Main News

36 വയസ്സുള്ള ജിയാൻ ബോഷെട്ടി 170 മൈൽ ദൂരം  ബോർൺ‌മൗത്ത് മുതൽ ബർമിംഗ്ഹാം വരെ   എത്തിയത് കബളിപ്പിക്കപ്പെടാൻ. ഓൺലൈനായി പരിചയപ്പെട്ട ഒരു വ്യക്തിയുടെ കയ്യിൽ നിന്നാണ് അദ്ദേഹം കാർ വാങ്ങിയത്. എന്നാൽ അയാൾ മോഷ്ടാക്കളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു. അവർ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടിക്കുകയും മർദ്ദിച്ചവശനാക്കുകയും,വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.

അറിയാത്ത നഗരത്തിൽ വെച്ചു മുഴുവൻ സാധനങ്ങളും കവർച്ച ചെയ്യപ്പെടുകയും, മർദിക്കപ്പെടുകയും വീട്ടിൽ പോകാൻ വഴിയില്ലാതെ വിഷമിക്കുകയും ചെയ്ത ബൗർഗെറ്റി മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ ഓൺലൈൻ ആയി തന്റെ ദുരനുഭവം പങ്കു വച്ചു. ഫേസ്ബുക്കിൽ കൂടി നടക്കുന്ന കച്ചവടങ്ങളെയും, പരിചയപ്പെടുന്ന വ്യക്തികളെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് അദ്ദേഹം കുറിക്കുന്നു.

നല്ല തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ വ്യക്തി,അദ്ദേഹത്തെ ആളൊഴിഞ്ഞ ഒരു ചൈനീസ് കോർണറിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ സംഘത്തിലെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. അവിടെവെച്ചാണ് അദ്ദേഹത്തെ മർദിച്ചതും, സാധനം വാങ്ങാൻകൊണ്ടു വന്ന പണം അടങ്ങിയ ബാഗ് തട്ടിയെടുത്തതും. രാത്രി 11.30 ഓടെയാണ് സംഭവം നടന്നത് . പോലീസിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്‌സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്‌നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക്  38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്‌സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന്  സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

കുടുംബത്തോടൊപ്പം ചൂണ്ടയിടാൻ എത്തിയ ലൂക്കാസ് ഡോബ്സൺ, എന്ന ആറു വയസ്സുകാരനെ ആണ് ഇന്നലെ ഉച്ചക്ക് കാണാതായത്. കുട്ടിയെ കാണാൻ ഇല്ല എന്ന് അറിഞ്ഞ ഉടൻ തന്നെ അച്ഛൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു , എന്നാൽ കണ്ടെത്താനായില്ല. ഉടൻ തന്നെ എമർജൻസി സർവീസസ് വന്നു തിരച്ചിൽ ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പോലീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ആർ എൻ സി ഐ എന്നിവയുടെ സഹകരണത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.സുരക്ഷാകാരണങ്ങളാൽ രാത്രി 10 മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. അതിരാവിലെ പുനരാരംഭിക്കും.

വിവരം അറിഞ്ഞ ഉടനെ നൂറുകണക്കിന് നാട്ടുകാരാണ് സഹായിക്കാൻ എത്തിച്ചേർന്നത്. നദിയിലും കരയിലും സമീപപ്രദേശങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാണാതാകുമ്പോൾ കറുപ്പും വെളുപ്പും നിറത്തിലുള്ള ടീഷർട്ട് ആണ് കുട്ടി ധരിച്ചിരുന്നത്.സാൻഡ്വിച്ചിലെ മിക്കവാറും റോഡുകളെല്ലാം തടഞ്ഞിരിക്കുകയാണ്. രാത്രി ഏഴ് മണിയോടെ റെസ്ക്യൂ ടീം അടിയന്തര മീറ്റിംഗ് നടത്തിയിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ അസിസ്റ്റന്റ് ഡയറക്ടറായ ക്രിസ് ക്ലോഗൻ പറയുന്നു. ” കുട്ടിയുടെ തിരച്ചിലിനായി സഹകരിച്ച എല്ലാവർക്കും നന്ദി . കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും. ഏറ്റവും ധൈര്യം ആവശ്യമുള്ള സമയമാണിത്. ഈ ദുഃഖം കടന്നു പോകട്ടെ എന്ന് പ്രാർത്ഥിക്കാം. രാത്രി വൈകിയും തിരച്ചിൽ തുടരുന്നവർ മൊബൈൽഫോൺ ടോർച്ച് മുതലായ സുരക്ഷാക്രമീകരണങ്ങൾ കരുതണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സന്നാഹങ്ങളുമായി അതിരാവിലെ തന്നെ തിരച്ചിൽ പുനരാരംഭിക്കും.

ബ്രെക്സിറ്റ്‌ വിഷയത്തിൽ ധാരാളം പ്രശ്നങ്ങളാണ് ബ്രിട്ടന് നേരിടേണ്ടതായി വരുന്നത്. തെരേസ മേയുടെ പതനത്തിനും കാരണമായ ബ്രെക്സിറ്റ്‌, പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ എപ്രകാരം കൈകാര്യം ചെയ്യുമെന്ന് ബ്രിട്ടൻ ഉറ്റുനോക്കുന്നു. യൂറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടൻ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ പരക്കെ ആശങ്ക ഉളവായിട്ടുണ്ട്. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന ബ്രിട്ടീഷുകാരെ നോ ഡീൽ ബ്രെക്സിറ്റ്‌ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനിലെ സ്കൂളുകളെയും നോ ഡീൽ ബ്രെക്സിറ്റ്‌ ബാധിക്കും. പരീക്ഷകൾ തടസപ്പെടും, സ്കൂളുകൾ അടയ്‌ക്കേണ്ടിവരും, കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ വില 20% ഉയരും തുടങ്ങിയവ പ്രധാന പ്രശ്നങ്ങളാണ്. കെന്റിലെ സ്കൂളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. വളരെ രഹസ്യാത്മകമായ 5 പേജ് ഉള്ള റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത് . സ്കൂളുകൾ നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് ‘ സ്കൂൾ ഫുഡ്‌ ‘ എന്ന വിഭാഗത്തിനുകീഴിൽ റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട് . ഒപ്പം ഭക്ഷണക്ഷാമം ഉണ്ടായാൽ ഫുഡ്‌ മെനു എങ്ങനെ ക്രമീകരിക്കുമെന്നത് ആലോചിക്കണമെന്നും നിർദേശിക്കുന്നു .

 സ്കൂളുകളുടെ പാർലമെന്ററി അണ്ടർ സെക്രട്ടറിയായി വീണ്ടും നിയമിതനായ ലോർഡ് ആഗ്നെവ് ആണ് ‘ഡിഎഫ്ഇ നോ ഡീൽ പ്രോഗ്രാം – സ്കൂൾസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്റ് തയ്യാറാക്കിയത്. നോ ഡീൽ ബ്രെക്സിറ്റ്‌ തീരുമാനം ഉപേക്ഷിക്കണമെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി എയ്ഞ്ചേല റെയ്‌നർ, പ്രധാനമന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടു. ” ടോറി ബഡ്ജറ്റ് സിസ്റ്റം കാരണം വർഷങ്ങളായി നമ്മുടെ സ്കൂളുകൾ തകർച്ചയുടെ വക്കിലാണ്. അതിനാൽ ബോറിസ് ജോൺസൻ, നോ ഡീൽ ബ്രെക്സിറ്റ്‌ വേണ്ടെന്ന് വെയ്ക്കണം” എയ്ഞ്ചേല പറഞ്ഞു.

കളർ കോഡ് സിസ്റ്റത്തിന് കീഴിലാണ് റിപ്പോർട്ടിൽ കാര്യങ്ങളെ വിശകലനം ചെയ്തിരിക്കുന്നത്. പ്രതിസന്ധികൾ കൈകാര്യം ചെയ്യാമെന്നും സാധാരണപോലെ കാര്യങ്ങൾ വിതരണം ചെയ്യാമെന്നും വകുപ്പിന് ഉറപ്പുള്ള കാര്യങ്ങൾക്ക് പച്ച നിറവും, വിതരണം നടക്കുമെങ്കിലും മാനേജ്മെന്റ് ശ്രദ്ധ ചെലുത്തേണ്ട സുപ്രധാന പ്രശ്നങ്ങളുള്ള സേവനങ്ങൾക്ക് ആമ്പർ നിറവും, വിതരണം തടസപ്പെടുമെന്നുള്ള സേവനങ്ങൾക്ക് ചുവപ്പ് നിറവുമാണ് നൽകിയിരിക്കുന്നത്. സ്കൂൾ അടച്ചുപൂട്ടലും പരീക്ഷ തടസ്സവും യാത്ര തടസ്സവും സംബന്ധിച്ച പ്രശ്നങ്ങൾക്ക് ആമ്പർ മുന്നറിയിപ്പും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയൊക്കെ പച്ച നിറത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. നോ ഡീൽ ബ്രെക്സിറ്റിനുള തയ്യാറെടുപ്പുകൾക്കായി 2.1 ബില്യൺ പൗണ്ട് അധികമായി നീക്കിവെക്കാനുള്ള പദ്ധതികൾ സർക്കാർ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ സ്കൂളുകൾക്ക് തങ്ങളാലാവുന്നതെല്ലാം ചെയ്യുവാൻ കടമയുണ്ടെന്ന് കെന്റ് കൗണ്ടി കൗൺസിലിലെ ഏരിയ എഡ്യൂക്കേഷൻ ഓഫീസർ ഇയാൻ വാട്സ് പറയുകയുണ്ടായി.

അമിത വേഗത്തിൽ വന്ന കാറിടിച്ച് ദമ്പതികൾ മരിച്ചു. ഗ്രഹം ജെന്നിങ്‌സും, ഭാര്യ എമ്മയുമാണ് 100 കിലോമീറ്ററോളം വേഗത്തിൽ വന്ന കാർ ഇടിച്ചു കൊല്ലപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന കാറിന് പുറകിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ കാറിന് തീ പിടിക്കുകയും ചെയ്തു.

ഡ്വെയ്ൻ ബ്രൗൺ എന്ന യുവാവാണ് കൊലപാതകത്തിന് ഇടയായ കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രാത്രിയിൽ സിനിമ കണ്ടതിനുശേഷം തിരിച്ചുവരികയായിരുന്നു ദമ്പതികൾ ഇരുവരും. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.എന്നാൽ ഇരുപത്തിയാറുകാരനായ ബ്രൗൺ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

നാല്പത്തിയൊമ്പതുകാരനായ ഗ്രഹാമിന് മുൻ വിവാഹത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ട്. അമ്പതുകാരിയായ എമ്മയുമായുള്ള വിവാഹത്തിൽ പത്തും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. തൻെറ അച്ഛൻെറയും രണ്ടാനമ്മയുടെയും മരണം കുടുംബത്തിൽ വലിയ വിള്ളലാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗ്രഹാമിൻെറമൂത്തമകൾ ഇരുപത്തിരണ്ടുകാരിയായ സെലെസ്റ്റ രേഖപ്പെടുത്തി.

അപകടം കണ്ടുനിന്ന ദൃക്സാക്ഷികൾ ബ്രൗൺ അമിത വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നു മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ പ്രകാരം ഏകദേശം 103 കിലോമീറ്ററോളം സ്പീഡിൽ ആണ് അപകടസമയത്ത് ബ്രൗൺ വണ്ടി ഓടിച്ചിരുന്നതെന്നാണ്. അദ്ദേഹം അമിത തോതിൽ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനപ്പൂർവമായ നരഹത്യയ്ക്ക് ആണ് ബ്രൗണിനെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. തന്റെ ശിക്ഷയ്ക്ക് ഇളവ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. നാലു വയസ്സുകാരനായ മകന്റെ അച്ഛനാണ് താനെന്നും, ഇതുവരെയുള്ള  ഡ്രൈവിംഗ് റെക്കോർഡിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. പ്രതിയുടെ വാദമുഖങ്ങളെ പാടെ തള്ളി കളഞ്ഞ കോടതി ശിക്ഷ വിധിയ്ക്കുകയായിരിന്നു .

വിവാഹം കഴിഞ്ഞിട്ട് വെറും നാലാഴ്ച മാത്രമായ നവവരൻ പിസി ആൻഡ്രൂ ഹാർപർ എന്ന മിടുക്കനായ പോലീസ് ഓഫീസർ ആണ് വ്യാഴാഴ്ച ബെർക് ഷെയറിൽ വെച്ച് ബ്രിട്ടീഷ് സമയം രാത്രി 11 30 ന് അപകടത്തിൽ മരിച്ചത്. മോഷണശ്രമം തടയാൻ പോലീസ് വാഹനത്തിൽ നിന്നിറങ്ങി സംഭവസ്ഥലത്തേക്ക് നടക്കുമ്പോൾ പാഞ്ഞുവന്ന അജ്ഞാത കാറാണ് ഇടിച്ചതിന് ശേഷം ശരീരവും വലിച്ചു കൊണ്ട് പോയത്. അതിദാരുണ വും ക്രൂരവുമായ കുറ്റമാണ് കാറോടിച്ചവരുടേതെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ എന്ന് സംശയിക്കപ്പെടുന്ന 10 നും 30 നും ഇടയിൽ പ്രായമുള്ള 10 പേരെ തേംസ് വാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹപ്രവർത്തകന്റെ കൊലപാതകം അങ്ങേയറ്റം ഞെട്ടിക്കുന്നതും ഹൃദയഭേദകവും ആണെന്ന് പോലീസ് സേനയെ പ്രതിനിധീകരിച്ച് ചീഫ് കോൺസ്റ്റബിൾ ജോൺ ക്യാമ്പ്ബെൽ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചിച്ച പ്രധാനമന്ത്രി ഓരോ ദിവസവും നമ്മെ സുരക്ഷിതരായി സംരക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ദുരിതങ്ങളെ പറ്റി ഓർമിപ്പിച്ചു. പൊതു ജനങ്ങൾക്ക് സേവനം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ധീരനായ പോലീസ് ഉദ്യോഗസ്ഥനെ ഒരിക്കലും മറക്കില്ല എന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. 2010 ൽ സ്പെഷ്യൽ കോൺസ്റ്റബിൾ ആയി സേനയിൽ ചേർന്ന ഹാർപർ 2011 ഓടെ റെഗുലർ ഓഫീസറായി ജോലിയിൽ തുടരുകയായിരുന്നു. വ്യക്തിപ്രഭാവം ഉള്ള ഒരു സുഹൃത്തും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താത്ത മിടുക്കനായ പോലീസ് ഉദ്യോഗസ്ഥനും ആയിരുന്നു പിസി ഹാർപർ . അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം അറിയിക്കാൻ പോലീസ് സേന പതാക താഴ്ത്തുമെന്നു അറിയിച്ചു.

“ജീവിതം വഴുവഴുക്കുന്നതാണ് എന്റെ കൈകൾ മുറുകെ പിടിക്കുക” 4 ആഴ്ച മുമ്പ് വിവാഹ ദിനത്തിൽ വധുവായ ലിസിക്ക് നൽകിയ കാർഡിൽ ഹൃദയം നിറഞ്ഞു എഴുതിയ വരികളാണ് ഇവ. എന്നാൽ സ്വപ്ന വിവാഹത്തിലൂടെ ഒന്നായ ദമ്പതിമാർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം വിധി നൽകിയില്ല. തങ്ങളുടെ എല്ലാം ജീവിതത്തിന് വെളിച്ചമായിരുന്ന ആൻഡ്രൂ ധീരനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നും അവനിൽ അഭിമാനമുണ്ടെന്നും മാതാപിതാക്കളും സുഹൃത്തുക്കളും പറഞ്ഞു .

 

3 വർഷമായി ബ്രിട്ടനെ അലട്ടികൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് ബ്രെക്സിറ്റ്‌. ഒരു റഫറണ്ടത്തിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത് 2016 ജൂൺ 23നാണ്. എന്നാൽ ഇന്ന് വരെ അതിന്റെ പ്രത്യാഘാതങ്ങൾ ബ്രിട്ടൻ നേരിടേണ്ടതായി വന്നു. 2019 ഒക്ടോബർ 31ന് തന്നെ ഒരു നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പാക്കും എന്ന തീരുമാനത്തിൽ ഉറച്ചാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇപ്പോൾ ഭരണം നടത്തുന്നത്. ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും ഉറ്റുനോക്കുന്നതും ഈ വിഷയം തന്നെയാണ്. എന്നാൽ ഒക്ടോബർ 31ന് നോ ഡീൽ ബ്രെക്സിറ്റ്‌ തടയാനുള്ള ശ്രമത്തിൽ, പ്രതിപക്ഷ എംപിമാർ ബോറിസ് ജോൺസന്റെ സർക്കാരിൽ ഒരു അവിശ്വാസ വോട്ടെടുപ്പ് സെപ്റ്റംബറിൽ നടത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയിരിക്കുന്നത്. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അവിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബ്രെക്സിറ്റിന് കാലതാമസം വരുത്താനും ഒരു തിരഞ്ഞെടുപ്പ് വിളിക്കാനും മറ്റൊരു റഫറണ്ടത്തിനായി പ്രചാരണം നടത്താനുമാണ്‌ കോർബിൻ പദ്ധതിയിടുന്നത്.

മറ്റു പാർട്ടി നേതാക്കളുടെയും ടോറി പാർട്ടി വിമതരുടെയും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് കോർബിൻ അവർക്ക് കത്തയച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് വിളിക്കുമെന്ന് കോർബിൻ പറയുന്നു. എന്നാൽ അതിന് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഇതിൽ വിജയിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള തീരുമാനവുമായി ലേബർ പാർട്ടി രണ്ടാമത്തെ റഫറണ്ടത്തിനായി പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പല നേതാക്കൾ രംഗത്തെത്തി.

ഗ്രീൻ എംപി കരോലിൻ ലൂക്കാസും പ്ലെയ്ഡ് സിമ്‌റുവിന്റെ വെസ്റ്റമിനിസ്റ്റെർ നേതാവ് ലിസ് സാവിൽ റോബർട്സും അവിശ്വാസ വോട്ടെടുപ്പിനായുള്ള കോർബിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്തു. ബ്രെക്സിറ്റിനെച്ചൊല്ലി ടോറി പാർട്ടിയിൽ നിന്നും പുറത്തുപോയ സ്വതന്ത്ര എംപിയായ നിക്ക് ബൊലേസും കത്ത് സ്വീകരിച്ചു. എന്നാൽ കോർബിനെ പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണയ്ക്കില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ പറഞ്ഞു. അവർ അദ്ദേഹത്തെ ‘ ഭിന്നിപ്പുകാരൻ ‘ എന്ന് വിളിച്ചു. എംപിമാരുടെ പിന്തുണയ്ക്ക് നിർദ്ദേശം നൽകില്ലെന്നും സ്വിൻസൺ പറഞ്ഞു. പ്രധാനമന്ത്രിയായാൽ, കോർബിൻ റഫറണ്ടം അസാധുവാക്കുമെന്നും യുകെയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ ജോൺസൻ പരാജയപ്പെട്ടാൽ അതൊരു പൊതുതെരഞ്ഞെടുപ്പിനാവും വഴിയൊരുക്കുക.

ലണ്ടന്‍ : ട്യൂഷന്‍ ഇല്ലാതെ പഠിച്ച ന്യൂകാസിലിലെ അലന്‍ ജോജിക്കും, ക്യാന്‍സര്‍ രോഗിയെപ്പറ്റി ലേഖനം എഴുതിയ പോര്‍ട്സ്മൗത്തിലെ ലയന സാനിക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ . മക്കളെ രണ്ടും മൂന്നും ട്യൂഷന് വിട്ട് പഠിപ്പിക്കുന്ന മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്നതായിരുന്നു അലന്‍ ജോജിയുടെ തകര്‍പ്പന്‍ വിജയം . ഇക്കുറി എ ലെവല്‍ പരീക്ഷയില്‍ എ സ്റ്റാറും എ ഗ്രേഡും നേടിയവരില്‍ അനേകം മലയാളികളാണ്. ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് രണ്ട് മലയാളി കുട്ടികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ ലഭിച്ചിരിക്കുന്നത്. പോര്‍ട്സ്മൗത്തിലെ ലയന സാനിയും ന്യൂകാസിലിലെ അലന്‍ ജോജിയുമാണ് ഈ ഭാഗ്യം ചെയ്തവര്‍. പഠനത്തിനൊപ്പം കലയും സ്പോര്‍ട്സും മാത്രമല്ല ആത്മീയ പ്രവര്‍ത്തനങ്ങളില്‍ വരെ മലയാളി കുട്ടികളെ മാറ്റിനിര്‍ത്താനാവില്ല. എന്നിട്ടും എ ലെവല്‍ പരീക്ഷയോ ജിസിഎസ് സി എക്സാമോ എത്തിയാല്‍ മുമ്പില്‍ തിളങ്ങി നില്ക്കുന്നവരില്‍ നമ്മുടെ കുട്ടികള്‍ ഉണ്ടാകും. രണ്ടാം തലമുറ കുടിയേറ്റക്കാരുടെ മക്കള്‍ എന്നും ഇങ്ങനെ നമ്മെ അതിശയിപ്പിച്ച് കൊണ്ട് ഇവിടെ തന്നെയുണ്ട്.

ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ ആദരമേറ്റുവാങ്ങിയ ലയന ഇനി മെഡിസിന്‍ പഠനത്തിന്.

റോയല്‍ കോളേജ് ഓഫ് സയന്‍സ് നടത്തിയ ശാസ്ത്ര അഭിരുചി പരീക്ഷയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായ മലയാളി പെണ്‍കുട്ടിയെ മലയാളി സമൂഹം മറന്ന് കാണാനിടയില്ല. ആ നേട്ടത്തിന്റെ പേരില്‍ ബ്രിട്ടീഷ് പ്രഭുസഭയില്‍ വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് ആദരം ഏറ്റവാങ്ങുകയും ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍ക്കൊപ്പം ചിലവിടുകയും ചെയ്ത് മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ലയന സാനി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ജിസിഎസ് സിക്ക് പിന്നാലെ എ ലവല്‍ പരീക്ഷയില്‍ മിന്നും തിളക്കം കൈവ്വരിച്ചിരിക്കുകയാണ് ലയന.എഴുതിയ വിഷങ്ങളില്ലെല്ലാം മുഴുവന്‍ മാര്‍ക്കും നേടിയ ലയന ഇനി മെഡിസിന്‍ പഠനത്തിനായി അഡ്മിഷന്‍ ഉറപ്പിച്ച് കഴിഞ്ഞു.

ബയോളജി, കെമിസ്ട്രി, കണക്ക്, ജിയോഗ്രഫി, ഇപിക്യു ( എക്സ്റ്റന്‍ഡ് പ്രൊജകട് ക്വാളിഫിക്കേഷന്‍ )എന്നീ വിഷയങ്ങളിലാണ് ലയന വിജയം കൈവ്വരിച്ചത്. ജിസിഎസ് എസി പരീക്ഷയില്‍ പതിനാല് എ സ്റ്റാര്‍ നേടി വിജയം കൈവരിച്ച ലയന പോര്‍ട്സ്മൗത്തിലെ ഓക് ലന്റ് കാത്തോലിക് സ്‌കൂള്‍ വാട്ടര്‍ലൂവിലായിരുന്നു പഠനം നടത്തിവന്നത്. ഇനി കോര്‍പസ് ക്രൈസ്റ്റ് കോളേജ് ഓക്സ്ഫോര്‍ഡില്‍ മെഡിസിന്‍ പഠനത്തിന് സീറ്റ് ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.

ലേഖനങ്ങള്‍ എഴുതി കഴിവ് തെളിയിച്ചിട്ടുള്ള ലയന റോയല്‍ കോളേജ് സയന്‍സ് നടത്തിയ ശാസ്ത്ര ലേഖന മത്സരത്തില്‍ ഏറ്റവും മികച്ച കുറിപ്പെഴുതിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജെറ്റ്റൂഡ് ഏലിയന്‍ എന്ന ക്യാന്‍സര്‍ രോഗിയുടെ അനുഭവം സംബന്ധിച്ച് എഴുതിയ കുറിപ്പാണു ലയനയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

ലണ്ടനിലെ ഈംപീരിയല്‍ കോളേജ് നടത്തുന്ന സയന്‍സ് ചലഞ്ചില്‍ ആണ് ലയന മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചിട്ടത്. ഇത്ര ചെറുപ്രായത്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗീകാരം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേര് മലയാളി സമൂഹത്തില്‍ നിന്ന് കണ്ടെത്തുക പ്രയാസമായിരിക്കും.

കാലടി സ്വദേശിയായ സാനി പോളിന്റെയും റോസിലി സാനിയുടെയും മകളാണ് ലയന. ഇരുവരും നഴ്സിങ് ഹോം ജീവനക്കാരാണ്. പിതാവ് സാനി പോള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായും, അമ്മ നഴസായും ജോലി ചെയ്യുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിലന്‍ ആണ് ലയനയുടെ സഹോദരന്‍.

സ്പോര്‍ട്സിലും ചാരിറ്റി പ്രവര്‍ത്തനത്തിനും ഒപ്പം പഠനത്തിലും ഒന്നാമനായി അലന്‍ ജോജി മാത്യു.

ന്യൂകാസിലിലെ അലന്‍ ജോജിക്ക് നൂറില്‍ നൂറ് എന്ന് മികവുറ്റ വിജയത്തിളക്കം ഒരു പുത്തരിയല്ല. ജിസിഎസ്ഇ പരീക്ഷയില്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ അസാധാരണമായി വിജയം കൈവരിച്ച അലന്‍ എ ലെവല്‍ റിസള്‍ട്ടിലും മിന്നും തിളക്കം കൈവ്വരിച്ചിരിക്കുകയാണ്. എഴുതിയ എല്ലാ വിഷയങ്ങളിലും മുഴുവന്‍ എ സ്റ്റാര്‍ നേടിയിരിക്കുകയാണ്.

സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളിലെ ടോപ്പറാണ് അലന്‍ ജോജി. ട്യൂഷന്റെയും മറ്റ് പഠന സഹായികളോ ഇല്ലാതെയാണ് അലന്‍ വീണ്ടും വിജയത്തിളക്കം കൈവ്വരിച്ചിരിക്കുന്നത്. ക്രിക്കറ്റിലും ബാസ്‌കറ്റ് ബോളിവും, ചാരിറ്റിയിലും കൈമുദ്ര പതിപ്പിച്ചിട്ടുള്ള അലന്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിന് ചേരാനാണ് ഉദ്ദേശിക്കുന്നത്.

ന്യുകാസിലിലെ പ്രദോയിലാണ് കഴിഞ്ഞ ഒരു ദശകമായി അലന്റെ കുടുംബം താമസിക്കുന്നത്. സ്‌കൂള്‍ ജീവനക്കാരനായ ജോജി മാത്യുവും തിയേറ്റര്‍ നേഴ്സായി ജോലി ചെയ്യുന്ന ബീനയുമാണ് അലന്റെ മാതാപിതാക്കള്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളാണ് ജോജിയും കുടുംബവും . ജിസിഎസ്ഇ വിദ്യാര്‍ത്ഥി റിസള്‍ട്ടിനായി കാത്തിരിക്കുന്ന അനിറ്റയാണ് അലന്റെ ഏക സഹോദരി.

പ്രതിഷേധക്കാരുടെ യും പോലീസിനെയും കാര്യങ്ങളിൽ ബ്രിട്ടീഷ് രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ലെന്ന് ചൈനീസ് അംബാസഡർ ലിയു സിയാമിംഗി ൻെറ നിശിതമായ വിമർശനം.

ബ്രിട്ടനിലെ ചില രാഷ്ട്രീയക്കാർ ഇപ്പോഴും ചിന്തിക്കുന്നത് ഹോങ്കോങ്ങ് അവരുടെ ഒരു കോളനി ആണെന്നാണ്. അതിനാലാവണം അവർ അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാൻ വരുന്നത്. കോമൺ ഫോറിൻ അഫയേഴ്സ് സെലക്ട് കമ്മിറ്റി ചെയർമാൻ ടോം ടങ്ങെന് ദത്തിന്റെ യുകെ സിറ്റിസൺഷിപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മിസ്റ്റർ ലൂയി. ഹോങ്കോങ് ചൈന യുടെ ഭാഗമാണ് യുകെയുടെതല്ല. 1997 വരെയായിരുന്നു കോളനി ഭരണം. യുകെയിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഗവൺമെന്റ് സാധൂകരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

തീവ്ര പക്ഷ ചിന്തകർ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ പ്രതിഷേധം നടത്തുകയും അത് നശിപ്പിക്കുകയും ചെയ്താൽ നിങ്ങൾ പ്രതികരിക്കാതെ ഇരിക്കുമോ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്റ്റേഷൻ തീവെക്കുകയും ജനജീവിതം ആക്കുകയും ചെയ്യാൻ നിങ്ങൾ കൂട്ടുനിൽക്കുമോ.ഇവയൊക്കെ യുകെയിൽ കുറ്റകൃത്യങ്ങൾ അല്ലേ. വിദേശരാജ്യങ്ങൾ ഹോങ്കോങ് വിഷയങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഹോങ്കോങ്ങിൽ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്ന പ്രതികളെ മെയിൻ ലാൻഡ് ചൈനയിലേക്ക് നാട് കടത്തുന്ന ഒരു ബില്ല് ഏപ്രിലിൽ പാസാക്കിയത് മുതൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഈ നിയമം നിലവിൽ വന്നാൽ ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകരെയും ഒക്കെ നിസ്സാര കുറ്റമാരോപിച്ച് ശിക്ഷിക്കാൻ സാധിക്കുമെന്നാണ് വിമർശകർ പറയുന്നത്. ജൂലൈയിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബില്ല് പാസാക്കാതെ മരവിപ്പിക്കുകയായിരുന്നു. ബില്ല് പരിപൂർണ്ണമായി പിൻവലിക്കാനും അറസ്റ്റിലായ പ്രതിഷേധക്കാരെ നിരുപാധികം വിട്ടയക്കാനും ഉള്ള പരിശ്രമത്തിലാണ് ഇപ്പോൾ പ്രതിഷേധക്കാർ.

പക്ഷി കൂട്ടത്തിൽ ഇടിച്ച് ദിശ മാറിയ 226 ടൂറിസ്റ്റുകൾ അടങ്ങുന്ന വിമാനത്തെ അതിസാഹസികമായി താഴെയിറക്കി റഷ്യൻ വൈമാനികന്റെ ധീരത. ഡെമിർ യുസുപ്പോവ് എന്ന നാല്പത്തിയൊന്നുകാരനായ വൈമാനികൻ ആണ് എല്ലാവരെയും സുരക്ഷിതരായി താഴെയിറക്കിയത്‌. മോസ്കോയ്ക്ക് സമീപമുള്ള പ്രദേശത്താണ് അദ്ദേഹം അടിയന്തര ലാൻഡിങ് നടത്തിയത്. വ്യാഴാഴ്ച രാവിലെ മോസ്കോയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നിന്റെ സമീപമാണ് അദ്ദേഹം ലാൻഡിങ് നടത്തിയത്. വിമാനം പക്ഷി കൂട്ടത്തിൽ ഇടിച്ചത് മൂലമാണ് അടിയന്തിരമായി വിമാനം ലാൻഡിങ് നടത്തിയത്.

അഞ്ചു കുട്ടികൾ ഉൾപ്പെടെ ഇരുപത്തിമൂന്നു പേർക്ക് സാരമായി പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരാൾക്ക് പോലും മരണം സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ അതോറിറ്റികൾ അറിയിച്ചു. റഷ്യയിലെ ഷുവോസ്കി വിമാനത്താവളത്തിൽ നിന്നും ക്രിമിയയിലെ സിംഫെറോപോളിലേക്കുള്ള യാത്രയ്ക്കിടെ യൂറൽ എയർലൈൻസിന്റെ എ321 വിമാനമാണ് പക്ഷി കൂട്ടത്തിൽ ഇടിച്ചത്.

വിമാനത്തിന്റെ എൻജിനിൽ പക്ഷികൾ അകപ്പെട്ടതോടെ എൻജിൻ തകരാറിലായതായി പൈലറ്റ് രേഖപ്പെടുത്തി. തുടർന്നാണ് പൈലറ്റ് വിമാനത്താവളത്തിൽ നിന്നും അര മൈലോളം ദൂരെയുള്ള ഒരു ഗോതമ്പ് പാടത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. പക്ഷി കൂട്ടത്തിൽ ഇടിച്ച ഉടനെ വലിയൊരു ശബ്ദം ഉണ്ടായതായും പുക കണ്ടതായും യാത്രക്കാർ പറഞ്ഞു. 226 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കി. ലാൻഡിങ് സമയത്ത് 16 ടണ്ണോളം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വൈമാനികന്റെ ധീരതയെ എയർലൈൻസ് അതോറിറ്റികൾ ഉൾപ്പെടെ എല്ലാവരും പ്രശംസിച്ചു. തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം കരിയർ ആരംഭിച്ചതെങ്കിലും, 2000 മണിക്കൂറോളം പ്രവർത്തന പരിചയം അദ്ദേഹത്തിനുള്ളതായി “സൺ ” റിപ്പോർട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ മെയിൽ 41 പേരടങ്ങുന്ന റഷ്യൻ വിമാനം മോസ്കോ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയതിനെ തുടർന്ന് അഗ്നിക്കിരയായി 41 പേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved