമീമയുടെ അഭിഭാഷകൻ ഡാനിയൽ ഫർണർ അറിയിച്ചു. അവരുടെ അവസ്ഥ മുൻപുള്ളതിലും അപകടത്തിലാണ്. ഇപ്പോൾ അവർ വടക്കൻ സിറിയയിലെ ഒരു അഭയർഥി ക്യാംപിലാണുള്ളത്. വലിയ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ അവർക്ക് വേണമെങ്കിൽ ബംഗ്ലാദേശി പൗരത്വത്തിന് അവകാശമുണ്ടെന്നും സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണൽ വ്യക്തമാക്കി. ഷമീമയുടെ അപ്പീൽ ട്രിബ്യൂണൽ തള്ളുകയും ചെയ്തു.
ഈസ്റ്റ് ലണ്ടനിൽനിന്നും പതിനഞ്ചാം വയസിൽ കൂട്ടുകാരികൾക്കൊപ്പം സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസിൽ ചേർന്ന ഷമീമ ഡച്ചുകാരനായ ഒരു ഭീകരന്റെ ഭാര്യയായി. ഇയാളിൽനിന്നും മൂന്നുതവണ ഗർഭം ധരിച്ചു. ഭർത്താവ് അവിടെ ജയിലിൽ ആയതോടെ ഷമീമ മൂന്നാമത്തെ കുഞ്ഞിനെ ഒമ്പതു മാസം ഗർഭിണിയായിരിക്കവേയാണ് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്.
മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനിൽ ജന്മം നൽകണമെന്ന ആഗ്രഹം സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുമ്പോഴായിരുന്നു ഇവർ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനിൽ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉടൻതന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ അവർ സമർപ്പിച്ച അപ്പീലാണ് ഇമിഗ്രേഷൻ ട്രിബ്യൂണൽ തള്ളിക്കളഞ്ഞത്.
ബ്രിട്ടൺ പൗരത്വം റദ്ദാക്കി അധികം കഴിയുംമുമ്പേ അഭയാർഥി ക്യാംപിൽ വച്ച് ഷമീമ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചു. മുമ്പുണ്ടായ രണ്ടുകുട്ടികളും സമാനമായ രീതിയിൽ ജനിച്ചയുടൻ തന്നെ മരിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ കടുത്ത നിലപാടാണ് ഇപ്പോൾ 20 വയസുള്ള ഷമീമയുടെ തിരിച്ചുവരവിന് വഴിയടച്ചത്.
ഐഎസ് ഭീകരർക്കൊപ്പം ചേരാൻ ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായിരുന്നുവെന്ന് ഷമീമ ബീഗം. അനുഭവിച്ച് മതിയായെന്നും ജയിലാണ് ഭേദം, അഭയം നൽകണമെന്നും നേരത്തെ അവർ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. താനുൾപ്പെടയുള്ള പെൺകുട്ടികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് അവസ്ഥ. ഉറ്റവരും ഉടയവരുമില്ല. കൂടെ പുറപ്പെട്ട് വന്ന കൂട്ടുകാരികളെല്ലാം ദാരുണമായി കൊല്ലപ്പെട്ടുവെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണെന്നും ഷമീമ പറയുന്നു.
ആദ്യമായാണ് ഷമീമ പശ്ചാത്തപിക്കുന്നത്. ഐഎസിന്റെ ക്രൂരതകൾ നേരിട്ട് കണ്ടിരുന്ന ഷമീമ അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടേയില്ലെന്നായിരുന്നു മുൻപത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. ഷമീമയ്ക്ക് സിറിയയിൽ വച്ചുണ്ടായ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു പോയി. മാനസിക ആരോഗ്യം അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നരകയാതനയാണ് അനുഭവിക്കുന്നത്. അനുഭവിക്കുന്നതിനെക്കാൾ ക്രൂരമായ ഒരു ശിക്ഷയും തനിക്ക് ലഭിക്കാനില്ലെന്നും കരുണ കാണിക്കണമെന്നുമാണ് അവർ അഭിമുഖത്തിലൂടെ അഭ്യർഥിച്ചിരുന്നു.
സ്വന്തം ലേഖകൻ
ഫ്രാൻസ് : കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം. അടുത്തിടെ സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്. രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് ഇന്നലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബ്രിട്ടീഷുകാരുമായി മറ്റാരൊക്കെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്താനായി ഒരു ഹോട്ട്ലൈൻ (0800 100 379) തുറന്നു. “രോഗം ബാധിച്ചവരുമായി ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനായി ഞങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു” ; ആരോഗ്യമന്ത്രി അഗ്നസ് ബുസിൻ പറഞ്ഞു.

ഫ്രാൻസിലെ ആശുപത്രിയിൽ കഴിയുന്ന 11 ബ്രിട്ടീഷുകാർ സ്‌കൂൾ റിസോർട്ടിലെ രണ്ട് പ്രത്യേക ചാലറ്റുകളിൽ താമസിച്ചതായി കോണ്ടാമൈൻസ്-മോണ്ട്ജോയ് മേയർ എറ്റിയെൻ ജാക്കറ്റ് പറഞ്ഞു. ഇതിൽ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി അവിടെ താമസിസിച്ചിരുന്ന 11 ബ്രിട്ടീഷുകാരെയും ലിയോൺ, സെന്റ്-എറ്റിയെൻ, ഗ്രെനോബിൾ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 720 കടന്നു. 35000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു. മറ്റ് 27 രാജ്യങ്ങളിലായി 320ഓളം രോഗബാധിതരുണ്ട്. യുകെയിലേക്കുള്ള മൂന്നാമത്തെയും അവസാനത്തെയും വിമാനം ഇന്ന് രാവിലെ 150 ഓളം ബ്രിട്ടീഷുകാരുമായി പുറപ്പെടും. തുടർന്ന് 14 ദിവസത്തെ നിരീക്ഷണത്തിനായി അവരെ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് കൊണ്ടുപോകും.
സ്വന്തം ലേഖകൻ
അത്യാവശ്യഘട്ടമാണെങ്കിൽ മാത്രമേ ഞായറാഴ്ച പുറത്തു പോകാവൂ എന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ. 80എംപിഎച് വേഗത കണക്കാക്കപ്പെടുന്ന കാറ്റ് മൂലം ഇന്ന് നടക്കാനിരുന്ന പല പരിപാടികളും മാറ്റി വെച്ചു. ശനിയും ഞായറും ജനങ്ങൾ കരുതലോടെ പെരുമാറണമെന്ന് മറ്റ് ഓഫീസ് അറിയിച്ചു. റോഡുകളും പാലങ്ങളും അടച്ചിടുന്നത് മൂലം ഗതാഗതം സ്തംഭിക്കും.

കാറ്റ് മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾ നേരിടാൻ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട് . കൊടുംകാറ്റിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയുണ്ട് . ശനിയാഴ്ച നോർത്തേൺ അയർലണ്ട്, സ്കോട് ലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഞായറാഴ്ച യു കെ യിലെ മറ്റു സ്ഥലങ്ങളിലും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം. പ്രാന്ത പ്രദേശങ്ങളിൽ 50മുതൽ 60 വരെ എംപിഎച് കാറ്റ് വീശാമെങ്കിലും തീരദേശങ്ങളിൽ 80 എംപിഎച് വരെ ആകാനാണ് സാധ്യത .

യു കെ യുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുഴുവൻ പ്രദേശങ്ങളിലും യെല്ലോ അലെർട് പ്രഖ്യാപിചിരിക്കുകയാണ്. അത്യാവശ്യമെങ്കിൽ മാത്രമേ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാവൂ എന്നും, റെയിൽ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും എ എ യും, നെറ്റ്‌വർക്ക് റെയിലും അറിയിച്ചു. ട്രാക്കിനും ഇലക്ട്രിക് ലൈനുകൾക്കും നാശ നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്. വലിയ തിരകൾക്ക് സാധ്യത ഉള്ളതിനാൽ കടൽത്തീരങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
ബാങ്കോക്ക് ∙ ബാങ്കോക്ക് ∙ തായ്‌ലൻഡിൽ വെടിവയ്പിൽ 21sz പേരെ കൊന്ന സൈനികനെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി തായ് പോലീസ് അറിയിച്ചു
തായ്‌ലൻഡിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ രച്ചസീമയിലെ (കൊറാറ്റ്) ഷോപ്പിങ് മാളിൽ സൈനികൻ നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെതിരുന്നു.

സർജന്റ് മേജർ ജക്രപന്ഥ് തൊമ്മ ആണു സൈനികവാഹനവും ആയുധങ്ങളും കൈക്കലാക്കി രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെടിവയ്പു നടത്തിയ അക്രമി സെഞ്ചുറി 21 ഷോപ്പിങ് മാളിൽ ഒട്ടേറെപ്പേരെ ബന്ദികളാക്കിയിരുന്നു . .

കൂട്ടക്കൊല ലൈവ് സ്ട്രീം ചെയ്ത കൊലയാളി തൽസമയ ചിത്രങ്ങളും ‘ഞാൻ കീഴടങ്ങണോ?’, ‘മരണത്തിൽ നിന്നാർക്കും രക്ഷപ്പെടാനാകില്ല’ തുടങ്ങിയ കുറിപ്പുകളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊലയാളിയുടെ അക്കൗണ്ട് ഫെയ്സ്ബുക് പിന്നീട് നീക്കം ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മറ്റൊരു സൈനികനെയും സ്ത്രീയെയും വെടിവച്ചുകൊന്ന ശേഷം കൊലയാളി സൈനികകേന്ദ്രത്തിൽ നിന്നു തോക്കെടുത്തു ഷോപ്പിങ് മാളിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൈനിക വാഹനമോടിച്ചു പോകുന്നതിനിടെ തലങ്ങുംവിലങ്ങും വെടിയുതിർത്തുകയായിരുന്നു.
ഡോ. ഐഷ . വി.
ഭൂതകാലത്തിലേയ്ക്ക് ചികഞ്ഞ് ഓർത്തെടുക്കാൻ നോക്കിയാൽ ഏതറ്റം വരെ ഒരാൾക്ക് ഓർത്തെടുക്കാൻ പറ്റും? ചിലർക്ക് രണ്ടര വയസ്സു മുതലുള്ള കാര്യങ്ങൾ ഓർമ്മ കണ്ടേക്കാം. ചിലർക്ക് 3 വയസ്സു മുതലുള്ള കാര്യങ്ങൾ ഒാർമ്മിച്ചെടുക്കാൻ പറ്റിയേക്കാം. ചിലർക്ക് ചിലപ്പോൾ മറവി ഒരനുഗ്രഹമായേക്കാം. ചിലർക്ക് ഓർത്തെടുക്കൽ ആനന്ദം നൽകിയേക്കാം. ജീർണ്ണിച്ച ഓർമ്മകളിൽ ജീവിക്കാനാകും ചിലർക്കിഷ്ടം. എന്നാൽ ചിലർക്കാകട്ടെ ഒന്നും ഓർക്കാനുള്ള നേരം കാണില്ല . എപ്പോഴും മുന്നോട്ടുള്ള കുതിപ്പാണ്. അതിനാൽ തന്നെ ബന്ധങ്ങൾ ബന്ധുക്കൾ എല്ലാം അവർക്ക് ബന്ധനങ്ങൾ ആകും.
കുറെ നാളുകൾക്ക് മുമ്പ് തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരിയിലെ ആശ്രമ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ജീവചരിത്ര ലഘുലേഖ വായിക്കാനിടയായി. അദ്ദേഹത്തിന്റെ ഓർമ്മയിൽ പിറന്ന ദിനത്തിൽ മുറിയിലുണ്ടായിരുന്ന റാന്തൽ വെളിച്ചം ഓർമ്മയിൽ ഉണ്ടായിരുന്നത്രേ. മഹാഭാരതത്തിൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ കേട്ട കാര്യം ഓർക്കുന്ന പ്രതിഭകളെ കുറിച്ചു o പ്രതിപാദിക്കുന്നുണ്ട്.
ഞാനും ഒന്ന് ശ്രമിച്ചു നോക്കി. 19/05/1971 ൽ അത് ചെന്ന് അവസാനിക്കുന്നു. അതിന് മുമ്പുള്ള കാര്യങ്ങൾ എനിയ്ക്ക് കേട്ടറിവാണ്. കേട്ടറിവ് മാത്രം. മേൽ പറഞ്ഞ ദിനം ഞാനോർക്കാൻ ഒരു കാരണമുണ്ട്. അന്ന് രാവിലെ ഒരു വയറ്റാട്ടി ത്തള്ളയാണ് എന്നെ വിളിച്ചുണർത്തിയത്. അവരുടെ കൈയിൽ തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന പിഞ്ചു പൈതലിനെ എനിയ്ക്ക് കാണിച്ചു തന്നിട്ട് അവർ പറഞ്ഞു. ഇത് മോളുടെ കുഞ്ഞനുജനാണ്. മോൾക്ക് കളിക്കാൻ കൂട്ടായി. എനിയ്ക്ക് വളരെ സന്തോഷം തോന്നി.
എനിക്ക് ഓർത്തെടുക്കാൻ പറ്റിയതിന്റെ അങ്ങേയറ്റം. അന്ന് എനിയ്ക്ക് മൂന്നു വയസ്സും രണ്ട് മാസവും ആറ് ദിവസവും പ്രായമായിരുന്നു. എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ, പ്രാധാന്യങ്ങൾ ഒക്കെയുണ്ടെങ്കിൽ അതൊക്കെ നമ്മൾ ഓർത്തിരിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആദ്യ പ്രസവം കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലായിരുന്നെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിലായിരുന്നു. അമ്മ ആശുപത്രിയിൽ പരിശോധനയ്ക്ക് കൃത്യമായി പോയിരുന്നെങ്കിലും കുഗ്രാമത്തിൽ നിന്ന് അന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലേയ്ക്കു പോകാൻ വണ്ടിയൊന്നും കിട്ടിയില്ല. പട്ടണപ്രദേശത്ത് സ്ത്രീ രോഗ വിദഗ്ദർ ( ഗൈനക്കോളജിസ്റ്റുകൾ) ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിലെ വയറ്റാട്ടികൾ നാമാവശേഷമായിരുന്നില്ല. അമ്മയുടെ വീട്ടിലെ കഷായപ്പുരയിൽ പണി ചെയ്യുന്ന പത്മനാഭന്റെ (പപ്പനാവൻ എന്ന് മറ്റു പണിക്കാർ പറയും. എളുപ്പമുണ്ടല്ലോ?) അമ്മയായിരുന്നു ആ വയറ്റാട്ടി.
ഞാനും വയറ്റാട്ടിയും കൂടി അമ്മയുടെ അടുത്തേയ്ക്ക് പോയി. അമ്മ സന്തോഷത്തോടെ എന്റെ തോളത്തു തട്ടി.
ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്തു കൊണ്ട് ആദില ഹുസൈൻ മലയാളം യു കെ യിൽ എഴുതിയ വേരില്ലാത്തവർ എന്ന കവിതയുടെ വീഡിയോ ആവിഷ്കാരം പുറത്തിറങ്ങി . ലോക മനസ്സാക്ഷിയെ പരിക്കേൽപ്പിച്ച റോഹിൻഗ്യൻ അഭയാർത്ഥികളുടെ പലായനത്തിനിടയിൽ ബോട്ട് മറിഞ്ഞു ദാരുണാന്ത്യത്തിന് ഇരയായ അയ്‌ലൻ കുർദിയെ സ്മരിച്ചു എഴുതിയതാണ് കവിത.
ഒരിക്കൽ പ്രസിദ്ധീകരിച്ച ഈ കവിത പിന്നീട് ബൾഗേറിയയിൽ നിന്ന് ട്രക്കിൽ കയറി ലണ്ടനിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തണുത്തു മരവിച്ചു മരിച്ച 39 അഭയാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാളം യു കെ പുനപ്രസിദ്ധീകരിച്ചിരുന്നു.
പൗരത്വ ബില്ലിനെതിരെ ഉള്ള പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ വേരില്ലാത്തവർ എന്ന കവിതയ്ക്ക് പുതിയ പുതിയ മാനങ്ങൾ കൈവരികയാണ് .
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇൻഷുറൻസ് പണത്തിനായി ദത്തെടുത്ത ഇന്ത്യക്കാരനായ സ്വന്തം മകനെ കൊല്ലാൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ ഇന്ത്യയ്ക്ക് കൈമാറുക ഇല്ലെന്ന് ബ്രിട്ടീഷ് കോടതിവിധി. അമ്പത്തഞ്ചുകാരിയായ അർത്തി ദിറിനും , അവരുടെ ഭർത്താവ് കാവൽ റായ്ജാഥക്കുമെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ദത്തെടുത്ത 11 വയസ്സുള്ള ഗോപാൽ സേജാനി എന്ന മകനെ 2017-ൽ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. 2015 – ലാണ് ഇവർ ഗുജറാത്തിൽ ദത്തെടുക്കുന്നതിനായി എത്തിയത്. അങ്ങനെയാണ് മൂത്ത ചേച്ചിയോടും, ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന ഗോപാലിനെ ദത്ത്‌എടുക്കുന്നത്. 150, 000 പൗണ്ടിന് ഒരു ഇൻഷുറൻസ് പോളിസി ഗോപാലിന്റെ പേരിൽ എടുത്തു. ഈ പോളിസി ഗോപാലിന്റെ മരണത്തോടെ മാത്രമേ ലഭിക്കുമെന്നതിനാലാണ് ആണ് അവനെ കൊല്ലാൻ ശ്രമിച്ചത്.

2017 ഫെബ്രുവരി 8ന് ഗോപാലിനെ ഒരുസംഘം ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഗോപാലിൻെറ സഹോദരി ഭർത്താവ് ഹർസുഖ് കർദാനിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പിന്നീട് ഇരുവരും ആശുപത്രിയിൽ വച്ച് മരിച്ചു. ഇരുവർക്കുമെതിരെ ഇന്ത്യയിൽ ആറോളം കേസുകളാണ് നിലനിൽക്കുന്നത്. ഇന്ത്യയുടെ അപേക്ഷയെ തുടർന്ന് 2017 ജൂണിൽ ഇവരെ ബ്രിട്ടനിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഇവരെ ഇന്ത്യയ്ക്ക് കൈമാറുവാൻ സാധിക്കില്ല എന്ന വിധി ന്യായം ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. അങ്ങനെ കൈമാറുന്നത് ദമ്പതികളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുമെന്നാണ് കണ്ടെത്തൽ.

ഇവർക്കെതിരെ ബ്രിട്ടനിൽ തന്നെ അന്വേഷണം നടക്കും. ഇവരെ തിരികെ ഇന്ത്യയ്ക്ക് കൈമാറുകയില്ല. എന്നാൽ ഇങ്ങനെ ഇന്ത്യയോട് അന്വേഷണത്തിൽ സഹകരിക്കാതിരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായങ്ങൾ പലഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : കുടുംബാസൂത്രണ വിദഗ്ധനായ മനീഷ് ഷാ ജയിലിൽ. സ്ത്രീ രോഗികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ മനീഷ് ഷാ, 23 സ്ത്രീകളെയും ഒരു 15 വയസുകാരി കുട്ടിയേയും ആക്രമിക്കുകയുണ്ടായി. ഒപ്പം സ്വന്തം സുഖത്തിനായി പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തു. രോഗികളിൽ അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ആക്രമണങ്ങൾ നടത്തിയത്. റോംഫോർഡിൽ നിന്നുള്ള ഷാ, 2009 മെയ് മുതൽ 2013 ജൂൺ വരെ അനാവശ്യ പരിശോധനകൾ നടത്തിയെന്ന് ഇരകളെ ബോധ്യപ്പെടുത്തി. അധികാരസ്ഥാനം ദുരുപയോഗം ചെയ്ത വഞ്ചകൻ എന്നാണ് ജഡ്ജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഈ ആക്രമണങ്ങൾ ഒക്കെ “പ്രതിരോധ മരുന്ന്” ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 50 കാരനായ ഡോക്ടർ, കഴിഞ്ഞ ശരത്കാലത്തിലാണ് മാവ്നി മെഡിക്കൽ സെന്ററിൽ ആറ് ഇരകൾക്കെതിരായ 25 ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ൽ നടന്ന ഒരു വിചാരണയിൽ, മറ്റ് 18 ആളുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അങ്ങനെ ആകെ 23 രോഗികളുമായി ബന്ധപ്പെട്ട 90 കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

സ്വന്തം ലൈംഗിക തൃപ്തിക്കായി അനാവശ്യ ക്ലിനിക്കൽ പരിശോധനകൾ അദ്ദേഹം നടത്തി. സ്ത്രീകൾക്കെല്ലാം കടുത്ത അധിക്ഷേപവും അപമാനവും തോന്നുന്നുവെന്നും മനീഷ് ഷായുടെ മേൽ അവർ ചെലുത്തിയ വിശ്വാസം ഭയങ്കരമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും സോ ജോൺസൺ ക്യുസി പറഞ്ഞു. അവരെ അദ്ദേഹം വളരെയധികം വേദനിപ്പിച്ചു എന്ന് അവർ പറഞ്ഞു. വിശ്വാസവഞ്ചനയിലൂടെ സ്ത്രീകളെ ചൂഷണം ചെയ്ത ജിപി മനീഷ് ഷായ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
സ്വന്തം ലേഖകൻ
കൊറോണ വൈറസിന്റെ ആദ്യത്തെ ഇരയായ ഡോക്ടർ ലി വെൻലിയാങ് ആദ്യം മരിച്ചതായും പിന്നീട് വീണ്ടും ജീവിച്ചിരിക്കുന്നതായും ഒടുവിൽ മരിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തലവേദനയായി. 34 കാരനായ ലി വൈറസിനെപ്പറ്റി അവേർനെസ്സ് നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസിന്റെ നോട്ടപ്പുള്ളി ആയ വ്യക്തിയാണ്, അതിനാൽ തന്നെ മാധ്യമങ്ങൾ വീര പരിവേഷം ചാർത്തി നൽകിയിരുന്നു.

വ്യാഴവും വെള്ളിയുമായിട്ടാണ് ലി യുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചൈനീസ് സോഷ്യൽ മീഡിയയിൽ ലി, വുഹാനിലെ കൊറോണ വൈറസ് മൂലം മരിച്ചെന്നു വാർത്ത പരന്നു. ലി യെ ഒരു ദുരന്ത നായകനാക്കി ചിത്രീകരിച്ചാണ് മിക്ക പോസ്റ്റുകളും പ്രത്യക്ഷപെട്ടത്. 10.40 ന് ചൈനീസ് സ്റ്റേറ്റ്ന്റെ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസിലും ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒഫീഷ്യൽ പത്രമായ പീപ്പിൾസ് ഡെയിലിയും മരണം സ്ഥിതീകരിച്ചു. മരണത്തെ ദേശീയ ദുരന്തം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 11.30ഓടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അങ്ങേയറ്റം ദുഖമുണ്ടെന്നു ഒഫിഷ്യൽ ട്വിറ്റർ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പിൻവലിച്ചു. കൃത്യമായ വിവരം ലഭ്യമല്ലാഞ്ഞതിനാൽ ആണ് അത് പിൻവലിച്ചതെന്നു പിന്നീട് പ്രെസ്സ് കോൺഫറൻസിൽ അറിയിച്ചു.

വെള്ളിയാഴ്ച വെളുപ്പിന് 12.38 ന് ലി മരിച്ചിട്ടില്ല എന്നും, രോഗം മൂർച്ഛിച്ചിരിക്കുകയാണെന്നും വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ അറിയിച്ചു. ആ സമയം മറ്റു രണ്ട് പത്രങ്ങളിലെയും വാർത്ത അപ്രത്യക്ഷമായി.
12.57ഓടെ ഗ്ലോബൽ ടൈംസ് ഒഫീഷ്യൽ അക്കൗണ്ടിൽ അദ്ദേഹം തീവ്ര പരിചരണവിഭാഗത്തിൽ ആണെന്നും, അതിനുള്ളിൽ നിന്നു വിതുമ്പലുകൾ കേൾക്കാമെന്നും ട്വീറ്റ് ചെയ്തു. വെളുപ്പിന് 2മണിയോടെ ഫ്രീഡം ഓഫ് സ്പീച് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാമ്പയിൻ നടന്നു.
3.48 ഓടെ അദ്ദേഹം 2.58ന് മരിച്ചതായി വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ അറിയിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും. തങ്ങളുടെ അനുശോചനം അറിയിക്കുന്നു എന്നുമായിരുന്നു വാർത്ത. വെള്ളിയാഴ്ച വെളുപ്പിന് 4മണിയോടെ മറ്റു മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചു.