Main News

നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ നീക്കവുമായി എംപിമാര്‍. രാഷ്ട്രീയ ഭേദമില്ലാതെയുള്ള നീക്കമാണ് നടക്കുന്നത്. മാര്‍ച്ചിനുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു ഭേദഗതിക്ക് ശ്രമിക്കാനാണ് എംപിമാരുടെ സംഘം ശ്രമിക്കുന്നത്. ലേബര്‍ എംപി യിവെറ്റ് കൂപ്പര്‍, ടോറി മുന്‍ മന്ത്രിയായ സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിമാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു നീക്കത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഈ മുന്നേറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ട് നോ ഡീലിനെ എതിര്‍ക്കുന്ന മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും വെസ്റ്റ്മിന്‍സ്റ്ററില്‍ ചിലര്‍ കരുതുന്നു.

മേയ് അവതരിപ്പിച്ച ഉടമ്പടിയെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ യൂണിയന്‍ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞത് ബ്രെക്‌സിറ്റ് അനുകൂലികളുടെ രോഷം വിളിച്ചു വരുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആര്‍ട്ടിക്കിള്‍ 50 നടപടികള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായേക്കുമെന്ന് ചീഫ് നെഗോഷ്യേറ്ററായ ഓലി റോബിന്‍സ് ബ്രസല്‍സിലെ ഒരു ഹോട്ടല്‍ ബാറില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത് കേട്ടുവെന്ന് ഐടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടമ്പടിയെ എംപിമാര്‍ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഒരു ദൈര്‍ഘ്യമേറിയ പ്രവൃത്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ ദീര്‍ഘിപ്പിക്കലിന്റെ കാര്യത്തില്‍ ബ്രസല്‍സിന് വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരേണ്ടത്. എന്തായാലും ഒടുവില്‍ ബ്രസല്‍സ് യുകെയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ക്രിസ് ഫിലിപ്പ് ഈ റിപ്പോര്‍ട്ടിനെ തള്ളി. ഒരു ഉദ്യോഗസ്ഥന്‍ ബാറിലിരുന്ന് കുറച്ചു ഡ്രിങ്കുകള്‍ക്ക് ശേഷം പറയുന്നതും ഊഹിക്കുന്നതുമായ കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ ആദ്യ കരാറിന് അംഗീകാരം വാങ്ങാന്‍ എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടത്തുകയാണോ എന്ന സംശയം പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ റോബിന്‍സിന്റെ കമന്റിന് കഴിഞ്ഞിട്ടുണ്ട്.

2015ല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന ബ്രിട്ടീഷ് സ്‌കൂള്‍ കുട്ടി ഷമീമ ബീഗത്തിന് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണം! ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീമ ഇക്കാര്യം അറിയിച്ചത്. മൂന്ന് പെണ്‍കുട്ടികളാണ് 2015ല്‍ സിറിയയിലേക്ക് കടന്നത്. ഇപ്പോള്‍ 19 വയസുള്ള ഷമീമ 9 മാസം ഗര്‍ഭിണിയാണ്. കുട്ടിക്ക് ജന്മം നല്‍കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവളുടെ ആഗ്രഹം. അതേസമയം തീവ്രവാദി സംഘത്തില്‍ ചേര്‍ന്നതില്‍ തനിക്ക് ഖേദമില്ലെന്നും ഷമീമ പറഞ്ഞു. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചാണ് ടൈംസുമായി ഷമീമ സംസാരിച്ചത്. നേരത്തേ താന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും രണ്ടു കുട്ടികളും മരിച്ചെന്നും ഷമീമ പറഞ്ഞു. തനിക്കൊപ്പം എത്തിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ലെന്നും ഷമീമ വ്യക്തമാക്കി. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും അവള്‍ പറയുന്നു.

ബെത്ത്‌നാള്‍ ഗ്രീന്‍ അക്കാഡമി വിദ്യാര്‍ത്ഥിനികളായിരുന്ന ഷമീമ ബീഗം, അമീറ അബേസ് എന്നിവര്‍ക്ക് സിറിയയിലേക്ക് പോകുമ്പോള്‍ 15 വയസായിരുന്നു പ്രായം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഖദീജ സുല്‍ത്താനയ്ക്ക് 16 വയസും. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് സിറിയയിലെത്തി. റഖയിലെത്തിയപ്പോള്‍ ഐസിസ് വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചത്.20-25 വയസുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് താന്‍ അപേക്ഷിച്ചതെന്ന് ഷമീമ പറഞ്ഞു. പത്തു ദിവസത്തിനു ശേഷം 27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയെത്തിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചു. ഇയാള്‍ക്കൊപ്പമാണ് പിന്നീട് താന്‍ കഴിയുന്നതെന്നും കിഴക്കന്‍ സിറിയയില്‍ ഐസിസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുമ്പ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ വ്യക്തമാക്കി.

സിറിയന്‍ പോരാളികളുടെ ഒരു സംഘത്തിനു മുന്നില്‍ തന്റെ ഭര്‍ത്താവ് കീഴടങ്ങി. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് ഇവള്‍ താമസിക്കുന്നത്. 39,000ത്തോളം അഭയാര്‍ത്ഥികളാണ് ഈ ക്യാംപിലുള്ളത്. റഖയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ സാധാരണ ജീവിതമായിരുന്നു അവിടെ തങ്ങള്‍ നയിച്ചിരുന്നതെന്ന മറുപടിയാണ് ഷമീമ നല്‍കിയത്. ഒരു തടവുകാരന്റെ തല ഛേദിക്കപ്പെട്ട നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് ഇസ്ലാമിന്റെ ശത്രുവിന്റെ തലയായിരുന്നു. ഒരു മുസ്ലീം സ്ത്രീയോട് അയാള്‍ എന്തു ചെയ്യുമായിരുന്നു എന്നു മാത്രമാണ് അപ്പോള്‍ താന്‍ ചിന്തിച്ചതെന്നും ഷമീമ പറഞ്ഞു.

ഭരണപക്ഷത്തെയും പ്രധാനമന്ത്രി തെരേസ മേയെയും ഒട്ടുമിക്ക കാര്യങ്ങളിലും സൂചിമുനയില്‍ നിര്‍ത്തുന്ന ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിന്‍ പുതിയ ചാലഞ്ചുമായി രംഗത്ത്. തന്റെ നികുതി റിട്ടേണ്‍ വെളിപ്പെടുത്തിക്കൊണ്ട് അതേ കാര്യം തെരേസ മേയും ആവര്‍ത്തിക്കാനാണ് കോര്‍ബിന്റെ ചാലഞ്ച്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനെയും കോര്‍ബിന്‍ വെല്ലുവിളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് കോര്‍ബിന്‍ നികുതി വിവരങ്ങള്‍ പുറത്തു വിടുന്നത്. 2017-18 വര്‍ഷത്തില്‍ 132,611 പൗണ്ടാണ് ലേബര്‍ നേതാവിന്റെ വരുമാനം. ഇതിന് വരുമാന നികുതിയായ 46,074.90 പൗണ്ട് അദ്ദേഹം അടക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നേരത്തേയുണ്ടായിരുന്ന 6442.90 പൗണ്ടിന്റെ കുടിശിഖയും ഉള്‍പ്പെടുന്നു. കണക്കുകൂട്ടലില്‍ വന്ന പിഴവിനെത്തുടര്‍ന്നാണ് ഇതുണ്ടായതെന്നാണ് കോര്‍ബിന്‍ വിശദീകരിക്കുന്നത്.

എംപി എന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലുമുള്ള ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വരുമാനം. പ്രതിഫലം ലഭിക്കുന്ന മറ്റ് സ്ഥാനങ്ങളൊന്നും താന്‍ വഹിക്കുന്നില്ലെന്നും സ്‌റ്റോക്കുകള്‍, ഷെയറുകള്‍, ട്രസ്റ്റ് ഫണ്ടുകളില്‍ നിന്നോ പ്രോപ്പര്‍ട്ടിയില്‍ നിന്നോ ഉള്ള വരുമാനം തുടങ്ങിയവ തനിക്കില്ലെന്നും കോര്‍ബിന്‍ വെളിപ്പെടുത്തി. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും റിട്ടേണ്‍സ് പുറത്തു വിട്ടിട്ടുണ്ട്. 92,036 പൗണ്ടാണ് മക്‌ഡോണലിന്റെ വരുമാനം. 25,533 പൗണ്ട് ഇദ്ദേഹം നികുതിയിനത്തില്‍ അടച്ചിട്ടുണ്ട്. 2017 പ്രകടനപത്രികയില്‍ നികുതി സുതാര്യതയും 10 ലക്ഷത്തിലേറെ പൗണ്ട് വരുമാനം നേടുന്ന കമ്പനികളും വ്യക്തികളും ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രോഗ്രാമും ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ വാഗ്ദാനം നല്‍കിയിരുന്നു.

നികുതി വ്യവസ്ഥ സുതാര്യമാക്കാനുള്ള ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ മാതൃകകളാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് കോര്‍ബിന്‍ വിശദീകരിക്കുന്നത്. ലേബര്‍ നേതൃത്വം ഏറ്റെടുത്തതു മുതല്‍ അതുകൊണ്ടാണ് താന്‍ നികുതി വിവരങ്ങള്‍ പുറത്തു വിടുന്നത്. പ്രധാനമന്ത്രിയും ചാന്‍സലറും തന്റെ പാത പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പൗരന്‍മാരുടെ കുട്ടികള്‍ക്ക് യുകെയില്‍ താമസിക്കാനുള്ള അനുമതി ഇല്ലാതാകുമെന്ന് മുതിര്‍ന്ന എംപി. സെറ്റില്‍ഡ് സ്റ്റാറ്റസിനായുള്ള ആപ്ലിക്കേഷന്‍ സംവിധാനത്തിലെ ചില പിഴവുകളാണ് ഇതിന് കാരണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന് സമാനമായ സാഹചര്യമായിരിക്കും ഉടലെടുക്കുക എന്നാണ് കരുതുന്നത്. തങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാരാണെന്ന് കരുതുന്ന മാതാപിതാക്കളുടെ കുട്ടികള്‍ സ്വാഭാവികമായും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കില്ല. ഈ അറിവില്ലായ്മ അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കൂപ്പര്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ലെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ക്യാംപെയിനര്‍മാരും പറയുന്നു.

സെറ്റില്‍മെന്റ് പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ നിരവധി കുട്ടികള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കും. പക്ഷേ ഇതേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവകാശങ്ങള്‍ നഷ്ടമാകുമെന്നാണ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കിയത്. 2021 ജൂണിനുള്ളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്നാണ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുകെയിലുള്ള 3.7 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള അവസ്ഥയില്‍ പ്രതിദിനം 5000 അപേക്ഷകളിലെങ്കിലും തീരുമാനമെടുത്താലേ ഇത്രയും പേര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് അനുവദിക്കാനാകൂ. ഹോം ഓഫീസിന് അതിനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഈ പദ്ധതി തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

അപേക്ഷ നല്‍കാനുള്ള ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇതും വിമര്‍ശനത്തിന് കാരണമായി. അപേക്ഷക്കായി മുതിര്‍ന്നവര്‍ക്ക് 65 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 32.50 പൗണ്ടുമായിരുന്നു ഫീസ് നിര്‍ണ്ണയിച്ചിരുന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രതികരണം നടത്തേണ്ടി വരികയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് രക്ഷിതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നുവെന്ന് സര്‍വേ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ സുരക്ഷിതരാക്കാന്‍ നിയമപരമായി ഉത്തരവാദിത്തബോധം നടപ്പാക്കുന്ന ഈ നിയന്ത്രണം ആവശ്യമാണെന്നാണ് എന്‍എസ്പിസിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്. വോട്ടിംഗില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പതു പേരും ഇതേ അഭിപ്രായം അറിയിച്ചു. 2700ലേറെ ആളുകളിലാണ് പോള്‍ നടത്തിയത്. 11 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ 92 ശതമാനം പേരും പൊതുജനങ്ങളില്‍ 89 ശതമാനം പേരും ഡ്യൂട്ടി ഓഫ് കെയറിനെ അനുകൂലിച്ചു.

11-12 വയസ് പരിധിയിലുള്ളവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. ഫെയിസ്ബുക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് 70 ശതമാനം പേര്‍ പറയുന്നത്. മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും അതിന്റെ ഉപയോക്താക്കളുടെ ഏറ്റവും കുറഞ്ഞ പ്രായമായി പറയുന്നത് 13 വയസാണ്. എന്നാല്‍ പ്രായം പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ല എന്നതാണ് വാസ്തവം. ഇതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അപകടകരമല്ല തങ്ങളുടെ പ്ലാറ്റ്‌ഫോം എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയ്യാറാകണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്.

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയമപരമായ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് എന്‍എസ്പിസിസിയുടെ സര്‍വേ ഫലം പുറത്തു വരുന്നത്. ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ ഹാംസ് വൈറ്റ് പേപ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ലീഗല്‍ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ വാന്‍ലെസ് ആവശ്യപ്പെട്ടു.

സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഈ കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്. ഇത് പോലീസിന് ഒരു വരുമാന മാര്‍ഗ്ഗം കൂടിയായി മാറിയിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കോഴ്‌സുകളിലൂടെ രാജ്യത്തെ പോലീസ് സേനകള്‍ പ്രതിവര്‍ഷം 50 മില്യന്‍ പൗണ്ടാണ് വരുമാനമായി നേടുന്നത്. പിഴയടക്കുകയോ ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുന്നതോ ഒഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് പകരം കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.2 മില്യന്‍ ഡ്രൈവര്‍മാര്‍ തയ്യാറായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് 280,000 പേര്‍ മാത്രമായിരുന്നു ഈ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനില്‍ വാഹനമോടിക്കുന്നവരില്‍ 25 ശതമാനം പേര്‍ ഒരിക്കലെങ്കിലും സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്.

75 പൗണ്ട് മുതല്‍ 99 പൗണ്ട് വരെയാണ് 4 മണിക്കൂര്‍ നീളുന്ന ക്ലാസിന് നല്‍കേണ്ടി വരാറുള്ളത്. രാജ്യത്തിന്റെ ഏതു ഭാഗത്താണ് നിങ്ങളുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ഫീസ് നിര്‍ണ്ണയിക്കപ്പെടുക. അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ക്ക് ഉള്‍പ്പെടെ 45 പൗണ്ട് വരെ മാത്രമേ ഈടാക്കാന്‍ പോലീസിന് അനുവാദമുണ്ടായിരുന്നുള്ളു. പോലീസ് സേനകളുടെ ബജറ്റ് വളരെ കുറവായിരുന്നതിനാല്‍ 2017 ഒക്ടോബറില്‍ ഈ നിരക്ക് ഉയര്‍ത്തി. 2011ല്‍ 1.5 മില്യന്‍ ഡ്രൈവര്‍മാരെയാണ് അമിതവേഗത്തിന് പിടികൂടിയത്. അവരില്‍ 19 ശതമാനം മാത്രമേ കോഴ്‌സില്‍ പങ്കെടുക്കാന്‍ തയ്യാറായുള്ളു. 2017ല്‍ അമിതവേഗതയ്ക്ക് പിടികൂടിയവരുടെ എണ്ണം 2 മില്യനായി ഉയര്‍ന്നു. എന്നാല്‍ അവരില്‍ 50 ശതമാനത്തോളം പേര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഈ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം പോലീസ് സേനകള്‍ക്ക് 54 മില്യന്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്.

ഇത്തരം പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാക്കലല്ല സേനകളുടെ ദൗത്യമെങ്കിലും കൂടുതലാളുകള്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നതിനാല്‍ അമിതവേഗക്കാരെ തേടിപ്പിടിക്കാന്‍ പോലീസിന് ഇത് പ്രോത്സാഹനമാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. അതേസമയം വളരെ കുറഞ്ഞ തോതിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ കോഴ്‌സുകള്‍ നടത്തുന്നതെന്നും അപകട മരണങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായുള്ള അവബോധന ക്ലാസുകള്‍ മാത്രമാണ് ഇവയെന്നും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇതിലൂടെ പോലീസിന് യാതൊരു സാമ്പത്തികലാഭവും ഉണ്ടാകുന്നില്ല. ക്ലാസുകള്‍ക്ക് ചെലവാകുന്ന പണം മാത്രമാണ് ഈടാക്കുന്നതെന്നും വക്താവ് പറഞ്ഞു.

ലണ്ടന്‍: വീടുകള്‍ കുത്തിതുറക്കാന്‍ പുതിയ വഴി കണ്ടുപിടിച്ച് മോഷ്ടാക്കള്‍. യു.കെയില്‍ സമീപകാലത്ത് നടക്കുന്ന മോഷണങ്ങള്‍ക്ക് ഒരേ സ്വഭാവമെന്നും വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള വീടുകളില്‍ പോലും യഥേഷ്ടം കയറി മോഷണം നടത്താന്‍ സഹായിക്കുന്നതാണ് പുതിയ മോഷണ രീതി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലാണ് സമീപകാലത്തെ ഏറ്റവും കൂടുതല്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലോടോര്‍ച്ച് ഉപയോഗിച്ച് ലോക്കുകള്‍ ഇളക്കി മാറ്റുന്നതാണ് മോഷ്ടാക്കളുടെ പുതിയ രീതി. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വിപണികളില്‍ സുലഭമായി ലഭിക്കുന്ന ബ്ലോടോര്‍ച്ചുകള്‍ ഉപയോഗിച്ച് ലോക്ക് ഉരുക്കിയ ശേഷം ഇളക്കിയെടുക്കുകയാണ് രീതി.

ബ്രാഡ്‌ഫോര്‍ഡിലെ വീട്ടില്‍ രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ മോഷണം സമാനരീതിയിലായിരുന്നു. ബ്ലോടോര്‍ച്ച് ഉപയോഗിച്ച് വാതിലിന്റെ ലോക്ക് തകര്‍ത്ത ശേഷം വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ ഇവര്‍ കൈക്കലാക്കി. ഏതാണ്ട് 30,000 പൗണ്ട് വില വരുന്ന ഓഡി എസ്-3 മോഡല്‍ കാറാണ് വീട്ടുകാര്‍ക്ക് നഷ്ടമായത്. സമാന രീതിയിലുള്ള കുറ്റകൃത്യം നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പി.വി.സി ഡോറുകളെയാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വാഹനങ്ങള്‍ വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയെല്ലാം മോഷ്ടാക്കള്‍ കൈക്കലാക്കുന്നു.

മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യം തോന്നിയത് ദേഷ്യമാണ്, പിന്നീടത് അവിശ്വസിനീയമായി തോന്നുകയും ചെയ്തുവെന്ന് മോഷണത്തിനിരയായ തൈ്വറ അബ്ദുല്‍ ഖാലിദ് പ്രതികരിച്ചു. ലോക്ക് കത്തിയമര്‍ന്നതിനാല്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും തൈ്വറ പറഞ്ഞു. സെഡ്ജ്ഫീല്‍ഡ്, നോര്‍ത്തേണ്‍ യോര്‍ക്ക്‌ഷെയര്‍, വെസ്റ്റ് യോര്‍ക്ക്‌സ് തുടങ്ങിയ സ്ഥലങ്ങളിലും സമാന മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് വഴി മാത്രമാണ് ഇത്തരം മോഷണങ്ങള്‍ക്ക് തടയിടാന്‍ കഴിയൂവെന്ന് പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അലാറം വീടുകളില്‍ സ്ഥാപിക്കുന്നത് വഴിയും ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ സാധിക്കും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 101 അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

ഗൂഗിള്‍, ഫെയിസ്ബുക്ക് എന്നിവയില്‍ കൂടി പ്രചരിക്കപ്പെടുന്ന വാര്‍ത്തകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ മേല്‍നോട്ടത്തിന് റെഗുലേറ്ററെ നിയമിക്കണമെന്ന് ഗവണ്‍മെന്റ് പിന്തുണയോടെ നടത്തിയ റിവ്യൂ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. യുകെയുടെ വാര്‍ത്താ ഇന്‍ഡസ്ട്രിയുടെ ഭാവി സംബന്ധിച്ചുള്ള കെയണ്‍ക്രോസ് റിവ്യൂവിലാണ് ഈ നിര്‍ദേശമുള്ളത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകള്‍ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ വായനക്കാരെ സഹായിക്കണമെന്നും നിലവാരമുള്ള വാര്‍ത്തകള്‍ സംബന്ധിച്ച് അവര്‍ക്ക് അറിവ് നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ലോക്കല്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകള്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഇതിനേക്കാള്‍ ഉപരിയായി ഒരു പബ്ലിക് ഇന്ററസ്റ്റ് ന്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആര്‍ട്‌സ് കൗണ്‍സിലിന് തുല്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വാര്‍ത്താ മേഖലയില്‍ സഹായം ആവശ്യമായ സ്ഥാപനങ്ങള്‍ക്ക് പബ്ലിക്, പ്രൈവറ്റ് ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കും. ഉന്നത നിലവാരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ സ്വതന്ത്ര റിവ്യൂ മുന്‍ മാധ്യമപ്രവര്‍ത്തകനായ ഡെയിം ഫ്രാന്‍സസ് കെയണ്‍ക്രോസ് ആണ് നടത്തിയത്. വാര്‍ത്താ പ്രസാധകര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടയില്‍ വാര്‍ത്തകള്‍ വിതരണം ചെയ്യപ്പെടുന്നതിലുള്ള ക്രമരാഹിത്യവും അസന്തുലിതാവസ്ഥയും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഫെയിസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഏതാണെന്ന് വ്യക്തമാക്കിക്കൊടുക്കണം.

ഏതൊക്കെ വാര്‍ത്തകള്‍ക്കായിരിക്കണം ദൃശ്യത നല്‍കേണ്ടത് എന്നകാര്യത്തില്‍ കൂടുതല്‍ സുതാര്യത വരുത്തണം. ഈ ശ്രമങ്ങളെല്ലാം മേല്‍നോട്ടത്തിന് വിധേയമായി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറ്റുകള്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റെഗുലേറ്റര്‍ ആദ്യഘട്ടത്തില്‍ വിലയിരുത്തും. നിയന്ത്രണങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്.

ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the Ninivites) അഥവാ നിനവേ നോമ്പ് എന്ന പേരിലും അറിയപ്പെടുന്നു. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരപ്പെട്ടു (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്റെ പ്രസക്തി. അതേത്തുടര്‍ന്ന് നിനവേയില്‍ ചെന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അവിടെയുള്ളവര്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് നിനവേ നോമ്പ് എന്ന പേരിന്റെ സാംഗത്യം. അപ്പോള്‍ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാല്‍ യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാല്‍ ഈ നോമ്പിന്റെ പേരോ ദിവസക്കണക്കിന്റെ കാരണമോ നോമ്പിന്റെ ചൈതന്യത്തിന് ക്ഷതമേല്പ്പിക്കുന്നുമില്ല; വൈരുദ്ധ്യം ക്ഷണിച്ചു വരുത്തുന്നുമില്ല.

എന്നാല്‍ ബൈബിള്‍ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാള്‍ ചരിത്രപരമായ കാരണങ്ങളാണ് ഈ നോമ്പിന്റെ പിന്നില്‍ എന്നാണ് പണ്ഡിതമതം. എ.ഡി 570 580 കാലത്ത് നിനവേ, ബേസ്ഗര്‍മേ, അസോര്‍ തുടങ്ങിയ പേര്‍ഷ്യന്‍ നഗരങ്ങളെ പ്‌ളേഗു ബാധിച്ച് ജനസംഖ്യയില്‍ വലിയൊരു ഭാഗം മരണപ്പെട്ടപ്പോള്‍ ദുഃഖാര്‍ത്തരും ഭയഭീതരുമായ വിശ്വാസിഗണം ഞായറാഴ്ച്ച ദേവാലയത്തില്‍ ഒന്നിച്ചുകൂടി ഈ നിയോഗത്തെ സമര്‍പ്പിച്ച് പ്രാര്‍ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ അപ്പോള്‍ അവര്‍ക്ക് ദൈവിക അരുളപ്പാടുണ്ടായി. അതനുസരിച്ച് അവര്‍ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതില്‍ കൃതജ്ഞതാനിര്‍ഭരരായ വിശ്വാസിഗണം ഇനിയൊരിക്കലും ഇത്തരം പ്‌ളേഗുബാധ ഉണ്ടാകാതിരിക്കേണ്ടതിനുകൂടി തുടര്‍ന്ന് എല്ലാ വര്‍ഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാന്‍ നിശ്ചയിച്ചു. പേര്‍ഷ്യന്‍ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിച്ചു. മൂന്ന് നോമ്പെടുത്തില്ലെങ്കില്‍ ആപത്തു ഭവിക്കും എന്ന ചിന്താഗതി പോലും ഒരുകാലത്ത് നസ്രാണി സമൂഹത്തിനിടയിലുണ്ടായിരുന്നു.

മാര്‍ത്തോമ്മാ നസ്രാണികള്‍ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578ല്‍ ഈശോസഭാ വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാദര്‍ പേരോ ഫ്രാന്‍സിസ്‌കോ മലബാറില്‍ മിഷണറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്‌ളൗദിയോ അക്വാവിവായക്ക് 1612ല്‍ എഴുതിയ കത്തില്‍ കേരളസഭയിലെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. *മൂന്നു ദിവസവും ഉപവസിച്ച് ദേവാലയത്തില്‍ ഭജനമിരിക്കുന്ന ജനങ്ങളോട് ചേര്‍ന്ന് വൈദികര്‍ തുടര്‍ച്ചയായി സങ്കീര്‍ത്തനാലാപനം നടത്തുകയും നിനിവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള വി. അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേന്‍ എന്നേറ്റു പറഞ്ഞ് കൊണ്ട് സര്‍വ്വരും സാഷ്ടാംഗനമസ്‌കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. സന്ധ്യാനമസ്‌കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു.* നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളിലുണ്ട്.

*മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ നസ്രാണികള്‍ ഒന്നുചേര്‍ന്ന് ആദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുകയും സ്‌ളീവാ വന്ദിക്കുകയും ചെയ്തിരുന്നു* ദശാബ്ദക്കാലം (1644 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. *നാലാം ദിവസം ആഘോഷപൂര്‍വ്വമായ കുര്‍ബ്ബാനയര്‍പ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്.* മാര്‍ത്തോമാ നസ്രാണികള്‍ക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാന്‍ സഭാനവീകരണത്തിനുദ്യമിച്ച ഉദയംപേരൂര്‍ സൂനഹദോസ് അനുവദിച്ചു.

പൊതുവേ മൂന്നു നോമ്പാചരണത്തിനു കേരളസഭയില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ ഇന്നും ശോഭകെടാതെ ഈ നോമ്പും തിരുനാളും നടത്തപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാളിന്റെ കാലം മുതലേ കുറവിലങ്ങാട് പെരുന്നാളിന് ആന അകമ്പടിയുള്ള പ്രദക്ഷിണത്തിന് അവകാശം നല്കിയിരുന്നു എന്നത് പൊതുസമൂഹത്തില്‍ ഈ തിരുനാളിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്.

*വലിയ നോമ്പിന്റെ ഒരുക്കമായി വേണം ഇക്കാലത്ത് നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് പ്രചോദിപ്പിക്കുന്നു

ലേബര്‍ പാര്‍ട്ടിക്കു വേണ്ടി നേതാവ് ജെറമി കോര്‍ബിന്‍ നല്‍കിയ ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചു. സമവായത്തിലൂന്നിയ ഈ നിര്‍ദേശങ്ങള്‍ ബ്രെക്‌സിറ്റ് കടുത്തതാകുന്നതിനെ തടയുന്നത് ലക്ഷ്യമിട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന നിര്‍ദേശം തള്ളിക്കൊണ്ട്, അത് സ്വന്തമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ബ്രിട്ടനെ തടയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോര്‍ബിന് എഴുതിയ മറുപടിക്കത്തിലാണ് മേയ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ മുന്നറിയിപ്പുമായി വ്യവസായ ലോകവും രംഗത്തെത്തിയിട്ടുണ്. 50 ദിവസത്തില്‍ താഴെ മാത്രമാണ് ഇനി ബ്രെക്‌സിറ്റിന് ഉള്ളത്. അതുകൊണ്ടു തന്നെ ഒരു എമര്‍ജന്‍സി സോണിലാണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും പ്രതിസന്ധികള്‍ ഉറപ്പാണെന്നും വ്യവസായികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പരിസ്ഥിതി, തൊഴിലാളി അവകാശങ്ങളില്‍ മേയ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇത് ചില കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തോട് ചേര്‍ന്നു പോകണമെന്ന കോര്‍ബിന്റെ നിര്‍ദേശത്തെ മറികടക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുമെന്നാണ് മേയ് അവകാശപ്പെടുന്നതെങ്കിലും ഫെബ്രുവരിയില്‍ ഇത് സാധ്യമാകുമോ എന്ന കാര്യം സംശയത്തിലാണ്. ഫെബ്രുവരി 27നു മുമ്പായി അന്തിമ ഉടമ്പടി മേയ് അവതരിപ്പിച്ചില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നത് എതിര്‍ക്കാനായി എംപിമാര്‍ വീണ്ടും കോമണ്‍സില്‍ നീക്കം നടത്തുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷയര്‍ പറഞ്ഞു. ഫലപ്രദമായ ഉടമ്പടി സാധ്യമായില്ലെങ്കില്‍ പാര്‍ലമെന്റിന് ഇതിനുള്ള അവസരം ലഭ്യമാകുമെന്ന് അദ്ദേഹം ബിബിസി 1ന്റെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പറഞ്ഞു.

തന്റെ പദ്ധതികള്‍ അട്ടിമറിച്ച ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെയും സഖ്യകക്ഷിയായ ഡിയുപി എംപിമാരുടെയും പിന്തുണ ആര്‍ജ്ജിക്കുന്നതിനായി ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭേദഗതികള്‍ വരുത്താനുള്ള കഠിന ശ്രമത്തിലാണ് പ്രധാനമന്ത്രി. അതേസമയം കഴിഞ്ഞയാഴ്ച ഇതിനായി നടത്തിയ ബ്രസല്‍സ് സന്ദര്‍ശനം കാര്യമായ പ്രതീക്ഷ നല്‍കിയതുമില്ല. ഈ സാഹചര്യത്തില്‍ കോര്‍ബിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ മേയ് സ്വീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ നിര്‍ദേശങ്ങള്‍ മേയ് തള്ളുകയായിരുന്നു.

Copyright © . All rights reserved