ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 2015 ന് ശേഷം ബ്രിട്ടനിൽ ആദ്യമായി ഗവൺമെന്റ് ആനുകൂല്യങ്ങളിൽ വർദ്ധനവ്. അടുത്തവർഷം ആനുകൂല്യങ്ങളിൽ വർദ്ധനയുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലൂടെയും, ലെഗസി ബെനിഫിറ്റിലൂടെയും 2.5 മില്ല്യണിലധികം അധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. ഇതോടൊപ്പം തന്നെ മറ്റേർണിറ്റി ബെനഫിറ്റുകൾ, ചൈൽഡ് ബെനഫിറ്റുകൾ എന്നിവയിലും വർധനയുണ്ടാകും. ഒരു സാധാരണ കുടുംബത്തിന് മാസത്തിൽ 32 പൗണ്ടിന്റെ വർദ്ധനയുണ്ടാകും എന്നാണ് വിലയിരുത്തൽ.

ശക്തമായ ഒരു സാമ്പത്തിക അടിത്തറ രാജ്യത്തിന് ഉള്ളതിനാലാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്ന് വർക്ക്‌ & പെൻഷൻ സെക്രട്ടറി തെരേസ കോഫി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിക്കുന്നതിന് ഇത് സഹായകരമാകും. എന്നാൽ ഈ ആനുകൂല്യ വർദ്ധനവിനെ ഇലക്ഷന്റെ ഭാഗമായുള്ള പ്രചാരണ തന്ത്രമായാണ് ലേബർ പാർട്ടി കാണുന്നതെന്ന് ടോറി വക്താവ് നിരീക്ഷിച്ചു.

നാലു വർഷത്തിലധികമായി ഒരു തരത്തിലുള്ള ആനുകൂല്യ വർദ്ധനവും ഉണ്ടായിരുന്നില്ല. ഇതോടൊപ്പം തന്നെ സ്റ്റേറ്റ് പെൻഷനിലും 3.9 ശതമാനം വർദ്ധനവ് ഉണ്ടാകും. അംഗവൈകല്യമുള്ളവരുടെ ആനുകൂല്യങ്ങളും 1.7 ശതമാനമായി വർദ്ധിക്കും.