ലണ്ടന്‍: വിദേശ നിതകളുടെ പ്രസവ ശുശ്രൂഷയ്ക്കായി എന്‍.എച്ച്.എസ് വര്‍ഷത്തില്‍ ചെലവഴിക്കുന്നത് 13.3 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി പൊതുആരോഗ്യ ഗജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരെ ഇംഗ്ലണ്ടില്‍ പ്രസവ, പ്രസാവനന്തര ശുശ്രൂഷകള്‍ക്കായി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ടി ഇത്രയധികം തുക ചെലവഴിക്കേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ നിരീക്ഷകരുടെ അഭിപ്രായം. ഏതാണ്ട് 3000ത്തോളം പ്രസവ ചികിത്സ നിറവേറ്റുന്നതിനായിട്ടാണ് 13.3 മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസ് ചെലവാക്കിയിരിക്കുന്നത്.

ബാര്‍ട്സ് ഹെല്‍ത്ത് എന്ന എന്‍.എച്ച്.എസ് സ്ഥാപനത്തിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാം. കഴിഞ്ഞ വര്‍ഷം ബാര്‍ട്സ് ഹെല്‍ത്തില്‍ ചികിത്സയ്ക്കെത്തിയത് 232 വിദേശ ഗര്‍ഭിണികളാണ്. ഇതിനായി ആശുപത്രി ചെലവാക്കിയത് 1.7 മില്യണ്‍ പൗണ്ടും. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം ചെലവുകള്‍ അസംബന്ധപരമാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് സൗജന്യ പ്രസവത്തിനായി എത്തുന്നതെന്ന് പേഷ്യന്റ് കണ്‍സേണ്‍ വക്താവ് ജോയ്സ് റോബിന്‍സണ്‍ ചൂണ്ടിക്കാണിക്കുന്നു. 3891 വിദേശ വനിതകളാണ് യു.കെയില്‍ പ്രസവ ചികിത്സയ്ക്കായി 2017-18 കാലഘട്ടങ്ങളില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം രാജ്യത്ത് ചികിത്സയ്ക്കായി എത്തുന്നവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണ് യു.കെയിലെ ആരോഗ്യമേഖലയ്ക്കെന്നും ആരുടെയും ചികിത്സ നിഷേധിക്കാനാവില്ലെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ഹാമന്‍ഡ് പ്രതികരിച്ചു. സൗജന്യ ചികിത്സയ്ക്ക് യോഗ്യരല്ലാത്തവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക എന്‍.എച്ച്.എസ് തിരികെ പിടിക്കുന്നുണ്ടെന്നും ഈ ഇനത്തില്‍ തിരികെ പിടിച്ച മില്യണിലധികം പൗണ്ട് തിരികെ എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സര്‍വീസുകളും ജീ.പിമാരുടെ സേവനവും യു.കെയില്‍ എല്ലാവര്ക്കും സൗജന്യമാണ്. യു.കെയിലേക്ക് സൗജന്യ ചികിത്സ ലക്ഷ്യം വെച്ച് എത്തുന്ന വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായിട്ടാണ് മറ്റൊരു റിപ്പോര്‍ട്ട്.
മാതാപിതാക്കളുടെ അശ്രദ്ധ മൂലം കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെട്ട സഹോദരങ്ങളായ ആറു കുട്ടികള്‍ക്കു വേണ്ടി വന്‍ തുക ചെലവാക്കുന്നതിനെ വിമര്‍ശിച്ച് കോടതി. ലീഡ്സ് ഫാമിലി കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹോള്‍മാന്‍ ആണ് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിവര്‍ഷം 5 ലക്ഷം പൗണ്ട് ചെലവാകുന്നതിനെ വിമര്‍ശിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് കുട്ടികളെ കൗണ്‍സില്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആഴ്ചയില്‍ 10,000 പൗണ്ട് വീതം ചെലവാകുന്നത് നിരാശാജനകമാണെന്ന് ജഡ്ജ് പറഞ്ഞു. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടികളുടെ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു.

കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അവര്‍ക്ക് ടിവി കാണാന്‍ നല്‍കുകയോ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഇവരെ സ്കൂളില്‍ അയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ഒരു പെണ്‍കുട്ടിയെ മൂത്ത ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. മൂന്നു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരെ മൂന്ന് റെസിഡെന്‍ഷ്യല്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂത്തയാള്‍ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ്. മറ്റു രണ്ട് ആണ്‍കുട്ടികള്‍ മറ്റൊരു ചില്‍ഡ്രന്‍സ് ഹോമിലും മൂന്നു പെണ്‍കുട്ടികളെ ഏജന്‍സി ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിരിക്കുന്നു.

കുട്ടികളെ ഈ വിധത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ അതോറിറ്റിക്ക് ആഴ്ചയില്‍ 10,000 പൗണ്ടെങ്കിലും ചെലവു വരുന്നുണ്ട്. ഇത് വര്‍ഷത്തില്‍ അര മില്യന്‍ പൗണ്ട് എത്തുമെന്നും കോടതി വിലയിരുത്തി. മൂത്ത ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിലും കുടുംബ പശ്ചാത്തലം അവനെയും ഇരയായി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. തകരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, നികുതി ദായകനു കൂടി ബാധ്യതയാകുകയാണെന്നാണ് ഹെന്റി ജാക്സണ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലന് മെന്‍ഡോസ പറയുന്നത്.
സ്കോട്ട്ലന്‍ഡിലെ ഏറ്റവും വലിയ ഭൂവുടമയും ഡെന്മാര്ക്കിലെ ഏറ്റവും ധനികനായ വ്യക്തിയുമായ ആന്‍ഡേഴ്സ് ഹോള്‍ച് പോള്സെന് ഈസ്റ്റര്‍ കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടു. സ്കോട്ട്ലന്‍ഡിലെ എഎസ്ഒഎസ് ഉടമയാണ് പോള്സെന്. നാലു മക്കളും ഭാര്യയുമായി ശ്രീലങ്കയില്‍ ഹോളിഡേക്കായി എത്തിയതായിരുന്നു ഇദ്ദേഹം. നാലു കുട്ടികളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. മരണ വിവരം പോള്‍സെനിന്റെ വക്താവ് സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ നല്‍കിയില്ല.

ആക്രമണം നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പോള്‍സെനിന്റെ മകളായ അല്‍മ സഹോദരങ്ങളായ ആസ്ട്രിഡ്, ആഗ്നസ്, ആല്‍ഫ്രഡ് എന്നിവരോടൊത്ത് ശ്രീലങ്കയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് ശ്രീലങ്ക അറിയിച്ചത്. അന്താരാഷ്ട്ര സഹായം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഐസിസ് പങ്കു പോലും ആക്രമണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശ്രീലങ്ക വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ 290 പേര് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ 500ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. കൊളംബോയുടെ പരിസരത്തുള്ള പള്ളികളിലും ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനങ്ങളില്‍ 39 വിദേശികള്‍ കൊല്ലപ്പെട്ടു. എട്ട് ബ്രിട്ടീഷുകാരും യുകെ-യുഎസ് ഇരട്ട പൗരത്വമുള്ള രണ്ടു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈയാഴ്ച നടക്കാനിരുന്ന സാംസങ് ഗ്യാലക്സി ഫോള്‍ഡ് ഫോണിന്റെ ലോഞ്ചിംഗ് മാറ്റിവെച്ചു. റിവ്യൂവിനായി നല്കിയ ഫോണുകളുടെ സ്ക്രീന്‍ മടക്കുന്നതിനിടെ പൊട്ടിയതാണ് ലോഞ്ച് മാറ്റാന്‍ കാരണം. 1800 പൗണ്ട് വിലയുള്ള മടക്കാവുന്ന സ്ക്രീനോടു കൂടിയ ഈ മോഡല്‍ വെള്ളിയാഴ്ചയാണ് പുറത്തിറക്കാനിരുന്നത്. മെയ് 3നായിരുന്നു യുകെയില്‍ ഇതിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സ്ക്രീനുകള്‍ പൊട്ടിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ലോഞ്ച് മാറ്റിവെച്ചതെന്നാണ് വിവരം. ഫോണ്‍ പുറത്തിറക്കുന്ന തിയതി വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിക്കും. മൊബൈല്‍ വിപണിയില്‍ ഏറ്റവും പുതിയ വിപ്ലവമെന്നാണ് മടക്കാവുന്ന സ്ക്രീനോടു കൂടിയ ഫോണ്‍. അതുകൊണ്ടു തന്നെ ലോഞ്ച് മാറ്റി വെക്കേണ്ടി വരുന്നത് സാംസങ്ങിന് വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.

വലിയൊരു മാര്‍ക്കറ്റ് ഹിറ്റ് പ്രതീക്ഷിച്ചല്ല ഈ മോഡല്‍ വിപണിയില്‍ എത്തുന്നതെങ്കിലും സ്മാര്‍ട്ട്ഫോണുകളുടെ വളര്‍ച്ചയില്‍ പുതിയൊരു തരംഗമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ക്രീന്‍ മടക്കി വെച്ചാല്‍ ഒരു ശരാശരി സ്മാര്‍ട്ട്ഫോണിന്റെ വലിപ്പം മാത്രമുള്ള സാംസങ് ഫോള്‍ഡ് നിവര്‍ത്തിയാല്‍ ചെറിയൊരു ടാബ്ലറ്റിന്റെ വലിപ്പമാകും. എന്നാല്‍ ഈ മോഡലില്‍ റിവ്യൂവര്‍മാരാണ് തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണിന്റെ സ്ക്രീനിന് ഉള്‍വശം ഫ്ളിക്കര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ആദ്യം റിവ്യൂവര്‍മാര്‍ നല്കിയ റിപ്പോര്‍ട്ട്. പിന്നീട് ഇത് ഫ്രീസാവുകയും രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ ടെസ്റ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. സ്ക്രീനിലെ പ്ലാസ്റ്റിക് ലെയര്‍ രണ്ട് റിവ്യൂവര്‍മാര്‍ എടുത്തു കളയുകയും ചെയ്തു. ഈ പാളി നഷ്ടമായതോടെ സ്ക്രീന്‍ സ്ക്രാച്ചുകളുണ്ടായി.

ഈ പ്ലാസ്റ്റിക് ലെയര്‍ സ്ക്രീനിന്റെ ഭാഗം തന്നെയാണെന്ന് കഴിഞ്ഞയാഴ്ച സാംസങ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്ക്രീനിനുള്‍വശം പൊട്ടുന്നത് ന്യായീകരിക്കാന്‍ ഇത് സാംസങ്ങിനെ സഹായിക്കില്ലെന്നാണ് റിവ്യൂവര്‍മാര്‍ പറയുന്നത്. സ്ക്രീനിന്റെ മടങ്ങുന്ന ഭാഗങ്ങളില്‍ ചില പ്രശ്നങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച നടത്താനിരുന്ന ലോഞ്ച് ചില പ്രശ്നങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ചതായി സാംസങ് അറിയിച്ചു. ഡിവൈസിനുള്ളിലെ ചില വസ്തുക്കള്‍ ഡിസ്പ്ലേയുടെ പെര്‍ഫോമന്‍സിനെ ബാധിക്കുന്നുണ്ടെന്നും സാംസങ് പ്രതികരിച്ചു.
യൂട്യൂബ് ട്യൂട്ടോറിയലുകള്‍ കണ്ട് 150 പൗണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ 63,000 പൗണ്ടാക്കി മാറ്റി സ്കൂള്‍ വിദ്യാര്‍ത്ഥി. എഡ്വേര്‍ഡ് റിക്കറ്റ്സ് എന്ന 16 കാരനാണ് തന്റെ നേട്ടത്തിന് പിന്നില്‍ യൂട്യൂബും ബ്രെക്സിറ്റുമാണെന്ന് വ്യക്തമാക്കിയത്. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് തനിക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതെന്നാണ് റിക്കറ്റ്സ് പറയുന്നത്. കറന്‍സികള്‍ മൂല്യമിടിയുമ്പോള്‍ അവ വാങ്ങിക്കൂട്ടുകയും പിന്നീട് മൂല്യം ഉയരുമ്പോള്‍ അവ വില്‍ക്കുകയുമായിരുന്നു റിക്കറ്റ്സ് ചെയ്തിരുന്നത്. ഒരു ഫോറിന് എക്സ്ചേഞ്ച് മാര്‍ക്കറ്റ് ട്രേഡറെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടുമുട്ടിയ റിക്കറ്റ്സ് അയാളില്‍ നിന്ന് ഉപദേശങ്ങള്‍ ചോദിച്ചു. എന്നാല്‍ ശരിയായ പരിശീലനമില്ലാതെ ട്രേഡിംഗ് സാധ്യമല്ലെന്നായിരുന്നു അയാള്‍ നല്കിയ മറുപടി.

തിരിച്ചടിയില്‍ നിരാശനാകാതെ സ്വയം പഠിക്കാന്‍ തീരുമാനിച്ച റിക്കറ്റ്സ് യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ആരംഭിക്കുകയും അതിലൂടെ ട്രേഡിംഗില്‍ വൈദഗ്ദ്ധ്യം നേടുകയുമായിരുന്നു. വീട്ടിലിരുന്നു തന്നെ ഗ്ലോബല്‍ കറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിലൂടെയാണ് 150 പൗണ്ട് റിക്കറ്റ്സ് 63,000 പൗണ്ടായി മാറ്റിയത്. ട്രെയിന്‍ സ്റ്റേഷനില്‍ ലീഫ്ലെറ്റുകള്‍ വിതരണം ചെയ്ത് നേടിയ 150 പൗണ്ടായിരുന്നു റിക്കറ്റ്സിന്റെ മൂലധനം. ടോട്ടന്‍ഹാം സ്വദേശിയായ എഡ്വേര്‍ഡ് റിക്കറ്റ്സ് ഇപ്പോള്‍ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോറെക്സ് ട്രേഡര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ പ്രായത്തില്‍ ഈ മേഖലയെ ഗൗരവമായി കാണുന്ന മറ്റാരെയും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിക്കറ്റ്സ് പറയുന്നു.

ഫോറെക്സ് വിപണന രംഗത്ത് വിദഗ്ദ്ധനായി മാറിക്കഴിഞ്ഞിരിക്കുന്ന റിക്കറ്റ്സ് ഇപ്പോള്‍ നൂറോളം ക്ലയന്റുകളില്‍ നിന്ന് 120 പൗണ്ട് വീതം ഓരോ തവണയും ടിപ്സ് ആയി ഈടാക്കുന്നു. ഒരു മെഴ്സിഡസ് എ ക്ലാസ് വാങ്ങുന്നതിനായി 30,000 പൗണ്ട് മാറ്റിവെച്ചിരിക്കുകയാണ് റിക്കറ്റ്സ്. തനിക്ക് സ്വന്തമായി ഡ്രൈവ് ചെയ്യാനാകുന്ന സമയമാകുമ്പോള്‍ കാര്‍ വാങ്ങാനാണ് പദ്ധതി. തന്റെ പിതാവും സഹോദരങ്ങളുമായി അമേരിക്കയിലേക്ക് ഹോളിഡേ പോകാനും പദ്ധതിയുണ്ട്.
കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ അഞ്ച് ബ്രിട്ടീഷ് പൗരന്മാര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മൂന്ന് പേര് പൂര്‍ണമായും ബ്രിട്ടീഷ് പൗരന്മാരും രണ്ട് പേര് യു.കെ-യു.എസ് സംയുക്ത പൗരത്വമുള്ളവരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. എല്‍.ടി.ടിയുമായി ശ്രീലങ്കന്‍ ഔദ്യോഗിക സൈന്യം നടത്തിയ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം പേര് കൊല്ലപ്പെട്ട ഒരു ആക്രമണത്തിന് ശ്രീലങ്കന്‍ ജനത സാക്ഷിയാകുന്നത്. അഞ്ഞൂറോളം പേര്‍ക്കാണ് വിവിധ സ്ഫോടനങ്ങളിലായി പരിക്കേറ്റിരിക്കുന്നത്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ 36 പേര് വിദേശികളാണ്. 20 ലേറെ വിദേശികള്‍ക്ക് പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങല്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഇന്ത്യക്കാരായ നാല് പേര് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. മൂന്നു പേര് കൊളംബോയിലെ സ്ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനല്‍ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. എല്‍ടിടിഇ കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്ന 13 പേരെ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരയാണ് അരങ്ങേറിയത്. ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് രാവിലെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 160-ഓളം പേര് മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര് മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ 40 ശതമാനം ടോറി എം.പിമാരും നിഗല്‍ ഫാര്‍ജിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ബ്രെക്സിറ്റ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായി പാര്‍ട്ടിയില്‍ നടക്കുന്ന കരുനീക്കങ്ങളുടെ പ്രതിഫലനമാണ് നിഗല്‍ ഫാര്‍ജിന് പിന്തുണ നല്കാന് കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് നേതൃത്വം പ്രതികരണമൊന്നും നടത്തിയിട്ടില്ല. നേരത്തെനിഗല്‍ ഫാര്‍ജിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ വലിയ നീക്കങ്ങള്‍ ആവശ്യമാണെന്ന മുന്നറിയിപ്പുമായി ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്സണ് രംഗത്ത് വന്നിരുന്നു. രണ്ടാം ജനഹിത പരിശോധനയ്ക്ക് മാത്രമെ നിഗല്‍ ഫാര്‍ജിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്ന് ടോം വാട്സണ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നിഗല്‍ ഫാര്‍ജ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്. സാധാരണയായി പാര്‍ട്ടി പ്രഖ്യാപിച്ച് വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന പിന്തുണ ഫാര്‍ജിന്റെ പാര്‍ട്ടി ദിവസങ്ങള്‍ക്കുള്ളില്‍ നേടിയെടുത്തു. ഇതിന് പിന്നില്‍ തെരേസ മേയ്ക്കെതിരായ അതൃപ്തിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്ക്കെതിരായ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. യൂറോപ്യന്‍ യൂണിയന് തലപ്പത്ത് ഫാര്‍ജിന്റെ പാര്‍ട്ടിയെത്തുന്നത് തെരേസ മേയുടെ നയങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ലേബര്‍ പാര്‍ട്ടിയും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നിച്ചു കിടക്കുന്ന ഇടത് പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ലേബര്‍ ശ്രമം.

തെരേസ മേയുടെ നയരേഖയ്ക്ക് പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടിയുണ്ടായാല്‍ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്ന് ഇതോടെ തീര്‍ച്ചയായി. ലേബര്‍ പാര്‍ട്ടിയുടെ രണ്ടാം ജനഹിത നിര്‍ദേശം അംഗീകരിക്കുകയാവും മേയ്ക്ക് മുന്നിലുള്ള മറ്റൊരു പോംവഴി. എന്നാല്‍ അത്തരമൊരു നടപടി അവസാനഘട്ട പരീക്ഷണമെന്ന രീതിയില്‍ മാത്രമാവും മേ സ്വീകരിക്കുക. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായിരിക്കുന്ന തിരിച്ചടി മറികടക്കാന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആ നീക്കവും പരാജയപ്പെടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ന്യൂസ് ഡെസ്ക്
ശ്രീലങ്കയിലെ ഈസ്റ്റർ ദിനം രക്തപങ്കിലമാക്കി വൻ സ്ഫോടന പരമ്പര. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിലുൾപ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 138 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർഗോഡ് സ്വദേശി പി.എസ് റസീനയും ഉൾപ്പെടുന്നു. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ ആയിരുന്നു പള്ളികളിലെ സ്ഫോടനം.
കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം, നെഗമ്പോയിലെ സെബാസ്റ്റ്യൻസ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്ഫോടനം നടന്നത്. സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. ഒന്‍പതു വിദേശവിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. രണ്ടു പള്ളികളിൽ ഒന്നിലേറെ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടുക്കം രേഖപ്പെടുത്തി. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഷിബു മാത്യൂ
“നീതിയും സത്യവും എന്നാളും ഉയിര്ത്തെഴുന്നേല്ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.
പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര് മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?
അപ്പസ്തോലന്മാര് ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.
കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.

പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്‍കുന്നത്?
ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.
ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള് മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.
ഷിബു മാത്യൂ
“ഓശാനയ്ക്ക് എന്തെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമെടുക്കണം എന്ന ഒരു ചിന്ത എന്റെ മനസ്സില്‍ നേരത്തെതന്നെ ഉദിച്ചിരുന്നു. അതിരാവിലെ തന്നെ എണീറ്റ് റെഡിയായി അനൂപിന്റെയടുത്തു നിന്നു ക്യാമറയും വാങ്ങി നേരെ പള്ളിയിലേയ്ക്ക് പോയി. വെറുതേ സമയം കളഞ്ഞതൊഴിച്ചാല്‍ ആഗ്രഹിച്ചതു പോലെ ഒരു ഫ്രെയിമും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരായ രണ്ട് അമ്മച്ചിമാര് നടന്ന് വരുന്നത് കണ്ടത്. അവരില്‍ ഒരാളുടെ കൈയ്യില്‍ രണ്ട് കുരുത്തോലയുണ്ട്. ഇവര്‍ പള്ളിയുടെ നടയിറങ്ങുന്നതിന് തൊട്ടുമുമ്പ് ‘നിനക്ക് രണ്ട് ഓല കിട്ടിയോടീ ?’ എന്ന ചോദ്യവും അതോടൊപ്പം അവരുടെ ഹൃദയത്തില്‍ നിന്ന് വന്ന നിഷ്ക്കളങ്കമായ ചിരിയും. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവരത് അറിഞ്ഞില്ല! ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍. പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴെനിക്കുണ്ടായത്”. ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്റെ വാക്കുകളാണിത്.

ഓശാന ഞായറില്‍ ഒരു പുതുമ തേടിയ മലയാളം യുകെയുടെ മുന്നില്‍ ഈ ചിത്രം അതിരാവിലെ തന്നെയെത്തിയിരുന്നു. എന്റെ അതിരമ്പുഴയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഞങ്ങള്‍ ഓശാന ഞായറിന് നല്കാന് പറ്റുന്ന ഏറ്റവും വലിയ സന്ദേശമായി ഈ ചിത്രം ലോകത്തിന് പരിചയപ്പെടുത്തി. ലോക മലയാളികള്‍ ഒന്നടങ്കം ആസ്വദിച്ച ഈ ചിത്രമെടുത്തയാളെ തേടുകയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങളുടെ പ്രിയ വായനക്കാര്‍ തന്നെ ഞങ്ങളെ സഹായിച്ചു.
ജിതിന് ജെയിംസ് എന്ന ഞങ്ങള്‍ തേടിയ ഫോട്ടോഗ്രാഫര്‍.
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴ പള്ളി ഇടവകാംഗം. പുന്നയ്ക്കപള്ളി വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ബിജി ജെയിംസിന്റെയും ഏകമകന്. ജിതിന് രണ്ട് സഹോദരിമാരുണ്ട്. ജിത്തുവും അമലയും. മാന്നാനം കെ ഇ കോളേജില്‍ നിന്നും ബിരുദമെടുത്ത ജിതിനിപ്പോള്‍ എറണാകുളം സി പി സുസുക്കിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് പ്രചോദനമായത് കൂട്ടുകാരാണ്. ജോര്‍ജ്ജ്, അനൂപ്, ഈപ്പന്, കുരിയാപ്പി, വിമല്‍, ഫെലിക്സ് അങ്ങനെ കുറച്ചു പേര്. മൊബൈല്‍ ഫോണിലായിരുന്നു ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് കൂട്ടുകാരുടെ ക്യാമറ ഉപയോഗിച്ചു തുടങ്ങി. കെ. ഇ കോളേജിലെ എന്റെ കൂട്ടുകാരും അതിരമ്പുഴയിലെ എന്റെ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണം. ജിതിന് പറയുന്നു. കൂട്ടുകാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരുമായ ജോബി, കണ്ണന് എന്നിവരുടെ കൂടെ ലൈറ്റ് പിടിച്ച് അവരെ സഹായിക്കാന്‍ ജിതിന് പോകാറുണ്ട്. അതാണ് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശരിയായിട്ടുള്ള അവസരമെന്ന് ജിതിന് പറയുന്നത്. നേരില്‍ കണ്ടും കേട്ടും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും.

അതിരമ്പുഴയ്ക്ക് ഒരു പാട് കാലഘട്ടങ്ങളുടെ കഥ പറയുവാനുണ്ട്. ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളി. പഴയ കെട്ടിടങ്ങളും പഴയ ജീവിതങ്ങളും. ഗ്രാമീണതയില്‍ നിന്നെത്തുന്ന അമ്മച്ചിമാരുടെ കൂട്ടായ്മ. അതിരമ്പുഴ ചന്ത. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ വ്യാപാരം നടത്തുന പഴയ സംസ്ക്കാരത്തിലുള്ള ടൗണ്‍. ഇതൊക്കെ ആകര്‍ഷകങ്ങളായ പല ചിത്രങ്ങള്‍ക്കും പശ്ചാത്തലമൊരുക്കും.
ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്തുകയും വേണം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഒന്നുമില്ല. സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കാറുള്ളതുപോലെ എനിക്കും ഒരു ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.

എന്റെ അതിരമ്പുഴ എനിക്കെന്നും പ്രചോദനമാണ്. അതിരമ്പുഴ പള്ളിയും യുവദീപ്തിയും ഞങ്ങളുടെ വികാരിയച്ചനും കൊച്ചച്ചനും കപ്പൂച്ചിന്‍ സഭയിലെ ബ്രദേഴ്സുമൊക്കെ ഇതില്‍പ്പെടുന്നു. ഫേസ്ബുക്കിലെ christian trolls എന്ന ഗ്രൂപ്പിലും സജ്ജീവമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവും എനിക്ക് തരുന്ന സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതുണ്ട്.
സ്വന്തമായി ഒരു വാഹനം എനിക്കില്ല. നടക്കുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതാണ് കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് സാധിക്കുന്നതും. ഒരു കാഴ്ച കാണുമ്പോള്‍ അത് എന്റെ മൂന്നാം കണ്ണില്‍ ഒപ്പും. അതാണ് എന്റെ ശീലം. അതില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ടാകും. ഈ ചിത്രവും അങ്ങനെ സംഭവിച്ചതാണ്. അതിരമ്പുഴ പള്ളിയില്‍ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരില്‍ വേഷവിധാനത്തില്‍ വേറിട്ടു നില്ക്കുന്നവര് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ മൂന്നാം കണ്ണില്‍ പെട്ടു. അത് ചിത്രമായി.

എല്ലാ കാഴ്ചകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. നമ്മള് അതിനെ കാണുന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകതകള്‍. ഫോട്ടോ ജീവന് തുടിയ്ക്കുന്നതാകണം. ഓശാന ഞായറാഴ്ചത്തെ ചിത്രത്തേക്കുറിച്ച് ഒരു പാട് പറയുവാന്‍ സാധിക്കും. ഒരു കാലഘട്ടം, നിഷ്കളങ്കതയുടെ പര്യായം, ഒരു സംസ്കാരം അങ്ങനെ പലതും. സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പുകള്‍ വരെ എഴുതിയ വരുമുണ്ട്. ജിതിന് പറയുന്നു.
എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് നന്ദി മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ…
കത്തോലിക്കാ സഭയുടെ ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന് പുന്നയ്ക്ക പള്ളിയ്ക്ക് മലയാളം യുകെയുടെ ആശംസകള്‍..




