Main News

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന എന്‍എച്ച്എസ് ഡോക്ടറും യുകെയില്‍ നിന്നുള്ള ഫാര്‍മസിസ്റ്റും നടത്തിയത് നാസി ശൈലിയിലുള്ള പ്രവര്‍ത്തനമെന്ന് വെളിപ്പെടുത്തല്‍. തടവുകാരുടെ ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അവയവങ്ങള്‍ എടുത്ത് ഗുരുതരമായി പരിക്കേറ്റ തീവ്രവാദികള്‍ക്ക് നല്‍കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. 2014ല്‍ ഐസിസില്‍ ചേരാന്‍ സിറിയിയിലേക്ക് കടന്ന ഇസ്സാം അബുവന്‍സ എന്ന എന്‍എച്ച്എസ് ഡോക്ടറും മുഹമ്മദ് അന്‍വര്‍ മിയാ എന്ന ഫാര്‍മസിസ്റ്റുമാണ് ഇവര്‍. 40 കാരനായ അബുവന്‍സ ഷെഫീല്‍ഡ് സ്വദേശിയാണ്. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഇംഗ്ലണ്ടില്‍ ഉപേക്ഷിച്ചിട്ടാണ് അബുവന്‍സ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. പിന്നീട് ഇയാളെ ഐസിസ് ആരോഗ്യ മന്ത്രിയായി അവരോധിച്ചു.

ബര്‍മിംഗ്ഹാം സ്വദേശിയാണ് മുഹമ്മദ് അന്‍വര്‍ മിയാ. ഇവര്‍ ഒരുമിച്ചാണ് തടവുകാരുടെ അവയവങ്ങള്‍ നീക്കം ചെയ്തത്. തടവുകാര്‍ക്കു നേരെ ഇവര്‍ ചെയ്ത ക്രൂരതകള്‍ ഐസിസ് തീവ്രവാദികള്‍ പോലും എതിര്‍ത്തിരുന്നുവത്രേ! സിറിയന്‍ സര്‍ക്കാരുമായി നടക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ പിടിക്കപ്പെടുന്ന സൈനികരില്‍ നിന്നും സിവിലിയന്‍സില്‍ നിന്നും ഇവര്‍ ആന്തരികാവയവങ്ങള്‍ അറുത്തെടുക്കുമായിരുന്നത്രെ. ഇങ്ങനെ അപഹരിക്കുന്ന അവയവങ്ങള്‍, ഗുരുതരമായി പരിക്കേറ്റ് അവയവമാറ്റം വേണ്ട അവസ്ഥയിലുള്ള ഐസിസ് പോരാളികള്‍ക്ക് വെച്ചുപിടിപ്പിക്കുകയോ അല്ലെങ്കില്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ച് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിലേക്ക് മുതല്‍ക്കൂട്ടുകയോ ചെയ്യുകയായിരുന്നു പതിവ്.

തടവുകാരെ ഭയപ്പെടുത്താന്‍ അവയവങ്ങള്‍ ജയില്‍ സെല്ലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബുവന്‍സയുടെ നേതൃത്വത്തിലുള്ള 10 അംഗ മെഡിക്കല്‍ സംഘം തടവുകാരില്‍ രാസ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതു വിധത്തിലുള്ള പരീക്ഷണമാണ് നടന്നതെന്ന വിവരങ്ങള്‍ വ്യക്തമല്ല. ഐസിസ് കേന്ദ്രങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘സൗണ്ട് ആന്‍ഡ് പിക്ച്ചര്‍’ എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ പുറം ലോകത്തിന് കൈമാറിയത്.

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് 36,000 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നീക്കത്തില്‍ അന്വേഷണം. ഹോം ഓഫീസ് നടപടിക്കെതിരെ നാഷണല്‍ ഓഡിറ്റ് ഓഫീസാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാ കൃത്രിമത്വം നടന്നുവെന്ന പേരില്‍ 2014ല്‍ ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ 1000 വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കൃത്രിമത്വം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഹോം ഓഫീസ് അറിയിച്ചതെങ്കിലും വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ വെളിച്ചത്തില്‍ ഇതിനെതിരെ പൊതുജനങ്ങളും പാര്‍ലമെന്റും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം ഓഫീസ് തീരുമാനം റിവ്യൂവിന് വിധേയമാക്കുന്നതെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കിയത്.

പരീക്ഷയില്‍ കൃത്രിമത്വം കാട്ടിയെന്ന് ഹോം ഓഫീസ് ആരോപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍, എത്രപേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയവയാണ് ഓഡിറ്റ് ഓഫീസ് പരിശോധിക്കുന്നത്. ബിബിസി പനോരമയുടെ രഹസ്യാന്വേഷണത്തിലാണ് പരീക്ഷാ കൃത്രിമത്വം പുറത്തു വന്നത്. ലാംഗ്വേജ് ടെസ്റ്റ് നടത്താന്‍ ചുമതലയുള്ള രണ്ട് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ആ സമയത്തെ സര്‍ക്കാര്‍ അംഗീകൃത ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ (TOIEC) പരീക്ഷയില്‍ ഒരു എഴുത്തു പരീക്ഷയും വാചാ പരീക്ഷയും മറ്റൊരു മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയും ഉള്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു അന്നത്തെ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് അഭിപ്രായപ്പെട്ടത്.

ഇതേത്തുടര്‍ന്ന് പരീക്ഷ നടത്തിയിരുന്ന അമേരിക്കന്‍ കമ്പനിയായ എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസിനോട് 2001 മുതല്‍ 2014 വരെ നടത്തിയ 58,000 ടെസ്റ്റുകളില്‍ പരിശോധന നടത്താന്‍ ഹോം ഓഫീസ് ഉത്തരവിട്ടു. 30,000ലേറെ പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി പ്രോക്‌സി ടെസ്റ്റ് ടേക്കേഴ്‌സ് ഉപയോഗിക്കപ്പെട്ടുവെന്ന് ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധന വ്യക്തമാക്കി. ഇതില്‍ 25 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പല വിദ്യാര്‍ത്ഥികളും തെറ്റായി അകപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ലേബര്‍ എംപി സ്റ്റീഫന്‍ ടിംസ് പറഞ്ഞു.

തിരുവനന്തപുരം • ‘കല്ലട സുരേഷ്’ ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന്, അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിനു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസുകളുടെ ബുക്കിങ് ഓഫിസോ പാര്‍ക്കിങ് കേന്ദ്രമോ പാടില്ല. ബുക്കിങ് ഓഫിസുകളുടെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ ചരിത്രം പാടില്ല. പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റു വസ്തുക്കള്‍ പാഴ്‌സലായി ബസുകളില്‍ കയറ്റരുതെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 സെക്ഷന്‍ 93 അനുസരിച്ച് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നല്‍കാനോ അനുവാദമില്ല. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാല്‍ നിയമലംഘനം വ്യാപകമാണ്. ബുക്കിങ് ഏജന്റുമാര്‍ക്കുവേണ്ട എല്‍എപിടി ലൈസന്‍സ് ദുരുപയോഗം ചെയ്താണ് സ്വകാര്യ ബസുകള്‍ ഇതര സംസ്ഥാനങ്ങളിലേക്കു സര്‍വീസ് നടത്തുന്നത്. എല്‍എപിടി ലൈസന്‍സില്ലാതെ പോലും സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്.
ബുക്കിങ് ഓഫിസുകള്‍ക്ക് 150 ചതുരശ്രഅടി വലുപ്പം വേണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 10 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള പാസഞ്ചര്‍ ലോഞ്ച് വേണം. ശൗചാലയം, ലോക്കര്‍ റൂം എന്നിവ നിര്‍ബന്ധം. ഓഫിസിന്റെ 6 മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണം. യാത്ര പുറപ്പെടുന്ന സ്ഥലത്തും അവസാനിപ്പിക്കുന്ന സ്ഥലത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ മതിയായ സ്ഥലം കണ്ടെത്തണം. മറ്റു വാഹനങ്ങളുടെ ഗതാഗതത്തെ ബാധിക്കാന്‍ പാടില്ല.
കേരള പൊലീസിന്റെയും ആര്‍ടിഒ ഓഫിസുകളുടേയും നമ്പരുകളും എല്‍എപിടി ലൈസന്‍സിന്റെ കോപ്പിയും ഓഫിസില്‍ പ്രദര്‍ശിപ്പിക്കണം. ബുക്കിങ് ഓഫിസിന്റെ പേരും ലൈസന്‍സ് നമ്പരും ഓഫിസിന്റെ ബോര്‍ഡില്‍ ഉണ്ടാകണം. ഓപ്പറേറ്ററുടെ പേരും ബസിന്റെ സമയക്രമവും പ്രദര്‍ശിപ്പിക്കണം. യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങിയ റജിസ്റ്റര്‍ ലൈസന്‍സ് ഉടമ സൂക്ഷിക്കണം. അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ഇതു ഹാജരാക്കണം.
ടിക്കറ്റില്‍ വാഹനം, ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവരുടെ വിവരങ്ങളും ഹെല്‍പ്പ് ലൈന്‍ നമ്പര്‍, പൊലീസ്, മോട്ടര്‍ വെഹിക്കിള്‍ വകുപ്പ്, വനിതാ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ നമ്പരുകളും ഉള്‍പ്പെടുത്തണം. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ സാമ്പത്തിക പശ്ചാത്തലം ഉണ്ടോയെന്നു പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ജൂണില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന ഔദ്യോഗിക വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് ജെറമി കോര്‍ബിന്‍. വംശീയതയും സ്ത്രീവിദ്വേഷവും പ്രസംഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് റെഡ് കാര്‍പറ്റ് വിരിക്കുന്നത് തെറ്റാണെന്ന് ലേബര്‍ നേതാവ് പറയുന്നു. യുകെ-യുഎസ് ബന്ധം കാണിക്കാന്‍ പൊങ്ങച്ചത്തിന്റെയും ആഘോഷത്തിന്റെയും ആവശ്യമില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ട്രംപിന് ആദരം നല്‍കുമെന്ന് 2016ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തെരേസ മേയ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോസ്, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ തുടങ്ങിയവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രധാനമായ അന്താരാഷ്ട്ര കരാറുകള്‍ തകര്‍ക്കുകയും കാലാവസ്ഥാ മാറ്റത്തില്‍ നിഷേധ നിലപാട് എടുക്കുകയും വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രംപിനെ ആദരിക്കാന്‍ പരവതാനി വിരിക്കാനുള്ള നീക്കത്തില്‍ നിന്ന് തെരേസ മേയ് പിന്‍മാറണമെന്ന് പ്രസ്താവനയില്‍ കോര്‍ബിന്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പൊങ്ങച്ചത്തിന്റെയോ സ്‌റ്റേറ്റ് വിസിറ്റ് ആഘോഷത്തിന്റെയോ ആവശ്യമില്ല. അമേരിക്കന്‍ ഭരണകൂടത്തിനു മുന്നില്‍ സാഷ്ടാംഗം വീഴാന്‍ പ്രധാനമന്ത്രി വീണ്ടും തയ്യാറായിരിക്കുന്നത് നിരാശാജനകമാണെന്നും കോര്‍ബിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് വരുന്നതിനെ സ്വാഗതം ചെയ്യുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

ഡിന്നറിന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ ബെര്‍കോവിന്റെ വക്താവ് അറിയിച്ചു. ട്രംപിന്റെ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനാണ് ബെര്‍കോവ്. അമേരിക്കന്‍ ഭരണകൂടവുമായി മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകളാണ് നടത്തേണ്ടതെന്നും ഡിന്നര്‍ ബഹിഷ്‌കരിക്കുകയാണെന്നും എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡും അറിയിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് ഏറ്റവും മികച്ച സ്വീകരണം നല്‍കണമെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.

മീസില്‍സ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ വിലക്കു വന്നേക്കുമെന്ന് സൂചന. ഫ്രാന്‍സ്, ഇറ്റലി, ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതി ബ്രിട്ടനിലേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതിനുള്ള സാധ്യത തള്ളാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വിസമ്മതിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ നിരവധി മാതാപിതാക്കള്‍ വൈമുഖ്യം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2010നും 2017നുമിടയില്‍ പത്തു വയസിനു താഴെ പ്രായമുള്ള അഞ്ചു ലക്ഷത്തോളം കുട്ടികള്‍ മീസില്‍സ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് യുണിസെഫ് കണക്കാക്കുന്നത്.

ടോക്ക് റേഡിയോയില്‍ സംസാരിക്കുമ്പോളാണ് വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശന വിലക്കുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹാന്‍കോക്ക് സൂചന നല്‍കിയത്. മറ്റു രാജ്യങ്ങളുടെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് ബ്രിട്ടന്‍ ഇതുവരെ അവിടെയെത്തിയിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വാക്‌സിന്‍ നല്‍കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഹാന്‍കോക്ക് വ്യക്തമാക്കി. ഓണ്‍ലൈനില്‍ പടരുന്ന വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങളില്‍ ആശങ്കയുണ്ടെന്ന് നേരത്തേ ഹാന്‍കോക്ക് അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന നുണപ്രചാരണങ്ങളില്‍ ഇടപെടാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മീസില്‍സില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം ലഭിക്കണമെങ്കില്‍ എംഎംആര്‍ വാക്‌സിന്റെ രണ്ടു ഡോസ് കുട്ടികള്‍ക്ക് ലഭിക്കണം. വിവാദമായ ഈ വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ച കുട്ടികളുടെ എണ്ണം 2016-17ല്‍ 95 ശതമാനമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഡോസിനായി എത്തിയവര്‍ 88 ശതമാനമായി കുറഞ്ഞു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരുന്നത് 95 ശതമാനത്തിന്റെ ലക്ഷ്യമായിരുന്നു. 2017ല്‍ ഇംഗ്ലണ്ടില്‍ മാത്രം 259 പേര്‍ക്ക് മീസില്‍സ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 966 ആയി കുതിച്ചുയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ബ്രിട്ടീഷ് പെന്‍ഷനര്‍മാരുടെ വരുമാനത്തില്‍ സാരമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 59 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഒരു പെന്‍ഷനര്‍ ഫാമിലിയുടെ ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 27,283 പൗണ്ടായിരുന്നു. 2005-06 വര്‍ഷത്തേതിനേക്കാള്‍ 10,000 പൗണ്ട് കൂടുതലാണ് ഇത്. ഇതേ കാലയളവില്‍ വര്‍ക്കിംഗ് ഫാമിലികളുടെ വരുമാനത്തിലുണ്ടായത് 36 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമാണ്. 36,332 പൗണ്ട് മാത്രമാണ് ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി വര്‍ദ്ധന. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്നവരുടെ ശരാശരി വരുമാനം പെന്‍ഷന്‍കാരുടേതിനേക്കാള്‍ കൂടുതലാണെങ്കിലും ഈ അന്തരം കുറഞ്ഞു വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചെലവുകളുടെ കാര്യത്തിലും വര്‍ക്കിംഗ് ഫാമിലികള്‍ പെന്‍ഷന്‍കാരേക്കാള്‍ മുന്നിലാണ്. ചൈല്‍ഡ് കെയര്‍, മോര്‍ഗിജുകള്‍ തുടങ്ങിയവ ഇവരുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തിനു മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആകര്‍ഷകമായ വര്‍ക്ക്‌പ്ലേസ് പെന്‍ഷനാണ് ലഭിച്ചു വരുന്നത്. ഓരോ വര്‍ഷവും നാണ്യപ്പെരുപ്പ നിരക്ക് അനുസരിച്ച് ഇത് ഉയരുകയും ചെയ്യും. 2010ല്‍ സഖ്യസര്‍ക്കാര്‍ കൊണ്ടുവന്ന ട്രിപ്പിള്‍ ലോക്ക് സ്‌കീം അനുസരിച്ചുള്ള ആനുകൂല്യങ്ങളും പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്‍ഫ്‌ളേഷന്‍, ശരാശരി ശമ്പളം, 2.5 ശതമാനം എന്നിവയില്‍ ഏതാണോ ഉയര്‍ന്നത്, അതനുസരിച്ചുള്ള വര്‍ദ്ധനവ് ഓരോ വര്‍ഷവും പെന്‍ഷനില്‍ വരുത്തുന്ന പദ്ധതിയാണ് ഇത്.

ഇത് പെന്‍ഷന്‍കാരുടെ ശരാശരി വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ബ്രിട്ടനിലെ ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ച കാലഘട്ടം കൂടിയാണ് ഇത്. ബാങ്കിംഗ് തകര്‍ച്ചയും ഉത്പാദന മേഖലയിലെ തകര്‍ച്ചയും മൂലം ജോലി നഷ്ടപ്പെടാതിരിക്കാന്‍ വെട്ടിക്കുറച്ച ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പോലും പലരും നിര്‍ബന്ധിതരായി. പെന്‍ഷന്‍കാര്‍ക്ക് നല്‍കി വരുന്ന സൗജന്യ ബസ് പാസ്, ടിവി ലൈസന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ചാണ് ശ്രീലങ്കയിൽ 253 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടന പരമ്പരകൾ നടന്നത്. നാഷണല്‍ തൗഹിത് ജമാ അത് എന്ന സംഘടനയാണ് സ്ഫോടന പരമ്പരകൾ പിന്നിലെന്നാണ് സർക്കാർ നൽക്കുന്ന വിവരം. ശ്രീലങ്കയിലെ വിവിധ ആരാധനായലങ്ങളിലും സ്റ്റാർ ഹോട്ടലുകളിലുമാണ് സ്ഫോടന പരമ്പര അരങ്ങേറിയത്.

താജ് സമുദ്ര ഹോട്ടലിൽ സ്ഫോടനം നടത്താനെത്തിയ ചാവേറായ അബ്ദുൽ ലത്തീഫ് ജമീൽ മുഹമ്മദിന്റെ സഹോദരി സംസുൽ ഹിദായക്ക് സഹോദരനെ പറ്റി പറയാനുള്ളത് നല്ല ഓർമ്മകൾ മാത്രം‌. താജ് സമുദ്ര ഹോട്ടലിൽ സ്ഫോടനം നടത്താനെത്തിയ മുഹമ്മദിനു പക്ഷേ ബോംബ് നിഷ്ക്രിയമായതിനെത്തുടർന്ന് ചെറിയ ഗസ്റ്റ് ഹൗസ് മാത്രമേ തകർക്കാനായുള്ളൂ. വൻ സ്ഫോടനം നടത്താനെത്തിയെങ്കിലും ഒരു വിനോദസഞ്ചാരിയെ കൊല്ലാൻ മാത്രമാണ് ഇയാൾക്കു കഴിഞ്ഞത്.

ചെറുപ്പത്തിൽ തമാശകൾ പറഞ്ഞിരുന്ന, ജീവിതം ആസ്വദിച്ചിരുന്ന ചെറുപ്പക്കാരൻ ഓസ്ട്രേലിയയിലെ പഠനത്തിനുശേഷം തീവ്ര മതവികാരം ഉള്ളവനായി മാറിയത് എന്ന സഹോദരി തന്നെ പറയുന്നു. ‘ബ്രിട്ടനിൽ പഠിച്ചു തിരിച്ചുവന്നപ്പോൾ സന്തോഷവാൻ. ഓസ്ട്രേലിയയിൽ ഉപരിപഠനം നടത്തി തിരിച്ചെത്തിയപ്പോൾ പൂർണ മത അനുയായി ആയി.

മതനിയമങ്ങൾ പാലിക്കാത്തതിന് ബന്ധുക്കളോട് നീരസവും ദേഷ്യവും പിണക്കവും. നേരിട്ടു കണ്ടാൽപ്പോലും മിണ്ടാത്ത അകൽച്ചയായിയെന്ന് സഹോദരി സംസുൽ ഹിദായ ഒരു അന്തർദേശീയ മാധ്യമത്തോട് പറഞ്ഞു.

ഉയർന്ന വിദ്യാഭ്യാസമാണ് അബ്ദുൽ ലത്തീഫ് ജമീൽ മുഹമ്മദിന് കുടുംബം നൽകിയത്. ശ്രീലങ്കയിലെ കാൻഡിയിൽ തേയില വ്യാപാരം നടത്തിയിരുന്ന സമ്പന്ന കുടുംബത്തിലെ ആറംഗങ്ങളിൽ ഒരാളായിരുന്നു മുഹമ്മദ്. 1982ൽ ജനിച്ച മുഹമ്മദ് സമീപമുള്ള ഗംപോല രാജ്യാന്തര സ്കൂളിലാണ് പഠിച്ചത്.

പിന്നീട് കൊളംബോയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. 10 വർഷങ്ങൾക്കുമുൻപ് പിതാവ് അബ്ദുൽ ലത്തീഫ് മരിച്ചതിനെത്തുടർന്നാണ് മാതാവ് സാംസൺ നിസ്സ കുടുംബവുമായി കൊളംബോയിലേക്കു മാറുകയായിരുന്നു.

ബ്രിട്ടനിൽ പഠിക്കാൻപോയി തിരിച്ചുവന്നപ്പോൾ സഹോദരന് ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്നാൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഓസ്ട്രേലിയയ്ക്കുപോയി തിരിച്ചെത്തിയത് ആകെ മാറിയ മനുഷ്യനായാണ്. താടി നീട്ടി വളർത്തിയിരുന്നു. നിറയെ തമാശ പറഞ്ഞിരുന്നയാൾ തമാശകൾ നിർത്തി ഗൗരവക്കാരനായി. അറിയാത്ത ആളുകളോട് ഒരിക്കൽപ്പോലും ചിരിച്ചുകാണിച്ചിരുന്നില്ല.തനിയെപോലും ചിരിക്കുന്നതു കണ്ടിട്ടില്ല.

പാട്ടുകൾ ആസ്വദിച്ചിരുന്നയാളാണ് മുഹമ്മദ്. എന്നാൽ ഓസ്ട്രേലിയയിൽനിന്നു തിരിച്ചെത്തിയ സഹോദരൻ സ്വന്തം മക്കൾ പാട്ടുകൾ കേൾക്കാൻ അനുവദിച്ചിരുന്നില്ല. ഒരാളോടുപോലും സൗഹൃദഭാവത്തോടെ പെരുമാറിയിരുന്നില്ല.

ചെറുപ്പത്തിലേ ദൈവഭക്തിയുള്ള ആളായിരുന്നെങ്കിലും അതൊരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന തരത്തിലുള്ള വിശ്വാസമായിരുന്നില്ല. എന്നാൽ ഓസ്ട്രേലിയയിൽനിന്നു തിരിച്ചെത്തിയതിനു പിന്നാലെ മതപരമായ ചടങ്ങുകളിൽ വീഴ്ച വരുത്തുന്നതിന് സ്വന്തം കുടുംബത്തെ ശകാരിക്കുമായിരുന്നു.

മതവിഷയത്തിൽ പലതവണ സഹോദരനുമായി വഴക്കിടേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ മതഗ്രന്ഥത്തിൽനിന്ന് വായിക്കുമ്പോൾ ഞാനത് ശരിയാണ് എന്ന് പറയാറേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സംവാദം ആഴത്തിലാഴത്തിൽ കൂടുതൽ മതരപരമാകുമ്പോൾ എനിക്കത് മനസ്സിലായിരുന്നില്ല.

താടി വടിക്കുന്നതിന് ബന്ധുക്കളായ പുരുഷന്മാരെ മുഹമ്മദ് ശകാരിച്ചിരുന്നു. അനുസരിച്ചില്ലെങ്കിൽ ദേഷ്യപ്പെടുമായിരുന്നു. സംവാദം കൈവിട്ടുപോകുമെന്നു മനസ്സിലായപ്പോൾ ഒരു ഘട്ടത്തിൽ സഹോദരനുമായി സംസാരിക്കുന്നത് താൻ അവസാനിപ്പിച്ചു.

ഒരേ പ്രദേശത്തുതന്നെയാണ് താമസിച്ചിരുന്നെങ്കിലും സഹോദരങ്ങൾ പരസ്പരം കാണുന്നത് കഴിയുന്നതും ഒഴിവാക്കുമായിരുന്നു. തനിക്കൊപ്പം കഴിയുന്ന അമ്മയെ കാണാൻ മുഹമ്മദ് എത്തിയാൽപ്പോലും തന്നോടുള്ള സംസാരം ഒഴിവാക്കുകയായിരുന്നു പതിവ്. വീട്ടിൽനിന്നു പുറത്തേക്കു പോകാനും വരാനും കഴിയുന്നതും വേറെ വഴികൾ തിരഞ്ഞെടുത്തിരുന്നു. ഇത്രയൊക്കെയാണെങ്കിലും സഹോദരൻ ചാവേറായി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

ഇത്ര ആഴത്തിൽ മുഹമ്മദിൽ മതതീവ്രവാദം വേരോടിയിരുന്നുവെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഓസ്ട്രേലിയയിൽ വച്ച് എന്തോ സംഭവിച്ചിട്ടുണ്ട്. അവിടുന്ന് തിരിച്ചെത്തിയശേഷം മുഹമ്മദ് നിശബ്ദനായിരുന്നു. എല്ലാത്തിൽനിന്നും ഒഴിഞ്ഞുനിന്നിരുന്നു’ – സഹോദരി കൂട്ടിച്ചേർത്തു.

2006–07ൽ സൗത്ത് വെസ്റ്റ് ലണ്ടനിലെ കിങ്സ്റ്റൺ സർവകലാശാലയിലാണ് ഇയാൾ ഏവിയേഷൻ കോഴ്സിനു പഠിച്ചതെന്ന് യുകെ ഭീകരവിരുദ്ധവിഭാഗം കണ്ടെത്തിയിട്ടുണ്ട്. അന്ന് ഇയാൾ മത തീവ്രവാദത്തിലേക്ക് ആകൃഷ്ടനായിരുന്നോ അങ്ങനെയുള്ള ആരെങ്കിലും ആ സമയത്ത് അവിടെ പഠിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം യുകെ പൊലീസ് അന്വേഷിക്കുകയാണ്.

ഓസ്ട്രേലിയയ്ക്കു പോകും മുൻപായിരുന്നു മുഹമ്മദിന്റെ വിവാഹം. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിട ഉടമയുടെ മകളായിരുന്നു വധു. ഇവരിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ 4 മക്കളും മുഹമ്മദിന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ.

 

 

ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനികളിലൊന്നായ എമിറേറ്റ്‌സ് നിയമനം നടത്തുന്നു. ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റാണ് നാളെ നടക്കുന്നത്. യുകെയിലെ 11 സിറ്റികളിലായി നടക്കുന്ന ഓപ്പണ്‍ ഡേ റിക്രൂട്ട്‌മെന്റുകളിലൊന്നാണ് സ്റ്റോക്ക്-ഓണ്‍- ട്രെന്റില്‍ നാളെ നടത്തുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂവില്‍ ഉള്ളത്. അവര്‍ക്കൊപ്പം ചേരാന്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. എയര്‍ലൈന്റെ വളര്‍ച്ചക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ്. അടുത്തിടെ പുതിയ റൂട്ടുകളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച എമിറേറ്റ്‌സ് പുതിയ വിമാനങ്ങളും തങ്ങളുടെ ഫ്‌ളീറ്റിന്റെ ഭാഗമാക്കിയിരുന്നു.

വളരെ ആകര്‍ഷകമായ എംപ്ലോയ്‌മെന്റ് പാക്കേജുകളാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത്. നികുതി രഹിത വരുമാനം, ദുബായില്‍ ഉന്നത നിലവാരത്തിലുള്ള ഷെയേര്‍ഡ് അക്കോമഡേഷന്‍, ജോലിക്കും തിരിച്ചും സൗജന്യ യാത്ര, മെഡിക്കല്‍, ഡെന്റല്‍ കവര്‍, ദുബായിലെ ഷോപ്പിംഗിനും ഉല്ലാസ യാത്രക്കും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍ എന്നിവ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും യാത്രാ കണ്‍സെഷനുകളും കമ്പനി നല്‍കുന്നുണ്ട്. തുറന്ന മനസും സഹായ മനസ്‌കരും സേവന സന്നദ്ധരുമായ ആളുകളെയാണ് തങ്ങള്‍ ജീവനക്കാരായി പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് യുകെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ജ്യൂസ്ബറി പറഞ്ഞു. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിനായാണ് ഇത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കരിയര്‍ തുടങ്ങാന്‍ ഏറ്റവും നല്ല അവസരമാണ് ഈ ഓപ്പണ്‍ ഡേയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പുതിയ ഫോട്ടോഗ്രാഫും സിവിയുമായി എത്തിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ തയ്യാറായി വേണം എത്താന്‍. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ അടുത്ത ഘട്ട ഇന്റര്‍വ്യൂ, അസസ്‌മെന്റ് എന്നിവയ്ക്കായുള്ള സമയവും നാളെത്തന്നെ അറിയിക്കുമെന്നും ജ്യൂസ്ബറി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

വളരെ പ്രത്യേകതകളുള്ള ഒരു പ്രതിഷേധ മാര്‍ച്ചിനാണ് കഴിഞ്ഞ ദിവസം നമ്പര്‍ 10 സാക്ഷ്യം വഹിച്ചത്. ടെഡി ബെയറുകള്‍ പിടിച്ചും ക്രിസ്പുകള്‍ കൊറിച്ചുകൊണ്ടും നാലു വയസുകാരായ കുട്ടികള്‍ ഒരു നിവേദനവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. നാലു വയസുകാര്‍ക്ക് അസസ്‌മെന്റ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ 68,000 പേര്‍ ഒപ്പുവെച്ച നിവേദനവുമായാണ് അവര്‍ എത്തിയത്. റിസപ്ഷന്‍ ക്ലാസുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് സ്റ്റാന്‍ഡാര്‍ഡ് അസസ്‌മെന്റ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള ഗവണ്‍മെന്റ് നീക്കം ഉപേക്ഷിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. നാലു വയസുകാരുടെ മാര്‍ച്ച് ഇന്നലെ പാര്‍ലമെന്റ് സക്വയറില്‍ നിന്നാണ് ആരംഭിച്ചത്. പാട്ടുകള്‍ പാടിയും നടപ്പാതയില്‍ ചോക്കുകൊണ്ട് ചിത്രങ്ങള്‍ വരച്ചും മാര്‍ച്ച് തുടര്‍ന്നു. ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയ മാര്‍ച്ചില്‍ നിന്ന് നാലു വയസുകാരായ അലക്‌സ്, സഫ, ഐല തുടങ്ങിയവര്‍ കനത്ത പോലീസ് കാവലിനിടയിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി പരാതി കൈമാറി.

രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും അടങ്ങിയ മോര്‍ ദാന്‍ എ സ്‌കോര്‍ എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. കുട്ടികള്‍ക്ക് അമിതമായി പരീക്ഷകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇരുന്നൂറിലേറെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും മാര്‍ച്ചില്‍ അണിനിരന്നു. ഇംഗ്ലണ്ടിലെ റിസപ്ഷന്‍ ക്ലാസുകളില്‍ ബേസ് ലൈന്‍ അസസ്‌മെന്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രക്ഷോഭം. ഡര്‍ഹാം, ഡെവണ്‍, കോണ്‍വാള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് കുട്ടികള്‍ക്കായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു ടാബ്ലറ്റില്‍ അധ്യാപകരായിരിക്കും കുട്ടികളുടെ വിലയിരുത്തല്‍ നടത്തുക. സ്‌കൂളില്‍ എത്തി ആദ്യ ആഴ്ചകളില്‍ തന്നെ ഇത് നടത്തും. പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ പഠനം വിലയിരുത്താന്‍ ഈ പരീക്ഷയുടെ ഫലം ഉപയോഗിക്കാനാണ് നീക്കം. ഈ സെപ്റ്റംബറില്‍ പൈലറ്റ് നടത്തി അടുത്ത വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് പരിപാടി. 10 മില്യന്‍ പൗണ്ട് ഇതിനായി ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലണ്ടന്‍: രണ്ട് മാസത്തില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെടാന്‍ സാധ്യതകളേറെയെന്ന് പഠനം. ടുലെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്ഗദ്ധരുടെ സംഘം നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. ആന്റിബയോട്ടിക്ക് സ്ഥിരമായി ഉപയോഗിക്കുന്ന 50 മുതല്‍ 60 വയസ് വരെ പ്രായമുള്ള സ്ത്രീകളിലാണ് ഏറ്റവും കുടുതല്‍ ഹൃദയാഘാതത്തിന് സാധ്യത കാണുന്നതായി പഠനം വ്യക്തമാക്കുന്നു. രക്തധമനകളിലെ സന്തുലിതാവസ്ഥയില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ് അപകടങ്ങളുണ്ടാക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 36,500 ലേറെ ആന്റിബോട്ടിക്ക് ഉപഭോക്താക്കളായ സ്ത്രീകളിലാണ് പഠനം നടത്തിയിരിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു. രോഗങ്ങള്‍ക്കു ഡോക്ടര്‍മാര്‍ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നു നിര്‍ദേശിക്കുന്നതു വഴിയുള്ള തുടര്‍ച്ചയായ ഉപയോഗം മരുന്നു പ്രതിരോധിക്കുന്ന രോഗാണുക്കളെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ കൃത്യമായ കോഴ്‌സില്‍ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നല്‍കുന്ന മരുന്ന്, രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിര്‍ത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികില്‍സ നിശ്ചയിച്ചു മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഈ പട്ടികയില്‍ വരും.

ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളര്‍ച്ച ഇല്ല്‌ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാര്‍ത്ഥമോ സംയുക്തമോ ആണ് ആന്റീബാക്ടീരിയല്‍. സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പല്‍, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ ഒരു വിഭാഗമാണ് ആന്റിബയോട്ടിക്കുകള്‍. 1942-ല്‍ സെല്‍മാന്‍ വാക്‌സ്മാന്‍ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിര്‍ദ്ദേശിച്ചത് ഏതു പദാര്‍ത്ഥമാണോ സൂക്ഷ്മജീവികളാല്‍ നിര്‍മ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയില്‍ മറ്റ് സൂക്ഷ്മജീവികളുടെ വളര്‍ച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ആന്റിബയോട്ടികള്‍ ഗണ്യമായി ഉപയോഗിക്കാന്‍ ആരംഭിച്ചതിന് ശേഷം ഇവയുടെ ഉപയോഗം മറ്റു ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ടാക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി. ഇതോടെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗദ്ധര്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.

RECENT POSTS
Copyright © . All rights reserved