ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
കൊറോണാ കാലത്ത് ലോകം ഭീതിയിലാകുമ്പോള്‍ ലോക്ഡൗണുമായി കുടുംബങ്ങളിലേയ്ക്ക് ഒതുങ്ങുന്നവര്‍ക്ക് മാനസികമായ ഉല്ലാസവുമായി ഒരു ടിക് ടോക് വീഡിയോ. നിമഷനേരം മാത്രമുള്ള ഈ വീഡിയോ നല്‍കുന്നത് ഒരു വലിയ സന്ദേശം കൂടിയാണ്. യുകെയിലെ ഒരു മലയാളി കുടുംബം ചെയ്ത വീഡിയോ എന്ന നിലയില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമാണ്. യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന രാജേഷ് സ്വീറ്റി ദമ്പതികളാണ് ഈ വീഡിയോ നിര്‍മ്മിച്ചത്. എറണാകുളമാണ് രാജേഷിന്റെ ജന്മദേശം. സ്വീറ്റി തൊടുപുഴക്കാരിയും. ഇവര്‍ക്ക് രണ്ട് മക്കളാണ്. ഇജോയും ഡാനിയും. മൂത്തയാള്‍ ഇജോ ആണ് ഈ ചെറിയ വീഡിയോയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ ലീഡ്‌സ് ഇടവകയെ പ്രതിനിധീകരിച്ച് നിരവധി സമ്മാനങ്ങള്‍ രാജേഷ് സ്വീറ്റി ദമ്പതികള്‍ വാരിക്കൂട്ടിയിട്ടുണ്ട്. അപകടകാലത്തും ഒരു പോസിറ്റീവ് ഊര്‍ജ്ജം നല്കുക എന്ന ലക്ഷ്യം മാത്രമേ ഈ വീഡിയോയുടെ പിന്നിലുള്ളൂ എന്ന് രാജേഷ് പറയുന്നു. ഓപ്പസിറ്റ് ഡ്യൂട്ടി ചെയ്യുന്നവരാണ് യുകെയിലെ മലയാളി കുടുംബങ്ങളില്‍ അധികവും. തമ്മില്‍ കാണുവാനുള്ള സാഹചര്യം വളരെ പരിമിതവുമാണ്. കോവിഡ്19 ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍ പല കുടുംബ ബന്ധങ്ങളും കൂടുതല്‍ ദൃഡതയുള്ളതായി മാറുന്നു എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. തമാശയെങ്കിലും സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണ് രാജേഷ് ഈ വീഡിയോയില്‍ പറയുവാന്‍ ശ്രമിക്കുന്നത്.

ലോക മലയാളികള്‍ക്ക് ആസ്വദിക്കാന്‍ പാകത്തിന് ഒരു വലിയ സന്ദേശമാണ് യുകെയിലെ പ്രസിദ്ധമായ ബ്രാഡ് ഫോര്‍ഡില്‍ നിന്നും രാജേഷ് സ്വീറ്റി ദമ്പതികള്‍ ഇന്ന് ഫെസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൈക്കും ഷെയറിംഗുമായി ഈ വീഡിയോ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.