പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ജോൺസന്റെ തീരുമാനത്തിനെതിരെ രാജ്യത്തിലുടനീളം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ, ജോൺസന്റെ ഈയൊരു നീക്കത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ ശ്രമം നടന്നെങ്കിലും സ്കോട്ടിഷ് ജഡ്‌ജി അത് നിരസിച്ചു. ഒക്ടോബർ 31ലെ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി ഒരു മാസത്തിലേറെ പാർലമെന്റ് നിർത്തിവെക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ തടയുന്നതിനായി ക്രോസ്സ് പാർട്ടി എംപിമാരും മറ്റും എഡിൻബർഗിലെ കോടതി സെഷനിൽ ഒരതിവേഗ ഹർജി നൽകിയിരുന്നു. പക്ഷെ പാർലമെന്റ് നിർത്തിവയ്ക്കണമെന്നുള്ള അപേക്ഷ കോടതി തള്ളി . എങ്കിലും സെപ്റ്റംബർ 3ന് മുഴുവൻ വാദം കേൾക്കാൻ ജഡ്ജി സമ്മതിച്ചു. ചൊവ്വാഴ്ച, ഇരുപക്ഷത്തുനിന്നും നിയമപരമായ വാദങ്ങൾ കേൾക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിധിന്യായത്തിന് ശേഷം ലിബറൽ ഡെമോക്രറ്റ്സ് നേതാവ് ജോ സ്വിൻസൺ ഇപ്രകാരം ട്വീറ്റ് ചെയ്തു “ഞാനടക്കം 75 എംപിമാർ പ്രധാനമന്ത്രിയുടെ പാർലമെന്റ് അടച്ചുപൂട്ടലിനെതിരെ നിയമപരമായ വെല്ലുവിളി ഉയർത്തി. പ്രധാനമന്ത്രിയുടെ പദ്ധതികൾ താത്കാലികമായി നിർത്താൻ ജഡ്‌ജി വിസമ്മതിച്ചെങ്കിലും ചൊവ്വാഴ്ച മുഴുവൻ വാദം കേൾക്കാൻ അദ്ദേഹം തയ്യാറാണെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു.”
സെപ്റ്റംബർ 9 വരെ താത്കാലികമായി പാർലമെന്റ് നിർത്തിവെക്കാൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഒക്ടോബർ 14ന് നടക്കുന്ന രാജ്ഞിയുടെ പ്രസംഗത്തിന് മുമ്പ് അഞ്ച് ആഴ്ച പാർലമെന്റ് നിർത്തിവെക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഒക്ടോബർ 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനിരിക്കുകയാണ്. അതിനാൽ ഈ തീയതിക്ക് മുമ്പായി പാർലമെന്റ് നിർത്തിവെക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ ജഡ്‌ജി ഇത് നിരസിച്ചതിലൂടെ സസ്പെൻഷൻ തടയാൻ അടിയന്തര ഉത്തരവ് തേടിയ പാർലമെന്റ് അംഗങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നു. അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റിനെ തടയാൻ ശ്രമിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനുമായി കരാർ നേടാനുള്ള സാധ്യതയാണ് തകരുന്നതെന്ന് ജോൺസൻ തന്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.
തൻെറ രണ്ടാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയ അന്ന അമാറ്റോ എന്ന സ്ത്രീക്ക് ബ്രക്സിറ്റിൻെറ അനന്തരഫലമായി ഗവൺമെൻെറ സെറ്റിൽഡ് സ്റ്റാറ്റസ് പദവി വിലക്കി. ഇറ്റലിയിൽ നിന്നും തന്റെ മാതാപിതാക്കളായ മാരിയോയോടും, ചിയരായോടുമൊപ്പം രണ്ടാമത്തെ വയസ്സിൽ ബ്രിട്ടനിലേക്ക് കുടിയേറിയ അന്ന, 55 വർഷമായി ബ്രിസ്റ്റോളിൽ താമസിക്കുകയാണ്. 57 വയസ്സുള്ള അന്നയുടെ സ്കൂൾ വിദ്യാഭ്യാസവും, യൂണിവേഴ്സിറ്റി വിദ്യാഭ്യാസവുമെല്ലാം ബ്രിട്ടനിൽ ആയിരുന്നു. തന്റെ നാലു ദശാബ്ദം നീണ്ട ജോലിയിൽ ഏകദേശം അഞ്ചു ലക്ഷം പൗണ്ടോളം ടാക്സ് ഗവൺമെന്റിന് നൽകിയിട്ടുണ്ട്.
ബ്രിട്ടീഷുകാരനായ കൊന്നെല്ലിനെ വിവാഹം കഴിച്ച അന്നക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ബ്രെക്സിറ്റ് മൂലം അന്നയ്ക്ക് പൗരത്വം നിഷേധിക്കപ്പെടുകയാണ്.തൻെറ വാദം തെളിയിക്കുവാൻ അന്നയ്ക്ക് മതിയായ രേഖകൾ ഇല്ലെന്നാണ് ഗവൺമെന്റ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ 35 പൗണ്ട് കൊടുത്ത് പോസ്റ്റ് ചെയ്യാൻ മാത്രമുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് അന്ന അവകാശപ്പെട്ടു. താൻ എവിടെ പോകും എന്ന ആശങ്കയിലാണ് അന്ന. അന്നയെപോലെ ഇതേ അവസ്ഥയിൽ ഉള്ള ആളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ഏകദേശം 3.5 മില്യൺ ആളുകളുടെ ഭാവി ബ്രെക്സിറ്റിനു ശേഷം ആശങ്കയിലാണ്. അതിൽ ഭൂരിഭാഗവും വാർദ്ധക്യത്തിലെത്തിയ വ്യക്തികളാണ്. തങ്ങളുടെ ആയുസ്സിന്റെ മുക്കാൽ പങ്കും ബ്രിട്ടനിൽ ജീവിച്ച അവർ ബ്രക്സിറ്റോടു കൂടി പുറത്താക്കപ്പെടുമോ എന്ന ആശങ്കയിലാണ്. ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വ്യക്തികൾക്ക് 2020 വരെ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിക്കാൻ ബ്രിട്ടൻ ഗവൺമെന്റ് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാഗ്ദാനത്തിന്റെ കാര്യത്തിലും ആളുകളിൽ സംശയം ഉളവായിരിക്കുകയാണ്.
ബ്രെക്സിറ്റിനെ എങ്ങിനെയും നടപ്പിലാക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റ് സെപ്റ്റംബർ പകുതിവരെ പിരിച്ചു വിട്ടിരിക്കുന്നത്. ബ്രെക്സിറ്റിനെ എതിർക്കുന്ന എംപിമാരെ നേരിടാനാണ് ഈ നടപടി . അന്നയെ പോലെ അനേകമാളുകളുടെ ഭാവി പ്രതിസന്ധിയിലാണ്. പൗരത്വത്തിന് ആയി അന്നയ്ക്ക് ഭർത്താവിലൂടെ അപേക്ഷിക്കാം പക്ഷെ , ഇത് വളരെ ചിലവേറിയതാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് വന്ന ആൾക്കാർക്ക് ബ്രിട്ടനിൽ വളരെ പ്രതിസന്ധി ഉണ്ടാകുമെന്ന അഭിപ്രായം പരക്കെ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിസന്ധി ഒന്നുമില്ലെന്നും എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ ഗവൺമെന്റ് സന്നദ്ധമാണെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു..
ന്യൂസിലാൻഡ്: വൈക്കട്ടോ വൈക്കട്ടോയില്‍ പറോവാ – ടാഹിനു റോഡില്‍ ഉണ്ടായ കാറപകടത്തില്‍ കുറവിലങ്ങാട് സ്വദേശിയും വൈക്കട്ടോ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡില്‍ രജിസ്റ്റേർഡ് നേഴ്‌സ് ആണ് ജോലി ചെയ്യുന്ന കിരണ്‍ ജോസ് (32) അപകട സ്ഥലത്തു വച്ച് തന്നെ മരിച്ചതായി പോലീസും ആംബുലൻസ് സെർവിസും അറിയിച്ചു. അപകടത്തിൽ മറ്റു മുന്ന് പേര്‍ക്ക് കൂടി പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇയാളെ എയർ ലിഫ്റ്റ് ചെയ്‌ത് വൈക്കാട്ടോ ഹോസ്പിറ്റലിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. മറ്റു രണ്ടു പേരെ തേംസ് ഹോസ്പിറ്റലില്‍ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് .
സോനാ സിസി ജോസ് ആണ് കിരണ്‍ ജോസിന്റെ ഭാര്യ. കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടുള്ളു. മൂന്ന് കാറുകള്‍ തമ്മില്‍ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്കാണ് പറോവാ – ടാഹിനു റോഡില്‍ വച്ച് കൂട്ടിയിടി ഉണ്ടായത്. കിരണ്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. വൈക്കാട്ടോ പോലീസിന്റെ സ്‌പെഷ്യല്‍ വാഹനാപകട അന്യോഷണ സംഘം അന്യോഷണം ആരംഭിച്ചിട്ടുണ്ട്.
പുറകില്‍ നിന്ന് വരുകയായിരുന്ന കാർ കിരണും സുഹൃത്തും യാത്ര ചെയ്ത കാറിന്റെ പിറകിൽ അതിശക്തമായി ഇടിച്ചതിനെ തുടർന്ന് കിരണ്‍ ഓടിക്കുകയായിരുന്നു കാര്‍ മുന്‍പിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കിരണിന്റെ കൂടെ യാത്ര ചെയ്ത സുഹൃത്തിന് നിസാര പരിക്കുകളോടെ തേംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിസി ജോസിന്റെ ഓക്‌ലാന്റിലെ നോര്‍ത്ത് ഷോറില്‍ താമസിക്കുന്ന രണ്ടു സഹോദരിമാരും കുടുംബവും വൈകട്ടോയില്‍ എത്തിയിട്ടുണ്ട്. നാളെ മൃതദേഹം പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം അന്തോമോപചാരം അര്‍പ്പിക്കുവാന്‍ ഓക്‌ലന്‍ഡിലേക്കു കൊണ്ട് വരും എന്നാണ് അറിയുന്നത്.
സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ അഞ്ച് ആഴ്ച പാർലമെന്റ് താത്കാലികമായി നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജ്ഞിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള ശ്രമങ്ങൾ നടത്തുന്നതിന് പ്രതിപക്ഷ എംപിമാർക്ക് തടസ്സം നേരിടും. എന്നാൽ പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള ജോൺസന്റെ തീരുമാനത്തിനെതിരെ എങ്ങും ശക്തമായ പ്രതിഷേധം അലയടിച്ചുയരുകയാണ്. പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യാനുള്ള പദ്ധതിയെ പ്രതിപക്ഷ പാർട്ടികളും ചില കൺസേർവേറ്റിവ് എംപിമാരും രൂക്ഷമായി വിമർശിച്ചു. പാർലമെന്റ് സസ്പെൻഷൻ തടയാൻ നിയമപരമായ ശ്രമങ്ങൾ യുകെയിൽ ആരംഭിച്ചുകഴിഞ്ഞു. ഇംഗ്ലീഷ്, സ്കോട്ടിഷ് കോടതികളിൽ നിയമപരമായ വെല്ലുവിളികളുമുണ്ട്. പ്രധാനമന്ത്രിയുടെ ഈ തീരുമാനം രാജ്യത്തിലുടനീളം പ്രതിഷേധത്തിനും കാരണമായി. ബ്രെക്സിറ്റ് വിഷയത്തിൽ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യരുതെന്ന് ജോൺസനോട് ആവശ്യപ്പെടുന്ന ഒരു ഇ – നിവേദനത്തിൽ ദശലക്ഷത്തിലധികം ആളുകൾ ഒപ്പിട്ടു.എന്നാൽ പ്രകോപനം വ്യാജമാണെന്നും പ്രധാനമന്ത്രിയുടെ ഈയൊരു നടപടി ഭരണഘടനാപരവും ഉചിതവുമാണെന്നും കോമൺസ് നേതാവ് ജേക്കബ് റീസ് – മോഗ് അഭിപ്രായപ്പെട്ടു. ഈ പാർലമെന്ററി സമ്മേളനം ഏകദേശം 400 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണെന്നും അതിനാൽ ഇത് താത്കാലികമായി നിർത്തി പുതിയ സെഷൻ ആരംഭിക്കുന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ജോൺസന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപിച്ചുകൊണ്ട് ജോർജ് യംഗ്, ഹൗസ് ഓഫ് ലോർഡ്‌സിലെ ടോറി വിപ്പ് സ്ഥാനം രാജിവെച്ചു. നമ്മുടെ ചരിത്രത്തിലെ ഒരു നിർണായക സമയത്ത് ഇത്തരം ഒരു തീരുമാനത്തിലൂടെ പാർലമെന്റിന്റെ പങ്ക് ദുർബലപ്പെടുത്തുകയാണെന്ന് തന്റെ രാജികത്തിലൂടെ അദ്ദേഹം വിശദമാക്കി. അതേസമയം റൂത്ത് ഡേവിഡ്‌സൺ, സ്കോട്ടിഷ് കൺസേർവേറ്റിവുകളുടെ നേതാവ് സ്ഥാനം രാജിവെച്ചു. കുടുംബ പ്രതിബദ്ധത മൂലമാണ് തീരുമാനമെടുത്തതെന്ന് രാജിക്കത്തിൽ അവർ പറഞ്ഞു.
നിയമനിർമാണത്തിലൂടെ ജോൺസനെ രാഷ്ട്രീയമായി തടയുമെന്ന് ജെറമി കോർബിൻ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ് തടയുന്നതിനായി ചൊവ്വാഴ്ച പാർലമെന്റ് പുനരാരംഭിക്കുമ്പോൾ അതിവേഗം നിയമനിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജോൺസന്റെ ഈയൊരു തീരുമാനം നമ്മുടെ ജനാധിപത്യത്തിന്റെ തകർച്ചയ്ക്കാണ് കാരണമാവുന്നതെന്നും ഈ നിർണായക കാലയളവിൽ പാർലമെന്റ് അടച്ചുപൂട്ടുന്നത് തടയാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജെറമി കോർബിനെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച മൊമന്റം എന്ന ഗ്രൂപ്പ്, ജോൺസന്റെ ഈ നീക്കത്തെ തടയാൻ തെരുവ് പ്രതിഷേധത്തിനും റോഡ് ഉപരോധത്തിനും ആഹ്വാനം ചെയ്തു. ട്രേഡ് യൂണിയനുകൾക്കൊപ്പം ബ്രിട്ടനിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച പ്രതിഷേധം നടത്തുമെന്നും അവർ അറിയിച്ചു. ജോൺസന്റെ തീരുമാനത്തിൽ പ്രകോപിതരായ ആയിരക്കണക്കിന് ആളുകൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. എന്തായാലും പ്രധാനമന്ത്രിയുടെ ഈ തീരുമാനം ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും കാരണമായി മാറി.
വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പ്രശസ്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ, അവ മാത്രം കഴിക്കുകയും പൂർണമായും മത്സ്യമാംസാദികൾ ഒഴിവാക്കുകയും ചെയ്യുന്നത് തലച്ചോറിന് ആവശ്യമായ പോഷണങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാകുമെന്ന് റിപ്പോർട്ടുകൾ. പച്ചക്കറികളിൽ കോളിൻ പോലുള്ള പോഷണങ്ങൾ ലഭ്യമല്ല. മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കി പച്ചക്കറികളിൽ ആശ്രയിക്കുന്നത് കോളിൻ പോലുള്ളവയുടെ അഭാവത്തിനു കാരണമാകുന്നു.
ഗർഭസ്ഥശിശുവിന്റെ തലച്ചോർ വളരുന്നതിന് അത്യന്താപേക്ഷിതമായ പോഷകമാണ് കോളിൻ. അതോടൊപ്പം തന്നെ കരളിന്റെ പ്രവർത്തനത്തെയും സഹായിക്കും . മനുഷ്യ ശരീരത്തിൽ കരൾ കോളിൻ ഉൽപാദിപ്പിക്കുന്നവെങ്കിലും മനുഷ്യശരീരത്തിന്റെ പൂർണമായ വളർച്ചയ്ക്ക് അത് കുറവാണ്. അതിനാൽ കഴിക്കുന്ന ആഹാരങ്ങളിൽ നിന്നും മറ്റും കോളിൻ ലഭ്യമാകണം
കോളിന്റെ പ്രഥമ ഉറവിടം എന്ന് പറയുന്നത് മത്സ്യമാംസാദികളും, മുട്ടയും ആണ്. വളരെ ചെറിയ തോതിൽ ബ്രോക്കോളിയിലും ബീൻസിലും മറ്റും കാണുന്നു. പോഷകാഹാരത്തെ സംബന്ധിക്കുന്ന കൺസൾട്ടൻസിയുടെ ചെയർമാൻ ആയിരിക്കുന്ന ഡോക്ടർ എമ്മ ഡെർബിഷൈയർ, ഗവൺമെന്റ് ഈ പോഷകത്തിന്റെ അളവ് ആളുകളിൽ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി. ബ്രിട്ടണിലെ ഡയറ്റ് പ്ലാനുകളിൽ നിന്നും കോളിൻ അപ്പാടെ ഒഴിവാക്കിയിരിക്കുകയാണ്.
ഗർഭിണികൾക്ക് അത്യന്താപേക്ഷിതമാണ് കോളിൻ.ഈ പോഷക ത്തിന്റെ ഉപയോഗത്തിന് ജനങ്ങളിൽ വേണ്ടതായ എല്ലാ ധാരണകളും ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. പച്ചക്കറികൾ മാത്രം കഴിക്കുന്നത് ശരീരത്തിൽ കോളിന്റെ അഭാവം ഉണ്ടാകാൻ ഇടയാക്കുമെന്ന് അവർ ശക്തമായി രേഖപ്പെടുത്തി. തലച്ചോറിന്റെ വളർച്ചയ്ക്കും, ശരീരത്തിലെ പ്രവർത്തനങ്ങൾക്കും എല്ലാം കോളിങ് അത്യന്താപേക്ഷിതമാണ്.
ഏകദേശം ഒരു ലക്ഷത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് ഗൂഗിൾ ജോലിയെക്കുറിച്ചും ജോലി സ്ഥലത്ത് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ മാർഗനിർദ്ദേശങ്ങൾ നൽകി . ഗൂഗിളിൻെറ സ്വതന്ത്രമായ തൊഴിൽ സംസ്കാരത്തിന് ഘടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ .രാഷ്ട്രീയപരമായും മറ്റുമുള്ള അനാവശ്യ ചർച്ചകളിലൂടെ ജോലി സമയം പാഴാക്കരുതെന്നും തങ്ങളുടെ ജോലിയിൽ ശ്രദ്ധയൂന്നാനുമാണ് ഗൂഗിൾ ജോലിക്കാരോട് ആവശ്യപ്പെടുന്നത് .ജോലിക്കാരുടെ 20 % സമയം വ്യക്തിഗത പ്രോജക്ടുകളിൽ ചിലവഴിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന വളരെ പ്രശംസിക്കപ്പെട്ട ഗൂഗിളിൻെറ നയങ്ങൾക്കെതിരാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. ഗൂഗിളിൻെറ പല പുതിയ സംരംഭങ്ങളുടെയും ആശയങ്ങൾ രൂപീകൃതമായത് ഇങ്ങനെയുള്ള പ്രോജക്ടുകളിൽ നിന്നുമായിരുന്നു . ജിമെയിൽ ,ഗൂഗിൾമാപ്പ് തുടങ്ങി ഗൂഗിളിൻെറ പ്രശസ്തമായ പ്രൊഡക്ടുകൾ എല്ലാം ഇങ്ങനെയുള്ള വ്യക്തിഗത പ്രോജക്ടുകളിൽ നിന്ന് ആശയം ഉൾകൊണ്ടുള്ളതായിരുന്നു .
നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യുക എന്നുള്ളതാണ്. അനാവശ്യ സംവാദങ്ങളിൽ ജോലി സമയം ചിലവഴിക്കരുത് .ഗൂഗിൾ അതിൻെറ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്ത മെമ്മോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ മാനേജർമാരുടെ ഇടപെടൽ ഉണ്ടാകണം എന്നും മാർഗ്ഗരേഖയിൽ ഉണ്ട് .
കമ്പനിയുടെ പ്രവർത്തനത്തിലെ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ പരിഹരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കമ്പനി ആഭ്യന്തര വക്താവ് ജെൻ കൈസർ പറഞ്ഞു .പക്ഷെ ജോലിക്കാരും മാനേജുമെന്റും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കാനാണ് സാധ്യത എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു .സ്വതന്ത്ര ചിന്താഗതി പ്രകടിപ്പിച്ചതിന് ഗൂഗിൾ തങ്ങൾക്കെതിരെ പ്രതികാരം ചെയ്തുവെന്ന് മുൻ ജീവനക്കാർ ആരോപിക്കുകയും ചെയ്യുന്നു .
പ്രശസ്ത ബ്രിട്ടീഷ് ഗാനരചയിതാവും, സംഗീതജ്ഞനുമായ ജോനാഥാൻ ഗോൾഡ്‌സ്റ്റീൻ സ്വിറ്റ്സർലൻഡിൽ വെച്ച് നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അപകടസമയത്ത് ജോനാഥനോടൊപ്പം ഭാര്യ ഹന്ന മാർസിനോവിസും, ഏഴു മാസം മാത്രം പ്രായമുള്ള മകൾ സാസ്‌കിയയും ഉണ്ടായിരുന്നു. മൂന്ന് പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.ടെലിവിഷൻ പരസ്യങ്ങൾക്ക് സംഗീതം സൃഷ്ടിക്കുകയും, അതോടൊപ്പം തന്നെ സിനിമയ്ക്കും, സ്റ്റേജ് പെർഫോമൻസുകൾക്കും വേണ്ടി സംഗീതം രചിക്കുകയും ചെയ്തിരുന്ന ജോനാഥാന് സ്വന്തമായ ഒരു സംഗീത കമ്പനി തന്നെ ഉണ്ടായിരുന്നു.
പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിൽ നിന്നും ഞായറാഴ്ച പറന്നുയർന്ന വിമാനം ഇറ്റലിയിലേക്ക് പോകുന്നതിനിടയിലാണ് തകർന്നുവീണത്. മൂന്ന് പേരുടെയും മരണം വിഷമിപ്പിക്കുന്നതാണെന്നും, നികത്താനാവാത്ത വിടവാണ് അത് സൃഷ്ടിച്ചിരിക്കുന്നതെന്നും കുടുംബ വൃത്തങ്ങൾ അറിയിച്ചു. അതോടൊപ്പം തന്നെ ഈയൊരു സാഹചര്യത്തിൽ അവരുടെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
റോയൽ ഷേക്സ്പിയർ കമ്പനിക്കും, നാഷണൽ തിയേറ്ററിനും വേണ്ടി ഗാനരചയിതാവായും, സംഗീതസംവിധായകനായുമാണ് ജോനാഥന്റെ സംഗീത കരിയറിന്റെ തുടക്കം. നാഷണൽ തിയേറ്റർ പ്രൊഡ്യൂസ് ചെയ്തത് പ്രിമോ എന്ന സിനിമയിലെ ഗാനരചനയ്ക്ക് ജോനാഥാന് പ്രശസ്ത ഇവോർ നോവെല്ലോ പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തുമെല്ലാം പ്രശസ്തി ആർജ്ജിച്ചു വന്നപ്പോഴാണ് 2008- ൽ അദ്ദേഹം ഗോൾഡ്‌സ്റ്റീൻ മ്യൂസിക് ഗ്രൂപ്പ് ആരംഭിക്കുന്നത്. 2013-ൽ അദ്ദേഹത്തിന്റെ ആദ്യ ക്ലാസിക്കൽ ആൽബം പുറത്തിറങ്ങി.
ജോനാഥനെപ്പോലെ തന്നെ ഭാര്യയും സംഗീതരംഗത്ത് ആയിരുന്നു. റോയൽ അക്കാഡമി ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥിയായിരുന്ന ഹന്ന, ലണ്ടൻ സിംഫണി ഓർക്കസ്ട്രയോടും, ബിബിസി കൺസേർട്ട് ഓർക്കസ്ട്രയോടും ഒപ്പം സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഇവരുടെ മരണം സംഗീതലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്സഹപ്രവർത്തകർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സ്വിറ്റ്സർലൻഡ് ഗവൺമെന്റ് ഉത്തരവിട്ടിട്ടുണ്ട് .
യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകേണ്ടത് മാർച്ച് 29നായിരുന്നു. യൂറോപ്യൻ യൂണിയനുമായി 3 തവണ നടത്തിയ കരാർ പാർലമെന്റ് നിരസിച്ചതിനാലാണ് സമയപരിധി നീട്ടിയത്. ഇപ്പോൾ ബ്രെക്സിറ്റ് നടക്കുമെന്ന് പ്രധാനമന്ത്രി ജോൺസൻ പറയുന്ന തീയതി ഒക്ടോബർ 31 ആണ്. ഇത് ഒൻപത് ആഴ്ച മാത്രം അകലെയാണ്. ഇന്നലെ ബോറിസ് ജോൺസൻ എലിസബത്ത് II രാജ്ഞിയോട്, സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ യുകെ പാർലമെന്റ് താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. 5 ആഴ്ചത്തേക്കാണ് പാർലമെന്റ് നിർത്തിവെക്കുന്നത്. എല്ലായ്‌പോഴും ശരത്കാലത്താണ് പാർലമെന്റ് ഏതാനും ആഴ്ചകളിലേക്ക് നിർത്തിവെക്കുന്നത്. എന്നാൽ ഇത് ഒരു സാധാരണ ഇടവേളയല്ല. എംപിമാർ ജോലിയിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 10 മുതൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്യാനാണ് ജോൺസൻ ആവശ്യപ്പെട്ടത്.
ഇതിനാൽ എംപിമാർക്ക് ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ വളരെ കുറച്ച് സമയമേ ലഭിക്കുകയുള്ളൂ. നോ ഡീൽ ബ്രെക്സിറ്റ് തടയാൻ കഴിയുന്ന നിയമം പാസാക്കാനും അവർക്ക് സമയം ലഭിക്കാതെ വരും. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരിൽ ചിലരും നോ ഡീൽ ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നില്ല. ഇത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ് തടയുന്ന നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞിരുന്നു. അത് പരാജയപ്പെട്ടാൽ അവിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ പാർലമെന്റ് നടക്കാത്തതിനാൽ എംപിമാർക്ക് സർക്കാരിൽ അവിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിയാതെവരും. സെപ്റ്റംബർ 3 ചൊവ്വാഴ്ച പാർലമെന്റ് വീണ്ടും കൂടുമെങ്കിലും പിന്നീട് അവധിയിലേക്ക് പോകും. സെപ്റ്റംബർ 10നു മുമ്പ് എംപിമാർ അവിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ മാത്രമേ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ. നിഗൽ ഫരാഗിന് കീഴിലുള്ള ബ്രെക്സിറ്റ് പാർട്ടി, എന്തു വില കൊടുത്തും ബ്രെക്സിറ്റ് നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനം വളരെ സംശയാസ്പദവും തികച്ചും പ്രകോപനപരവുമാണെന്ന് നോ ഡീൽ ബ്രെക്സിറ്റ് തടയാൻ ശ്രമിക്കുന്ന കൺസേർവേറ്റിവ് എംപി ഡൊമിനിക് ഗ്രീവ് ബിബിസിയോട് പറഞ്ഞു.
ബഹിരാകാശ യാത്രയായ് ആൻ മാക്ക്ലെയിൻ ആണ് അവരുടെ ആറുമാസ ബഹിരാകാശ മിഷൻ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയ ആയിരിക്കുന്നത്. ആൾ മാറാട്ടം , അകന്നു കഴിയുന്ന പങ്കാളിയുടെ ഫിനാൻസ് റെക്കോർഡ് പരിശോധിക്കുക എന്നീ കേസുകളാണ് ചാർജ് ചെയ്യപ്പെട്ടിരിക്കുന്നത്.
ആദ്യമായി ബഹിരാകാശത്ത് നടന്ന കുറ്റകൃത്യം എന്ന് കരുതപ്പെടുന്ന സംഭവത്തെപ്പറ്റി നാസ വിശദമായി അന്വേഷണം തുടങ്ങി. ബഹിരാകാശ യാത്രികയുടെ പങ്കാളിയായ സമ്മർ വോർഡിൻ ആണ് പരാതി ഫയൽ ചെയ്തത്. അനുവാദംകൂടാതെ ആൻ മാക്ക്ലെയിൻ തന്റെ ഫെഡറൽ ട്രേഡ് കമ്മീഷൻ വിവരങ്ങൾ ചോർത്തി എന്ന പരാതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ പരാതി വാർഡന്റെ കുടുംബം നാസയുടെ ഓഫീസിലെ ഇൻസ്പെക്ടർ ജനറലിനും നൽകിയിട്ടുണ്ട്.
എന്നാൽ തങ്ങൾ രണ്ടുപേരും ചേർന്നു എടുത്ത അക്കൗണ്ടിലെ വിവരങ്ങൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്റർ നാഷണൽ സ്‌പേസ് സ്റ്റേഷൻെറ ഭാഗമായി ബഹിരാകാശത്ത് ആയിരിക്കുമ്പോൾ കുറ്റകൃത്യം ഒന്നും നടന്നിട്ടില്ലെന്നും ആൻ മാക്ക്ലെയിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ഭാഗമായി നാസ രണ്ടുപേരെയും ബന്ധപ്പെട്ടിട്ടുണ്ട്.
വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് നേരിട്ടിരിക്കുന്നത് എന്നും, പിരിഞ്ഞു കഴിയുന്ന തങ്ങൾക്കിടയിലെ ചില പ്രശ്നങ്ങളാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്നും മാക്ക്ലെയിൻ ട്വിറ്ററിൽ കുറിച്ചു. അന്വേഷണത്തിൽ തനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട് എന്നും, കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റവും മോദി സ്തുതിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ് . പതിനേഴാം ലോകസഭാ രൂപീകൃതമായത് മുതൽ പ്രതിപക്ഷത്തുനിന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മോദി വിമർശനം ശശി തരൂരിന്റേതായിരുന്നു. അതുകൊണ്ടുതന്നെ ലോക്സഭയിലേക്ക് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് പോലും ശശിതരൂരിനെ പരിഗണിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ മോദി സ്തുതി ബുദ്ധിപൂർവമായ ഒരു നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് കോൺഗ്രസിലും കേന്ദ്രത്തിലും ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു പി ചിദംബരം. അഴിമതി കേസിൽ ജാമ്യം പോലും ലഭിക്കാതെ പോലീസ് കസ്റ്റഡിയിൽ തുടരുന്നതും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കഴിഞ്ഞ ആഴ്ച കോടതിയിൽ കൊടുത്ത റിപ്പോർട്ടും തമ്മിൽ ചേർത്തു വായിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. സുനന്ദപുഷ്കറിന്റെ മരണത്തിൽ ആരോപണവിധേയനായ ശശി തരൂറിന് തനിക്കും ചിദംബരത്തിന്റ് അവസ്ഥയാകുമോ എന്ന ചിന്ത അലട്ടുന്നുണ്ടോ എന്ന പൊതു ജനം ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കാത്ത വിധത്തിലേക്കാണ് ശശിതരൂരിന്റെ പൊടുന്നനെയുള്ള മലക്കം മറിച്ചിൽ.
ശരദാ ചിട്ടിഫണ്ട് കേസിൽ പ്രധാന ആരോപണ വിധേയനും പ്രമുഖ തൃണമുൽ നേതാവും ആയിരുന്ന മുഖിൽ റോയി ബി ജെ പിയിലേക്ക് ചേക്കേറിയ കേസിൽ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ട മാതൃക ശശിതരൂരിന്റെ മുന്നിലുണ്ട്. മമതാ ബാനർജി കഴിഞ്ഞാൽ തൃണമുൽ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു മുഖിൽറോയ് എന്നാൽ ശശി തരൂർ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കേന്ദ്ര ഗവൺമെന്റിനോടും മോദിയോടും മൃദുസമീപനം സ്വീകരിക്കാനാണ് സാധ്യത.