Main News

3 വർഷമായി ബ്രിട്ടനെ അലട്ടികൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് ബ്രെക്സിറ്റ്‌. ഒരു റഫറണ്ടത്തിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത് 2016 ജൂൺ 23നാണ്. എന്നാൽ ഇന്ന് വരെ അതിന്റെ പ്രത്യാഘാതങ്ങൾ ബ്രിട്ടൻ നേരിടേണ്ടതായി വന്നു. 2019 ഒക്ടോബർ 31ന് തന്നെ ഒരു നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പാക്കും എന്ന തീരുമാനത്തിൽ ഉറച്ചാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇപ്പോൾ ഭരണം നടത്തുന്നത്. ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും ഉറ്റുനോക്കുന്നതും ഈ വിഷയം തന്നെയാണ്. എന്നാൽ ഒക്ടോബർ 31ന് നോ ഡീൽ ബ്രെക്സിറ്റ്‌ തടയാനുള്ള ശ്രമത്തിൽ, പ്രതിപക്ഷ എംപിമാർ ബോറിസ് ജോൺസന്റെ സർക്കാരിൽ ഒരു അവിശ്വാസ വോട്ടെടുപ്പ് സെപ്റ്റംബറിൽ നടത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയിരിക്കുന്നത്. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അവിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബ്രെക്സിറ്റിന് കാലതാമസം വരുത്താനും ഒരു തിരഞ്ഞെടുപ്പ് വിളിക്കാനും മറ്റൊരു റഫറണ്ടത്തിനായി പ്രചാരണം നടത്താനുമാണ്‌ കോർബിൻ പദ്ധതിയിടുന്നത്.

മറ്റു പാർട്ടി നേതാക്കളുടെയും ടോറി പാർട്ടി വിമതരുടെയും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് കോർബിൻ അവർക്ക് കത്തയച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് വിളിക്കുമെന്ന് കോർബിൻ പറയുന്നു. എന്നാൽ അതിന് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഇതിൽ വിജയിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള തീരുമാനവുമായി ലേബർ പാർട്ടി രണ്ടാമത്തെ റഫറണ്ടത്തിനായി പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പല നേതാക്കൾ രംഗത്തെത്തി.

ഗ്രീൻ എംപി കരോലിൻ ലൂക്കാസും പ്ലെയ്ഡ് സിമ്‌റുവിന്റെ വെസ്റ്റമിനിസ്റ്റെർ നേതാവ് ലിസ് സാവിൽ റോബർട്സും അവിശ്വാസ വോട്ടെടുപ്പിനായുള്ള കോർബിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്തു. ബ്രെക്സിറ്റിനെച്ചൊല്ലി ടോറി പാർട്ടിയിൽ നിന്നും പുറത്തുപോയ സ്വതന്ത്ര എംപിയായ നിക്ക് ബൊലേസും കത്ത് സ്വീകരിച്ചു. എന്നാൽ കോർബിനെ പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണയ്ക്കില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ പറഞ്ഞു. അവർ അദ്ദേഹത്തെ ‘ ഭിന്നിപ്പുകാരൻ ‘ എന്ന് വിളിച്ചു. എംപിമാരുടെ പിന്തുണയ്ക്ക് നിർദ്ദേശം നൽകില്ലെന്നും സ്വിൻസൺ പറഞ്ഞു. പ്രധാനമന്ത്രിയായാൽ, കോർബിൻ റഫറണ്ടം അസാധുവാക്കുമെന്നും യുകെയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ ജോൺസൻ പരാജയപ്പെട്ടാൽ അതൊരു പൊതുതെരഞ്ഞെടുപ്പിനാവും വഴിയൊരുക്കുക.

ലണ്ടന്‍ : ട്യൂഷന്‍ ഇല്ലാതെ പഠിച്ച ന്യൂകാസിലിലെ അലന്‍ ജോജിക്കും, ക്യാന്‍സര്‍ രോഗിയെപ്പറ്റി ലേഖനം എഴുതിയ പോര്‍ട്സ്മൗത്തിലെ ലയന സാനിക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ . മക്കളെ രണ്ടും മൂന്നും ട്യൂഷന് വിട്ട് പഠിപ്പിക്കുന്ന മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്നതായിരുന്നു അലന്‍ ജോജിയുടെ തകര്‍പ്പന്‍ വിജയം . ഇക്കുറി എ ലെവല്‍ പരീക്ഷയില്‍ എ സ്റ്റാറും എ ഗ്രേഡും നേടിയവരില്‍ അനേകം മലയാളികളാണ്. ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് രണ്ട് മലയാളി കുട്ടികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ ലഭിച്ചിരിക്കുന്നത്. പോര്‍ട്സ്മൗത്തിലെ ലയന സാനിയും ന്യൂകാസിലിലെ അലന്‍ ജോജിയുമാണ് ഈ ഭാഗ്യം ചെയ്തവര്‍. പഠനത്തിനൊപ്പം കലയും സ്പോര്‍ട്സും മാത്രമല്ല ആത്മീയ പ്രവര്‍ത്തനങ്ങളില്‍ വരെ മലയാളി കുട്ടികളെ മാറ്റിനിര്‍ത്താനാവില്ല. എന്നിട്ടും എ ലെവല്‍ പരീക്ഷയോ ജിസിഎസ് സി എക്സാമോ എത്തിയാല്‍ മുമ്പില്‍ തിളങ്ങി നില്ക്കുന്നവരില്‍ നമ്മുടെ കുട്ടികള്‍ ഉണ്ടാകും. രണ്ടാം തലമുറ കുടിയേറ്റക്കാരുടെ മക്കള്‍ എന്നും ഇങ്ങനെ നമ്മെ അതിശയിപ്പിച്ച് കൊണ്ട് ഇവിടെ തന്നെയുണ്ട്.

ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ ആദരമേറ്റുവാങ്ങിയ ലയന ഇനി മെഡിസിന്‍ പഠനത്തിന്.

റോയല്‍ കോളേജ് ഓഫ് സയന്‍സ് നടത്തിയ ശാസ്ത്ര അഭിരുചി പരീക്ഷയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായ മലയാളി പെണ്‍കുട്ടിയെ മലയാളി സമൂഹം മറന്ന് കാണാനിടയില്ല. ആ നേട്ടത്തിന്റെ പേരില്‍ ബ്രിട്ടീഷ് പ്രഭുസഭയില്‍ വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് ആദരം ഏറ്റവാങ്ങുകയും ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍ക്കൊപ്പം ചിലവിടുകയും ചെയ്ത് മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ലയന സാനി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ജിസിഎസ് സിക്ക് പിന്നാലെ എ ലവല്‍ പരീക്ഷയില്‍ മിന്നും തിളക്കം കൈവ്വരിച്ചിരിക്കുകയാണ് ലയന.എഴുതിയ വിഷങ്ങളില്ലെല്ലാം മുഴുവന്‍ മാര്‍ക്കും നേടിയ ലയന ഇനി മെഡിസിന്‍ പഠനത്തിനായി അഡ്മിഷന്‍ ഉറപ്പിച്ച് കഴിഞ്ഞു.

ബയോളജി, കെമിസ്ട്രി, കണക്ക്, ജിയോഗ്രഫി, ഇപിക്യു ( എക്സ്റ്റന്‍ഡ് പ്രൊജകട് ക്വാളിഫിക്കേഷന്‍ )എന്നീ വിഷയങ്ങളിലാണ് ലയന വിജയം കൈവ്വരിച്ചത്. ജിസിഎസ് എസി പരീക്ഷയില്‍ പതിനാല് എ സ്റ്റാര്‍ നേടി വിജയം കൈവരിച്ച ലയന പോര്‍ട്സ്മൗത്തിലെ ഓക് ലന്റ് കാത്തോലിക് സ്‌കൂള്‍ വാട്ടര്‍ലൂവിലായിരുന്നു പഠനം നടത്തിവന്നത്. ഇനി കോര്‍പസ് ക്രൈസ്റ്റ് കോളേജ് ഓക്സ്ഫോര്‍ഡില്‍ മെഡിസിന്‍ പഠനത്തിന് സീറ്റ് ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.

ലേഖനങ്ങള്‍ എഴുതി കഴിവ് തെളിയിച്ചിട്ടുള്ള ലയന റോയല്‍ കോളേജ് സയന്‍സ് നടത്തിയ ശാസ്ത്ര ലേഖന മത്സരത്തില്‍ ഏറ്റവും മികച്ച കുറിപ്പെഴുതിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജെറ്റ്റൂഡ് ഏലിയന്‍ എന്ന ക്യാന്‍സര്‍ രോഗിയുടെ അനുഭവം സംബന്ധിച്ച് എഴുതിയ കുറിപ്പാണു ലയനയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

ലണ്ടനിലെ ഈംപീരിയല്‍ കോളേജ് നടത്തുന്ന സയന്‍സ് ചലഞ്ചില്‍ ആണ് ലയന മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചിട്ടത്. ഇത്ര ചെറുപ്രായത്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗീകാരം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേര് മലയാളി സമൂഹത്തില്‍ നിന്ന് കണ്ടെത്തുക പ്രയാസമായിരിക്കും.

കാലടി സ്വദേശിയായ സാനി പോളിന്റെയും റോസിലി സാനിയുടെയും മകളാണ് ലയന. ഇരുവരും നഴ്സിങ് ഹോം ജീവനക്കാരാണ്. പിതാവ് സാനി പോള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായും, അമ്മ നഴസായും ജോലി ചെയ്യുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിലന്‍ ആണ് ലയനയുടെ സഹോദരന്‍.

സ്പോര്‍ട്സിലും ചാരിറ്റി പ്രവര്‍ത്തനത്തിനും ഒപ്പം പഠനത്തിലും ഒന്നാമനായി അലന്‍ ജോജി മാത്യു.

ന്യൂകാസിലിലെ അലന്‍ ജോജിക്ക് നൂറില്‍ നൂറ് എന്ന് മികവുറ്റ വിജയത്തിളക്കം ഒരു പുത്തരിയല്ല. ജിസിഎസ്ഇ പരീക്ഷയില്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ അസാധാരണമായി വിജയം കൈവരിച്ച അലന്‍ എ ലെവല്‍ റിസള്‍ട്ടിലും മിന്നും തിളക്കം കൈവ്വരിച്ചിരിക്കുകയാണ്. എഴുതിയ എല്ലാ വിഷയങ്ങളിലും മുഴുവന്‍ എ സ്റ്റാര്‍ നേടിയിരിക്കുകയാണ്.

സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളിലെ ടോപ്പറാണ് അലന്‍ ജോജി. ട്യൂഷന്റെയും മറ്റ് പഠന സഹായികളോ ഇല്ലാതെയാണ് അലന്‍ വീണ്ടും വിജയത്തിളക്കം കൈവ്വരിച്ചിരിക്കുന്നത്. ക്രിക്കറ്റിലും ബാസ്‌കറ്റ് ബോളിവും, ചാരിറ്റിയിലും കൈമുദ്ര പതിപ്പിച്ചിട്ടുള്ള അലന്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിന് ചേരാനാണ് ഉദ്ദേശിക്കുന്നത്.

ന്യുകാസിലിലെ പ്രദോയിലാണ് കഴിഞ്ഞ ഒരു ദശകമായി അലന്റെ കുടുംബം താമസിക്കുന്നത്. സ്‌കൂള്‍ ജീവനക്കാരനായ ജോജി മാത്യുവും തിയേറ്റര്‍ നേഴ്സായി ജോലി ചെയ്യുന്ന ബീനയുമാണ് അലന്റെ മാതാപിതാക്കള്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളാണ് ജോജിയും കുടുംബവും . ജിസിഎസ്ഇ വിദ്യാര്‍ത്ഥി റിസള്‍ട്ടിനായി കാത്തിരിക്കുന്ന അനിറ്റയാണ് അലന്റെ ഏക സഹോദരി.

പ്രതിഷേധക്കാരുടെ യും പോലീസിനെയും കാര്യങ്ങളിൽ ബ്രിട്ടീഷ് രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ലെന്ന് ചൈനീസ് അംബാസഡർ ലിയു സിയാമിംഗി ൻെറ നിശിതമായ വിമർശനം.

ബ്രിട്ടനിലെ ചില രാഷ്ട്രീയക്കാർ ഇപ്പോഴും ചിന്തിക്കുന്നത് ഹോങ്കോങ്ങ് അവരുടെ ഒരു കോളനി ആണെന്നാണ്. അതിനാലാവണം അവർ അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാൻ വരുന്നത്. കോമൺ ഫോറിൻ അഫയേഴ്സ് സെലക്ട് കമ്മിറ്റി ചെയർമാൻ ടോം ടങ്ങെന് ദത്തിന്റെ യുകെ സിറ്റിസൺഷിപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മിസ്റ്റർ ലൂയി. ഹോങ്കോങ് ചൈന യുടെ ഭാഗമാണ് യുകെയുടെതല്ല. 1997 വരെയായിരുന്നു കോളനി ഭരണം. യുകെയിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഗവൺമെന്റ് സാധൂകരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

തീവ്ര പക്ഷ ചിന്തകർ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ പ്രതിഷേധം നടത്തുകയും അത് നശിപ്പിക്കുകയും ചെയ്താൽ നിങ്ങൾ പ്രതികരിക്കാതെ ഇരിക്കുമോ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്റ്റേഷൻ തീവെക്കുകയും ജനജീവിതം ആക്കുകയും ചെയ്യാൻ നിങ്ങൾ കൂട്ടുനിൽക്കുമോ.ഇവയൊക്കെ യുകെയിൽ കുറ്റകൃത്യങ്ങൾ അല്ലേ. വിദേശരാജ്യങ്ങൾ ഹോങ്കോങ് വിഷയങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഹോങ്കോങ്ങിൽ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്ന പ്രതികളെ മെയിൻ ലാൻഡ് ചൈനയിലേക്ക് നാട് കടത്തുന്ന ഒരു ബില്ല് ഏപ്രിലിൽ പാസാക്കിയത് മുതൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഈ നിയമം നിലവിൽ വന്നാൽ ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകരെയും ഒക്കെ നിസ്സാര കുറ്റമാരോപിച്ച് ശിക്ഷിക്കാൻ സാധിക്കുമെന്നാണ് വിമർശകർ പറയുന്നത്. ജൂലൈയിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബില്ല് പാസാക്കാതെ മരവിപ്പിക്കുകയായിരുന്നു. ബില്ല് പരിപൂർണ്ണമായി പിൻവലിക്കാനും അറസ്റ്റിലായ പ്രതിഷേധക്കാരെ നിരുപാധികം വിട്ടയക്കാനും ഉള്ള പരിശ്രമത്തിലാണ് ഇപ്പോൾ പ്രതിഷേധക്കാർ.

പക്ഷി കൂട്ടത്തിൽ ഇടിച്ച് ദിശ മാറിയ 226 ടൂറിസ്റ്റുകൾ അടങ്ങുന്ന വിമാനത്തെ അതിസാഹസികമായി താഴെയിറക്കി റഷ്യൻ വൈമാനികന്റെ ധീരത. ഡെമിർ യുസുപ്പോവ് എന്ന നാല്പത്തിയൊന്നുകാരനായ വൈമാനികൻ ആണ് എല്ലാവരെയും സുരക്ഷിതരായി താഴെയിറക്കിയത്‌. മോസ്കോയ്ക്ക് സമീപമുള്ള പ്രദേശത്താണ് അദ്ദേഹം അടിയന്തര ലാൻഡിങ് നടത്തിയത്. വ്യാഴാഴ്ച രാവിലെ മോസ്കോയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നിന്റെ സമീപമാണ് അദ്ദേഹം ലാൻഡിങ് നടത്തിയത്. വിമാനം പക്ഷി കൂട്ടത്തിൽ ഇടിച്ചത് മൂലമാണ് അടിയന്തിരമായി വിമാനം ലാൻഡിങ് നടത്തിയത്.

അഞ്ചു കുട്ടികൾ ഉൾപ്പെടെ ഇരുപത്തിമൂന്നു പേർക്ക് സാരമായി പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരാൾക്ക് പോലും മരണം സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ അതോറിറ്റികൾ അറിയിച്ചു. റഷ്യയിലെ ഷുവോസ്കി വിമാനത്താവളത്തിൽ നിന്നും ക്രിമിയയിലെ സിംഫെറോപോളിലേക്കുള്ള യാത്രയ്ക്കിടെ യൂറൽ എയർലൈൻസിന്റെ എ321 വിമാനമാണ് പക്ഷി കൂട്ടത്തിൽ ഇടിച്ചത്.

വിമാനത്തിന്റെ എൻജിനിൽ പക്ഷികൾ അകപ്പെട്ടതോടെ എൻജിൻ തകരാറിലായതായി പൈലറ്റ് രേഖപ്പെടുത്തി. തുടർന്നാണ് പൈലറ്റ് വിമാനത്താവളത്തിൽ നിന്നും അര മൈലോളം ദൂരെയുള്ള ഒരു ഗോതമ്പ് പാടത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. പക്ഷി കൂട്ടത്തിൽ ഇടിച്ച ഉടനെ വലിയൊരു ശബ്ദം ഉണ്ടായതായും പുക കണ്ടതായും യാത്രക്കാർ പറഞ്ഞു. 226 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കി. ലാൻഡിങ് സമയത്ത് 16 ടണ്ണോളം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വൈമാനികന്റെ ധീരതയെ എയർലൈൻസ് അതോറിറ്റികൾ ഉൾപ്പെടെ എല്ലാവരും പ്രശംസിച്ചു. തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം കരിയർ ആരംഭിച്ചതെങ്കിലും, 2000 മണിക്കൂറോളം പ്രവർത്തന പരിചയം അദ്ദേഹത്തിനുള്ളതായി “സൺ ” റിപ്പോർട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ മെയിൽ 41 പേരടങ്ങുന്ന റഷ്യൻ വിമാനം മോസ്കോ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയതിനെ തുടർന്ന് അഗ്നിക്കിരയായി 41 പേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്‍ വിട്ടയക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കപ്പല്‍ വിട്ടയക്കുന്നതിനെതിരെ അമേരിക്ക നല്‍കിയ ഉത്തരവ് കോടതി തള്ളി. കപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും മോചിപ്പിച്ചു. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.

 

ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ കപ്പലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിക്കുന്നത്. കപ്പല്‍ വിട്ടയക്കാന്‍ ബ്രിട്ടന്‍ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം കോടതി തള്ളി.

കപ്പലിലെ 28 ജീവനക്കാരും കോടതി ഉത്തരവോടെ മോചിതരായി. ജീവനക്കാരില്‍ 24 പേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാര്‍ക്കെതിരെ ജിബ്രാള്‍ട്ടര്‍ പൊലീസ് എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളെല്ലാം തിരികെ നല്‍കിയെന്ന് കപ്പലിലുള്ള മലപ്പുറം സ്വദേശി അജ്മല്‍ സ്വാദിഖ് പറഞ്ഞു.   “എന്റെ മോചനത്തിന് നിയമസഹായം നൽികിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനുമാണ്.” ഗ്രേസ് 1 ടാങ്കറിന്റെ ഇന്ത്യൻ ക്യാപ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു. മോചിതരായ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

മലയാളം യുകെ ന്യൂസ് ബ്യൂറോ

രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളം തുടർച്ചയായ രണ്ടാം വർഷവും പ്രകൃതിഷോഭങ്ങളുടെ പിടിയിലാണ് . കേരളം ദൈവത്തിൻെറ സ്വന്തം നാട് , ഭീതികരമായ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മുക്തം എന്നൊക്കെ അഭിമാനിക്കാവുന്ന ദിനങ്ങൾ പോയി മറഞ്ഞോ ? ദുരന്തമുഖങ്ങളിൽ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയട്ടെ.

വിദേശഭരണത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ജനത 72 വർഷം കൊണ്ട് പുരോഗമനപാതയിൽ എത്ര മാത്രം മുന്നേറിയെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു . ഇന്നും രാജ്യത്തിൻെറ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നുള്ളത് സാമ്പത്തിക അടിമത്വം തുടരുന്നു എന്നതിൻെറ അളവുകോലായി കണക്കാക്കേണ്ടിയിരിക്കുന്നു .

കടുത്ത വിഭാഗീയതയുടെ അതിപ്രസരം രാഷ്ട്രീയത്തിൻെറയും , മതത്തിൻെറയും , പ്രദേശത്തിൻെറയും അടിസ്ഥാനത്തിൽ വേരോടുന്നു . സോഷ്യൽ മീഡിയ പോലുള്ള നവമാധ്യമങ്ങളുടെ സാന്നിധ്യം ഇത്തരക്കാർക്ക് വേരോടാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു . സോഷ്യൽ മീഡിയയിൽ പല മെസേജുകളും വായിക്കുമ്പോൾ എത്രമാത്രം സ്വാർത്ഥതാപരമായി ആണ് പലരും കാര്യങ്ങളെ കാണുന്നത് എന്നത് നിഷ്പക്ഷമതികളെ ആശങ്കയിലാക്കും . ദുരന്തങ്ങളെ ഒരു വിഭാഗത്തിൻെറയോ , പ്രദേശത്തിൻെറയോ അല്ലാതെ മനുഷ്യ സങ്കടങ്ങളായി കാണാൻ നമ്മൾക്ക് കഴിയട്ടെ .നിസ്വാർത്ഥരായി രാജ്യ പുരോഗതിക്കു വേണ്ടി , മനുഷ്യനന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനും കഴിയട്ടെ .

നമ്മുടെ വിമർശനങ്ങൾ ക്രിയാത്മകമാകട്ടെ , മറിച്ച്‌ വിമർശനങ്ങൾ വിഷം പുരട്ടിയ അമ്പുകളായി സമൂഹ മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കട്ടെ. കേരള പുരോഗതിയ്ക്ക് പ്രവാസി മലയാളിയുടെ പങ്ക് എല്ലാവരും അംഗീകരിക്കുമ്പോഴും ജന്മനാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികൾ നേരിടുന്ന കയ്പുനീരണിഞ്ഞ അനുഭവങ്ങൾക്ക് അറുതി വരുത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണ നേതൃത്വത്തിനുണ്ട്.

എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിൻെറ 73 -)o സ്വതന്ത്ര്യദിനാശംസകൾ .

ബ്രിട്ടനിലെ അതിസമ്പന്നയായ റേച്ചൽ ക്ലാചെറുടെ മകൾ ജോസി ക്ലാചെറുടെ മൃതദേഹം സ്പെയിനിലെ മജോർക്ക പൂളിൽ കണ്ടെത്തി. സ്പെയിനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയായിരുന്നു ജോസി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പൂളിന്റെ അടിത്തട്ടിൽ ജോസിയുടെ മൃതദേഹം കണ്ടെത്തിയത്.

ജോസിയെ കണ്ടെത്തിയ ഉടനെ പാരാമെഡിക്കൽ സ്റ്റാഫുകൾ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 100 മില്യൺ പൗണ്ടോളം ആസ്തിയുള്ള മണിപെന്നി
എന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് ജോസിയുടെ അമ്മ റേച്ചൽ ക്ലാചേർ. മരണസമയത്ത് മകളോടൊപ്പം വില്ലയിൽ മാതാവും താമസിച്ചിരുന്നു. മരണത്തിനു മുൻപ് ജോസി കൂട്ടുകാരോടൊപ്പം പുറത്ത് പോയതായും വിവരമുണ്ട്.

2014ലാണ് മണിപെന്നി എന്ന കമ്പനി ആരംഭിച്ചത്. ഇപ്പോൾ അത് ” വി മൈൻഡ് ദി ഗ്യാപ് ” എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊഴിൽരഹിതരും, പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കൾക്ക് വൻ ശമ്പളത്തോട് കൂടിയ ട്രെയിനിങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനി സ്ഥാപിച്ചത്.

ജോസിയുടെ മരണം അതീവദുഃഖമേറിയതാണെന്നും, കുടുംബത്തോടൊപ്പം പ്രാർത്ഥനയും സഹായങ്ങളും ഉണ്ടാകുമെന്നും കമ്പനി വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന് നാനാഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ജോസിയുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്.

ആരാണ് ആന്റി – നേറ്റലിസ്റ്റുകൾ? തങ്ങൾക്ക് കുട്ടികൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ! പ്രത്യുത്പാദനം തെറ്റാണെന്നവർ വാദിക്കുന്നു. ഒരു ജീവിയ്ക്ക് അതിന്റെ സമ്മതമില്ലാതെ ജന്മം കൊടുക്കുന്നത് തെറ്റാണെന്ന ആശയമാണ് അവർ പരത്തുന്നത്. ആന്റി – നേറ്റലിസം എന്ന ആശയം പുരാതന ഗ്രീസിലെതാണ്. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഇത് വളരെയധികം പ്രചരിച്ചു. ഫേസ്ബുക്കിലും റെഡിറ്റിലും അനേക ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പുകൾ ഉണ്ട്. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ 6000 അംഗങ്ങളും റെഡിറ്റിലെ ഒരു ഗ്രൂപ്പിൽ 35000 അംഗങ്ങളുമുണ്ട്.

അവരുടെ വിശ്വാസങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അമിത ജനസംഖ്യ, പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക, ജനിതക പാരമ്പര്യത്തെകുറിച്ചുള്ള ആശങ്ക, കുട്ടികളുടെ കഷ്ടപ്പാടുകൾ എന്നിവയൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടും അവർ ചിതറികിടക്കുന്നതോടൊപ്പം അവരുടെ ആശയങ്ങളും വളർന്നു വരുന്നു.ഇംഗ്ലണ്ടിൽ താമസിക്കുന്ന 29കാരനായ തോമസ്, ഒരു ആന്റി – നേറ്റലിസ്റ്റ് ആണ്. എല്ലാ മനുഷ്യജീവിതവും ലക്ഷ്യമല്ലാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകരുതെന്നും നമ്മുടെ ജീവിവർഗ്ഗങ്ങൾക്ക് ക്രമേണ വംശനാശം സംഭവിക്കണമെന്നും അദ്ദേഹം പറയുന്നു. ടെക്സസിലെ സാൻ അന്റോണിയോയിൽ താമസിക്കുന്ന കിർക്കും ചെറുപ്പകാലം മുതലേ ആന്റി – നേറ്റലിസ്റ്റ് ആശയങ്ങളിൽ വളർന്നുവന്ന ആളാണ്. മനുഷ്യജീവിതത്തിന്റെ സൃഷ്ടിയെ അദ്ദേഹം എതിർക്കുന്നു.

പരിസ്ഥിതിക്ക് പ്രയോജനപ്പെടുന്നതിനായി കുട്ടികളുണ്ടാകുന്നത് ഒഴിവാക്കുക എന്ന ആശയം പുതിയ ഒന്നല്ല. ബ്രിട്ടനിലെ ചാരിറ്റി ആയ പോപുലേഷൻ മാറ്റേഴ്സ്‌ വർഷങ്ങൾക്കുമുമ്പേ ഇത് പറഞ്ഞിരുന്നു. ‘മനുഷ്യവംശവും ഗ്രഹവും തമ്മിൽ ഐക്യം കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ‘ ഗ്രൂപ്പിന്റെ ഡയറക്ടർ റോബിൻ മെയ്നാർഡ് പറഞ്ഞു. ഒരു ഗർഭിണിയെ കാണുമ്പോൾ തനിക്ക് പുച്ഛമാണെന്ന് ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം പറഞ്ഞിരുന്നു. എന്നാൽ ബിബിസിയോട് സംസാരിച്ച ആർക്കും കുട്ടികളോട് വെറുപ്പില്ല. ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പുകൾ സമൂഹത്തിൽ ഉളവാക്കുന്ന ആശങ്കകളും ദിനംപ്രതി ഏറിവരികയാണ്. ബ്രിട്ടനിലെ ആളുകൾ ഈ ഗ്രൂപ്പുകളിലേക്ക് കൂടുതലായി എത്തപ്പെടുന്നു എന്ന സംഗതിയും ഭീതിപ്പെടുത്തുന്നു

.

ഇംഗ്ലണ്ടിലെ ഡ്രൈവർമാർ ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിക്കുന്നതിന് 2003 മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഡ്രൈവിംഗിനിടയിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഒരു കൂട്ടം എംപിമാർ അഭിപ്രായപ്പെട്ടു. നിലവിലെ നിയമങ്ങൾ, ഹാൻഡ്‌സ്ഫ്രീ ഫോണുകൾ സുരക്ഷിതമാണെന്ന തെറ്റായ ധാരണ നൽകുന്നുവെന്നും അവർ പറഞ്ഞു. ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഉപയോഗിച്ചാലും ഉണ്ടാവുന്ന അപകടങ്ങളും അപകടസാധ്യതയും ചെറുതല്ല എന്ന് കോമൺസ് ട്രാൻസ്‌പോർട്ട് സെലക്ട്‌ കമ്മിറ്റി പറയുകയുണ്ടായി. ഈ നിർദ്ദേശത്തെകുറിച്ച് 2019 അവസാനത്തോടെ ഒരു പൊതുതാല്പര്യം പ്രസിദ്ധീകരിക്കുമെന്ന് ക്രോസ് പാർട്ടി ഗ്രൂപ്പ്‌ പറഞ്ഞു.

” ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ശ്രദ്ധകുറവ് ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പാടിന് കാരണമായേക്കാം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ ഫോൺ സൈലന്റിൽ ആണെന്ന് ഉറപ്പുവരുത്തുക. ഒപ്പം ഫോൺ കാഴ്ചയിൽ നിന്നും അകറ്റി വെയ്ക്കുക.” റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കിലെ ജോഷുവ ഹാരിസ് പറഞ്ഞു. ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം മൂലം 773 അപകടങ്ങളാണ് 2017ൽ ബ്രിട്ടനിൽ നടന്നത്. ഇതിൽ 43 പേർ മരണപ്പെട്ടു. 135 പേർക്ക് ഗുരുതരമായി പരിക്കേൽകുകയും ചെയ്തു. ആലീസ് ഹസ്ബൻഡ് എന്ന യുവതി തന്റെ 7 വയസ്സുകാരനായ മകൻ സേത്തിന്റെ മരണത്തെപറ്റി വിശദീകരിക്കുകയുണ്ടായി. ഡ്രൈവറുടെ ഹാൻഡ്‌സ്ഫ്രീ ഫോൺ ഉപയോഗം മൂലം 2014ൽ ആണ് സേത്ത് കൊല്ലപ്പെട്ടത്. ഇതിന് ഡ്രൈവർക്ക് ലഭിച്ച ശിക്ഷ വളരെ ചെറുതായിരുന്നു.”വീടിനെതിർവശത്തുള്ള പോസ്റ്റ്‌ ബോക്സിൽ കത്ത് പോസ്റ്റ്‌ ചെയ്യാൻ പോയതാണ് അവൻ. തിരിച്ചുവന്നപ്പോഴാണ് കാറിടിച്ചു പരിക്കേറ്റത്. രണ്ടാഴ്ചയ്ക്ക് ശേഷം മരണപ്പെട്ടു. അന്ന് ഇതിനെപറ്റി അന്വേഷണം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഹാൻഡ്‌സ്ഫ്രീ ഫോൺ ഉപയോഗത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കണം. ” ആലീസ് പറഞ്ഞു.

2011 മുതൽ ഇത്തരത്തിലുള്ള അപകടങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ട്. എന്നാൽ ഇതിനെതിരെയുള്ള നിയമങ്ങളിൽ കുറവ് കാണുന്നു. പിഴയും ശിക്ഷയും വർദ്ധിപ്പിക്കണമെന്ന് എംപിമാർ അഭിപ്രായപ്പെട്ടു. ഫോണിന്റെ ഏതുപയോഗവും ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കുന്നതിന് കാരണമാകുന്നുവെന്ന് കമ്മിറ്റി അധ്യക്ഷനായ ലേബർ പാർട്ടി എംപി ലിലിയൻ ഗ്രീൻവുഡ്‌ പറഞ്ഞു. മൊബൈൽ ഫോണുകൾ ആധുനിക ജീവിതത്തിന്റെയും ബിസിനസിന്റെയും ഒരു പ്രധാന ഭാഗമാണെങ്കിലും ഡ്രൈവർമാർ എല്ലായ്‌പോഴും അവ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്ന് ഗതാഗത വിഭാഗം വക്താവ് അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ വഴിയോര കച്ചവടക്കാരൻ ആയ നൗഷാദ് കച്ചവടത്തിനായി വച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും ദുരിതാശ്വാസ പ്രവർത്തകർക്ക് നൽകുകയായിരുന്നു. ചാക്ക് കണക്കിന് പുതിയ തുണിത്തരങ്ങൾ ആണ് വളണ്ടിയർമാരെ വിളിച്ചുവരുത്തി നൗഷാദ് നൽകിയത്. പ്രളയബാധിതർക്കായി തന്റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ എന്നും ഇങ്ങനെയാണ് തന്റെ പെരുന്നാളെന്നും നൗഷാദ്  പറയുന്നു.

എന്നാൽ ഈ വലിയ മനസ്സിന്റെ ഉടമക്ക് യുഎഇയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ഈദ് സമ്മാനം ലഭിച്ചിരിക്കുകയാണ്. ദുബായിലെ ഒരു പ്രവാസി മലയാളിയായ ബിസിനസ് മാൻ നൗഷാദിന് ഒരു ലക്ഷം രൂപയും (ഏകദേശം 5157 ദിർഹം രൂപയും)കുടുംബവുമായി ദുബായ് സന്ദർശിക്കാൻ ഒരു അവസരവുമാണ് നൽകിയിരിക്കുന്നത്. അഫി അഹമ്മദ് എന്ന സ്മാർട്ട് ട്രാവലിംഗ് മാനേജിങ് ഡയറക്ടറായ യുവാവാണ് നൗഷാദിന് ഈദ് സമ്മാനം നൽകിയത്. നൗഷാദിന്റെ പ്രവർത്തി മാതൃകാപരം എന്നും തന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പർശിച്ച സംഭവം ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എട്ടു ലക്ഷം രൂപയോളം കേരള റിലീഫ് ഫണ്ടിലേക്ക് നൽകിയ അഹമ്മദ് ഇത്തവണയും തനിക്ക് സാധിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്ന് അറിയിച്ചിട്ടുണ്ട്.

https://www.facebook.com/rajesh.sharma.3720/videos/2467443179987522/?t=0

മലയാളം നടനായ രാജേഷ് ശർമയാണ് വൈറലായ വീഡിയോയ്ക്ക് പിന്നിൽ. ദുരിതാശ്വാസ നിധിക്ക് വേണ്ടി എറണാകുളത്ത്എത്തിയ ശർമ നൗഷാദ് തന്റെ ചെറിയ ഗോഡൗണിൽ നിന്നും വസ്ത്രങ്ങൾ ചാക്കുകളിൽ നിറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. മുഴുവൻ വസ്ത്രങ്ങളും നൽകുന്നത് വിലക്കിയപ്പോൾ “നമ്മൾ ആരും ഇവിടേക്ക് വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ മടങ്ങുന്നതും അങ്ങനെയല്ലേ ” എന്ന് ചോദിച്ചു കൊണ്ട് വസ്ത്രങ്ങൾ നിറക്കുന്നത് തുടർന്നു. ഈ പ്രവർത്തി ലോകമൊട്ടാകെയുള്ള മലയാളികൾക്ക് മാതൃകയായി. ഈദ് ആഘോഷം മാറ്റിവെച്ച് സഹജീവികളെ തങ്ങളാൽ കഴിയുന്നവിധം സഹായിക്കാൻ ഇറങ്ങിയ അനേകരിൽ ഒരാളാണ് നൗഷാദ്. അനേകം സുമനസ്സുകളുടെ കൂട്ടായ ശ്രമങ്ങൾ കേരളത്തെ ഉയർത്തെഴുനേൽപ്പിക്കും എന്നതിൽ സംശയമില്ല.

പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നൗഷാദിനെ പോ ട്രെയിട്ട്നും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞവർഷം പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളുടെയും ആർമിയുടെ യും 10 അടി നീളമുള്ള പ്രതിമ അദ്ദേഹം ഉണ്ടാക്കിയിരുന്നു.

Copyright © . All rights reserved