സ്വന്തം ലേഖകൻ

ബ്രിട്ടൻ :- തകർച്ചയുടെ വക്കിലായിരുന്ന ബ്രിട്ടീഷ് സ്റ്റീലിനെ പൂർണമായി ഏറ്റെടുത്തു ചൈനീസ് കമ്പനിയായ ജിൻഗിയെ. ഇതോടെ മൂവായിരത്തോളം ജോലി സാധ്യതകൾ സംരക്ഷിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 50 മില്യൺ പൗണ്ടാണ് ഇതിനായി ചൈനീസ് കമ്പനി ചെലവഴിച്ചിരുന്നത്. ബ്രിട്ടീഷ് സ്റ്റീൽ പൂർണ്ണമായ തകർച്ചയിൽ ആയിരുന്നു. ഏകദേശം അയ്യായിരത്തോളം ജീവനക്കാരാണ് ബ്രിട്ടീഷ് സ്റ്റീലിൽ ജോലിചെയ്തിരുന്നത്. പുതുതായി ഏറ്റെടുത്തിരിക്കുന്ന ചൈനീസ് കമ്പനി നിലവിലുള്ള മെഷിനറികളെയും, സംവിധാനങ്ങളെയും നവീകരിക്കും. ബ്രിട്ടീഷ് സ്റ്റീലിനെ ഏറ്റെടുത്തത് സുഗമമായ ഒരു നടപടിയിലൂടെയല്ലെന്നും, നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജിൻഗിയെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ലീ ഹിയുമിങ് വ്യക്തമാക്കി.

ബ്രിട്ടീഷ് സ്റ്റീൽ നിർമാണ രംഗത്ത് ഒരു പുതിയ ചരിത്രം സൃഷ്ടിക്കുവാൻ ആണ് തങ്ങളുടെ കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്രയും നവീകരിക്കപ്പെട്ടപ്പോഴും, ചില ആളുകൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ഈ ഏറ്റെടുക്കലിനോട് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ വ്യക്തമാക്കി.

ഏകദേശം മൂന്നു വർഷത്തോളമായി ബ്രിട്ടീഷ് സ്റ്റീൽ കടബാധ്യതയിൽ ആണ്. പ്രധാനമായും മൂന്ന് പ്ലാന്റുകൾ ആണ് ഇതിനുള്ളത്. സ്കൻത്രോപ്പ്, ടീസ്സൈഡ്, സ്കിന്നിങ്ഗ്രോവ് എന്നിവയാണ് അവ. ബ്രിട്ടീഷ് സ്റ്റീലിനെ പൂർണമായി ഏറ്റെടുത്ത വിവരം ചൈനീസ് കമ്പനി പ്രഖ്യാപിച്ചു.