ലണ്ടന്‍: ബീച്ചുകളില്‍ ശല്യക്കാരാവുന്ന പക്ഷികളെ നേരിടാന്‍ പരിശീലനം സിദ്ധിച്ച പരുന്തുകളെത്തുന്നു. ബ്രിട്ടനിലെ ബീച്ചിലാണ് ലോകത്തിലെ അപൂര്‍വ്വ പക്ഷി പോലീസ് ചാര്‍ജെടുത്തിരിക്കുന്നത്. വിന്നി ആന്റ് കോജാക്ക് എന്നാണ് പരുന്ത് സ്ക്വാഡിന് അധികൃതര്‍ പേര് നല്‍കിയിരിക്കുന്നത്. കേട്ടാല്‍ നിസാരമാണെന്ന് തോന്നുമെങ്കിലും അത്ര നിസാരമല്ല പരുന്ത് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. യു.കെയിലെ ബീച്ചുകളില്‍ സമ്മറില്‍ പ്രത്യേകിച്ചും വലിയ തിരക്കുകളുണ്ടാകാറുണ്ട്. കുടുംബ സമേതമാണ് മിക്കവരും ബിച്ചുകളിലെത്തുന്നത്. ബിച്ചുകള്‍ ആസ്ഥാനമാക്കി ജീവിക്കുന്ന നിരവധി പക്ഷികളുണ്ട്. ഇവ ചിലപ്പോഴൊക്കെ സഞ്ചാരികള്‍ക്ക് അപകടനം വരുത്തിവെക്കും.

ഐസ്ക്രീമുകള്‍ മുതല്‍ ചിപ്സുകള്‍ വരെ മോഷ്ടിക്കാന്‍ മിടുക്കരാണ് ബീച്ചുകളിലെ പക്ഷികള്‍. ചിലപ്പോഴൊക്കെ സഞ്ചാരികളെ ആക്രമിക്കാനും ഇവ മുതിര്‍ന്നേക്കും. ഇത്തരത്തിലുള്ള അവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ പ്ര്ശ്നേ നേരിടുന്നത് കുട്ടികളാണ്. പക്ഷികളുടെ ആക്രമണങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പരുന്ത് സ്ക്വാഡിന് രൂപം നല്കാന് അധികൃതര്‍ തീരുമാനിച്ചത്. ബീച്ചില്‍ അപകടരമായ പക്ഷികളുടെ ആക്രമണവും ഭക്ഷണ മോഷണവും തടയാന്‍ പരുന്തുകള്‍ പെട്രോളിംഗ് നടത്തും. ഒരുപക്ഷേ പക്ഷിപ്പോലീസ് എന്ന് തന്നെ ഇവരെ വിശേഷിപ്പിക്കാവുന്നതാണ്. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച പരുന്തുകളാണ് പക്ഷികളെ തുരത്തുന്നത്.

ബീച്ചുകളില്‍ ശല്യക്കാരായ പക്ഷികളെ നേരിടാന്‍ പരുന്തുകളുടെ സഹായം ലഭ്യമാകുന്നതോടെ ഹോളിഡേ ആഘോഷങ്ങള്‍ക്കെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കൂടിയാണ് പ്രദേശിക ഭരണകൂടം ഉറപ്പു വരുത്തുന്നത്. ബ്രിട്ടന് മാത്രമല്ല ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച പരുന്തുകളെ ഉപയോഗപ്പെടുത്തുന്ന രാജ്യം. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങള്‍ ഒന്നാമതാണ്. പരുന്ത്, അസിപ്രിഡേ എന്ന കുടുബത്തില്‍ പ്പെടുന്ന പക്ഷിപിടിയന്‍ പക്ഷികളില്‍ ഒന്നാണ്. ഏകദേശം 60ല്‍ പരം പക്ഷികള്‍ ഈ വര്‍ഗ്ഗത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. പല രാജ്യങ്ങള്‍ അവരുടെ ദേശീയ ചിഹ്നത്തില്‍ പരുന്തോ പരുന്തിന്റെ എതേലും ഭാഗമോ ഉപയോഗിക്കറുണ്ട്. പരുന്തിനെ ഭക്ഷിക്കുന്ന മറ്റു മൃഗങ്ങളില്ലാത്തതിനാല്‍ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.
ന്യൂസ് ഡെസ്ക്
“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം… ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.
ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.
പുത്തന്‍പാന
ദൈവമാതാവിന്റെ വ്യാകുല പ്രലാപം.
അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം
സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ
വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ
പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ
പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ
ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ
നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ
തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ
ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ
ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ
വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ
ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ
അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ
ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ
സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ
പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ
നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ
ലണ്ടന്‍: ബ്രിട്ടനിലെ പോസ്റ്റ് ഓഫീസ് യുഗം അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. ആധുനിക കാലഘട്ടത്തിലെ മെയില്‍ സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതോടെ പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയിലേക്ക് ഇത് നീങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോസ്റ്റ് ഓഫീസുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പോസ്റ്റുമാസ്റ്റേഴ്സിന്റെ വേതനത്തില്‍ ഗണ്യമായ ഇടിവ് ഉണ്ടായതായാണ് മേഖലയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. വരുമാനത്തിലെ ഇടിവ് മേഖലയുടെ നട്ടെല്ലൊടിച്ചുവെന്ന് വേണം കരുതാന്‍. വരുമാനമില്ലാതായതോടെ രാജ്യത്തെ 2,000ത്തോളം പോസ്റ്റ് ഓഫീസുകള്‍ ഈ വര്‍ഷത്തോടെ അടച്ചു പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇത്രയധികം പോസ്റ്റ് ഓഫീസുകള്‍ അടച്ചു പൂട്ടുന്നത് ഈ മേഖലയുടെ പൂര്‍ണമായ പതനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ ഇത്രയധികം ആധുനികവല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ ഒരുപക്ഷേ പോസ്റ്റ് ഓഫീസുകളായിരുന്നേനെ ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്ന്. ഇവയെ കാല്‍പ്പനികവല്‍ക്കരിച്ചില്ലെങ്കില്‍ പോലും ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് തൊഴില്‍ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണം അറിയിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

76 ശതമാനം പോസ്റ്റുമാസ്റ്റേഴ്സിന്റെ വേതനവും രാജ്യത്തെ മിനിമം ശമ്പളനിരക്കിനും താഴെയാണെന്നതാണ് നിരാശജനകമായ മറ്റൊരു വസ്തുത. ദി നാഷണല്‍ ഫെഡറേഷന് ഓഫ് സബ് പോസ്റ്റ് മാസ്റ്റേഴ്സ് നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ വര്‍ഷം ഒരു ദിനം പോലും ഹോളി ഡേ എടുക്കാതെ തൊഴിലെടുക്കേണ്ടി വന്നിട്ടുള്ളവര്‍ 1000ത്തിലേറെയാണെന്ന് വ്യക്തമായിരുന്നു. ബ്രിട്ടനിലെ പോസ്റ്റ് ഓഫീസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. എണ്ണത്തില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയതോടെ പോസ്റ്റ് ഓഫീസുകളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയൊരുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ലണ്ടന്‍: പാര്‍ലമെന്റ് സ്ക്വയറില്‍ പ്രതിഷേധവുമായി എത്തിയ ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. 40ലേറെ ആക്ടിവിസ്റ്റുകള്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളും പ്രായമായ ആളുകളും ഉള്‍പ്പെടെ ആയിരങ്ങള്‍ ക്ലൈമറ്റ് ചെയ്ജ് പ്രശ്നങ്ങള്‍ ഉയര്‍ത്തി നേരത്തെ പ്രതിഷേധവുമായി എത്തിയിരുന്നു. യു.കെയും വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം കാണണമെന്നും ലോകം നാശത്തിന്റെ വക്കിലാണെന്നും ഓര്‍മ്മിച്ച് സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു പോലീസ് നടപടി ഇതാദ്യമായിട്ടാണ്.

പലഘട്ടങ്ങളിലായി മാര്‍ച്ച് ചെയ്ത് എത്തിയ പോലീസുകാര്‍ പ്രതിഷേധകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചവരെ നിര്‍ബന്ധിച്ച് വാനില്‍ കയറ്റുകയും ചിലരെ റോഡിലൂടെ വലിച്ചിഴച്ചുമാണ് കൊണ്ടുപോയത്. സംരക്ഷിത മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് നിലവില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായവര്‍ ഇനിയെന്ത് നിയമപരമായ നടപടികളാണ് നേരിടേണ്ടി വരികയെന്നത് വ്യക്തമല്ല. ബ്രിട്ടന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം അറസ്റ്റുണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.

അതേസമയം ഒരു ദിവസം ജയിലില്‍ കിടന്നാല്‍ മാറുന്ന രാഷ്ട്രീയ തീരുമാനമല്ല തങ്ങളുടേതെന്നാണ് ആക്ടിവിസ്റ്റുകളുടെ നിലപാട്. ശക്തമായ സമരങ്ങളുമായി വരും ദിവസങ്ങളില്‍ രംഗത്ത് വരുമെന്ന് സമരപ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഈ സമരം ആരംഭിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ വേണ്ടിയാണ്. ആ ലക്ഷ്യം നേടുന്നത് വരെ ബ്രിട്ടന്റെ തെരുവുകളില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആക്ടവിസ്റ്റുകള്‍ നിലപാടറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: പ്രിന്‍സ് വില്യം ക്രൈസ്ചര്‍ച്ച് മസ്ജിദ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കും. തന്റെ രണ്ട് ദിവസത്തെ ന്യൂസീലാന്‍ഡ് സന്ദര്‍ശന വേളയിലായിരിക്കും ലോകത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവരെ വില്യം സന്ദര്‍ശിക്കുക. ഈ മാസം 25ന് പ്രധാനമന്ത്രി ജസീക്ക ആന്‍ഡേഴ്സണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് വില്യം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്. റോയല്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരിന്നു. പ്രിന്‍സ് ഹാരി ഭാര്യ മേഗന് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ന്യൂസിലാന്‍ഡ് പൗരന്മാര്ക്ക് ഒപ്പമുണ്ടെന്നും നേരത്തെ അറിയിച്ചിരുന്നു.

തന്റെ മുത്തശ്ശിയായ ബ്രിട്ടീഷ് രാജ്ഞിയുടെയും പേരില്‍ കൂടിയായിരിക്കും വില്യം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കുക. വലതുപക്ഷ തീവ്രവാദി ആക്രമണങ്ങളില്‍ ലോകം കണ്ട ഏറ്റവും വലിയ നീചമായ ആക്രമണങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡില്‍ നടന്നത്. മാര്‍ച്ച് 16നാണ് ലോകത്തെ നടുക്കിയ സംഭവം നടക്കുന്നത്. അല്‍നൂര്‍ മസ്ജിദില്‍ ഉച്ചയ്ക്ക് 1.45ന് (ഇന്ത്യന്‍ സമയം രാവിലെ 6.15) എത്തിയ അക്രമി ആദ്യം പുരുഷന്മാരുടെ പ്രാര്‍ഥനാ ഹാളിലും തുടര്‍ന്നു സ്ത്രീകളും കുട്ടികളുമുള്ള ഹാളിലുമെത്തി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അല്‍ നൂര്‍ മസ്ജിദില്‍ 41 പേര് മരിച്ചു. ലിന്‍വുഡില്‍ 7 പേര് മസ്ജിദിലും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഇരകളിലേറെയും കുടിയേറ്റക്കാരോ അഭയാര്‍ഥികളോ ആയി ന്യൂസീലന്‍ഡിലെത്തിയവരാണ്.

വംശീയ വിദ്വേഷം തീര്‍ക്കാന്‍ തോക്കെടുത്ത ബ്രന്റന്റെ അതിനീച മാനസികനില തല്‍സമയം തെളിഞ്ഞത് അയാളുടെ ഫെയ്സ്ബുക് അക്കൗണ്ടിലായിരുന്നു. പട്ടാള വേഷം ധരിച്ച ബ്രന്റന് ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിനു സമീപം കാര്‍ നിര്‍ത്തി അകത്തേക്കു നടന്നത് ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാണ്. ജനങ്ങള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുന്നതും ആളുകള്‍ പിടഞ്ഞുവീഴുന്നതുമുള്‍പ്പെടെ തല്‍സമയ ദൃശ്യങ്ങള്‍ ഈ ക്യാമറ വഴി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നു. ഒരു തോക്ക് ഉപയോഗിച്ച ശേഷം കാറില്‍ തിരിച്ചെത്തി മറ്റൊന്ന് എടുക്കുന്നതും കാണാം. ഒരാളുടെ തൊട്ടടുത്തു ചെന്ന് നെഞ്ചിലേക്കാണു വെടിവയ്ക്കുന്നത്. സ്കോട്ലന്ഡ്, അയര്‍ലന്‍ഡ്, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നായി ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണു ബ്രന്റന്റെ പൂര്‍വികര്‍. ആക്രമണം നടത്താനാണ് ന്യൂസീലന്‍ഡില്‍ എത്തിയത്. തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: ഇമിഗ്രന്റ് ആപ്ലിക്കേഷനുകളിലെ ‘കള്ളത്തരങ്ങള്‍’ കണ്ടെത്താന്‍ ഹോം ഓഫീസ് തിടുക്കം കാണിക്കുന്നുവെന്ന് കോടതി. മനുഷ്യസഹജമായ തെറ്റുകളെ കള്ളത്തരങ്ങളായി വ്യാഖ്യാനിച്ച് കുടിയേറ്റക്കാരെ നിയമക്കുരുക്കിലാക്കുന്ന നടപടി അവകാശ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ലീവ് ടു റിമൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കാണിച്ചിരിക്കുന്ന വേതനത്തിലെ വൈരുദ്ധ്യമാണ് പിന്നീട് വലിയ നിയമപ്രശ്നമായി മാറ്റാന്‍ ഹോം ഓഫീസ് തിടുക്കം കാണിക്കുന്നത്. എന്നാല്‍ ഇത്തരം കൈയ്യബദ്ധങ്ങള്‍ മനപൂര്‍വ്വമുള്ള കള്ളത്തരമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം അബദ്ധങ്ങള്‍ പിണയുന്നവരുടെ തൊളിലെടുക്കാനുള്ള അവകാശം ഹോം ഓഫീസ് നിഷേധിക്കാറുണ്ട്. ഇവരില്‍ മിക്കവരും യു.കെയിലെ സ്കില്‍ഡ് പ്രൊഫഷണല്‍ മേഖലയിലുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത.

ഇത്തരത്തിലുള്ള കൈയ്യബദ്ധങ്ങള്‍ ഇമിഗ്രേഷന്‍ നിയമകുരുക്കാക്കി മാറ്റാന്‍ ഹോം ഓഫീസ് ശ്രമിക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നവരെന്ന രീതിയിലാണ് പിന്നീട് കൈയ്യബദ്ധങ്ങള്‍ ചിത്രീകരിക്കപ്പെടുക. കുടിയേറ്റക്കാരനായ ഇക്രമുള്ളാഹ് (42) സമാന കേസില്‍ ഉള്‍പ്പെട്ട് ജോലി ചെയ്യാനാവാതെ കഷ്ടപ്പെടേണ്ടി വന്ന വ്യക്തിയാണ്. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടികള്‍ കാരണം ഒറ്റമുറിയിലാണ് ഇപ്പോള്‍ താമസം. ജോലി ചെയ്യാനുള്ള അവകാശം ഹോം ഓഫീസ് നിരാകരിച്ചതോടെയാണ് ദയനീയമായ ജീവിത സാഹചര്യത്തിലേക്ക് ഇവര്‍ കൂപ്പുകുത്തിയത്. നികുതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ ഭാഗമായിരുന്നു ഇക്രമുള്ള്ഹിനെ കുടുക്കിയത്. സംഭവം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അപേക്ഷകന്റെ നികുതിയടച്ച രസീതിലെ വിവരങ്ങളും വേതന വിവരങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വൈരുദ്ധ്യം മനുഷ്യസഹജമായ തെറ്റുകള്‍ കൊണ്ട് സംഭവിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നാല് സമാന കേസുകളാണ് കോടതി പരിഗണിച്ചത്. ഇതില്‍ മൂന്ന് കേസുകള്‍ക്കും കൃത്യമായ മറുപടി നല്കാന് ഹോം ഓഫീസ് അനുമതി നിഷേധിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ കേസില്‍ മനപൂര്‍വ്വം കള്ളത്തരം കാണിച്ചുവെന്നതിന് കാരണം കണ്ടെത്താന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജ് ചൂണ്ടിക്കാണിച്ചു. ശ്രദ്ധക്കുറവ്, അബദ്ധം, അശ്രദ്ധ തുടങ്ങിയ കാര്യങ്ങളെ മനപൂര്‍വ്വമുള്ള കള്ളത്തരങ്ങളായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ലണ്ടന്‍: മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കളെ വഞ്ചിച്ച് കോടിക്കണക്കിന് പൗണ്ട് സ്വന്തമാക്കിയെന്ന് പരാതിയിന്മേല് പുനര്‍വാദം നടത്താന്‍ കോടതി ഉത്തരവ്. വിഷയത്തില്‍ ട്രിബ്യൂണല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടുണ്ട്. ഹര്‍ജിയില്‍ വാദിക്ക് അനുകൂലമായി വിധിയുണ്ടായാല്‍ യു.കെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത നിയമയുദ്ധത്തിന്റെ വിജയമായി ഇത് മാറും. കൂടാതെ 1992 മുതല്‍ 2008 വരെയുള്ള മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 300 പൗണ്ട് വരെ നഷ്ടപരിഹാരവും ലഭിച്ചേക്കും. മുന്‍ ഫിനാന്‍ഷ്യല്‍ ഓംബുഡ്സുമാനായിരുന്ന വാള്‍ട്ടര്‍ മെറിക്സാണ് മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കളുടെ വഞ്ചനാപരമായി നിലപാടിനെതിരെ നിയമയുദ്ധം നടത്തുന്നത്. രണ്ടുവര്‍ഷം മുന്‍പ് വിഷയത്തില്‍ നിയമവാദങ്ങള്‍ കേള്‍ക്കണമെന്ന് മെറിക്സണ്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പിന്നീടാണ് വിഷയം കോടതിക്ക് മുന്നിലെത്തുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ പുന്‍വാദം കേള്‍ക്കണമെന്നും വിഷയം വീണ്ടും പരിഗണിക്കണമെന്നും കോടതി ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി നിലപാട് ട്രിബ്യൂണല്‍ സ്വീകരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മെറിക്സണ്‍ പ്രതികരിച്ചു. പിഴ നല്‍കേണ്ടി വന്നാല്‍ 14 ബില്യണ്‍ പൗണ്ടായിരിക്കും മാസ്റ്റര്‍ കാര്‍ഡിന് നഷ്ടപ്പെടുക. ഇന്നത്തെ കോടതിയുടെ തീരുമാനത്തില്‍ താന്‍ സംതൃപ്തനാണ്. ഏതാണ്ട് 12 വര്‍ഷക്കാലത്തോളം മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു. രാജ്യത്തെ നിയമം പോലും കാറ്റില്‍പ്പറത്തിയാണ് ഇത്തരമൊരു നടപടി മാസ്റ്റര്‍കാര്‍ഡ് സ്വീകരിച്ചത്. അധിക ട്രാന്സാക്ഷന് ചാര്‍ജുകള്‍ ഈടാക്കുന്നതിലൂടെ യു.കെ പൗരന്മാരെ വഞ്ചിക്കുകയായിരുന്നു മാസ്റ്റര്‍കാര്‍ഡ് അധികൃതരെന്നും മെറിക്സ് ചൂണ്ടിക്കാണിച്ചു.

മാസ്റ്റര്‍കാര്‍ഡിന്റെ പ്രവൃത്തി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് കമ്പനി ശ്രമിച്ചത്. എന്നാല്‍ ഇത്തരം കാരണങ്ങള്‍ക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നാണ് ഇന്നത്തെ കോടതി വിധി സൂചിപ്പിക്കുന്നതെന്നും മെറിക്സ് പറഞ്ഞു. അതേസമയം മെറിക്സന്റെ വാദങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് വ്യക്തമാക്കി മാസ്റ്റര്‍കാര്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന കോടതി വിധി അന്തിമമല്ല. കേസില്‍ സുപ്രീം കോടതിയെ സമീപക്കണോയെന്ന് കമ്പനി ആലോചിച്ച് വരികയാണ്. ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ പുനര്‍വാദം നടത്തണമെന്ന് മാത്രമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാസ്റ്റര്‍കാര്‍ഡ് വക്താവ് ചൂണ്ടിക്കാണിച്ചു.
ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ യു.കെ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുമെന്ന്ലേബര്‍ പാര്‍ട്ടി. നിലവിലുള്ള ഔദ്യോഗിക പരീക്ഷാ രീതി പ്രൈമറി സ്കൂളുകളില്‍ നിന്ന് ഒഴിവാക്കുകയാവും ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ആദ്യം കൊണ്ടുവരാന്‍ പോകുന്ന മാറ്റമെന്ന് ലൈബര്‍ നേതാവ് ജെറമി കോര്ബന് അറിയിച്ചു. സാറ്റ്സ്(SATS) എന്ന മൂല്യനിര്‍ണയരീതിയാണ് യു.കെയിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഈ രീതി അശാസ്ത്രീയമാണെന്നാണ് ലേബറിന്റെ വാദം. നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന് അംഗങ്ങളോട് സംസാരിക്കവെയാണ് ജെറമി കോര്ബന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കൈയ്യടികളോടെയാണ് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന് അംഗങ്ങള്‍ കോര്‍ബന്റെ പ്രഖ്യാപനത്തെ കേട്ടത്.

സാറ്റ്സ് അശാസ്ത്രീയമാണെന്ന് നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരീക്ഷ കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടികള്‍ ഉണ്ടാക്കുന്നതായി മാതാപിതാക്കള്‍ പരാതിയുമായി എത്താറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ മാറ്റങ്ങളുണ്ടായിട്ടില്ല. കുട്ടികളെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് നാം തയ്യാറെടുപ്പുകള്‍ നല്‍കേണ്ടത്. അല്ലാതെ വെറും പരീക്ഷകള്‍ നേരിടാനല്ലെന്ന് കോര്ബന് ചൂണ്ടിക്കാണിക്കുന്നു. സാറ്റ്സ് രീതി ഇല്ലാതാക്കുന്നതോടെ സ്കൂളുകള്‍ നിലവിലെക്കാളും കൂടുതല്‍ കുട്ടികളുമായി അടുത്തുനില്‍ക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും വലിയ അളവില്‍ മുക്തി നേടാന്‍ ഇത് ഉപകരിക്കുമെന്നും കോര്ബന് വ്യക്തമാക്കി.

ഇത്തരം കടുപ്പമേറിയ പരീക്ഷകള്‍ പ്രൈമറി സ്കൂളുകളെുപ്പോലും പരീക്ഷാ ഫാക്ടറികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടെന്ന് മറ്റെന്തൊക്കെയോ ആണ്. മൂല്യമിര്‍ണയത്തിനായി മറ്റു സമാന്തര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത മൂല്യമിര്‍ണയ രീതി എന്തുകൊണ്ട് അവലംബിക്കാന്‍ കഴിയുന്നില്ലെന്നും കോര്ബന് ചോദിച്ചു. കുട്ടികളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം മൂല്യനിര്‍ണയം സാധ്യമാകേണ്ടത്. നമ്മുടെ സ്കൂളുകളിലേക്ക് സര്‍ഗാത്മകതയെ തിരിച്ചുകൊണ്ടുവരാനാവും ലേബര്‍ ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ: എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല അക്രമമാണെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥമുള്ള വിജയ സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നാണ് മന്ത്രി നിർമ്മലാ സീതാരാമൻ കണ്ണൂരിലെത്തിയത്. പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും പ്രതിരോധമന്ത്രി തുറന്ന് കാട്ടി. ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന കപടതയാണ് സി.പി.എമ്മിനുള്ളത്. എവിടൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടൊക്കെ അക്രമവുമുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഈ നാട്ടിൽ നിരവധി പ്രവർത്തകർക്ക് ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്ഥമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു എന്നതുകൊണ്ടാണെന്ന് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ സ്മരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ കുടുംബാംഗങ്ങൾ എൻഡിഎക്ക് പിൻതുണയർപ്പിച്ച് നിർമ്മലാ സീതാരാമനോടൊപ്പം വേദിയിലെത്തിയത് പരിപാടിയുടെ മോടി കൂട്ടി. രാവിലെ പത്തരയോടെ കണ്ണൂരെത്തിയ പ്രതിരോധമന്ത്രി ബി.ജെ.പി ഓഫീസിലെ ബലിദാൻ സ്മൃതിയിലും മാരാർജിയുടെ പ്രതിമയിലും കണ്ണൂർ നഗരത്തിലെ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി.
കൊല്ലം: കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തേയും മാവേലിക്കരയിലേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്.
ഹൃദയവിശാലതയും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ആശയങ്ങളുള്ളതാണ് ഭാരതം. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് ആര്.എസ്.എസും ബി.ജെ.പിയെന്നും രാഹുല്‍ പറഞ്ഞു.
ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.